ഒരു ഭര്‍ത്താവും ഭാര്യയോടു പറയാറില്ല, ”എടീ, നാളെ പത്തു മണിക്കു നിന്നെ ഞാന്‍ സ്നേഹിക്കാം. നാളെ അഞ്ചു മണിക്കു സ്നേഹിക്കാം” എന്നു്. അഥവാ ഇങ്ങനെ ആരെങ്കിലും പറയുന്നുവെങ്കില്‍ ആ വാക്കില്‍ നിന്നുതന്നെ വ്യക്തമാണു്, അവിടെ സ്നേഹമില്ല എന്നതു്. സ്നേഹം പിന്നീടു വന്നു ചേരുന്നതോ ചേര്‍ക്കപ്പെടേണ്ടതോ അല്ല. സ്നേഹം ഇപ്പോള്‍ ഇവിടെയാണു്.

ഇന്നു നമ്മുടെ ശരീരം മുകളിലേക്കും വശങ്ങളിലേക്കും വളര്‍ന്നു. എന്നാല്‍, മനസ്സുമാത്രം വളര്‍ന്നിട്ടില്ല എന്നതാണു വാസ്തവം. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ നമ്മള്‍ കുഞ്ഞാകണം. കഞ്ഞിനേ വളരാന്‍ കഴിയൂ. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയും വിനയവും നമുക്കുണ്ടാകണം. വിനയമാണു് ഒരുവനെ വിശ്വത്തോളം വളര്‍ത്തുന്നതു്. ‘സീറോ’ ആയാല്‍ ‘ഹീറോ’ ആകാം എന്നു പറയുന്നതു് ഇതു കൊണ്ടാണു്.

നമ്മളില്‍ പലരും പരാതി പറയാറുണ്ടു്, ഇന്നത്തെ ലോകത്തു നല്ലതു ചെയ്യാന്‍ പോയാല്‍, വളരാന്‍ കഴിയില്ല എന്നു്. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നല്ലതു ചെയ്യുവാനുള്ള അവസരങ്ങളാണു്. നല്ലതു ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് ഏതു നിമിഷവും ഉപയോഗപ്രദമാണു്. എന്നാല്‍, അതിനു ശ്രമിക്കാതെ പിന്നത്തേക്കു മാറ്റിവയ്ക്കുന്നവര്‍, വാസ്തവത്തില്‍ ആത്മവഞ്ചനയാണു ചെയ്യുന്നതു്.

പ്രേമവും വിശ്വാസവും ജീവിതത്തിന്റെ സൗന്ദര്യമാണു്. എന്നാല്‍, പ്രേമവും വിശ്വാസവും എവിടെയുണ്ടോ അവിടേക്കു് കല്ലെറിയുക എന്നതു് മനുഷ്യസ്വഭാവമാണു്. ഇതു പാടില്ല, കാരണം, പ്രേമം സമൂഹത്തിനു നറുമണം കൊടുക്കുന്ന പനിനീര്‍പൂവാണു്. അതിനുനേരെ ആരും കല്ലെറിയരുതു്.

ഭജന അവസാനിച്ചു. അന്തരീക്ഷം ധ്യാനമഗ്നമായി. അല്പം കഴിഞ്ഞു മക്കളുടെ മുഖകമലങ്ങളിലെ തേന്‍ നുകരാന്‍ മത്സരിച്ചു പറക്കുന്ന രണ്ടു കരിവണ്ടുകളെപ്പോലെ അമ്മയുടെ മിഴികള്‍ ഇളകി. ഒരു ബ്രഹ്മചാരി മെല്ലെ തന്റെ സംശയം അവതരിപ്പിച്ചു.

”അമ്മേ, ഇന്നുച്ചയ്ക്കു അമ്മ പശുവിനു കാടി കൊടുക്കുമ്പോള്‍ സംസാരിക്കാന്‍ വന്നവരോടു പറഞ്ഞില്ലേ, മിണ്ടാതിരിക്കാന്‍. അമ്മ ചെയ്യുന്നതു ജോലിയല്ല . കാടിയിലൂടെ ആ മിണ്ടാപ്രാണികള്‍ക്കു് അമ്മയുടെ സ്നേഹം പകരുകയാണെന്നും പറഞ്ഞല്ലോ. സാധാരണയായി സ്നേഹം വാക്കുകളിലൂടെയല്ലേ പ്രകടിപ്പിക്കുന്നത്. അമ്മ പറയുന്നതു കേട്ടപ്പോള്‍ തോന്നി സംസാരം സ്നേഹം പകരാന്‍ തടസ്സമുണ്ടാക്കുകയാണെന്ന്. ശരിയാണോ?”

