മതം പഠിപ്പിക്കുന്നതു് ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമാണെന്നാണു്. അങ്ങനെയാണെങ്കില്‍ നമുക്കു പ്രകൃതിയോടും സഹജീവികളോടും പ്രേമവും കാരുണ്യവും വേണം. 

”ഈശാവാസ്യമിദം സര്‍വ്വം” എന്നാണു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നതു്. ഈ ഭൂമിയും മരങ്ങളും ചെടികളും മൃഗങ്ങളും എല്ലാം ഈശ്വരസ്വരൂപങ്ങളാണു്. എല്ലാറ്റിലും ഈശ്വരചൈതന്യം നിറഞ്ഞു നില്ക്കുന്നു. നമ്മെ നാം എത്രത്തോളം സ്നേഹിക്കു ന്നുവോ, അതേപോലെ നാം പ്രകൃതിയെയും സ്നേഹിക്കണം. കാരണം മനുഷ്യൻ്റെ നിലനില്പു പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു.

ഒരു മരം മുറിച്ചാല്‍ രണ്ടു തൈ വീതം വച്ചുപിടിപ്പിക്കണം എന്നു പറയാറുണ്ടു്. പക്ഷേ, വലിയൊരു മരം മുറിച്ചുമാറ്റി പകരം രണ്ടു ചെറുതൈകള്‍ വയ്ക്കുന്നതുകൊണ്ടു പ്രകൃതിയുടെ താളലയം തിരിയെക്കിട്ടില്ല. ഒരു ബക്കറ്റിലെ വെള്ളം ശുദ്ധീകരിക്കാന്‍ പത്തുശതമാനം ക്ലോറിന്‍ ചേര്‍ക്കേണ്ടിടത്തു്, പകരം ഒരു ശതമാനം മാത്രം ചേര്‍ത്താല്‍ ഫലം അത്രകണ്ടു കുറയില്ലേ? പത്തു് ഔഷധച്ചെടികള്‍കൊണ്ടു് ഒരു മരുന്നു തയ്യാറാക്കണമെങ്കില്‍ അതിൻ്റെ സ്ഥാനത്തു് എട്ടു ചെടികള്‍ മാത്രം ചേര്‍ത്താല്‍ ഉദ്ദേശിച്ച ഫലമുണ്ടാകില്ല.

മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും സ്വയം രക്ഷിക്കാനുള്ള ശക്തിയില്ല. അവയുടെ രക്ഷ മനുഷ്യനെ ആശ്രയിച്ചിരിക്കുന്നു. അവയെ സംരക്ഷിക്കേണ്ടതു മനുഷ്യൻ്റെ ധര്‍മ്മമാണു്. മരങ്ങളും ചെടികളും പക്ഷി മൃഗാദികളുമെല്ലാം പ്രകൃതിയുടെ താളലയത്തിനു സഹായിക്കുന്നു. നമ്മളിനിയും ഇവയെ നശിപ്പിക്കുകയാണെങ്കില്‍ അതു പ്രകൃതിയെ ദ്രോഹിക്കുകയായിരിക്കും; ലോകത്തെയും നമ്മളെത്തന്നെയും ദ്രോഹിക്കുകയായിരിക്കും.

അമ്മ ഓര്‍ക്കുകയാണു്; കുട്ടിക്കാലത്തു വസൂരി കുത്തിവച്ചതിൻ്റെ മുറിവുണങ്ങുവാന്‍ ചാണകം നേരിട്ടു മുറിപ്പാടില്‍ പുരട്ടുമായിരുന്നു. എന്നാല്‍ ഇന്നു അങ്ങനെ ചെയ്താല്‍ മുറിവു പഴുക്കും. കാരണം, മനുഷ്യന്‍ വരുത്തിവച്ച അന്തരീക്ഷമലീനീകരണം കൊണ്ടു ചാണകംപോലും വിഷമയമായിരിക്കുന്നു. മനുഷ്യൻ്റെ രോഗപ്രതിരോഗശക്തിയും വളരെയേറെ നഷ്ടപ്പെട്ടിരിക്കുന്നു.

