മക്കളേ, ധര്‍മ്മബോധമുള്ള മനസ്സിലേ ഈശ്വരന്റെ സാമീപ്യം ഉണ്ടാവുകയുള്ളൂ.

പണ്ടുള്ളവര്‍ എങ്ങനെയായിരുന്നു? ഒരു പക്ഷിക്കുഞ്ഞിനു വേണ്ടി സ്വന്തം ജീവന്‍ പോലും ബലി കഴിക്കുവാന്‍ അവര്‍ തയ്യാറായിരുന്നു. ഈ ധര്‍മ്മബോധമാണു നമ്മളെ ഈശ്വരനോടു്, പരമാത്മാവിനോടു് അടുപ്പിക്കുന്നതു്. നമ്മുടെ വിശാലമായ മനസ്സാണു് അവിടുത്തെ സാമീപ്യത്തിനു നമ്മെ അര്‍ഹരാക്കുന്നതു്, ഈശ്വരന്റെ ഗുണങ്ങളെ നമ്മില്‍ പ്രതിഫലിപ്പിക്കുന്നതു്.
ഈ ധര്‍മ്മബോധമുള്ള മനസ്സു് നമ്മളിലിരിക്കുന്ന ഈശ്വരീയ ഗുണങ്ങളെ വളര്‍ത്തും. വിത്തിനെ വളര്‍ത്തി വൃക്ഷമാക്കുന്ന വളം പോലെയാണു് ഈ നല്ല പ്രവൃത്തികള്‍, നല്ല ഗുണങ്ങള്‍. സ്വാര്‍ത്ഥത മുറ്റിയ മനസ്സില്‍ ഈശ്വരന്റെ കൃപ എത്തുകയില്ല. ഈശ്വരന്റെ കൃപയ്ക്കു അര്‍ഹരാകണമെങ്കില്‍ സ്വാര്‍ത്ഥത വെടിയണം. അതിനുളള ഉപാധിയാണു ധര്‍മ്മാചരണം.
ഒരു വിത്തുനട്ടാല്‍ പത്തു വിത്തു ലഭിക്കുന്നതു പോലെ. ഈശ്വരനു് ഒന്നു കൊടുത്താല്‍ ആയിരം കിട്ടും. ഈശ്വരനോടുളള സമര്‍പ്പണത്തില്‍ നിന്നു നമുക്കു കിട്ടുന്നതു് ആയിരം മടങ്ങാണു്. ഈശ്വരന്‍ നമ്മളെ രക്ഷിക്കുന്ന ശക്തിയാണു്. അല്ലാതെ നമ്മള്‍ രക്ഷിക്കേണ്ട ആളല്ല. ഇതു മനസ്സിലാക്കിയിരിക്കണം.
ശരീരത്തെയോ മനസ്സിനെയോ സമര്‍പ്പിക്കുവാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ നമുക്കു് ആഗ്രഹങ്ങളെ ഈശ്വരന്റെ മുന്‍പില്‍ സമര്‍പ്പിച്ചുകൂടേ? ആദ്യം അതിനു തടസ്സമായി നില്ക്കുന്ന സ്വാര്‍ത്ഥതകളെ ഈശ്വരങ്കല്‍ ബലിയര്‍പ്പിക്കുക.
ട്രെയിനില്‍ കയറിയിട്ടും ‘ലഗേജ്’ തലയിലേറ്റി നിലേ്ക്കണ്ട ആവശ്യമുണ്ടോ? അതു താഴെയിറക്കിവയ്ക്കുക. അതിന്റെ ഭാരം വണ്ടി വഹിച്ചു ലക്ഷ്യത്തിലെത്തിച്ചോളും. തലയിലുളളതു താഴെയിറക്കി വയ്ക്കാന്‍ വയ്യെങ്കില്‍ ഭാരം സ്വയം വഹിക്കേണ്ടി വരും. ഈശ്വരങ്കല്‍ വിശ്വാസം വന്നാല്‍ സമര്‍പ്പണ ഭാവവും നമ്മില്‍ വളരണം. എങ്കിലേ നമുക്കു ശാന്തിയും സമാധാനവും ലഭിക്കൂ.
സ്വാര്‍ത്ഥതയുളള കാലത്തോളം സ്വന്തം ഭാരം അവനവന്‍ തന്നെ ചുമക്കേണ്ടി വരും. അതിനു് ഈശ്വരന്‍ ഉത്തരവാദിയല്ല. ഡോക്ടറെ വിശ്വസിച്ചാല്‍ മാത്രം പോരാ, ഡോക്ടര്‍ പറയുന്നതു പോലെ മരുന്നു കഴിക്കുകയും പഥ്യം ആചരിക്കുകയും വേണം. ഈശ്വരനോടുളള വിശ്വാസം മാത്രം പോരാ, അവിടുത്തെ തത്ത്വമനുസരിച്ചു ജീവിക്കുമ്പോഴാണു നമ്മുടെ ഭവരോഗം മാറുന്നതു്. നമ്മള്‍ ലക്ഷ്യത്തിലെത്തുന്നതു്.
മക്കളേ, സര്‍വ്വഭാരങ്ങളും അവിടുത്തെ കാല്ക്കലര്‍പ്പിച്ചു ശാന്തിയോടും സമാധാനത്തോടുംകൂടി ജീവിക്കൂ.

Download Amma App and stay connected to Amma