”ശരിയാ മോനേ. യഥാര്‍ത്ഥത്തില്‍ വാക്കും സ്നേഹവും തമ്മില്‍ ബന്ധമുണ്ടെന്നു പറയാന്‍ പ്രയാസമാണ്. ശരിയായ സ്നേഹത്തില്‍ വാക്കുകളേയില്ല. അതു നിശ്ശബ്ദമാണ്. മൗനവും സ്നേഹവും തമ്മിലാണു അടുപ്പമുള്ളത്. നിശ്ചലമായൊരു തടാകംപോലെ, നിറഞ്ഞ സ്നേഹാനുഭവത്തില്‍ വാക്കുകളുടെ ഓളങ്ങളില്ല.

നിശ്ചലമായ മനസ്സിന്റെ ചലനമാണു വാക്കും ചിന്തയുമൊക്കെ. സ്നേഹത്തിന്റെ സ്വതഃസിദ്ധഭാവം നിശ്ചലതയും, അതില്‍നിന്നുണ്ടാകുന്ന നിശ്ശബ്ദതയുമാണ്. മനസ്സിന്റെ ചിലയ്ക്കല്‍ എല്ലാം അവിടെയൊടുങ്ങുന്നു. ആ പൂര്‍ണ്ണ പ്രശാന്തിയിലാണു യഥാര്‍ത്ഥ സ്നേഹം നുകരാന്‍ കഴിയുന്നത്. സത്യത്തില്‍ സ്നേഹത്തിനൊരു ഭാഷയേ ഉള്ളൂ. അതു നിശ്ശബ്ദതയാണ്. നിശ്ശബ്ദത മാത്രമാണ്.”

ജീവിതം ഹൃദയം നിറഞ്ഞ ഒരു പൊട്ടിച്ചിരിയായി മാറണം. അതാണു മതം. അതാണു് ആദ്ധ്യാത്മികത. അതാണു യഥാര്‍ത്ഥ പ്രാര്‍ത്ഥന.

ഉള്ളില്‍നിന്നു പൊട്ടിവിടരുന്ന നിഷ്‌കളങ്കമായ പുഞ്ചിരിയാണു് ഈശ്വരന്‍. ലോകത്തിനു നമ്മള്‍ നല്‌കേണ്ട ഏറ്റവും വലിയ സമ്മാനവും ഇതുതന്നെ. എന്നാല്‍, ഈ ചിരി ഇന്നത്തെ ലോകത്തിനു് അന്യമാണു്. സ്വാര്‍ത്ഥതയും വിദ്വേഷവും കൃത്രിമത്വവും നിറഞ്ഞ ചിരി മാത്രമേ ഇന്നത്തെ ലോകത്തിനു പരിചയമുള്ളൂ.

ഇതു ചിരിയല്ല, ചുണ്ടു വിടര്‍ത്തല്‍ മാത്രമാണു്. കാരണം, അവിടെ ഹൃദയമില്ല. അതു പാപമാണു്. ഹിംസയാണു്. ആത്മവഞ്ചനയാണു്. നിഷ്‌കളങ്കമായ കളിയും ചിരിയും നിറഞ്ഞ കുഞ്ഞുലോകം നാം വീണ്ടെടുക്കണം. നമ്മളിലോരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞു ഹൃദയമുണ്ടു്. അതിനെ നമ്മള്‍ ഉണര്‍ത്താതെ നമുക്കു വളരാന്‍ കഴിയില്ല.

വിദേശ രാജ്യങ്ങളില്‍ ഭര്‍ത്താവു ഭാര്യയെ തല്ലിയാല്‍, തിരിച്ചും കിട്ടുമെന്നതു് ഉറപ്പാണു്. എന്നാല്‍, ഭാരതത്തിലങ്ങനെയല്ല പൂര്‍വ്വികര്‍ പഠിപ്പിച്ചിട്ടുള്ളതു്, ഭര്‍ത്താവു കാണപ്പെട്ട ദൈവമാണെന്നാണു്. എന്നാല്‍, ഭര്‍ത്താവിനു ഭാര്യയോ? പല ഭര്‍ത്താക്കന്മാരും ഭാര്യമാരെ കാണുന്നതു തന്റെ ദേഷ്യം തീര്‍ക്കാനുള്ള ഒരു ഉപകരണമായിട്ടാണു്.