മുന്‍പു്, നൂറു വര്‍ഷവും അതിലധികവും ആയിരുന്നു മനുഷ്യൻ്റെ ആയുസ്സു്. ഇപ്പോള്‍ അതു വളരെക്കുറഞ്ഞു. കാലം ചെല്ലുംന്തോറും പിന്നെയും കുറഞ്ഞുവരുന്നു. ഉള്ള ആയുസ്സുകൂടി അനാരോഗ്യം കൊണ്ടും രോഗംകൊണ്ടും കഷ്ടപ്പെടുന്നു. മനുഷ്യന്‍ പ്രകൃതിനിയമങ്ങള്‍ ലംഘിച്ചു ജീവിക്കുന്നതു കാരണം പ്രകൃതിയുടെ താളലയം നഷ്ടമായിരിക്കുന്നു. അതിനാലുണ്ടാകുന്ന മാറാരോഗങ്ങള്‍ ഇന്നു പരക്കെ കണ്ടുവരുന്നു. 

ഫാക്റ്ററികളില്‍നിന്നു് ഉയരുന്ന പുക നമ്മുടെ അന്തരീക്ഷത്തെ എത്രകണ്ടു മലിനമാക്കിക്കഴി ഞ്ഞു? ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്നല്ല അമ്മ പറയുന്നതു്. അവയില്‍നിന്നു കിട്ടുന്ന വരുമാനത്തി ന്റെ ഒരംശമെങ്കിലും പ്രകൃതിസംരക്ഷണത്തിനും പരിസരശുചീകരണത്തിനും ചെലവാക്കുവാന്‍ നമ്മള്‍തയ്യാറാകണം എന്നു മാത്രം.

മറ്റുള്ളവരുടെ ദുഃഖങ്ങള്‍ അറിഞ്ഞു് അവരുടെ ഹൃദയം പങ്കിടുന്ന ഒരു മനോഭാവമാണു നമുക്കുണ്ടാകേണ്ടതു്. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുകയാണു്.

ഒരു കടയുടെ മുന്നില്‍ ‘പട്ടിക്കുട്ടികളെ വില്ക്കുവാനുണ്ടു്’ എന്ന ബോര്‍ഡു കണ്ടു് ഒരു കുട്ടി അവിടേക്കു കയറിച്ചെന്നു. ഒരു പട്ടിക്കുഞ്ഞിനെ വാങ്ങണമെന്നു് അവനു് അതിയായ ആഗ്രഹം. വില ചോദിച്ചപ്പോള്‍ രണ്ടായിരം മുതല്‍ അയ്യായിരം വരെ വിലവരും എന്നു കടയുടമ പറഞ്ഞു, ”എൻ്റെ അടുത്തു് അത്രയും പൈസയില്ല. എന്തായാലും അവയെ ഒന്നു കാണുവാന്‍ സാധിക്കുമോ?” കുട്ടി ചോദിച്ചു, കുട്ടിയുടെ ആഗ്രഹം നിസ്സാരമായി തള്ളിക്കളയാന്‍ കഴിയാതെ കടയുടമ ഒരു വിസിലടിച്ചു.

ഒരു തള്ളപ്പട്ടിയും കുറെ പട്ടിക്കുഞ്ഞുങ്ങളും കടയുടെ ഉള്ളില്‍നിന്നു പുറത്തേക്കു വന്നു. പട്ടിക്കുഞ്ഞുങ്ങളെ കൗതുകത്തോടെ നോക്കിനിന്ന കുട്ടി ഏറ്റവും പിന്നിലായി ഞൊണ്ടി ഞൊണ്ടി വരുന്ന ഒരു പട്ടിക്കുഞ്ഞിനെ കണ്ടിട്ടു ചോദിച്ചു, ”അയ്യോ! അതിനെന്തുപറ്റി?” ”ജനിച്ചപ്പോഴേ അതിൻ്റെ ഒരു കാലിനു മുടന്തുണ്ടു്. വ്യത്യാസമുണ്ടാകില്ല എന്നാണു ഡോക്ടര്‍ പറഞ്ഞതു്” കടയുടമ പറഞ്ഞു.

