മക്കളേ, പലപ്പോഴും നമ്മള്‍ സംസാരിക്കുമ്പോള്‍ പറയാറുണ്ടു്, ‘ഓ, ഞാന്‍ വിചാരിച്ചതു കൊണ്ടു മാത്രം അതു നടന്നു. എന്റെ ഇച്ഛ കൊണ്ടു നടന്നു.’

വാസ്തവത്തില്‍ നമ്മുടെ ഇച്ഛ പ്രകാരമാണോ കാര്യങ്ങള്‍ നടക്കുന്നതു്. ‘ദാ ഞാന്‍ വരുന്നു’ എന്നു് മുറിയില്‍ നിന്നും വിളിച്ചു പറയും. പക്ഷേ, പത്തു ചുവടു വച്ചു കഴിയുമ്പോഴേക്കും ആള്‍ കുഴഞ്ഞു വീണു. ഹാര്‍ട്ട് അറ്റാക്ക്. നമ്മുടെ ഇച്ഛയാണു് നടക്കുന്നതെങ്കില്‍, നമ്മള്‍ പറഞ്ഞതു പോലെ അവിടെ എത്തേണ്ടതല്ലേ. ഇതു മനസ്സിലാക്കി നമ്മള്‍ എല്ലാം അവിടുത്തെ ഇച്ഛയ്ക്കു വിട്ടു കൊടുക്കണം.
ഇതുപറയുമ്പോള്‍ അമ്മ രാധയുടെയും ഗോപികളുടെയും കഥ ഓര്‍ക്കുകയാണു്.
ഭഗവാന്‍ വൃന്ദാവനം വിട്ടു മഥുരയ്ക്കു പോയ സമയം, ഭഗവാന്റെ വിരഹം ഗോപികളെ വളരെ ദുഃഖിതരാക്കി. യമുനയുടെ തീരത്തു വന്നിരുന്നു് അവര്‍ തങ്ങളുടെ ദുഃഖം പങ്കിടുകയാണു്.
”ഭഗവാന്‍ നമ്മളെ കൊണ്ടുപോയില്ലല്ലോ. ഇനി ഭഗവാന്‍ വന്നാല്‍ വിടാന്‍ പാടില്ല” ഇങ്ങനെ ഒരു ഗോപി വിഷമിച്ചു പറയുമ്പോള്‍ മറ്റൊരു ഗോപി പറഞ്ഞു, ”ഇനി ഭഗവാന്‍ വരുമ്പോള്‍ ഞാനൊരു വരം ചോദിക്കും.”
”എന്താ നീ ചോദിക്കുന്ന വരം.”
”ഭഗവാനുമായി എന്നും ലീലയാടണം. അതായിരിക്കും ഞാന്‍ ചോദിക്കുന്ന വരം.”
ഉടനെ അടുത്ത ഗോപി പറഞ്ഞു, ”ഞാനും ഒരു വരം ചോദിക്കും.”
”അതെന്താണു്.”
”ഭഗവാനെന്നും എന്റെ കൈയില്‍നിന്നും വെണ്ണ കഴിക്കണം, അതായിരിക്കും ഞാന്‍ ചോദിക്കുന്ന വരം.”
ഇതുകേട്ട അടുത്ത ഗോപി പറഞ്ഞു, ”ഭഗവാന്‍ എന്നെയും മഥുരയില്‍ കൊണ്ടു പോകണം. അതാണു ഞാന്‍ ചോദിക്കാന്‍ പോകുന്നതു്.”
അപ്പോള്‍ മറ്റൊരു ഗോപി പറഞ്ഞു, ”ഭഗവാനെന്നും വീശിക്കൊടുക്കാനുള്ള അവസരം എനിക്കു കിട്ടണം. അതായിരിക്കും ഞാന്‍ ചോദിക്കുന്നതു്.”
ഇതെല്ലാം കേട്ടു കൊണ്ടിരുന്ന രാധ ഒന്നും ഉരിയാടാതെ ഇരിക്കുന്നതു കണ്ടപ്പോള്‍ ഗോപികള്‍ ചോദിച്ചു, ”രാധേ നീ എന്താണു് ഒന്നും മിണ്ടാതിരിക്കുന്നതു്? നീ എന്താണു ചോദിക്കാന്‍ പോകുന്നതു്? പറയൂ രാധേ.”
അവരുടെ നിര്‍ബ്ബന്ധം കൂടിയപ്പോള്‍ രാധ പറഞ്ഞു, ”എനിക്കൊരാഗ്രഹം വന്നാല്‍, ആ ആഗ്രഹംകൂടി ഞാനെന്റെ ഭഗവാന്റെ പാദങ്ങളില്‍ സമര്‍പ്പിക്കും. അവിടുത്തെ ഇച്ഛ എന്താണോ, അതാണെന്റെ ഇച്ഛ. അവിടുത്തെ സന്തോഷമാണു് എന്റെ സന്തോഷം.”
അതിനാല്‍ എല്ലാം അവിടുത്തെ ഇച്ഛയ്ക്കു വിട്ടു കൊടുക്കുക. അടുത്ത ശ്വാസം നമുക്കുണ്ടാകുമോ എന്ന കാര്യത്തില്‍ പ്പോലും ഉറപ്പില്ല. അതുകൂടി നമ്മുടെ നിയന്ത്രണത്തിലല്ല. അവിടുത്തെ ഇച്ഛയാണു നടക്കുന്നതു്. നമുക്കു ചെയ്യാനാവുന്നതു് അവിടുന്നു തന്ന ശക്തികൊണ്ടു പ്രയത്‌നിക്കുക എന്നതു മാത്രമാണു്. ഒരിക്കലും പ്രയത്‌നിക്കാതിരിക്കരുതു്. പ്രയത്‌നിക്കേണ്ടതാവശ്യമാണു്.

Download Amma App and stay connected to Amma