അമ്മയുടെ തിരുവോണ സന്ദേശത്തിൽ നിന്ന് 2024

സമൃദ്ധിയുടെ, സമത്വത്തിന്റെ , സ്നേഹത്തിന്റെ , സന്തോഷത്തിന്റെ സന്ദേശവുമായി തിരുവോണം പടികടന്നെത്തി. മലയാള മണ്ണിന്റെ സംസ്കാരം മുഴുവൻ ഉള്ളിലൊതുക്കിയ ഒരു ആഘോഷമാണ് ഓണം.

മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഈശ്വരനും എല്ലാം ഒത്തുചേരുന്ന, അവ ഓരോന്നും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ആഘോഷമാണ് ഓണം. ഭൗതികമായ സമൃദ്ധിയും ധാർമ്മിക മൂല്യങ്ങളും ഭക്തിയുമെല്ലാം അതിൽ സംഗമിക്കുന്നു. പൊയ്പ്പോയ ഒരു നല്ല ഭൂതകാലത്തിന്റെ ഓർമ്മകളും വർത്തമാനത്തിന്റെ ആഹ്ളാദവും ഭാവിയെക്കുറിച്ചുള്ള മോഹനസങ്കല്പവും അതിലുണ്ട്. ഉള്ളതുകൊണ്ട് സന്തോഷിക്കാൻ, സ്നേഹം പങ്കുവെക്കാൻ ദുഃഖങ്ങൾ മറക്കാൻ, നല്ലതു പ്രതീക്ഷിക്കാൻ, നല്ല നാളെയെ സ്വപ്നം കാണാൻ, ഓണം അവസരമേകുന്നു. ദുഃഖങ്ങളുടെ നടുവിലും സന്തോഷത്തെ സൃഷ്ടിക്കാൻ കഴിയും എന്ന് ഓണം നമ്മെ പഠിപ്പിക്കുന്നു.

മഹാവിഷ്ണുവിനെയും മഹാബലിയെയും മറന്ന ഒരു ഓണം നമുക്കില്ല. ഭഗവാന്റെ അവതാരദിനത്തിൽ ഭഗവാനെയും ഭക്തനെയും നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതാണ് തിരുവോണം. നമ്മളിലെ ഭക്തനെ ഉണർത്തുക, നമ്മളിലെ ഭഗവാനെ സാക്ഷാത്കരിക്കുക എന്നതാണ് തിരുവോണത്തിന്റെ ലക്ഷ്യം.

ഓണം സർവ്വചരാചരങ്ങളും തമ്മിലുള്ള താളാത്മകതയുടെ ആഘോഷമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം, ജീവജാലങ്ങൾ തമ്മിലുളള ആരോഗ്യകരമായ ബന്ധം, കർഷകനും മണ്ണുമായുള്ള ആരോഗ്യകരമായ ബന്ധം എല്ലാറ്റിനെയും ഓണം പ്രതിനിധീകരിക്കുന്നു.

സ്നേഹത്തിലും ആദരവിലും നന്മയിലും അധിഷ്ഠിതമായ ആ ബന്ധത്തിൻറെ ഊഷ്മളതയെ വീണ്ടെടുക്കുവാൻ
ഈ തിരുവോണം നമുക്ക് പ്രചോദനമാകട്ടെ. അതിലേക്ക് ഉയരുവാൻ ഉണരുവാൻ എല്ലാ മക്കൾക്കും കഴിയട്ടെ. കൃപ അനുഗ്രഹിക്കട്ടെ.


പ്രകൃതിയിൽ തേനീച്ചയുടെ കാര്യവും വ്യത്യസ്തമല്ല. സാധാരണ തേനീച്ചകൾ കൂട്ടിൽനിന്നു മൂന്നു കിലോമീറ്റർ വരെ പറന്നാണു തേൻ ശേഖരിക്കാറുള്ളതു്.

എന്നാൽ ഇപ്പോൾ തേൻ ശേഖരിച്ചു മടങ്ങാൻ മിക്കവാറും അവയ്ക്കു സാധിക്കുന്നില്ല. കാരണം, മറവി മൂലം വഴി തെറ്റുന്നു. കൂട്ടിലെത്താൻ കഴിയുന്നില്ല. തേനീച്ചയ്ക്കു കൂട്ടിലെത്താൻ കഴിയുന്നില്ല എന്നു പറഞ്ഞാൽപ്പിന്നെ മരണമാണു് അവയെ കാത്തിരിക്കുന്നതു്.