ഞൊണ്ടി ഞൊണ്ടി വരുന്ന ആ പട്ടിക്കുഞ്ഞിനെ ദയനീയമായി നോക്കിക്കൊണ്ടു കുട്ടി ചോദിച്ചു, ”അതിനെ എനിക്കു വിലയ്ക്കു തരുമോ? പക്ഷേ മുഴുവന്‍ കാശും ഒന്നായി തരുവാന്‍ എനിക്കിപ്പോള്‍ ആവില്ല. കുറച്ചു പണം ഇപ്പോള്‍ തരാം. ബാക്കി മാസാമാസം തവണയായി അടച്ചു കൊള്ളാം.” ആശ്ചര്യത്തോടെ കുട്ടിയെ നോക്കിക്കൊണ്ടു കടയുടമ ചോദിച്ചു. ”എന്തിനാ കുഞ്ഞേ, നിനക്കീ മുടന്തന്‍ പട്ടിക്കുട്ടിയെ? നിന്നോടൊപ്പം ഓടിച്ചാടി കളിക്കാന്‍ അതിനു കഴിയില്ലല്ലോ. നല്ല മറ്റൊന്നിനെ വാങ്ങിക്കൂടേ?”

പക്ഷേ, കുട്ടി മുടന്തുള്ള പട്ടിക്കുഞ്ഞിനെത്തന്നെ വേണമെന്നു നിര്‍ബ്ബന്ധിച്ചു. അവസാനം കടക്കാരന്‍ പറഞ്ഞു, ”എങ്കില്‍ വില യൊന്നും തരണമെന്നില്ല. ഞാന്‍ നിനക്കതിനെ സൗജന്യമായി തന്നുകൊള്ളാം.” ”മറ്റു പട്ടിക്കുട്ടികള്‍ക്കുള്ള അതേ വില തന്നേ ഞാനതിനെ വാങ്ങൂ” എന്നു കുട്ടിയും വാശിപിടിച്ചു.

ഒരു മുടന്തന്‍ പട്ടിക്കുഞ്ഞിനു വേണ്ടി ഇത്രമാത്രം നിര്‍ബ്ബന്ധം പിടിക്കുന്നതിൻ്റെ കാരണം കടക്കാരന്‍ ചോദിച്ചപ്പോള്‍ കുട്ടി തൻ്റെ ഒരു കാല്‍ മേശപ്പുറത്തു് ഉയര്‍ത്തി വച്ചു ധരിച്ചിരുന്ന പാൻ്റല്പം മുകളിലേക്കുയര്‍ത്തി തൻ്റെ കൃത്രിമക്കാല്‍ കാണിച്ചുകൊണ്ടു പറഞ്ഞു, ”ഇതാ ഇതു കണ്ടില്ലേ എനിക്കും ഒരു കാലില്ല. അതുകൊണ്ടു് ആ പട്ടിക്കുഞ്ഞിൻ്റെ ഹൃദയം എനിക്കും എൻ്റെ ഹൃദയം അതിനും പങ്കിടാന്‍ സാധിക്കും. എൻ്റെ വേദന അതിനും അതിൻ്റെ വേദന എനിക്കും അറിയാന്‍ കഴിയും.”

അമ്മ ഇതു പറഞ്ഞെങ്കിലും മറ്റുള്ളവരുടെ വേദന മനസ്സിലാക്കാന്‍ നമുക്കും അതേ ദുഃഖം വരണമെന്നില്ല. അതില്ലാതെതന്നെ മറ്റുള്ളവരുടെ വേദന നമുക്കറിയാന്‍ കഴിയും. അതിനാല്‍ അവരുടെ ദുഃഖം നമ്മുടെ ദുഃഖമായിക്കാണാനും നമ്മുടെ സുഖം അവരുടെ സുഖമാക്കിത്തീര്‍ക്കാനും മക്കള്‍ ശ്രമിക്കുക. ഈ ഒരു മനോഭാവമാണു നമുക്കുണ്ടാകേണ്ടതും വളര്‍ത്തിയെടുക്കേണ്ടതും. പ്രയാസമാണു് എന്നറിയാം. എന്നാലും മക്കള്‍ ശ്രമിക്കൂ.

എല്ലാറ്റിലും ജീവചൈതന്യത്തെ കാണുക, അനുഭവിക്കുക അതാണു പ്രേമം. പ്രേമം ഹൃദയത്തില്‍ നിറയുമ്പോള്‍ പ്രപഞ്ചത്തില്‍ എങ്ങും ജീവചൈതന്യം തുടിക്കുന്നതു കാണുവാന്‍ കഴിയും.

