മതവും ആദ്ധ്യാത്മികതയും മനുഷ്യൻ്റെ ഹൃദയം തുറക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണാനുമുള്ള താക്കോലാണു്. എന്നാൽ സ്വാർത്ഥത അന്ധമാക്കിയ അവൻ്റെ മനസ്സിനും കണ്ണിനും തിരിച്ചറിവു നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കാനുള്ള അതേ താക്കോൽകൊണ്ടു ഹൃദയത്തെ അടച്ചു്, കൂടുതൽ അന്ധകാരം സൃഷ്ടിക്കുവാനേ ഇന്നത്തെ മനോഭാവം സഹായിക്കുകയുള്ളൂ.
ഒരു മതസമ്മേളനത്തിൽ പങ്കെടുക്കുവാൻ പോയവരിൽ നാലുപേർ ഒരു ദ്വീപിൽ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി! യാത്രക്കാർ നാലുപേരുടെയും ഭാണ്ഡത്തിൽ തീപ്പെട്ടിയും ചെറിയ വിറകുകഷ്ണങ്ങളുമുണ്ടു്. എന്നാൽ തൻ്റെ കൈയിൽ മാത്രമേ വിറകും തീപ്പെട്ടിയുമുള്ളൂവെന്നു് അവർ ഓരോരുത്തരും വിചാരിച്ചു.
ആദ്യത്തയാൾ ചിന്തിച്ചു, ‘അവൻ്റെ കഴുത്തിൽ കിടക്കുന്ന ലോക്കറ്റു കണ്ടിട്ടു് അവൻ അന്യമതസ്ഥനാണെന്നു തോന്നുന്നു. ഞാനെന്തിനു് അവനുവേണ്ടി തീകൂട്ടണം?’
രണ്ടാമത്തെ ആൾ ചിന്തിച്ചു, ‘ഇവൻ എൻ്റെ ശത്രു രാജ്യക്കാരനാണു്. ഞങ്ങളുമായി എപ്പോഴും യുദ്ധം ചെയ്യുന്നവൻ. എൻ്റെ വിറകും തീപ്പെട്ടിയുംകൊണ്ടു് അങ്ങനെ ഇവൻ തീകായേണ്ട. അതെനിക്കൊട്ടും സഹിക്കില്ല.’
മൂന്നാമൻ, കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളെ നോക്കി വിചാരിച്ചു, ‘ഇവനെ എനിക്കറിയാം. ഇവൻ എൻ്റെ മതത്തിനു് എപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന വിഭാഗത്തിൽപ്പെടുന്നവനാണു്. എൻ്റെ വിറകും തീപ്പെട്ടിയും ഉപയോഗിച്ചു് ഇവൻ തീകായുന്നതു് എനിക്കു സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയില്ല!’
നാലാമൻ വിചാരിച്ചു, ‘ദാ! അവൻ്റെ തൊലിയുടെ നിറം കണ്ടില്ലേ? എനിക്കു് ഈ വർഗ്ഗത്തിനോടു വെറുപ്പാണു്. ഞാനിവനു തീകൂട്ടിക്കൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.’
അങ്ങനെ അവരുടെ കൈയിലുണ്ടായിരുന്ന വിറകും തീയും ഉപയോഗിക്കാതെ തണുപ്പിൽ എല്ലാവരും മരവിച്ചു മരിച്ചുപോയി. യഥാർത്ഥത്തിൽ ഇവർ മരിച്ചതു പുറത്തെ തണുപ്പുകൊണ്ടല്ല. തണുത്തുമരവിച്ച അവരുടെ മനോഭാവംകൊണ്ടാണു്. നമ്മൾ ഇതുപോലെ ആകുകയാണു്. രാജ്യത്തിൻ്റെയും ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിൻ്റെയും പേരുപറഞ്ഞു പരസ്പരം കലഹിക്കുകയാണു്.
ശാന്തിയുടെ പേരിൽ നമ്മൾ ഒരുപാടു സമ്മേളനങ്ങൾ നടത്താറുണ്ടു്. ഒരു മേശയ്ക്കു ചുറ്റുമിരുന്നു വെറുതെ സംസാരിച്ചാൽ എന്തു മാറ്റമുണ്ടാകാനാണു്? എല്ലാം കഴിഞ്ഞു പരസ്പരം ഹസ്തദാനം ചെയ്തു പിരിയുമ്പോൾ, ഹൃദയത്തിൽ നിറയുന്ന സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും കുളിർമ്മ, സുഖമുള്ള ഒരു അനുഭവമായി കൈവെള്ളയിലേക്കു് ഊറിവരാറുണ്ടോ? ഇല്ലെങ്കിൽ, അവിടെ സംവാദവും ഉണ്ടാവില്ല. സംവാദത്തിനു സൗഹാർദ്ദം വേണം, നല്ല ഹൃദയഭാവം വേണം. പക, മുൻവിധി, പ്രതികാരം ഇവ ഉയർത്തുന്ന മതിലുകൾ അപ്രത്യക്ഷമാകുമ്പോൾ മാത്രമേ സൗഹാർദ്ദം ഉണ്ടാവൂ.
