ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യരാശിയെ അതുല്യമായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ചരിത്രപുരുഷനാണ് ശ്രീകൃഷ്ണന്‍. ഭക്തി, സാഹിത്യം, കല രാജ്യതന്ത്രജ്ഞത, തുടങ്ങിയ ജീവിതത്തിൻ്റെ നാനാ മേഖലകളിലും ശ്രീകൃഷണൻ്റെ സാന്നിദ്ധ്യവും സ്വാധീനവും നിറഞ്ഞു നില്‍ക്കുന്നു. ഭഗവാന്‍ അര്‍ജ്ജുനനലൂടെ മനുഷ്യരാശിക്ക് നല്‍കിയ ഭഗവദ്ഗീത സനാതന ധര്‍മ്മത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമാണ്.

മതങ്ങളുടെ അതിര്‍വരമ്പുകള്‍ എല്ലാം അതിക്രമിക്കുന്ന ആദ്ധ്യാത്മശാസ്ത്രം ആണ് അത്. പൂര്‍ണ്ണാവതാരം ആയ ശ്രീകൃഷ്ണന്‍ സാക്ഷാല്‍ ഭഗവാന്‍ തന്നെ ആണെന്ന് ഭാഗവതം പറയുന്നു. അവതാരം എന്നാല്‍ ഇറങ്ങി വരവ് എന്നാണ് അര്‍ത്ഥം. മനുഷ്യ ലോകത്തിലേക്കും, മനുഷ്യ ജീവിതത്തിലേക്കും ഉള്ള ഇറങ്ങിവരവ് ആണ് അത്.

ഭഗവാന്‍ പൂര്‍ണ്ണാവതാരം ആണ് എപ്പോഴും തന്നില്‍ തന്നെയാണ്. പൂര്‍ണ്ണത എപ്പോഴും ഉണ്ട്. ഇറക്കലും കേറ്റലും ഇല്ല. പക്ഷെ ഒരു പോലീസുകാരന്‍ കള്ളനെ പിടിക്കാന്‍, പോലീസ് വേഷത്തില്‍ ചെന്നാല്‍ പറ്റത്തില്ല. അതിനെക്കാള്‍ കള്ളൻ്റെ വേഷം കെട്ടിയാലെ വേഗം പിടിക്കാന്‍ സാധിക്കൂ. അതു പോലെ അവൻ്റെ തലത്തിലേക്ക് ചെല്ലുക. നടന്‍ ഏത് വേഷം കെട്ടിയാലും ആള് മാറുന്നില്ല. തന്നില്‍ തന്നെ. പൂര്‍ണ്ണതയാണ്. ഇറക്കലും കേറ്റലും ഇല്ല. സാധാരണ സംസാരിക്കുമ്പോള്‍ ഇറങ്ങി വരവ് എന്ന് പറയുകയാണ്.

പന്നിക്കൂട്ടത്തില്‍ ഇറങ്ങി, പന്നിയോടൊത്ത് ജീവിച്ച് അവരെ ഉദ്ധരിക്കുന്നത് പോലെ, മനുഷ്യന്‍ പന്നിയെന്നല്ല. പന്നിമരിച്ച് കഴിഞ്ഞെങ്കിലും അതിൻ്റെ നഖരൊ, മറ്റുള്ളതൊ ഒക്കെ ലോകത്തിന് ഉപകാരമാകും. അങ്ങിനെ പോലും ഉപകാരമല്ല നമ്മുടെ ശരീരം കൊണ്ട്. ഒന്നുകില്‍ അന്തരീക്ഷത്തില്‍ മാലിന്യം വരുത്തിയൊ, അല്ലെങ്കില്‍ മണ്ണില്‍ കുഴിച്ചിടുകയാണെങ്കില്‍ നൂറിരട്ടി കെമിക്കല്‍ ഒഴിച്ചിട്ട്, ഒന്നുകൂടി പ്രകൃതിയെ നശിപ്പിച്ചിട്ട് പോകുകയാണ്. ആരും വിഷമിക്കാന്‍ വേണ്ടി പറയുന്നതല്ല.

പൂച്ചക്ക് ഒരു വിനോദം എലിക്ക് മരണവേദന എന്ന് പറയുന്നത് പോലെയാണ്. പൂച്ചക്ക് വിനോദമാണ്, പക്ഷെ എലിക്ക് മരണവേദന ആണ്. അതു പോലെ ദാനധര്‍മ്മം ചെയ്യാതെ മറ്റുള്ളവരെ പിടിച്ച് പറിച്ചു, നമുക്ക് കിട്ടിയത് പോരാഞ്ഞിട്ടു പിടിച്ച് പറിച്ചു, മറ്റുള്ളവരെ ദു:ഖിപ്പിച്ചും അങ്ങിനെ സന്തോഷിക്കും. അതു കൊണ്ടാണ് അമ്മ അങ്ങിനെ പറയുന്നത്. നമുക്ക് കിട്ടിയിരിക്കുന്ന മനുഷ്യ ജീവിതം നമ്മള്‍ തിന്നും കുടിച്ചും മാത്രം കഴിച്ചു കൂടുകയാണല്ലൊ. അതിനെ ഏതു രീതിയില്‍ നിനക്ക് സമാധാനമായി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്നുള്ളത്, ജീവിച്ചും, മറ്റുള്ളവര്‍ക്ക് ആ തത്ത്വം മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയുമുള്ള വേഷങ്ങളും ആയിരുന്നു എല്ലാം.

ജനനമരണങ്ങള്‍ ഇല്ലാത്ത ഈശ്വരന്‍ മനുഷ്യരൂപത്തില്‍ ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ ഈശ്വര തത്ത്വത്തെ വ്യക്തമായി അറിയുവാനും, ഈശ്വരനുമായി ഹൃദയബന്ധം പുലര്‍ത്തുവാനും ഇത് സഹായിക്കും. കണ്ണു കൊണ്ട് കാണുവാനൊ കാതു കൊണ്ട് കേള്‍ക്കുവാനൊ, കൈ കൊണ്ട് സ്പര്‍ശിക്കാനൊ കഴിയാത്ത ഈശ്വര തത്ത്വത്തെ, കണ്ണ് കൊണ്ട് കാണുവാനും, കാതു കൊണ്ട് കേള്‍ക്കുവാനും, കൈകള്‍ കൊണ്ട് സ്പര്‍ശിക്കുവാനും കഴിയുന്നത് പോലുള്ള അനുഭവമാണത്.

