സാധാരണ പറയാറുണ്ടു്, പ്രകൃതി, വികൃതി, സംസ്‌കൃതി എന്നു്. നാലുപേര്‍ക്കു് ഓരോ റൊട്ടി കിട്ടി. ഒന്നാമന്‍ അതു കിട്ടിയ ഉടനെ കഴിച്ചു. രണ്ടാമന്‍ മൂന്നാമന്റെതുകൂടി തട്ടി എടുത്തു കഴിച്ചു. നാലാമനാകട്ടെ തനിക്കു കിട്ടിയതിന്റെ പകുതി നഷ്ടമായവനുകൂടി നല്കി, പങ്കിട്ടു കഴിച്ചു.

ഒന്നാമന്റെ പെരുമാറ്റത്തെ പ്രകൃതി എന്നുപറയാം. തന്റെ സുഖത്തെമാത്രം ചിന്തിക്കുന്നു. മറ്റുള്ളവരെ ദ്രോഹിക്കുന്നുമില്ല, സഹായിക്കുന്നുമില്ല. രണ്ടാമന്റെ പെരുമാറ്റത്തെ വികൃതി എന്നുപറയാം. കാരണം മറ്റുള്ളവരെ കഷ്ടപ്പെടുത്തിയും സ്വാര്‍ത്ഥത നോക്കുന്നു. നാലാമന്റെ പെരുമാറ്റമാണു സംസ്‌കൃതി. തനിക്കുള്ളതുപോലും ഇല്ലാത്തവര്‍ക്കു നല്കി. തന്റെ സുഖത്തിലുമുപരി ലോകത്തിന്റെ നന്മയെ കാംക്ഷിക്കുന്നു. ഇതുപോലെ, നമുക്കു കിട്ടിയ ഈ ജീവിതം മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്നവിധം പങ്കിടുവാന്‍ നമുക്കു സാധിക്കണം. അതാണു സംസ്‌കൃതി.

ചിലര്‍ പറയും ഞാനെന്തു സമ്പാദിച്ചുവോ അതെനിക്കു നഷ്ടപ്പെട്ടു. ഞാനെന്തു കൊടുത്തുവോ അതിപ്പോഴും എന്റെ കൈയിലുണ്ടു്. എന്താണിതിനര്‍ത്ഥം? മറ്റുള്ളവര്‍ക്കു കൊടുത്താല്‍ ഇന്നല്ലെങ്കില്‍ നാളെ അവ നമുക്കു തിരിച്ചു ലഭിക്കുക തന്നെ ചെയ്യും. മറിച്ചു്, സ്വാര്‍ത്ഥബുദ്ധിയോടെ എന്തൊക്കെ സമ്പാദിച്ചാലും കുറച്ചുകാലം കഴിയുമ്പോള്‍ അവ നഷ്ടമാകും. എത്രയായാലും മരിക്കുമ്പോള്‍ ഒന്നും കൂടെ കൊണ്ടുപോകുവാന്‍ നമുക്കു കഴിയില്ല. കൊടുക്കുമ്പോള്‍ അതു സ്വീകരിക്കുന്നവരോടൊപ്പം നമ്മുടെ ഹൃദയവും നിറയുന്നു. ഇതു പറയുമ്പോള്‍ ഒരു കഥ ഓര്‍മ്മ വരുന്നു.

ഒരു കുട്ടി എന്നും സ്‌കൂളില്‍ പോകുന്നതു് ഒരു അനാഥാലയത്തിന്റെ മുന്നില്‍ക്കൂടിയാണു്. ആ സമയത്തു് അനാഥാലയത്തിലെ കുട്ടികള്‍ അവിടെ വളരെ വിഷമിച്ചു നില്ക്കുന്നതു് ആ കുട്ടി കാണാറുണ്ടു്. അതു് അവന്റെ മനസ്സിനെ അലിയിക്കാറുമുണ്ടു്. അങ്ങനെയിരിക്കെ തിരുവോണനാള്‍ അടുത്തു വന്നു. അവനു് അവന്റെ അച്ഛന്‍ കുറച്ചു പൈസ കൊടുത്തു. അതു കിട്ടിയപ്പോള്‍ അവന്‍ചിന്തിച്ചു. ‘എനിക്കു കളിപ്പാട്ടവും പുത്തനുടുപ്പും വാങ്ങിത്തരുവാന്‍ അച്ഛനുമമ്മയും ഉണ്ടു്. പക്ഷേ, ഇവരെ ആരു സന്തോഷിപ്പിക്കും?. ഇവര്‍ക്കു മാതാപിതാക്കളില്ല, സ്വന്തമായി ആരുമില്ല. അവര്‍ക്കെത്ര ദുഃഖം കാണും?”

പെട്ടെന്നു് അവനൊരു ആശയം തോന്നി. ആ കുട്ടി അവന്റെ കൂട്ടുകാരായ മറ്റു കുട്ടികളെ ചെന്നു കണ്ടു പറഞ്ഞു, ”നമുക്കു് ഓണത്തിനു കിട്ടുന്ന പണം എല്ലാം കൂട്ടിചേര്‍ത്തു കുറച്ചു കളിപ്പാട്ടവും മുഖം മൂടിയും മറ്റും വാങ്ങാം. എന്നിട്ടവയൊക്കെ കവലയില്‍ കൊണ്ടുപോയി വില്ക്കണം. അങ്ങനെ കുറച്ചു പണം കിട്ടും. അവയ്ക്കു വീണ്ടും സാധനങ്ങള്‍ വാങ്ങി വില്ക്കണം. വീണ്ടും പണം കിട്ടും. അതിനെല്ലാം കളിപ്പാട്ടങ്ങള്‍ വാങ്ങി അനാഥാലയത്തിലെ കുട്ടികള്‍ക്കു കൊടുക്കാം.”

