”നീ ലോകത്തില്‍ ജീവിക്കൂ, ജോലി ചെയ്തുകൊള്ളൂ, സുഖങ്ങള്‍ അനുഭവിച്ചുകൊള്ളൂ; എന്നാല്‍ ഒരു കാര്യം ഉള്ളില്‍ എപ്പോഴും ഓര്‍ക്കണം സമ്പാദിക്കലും തേടലും  കരുതി വയ്ക്കലും എല്ലാം കഷണ്ടിത്തലയ്ക്കു ചീപ്പു ശേഖരിച്ചു വയ്ക്കുന്നതു പോലെയേ ഉള്ളൂ.

ഇതിന്നര്‍ത്ഥം ലോകമെല്ലാം ഉപേക്ഷിച്ചു കാട്ടില്‍ പോയി കണ്ണടച്ചിരിക്കണം എന്നാണോ എന്നു മക്കള്‍ ചോദിക്കാം. അല്ല. ലോകം ഉപേക്ഷിക്കണം എന്നില്ല. എന്നാല്‍ അലസതയും തമസ്സും പാടില്ല. ഏതു കാലത്തു ജീവിച്ചാലും എങ്ങനെ ജീവിച്ചാലും സമയമാകുമ്പോള്‍ മരണം വന്നെത്തും.

നമുക്കുള്ളതെല്ലാം ഒറ്റയടിക്കു് അപഹരിച്ചു് അതു നമ്മളെ പരാജയപ്പെടുത്തും. എല്ലാം ഇട്ടിട്ടു നമുക്കു പോകേണ്ടി വരും. നാം നേടിയതും സമ്പാദിച്ചതും സ്വന്തക്കാരെന്നു നിനച്ചതും ഒന്നും നമുക്കു സഹായത്തിന് എത്തുകയില്ല. അതുകൊണ്ടു്, മതം പറയുന്നു ”ഈ ജീവിതത്തിൻ്റെ ലക്ഷ്യം ശരീരത്തെ സംരക്ഷിക്കലും പോഷിപ്പിക്കലും മാത്രമല്ല; നിൻ്റെ ആത്മസ്വരൂപമായ പൂര്‍ണ്ണതയിലേക്കുയരുക എന്നതു കൂടിയാണു്.”

ലോകത്തിൻ്റെ നശ്വരസ്വഭാവം മനസ്സിലാക്കി ജീവിക്കുന്ന ഒരാളിനു പ്രതിസന്ധികളെ നേരിടേണ്ടി വരുമ്പോള്‍ തളരാതെ, ആത്മധൈര്യം കൈവിടാതെ  സന്തോഷപൂര്‍വ്വം ജീവിതത്തെ പുല്കുവാന്‍ സാധിക്കും. നീന്തലറിയാത്ത ഒരുവനു കടലിലെ തിരമാലകളെ നേരിടുവാന്‍ പ്രയാസമാണു്. ശക്തമായ തിരകള്‍ അയാളെ മറിച്ചിട്ടുവെന്നും വരാം. ചിലപ്പോള്‍ അയാള്‍ മുങ്ങിമരിച്ചെന്നും വരാം.

നേരെ മറിച്ചു്, നീന്തല്‍ പഠിച്ച ഒരുവനു തിരമാലകളില്‍ കളിച്ചു രസിക്കുന്നതു് ആനന്ദകരമായ ഒരനുഭവമാണു്. തിരമാലകള്‍ക്കു് അവനെ കീഴടക്കാനാവില്ല. അതു പോലെ ലോക സുഖങ്ങളുടെ അസ്ഥിരത മനസ്സിലാക്കി ജീവിക്കുന്ന ഒരുവനു ജീവിതത്തിലെ വൈരുദ്ധ്യങ്ങള്‍, ആനന്ദ പൂര്‍ണ്ണമായ ഒരു ലീലയായി അനുഭവപ്പെടുന്നു. അനുകൂലവും പ്രതികൂലവുമായ ജീവിത അനുഭവങ്ങളെ അവന്‍ പുഞ്ചിരിച്ചു കൊണ്ടു് സമദൃഷ്ടിയോടെ സ്വാഗതം ചെയ്യും.

എന്നാല്‍ ഈ തത്ത്വം ഉള്‍ക്കൊള്ളാത്തവനു ജീവിതം താങ്ങാനാവാത്ത ഭാരമായിരിക്കും, സദാ ദുഃഖപൂര്‍ണ്ണമായിരിക്കും. മതം ജീവിത പ്രതിസന്ധികളെ സമചിത്തതയോടും ശാന്തിയോടും നേരിടുവാനുള്ള ശക്തിയും ധൈര്യവും നല്കുന്നു. ജീവിതത്തെ സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ, ഉത്സാഹത്തോടെ പുണരുവാന്‍ മതം മനുഷ്യനു വഴിയൊരുക്കുന്നു. മതതത്ത്വങ്ങള്‍ നല്ലതുപോലെ ഉള്‍ക്കൊണ്ടു ജീവിക്കുന്ന ഒരുവനു ജീവിതം, നിഷ്‌കളങ്കനായ ഒരു കുട്ടിയുടെ കേളിപോലെ ആനന്ദ പൂര്‍ണ്ണമായിരിക്കും.

മുതുകുളം മാധവൻ പിള്ള

കാൽക്കൽ കെട്ടിപിടിച്ച്

ഒരു മന്ത്രമെന്ന് കെഞ്ചിയപ്പോൾ

മന്ദഹസിച്ചതേയുള്ളൂ – മഹാമായാ !

കെട്ടിപ്പിടിച്ചുവെങ്കിലും

ആകാശനീലിമപോലെ

അകലെയായിരുന്നു – ആദർശനം !

ഒന്നുകിൽ പ്രപഞ്ചം, അല്ലെങ്കിൽ അമ്മ.

രണ്ടുംകൂടി ?

ഒരിക്കലും സാദ്ധ്യമല്ല .

ഒന്നു മാത്രമേ ലഭിക്കൂ – ഒന്നുമാത്രം !

അമ്മയല്ലാതെ മറ്റാരും

സ്വന്തമല്ലെന്ന്, ഹൃദയം പറഞ്ഞപ്പോൾ

തൊട്ടുമുന്നിലായിരുന്നു

തൊട്ടുരുമ്മിക്കൊണ്ട് – ആദർശനം !

ഉള്ളിൻ്റെ കോണിലെങ്ങോ ചുരുണ്ടുകൂടി

ഞാനാരെന്ന് തെല്ലും ബോധമില്ലാതെ

ഉറങ്ങിക്കിടന്ന ബ്രഹ്മഭാവത്തെ

പ്രണവമന്ത്രത്തിലുണർത്തി

മേലോട്ടൊഴുക്കി

ആനന്ദത്തിൻ്റെ ദിവ്യ ചലനങ്ങളിൽ

ഞാനാരെന്നറിയിക്കുവാൻ

ഒരുനിമിഷമേ വേണ്ടിവന്നുള്ളൂ

ആനന്ദമയിയായ എൻ്റെ അമ്മയ്ക്ക് !

ഇനിയും മകൻ ധീരനായ് നടക്കും.

ഒരിക്കലും കൈവിടാത്ത

അമ്മയല്ലേ പിടിച്ചിരിക്കുന്നത്

കരുണാമയിയായ ഭാവതരിണി.

ഒന്നും നമ്മുടെ ഇച്ഛയ്‌ക്കൊത്തല്ല നീങ്ങുന്നതെന്നു മക്കള്‍ മനസ്സിലാക്കണം. പത്തു മുട്ട വിരിയാന്‍ വച്ചാല്‍ പത്തും വിരിഞ്ഞു കാണാറില്ല. നമ്മുടെ ഇച്ഛയാണു നടക്കുന്നതെങ്കില്‍ പത്തും വിരിഞ്ഞു കാണണം. അതുണ്ടാകാറില്ല. അതിനാല്‍ എല്ലാം അവിടുത്തെ ഇച്ഛയ്ക്കു വിട്ടു കൊടുക്കാനുള്ള ഒരു മനോഭാവം, ആ ശരണാഗതി നമ്മളില്‍ വളരണം. അതായിരിക്കണം നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം.

ചിലര്‍ ചോദിക്കും, ‘നിങ്ങളുടെ കൃഷ്ണന്‍ പറയുന്നതു്, കൂലി വാങ്ങാതെ ജോലി ചെയ്യാനല്ലേ’ എന്നു്. ഒരിക്കലും ഇതു ശരിയല്ല. കര്‍മ്മം ചെയ്താല്‍ ഫലം എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെ വരണമെന്നില്ല, അതുകൊണ്ടു ഫലത്തില്‍ പ്രതീക്ഷ വച്ചാല്‍ ദുഃഖിക്കേണ്ടി വരും എന്നാണു ഭഗവാന്‍ പറഞ്ഞതു്. അല്ലാതെ കൂലി വാങ്ങാതെ ജോലി ചെയ്യാനല്ല. ശരിയായ കൂലി കിട്ടാന്‍ വേണ്ടിയാണു് ഈ മനോഭാവം വളര്‍ത്തുവാന്‍ ഭഗവാന്‍ പറഞ്ഞതു്.

ജീവിതം സുഖവും ദുഃഖവും നിറഞ്ഞതാണ് എന്നു പറയും. ക്ലോക്കിൻ്റെ പെന്‍ഡുലം പോലെ സുഖത്തിലേക്കുള്ള ആയം എടുപ്പു് അവിടെ നില്ക്കാനല്ല. ദുഃഖത്തിലേക്ക് എത്തുവാനാണു്. എന്നാല്‍ ഇതു രണ്ടിനെയും സമന്വയിപ്പിച്ചുകൊണ്ടു പോകാനുള്ളതാണു് ആദ്ധ്യാത്മികത.

നീന്തലറിയുന്നവനേ സമുദ്രത്തിലെ തിരകളെ ആസ്വദിക്കാന്‍ കഴിയൂ. നീന്തലറിയാത്തവന്‍, തിരയില്‍ തളര്‍ന്നു വീഴും. അതിനാല്‍, ജീവിതത്തില്‍ മുന്നേറാനുള്ള വിദ്യ പഠിപ്പിച്ചു തരുന്ന ആദ്ധ്യാത്മികത അറിഞ്ഞു കൊണ്ടു നീങ്ങിയാല്‍ ഏതു സാഹചര്യത്തിലും പുഞ്ചിരി മായാതെ നിര്‍ത്തുവാന്‍ കഴിയും. തീര്‍ച്ചയായും ലക്ഷ്യത്തില്‍ എത്തുവാന്‍ കഴിയും. കൃഷ്ണന്‍, തളരാതെ എങ്ങനെ ലക്ഷ്യത്തെ പ്രാപിക്കാം എന്നു് ഉപദേശിക്കുകയാണു ചെയ്യുന്നതു്.

മനസ്സു് ഒരു ക്ലോക്കിൻ്റെ പെന്‍ഡുലം പോലെയാണു്.

പെന്‍ഡുലം അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നപോലെ മനുഷ്യന്‍ സുഖത്തില്‍നിന്നു ദുഃഖത്തിലേക്കും ദുഃഖത്തില്‍നിന്നു സുഖത്തിലേക്കും മാറി മാറി സദാ ചലിച്ചുകൊണ്ടിരിക്കുന്നു. പെന്‍ഡുലം ഒരു വശത്തേക്കു നീങ്ങുമ്പോള്‍ അതു മറു വശത്തേക്കു നീങ്ങുവാനുള്ള ആയം എടുക്കുകയാണു്.

അതുപോലെ മനസ്സു് സുഖത്തിലേക്കു നീങ്ങുമ്പോള്‍ ദുഃഖത്തിലേക്കു പോകാനുള്ള ആയം എടുക്കലാണെന്നു നമ്മള്‍ ധരിക്കണം. മനസ്സാകുന്ന പെന്‍ഡുലത്തിൻ്റെ ആട്ടം നില്ക്കുമ്പോള്‍ മാത്രമാണു യഥാര്‍ത്ഥ ശാന്തിയും ആനന്ദവും നമുക്കു് അനുഭവിക്കാന്‍ കഴിയുന്നതു്.

മനസ്സിൻ്റെ നിശ്ചലതയാണു് ആനന്ദത്തിൻ്റെ ഉറവിടം. ആ നിശ്ചല തത്ത്വമാകുന്നു ജീവിതത്തിൻ്റെ കാതല്‍. സദാ ജാഗ്രതയോടെ വിവേകപൂര്‍വ്വം ജീവിക്കാനാണു മതം പഠിപ്പിക്കുന്നതു്.

ഉണങ്ങിയ ചുള്ളിക്കൊമ്പിലിരിക്കുന്ന കിളി എപ്പോഴും ജാഗ്രതയായിരിക്കും. അതു് ആ കമ്പിലിരുന്നു് ആഹാരം കൊത്തി തിന്നുന്നുണ്ടെങ്കിലും ഏതു സമയവും പറന്നുയരുവാന്‍ തയ്യാറായിരിക്കും. എന്തെന്നാല്‍ കിളിക്കറിയാം ഒരു കാറ്റു വന്നാല്‍, താനിരിക്കുന്ന കമ്പു് ഒടിഞ്ഞു വീഴുമെന്നു്.

മക്കളേ, ഈ പ്രാപഞ്ചിക ലോകവും ഉണക്കച്ചുള്ളിക്കമ്പു പോലെയാണു്. നാമെല്ലാവരും ഏതു നിമിഷവും തകര്‍ന്നു പോകാവുന്ന ലോക വസ്തുക്കളാവുന്ന ചുള്ളിക്കമ്പിലാണ് ഇരിക്കുന്നതു്. ഈ സത്യം മനസ്സിലാക്കി നമ്മള്‍ എപ്പോഴും ജാഗ്രതയോടെ ജീവിക്കണം.

നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിൻ്റെ ഫലമാണു നമ്മള്‍ അനുഭവിക്കുന്നതു്.

ഒരു കുടുംബത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. അവരുടെ മാതാപിതാക്കള്‍ മരിച്ചു. മൂന്നു പേരും ഡിഗ്രിയെടുത്തവരാണു്. പക്ഷേ, ജോലിയൊന്നും ആയില്ല. അവരുടെ കഷ്ടതയില്‍ കനിവു തോന്നിയ ഒരു പണക്കാരന്‍ അവരെ മൂന്നുപേരെയും തൻ്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും മൂന്നുപേര്‍ക്കും ജോലി കൊടുക്കുകയും ചെയ്തു. ഒരേ ജോലിയാണു മൂന്നുപേര്‍ക്കും നല്കിയതു്.

അതില്‍ ഒരാള്‍ ജോലിയില്‍ ഇരുന്നുകൊണ്ടു കൈക്കൂലി വാങ്ങാന്‍ തുടങ്ങി. മാനേജര്‍ പല പ്രാവശ്യം താക്കീതു ചെയ്തു. അയാള്‍ അനുസരിച്ചില്ല. അവസാനം ആ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. ചുമട്ടുകാരനായി നിയമിച്ചു. കാരണം, ഉയര്‍ന്ന ജോലിക്കു് അയാള്‍ അര്‍ഹനല്ല.

രണ്ടാമന്‍ ജോലിയില്‍ ചിട്ടയുള്ളവനാണു്. സത്യസന്ധത ഉള്ളവനാണു്. പക്ഷേ, കൃത്യം മുപ്പതു ദിവസമാകുമ്പോള്‍ ശമ്പളത്തിനു ചെല്ലും. ഒരു ദിവസം കൂടി കാത്തിരിക്കില്ല. ചിട്ടയും സത്യസന്ധതയും ഉള്ളതുകൊണ്ടു് അയാള്‍ക്കു് ഉദ്യോഗക്കയറ്റം നല്കി.

എന്നാല്‍, മൂന്നാമത്തെയാളു്, ഇവരെപ്പോലെ ഒന്നും ആയിരുന്നില്ല. ഏല്പിച്ച ജോലി സത്യസന്ധതയോടും ചിട്ടയോടും ശ്രദ്ധയോടും കൂടി ചെയ്തു. മാസാവസാനം, ശമ്പളം കൊടുത്ത സമയം അദ്ദേഹം പണം വാങ്ങിയില്ല.

”നിങ്ങള്‍ എനിക്കു ജോലി തന്നു, ഒപ്പം താമസിക്കാന്‍ വീടും തന്നു. ഭക്ഷണം തന്നു, വസ്ത്രം തന്നു, എനിക്കു വേണ്ടതെല്ലാം തരുന്നു. പിന്നെ എനിക്കു് എന്തിനാണു ശമ്പളം” എന്നു പറഞ്ഞു് അയാള്‍ ശമ്പളം വാങ്ങാന്‍ കൂട്ടാക്കിയില്ല.

കുറച്ചു കാലങ്ങള്‍ക്കു ശേഷം, അവര്‍ക്കു ജോലി കൊടുത്ത പണക്കാരന്‍ മരിച്ചു. അയാള്‍ എഴുതിവച്ചിരുന്ന മരണ പത്രത്തില്‍ പറഞ്ഞിരുന്നതു് അയാളുടെ ധനം മുഴുവനും ശമ്പളം വാങ്ങാതെ ജോലി ചെയ്തിരുന്ന ആ യുവാവിനു നല്കാനായിരുന്നു.

സത്യസന്ധതയോടെ ജോലി ചെയ്തവനെ ഉയര്‍ന്ന സ്ഥാനത്തേക്കു മാറ്റി നിയമിച്ചു. ജോലിയില്‍ കൃത്രിമം കാട്ടിയ, കൈക്കൂലി വാങ്ങിയ ആളെ ചുമട്ടുകാരനായി തരം താഴ്ത്തി.

തനിക്കു വേണ്ടതെല്ലാം തന്നയാളിൻ്റെ ഇച്ഛയ്‌ക്കൊത്തു, തനിക്കൊന്നും സ്വന്തമായി വേണ്ടെന്ന ഭാവത്തില്‍ ജോലി ചെയ്തവനു് എല്ലാം സ്വന്തമായി തീര്‍ന്നു. ഇതു പോലെയാണു നമ്മുടെ സ്ഥിതിയും. നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിൻ്റെ ഫലമാണു നമ്മള്‍ അനുഭവിക്കുന്നതു്.