ഒരർത്ഥത്തിൽ തേനീച്ച കാരണമാണു നമുക്കു് ആഹാരം കഴിക്കാൻപോലും സാധിക്കുന്നതു്. തേനീച്ച ഒരു പൂവിൽനിന്നു വേറൊരു പൂവിൽച്ചെന്നിരുന്നു പരാഗണം നടത്താൻ സഹായിക്കുന്നതുകൊണ്ടാണല്ലോ പച്ചക്കറികളും ധാന്യങ്ങളും ഒക്കെയുണ്ടാകുന്നതു്.

അപ്പോൾ എത്ര വലിയ സംഭാവനയാണു തേനീച്ച സമൂഹത്തിനും പ്രകൃതിക്കും നല്കുന്നതു്! അതു പോലെ ഓരോ ജീവജാലത്തിൽനിന്നും മനുഷ്യനു ഗുണം കിട്ടുന്നുണ്ടു്. പരസ്പരം ആശ്രയിച്ചാണു ഭൂമിയിലെ ഓരോ ജീവിയും നിലനില്ക്കുന്നതു്.

വിമാനത്തിൻ്റെ എഞ്ചിൻ കേടായാൽ അതിനു പറക്കാൻ സാധിക്കില്ല. ഒരു സ്‌ക്രൂ ഇല്ലെങ്കിലും പറക്കാൻ സാധിക്കില്ല. അതുപോലെ പ്രകൃതിയിലെ ഏറ്റവും ചെറിയ ജീവിക്കുപോലും അതിൻ്റെതായ പ്രാധാന്യമുണ്ടു്. അതിനാൽ ജീവജാലങ്ങളെല്ലാം ഭൂമിയിൽ നിലനില്ക്കേണ്ടതു മനുഷ്യൻ്റെ കൂടി ആവശ്യമാണു്. മനുഷ്യൻ്റെ കൂടി ഉത്തരവാദിത്വമാണു്.

അടുത്ത ശ്വാസം നമ്മുടെതെന്നു പറയുവാന്‍ നമുക്കാവില്ല. അതിനാല്‍ മക്കള്‍, ഒരു നിമിഷം പോലും ദുഃഖിച്ചു കളയാതെ സന്തോഷിക്കുവാന്‍ ശ്രമിക്കണം. അതിനു് ഈ ‘ഞാനി’നെ വിടാതെ പറ്റില്ല.

ഈ അറിവു് ഋഷികള്‍ നമുക്കു കനിഞ്ഞരുളിയ വരപ്രസാദമാണു്. ഇനി ഒരു നിമിഷം പോലും നഷ്ടമാക്കാതെ, ഈ ജ്ഞാനത്തോടെ ജീവിക്കുവാന്‍ മക്കള്‍ തയ്യാറാകണം. അതില്ലയെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമായിത്തീരും.

നാളെയാകട്ടെ എന്നു ചിന്തിക്കുവാന്‍ പാടില്ല. കാരണം നാളത്തെ ജീവിതം എന്നതു വെറും ഒരു സ്വപ്‌നം മാത്രമാണു്. എന്തിനു്, ഇപ്പോള്‍ തന്നെ, നമ്മള്‍ വെറും സ്വപ്‌നത്തിലാണു ജീവിക്കുന്നതു്. സാധാരണ സ്വപ്‌നം, ഒരു രാത്രി കൊണ്ടവസാനിക്കുമെങ്കില്‍, ഇതു് ഒരു ദീര്‍ഘകാല സ്വപ്‌നമാണെന്നു മാത്രം.

ഈ സ്വപ്‌നത്തില്‍ നിന്നു് ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ത്ഥ്യം എന്തെന്നറിയുവാന്‍ കഴിയൂ. ഈ സ്വപ്‌നത്തില്‍നിന്നും നാം ഈശ്വരനിലേക്കാണുണരുന്നതു്. ഈ ഉറപ്പു നമുക്കുണ്ടാവണം. എങ്കിലേ ഈ സ്വപ്‌നം വിട്ടുണരുവാന്‍ കഴിയൂ.

കടന്നുപോകുന്ന ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണു്. ഒരിക്കലും അതു നഷ്ടമാകുവാന്‍ പാടില്ല. നാളെയാകാമെന്നു ചിന്തിച്ചു സ്വപ്‌നത്തില്‍ മുഴുകുന്നതു വിഡ്ഢിത്തമാണു്. ‘നാളെ’യെന്നതു് ഉത്തരം കിട്ടാത്ത ചോദ്യമാണു്.

നാലും നാലും കൂടി ഒന്‍പതു് എന്നു കൂട്ടുന്നതുപോലെയാണതു്. നാലും നാലും കൂടി കൂട്ടിയാല്‍ ഒരിക്കലും ഒന്‍പതു് ആകാന്‍ പോകുന്നില്ല. അതിനാല്‍, നമുക്കു ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ ഈ നിമിഷമാണു് ഏറ്റവും വിലപ്പെട്ടതു്. അതു നഷ്ടമാകുവാന്‍ ഒരിക്കലും അനുവദിക്കരുതു്.