ചുട്ടുപൊള്ളുന്ന ഒരു വേനല്‍ക്കാലത്തുള്ള കാര്‍യാത്രയ്ക്കിടയില്‍ ഒരിടത്തു ഞാനും എൻ്റെ സുഹൃത്തും ലഘുഭക്ഷണം കഴിക്കാനിറങ്ങി. വീണ്ടും കാര്‍ ഓടിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, സുഹൃത്തു കാര്യമായി എന്തോ ചെയ്യുകയാണു്. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചുവയ്ക്കുന്നതുപോലെ ഒഴിഞ്ഞ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളും റാപ്പറുകളും സഞ്ചിയില്‍ വയ്ക്കുന്നതിനിടയില്‍ അദ്ദേഹം, ഇടംകണ്ണിട്ടു നോക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു, ‘അമലഭാരതം!’
വളരെ സ്വാഭാവികമായി അദ്ദേഹം അതു പറഞ്ഞപ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ ചിന്തിച്ചു, ആവശ്യം കഴിഞ്ഞ വസ്തുക്കള്‍ വലിച്ചെറിഞ്ഞു പരിസരം മലിനമാക്കാതിരിക്കുക എന്നതു് എത്രയോ പേര്‍ക്കു് ഇപ്പോള്‍ ഒരു സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു. ഇതാര്‍ക്കും പുതിയ ഒരു അറിവൊന്നുമല്ല. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൻ്റെ പ്രാധാന്യം നമ്മള്‍ പ്രൈമറിവിദ്യാഭ്യാസം മുതലേ പഠിക്കുന്നതാണു്. എന്നാല്‍, ഈ അറിവു പ്രവൃത്തിയില്‍ വരുത്താന്‍ നമ്മുടെ നാട്ടില്‍ ആരും ശ്രദ്ധിച്ചിരുന്നില്ല.
മാലിന്യങ്ങള്‍ സൂക്ഷിച്ചു വച്ചു സംസ്‌കരിക്കുന്നതിലും എളുപ്പം, അതു വലിച്ചെറിഞ്ഞു കളയുന്നതാണെന്നു് എന്നു നമ്മള്‍ തീരുമാനിച്ചു. അനേകായിരം ആളുകളുടെ ഈ ശീലം അമ്മ എങ്ങനെയാണു മാറ്റിയെടുത്തതു്? അതാണു് അമ്മയുടെ വൈഭവം! ‘അമലഭാരതം’ എന്ന സങ്കല്പത്തെ ഒരു ‘ഭാര’മായി മക്കളുടെ മേല്‍ അമ്മ അടിച്ചേല്പിച്ചില്ല. അമ്മ കാര്യത്തെ മാറ്റാന്‍ ശ്രമിക്കാറില്ല. അതിനു പിറകിലെ കാരണത്തെയാണു മാറ്റേണ്ടതെന്നു് അമ്മയ്ക്കറിയാം. മാലിന്യങ്ങള്‍ നീക്കലും സംസ്‌കരിക്കലും ഒരു ശിക്ഷയായി തോന്നാതെ അതു് ഓരോരുത്തരുടെയും കര്‍ത്തവ്യമായി സ്വീകരിക്കാന്‍ അമ്മ പ്രേരിപ്പിച്ചു. അങ്ങനെ ഇന്നു പതിനായിരക്കണക്കിനു ഭക്തര്‍ ദുര്‍ഗ്ഗന്ധം വമിക്കുന്ന അളിഞ്ഞ മാലിന്യം സന്തോഷത്തോടെ നീക്കം ചെയ്യുന്നു.