കുട്ടികളാരും ഈ ആശയത്തോടു യോജിച്ചില്ല. അവര്‍ക്കു് അവരുടെ പണത്തിനു കളിപ്പാട്ടങ്ങള്‍ സ്വന്തമായി വാങ്ങി കളിക്കാനാണാഗ്രഹം. അവര്‍ അവരുടെ സന്തോഷം മാത്രം നോക്കി. അവസാനം ഒരു കുട്ടി മാത്രം അവനോടു സഹകരിക്കാന്‍ തയ്യാറായി. അവര്‍ രണ്ടുപേരും കൂടി അവര്‍ക്കു കിട്ടിയ പണം ഒരുമിച്ചെടുത്തു. കളിപ്പാട്ടങ്ങളും മറ്റും വാങ്ങി. അവര്‍ മുഖംമൂടിയും ധരിച്ചു കവലകളില്‍ചെന്നു പല വേഷങ്ങളും കളികളും കാട്ടി. എല്ലാവരും ആ കുട്ടികളുടെ കളി കണ്ടു പൊട്ടിച്ചിരിച്ചു.

അപ്പോള്‍ ആ കുട്ടികള്‍ പറഞ്ഞു, ‘നിങ്ങള്‍ ഞങ്ങളുടെ കൈയില്‍ നിന്നും ഒരു മുഖംമൂടി വാങ്ങുക. അതു നിങ്ങളുടെ കുട്ടികള്‍ക്കു കൊടുക്കുക. അവര്‍ക്കു സന്തോഷമാകും. അവര്‍ ചിരിക്കും. അതു കണ്ടു നിങ്ങള്‍ക്കും സന്തോഷിക്കാം. മുഖംമൂടി അണിഞ്ഞ ഞങ്ങളുടെ കളി കണ്ടു നിങ്ങള്‍ ചിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കു ചുറ്റും ചിരിക്കാന്‍ കഴിയാത്ത മറ്റു പലരും ഉണ്ടു്. അവരെക്കൂടി ചിരിപ്പിക്കാന്‍ വേണ്ടി ഞങ്ങളുടെ കൈയില്‍ നിന്നും ഈ സാധനങ്ങള്‍ വാങ്ങുക.”

കുട്ടികളുടെ ഭാഷയും പെരുമാറ്റവും എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കി. അവര്‍ സാധനങ്ങളൊക്കെ വാങ്ങി. അങ്ങനെ കിട്ടിയ പണംകൊണ്ടു കുട്ടികള്‍ വീണ്ടും സാധനങ്ങള്‍ വാങ്ങി വിറ്റു. അങ്ങനെ സ്വരൂപിച്ച പണത്തിനു മുഖംമൂടിയും കളിപ്പാട്ടങ്ങളും മറ്റും വാങ്ങി. തിരുവോണനാളില്‍ ആ കുട്ടികള്‍ അനാഥാലയത്തില്‍ ചെന്നു. ചിരിക്കാന്‍കൂടി അറിയാതെ വിഷമിച്ചു കഴിയുന്ന അവിടുത്തെ കുട്ടികളെയെല്ലാം വിളിച്ചു് ഇവര്‍ മുഖംമൂടിയും മറ്റും കെട്ടികൊടുത്തു. പൂത്തിരി കത്തിച്ചു കൈയില്‍ കൊടുത്തു. അവര്‍ എല്ലാം മറന്നു് ആഹ്ലാദിച്ചു. അവരെല്ലാവരും ഒത്തൊരുമിച്ചു് ആനന്ദിച്ചുല്ലസിച്ചു നൃത്തം ചെയ്യുകയാണു്. ഓടിക്കളിക്കുകയാണു്.

ഈ സമയം ഇതെല്ലാം ഒരുക്കിയ ആ കുട്ടി മുഖംമൂടി കെട്ടാനോ ഒരു പൂത്തിരി കത്തിക്കാനോ കൂടി മറന്നു. അവന്‍ മറ്റുള്ള കുട്ടികളുടെ ഓട്ടവും ചാട്ടവും ചിരിയും കണ്ടു് എല്ലാം മറന്നു നിന്നു. അവരുടെ ആഹ്ലാദത്തില്‍ അവന്‍ തന്നെത്തന്നെ മറന്നു; കണ്ണുകള്‍ ആനന്ദത്താല്‍ നിറഞ്ഞൊഴുകി. അവന്റെ സുഹൃത്തുക്കള്‍ക്കു ലഭിച്ചതിനെക്കാളെല്ലാം എത്രയോ ഉപരിയായ ആനന്ദമാണവനു കിട്ടിയതു്. അവന്‍ ഒന്നും സ്വന്തമായി എടുത്തില്ല. എന്നാല്‍ കൊടുത്തതില്‍ നിന്നു് അവനെല്ലാം കിട്ടി. ഇതാണു കാരുണ്യത്തിന്റെ മഹത്ത്വം.

നമ്മള്‍ എന്തു കൊടുത്തുവോ അതുമാത്രമേ നമുക്കു തിരിയെ ലഭിക്കുകയുള്ളൂ. സ്നേഹമെങ്കില്‍ സ്നേഹം, ദ്വേഷമെങ്കില്‍ ദ്വേഷം.