ഇതു മനസ്സിലാക്കി മക്കള്‍ എപ്പോഴും ഹൃദയം തുറന്നു ചിരിക്കുവാന്‍ പഠിക്കുക. മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ ശ്രമിക്കുക. ചിന്തയിലും നോട്ടത്തിലും സ്പര്‍ശത്തിലും മനസാ വാചാ കര്‍മ്മണാ ആര്‍ക്കും ഉപദ്രവമുണ്ടാക്കാത്ത ഒരു മനസ്സിന്നുടമകളായിത്തീരാന്‍ ശ്രമിക്കുക.

പ്രകൃതിയുമായി യാതൊരു ബന്ധവും ഇല്ലാത്തതുപോലെയാണു് ഇന്നത്തെ തലമുറകൾ കഴിയുന്നതു്.

ഇന്നു മനുഷ്യൻ മാത്രമല്ല, മനുഷ്യൻ വളർത്തുന്ന ചെടികളും മൃഗങ്ങളും പക്ഷികളും പോലും പ്രകൃതിയിൽനിന്നു് അന്യമായി കൊണ്ടിരിക്കുകയാണു്. ഉദാഹരണത്തിനു്, ഇന്നത്തെ ബ്ലോക്കുചെടികൾക്കു പ്രതിരോധനശക്തി ഒട്ടുമില്ല. കീടങ്ങളെ ചെറുത്തുനില്ക്കാൻ സ്വയം കഴിയുന്നില്ല. അതു കാരണം മരുന്നടിച്ചു കൊടുക്കേണ്ടി വരുന്നു.

ഇതേപോലെയാണു ബ്ലോക്കു കോഴിയും ബ്ലോക്കു പശുവും. അവർക്കൊക്കെ പ്രത്യേക പരിചരണം വേണം. ചുരുക്കത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കാൻ അവയ്‌ക്കൊന്നിനും കഴിയുന്നില്ല.

മനുഷ്യൻ്റെ സ്ഥിതിയും ഇതുപോലെയായി. ഇന്നു പലർക്കും പല രീതിയിലുള്ള അലർജികളുണ്ടു്. പലരും ഇൻഹേലർ വച്ചാണു നടക്കുന്നതു്. എല്ലാവർക്കും ഭാവിയിൽ, ചന്ദ്രനിൽ പോകുന്നവരെപ്പോലെ ശ്വസിക്കാൻ ഓക്സിജൻ ടാങ്കു വച്ചു നടക്കേണ്ടി വരും. പ്രകൃതിയിൽ നിന്നു് അകന്നകന്നു നമ്മുടെ സ്ഥിതി ഗുരുത്വാകർഷണം വിട്ട റോക്കറ്റു പോലെ ആയിരിക്കുന്നു.

ഭൂമിയിൽ ജനപെരുപ്പം കൂടിക്കൂടിവരുന്നു. ഇതു കാരണം, പട്ടിണിമരണം ഇല്ലാതാക്കാൻ ശാസ്ത്രജ്ഞന്മാർ ഗവേഷണങ്ങളിലൂടെ പല ഉപായങ്ങളും കണ്ടുപിടിച്ചു. അഞ്ചു ഗ്രാമുള്ള ഭക്ഷണപദാർത്ഥങ്ങൾ നൂറു ഗ്രാമാക്കി ഉത്പാദനം കൂട്ടി. അതിനുവേണ്ടി കണ്ടമാനം വിഷവളം നമ്മൾ ചേർക്കുന്നു. എന്നാൽ അതിൽ നിന്നു നമുക്കു കിട്ടുന്ന ഗുണം ഏറെ കുറഞ്ഞിട്ടുണ്ടു്.

പണ്ടുള്ളവർക്കു നൂറുവയസ്സിലേറെ ആയുസ്സുണ്ടായിരുന്നു. പക്ഷേ, ഇന്നുള്ളവരുടെ ആയുസ്സു് എൺപതും അതിൽ കുറവുമായിരിക്കുന്നു. മാത്രമല്ല, നാലിൽ മൂന്നു ഭാഗം ആളുകൾ രോഗികളുമാണു്. ദിനോസറുകൾപോലുള്ള എത്രയെത്ര മൃഗങ്ങളും പക്ഷികളും നാമാവശേഷമായിക്കഴിഞ്ഞു! ഇനിയും എത്രയോ ജീവജാലങ്ങൾ വംശനാശത്തിൻ്റെ ഭീഷണിയിലാണു്!