മതം പറയുന്നു: ‘ജീവചൈതന്യം പ്രേമമാണു്’ എന്നു് അതു അവിടെയുമുണ്ടു്, ഇവിടെയുമുണ്ടു്, എല്ലായിടത്തുമുണ്ടു്. എവിടെ ജീവനുണ്ടോ, ജീവിതമുണ്ടോ അവിടെ പ്രേമമുണ്ടു്. അതുപോലെ പ്രേമമുള്ളിടത്തെല്ലാം ജീവനും ജീവിതവുമുണ്ടു്.  ജീവനും പ്രേമവും രണ്ടല്ല; ഒന്നാണു്. പക്ഷേ പരമസത്യത്തെ സാക്ഷാത്കരിക്കുന്നതുവരെ ആ അദ്വൈതഭാവം നമുക്കു് ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല.

സത്യം സാക്ഷാത്കരിക്കുന്നതുവരെ ഹൃദയവും ബുദ്ധിയും തമ്മിലുള്ള ഈ വ്യത്യാസം തുടരും. ബുദ്ധി മാത്രം പോരാ, പ്രേമവും കാരുണ്യവും വിശ്വാസവും നിറഞ്ഞ ഒരു ഹൃദയവും കൂടിയുണ്ടെങ്കിലേ നമ്മുടെ ജീവിതം പൂര്‍ണ്ണമാകൂ. ഇതു പഠിപ്പിക്കുകയാണു മതത്തിൻ്റെയും മതാനുഷ്ഠാനങ്ങളുടെയും ഉദ്ദേശ്യം. ഇതു ബുദ്ധിയുടെയും യുക്തിയുടെയും കാലമാണു്.  ശാസ്ത്ര യുഗമാണു്. നമ്മുടെ ഹൃദയത്തെ നാം മറന്നിരിക്കുന്നു. ഹൃദയത്തിൻ്റെ ഭാവങ്ങള്‍ മറന്നിരിക്കുന്നു.

‘ഞാന്‍ സ്നേഹത്തില്‍ വീണുപോയി’ എന്നു നാം സാധാരണ പറയാറുണ്ടു്. അതേ, നാമെല്ലാം സ്വാര്‍ത്ഥതയുടെയും ഭൗതികതയുടെയും സ്നേഹത്തില്‍ വീണുപോയി. പ്രേമത്തില്‍ ഉണര്‍ന്നുയരാന്‍ നമുക്കു കഴിയുന്നില്ല. വീഴണമെങ്കില്‍ അതു ബുദ്ധിയില്‍നിന്നു ഹൃദയത്തിലേക്കാകട്ടെ. പ്രേമത്തില്‍ ഉണര്‍ന്നെഴുന്നേല്ക്കലാണു മതം.

ഒരാളുടെ ഭാര്യ മരിച്ചു. ഭാര്യയുടെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുവാനായി ഭര്‍ത്താവു് ഒരു പുരോഹിതനെ വിളിച്ചു കൊണ്ടുവന്നു.

അദ്ദേഹം ക്രിയകള്‍ നടത്തുന്നതിനിടയില്‍ ഈ മന്ത്രം ചൊല്ലി ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’. ഭര്‍ത്താവിനു് അദ്ദേഹം എന്താണു ചൊല്ലിയതെന്നു മനസ്സിലായില്ല. അദ്ദേഹം തൻ്റെ സംശയം പുരോഹിതനോടു തന്നെ ചോദിച്ചു, ”നിങ്ങള്‍ ചൊല്ലിയ മന്ത്രത്തിൻ്റെ അര്‍ത്ഥമെന്താണു്?” ‘ഈ ലോകത്തില്‍ എല്ലാവര്‍ക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ, എല്ലാവര്‍ക്കും ഐശ്വര്യവും സമാധാനവും ഉണ്ടാകട്ടെ’ പുരോഹിതന്‍ വിശദീകരിച്ചു കൊടുത്തു.

