മക്കളേ, ഇന്നു നമ്മുടെ മനസ്സു് ഭൗതിക വിഷയങ്ങളില്‍ ഒട്ടി നില്ക്കുകയാണു്. സ്വാര്‍ത്ഥത നിറഞ്ഞതാണു്. ഇതുമൂലം ഈശ്വരനു വസിക്കുവാന്‍ നമ്മില്‍ ഇടമില്ല.

അതിനാല്‍ ഇവയില്‍ നിന്നെല്ലാം മോചനം നേടി മനസ്സിനെ ശുദ്ധീകരിക്കുന്നതിനും ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നതിനും വേണ്ടിയാണു ഗുരുകുലങ്ങളില്‍ പോകുന്നതും ഗുരുക്കന്മാരെ ആശ്രയിക്കുന്നതും. എന്നാല്‍ ഇന്നു നമ്മള്‍ അവിടെ എത്തിയാലും സമ്പത്തിനുവേണ്ടിയാണു പ്രാര്‍ത്ഥിക്കാറുള്ളതു്.

‘എനിക്കു് ഈശ്വരനോടു വലിയ പ്രേമമാണു്, ഇഷ്ടമാണു്’ എന്നൊക്കെ പറയും. പക്ഷേ, മനസ്സിനെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്ന വസ്തുക്കളെ സമര്‍പ്പിക്കാന്‍ നാം തയ്യാറാകണം. അപ്പോള്‍ മാത്രമേ നമ്മളിലെ യഥാര്‍ത്ഥ സമര്‍പ്പണത്തിനെ കുറിച്ച് അറിയാന്‍ കഴിയൂ. ഈശ്വരനോടുള്ള യഥാര്‍ത്ഥ സ്നേഹത്തെ മനസ്സിലാക്കാന്‍ സാധിക്കൂ.

ഒരു പെണ്‍കുട്ടി തന്റെ കൂട്ടുകാരിയുടെ പിറന്നാളിനു് ഒരു കത്തയച്ചു, ‘നിന്റെ പിറന്നാളിനെ കുറിച്ചു് അറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ടു ഞാന്‍ സ്വയം മതി മറന്നു. ഏറ്റവും ഭംഗിയുള്ള ഒരു സമ്മാനം നിനക്കു നല്കുന്നതിനു വേണ്ടി ഞാന്‍ എവിടെയൊക്കെ അന്വേഷിച്ചുവെന്നോ? അവസാനം ഒരു കടയില്‍ അതു ഞാന്‍ കണ്ടു. പക്ഷേ, പത്തു രൂപയാണതിന്റെ വില. അതുകൊണ്ടു വാങ്ങിയില്ല. മറ്റൊരു അവസരത്തിലാകാമെന്നു കരുതി.’

കൂട്ടുകാരിയോടു് എന്തെന്നില്ലാത്ത സ്നേഹമാണു്. സ്വന്തം ജീവന്‍ കൂടി നല്കാമെന്നു പറഞ്ഞതാണു്. പക്ഷേ, അവള്‍ക്കു വേണ്ടി പത്തു രൂപ മുടക്കാന്‍ വയ്യ. ഇതുപോലെയാണു നമുക്കു് ഈശ്വരനോടുളള പ്രേമവും ഭക്തിയും.

‘ഈശ്വരനുവേണ്ടി എല്ലാം സമര്‍പ്പിച്ചിരിക്കുന്നു’ എന്നു വായ്‌ കൊണ്ടു പറയും. കാര്യ സാദ്ധ്യത്തിനു വേണ്ടി ക്ഷേത്രത്തില്‍ തേങ്ങ നേര്‍ച്ച പറയും. കാര്യം സാധിച്ചു കഴിഞ്ഞാല്‍ ഭഗവാനു നല്കുന്നതിനു വേണ്ടി ഏറ്റവും വില കുറഞ്ഞ ചെറിയ തേങ്ങാ നോക്കിത്തിരയും.

മക്കളേ, ഇതൊന്നുമല്ല യഥാര്‍ത്ഥ ഭക്തിയും പ്രേമവും. സ്വന്തം ജീവനെ കൂടി സമര്‍പ്പിക്കുവാനുളള ഭാവം വരണം. ഈശ്വരനു വേണ്ടി എന്ന ഭാവത്തില്‍ നമ്മള്‍ എന്തെങ്കിലും നല്കുന്നുവെങ്കില്‍ അതിന്റെ പ്രയോജനം നമുക്കു തന്നെയാണു്.

മറിച്ചു ചിന്തിക്കുന്നതു്, കിണറ്റിലെ വെള്ളം കോരി നദിയില്‍ കൊണ്ടുചെന്നിട്ടു ‘നദീ നീ ദാഹിച്ചിരിക്കുകയല്ലേ, ഇതാ ഇതു കുടിച്ചോ’ എന്നു പറയുന്നതു പോലെയാണു്.

ഈശ്വരനു നമ്മില്‍ നിന്നു യാതൊന്നും വേണ്ട. അവിടുന്നാണു നമുക്കു വേണ്ടതെല്ലാം തരുന്നതു്. അവിടുന്നാണു നമ്മളെ ശുദ്ധീകരിക്കുന്നതു്. അവിടുത്തോടുളള അടുപ്പം മൂലം നമ്മള്‍ ശുദ്ധിയാവുകയാണു്.