കിട്ടുന്ന അടിയും വഴക്കും സഹിച്ചു്, ഭാര്യ ദേഷ്യം ഉള്ളില്‍ കടിച്ചമര്‍ത്തിയിരിക്കുമ്പോഴായിരിക്കും കുട്ടി സ്‌കൂളില്‍ നിന്നു് ഓടി വരുന്നതു്. വൈകീട്ടു കൂട്ടുകാരുമൊത്തു കളിക്കേണ്ട കളികളെക്കുറിച്ചോര്‍ത്തു തുള്ളിച്ചാടിയാണവന്‍ വരുന്നതു്. ഈ കുട്ടിയെ കാണുമ്പോഴേക്കും അമ്മയുടെ ദേഷ്യം വര്‍ദ്ധിക്കും. അവര്‍ അവനെ പിടിച്ചുനിര്‍ത്തി, ”നിനക്കു് ഓടാതെ നടക്കാന്‍വയ്യേ, നിനക്കു ചാടാതിരിക്കാന്‍ വയ്യേ, ഇന്നുടുത്ത വസ്ത്രം ഇത്ര ചെളിയാക്കിയതെന്തിനാണു്” ഇങ്ങനെ പറഞ്ഞുകൊണ്ടു് അടിയും തുടങ്ങും  തന്റെ ദേഷ്യം തീരുന്നതുവരെ.

പാവം കുട്ടി എന്തു പിഴച്ചു? അവന്റെ ലോകത്തില്‍ ചിരിയും സന്തോഷവുമേയുള്ളൂ. എന്നാല്‍, അതുണ്ടോ അവന്റെ അമ്മ അറിയുന്നു. സ്വാര്‍ത്ഥതയും ദേഷ്യവും ഞാനെന്ന ഭാവവും നിറഞ്ഞ ഒരു സമൂഹത്തില്‍ ഞെരിഞ്ഞമരുന്നതു്, കുട്ടികളുടെ കളിയും ചിരിയും നിറഞ്ഞ കുഞ്ഞുലോകമാണു്.

സായംസന്ധ്യ. ധ്യാനമന്ദിരത്തിനു മുന്നിലെ വരാന്തയില്‍ കുറച്ചു പേര്‍ കൂടിനില്ക്കുന്നു…. വെള്ളത്താമരപ്പൊയ്കയില്‍ നീലനീരജമെന്ന പോലെ അവരുടെ മദ്ധ്യത്തില്‍ അമ്മയും ഉണ്ട്. ബ്രഹ്മചാരികളും ഗൃഹസ്ഥാശ്രമികളും എല്ലാം ഭജനാനന്ദത്തില്‍ ആകണ്ഠം ആമഗ്നരായിരിക്കുന്നു. സ്വരരാഗസുധാ സരിത്തില്‍ ചേര്‍ന്നലിയാന്‍ വെമ്പുന്ന കൈത്തോടുകള്‍പോലെ അമ്മ പാടുന്ന വരികള്‍ എല്ലാവരും ഏറ്റു പാടുന്നുമുണ്ട്…….

കാമേശ വാമാക്ഷീ കാമദേ
കാത്തരുളീടേണമെങ്ങളെ
ശക്തീ മഹാദേവീ ……. ഭക്തിഗമ്യേ നമസ്‌കാരം
വിത്തേ ഏകസത്തേ പൂര്‍ണ്ണചിത്തേ നമസ്‌കാരം

സര്‍വ്വ ചരാചരത്തില്‍ വിളങ്ങുമെന്‍
സര്‍വ്വേശ്വരീ കമലേ
വിണ്ണവര്‍ നാഥയായി അമരര്‍ക്കു
ദണ്ഡമൊഴിക്കുമമ്മേ (കാമേശ)

പാലാഴിനാഥനെയും പാലിക്കുന്ന
പാവനീ പത്മസ്ഥിതേ
അപ്പരമേഷ്ടി കൃത്യം വഹിപ്പതും
വിഷ്ടപേ നിന്‍ കടാക്ഷം (കാമേശ)

ബ്രഹ്മാണ്ഡ ബീജകര്‍ത്ത്രേ നമാമ്യഹം
ബ്രാഹ്മി സരസ്വതിയേ
സൃഷ്ടിസ്ഥിതിവിനാശ അജ്ഞാകരീ
അഷ്ടാഹങ്കാരനാശേ(കാമേശ)

വീണാനാദപ്രിയയേ്ക്കാ നിണം
പ്രിയം ക്രോധം വരുന്ന നേരം
വേദവും ബ്രഹ്മവും നീ……. എല്ലാ…
ജീവനും മോക്ഷവും നീ. (കാമേശ)