മന്ത്രത്തിൻ്റെ അര്‍ത്ഥം മനസ്സിലാക്കിയപ്പോള്‍, അയാള്‍ പുരോഹിതനോടു ചോദിച്ചു, ”എൻ്റെ ഭാര്യയുടെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനാണല്ലോ ഞാന്‍ നിങ്ങളെ വിളിച്ചു വരുത്തിയതു്. പക്ഷേ, നിങ്ങള്‍ ചൊല്ലിയ മന്ത്രത്തില്‍, എൻ്റെ ഭാര്യയുടെ പേരോ അവളുടെ ആത്മാവിനെക്കുറിച്ചോ ഒന്നും സൂചിപ്പിച്ചിട്ടില്ലല്ലോ.”

”ഇങ്ങനെ പ്രാര്‍ത്ഥിക്കുവാനാണു് എൻ്റെ ഗുരു എന്നെ പഠിപ്പിച്ചിട്ടുള്ളതു്. യഥാര്‍ത്ഥത്തില്‍ ലോകത്തിനു മുഴുവന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴാണു നിങ്ങളുടെ ഭാര്യയുടെ ആത്മാവിനു ശരിയായ ശാന്തിയും ഉദ്ധാരണവും ഉണ്ടാവുന്നതു്. ഇങ്ങനെയല്ലാതെ പ്രാര്‍ത്ഥിക്കുവാന്‍ എനിക്കറിയില്ല” എന്നു പുരോഹിതന്‍ മറുപടി പറഞ്ഞു.

നിവൃത്തിയില്ലാതെ അവസാനം, ഭര്‍ത്താവു പുരോഹിതനോടു പറഞ്ഞു, ”എങ്കില്‍, കുറഞ്ഞപക്ഷം എൻ്റെ വടക്കേ വീട്ടുകാരെയെങ്കിലും അതില്‍ നിന്നും ഒഴിവാക്കി കൂടേ? അവര്‍ക്കു ഞങ്ങളോടു വലിയ ശത്രുതയാണു്. അവര്‍ക്കൊഴികെ ബാക്കിയാര്‍ക്കു വേണ്ടി വേണമെങ്കിലും പ്രാര്‍ത്ഥിച്ചു കൊള്ളൂ.”

മക്കളേ, ഈ രീതിയിലാണു് ഇന്നു നമ്മുടെ മനോഭാവം പൊയ്‌ക്കൊണ്ടിരിക്കുന്നതു്. ഇതല്ല നമ്മള്‍ വളര്‍ത്തേണ്ടതു്. ഇതു മാറണം, മാറ്റിയെടുക്കണം. മന്ത്രങ്ങള്‍ നാവുകൊണ്ടു് ഉച്ചരിക്കുവാന്‍ വേണ്ടി മാത്രമുള്ളതല്ല. അതു ജീവിതത്തില്‍ പകര്‍ത്തേണ്ട തത്ത്വമാണു്. അപ്പോള്‍ മാത്രമേ, നമ്മുടെ പൂര്‍വ്വികരുടെ സങ്കല്പം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. നമ്മുടെ പ്രാര്‍ത്ഥനയ്ക്കു പൂര്‍ണ്ണഫലം ലഭിക്കുകയുള്ളൂ.

യഥാര്‍ത്ഥ പ്രേമം ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല. കിട്ടുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതേയില്ല. അതു നദി ഒഴുകുന്നതുപോലെയാണു്.

ആരോഗ്യവാനാകട്ടെ, രോഗിയാവട്ടെ, ആണാവട്ടെ, പെണ്ണാവട്ടെ, ധനികനാവട്ടെ, ദരിദ്രനാകട്ടെ നദിയില്‍ കുളിക്കാം. ഈ ദിവ്യപ്രേമമാകുന്ന നദിയില്‍ നിന്നു ആര്‍ക്കു വേണമെങ്കിലും ദാഹം ശമിക്കുവോളം കുടിക്കാം.  എത്ര വേണമെങ്കിലും മുങ്ങിക്കുളിക്കാം.