നമ്മളില്‍ ഇരിക്കുന്ന ഈശ്വരനെതന്നെയാണു ധ്യാനത്തിലൂടെ നാം കണ്ടെത്തുന്നതു്. ധ്യാനം കൊണ്ടല്ലാതെ ഇതു സാദ്ധ്യമല്ല.

ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍, അതിൻ്റെ പരിമളവും ഭംഗിയും എത്രയെന്നു് അറിയുവാന്‍ കഴിയില്ല. അതു വിടര്‍ന്നു വികസിക്കണം. അതുപോലെ മക്കള്‍ ഹൃദയമുകുളം തുറക്കൂ. തീര്‍ത്തും ആ പരമാനന്ദം അനുഭവിക്കുവാന്‍ കഴിയും.

കറണ്ടിനെ നമുക്കു കാണാന്‍ കഴിയില്ല. എന്നാല്‍ വൈദ്യുത കമ്പിയില്‍ തൊട്ടാല്‍ അറിയാന്‍ കഴിയും. അനുഭവിക്കാന്‍ സാധിക്കും. ഈശ്വരന്‍ എന്നതു് അനുഭവമാണു്. അതനുഭവിക്കുവാനുള്ള വഴിയാണു ധ്യാനം. മക്കള്‍ അതിനായി ശ്രമിക്കൂ, തീര്‍ത്തും സാധിക്കും.

പല മക്കളും അമ്മയോടു വന്നു പറയാറുണ്ടു്, ”അമ്മാ, എനിക്കു ഹൃദയം തുറന്നു ചിരിക്കാന്‍ പറ്റുന്നില്ല. ആരോടും ഹൃദയം തുറന്നു സംസാരിക്കാന്‍ സാധിക്കുന്നില്ല. എനിക്കെപ്പോഴും ദുഃഖമാണമ്മാ…”

മക്കള്‍ സ്വയം ചോദിച്ചു നോക്കൂ, എന്താണു് എൻ്റെ ദുഃഖത്തിനു കാരണം, എന്തിൻ്റെ കുറവുകൊണ്ടാണു ദുഃഖം? എന്താണു് എനിക്കു ഭാരമായിട്ടുള്ളതു്?’ മക്കള്‍ക്കു് ഉത്തരം കണ്ടെത്തുവാന്‍ സാധിക്കും.

ദാ… പ്രകൃതിയിലേക്കു നോക്കൂ. വൃക്ഷത്തിലേക്കു നോക്കൂ. അതു കാറ്റില്‍ ആനന്ദിച്ചു് ആടിക്കൊണ്ടിരിക്കുന്നു. കിളികളെ നോക്കൂ. സര്‍വ്വതും മറന്നു പാടിക്കൊണ്ടിരിക്കുന്നു. നദിയിലേക്കു നോക്കൂ. അതു കളകളനാദം പാടി ഒഴുകി ഉല്ലസിക്കുന്നു. ചെടികളിലേക്കു നോക്കൂ. സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും നോക്കൂ. എവിടെയും ആനന്ദം മാത്രം.

ഇവയുടെ നടുവില്‍ ഇരുന്നു നാം മാത്രം എന്തിനു ദുഃഖിക്കുന്നു. നാം മാത്രം ഇങ്ങനെ ദുഃഖിക്കുവാന്‍ എന്താണു കാരണം. ആലോചിക്കുക, അപ്പോള്‍ മനസ്സിലാകും. ഇവയ്‌ക്കൊന്നും ഞാനെന്ന ഭാവമില്ല. അതുള്ളതു നമുക്കുമാത്രം. ഞാന്‍ അതാണു്, ഞാന്‍ ഇതാണു്, എനിക്കു് ഇതാകണം, എനിക്കു് ഇതുവേണം എന്നെല്ലാമാണു് എപ്പോഴും നമ്മുടെ ചിന്ത.

നമ്മള്‍ കരുതുന്ന ഈ ഞാന്‍ ഒരിക്കലും കൂടെവരുന്നതല്ല. ഈ ഞാനെന്ന ഭാവംകൊണ്ടു യാതൊരു പ്രയോജനവുമില്ല. ഈ ഞാനിനെ മുറുകെപ്പിടിച്ചുകൊണ്ടിരുന്നാല്‍ ദുഃഖം മാത്രമേയുള്ളൂ. അതിനാല്‍ മക്കള്‍, ഈ ഞാനിനെ വിട്ടു പുറത്തേക്കു വരൂ. അപ്പോള്‍ മക്കള്‍ക്കു് ഉല്ലസിക്കുവാന്‍ കഴിയും. ആനന്ദിക്കുവാന്‍ കഴിയും. മക്കള്‍ ഉല്ലസിക്കൂ, ആനന്ദിക്കൂ…