ചില കുടുംബങ്ങളില്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ മരണം നടക്കുന്നതു കാണാം. ചില കുടുംബങ്ങളില്‍ അപകടങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. ചിലര്‍ക്കു് എത്ര കല്യാണാലോചനകള്‍ വന്നാലും ഒന്നും ശരിയായി കാണാറില്ല. ചില കുടുംബങ്ങളില്‍ കുട്ടികള്‍ ജനിക്കാറില്ല. ചില കുടുംബത്തില്‍ ചെറുപ്രായക്കാര്‍ക്കും മരണം സംഭവിക്കുന്നു. ചില കുടുംബങ്ങളില്‍, പെണ്‍കുട്ടികള്‍ മുപ്പതും നാല്പതും വയസ്സാകുമ്പോള്‍ തന്നെ വിധവകളാകുന്നു. ഇതിനൊക്കെ കര്‍മ്മഫലമെന്നു മാത്രമേ കാരണം പറയുവാന്‍ കഴിയൂ.

അതിനാലാണു നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മവും, നമ്മുടെ ഓരോ വാക്കും, ഓരോ നോട്ടവും എന്തിനു്, നമ്മുടെ ഓരോ ചിന്തയും ശ്രദ്ധിച്ചു വേണം എന്നു് അമ്മ ആവര്‍ത്തിച്ചു പറയുന്നതു്. കാരണം, ഇവയ്‌ക്കെല്ലാം അതിന്റേതായ ഫലമുണ്ടു്. നമ്മുടെ ഓരോ ചീത്ത പ്രവൃത്തിയും നല്ല പ്രവൃത്തിയും മറ്റനേകം പേരെ സ്വാധീനിക്കുന്നുണ്ടു്.

ഇതു പറയുമ്പോള്‍, അമ്മ ഒരു കഥ ഓര്‍ക്കുകയാണു്: രാജകൊട്ടാരത്തില്‍ വിദൂഷകന്‍ കഥ പറഞ്ഞു കൊണ്ടിരിക്കുന്ന സമയം. ഇടയ്ക്കിടെ അദ്ദേഹം നല്ല തമാശകളും പറയുന്നുണ്ടു്. പക്ഷേ, രാജാവിനു കഥ ശരിക്കു മനസ്സിലായില്ല. വിദൂഷകന്‍ തന്നെ കളിയാക്കുകയാണെന്നു തെറ്റിദ്ധരിച്ച രാജാവു്, ദേഷ്യത്തോടെ വിദൂഷകനു് ഒരടി കൊടുത്തു.

വിദൂഷകന്‍ വേദന കൊണ്ടു പുളഞ്ഞു. ദേഷ്യം കൊണ്ടു പല്ലിറുമ്മി. എന്നാല്‍, തന്നെ അടിച്ചതു രാജാവാണു്, മറുത്തൊരക്ഷരം പോലും പറയുവാന്‍ കഴിയില്ല. ഒരു കാരണവും കൂടാതെ അടികിട്ടിയതിലുള്ള ദേഷ്യം, എത്ര ശ്രമിച്ചിട്ടും വിദൂഷകനു നിയന്ത്രിക്കുവാനായില്ല. വിദൂഷകന്‍, അടുത്തു നിന്നയാള്‍ക്കു് ഒരടി കൊടുത്തു.

അയാള്‍ വിദൂഷകനോടു ചോദിച്ചു, ”അങ്ങെന്താണീ ചെയ്തതു്? ഞാനങ്ങയെ ഒന്നും ചെയ്തില്ലല്ലോ, പിന്നെ എന്തിനാണു് എന്നെ അടിച്ചതു്.”

”അതിനെന്താ നീ, നിന്റെ അടുത്തു നില്ക്കുന്നയാള്‍ക്കു് ഒരടി കൊടുക്കു്. ജീവിതം ഒരു വലിയ ചക്രം പോലെയാണു്. അതു കറങ്ങി വരുമ്പോള്‍ ഓരോരുത്തര്‍ക്കും അവരവര്‍ അര്‍ഹിക്കുന്നതു കിട്ടുന്നതു നമുക്കു കാണാം. ഇപ്പോള്‍ മടിക്കേണ്ട, കൊടുത്തു കൊള്ളൂ.” ഇതായിരുന്നു വിദൂഷകന്റെ മറുപടി.

ഇന്നു നമുക്കു ചുറ്റും കണ്ടു വരുന്നതും ഇതു തന്നെയാണു്. തന്റെ പകയും ദേഷ്യവും അടുത്തു നില്ക്കുന്നവരോടാണു തീര്‍ക്കുന്നതു്. വാസ്തവത്തില്‍, അവര്‍ ഒന്നുമറിഞ്ഞിട്ടുണ്ടാകില്ല. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ കൊടുത്തതു തിരിയെ നമ്മളിലേക്കു തന്നെ മടങ്ങിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല.