സുഖഭോഗങ്ങളുടെ പിറകെ ഓടിയോടി ഒടുവില്‍ മനുഷ്യന്‍ തളര്‍ന്നു വീഴുന്ന കാഴ്ചയാണു് എങ്ങും കാണുന്നതു്.

ലോകം, ഇന്നു ഇരുള്‍ മൂടിയിരിക്കുകയാണു്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ അമ്മയ്ക്കു വേദന തോന്നുന്നു. അരുതെന്നു പ്രകൃതി നിശ്ചയിച്ച പരിധികള്‍ മനുഷ്യന്‍ ലംഘിച്ചു കൊണ്ടിരിക്കുന്നു.

ലോക സുഖങ്ങള്‍ അനുഭവിക്കരുതു് എന്നല്ല അമ്മ പറയുന്നതു്. എങ്കിലും ഒരു സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ദ്രിയങ്ങളില്‍നിന്നും ലൗകിക വസ്തുക്കളില്‍ നിന്നും ലഭിക്കുന്ന സുഖം ആത്മാവില്‍ നിന്നു ലഭിക്കുന്ന അനന്തമായ ആനന്ദത്തിൻ്റെ ചെറിയൊരു പ്രതിഫലനം മാത്രമാണു്. നമ്മുടെ യഥാര്‍ത്ഥസ്വരൂപം ആനന്ദമാണു്.

ബാഹ്യ വസ്തുക്കളില്‍ നിന്നും ഒരിക്കലും നമുക്കു യഥാര്‍ത്ഥ സുഖം ലഭിക്കില്ല. ഇന്നത്തെ ന്യൂസ്‌ പേപ്പര്‍ നാളത്തെ വേസ്റ്റ് പേപ്പര്‍ എന്നതുപോലെ ഇന്നു നമുക്കു സുഖം തരുന്ന അതേ വസ്തുക്കള്‍ നാളെ നമുക്കു ദുഃഖത്തിനും നിരാശയ്ക്കും കാരണമായി തീരും. ഈ സത്യം മനസ്സിലാക്കി വിവേകപൂര്‍വ്വം ലോകത്തില്‍ ജീവിക്കാനാണു മതം പഠിപ്പിക്കുന്നതു്.

ജീവിതത്തില്‍ ആകെക്കൂടി രണ്ടു കാര്യമാണു നടക്കുന്നതു കര്‍മ്മം ചെയ്യുക, ഫലം അനുഭവിക്കുക.

പലരും പറയാറുണ്ടു്, ഞാന്‍ അറിഞ്ഞുകൊണ്ടു് ഒരു തെറ്റും ഇതുവരെ ചെയ്തിട്ടില്ല, എന്നിട്ടും, ഈ കഷ്ടതയൊക്കെ അനുഭവിക്കേണ്ടിവന്നല്ലോ എന്നു്. ഒരു കാര്യം തീര്‍ച്ചയാണു്, നമ്മള്‍ ചെയ്ത കര്‍മ്മത്തിൻ്റെ ഫലം മാത്രമേ നമ്മള്‍ അനുഭവിക്കുന്നുള്ളൂ. അതിൻ്റെ ഫലം ഒരിക്കലും തള്ളാന്‍ കഴിയില്ല.

ആയിരക്കണക്കിനു പശുക്കളുടെ മദ്ധ്യത്തിലേക്കു് ഒരു പശുക്കിടാവിനെ അഴിച്ചുവിട്ടാലും അതു് അതിൻ്റെ തള്ളയുടെ അടുത്തു തന്നെ ചെന്നെത്തും. അവനവന്‍ ചെയ്ത കര്‍മ്മത്തിൻ്റെ ഫലം അവനവൻ്റെ അടുക്കല്‍ തന്നെ വന്നെത്തും. ഈശ്വരന്‍ ആരെയും മനഃപൂര്‍വ്വം ശിക്ഷിക്കാനായി സൃഷ്ടിച്ചിട്ടില്ല.

നല്ല കര്‍മ്മത്തിനു നല്ല ഫലമെങ്കില്‍ ചീത്ത കര്‍മ്മത്തിനു ചീത്ത ഫലമാണുള്ളതു്. കൈ കാലുകള്‍ കൊണ്ടു ചെയ്യുന്നതു മാത്രമല്ല കര്‍മ്മം. ചിന്തയും കര്‍മ്മമാണു്. മറ്റുള്ളവരെ ദുഷിച്ചു കൊണ്ടിരിക്കുന്നതു ചീത്ത കര്‍മ്മമാണു്. അതിൻ്റെ ഫലവും ദുരിതമായിരിക്കും.

അതിനാല്‍ നമ്മള്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ ഓര്‍ത്തു ഞാന്‍ പാപി എന്നു ചിന്തിച്ചു ദുഃഖിക്കുകയല്ല വേണ്ടതു്. ചീത്ത കര്‍മ്മങ്ങളുടെ ഫലം ഇന്നനുഭവിക്കുന്നു. മേലില്‍ ഇതാവര്‍ത്തിക്കാന്‍ പാടില്ല എന്നു ചിന്തിച്ചു്, ഇനിയുള്ള നിമിഷങ്ങള്‍ നല്ല കര്‍മ്മങ്ങള്‍ കൊണ്ടു ജീവിതം നിറയ്ക്കും എന്നു തീരുമാനിക്കുകയാണു വേണ്ടതു്.

‘ഒന്നിനും കൊള്ളാത്തവന്‍, ഞാന്‍ പാപി’ എന്നും മറ്റും ചിന്തിച്ചു സ്വയം ശപിക്കാതെ, എല്ലാം ഈശ്വരൻ്റെ ഇച്ഛയ്ക്കു വിട്ടുകൊടുത്തുകൊണ്ടു്, കാരുണ്യവും സേവനവും നിറഞ്ഞ ഒരു ജീവിതം നയിക്കുകയെന്നതാണു്, ജീവിതത്തില്‍ ശാന്തി കണ്ടെത്തുവാൻ ഉള്ള എളുപ്പ മാര്‍ഗ്ഗം.

നമ്മുടെ വിശ്വാസങ്ങളുമായി ഇന്നു നമുക്കു് ഒരു ഹൃദയബന്ധം ഇല്ല. മക്കളേ, ഇന്നു മനുഷ്യൻ്റെ മത വിശ്വാസം കൃത്രിമ അവയവം പോലെയാണു്. ഉണര്‍വ്വും ഓജസ്സും അതിനു നഷ്ടമായിരിക്കുന്നു. മത വിശ്വാസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്വാംശീകരിക്കുവാന്‍ നമുക്കു കഴിയാതെ പോയിരിക്കുന്നു.

ഇതു ശാസ്ത്രയുഗമാണു്. സയന്‍സിൻ്റെ കാലമാണു്. ഇന്നു പൊതുവെ മനുഷ്യൻ്റെ വിശ്വാസം കാര്‍, ടി.വി, കംപ്യൂട്ടര്‍, ബംഗ്ലാവുകള്‍ തുടങ്ങിയവയിലും അവ നല്കുന്ന അല്പമാത്രമായ സുഖത്തിലുമാണു്. എന്നാല്‍, അവയെല്ലാം ഏതു നിമിഷവും നശിക്കാവുന്നതാണെന്ന സത്യം നാം എപ്പോഴും വിസ്മരിക്കുന്നു.

അവയ്ക്കു് എന്തെങ്കിലും കേടു സംഭവിച്ചാല്‍ അതു് എങ്ങനെയും നന്നാക്കുവാനും അതിനു വേണ്ടി എത്ര സമയം വേണമെങ്കിലും ചെലവഴിക്കാനും ക്ഷമയോടെ കാത്തിരിക്കാനും നമ്മള്‍ തയ്യാറാണു്.

പക്ഷേ ഇന്നു് ഏറ്റവുമധികം റിപ്പയര്‍ ആവശ്യമായിരിക്കുന്നതു നമുക്കുതന്നെയാണു്. കാരണം, ഇന്നു നമുക്കു നമ്മളില്‍ത്തന്നെയുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. കംപ്യൂട്ടറും ടി.വി യും നന്നാക്കാന്‍ എത്രയും ക്ഷമ കാട്ടുന്ന നമ്മള്‍, നമ്മുടെ മനസ്സിൻ്റെ അപശ്രുതി മാറ്റാന്‍ ഒട്ടും ക്ഷമ കാട്ടുന്നില്ല.

സാഹചര്യങ്ങളോടു് ഇണങ്ങണമെങ്കില്‍ നമ്മുടെ ഹൃദയത്തില്‍ ശാന്തി ഉണ്ടാകണം.

ഇതിനു കഴിയുന്നതു് ആദ്ധ്യാത്മികത അറിയുന്നതിലൂടെയാണു്. ഈ രീതിയില്‍ ശാന്തി ഉള്ള മനസ്സിനേ സാഹചര്യത്തോടു് ഒത്തുപോകുവാന്‍ കഴിയൂ. ധ്യാനത്തില്‍നിന്നു മാത്രമേ ശരിയായ ശാന്തി ലഭിക്കൂ. ജീവിതത്തില്‍ ഏതു സാഹചര്യത്തോടും ഇണങ്ങിപ്പോകാന്‍ കഴിയുന്ന ഒരു മനസ്സിനെയാണു നാം വളര്‍ത്തിയെടുക്കേണ്ടതു്.

നമ്മുടെ ജീവിതം കണ്ണുപോലെയാകണം എന്നുപറയും. കാരണം, കണ്ണിനു കാഴ്ചശക്തി ക്രമപ്പെടുത്താന്‍ കഴിയും. ഒരു വസ്തു ദൂരെയാണെങ്കിലും അടുത്താണെങ്കിലും കണ്ണു് അതിനനുയോജ്യമായി കാഴ്ച ക്രമപ്പെടുത്തും. അതിൻ്റെ ഫലമായാണു നമുക്കവയെ കാണുവാന്‍ കഴിയുന്നതു്.

സാധാരണ ജീവിതം റോഡില്‍ക്കൂടി വാഹനം ഓടിക്കുന്നതു പോലെയാണെങ്കില്‍, ആദ്ധ്യാത്മിക ജീവിതം വിമാനം പറത്തുന്നതു പോലെയാണു്. കാരണം, റോഡില്‍ക്കൂടി ഓടുന്ന വാഹനങ്ങള്‍ക്കു ഭൂമിയിലല്ലാതെ, അല്പംപോലും ഉയരത്തിലേക്കു പോകുവാന്‍ സാധിക്കുന്നില്ല.

എന്നാല്‍, വിമാനം അങ്ങനെയല്ല, റോഡില്‍ക്കൂടി ഓടി ഉന്നതങ്ങളിലേക്കു് ഉയരുകയാണു ചെയ്യുന്നതു്. ഉയരങ്ങളില്‍ ചെല്ലുമ്പോള്‍ ഏതിനെയും സാക്ഷിയായി വീക്ഷിക്കുവാനുള്ള ശക്തി നമുക്കു കിട്ടും. നമ്മളൊക്കെ ഇപ്പോള്‍ അനുസരണയുള്ള ഒരു യന്ത്രംപോലെ ആയിരിക്കുന്നു. അതല്ല വേണ്ടതു്; വിവേകവും ഉണര്‍വ്വുമുള്ള മനുഷ്യനായി തീരണം.

മക്കളേ, പുറത്തു പൂര്‍ണ്ണത തേടിയാല്‍ എന്നും നിരാശയായിരിക്കും ഫലം. മനസ്സിൻ്റെ വിദ്യയാണു് യഥാര്‍ത്ഥവിദ്യ.

എന്താണു മനുഷ്യരെല്ലാം തേടുന്നതു്? ശാന്തിയും സന്തോഷവും അല്ലേ? ഒരിറ്റു ശാന്തിക്കു വേണ്ടി മനുഷ്യന്‍ പരക്കം പായുകയാണു്. പക്ഷേ ഭൂമുഖത്തു നിന്നു ശാന്തിയും സമാധാനവും അപ്രത്യക്ഷമായിരിക്കുന്നു. പുറം ലോകം സ്വര്‍ഗ്ഗമാക്കാന്‍ നമ്മള്‍ പാടുപെടുകയാണു്. എന്നാല്‍ നമ്മുടെ ആന്തരിക ലോകം നരകതുല്യമായി തീര്‍ന്നിരിക്കുന്നതു നാമറിയുന്നില്ല.

ഇന്നത്തെ ലോകത്തില്‍ സുഖഭോഗ വസ്തുക്കള്‍ക്കു് ഒരു ക്ഷാമവുമില്ല. എയര്‍ കണ്ടീഷന്‍ഡു് മുറികളും എയര്‍ കണ്ടീഷന്‍ഡു് കാറുകളും എല്ലാം ആവശ്യത്തിലേറെ ഉണ്ടു്. എന്നിട്ടോ, എയര്‍ കണ്ടീഷന്‍ഡ് മുറിയില്‍ താമസിച്ചിട്ടും മനഃസമാധാനമില്ല. അത്തരം മുറികളില്‍ കിടന്നിട്ടും ഉറക്കം കിട്ടാതെ എത്രയോ പേര്‍ ഉറക്ക ഗുളിക കഴിക്കുന്നു. ആഡംബരത്തിൻ്റെ നടുവില്‍ ജീവിച്ചിട്ടും മനഃസംഘര്‍ഷം സഹിക്കാന്‍ കഴിയാതെ എത്രയോ പേര്‍ ആത്മഹത്യ ചെയ്യുന്നു!

സുഖവും സന്തോഷവും ബാഹ്യവസ്തുക്കളിലായിരുന്നെങ്കില്‍ ആഡംബര ജീവിതത്തില്‍ നിന്നു് അവ കിട്ടിയേനേ. എന്നാല്‍ അങ്ങനെയല്ല കണ്ടുവരുന്നതു്. കാറുകളും മുറികളും എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ വ്യഗ്രത കാട്ടുന്നവര്‍ ആദ്യം തങ്ങളുടെ മനസ്സിനെ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ പഠിച്ചിരുന്നെങ്കില്‍!

അതുമാത്രമാണു യഥാര്‍ത്ഥ ആനന്ദത്തിലേക്കുള്ള വഴി. മനസ്സിനെ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ പഠിപ്പിക്കുന്ന വിദ്യയാണു് ആദ്ധ്യാത്മിക വിദ്യ. അതു് മനസ്സിൻ്റെ വിദ്യയാണു്. അതാണു യഥാര്‍ത്ഥവിദ്യ.   

മക്കളേ, ശാന്തിയും സമാധാനവും സന്തോഷവുമെല്ലാം അവനവൻ്റെ മനസ്സിനെ ആശ്രയിച്ചാണ് ഇരിക്കുന്നതു്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയം അതാണു സന്തോഷത്തിൻ്റെ അടിസ്ഥാനം. സ്വര്‍ഗ്ഗവും നരകവും രണ്ടും മനസ്സിൻ്റെതന്നെ സൃഷ്ടികളാണു്.

മനസ്സു്  ശാന്തമാണെങ്കില്‍ ഏറ്റവും വലിയ നരകവും സ്വര്‍ഗ്ഗമായി തീരും. മനസ്സു് അശാന്തമാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ഗ്ഗവും നരകതുല്യമായി തോന്നും. ലോകവൈരുദ്ധ്യങ്ങളുടെ നടുവില്‍ എങ്ങനെ ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു ജീവിതം പടുത്തുയര്‍ത്താന്‍ കഴിയും എന്നു പഠിപ്പിക്കുന്ന ശാസ്ത്രമാണു മതം.