നല്ലവനെന്നോ ചീത്തവനെന്നോ നദിക്കു വ്യത്യാസമില്ല. ആരെങ്കിലും കുളിച്ചില്ലെങ്കിലും നദിക്കു വിരോധമില്ല. ആരു നിന്ദിച്ചാലും അതൊന്നും കാര്യമാക്കുന്നില്ല. പുകഴ്ത്തിയതു കൊണ്ടു് പ്രത്യേകിച്ചു സന്തോഷവുമില്ല. എന്തെന്നാല്‍ എല്ലാവരെയും തഴുകിത്തലോടി അഴുക്കുകള്‍ സ്വയം ഏറ്റെടുത്തു ശുദ്ധീകരിച്ചു് ഒഴുകുക എന്നുള്ളതാണു നദിയുടെ തത്ത്വം. പ്രേമനദി ഒഴുകികൊണ്ടേയിരിക്കുന്നു അത്രമാത്രം.

നമ്മില്‍ നിന്നും അഹങ്കാരം, ഭയം, അന്യഥാ ഭാവം ഇവ പോയി മറയുമ്പോള്‍ നമുക്കു ലോകത്തെ നിഷ്‌കളങ്കമായി സ്നേഹിക്കാനല്ലാതെ മറ്റൊന്നിനും സാദ്ധ്യമല്ല. സ്നേഹം ദിവ്യമായ പ്രേമമായി വികസിക്കുമ്പോള്‍ ഹൃദയത്തില്‍ കാരുണ്യം നിറഞ്ഞുകവിയും. പ്രേമത്തിൻ്റെ പൂര്‍ണ്ണതയിലാണു സൗന്ദര്യവും സൗരഭ്യവുമുള്ള കാരുണ്യ പുഷ്പം വിരിയുന്നതു്. പ്രേമം ഹൃദയത്തിൻ്റെ അനുഭൂതിയാണു്, കാരുണ്യം അതിൻ്റെ പ്രകടിതഭാവവും. ദുഃഖിതരോടു നാം കാട്ടുന്ന നിറഞ്ഞ പ്രേമമാണു കാരുണ്യം.

പ്രേമം നിറഞ്ഞു കവിഞ്ഞു് ഓരോ വാക്കിലും നോട്ടത്തിലും പ്രവൃത്തിയിലും പരന്നൊഴുകുമ്പോള്‍ അതിനെ കാരുണ്യം എന്നു വിളിക്കുന്നു. അതാണു മതത്തിൻ്റെ പൂര്‍ണ്ണത, അതാണു മതത്തിൻ്റെ ലക്ഷ്യം. കാരുണ്യവും പ്രേമവും കൊണ്ടു പരിപൂര്‍ണ്ണനായ വ്യക്തി മതത്തിൻ്റെ യഥാര്‍ത്ഥ തത്ത്വം സാക്ഷാത്കരിച്ചവനാണു്.

അങ്ങനെയുള്ളയാള്‍ മറ്റുള്ളവരിലെ തെറ്റുകുറ്റങ്ങളും ദൗര്‍ബ്ബല്യങ്ങളും കാണുന്നില്ല. ആരെയും നല്ലവനെന്നോ കെട്ടവനെന്നോ വേര്‍തിരിക്കുന്നില്ല. കാരുണ്യത്തിനു രണ്ടു രാജ്യങ്ങള്‍ തമ്മിലോ രണ്ടു മതങ്ങള്‍ തമ്മിലോ രണ്ടു വിശ്വാസങ്ങള്‍ തമ്മിലോ വേര്‍തിരിക്കാനാവില്ല. അവിടെ അഹങ്കാരത്തിൻ്റെ ലവലേശമില്ല. അതുകൊണ്ടുതന്നെ ഭയമില്ല, കാമമില്ല, ക്രോധമില്ല. എല്ലാം പൊറുക്കുകയും മറക്കുകയും ചെയ്യുന്നു.

കാരുണ്യം ഇടനാഴിപോലെയാണു്. എല്ലാറ്റിനും അതിലൂടെ കടന്നുപോകാം. എന്നാല്‍ ഒന്നിനും അതില്‍ തങ്ങിനില്ക്കാന്‍ സാദ്ധ്യമല്ല. കാരുണ്യം യഥാര്‍ത്ഥ പ്രേമത്തില്‍ നിന്നു് ഉദിക്കുന്നു. പ്രേമത്തിനു മമതയില്ല. ആ പ്രേമത്തിൻ്റെ പൂര്‍ണ്ണതയിലാണു കാരുണ്യം പ്രകാശിക്കുന്നതു്.