എൻ്റെ ഭക്തന് നാശമില്ലെന്ന് ഭഗവാന്‍ പ്രഖ്യാപിക്കുന്നു, തന്നെ ആശ്രയിക്കുന്ന ഭക്തനെ സദാ സംരക്ഷിക്കുക, എല്ലാ വീഴ്ചയില്‍ നിന്നും അവനെ ഉദ്ധരിക്കുക എന്നത് ഭഗവാൻ്റെ വ്രതമാണ്. ഭക്തൻ്റെ മനസ്സില്‍ അഹന്ത സ്വാര്‍ത്ഥത തുടങ്ങിയ ദുര്‍ഗുണങ്ങള്‍ തല പൊക്കിയാല്‍ സാഹചര്യങ്ങളിലൂടെ അവയെ ഭഗവാന്‍ ഇല്ലാതാക്കും. ഇതിനുള്ള എത്രയെങ്കിലും ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും നമുക്ക് കാണാം.

ഭക്തി മാര്‍ഗ്ഗത്തിലൊ, കര്‍മ്മ മാര്‍ഗ്ഗത്തിലൊ ജ്ഞാനമാര്‍ഗ്ഗത്തിലൊ സഞ്ചരിക്കുന്നവര്‍ക്ക് ഭഗവാൻ്റെ ജീവിതം തന്നെ ഒരു പൂര്‍ണ്ണ ശാസ്ത്രം ആണ്. അതില്‍ എല്ലാവര്‍ക്കും പഠിക്കാനും ഗ്രഹിക്കാനുമുള്ള പാഠങ്ങള്‍ ഈ ലോകവും പ്രകൃതിയും ഈശ്വരൻ്റെ പ്രത്യക്ഷ രൂപങ്ങള്‍ ആണ്. ഈശ്വരന്‍ തന്നെയാണ്. ജീവിതം ഈശ്വരൻ്റെ പ്രസാദം ആണ്.ഈശ്വരന് നിവേദിച്ച പ്രസാദം കിട്ടിയാല്‍ നമ്മള്‍ എന്താണ് ചെയ്യുക? അത് കഴിക്കും.

ഉറിയടി

അതു പോലെ ജീവിതം ആകുന്ന മഹാപ്രസാദം, തത്ത്വം വേണ്ടവിധം ഉള്‍ക്കൊണ്ട് നമ്മള്‍ അതിനെ സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും വേണം. ഇതാണ് ശ്രീകൃഷ്ണന്‍ ലോകത്തെ പഠിപ്പിച്ചത്. മഹാത്മാക്കളെ പുകഴ്ത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരുണ്ട്. രണ്ടും അവര്‍ക്ക് തുല്യമാണ്. രണ്ടും ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്യുന്നവരാണ് അവര്‍. അവരുടെ ജീവിതം ഹൃദയം കൊണ്ട് തൊട്ടറിയാന്‍ കഴിയണം. ആത്മദര്‍ശികളായ അവരെ സ്വന്തം ആത്മാവിനെ കൊണ്ട് തന്നെ അനുഭവിക്കണം. ആദ്ധ്യാത്മവും സമഭാവനയും ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം

കൃഷ്ണപ്രേമം മക്കളുടെ ഹൃദയങ്ങളില്‍ നറുനിലാവായി പരന്നൊഴുകട്ടെ. ആ ഉണ്ണിക്കണ്ണന്‍ എന്നെന്നും ഉള്ളില്‍ വിളയാടട്ടെ, ആ തത്ത്വം ഗ്രഹിച്ച് ജീവിക്കാന്‍ മക്കള്‍ക്ക് പ്രചോദനം ഉണ്ടാകട്ടെ, ശക്തീ ഉണ്ടാകട്ടെ, അങ്ങിനെ ശാന്തിയും സമാധാനവും നുകര്‍ന്ന് മുന്നോട്ട് പോകാന്‍ പരമാത്മാവിൻ്റെ കൃപ മക്കളെയെല്ലാം അനുഗ്രഹിക്കട്ടെ.

ആന്‍ ഡ്രിസ്‌കോള്‍, യു.എസ്.എ.

അതൊരു വെള്ളിയാഴ്ചയായിരുന്നു. 2000 ജൂലായ് 14. സമയം വൈകുന്നേരം 5:45 ആയിക്കാണും. ജോലിയെല്ലാമൊതുക്കി അവധിദിവസങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴാണു് ആ ഫോണ്‍ സന്ദേശം വന്നതു്. ഞാന്‍ ജോലി ചെയ്യുന്ന ‘പീപ്പിള്‍ മാഗസീനി’ലെ ചീഫു് ആണു വിളിച്ചതു്. അടുത്ത തിങ്കളാഴ്ച ബോസ്റ്റണില്‍ വരുന്ന ഒരു സ്ത്രീയെക്കുറിച്ചു് ഒരു ഫീച്ചര്‍ തയ്യാറാക്കാമോ എന്നാണു ചോദിക്കുന്നതു്; ദിവസം മുഴുവന്‍ വിശ്രമമില്ലാതെ മുന്നിലെത്തുന്നവരെയെല്ലാം ആലിംഗനം ചെയ്യുന്ന ഒരു സ്ത്രീ!

അമ്മ ബോസ്റ്റണിൽ

ഞാന്‍ ഉടന്‍ സമ്മതിച്ചു. അതൊരു ബുദ്ധിമുട്ടുള്ള കാര്യമാകാന്‍ വഴിയില്ല. അവരേതോ ഒരു മനോരോഗവിദഗ്ദ്ധയാകാനാണു സാദ്ധ്യത. ആലിംഗനം അവരുടെയൊരു ചികിത്സാരീതി ആയിരിക്കണം. ഈ സ്ത്രീയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കെ മാഗസിനില്‍നിന്നു് ഒരു വിവരം കൂടി കിട്ടി, അവരുടെ പേരു് ‘അമ്മ’യെന്നാണു്.

അവരുടെ പേരു് അമ്മയെന്നു മാത്രമാണോ? ബോസ്റ്റണില്‍ അവര്‍ എവിടെയാണു വരുന്നതു്? അവരുമായിട്ടെങ്ങനെയാണു ബന്ധപ്പെടേണ്ടതു്…? ഒരു വിവരവുമില്ല. ഓഫീസില്‍ വിളിച്ചു് അന്വേഷിക്കാമെന്നുവച്ചാല്‍ അവിടെ ആരുമില്ല. ചുരുക്കത്തില്‍ എനിക്കറിയാവുന്നതു് ഇത്ര മാത്രം; അടുത്ത തിങ്കളാഴ്ച ബോസ്റ്റണിലെവിടെയോ കാണുന്നവരെയെല്ലാം ആലിംഗനം ചെയ്യു ന്ന ഒരു സ്ത്രീ വരും.

അവരെക്കുറിച്ചു ഞാനൊരു ഫീച്ചര്‍ തയ്യാറാക്കണം. പക്ഷേ, ഈ വിവരം മാത്രം വച്ചു് എങ്ങനെയാണു ഞാനതു ചെയ്യുക?വെബ്‌സൈറ്റില്‍ ‘അമ്മ’യെക്കുറിച്ചു് എന്തെങ്കിലും കിട്ടുമോ എന്നു് അന്വേഷിച്ചപ്പോള്‍ എനിക്കു് അമ്മയുടെ സൈറ്റ് കിട്ടി. അങ്ങനെയാണു ഞാന്‍ മനസ്സിലാക്കിയതു് ,അമ്മ ഒരു സൈക്കോളജിസ്റ്റല്ല! അവര്‍ ഒരു സാധാരണ സ്ത്രീ പോലുമല്ല.

ഭാരതത്തില്‍ അവരെ ഒരു മഹാത്മാവായാണു പലരും കാണുന്നതു്. ഒരു സാധാരണ മനുഷ്യനു ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണു് അവര്‍ ചെയ്യുന്നതു്. ദിവസവും അന്‍പതിനായിരം പേര്‍ക്കെങ്കിലും അവര്‍ ആഹാരം കൊടുക്കുന്നുണ്ടു്. സ്‌കൂളുകളും ഹോസ്പിറ്റലുകളും അനാഥാലയങ്ങളും പണിതിട്ടുണ്ടു്. അനേകം പേര്‍ക്കു് അഭയം കൊടുത്തിട്ടുണ്ടു്.

കേള്‍ക്കുന്നവര്‍ക്കു മനസ്സിലാകാത്തതോ വിരസമോ ആയ തത്ത്വങ്ങളൊന്നും അമ്മ പറയുന്നില്ല. മറ്റുള്ളവര്‍ക്കു്, ലോകത്തിനു നന്മ ചെയ്യണമെന്നു മാത്രമാണു് അമ്മ പറയുന്നതു്. ലോകം മുഴുവന്‍ സ്നേഹത്തിൻ്റെ സന്ദേശം പരത്തി, കാണുന്നവരെയൊക്കെ കാരുണ്യ പൂര്‍വ്വം തന്നിലേക്കണച്ചുകൊണ്ടു് അമ്മ സഞ്ചരിക്കുന്നു.

അവസാനമായി ഒരു കാര്യം കൂടി ഞാന്‍ കണ്ടുപിടിച്ചു. അമ്മ ബോസ്റ്റണില്‍ വരുന്നേയില്ല! ബോസ്റ്റണില്‍നിന്നും 20 മൈല്‍ വടക്കുള്ള ഒരു പട്ടണത്തിലാണു് അമ്മ വരുന്നതു്. അവിടെയുള്ള ഒരു ഹോട്ടലിലാണു് അമ്മയുടെ പ്രോഗ്രാം. ഞാന്‍ ആ ഹോട്ടലില്‍ വിളിച്ചു ചോദിച്ചു. അവിടെ അമ്മ എന്ന പേരില്‍ ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്താണു ഞാന്‍ അന്വേഷിക്കുന്നതെന്നു് അവര്‍ ക്കു് ഒരു പിടിയും കിട്ടുന്നില്ല.

അമ്മയുടെ വെബ്‌സൈറ്റിലുള്ള അഡ്രസ്സില്‍ ഇമെയിലിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഒരു മറുപടിയുമില്ല. ശനിയാഴ്ച കഴിഞ്ഞു, ഞായറാഴ്ചയായി. ഞാന്‍ വെപ്രാളപ്പെടാന്‍ തുടങ്ങി. തിങ്കളാഴ്ച രാവിലെ ഒരു ഫോട്ടോഗ്രാഫറുമായി അമ്മയുടെ പ്രോഗ്രാം സ്ഥലത്തു് എത്തേണ്ടതാണ്. എന്നാല്‍ ഞായറാഴ്ചയായിട്ടു പോലും അമ്മയുടെ സംഘടനയിലെ ആരുമായും ബന്ധപ്പെടാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഞാനെന്തു ചെയ്യും?

അവസാനം ഞാനൊരു തീരുമാനമെടുത്തു. ആ ഹോട്ടലില്‍ നേരിട്ടു ചെല്ലുക, അമ്മയുടെ ആളുകളെ ആരെയെങ്കിലും കാണാന്‍ പറ്റുമോയെന്നു നോക്കുക. അങ്ങനെ ഞായറാഴ്ച രാത്രി 7:30 ആയപ്പോള്‍ ഞാന്‍ ഹോട്ടലില്‍ എത്തി. ഹോട്ടല്‍ ലോബിയിലെത്തിയപ്പോള്‍ എനിക്കു സമാധാനമായി. അവിടെയതാ വെള്ള സാരിയുടുത്ത രണ്ടുപേര്‍. അവര്‍ അമ്മയുടെ ആളുകളായിരിക്കുമെന്നുള്ള എൻ്റെ ഊഹം തെറ്റിയില്ല.

സ്വയം പരിചയപ്പെടു ത്തിയതിനു ശേഷം ഞാന്‍ അവരെക്കുറിച്ചു് അന്വേഷിച്ചു. അവരില്‍ ഒരാള്‍ ഇരുപതു വര്‍ഷമായി അമ്മയുടെ കൂടെയുണ്ടു്, മറ്റെയാള്‍ അഞ്ചു വര്‍ഷവും. അവരില്‍ നിന്നും അമ്മയെപ്പറ്റി കൂടുതല്‍ ഞാന്‍ ചോദിച്ചറിഞ്ഞു; കുട്ടിക്കാലത്തു് അമ്മ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും മറ്റുള്ളവരോടു കാണിച്ചിരുന്ന കാരുണ്യത്തെക്കുറിച്ചും അമ്മയുടെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ അങ്ങനെ ഞാന്‍ മനസ്സിലാക്കി.

ഞാന്‍ തിരിച്ചു പോരുമ്പോള്‍ എൻ്റെ കൈയില്‍ മുന്നൂറു പേജുള്ള അമ്മയുടെ ജീവചരിത്രവും രണ്ടു വിഡിയോകളുമുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ രാത്രി പതിനൊന്നു മണി. എനിക്കുറക്കം വന്നതേയില്ല. പരീക്ഷയ്ക്കു പഠിക്കുന്ന ഒരു കോളേജു വിദ്യാര്‍ത്ഥിനിയുടെ മനോഭാവമായിരുന്നു എനിക്കു്. ഒരു രാത്രികൊണ്ടു കൈയിലുള്ള വിഡിയോകളും പുസ്തകവുമുപയോഗിച്ചു അമ്മയെക്കുറിച്ചെല്ലാം മനസ്സിലാക്കണം.

സമയം കളഞ്ഞില്ല, വിഡിയോ കണ്ടുകൊണ്ടു് ഞാന്‍ അമ്മയുടെ ജീവചരിത്രം വായിക്കാന്‍ തുടങ്ങി. ഇതു രണ്ടും കൂടി ഒന്നിച്ചു ചെയ്യുന്നതു ശരിയല്ല എന്നെനിക്കു് അറിയാമായിരുന്നു. പക്ഷേ, എന്തുചെയ്യാം ഒരേ സമയത്തു പല കാര്യങ്ങള്‍ ചെയ്യുക, എന്നിട്ടു ചെയ്യുന്നതിലൊന്നും പൂര്‍ണ്ണത ഇല്ലാതാകുക, ഇതു് എൻ്റെ സ്വഭാവമായിത്തീര്‍ന്നിരുന്നു.

ടിവിയില്‍ സീരിയല്‍ കാണുന്ന സമയത്തുതന്നെ ഞാന്‍ ന്യൂസ് പേപ്പര്‍ വായിക്കും, അപ്പോള്‍ തന്നെ ചാനല്‍ മാറ്റി ന്യൂസ്‌പ്രോഗ്രാം കാണും. അതുകൊണ്ടു്, കാണുന്നതും വായിക്കുന്നതുമൊന്നും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പറ്റാറില്ല. എന്നാല്‍ ഇന്നു് എനിക്കു് അങ്ങനെ ചെയ്യാതെ നിവൃത്തിയില്ലായിരുന്നു. പിറ്റേദിവസം അമ്മയെ ഇൻ്റർവ്യൂ ചെയ്യേണ്ടതാണല്ലോ.

പിറ്റേദിവസം നേരത്തെ ഞാന്‍ ഹോട്ടലില്‍ എത്തി. അവിടത്തെ കാഴ്ച കണ്ടു ഞാന്‍ അദ്ഭുതപ്പെട്ടു പോയി. ആ സമയത്തു് അവിടെ ഒരു രണ്ടായിരം പേരെങ്കിലും കൂടിയിട്ടുണ്ടാകും, അമ്മയെ സ്വീകരിക്കാന്‍.

അമ്മയെ ഇൻ്റർവ്യൂ ചെയ്യാനുള്ള ഒരവസരം ഒരുക്കിത്തരാമോ എന്നു് അവിടെയുള്ള ഒരു സ്വാമിജിയോടു ഞാന്‍ അപേക്ഷിച്ചു. അമ്മ ഇംഗ്ലീഷു് സംസാരിക്കില്ല. അതുകൊണ്ടു് അമ്മയോടുള്ള ചോദ്യങ്ങള്‍ എഴുതി കൊടുത്താല്‍ അതു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു് അമ്മയോടു ചോദിക്കാമെന്നു സ്വാമിജി സമ്മതിച്ചു. അതൊരു വലിയ ഉപകാരമായി എനിക്കു തോന്നി.

എന്നാല്‍ എൻ്റെ പ്രശ്‌നങ്ങള്‍ തീര്‍ന്നിരുന്നില്ല. ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങിയപ്പോഴാണു ഞാന്‍ ചിന്തിച്ചതു്. അമ്മയോടു് എന്താണു ചോദിക്കുക? ഈശ്വരനെ എങ്ങനെയാണു് ഇൻ്റര്‍വ്യൂ ചെയ്യുക? എങ്ങനെയൊക്കെയോ ഞാന്‍ കുറച്ചു ചോദ്യങ്ങള്‍ തയ്യാറാക്കി സ്വാമിജിയെ ഏല്പിച്ചു.

അമ്മ ദര്‍ശനം കൊടുത്തു കൊണ്ടിരിക്കയാണു്. സ്വാമിജിയും ഞാനും അമ്മയുടെ ഇരിപ്പിടത്തിനു വലതു വശത്തു മുട്ടുകുത്തി ഇരുന്നു. സ്വാമിജി ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചു; അമ്മയുടെ മറുപടി ഉടന്‍തന്നെ വിവര്‍ത്തനം ചെയ്തു് എന്നോടു പറയുകയും ചെയ്തു. എൻ്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്ന സമയത്തും അമ്മ ദര്‍ശനം കൊടുത്തുകൊണ്ടിരിക്കയാണു്.

എൻ്റെ അവസാനത്തെ ചോദ്യം ഇതായിരുന്നു, ”ലോകം എങ്ങനെയാകണമെന്നാണു് അമ്മ ആഗ്രഹിക്കുന്നതു്?”

ഉടന്‍ വന്നു ഉത്തരം. ”ലോകത്തില്‍ എല്ലാവരും ജാഗ്രതയുള്ളവരായിരിക്കണം, ഈ നിമിഷത്തില്‍ ജീവിക്കുന്നവരായിരിക്കണം. ഒരു പാലം പണിയണമെങ്കില്‍ ആദ്യം ബ്ലൂപ്രിൻ്റ് വരയ്ക്കും. അപ്പോള്‍ വരയ്ക്കുന്നതു ശ്രദ്ധിക്കണം. അതിനുശേഷം പാലം പണിയുമ്പോള്‍ പണി ശ്രദ്ധിക്കണം.” അമ്മ ഒരു നിമിഷം ദര്‍ശനം നിര്‍ത്തി, എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടു തുടര്‍ന്നു, ”എന്തെങ്കിലും വായിക്കുന്ന സമയത്തു ടെലിവിഷന്‍ കാണുന്നതു ശരിയല്ല.”

എനിക്കു നെഞ്ചിലൊരു കുത്തേറ്റതുപോലെ തോന്നി. അമ്മയ്ക്കു് എന്നെക്കുറിച്ചു് എല്ലാം അറിയാമെന്നോ! ഒരേ സമയം ചിരിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും ഞാന്‍ താഴേക്കിരുന്നുപോയി. കുറച്ചു സമയത്തേക്കു് എനിക്കു മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അമ്മ ഇടയ്ക്കിടയ്ക്കു് എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. എൻ്റെ വിസ്മയം ഒന്നടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ വേച്ചു കൊണ്ടെണീറ്റു, പിറുപിറുത്തു കൊണ്ടു് അമ്മയോടു നന്ദി പറഞ്ഞു, അവിടെനിന്നും ഒഴിഞ്ഞു മാറിപ്പോയി.

അമ്മയെക്കുറിച്ചു കൂടുതല്‍ അറിയണം എന്നെനിക്കു തോന്നി. മറ്റുള്ളവരുടെ അനുഭവം അറിയാനായി കുറച്ചുപേരെക്കൂടി ഞാന്‍ ഇൻ്റര്‍വ്യൂ ചെയ്തു. വളരെ അദ്ഭുതകരമായ കഥകളാണു ഞാന്‍ കേട്ടതു്, എന്നാല്‍ അവിശ്വസിക്കേണ്ടതായി ഒന്നുമില്ല താനും.

വളരെ കാലമായി ഞാനൊരു റിപ്പോര്‍ട്ടറായി ജോലി നോക്കുന്നു. അനേകം പേരെ ഇൻ്റര്‍വ്യൂ ചെയ്തിട്ടുമുണ്ടു്. എന്നാല്‍ ഇതു പോലെ, ഇത്രയും വിശിഷ്ടമായ ഒരനുഭവം ആദ്യമായിട്ടാണു്. നേരിട്ടൊരനുഭവം ലഭിച്ചില്ലായിരുന്നെങ്കില്‍ അമ്മയെപ്പോലൊരു മഹാത്മാവിനെ ഞാനും സംശയിച്ചുപോയേനെ.

അടുത്ത വര്‍ഷവും അമ്മ അതേ പട്ടണത്തില്‍ അതേ ഹോട്ടലില്‍ വന്നു. അപ്പോഴും ഞാനവിടെയുണ്ടായിരുന്നു. ഇത്തവണ റിപ്പോര്‍ട്ടറായിട്ടല്ല, അമ്മയുടെ മകളായിട്ടു്.

തിരുവോണമെന്നത് മലയാളിക്ക് എന്നും മധുരിക്കുന്ന ഒരു അനുഭവമാണ്, മധുരിക്കുന്ന ഒരു ഓര്‍മ്മയാണ്. എങ്കിലും ഇത്തവണ തിരുവോണ നാളില്‍ മക്കളോടൊപ്പം ഇരിക്കുമ്പോള്‍ അമ്മയ്ക്ക് പൂര്‍ണ്ണമായും ഉള്ളില്‍ സന്തോഷം നിറയുന്നില്ല. കാരണം വര്‍ഷങ്ങളായി അമ്മയോടൊപ്പം തിരുവോണം ആഘോഷിക്കാന്‍ ഓടിയെത്താറുള്ള ഒരുപാട് മക്കള്‍ക്ക് ഇത്തവണ വരാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അമ്മയുടെ മനസ്സ് അവരോടൊപ്പമാണ്, അവരുടെ കൂടെയാണ്.

കാലത്തിൻ്റെ ഗതി നമ്മളെല്ലാം അനുസരിച്ചേ മതിയാകൂ, അതിലും ഒരു നന്മയുണ്ട് എന്ന് നമുക്ക് സമാധാനിക്കാം. അമ്മയുടെ എല്ലാ മക്കളുടേയും മുഖങ്ങള്‍ മനസ്സില്‍ കണ്ടു കൊണ്ട് അവര്‍ക്കും കൂടി വേണ്ടി അമ്മ ഈ തിരുവോണനാളില്‍ ഒത്തു ചേരുകയാണ്.
എല്ലാ മനുഷ്യര്‍ക്കും വാര്‍ദ്ധക്യം വരും. എന്നാല്‍ മലയാളികളെ സംബന്ധിച്ച് ഒരിക്കലും വാര്‍ദ്ധക്യം വരാത്ത, ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത ഒന്നാണ് ഓണം. അങ്ങിനെയാണ് ഓണത്തെക്കുറിച്ചുള്ള നമ്മുടെയെല്ലാം സങ്കല്പം.

വൃദ്ധനായ ഒരാള്‍ പോലും തിരുവോണനാളില്‍ അറിയാതെ ഒരു കൊച്ചുകുട്ടിയായി മാറുന്നു. നാളെയെക്കുറിച്ച് ചിന്തയില്ലാതെ എല്ലാവരും സന്തോഷിക്കുന്ന, വിദ്വേഷങ്ങളെല്ലാം മറന്ന് സ്‌നേഹം പങ്കിടുന്ന ഒരു വശ്യത ഓണത്തിനുണ്ട്. അമ്മ എപ്പോഴും പറയാറുണ്ട്, മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഈശ്വരനും എല്ലാം ഒരു പോലെ പങ്കുചേരുന്ന ഒരു ആഘോഷമാണ് ഓണം എന്നു്.

അടിസ്ഥാനപരമായി ഓണം അന്നും ഇന്നും എന്നും ഒന്നുതന്നെ. ഓണത്തിൻ്റെ സന്ദേശം സ്‌നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും സമൃദ്ധിയുടെയും ഭക്തിയുടെയും ഉത്സാഹത്തിൻ്റെയും സന്ദേശമാണ്. എല്ലാ ദുഃഖങ്ങളുടെ നടുവിലും സന്തോഷം സ്വയം ഉണ്ടാക്കാന്‍ കഴിയും എന്നതാണ് ഓണം നല്‍കുന്ന എറ്റവും കാതലായ സന്ദേശം.

ഇന്നീ കൊറോണക്കാലത്തും ഓണം ഏറ്റവും പ്രസക്തമാണ്. കൊറോണയുടെ നടുവിലും സന്തോഷവും ഉത്സാഹവും സൃഷ്ടിക്കാനും നാളെയെക്കുറിച്ച് ശുഭപ്രതീക്ഷകളും സ്വപ്നങ്ങളും നെയ്യാനും ഓണം നമ്മെ മാടി വിളിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും ഒരുപാട് ബുദ്ധിമുട്ടുകളുമുണ്ട്. പഴയതുപോലെ കുടുംബക്കാര്‍ക്കും ദൂരെയുള്ള ബന്ധുക്കള്‍ക്കും ഒത്തുചേരാന്‍ കഴിയില്ല. അമ്മയും അച്ഛനും മക്കളും എല്ലാവരും കൂടി കടകളില്‍ പോയി സാധനങ്ങള്‍ ആഘോഷപൂര്‍വ്വം വാങ്ങുന്നതു ഇത്തവണ സാദ്ധ്യമല്ല. കുട്ടികള്‍ക്ക് പൂവ് തേടി നാടും പറമ്പും അലയാന്‍ പറ്റില്ല.

എങ്കിലും ഇപ്പോഴാണ് ഓണത്തിൻ്റെ സന്ദേശം നമുക്ക് ഏറ്റവും ആവശ്യമുള്ളത്. കാരണം ഉള്ളതുകൊണ്ട് സന്തോഷിക്കാന്‍, എല്ലാവരും പരസ്പരം സ്‌നേഹം പങ്കിടാന്‍, ദുഃഖങ്ങള്‍ മറക്കാന്‍, നല്ലതു പ്രതീക്ഷിക്കാന്‍, നല്ല നാളെയെക്കുറിച്ച് സ്വപ്നം കാണാന്‍, ഓണം നമ്മെ പഠിപ്പിക്കുന്നു. അതുമാത്രമല്ല ത്യാഗത്തിൻ്റെയും ഭക്തിയുടെയും ഈശ്വര സമര്‍പ്പണത്തിൻ്റെയും സന്ദേശം കൂടി ഓണം നമുക്കു നല്‍കുന്നു.

ആ വിശ്വാസം, ശുഭപ്രതീക്ഷ, ആ സന്തോഷം, ആഹ്‌ളാദം, ഉത്സാഹം അതാണ് ഇന്ന് നമുക്ക് ഏറ്റവും ആവശ്യം. അതിനെ ഉണര്‍ത്താനും വീണ്ടെടുക്കാനും നമുക്ക് ഒരുമിച്ച് ശ്രമിക്കാം. വാസ്തവത്തില്‍ സന്തോഷമെന്നത് മറ്റെവിടെനിന്നും കിട്ടുന്നതല്ല. നമ്മള്‍ തന്നെ ഉണ്ടാക്കുന്നതാണെന്ന് തിരിച്ചറിയാണുള്ള അവസരമാണിത്.

എന്തും വരട്ടെ ഞാന്‍ സന്തോഷിക്കും എന്ന് ഉറച്ച് തീരുമാനിക്കുന്ന ഒരാളെ ദുഃഖിപ്പിക്കാന്‍ പ്രപഞ്ചത്തിലെ ഒരു ശക്തിയ്ക്കും സാദ്ധ്യമല്ല. അതിനാല്‍ നമ്മള്‍ സന്തോഷവും സ്‌നേഹവും നുകരുക, പങ്കുവയ്ക്കുക. സ്‌നേഹത്തില്‍ ഐക്യത്തില്‍ ഭക്തിയില്‍ നമ്മള്‍ ഒരു മനസ്സായി ഒന്നായി തീരുക. അതാണ് അമ്മയ്ക്കു പറയാനുള്ളത്. തിരുവോണം നമുക്കെല്ലാം ആഘോഷിക്കാനുള്ള അവസരമാണ്. എന്നാല്‍ ആഘോഷത്തിനുവേണ്ടി നമ്മള്‍ സംസ്‌കാരത്തെ കൈവെടിയരുത് നന്മയിലേക്ക് നയിക്കുന്ന ആഘോഷം മാത്രമേ ശരിയായ ആഘോഷമാവുകയുള്ളൂ.

ഓണത്തിൻ്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് പൂക്കളം. അനേകംപേരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കലാപാടവവും ഒത്തുചേരുമ്പോഴാണ് ഒരു നല്ല പൂക്കളം വിരിയുന്നത്. അതുപോലെ നമ്മുടെയെല്ലാം കൂട്ടായ പ്രയത്‌നത്തിലൂടെ സ്‌നേഹത്തിലൂടെ ഐക്യത്തിലൂടെ എല്ലാവരുടെയും ഹൃദയങ്ങളില്‍ മനോഹരമായ പൂക്കളങ്ങള്‍ വിരിയട്ടെ. എങ്ങും സ്നേഹവും സന്തോഷവും, സമൃദ്ധിയും പുലരട്ടെ. അതിന് കൃപ അനുഗ്രഹിക്കട്ടെ.

തിരുവോണസന്ദേശം 2020

ഉഷ്ണ മൂലം പരുന്തുകള്‍ വിണ്ണില്‍
‘കൃഷ്ണാ പാഹി’യെന്നുച്ചരിക്കുമ്പോള്‍,
കൃഷ്ണന്‍കുട്ടി മുലകുടിക്കുമ്പോള്‍
കൃഷ്ണപ്പാട്ടമ്മ നോക്കിവായിപ്പൂ,
കൃഷ്ണപ്പാട്ടമ്മ നോക്കിവായിക്കേ
കൃഷ്ണന്‍കുട്ടിയുടെ ചോദ്യമുദിച്ചു.

”ആനകദുന്ദുഭിക്കര്‍ത്ഥമെന്തമ്മേ,
ആനയ്ക്കു കുഞ്ഞിക്കണ്ണായതെന്തമ്മേ,
കുതിരയ്ക്കു കൊമ്പു വരാത്തതെന്തമ്മേ,
മുതിരയ്ക്കു മോരിണങ്ങാത്തതെന്തമ്മേ?”

കൃഷ്ണപ്പാട്ടു മടക്കിവച്ചമ്മ
കൃഷ്ണന്‍കുട്ടിക്കൊരുമ്മ കൊടുക്കേ
കൃഷ്ണന്‍കുട്ടിയില്ലമ്മയുമില്ല
‘കൃഷ്ണാ പാഹി’ യായ്ത്തീര്‍ന്നു സര്‍വ്വസ്വം.

അക്കിത്തം

മക്കളേ, ഈശ്വരനോടു പ്രേമം വന്നുകഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും ചിന്തിക്കുവാന്‍ കഴിയില്ല. ‘ഞാന്‍ എത്ര വര്‍ഷമായി ക്ഷേത്രത്തില്‍ പോകുന്നു, പൂജ ചെയ്യുന്നു, ഈശ്വരനെ വിളിക്കുന്നു. എന്നിട്ടും ദുഃഖം ഒഴിഞ്ഞ സമയമില്ല’ എന്നാരെങ്കിലും പറയുന്നുവെങ്കില്‍ അവര്‍ ഇത്രയുംകാലം ഈശ്വരനെ വിളിച്ചിട്ടില്ല. അവരുടെ മനസ്സില്‍ മറ്റെന്തോ ആയിരുന്നു എന്നേ അമ്മ പറയുകയുള്ളൂ. കാരണം ഈശ്വരനോടു പ്രേമം വന്നവനു പിന്നെ ദുഃഖമില്ല.

ഈശ്വരപ്രേമം = ആനന്ദം

ഈശ്വര പ്രേമത്തില്‍ മുഴുകിയവൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്. അവനു ദുഃഖത്തെക്കുറിച്ചും മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ സമയമെവിടെ? എവിടെയും ഏവരിലും അവന്‍ തൻ്റെ ഇഷ്ടമൂര്‍ത്തിയെ മാത്രമാണു കാണുന്നതു്. ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ അതു് അവിടുത്തോടു പ്രേമം കിട്ടാന്‍ വേണ്ടി ആയിരിക്കണം. ഏതെങ്കിലും വസ്തുലാഭത്തിനു വേണ്ടിയാകരുതു്.

ഈശ്വരപ്രേമത്തെക്കുറിച്ചു പറയുമ്പോള്‍ അമ്മ ഓര്‍ക്കുന്നതു്, വിദുരപത്‌നിയുടെ കാര്യമാണു്. വിദുരരും അദ്ദേഹത്തിൻ്റെ പത്‌നിയും ഭഗവാൻ്റെ വലിയ ഭക്തരായിരുന്നു. ഒരിക്കല്‍ വിദുരര്‍ ഭഗവാനെ തൻ്റെ ഗൃഹത്തിലേക്കു ക്ഷണിച്ചു. അവര്‍ ഭഗവാന്‍ വരുന്ന ദിവസവും സമയവും കാത്തിരിക്കുകയാണു്. എന്തുചെയ്യുമ്പോഴും ഭഗവാനെക്കുറിച്ചുള്ള ചിന്തമാത്രം, ഭഗവാന്‍ വരുമ്പോള്‍ എങ്ങനെ സ്വീകരിക്കണം, എന്തൊക്കെ നല്കണം, എന്തൊക്കെ പറയണം എന്നെല്ലാം ഭാര്യയും ഭര്‍ത്താവും ഓര്‍ത്തോര്‍ത്തിരിക്കുകയാണു്.

അങ്ങനെ ഭഗവാന്‍ വരേണ്ട ദിവസമായി. രണ്ടുപേരുംകൂടി ഭഗവാനെ സ്വീകരിക്കുവാന്‍ വേണ്ടതെല്ലാം ഒരുക്കിവച്ചു. ഭഗവാന്‍ എത്തേണ്ട സമയമടുത്തു. വിദുരപത്‌നി വേഗം കുളിച്ചുവരുന്നതിനായി പോയി. ആ സമയത്തുതന്നെ ഭഗവാനും എത്തി. ഒരു തോഴി ചെന്നു ഭഗവാന്‍ വന്ന വിവരം അവരെ അറിയിച്ചു. പിന്നെ താമസമുണ്ടായില്ല. കേട്ടപാതി, കേള്‍ക്കാത്തപാതി, കുളിച്ചുനിന്ന അതേപടി ആ ഭക്ത ‘കൃഷ്ണാ… കൃഷ്ണാ… കൃഷ്ണാ…’ എന്നു വിളിച്ചുകൊണ്ടു ഭഗവാൻ്റെ സമീപത്തേക്കു് ഓടിവന്നു. താന്‍ കുളിച്ചുകൊണ്ടു നില്ക്കുകയായിരുന്നു എന്ന കാര്യംതന്നെ മറന്നുപോയിരുന്നു.

അവര്‍ പെട്ടെന്നു പോയി പഴങ്ങള്‍ എല്ലാം എടുത്തുകൊണ്ടുവന്നു. പീഠം കൊണ്ടുവന്നുവച്ചു. ‘കൃഷ്ണാ… കൃഷ്ണാ… കൃഷ്ണാ…’ എന്നു വിളിച്ചുകൊണ്ടാണു് ഇതൊക്കെ ചെയ്യുന്നതു്. ഭക്തികൊണ്ടു് എല്ലാം മറന്നു. അവസാനം ഭഗവാനു് ഇരിക്കാന്‍വച്ച പീഠത്തില്‍ അവര്‍തന്നെ കയറിയിരുന്നു. ഭഗവാന്‍ താഴെയുമിരുന്നു. അവര്‍ ഇതൊന്നുമറിയുന്നില്ല. പിന്നെ പഴം തൊലിയുരിഞ്ഞു ഭഗവാനു നല്കാന്‍ തുടങ്ങി. പക്ഷേ, തൊലിയാണു ഭഗവാനു നല്കിയതെന്നു മാത്രം. പഴം താഴെ കളഞ്ഞു, തൊലി ഭഗവാൻ്റെ വായിലും വച്ചുകൊടുത്തു. അവിടുന്നാകട്ടെ പുഞ്ചിരിക്കുന്ന മുഖത്തോടെ വളരെ സ്വാദോടെ അതു കഴിച്ചുകൊണ്ടിരുന്നു.

ആ സമയത്താണു ഭഗവാന്‍ എത്തിയ വിവരമറിഞ്ഞു വിദുരര്‍ കയറിവരുന്നതു്. അവിടത്തെ ആ കാഴ്ച കണ്ടു് അദ്ദേഹം അമ്പരന്നു. ഭാര്യ കുളിച്ചപടി ഭഗവാൻ്റെ മുന്നില്‍ ഇരിക്കുന്നു. അതും ഭഗവാനെ തറയില്‍ ഇരുത്തിയിട്ടു് ഉയര്‍ന്ന പീഠത്തിലും! അടുത്ത കാഴ്ച കണ്ട അദ്ദേഹത്തിനു സ്വന്തം കണ്ണുകളെക്കൂടി വിശ്വസിക്കാനായില്ല. തൻ്റെ ഭാര്യ പഴം ദൂരെക്കളഞ്ഞിട്ടു തൊലി ഭഗവാനെ തീറ്റിക്കുന്നു. അവിടുന്നാണെങ്കില്‍ യാതൊന്നുമറിയാത്തപോലെ അതു ഭക്ഷിക്കുന്നു.

വിദുരനു കലി വന്നു, ”ഓ, ദ്രോഹി നീ എന്താണീ ചെയ്യുന്നതു്?” വിദുരര്‍ ഭാര്യയുടെ നേരെ കയര്‍ത്തു. ഭര്‍ത്താവിൻ്റെ ഒച്ച കേട്ടാണു വിദുരപത്‌നിക്കു ബാഹ്യബോധം വന്നതു്. അപ്പോള്‍ മാത്രമാണു തൻ്റെ അവസ്ഥയെക്കുറിച്ചും ചെയ്തികളെക്കുറിച്ചും അവരറിയുന്നതു്. അവര്‍ വേഗം അവിടെനിന്നും പോയി അലക്കിയ വസ്ത്രങ്ങള്‍ ധരിച്ചു തിരിച്ചുവന്നു. വിദുരരും പത്‌നിയും കൂടി നേരത്തെ നിശ്ചയിച്ചപ്രകാരം ഭഗവാനെ പീഠത്തില്‍ ഇരുത്തി പാദപൂജ നടത്തി. തയ്യാറാക്കിവച്ചി രുന്ന നാനാവിധ വിഭവങ്ങള്‍ നല്കി. നല്ല പഴം നോക്കി ശ്രദ്ധാപൂര്‍വ്വം തൊലികളഞ്ഞു ഭഗവാനു കൊടുത്തു.

എല്ലാം കഴിഞ്ഞപ്പോള്‍ ഭഗവാന്‍ പറഞ്ഞു, ”നിങ്ങള്‍ ആചാരപ്രകാരം പലതും ചെയ്തുവെങ്കിലും അവയൊന്നും എനിക്കാദ്യം കിട്ടിയ സ്വീകരണത്തിൻ്റെയത്രയും ആയില്ല. എന്തൊക്കെ തന്നുവെങ്കിലും നേരത്തെ കിട്ടിയ പഴത്തൊലിയോളം സ്വാദു് അതിനൊന്നിനും ഇല്ലായിരുന്നു.” കാരണം വിദുരപത്‌നി തന്നെത്തന്നെ മറന്നുകൊണ്ടാണു് അതു ഭഗവാനു നല്കിയതു്.

മക്കളേ, അതാണു വേണ്ടതു്. ഭഗവാൻ്റെ മുന്നില്‍ നാം നമ്മെത്തന്നെ മറക്കണം. അവിടെ പിന്നെ രണ്ടില്ല. ഞാനും നീയുമില്ല. അതിനാല്‍ ഒരാചാരത്തിൻ്റെയും ആവശ്യം വരുന്നില്ല. ആചാരമെല്ലാം രണ്ടെന്ന ഭാവം കളയാനാണു്, അങ്ങനെയുള്ള പ്രേമമാണു നമുക്കു ഭഗവാനോടുണ്ടായിരിക്കേണ്ടതു്. അവിടുത്തെക്കവിഞ്ഞു മറ്റൊന്നിനും ഹൃദയത്തില്‍ സ്ഥാനമുണ്ടാകാന്‍ പാടില്ല.

നദിക്കു് അക്കരെ ഇക്കരെ രണ്ടു കര തോന്നും. എന്നാല്‍ അടിത്തട്ടു് ഒന്നാണു്. അതുപോലെ ഭഗവാന്‍ ഭക്തന്‍, ഗുരു ശിഷ്യന്‍ എന്നു പറയുന്നുവെങ്കിലും ഈ പ്രേമഭാവം അവനെ ആത്മതത്ത്വത്തില്‍ തന്നെയാണു് എത്തിക്കുന്നതു്. അതിനാല്‍ എല്ലാം മറന്നുള്ള ആ പരമമായ പ്രേമം തരേണമേ എന്നുവേണം മക്കള്‍ ഭഗവാനോടു പ്രാര്‍ത്ഥിക്കേണ്ടതു്. അതാണു ജീവിതത്തിൻ്റെ സ്ഥായിയായ സ്വത്തു്, ആനന്ദത്തിൻ്റെ ഉറവിടം. അങ്ങനെയുള്ള ഒരു ഭക്തി കിട്ടിക്കഴിഞ്ഞാല്‍ നാം ജീവിതത്തില്‍ വിജയിച്ചു.