തിരക്കേറിയ ചന്തയിലും ക്ഷേത്രപരിസരങ്ങളിലും ഒരേ മനോഭാവത്തോടെ, ആനന്ദത്തോടെ തോട്ടത്തിലെ പൂക്കള്‍ എടുക്കുന്നതുപോലെ മാലിന്യത്തെ നീക്കം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്നു. ഇന്നലെവരെ അറിഞ്ഞിട്ടും ചെയ്യാതിരുന്ന ഒരു കാര്യം അമ്മയുടെ പ്രേരണയാല്‍ ഇന്നു് എല്ലാവരും സന്തോഷത്തോടെ ചെയ്യുന്നു. അമ്മയുടെ ഈശ്വരത്വത്തിന്റെ ഒരു പ്രത്യക്ഷോദാഹരണം ഇതാണെന്നെനിക്കു തോന്നുന്നു. ഓരോ വ്യക്തിയിലും അമ്മ മാറ്റം വരുത്തുന്നു; ഒന്നും നശിപ്പിക്കേണ്ടതല്ല, രക്ഷിക്കേണ്ടതാണു തന്റെ കടമ എന്നു് ഓരോരുത്തരും ബോദ്ധ്യപ്പെടുത്തുന്നു, തന്നെക്കുറിച്ചുതന്നെ മനസ്സിലാക്കുന്നു. മനസ്സിനു വികാസം വന്നാല്‍പ്പിന്നെ നമുക്കൊരിക്കലും പഴയതുപോലെയാകാന്‍ കഴിയില്ല.
ഒരിക്കല്‍ നട്ടുച്ചവെയിലില്‍ ശബരിമല ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടയില്‍ ഒരു ഭക്തന്‍ പറയുന്നതു ഞാന്‍ കേട്ടു, ”അമ്മ എന്റെ ഹൃദയത്തിലെ മാലിന്യങ്ങള്‍ മാറ്റിത്തന്നു. അതുകൊണ്ടാണു് എനിക്കിപ്പോള്‍ പുറംലോകം വൃത്തിയാക്കാന്‍ കഴിയുന്നതു്.” ഇതു പറയുമ്പോള്‍ അമ്മയോടുള്ള ഭക്തികൊണ്ടു് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ആ ചൂടില്‍ ഒട്ടും തളര്‍ച്ചയില്ലാതെ അദ്ദേഹം സേവനം തുടര്‍ന്നു. ലളിതവും വിശിഷ്ടവുമായിരുന്നു ആ വാക്കുകളിലെ പൊരുള്‍.
ഭാരതചരിത്രത്തില്‍ ഒരു ബഹുമുഖപ്രതിഭ ഉണ്ടായിരുന്നു. കലയുടെയും ജീവിതത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കിയ ദാര്‍ശനികനായ ഒരു കവി, എല്ലാവരും സ്നേഹത്തോടെ ‘ഗുരുദേവ്’ എന്നു വിളിച്ചിരുന്ന രവീന്ദ്രനാഥ ടാഗോര്‍. സ്വന്തം പിതാവിനു തന്നോടുണ്ടായിരുന്ന സമീപനത്തെക്കുറിച്ചു ടാഗോര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടു്: ”എന്റെ അച്ഛന്‍ ഒരിക്കലും എന്നെ നിര്‍ബ്ബന്ധിച്ചു മാറ്റാന്‍ ശ്രമിച്ചിരുന്നില്ല. എന്നില്‍ എന്തെങ്കിലും മാറ്റം വരണമെന്നു് അച്ഛന്‍ ആഗ്രഹിച്ചപ്പോഴൊക്കെ അതിനെക്കുറിച്ചു എനിക്കു് ഒരു അവബോധം ഉണ്ടാക്കുകയാണു് അദ്ദേഹം ചെയ്തതു്. മാറ്റം എന്റെ ഉള്ളില്‍നിന്നു വരാന്‍ അദ്ദേഹം അവസരമുണ്ടാക്കി. അപ്പോള്‍ മാത്രമേ അതു സ്ഥിരവും പൂര്‍ണ്ണവുമാകുകയുള്ളൂ”.
അമ്മയും അങ്ങനെയാണു്. തന്റെ ഭക്തരില്‍ ഒന്നും അടിച്ചേല്പിക്കില്ല. തങ്ങള്‍ സ്വയം മാറേണ്ടതാണു് എന്ന പ്രേരണ ഓരോരുത്തരുടെയും ഉള്ളില്‍ തോന്നാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണു് അമ്മ ചെയ്യുന്നതു്. നമ്മുടെ മുന്നില്‍ ഒരു കണ്ണാടി വയ്ക്കുന്നതുപോലെയാണതു്. അമ്മയുടെ ഒരു ദര്‍ശനം കൊണ്ടുതന്നെ നമുക്കു നമ്മെക്കുറിച്ചു് ഒരു അവബോധം ജനിക്കുന്നു. നമ്മുടെ അശുദ്ധമായ വാസനകളെയൊക്കെ നമുക്കുതന്നെ മാറി നിന്നു കാണാന്‍ കഴിയുമ്പോള്‍ സ്വയം മാറാന്‍ നാം തയ്യാറാകുന്നു. നമ്മുടെ ഉള്ളിലെ തിന്മകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു വേദനയുളവാക്കുന്ന കാര്യം തന്നെയാണു്. കഴിഞ്ഞ കാലത്തെ നമ്മുടെതന്നെ ചിന്തകളുടെയും കര്‍മ്മങ്ങളുടെയും ഫലമാണു് ഇന്നത്തെ ഈ ഞാന്‍ എന്നു മനസ്സിലാകുമ്പോള്‍ സ്വന്തം ഉദ്ധാരണത്തിനായി എത്ര വിഷമിച്ചാണെങ്കിലും സ്വയം മാറാന്‍ നാം തയ്യാറാകുന്നു.
നമ്മുടെ ഈ കൊച്ചുകേരളത്തില്‍ മാത്രമല്ല, ലോകം മുഴുവനും ഇന്നു ജനങ്ങള്‍ ഈ പരമാര്‍ത്ഥം വീണ്ടും മനസ്സിലാക്കിവരുന്നുണ്ടു്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നുള്ളൂ എന്ന സത്യം ലോകം മുഴുവന്‍ അറിയാന്‍ തുടങ്ങിയിരിക്കുന്നു. ഏതാനും കുറച്ചു നിമിഷങ്ങള്‍മാത്രം നീളുന്ന അമ്മയുടെ ദര്‍ശനം അങ്ങനെ നമ്മുടെ യഥാര്‍ത്ഥത്തിലുള്ള ‘ഞാനു’മായുള്ള ശാശ്വതദര്‍ശനമായി മാറുകയാണു്. ഏതാനും നിമിഷങ്ങള്‍കൊണ്ടുള്ള ഈ പരിവര്‍ത്തനം അമ്മയുടെ സവിധത്തില്‍ നില്ക്കുമ്പോഴാണു സംഭവിക്കുന്നതു്.
ഇതാണു് ഈശ്വരത്വത്തിന്റെ പരമകാഷ്ഠ എന്നതു ലോകം മനസ്സിലാക്കാന്‍ ശ്രമിക്കാത്തതു വിസ്മയകരംതന്നെയല്ലേ? അമ്മയുടെ ഒരു ദര്‍ശനംകൊണ്ടുതന്നെ അനേകായിരങ്ങള്‍ ഉത്തമരും ധര്‍മ്മിഷ്ഠരും ആയി ജീവിക്കാന്‍ സ്വയം പ്രചോദിതരാകുന്നതിനെ അല്ലെങ്കില്‍ എങ്ങനെയാണു വിശേഷിപ്പിക്കാന്‍ കഴിയുക? അമ്മയുടെ ആലിംഗനത്തില്‍ അമരുമ്പോള്‍, ഉപാധികളൊന്നുമില്ലാത്ത ആ ദിവ്യപ്രേമത്തിന്റെ ശക്തി അല്പം അനുഭവിക്കുമ്പോള്‍, സ്വയം നന്മയുള്ളവരായി മാറാനുള്ള ഉത്കടമായ അഭിലാഷം എല്ലാവരിലും ജനിക്കുന്നു.
മനുഷ്യജീവിതത്തില്‍ രണ്ടു ദുരന്തങ്ങളാണു് ഉണ്ടാകാറുള്ളതെന്നു പ്രസിദ്ധ സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡ് പറഞ്ഞിട്ടുണ്ടു്. ഒന്നാമത്തതു്, നിങ്ങള്‍ ആഗ്രഹിച്ചതു കിട്ടാതിരിക്കുക; രണ്ടാമത്തതു്, അതു ലഭിക്കുക. ജീവിതത്തില്‍ വിജയവും അതിന്റെ കൂടെയുള്ള സൗഭാഗ്യങ്ങളും കിട്ടാതെ കരയുന്നവരുള്ളപ്പോള്‍ത്തന്നെ നേടിയ വിജയം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ദുഃഖിക്കുന്നവരുമുണ്ടു്.
ഉള്ളവരും ഇല്ലാത്തവരും അവസാനം ഒരു പോലെ ദുഃഖിക്കുന്നു എന്നതു ചിന്തിക്കാന്‍ വക നല്കുന്ന കാര്യമല്ലേ? ഇങ്ങനെയുള്ള ഒരു ലോകത്താണു് അമ്മയെപ്പോലെയുള്ള ഒരു മഹാത്മാവു് ഓരോരുത്തര്‍ക്കും വ്യക്തമായ ഒരു കാഴ്ചപ്പാടു നല്കുന്നതു്. ജീവിതം സമ്പന്നമാകാന്‍ ഭൗതികവസ്തുക്കള്‍ സമ്പാദിക്കുകയല്ല, ശരിയായ ഒരു ജീവിത വീക്ഷണം ഉണ്ടാകുകയാണു വേണ്ടതെന്നു് അമ്മ പറയുന്നു.
ചരിത്രമെടുത്തു നോക്കിയാല്‍ കാണാം പരമഭക്തന്മാരുടെയെല്ലാം സമ്പന്നത വസ്തുവിലായിരുന്നില്ല; വീക്ഷണത്തിലായിരുന്നുവെന്നു്. ലോകഹിതത്തിനായി നിഷ്‌കാമമായി കര്‍മ്മം ചെയ്തവരായി രുന്നു അവര്‍. എന്നാല്‍, അധികാരത്തിലിരിക്കുന്നവരും രാജ്യതന്ത്രജ്ഞരുമായ പ്രമാണിവര്‍ഗ്ഗങ്ങളാകട്ടെ, തങ്ങളുടെ മേധാശക്തിയിലും കൈയൂക്കിലും മതിമറന്നു സ്വയം ബന്ധനത്തിലാകുന്നു.
അമ്മയുടെ ഇത്തവണത്തെ വിഷുവാഘോഷം പുതുമയാര്‍ന്നതായിരുന്നു. വിഷുക്കൈനീട്ടത്തിനു പകരം മുതിര്‍ന്നവര്‍ കുഞ്ഞുങ്ങള്‍ക്കു ‘വിഷുത്തൈ നീട്ടം’ നല്കാന്‍ പ്രേരിപ്പിച്ചുകൊണ്ടു വിഷുവിനു് ഒരു പുതിയ വ്യാഖ്യാനംതന്നെ നല്കി അമ്മ! അമ്മയുടെ നിര്‍ദ്ദേശപ്രകാരം ആയിരങ്ങള്‍ ജൈവകൃഷിയിലേക്കു തിരിഞ്ഞു. തന്റെ മനസ്സിന്റെ മാലിന്യങ്ങള്‍ മാറ്റുന്നു എന്ന ഭാവത്തോടെ ചീഞ്ഞ ഭക്ഷണാവശിഷ്ടങ്ങളും ചപ്പുചവറുകളും സന്തോഷത്തോടെ വളമാക്കി മാറ്റി. ഇതു് അമ്മയുടെ ഈശ്വരത്വത്തിന്റെ പ്രത്യക്ഷനിദര്‍ശനമല്ലേ? സാധാരണക്കാരില്‍ സാധാരണക്കാരായവരെപ്പോലും അമ്മ ‘പോളിസിമേക്കര്‍’ ആക്കിമാറ്റുന്നു.
കര്‍മ്മയോഗം എന്ന വലിയ വാക്കൊന്നും പറയാതെ അമ്മ എല്ലാവരെയും സേവനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, അങ്ങനെ നമ്മുടെ കര്‍മ്മങ്ങള്‍ ശുദ്ധമാകാന്‍ അവസരമൊരുക്കുന്നു. നമ്മുടെ ചിന്തയും പ്രവൃത്തിയും ധാരണയും അഭ്യാസവും പൊരുത്തപ്പെടുന്നതാക്കി മാറ്റുന്നു. അങ്ങനെയുള്ളവര്‍ ഭൗതിക ജീവിതത്തിലെ പ്രശ്‌നങ്ങളോടു പൊരുതുമ്പോള്‍ത്തന്നെ, താന്‍ ഇതില്‍നിന്നെല്ലാം അതീതമായ അപരിമിതമായ ഉണ്മയാണെന്നുള്ള ബോധം ഉള്ളില്‍ ഉണര്‍ന്നവരായിരിക്കും. ഈ ബോധമുള്ള ഒരു സാധാരണക്കാരനു് ഏതൊരു പണ്ഡിതനും വിദ്വാനും ചെയ്യുന്നതിലും അധികം ലോകത്തിനു നന്മ ചെയ്യാന്‍ സാധിക്കും.
എനിക്കു പരിചയമുള്ള ചെറുപ്പക്കാരനായൊരു ഡോക്ടര്‍, അമ്മയുടെ ദര്‍ശനത്തിനുശേഷം ആദിവാസികള്‍ക്കിടയില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചു. ഈശ്വര വിചാരമുള്ള അദ്ദേഹത്തിന്റെ ഭാര്യ ആ തീരുമാനം സഹര്‍ഷം സ്വീകരിച്ചു. ഉന്നതവിദ്യാഭ്യാസമുള്ള രണ്ടുപേരും ചെറുപ്പത്തില്‍ത്തന്നെ ജീവിതം ആതുരസേവനത്തിനായി മാറ്റിവച്ചു. ഇതു് അമ്മയുടെ മഹത്ത്വത്തിന്റെ തെളിവല്ലേ? വര്‍ഷങ്ങള്‍ക്കു മുന്‍പു തന്റെ മുന്നിലെത്തിയ ചെറുപ്പക്കാരനോടു്, ”മോനേ, സേവനം ചെയ്താല്‍ നിനക്കു ശാന്തിയുണ്ടാകും” എന്നു് അമ്മ പറഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹത്തിനു തന്റെ പാത തെളിഞ്ഞു.
അന്നുമുതല്‍ വയനാട്ടിലെ അമൃതകൃപ ധര്‍മ്മാശുപത്രിയില്‍ പണിയ, കുടുംബി എന്നീ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി സേവനം ചെയ്യുകയാണു് അവര്‍. തീരെ സൗകര്യങ്ങളില്ലാത്ത ദൂരനാട്ടില്‍, ആദിവാസികള്‍ക്കിടയില്‍, ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാകാം അവര്‍. എന്നാല്‍ അതൊന്നും അവരുടെ ആവേശം നശിപ്പിച്ചില്ല. ഇന്നു് ഏകദേശം ഇരുന്നൂറ്റമ്പതോളം ആദിവാസികള്‍ ദിവസവും ഇവരുടെ സേവനം അനുഭവിക്കുന്നു. അമ്മ ലോകത്തിനു ചെയ്യുന്ന നന്മയുടെ അനേകം കഥകളില്‍ ഒന്നുമാത്രമാണിതു്.
സ്വാമി രാമകൃഷ്ണാനന്ദ പുരി ഒരിക്കല്‍ ഒരു അനുഭവം പറഞ്ഞു. യൂറോപ്പിലെ അമ്മയുടെ പരിപാടിക്കിടയില്‍ ഭക്തര്‍ ഫ്രഞ്ചുഭാഷയില്‍ ഭജന പാടിക്കൊണ്ടിരിക്കുമ്പോള്‍ അമ്മ ഒരാള്‍ പാടിയതിലെ തെറ്റു തിരുത്തിക്കൊടുത്തുവത്രേ! പാടുന്നയാള്‍ ഫ്രഞ്ചു് അറിയാത്തവനായിരുന്നില്ല. അതൊരു ഫ്രഞ്ചുകാരന്‍തന്നെയായിരുന്നു, അമ്മ തിരുത്തിയതാകട്ടെ കഠിനമായ ഒരു പദവും!
അദ്ഭുതത്തോടെ അയാള്‍ ചോദിച്ചു, ”അമ്മയ്ക്കു ഫ്രഞ്ച് അറിയാമോ?” അമ്മയുടെ ലളിതമായ ഉത്തരത്തില്‍ അടങ്ങിയിരിക്കുന്ന തത്ത്വത്തെ നമുക്കു വേണമെങ്കില്‍ ജീവിതകാലം മുഴുവന്‍ ധ്യാനിക്കാം. അമ്മ വാത്സല്യത്തോടെ പറഞ്ഞു, ”മോനേ, അമ്മയ്ക്കു ഫ്രഞ്ച് അറിയില്ല. പക്ഷേ, മോന്റെ മനസ്സറിയാം.” ഈ വിശ്വമനസ്സിനെ അറിഞ്ഞാല്‍പ്പിന്നെ എന്താണു് അറിയാനായി ബാക്കിയുള്ളതു്? ഈ വിശ്വമനസ്സുതന്നെയാണു് അമ്മ.
ഇനി അറിവിന്റെ നുറുങ്ങുകള്‍ തേടി നമ്മള്‍ പുറംലോകത്തു് അലയേണ്ട കാര്യമില്ല. അമ്മയുടെ അടുത്തെത്തിയാല്‍പ്പിന്നെ സ്വയം അറിയാനാണു നാം ശ്രമിക്കേണ്ടതു്. നമ്മുടെ ഉളളില്‍ പരമമായ ജ്ഞാനം ഉണര്‍ത്താന്‍ ഈ അവസരം നാം ഉപയോഗിക്കണം. എല്ലാവരും അറിവു നേടാന്‍ ശ്രമിക്കുന്നു. സ്വയം അറിയാന്‍ ശ്രമിക്കുന്നില്ല. അങ്ങനെ അറിവു വലുതാകുന്നു, അറിയുന്നവന്‍ ഒന്നുമല്ലാതായിപ്പോകുന്നു. അതുകൊണ്ടാണു പണിപ്പെട്ടു നേടിയ അറിവുകളെല്ലാം അവസാനം മനുഷ്യനു ശാപമായിത്തീരുന്നതു്. കീടനാശിനി മുതല്‍ അണ്വായുധങ്ങള്‍വരെയുള്ള അറിവിന്റെ ചരിത്രം അതാണു്. അറിവു നമുക്കു അനുഗ്രഹത്തെക്കാള്‍ കൂടുതലായി ക്ലേശങ്ങളാണു നല്കിയിട്ടുള്ളതു്. ‘ആദ്യം അറിയേണ്ടതു് അവനവനെയാണു്’ എന്ന അമ്മയുടെ വാക്കിന്റെ പ്രസക്തി ഇവിടെയാണു്.
ഒരു വിദേശയാത്രയ്ക്കിടയില്‍ എന്റെ ഈ കുറിപ്പെഴുതി അവസാനിപ്പിക്കാന്‍ തുടങ്ങുമ്പോള്‍, ഒരിക്കല്‍ക്കൂടി അമ്മയുടെ ഉപദേശത്തിന്റെ സാരം മനസ്സിലാക്കുവാനുള്ള അവസരം എനിക്കു കിട്ടി. ‘അറിവു പൂര്‍ണ്ണമാകണമെങ്കില്‍ ഉള്ളിലെ ഗുരു ഉണരണം’ എന്നു് അമ്മ പറഞ്ഞിട്ടുണ്ടല്ലോ. എപ്പോഴും ജാഗ്രതയോടെ ഇരിക്കുകയും പരമാര്‍ത്ഥമായതിനെ നിരന്തരം ധ്യാനിക്കുകയും ജീവിതത്തിലെ ഏതു നിസ്സാരവസ്തുവിനെയും ആദരവോടെ കാണുകയും ചെയ്യുകയാണു് അതിനുള്ള മാര്‍ഗ്ഗം എന്നും അമ്മ പറഞ്ഞിട്ടുണ്ടു്.
യാത്രയ്ക്കിടയില്‍ ഏഴു ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ഒരു കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി ആശയവിനിമയം നടത്താന്‍ എനിക്കു് അവസരം കിട്ടി. തന്റെ സാങ്കല്പികലോകത്തില്‍ ജീവിക്കുന്ന, പൊള്ളയായ പൊങ്ങച്ചത്തില്‍ ആനന്ദം കണ്ടെത്തുന്ന ഒരു വ്യക്തിയായിരിക്കും അദ്ദേഹം എന്നു കരുതിയ എനിക്കു തെറ്റു പറ്റി. ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ കീഴിലെ ഒരു മാനേജര്‍ വന്നു് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വിഭാഗമായി അവരുടെ സോണ്‍ തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത അദ്ദേഹത്തെ അറിയിച്ചു.
മറ്റുള്ള സോണിനെക്കാള്‍ ഏറെ മുന്നിലാണു തങ്ങളെന്നു മാനേജര്‍ സന്തോഷത്തോടെ അറിയിച്ചപ്പോള്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഒരു നാട്യവുമില്ലാതെ ശാന്തമായി പറഞ്ഞു, ”വളരെ നന്നായി. പക്ഷേ, മറ്റുള്ളവരില്‍ നിന്നും മുന്നിലാകാനല്ല നമ്മെത്തന്നെ തോല്പിക്കാനാണു നാം ശ്രമിക്കേണ്ടതു്.” അദ്ദേഹം മാനേജര്‍ക്കു കൈകൊടുത്തുകൊണ്ടു ഓര്‍മ്മിപ്പിച്ചു, ”അടുത്ത തവണ നമ്മള്‍ ഇപ്പോഴുള്ളതിനെക്കാള്‍ മികച്ചതാകണം.” അസ്തമയസൂര്യന്റെ നിഴലിലേക്കു് ഒരുമിച്ചു നടക്കുമ്പോള്‍, തികച്ചും അപ്രതീക്ഷിതമായ ഒരിടത്തു് അമ്മയുടെ വാക്കു് അന്വര്‍ത്ഥമാക്കിക്കൊണ്ടു ജീവിക്കുന്ന ഒരാളെ കണ്ടതിലുള്ള കൃതാര്‍ത്ഥതയിലായിരുന്നു ഞാന്‍.
നമുക്കു് ഒരേയൊരു യുദ്ധമേ ജയിക്കാനുള്ളൂ, അതു നമ്മുടെതന്നെ ചെറിയ അഹത്തോടുള്ള യുദ്ധമാണു്. ഇന്നലത്തെതിനെക്കാള്‍ ഉത്തമനാകാന്‍ ഇന്നെനിക്കു കഴിയുന്നുണ്ടോ എന്നതിലാണു ശ്രദ്ധ വേണ്ടതു്. ഈ യുദ്ധത്തില്‍ വിജയം വരിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതത്തിന്റെ ഗതിതന്നെ മാറും. ”മക്കളേ, നമുക്കു സ്വന്തം മനസ്സിന്റെ കൃപയാണു വേണ്ടതു്” എന്നു് അമ്മ പറയുന്നതും അതുകൊണ്ടാണു്. ഈ ശിക്ഷണം ലോകത്തിലെ ഒരു മാനേജ്‌മെന്റ് ബുക്കിലും കാണില്ല.
അമ്മയുടെ ഈ പ്രമാണം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ നമുക്കു് എത്രയോ ഉന്നതിയിലെത്താം. പരാജയപ്പെടുന്നുവെങ്കില്‍ അതിനു കാരണം നമ്മള്‍തന്നെയാണു്. നമ്മുടെ ചിന്താഗതികളും വ്യക്തിത്വങ്ങളും സൃഷ്ടിച്ച ആസക്തിയും മതിഭ്രമവുമാണു്. ശ്രീരാമകൃഷ്ണ പരമഹംസര്‍ പറയാറുള്ളതുപോലെ, രണ്ടടി നടന്നു കടലിലേക്കിറങ്ങാന്‍ മടിച്ചു കരയില്‍ നില്ക്കുന്ന ഉപ്പുപാവയെപ്പോലെയാണു നമ്മള്‍. കടലിലിറങ്ങിയാല്‍ നിസ്സാരനായ താന്‍ കടലായി മാറും എന്നു മറന്നുപോകുകയാണു്, സ്വന്തം അഹന്തയുടെ വൈരൂപ്യത്തില്‍ കുടുങ്ങിക്കിടക്കുന്ന ഈ ഉപ്പുപാവ!
അമ്മയുടെ ദര്‍ശനത്തിനു പോകുമ്പോഴൊക്കെ ഉപ്പു പാവയുടെ ഈ മതിഭ്രമം നമ്മള്‍ ഓര്‍ക്കേണ്ടതാണു്. നമ്മുടെ അഹങ്കാരം ഇല്ലാതാകുമ്പോള്‍ മാത്രമേ അമ്മയാകുന്ന അമൃതാനന്ദസാഗരത്തില്‍ അലിഞ്ഞു ചേരാന്‍ നമുക്കു കഴിയുകയുള്ളൂ.
രാഷ്ട്രപതി ദ്രൗപതി മുർമു അമൃതപുരിയിലെത്തി അമ്മയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ 9.35 നാണ് രാഷ്ട്രപതി മാതാ അമൃതാനന്ദമയീമഠത്തിലെത്തിയത്. ആശ്രമത്തിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ ദ്രൗപതി മുർമുവിനെ നെറ്റിയിൽ തിലകക്കുറി ചാർത്തി, മാലയും പൊന്നാടയുമണിയിച്ച് സ്വീകരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.
തുടർന്ന് ദ്രൗപതി മുർമു മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂറോളം നേരം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ആശ്രമത്തിലെ കാളീക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനം നടത്തി.
തുടർന്ന്, ആശ്രമത്തിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിക്കാനെത്തിയിരുന്ന മെക്‌സികോയിൽ നിന്നുള്ള 6 എംപിമാരുമായി ദ്രൗപതി മുർമു അനൗപചാരിക കൂടിക്കാഴ്ചയും നടത്തി.
ഇതിനു ശേഷം ആശ്രമത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി അമൃത സർവകലാശാല പ്രൊവോസ്റ്റ് ഡോ.മനീഷ വി രമേഷിൽ നിന്ന് രാഷ്ട്രപതി ചോദിച്ചറിഞ്ഞു ആശ്രമത്തിൽ നിന്ന് മടങ്ങി.
തന്റെ മുന്നിലിരിക്കുന്ന ശിഷ്യരെക്കാള്‍ ഉന്നതനാണു ഗുരു. എന്നാല്‍, അങ്ങനെയുള്ള ഗുരുവും തന്റെ ശിഷ്യരോടൊപ്പം ചേര്‍ന്നിരുന്നുകൊണ്ടാണു് ഈ മന്ത്രം ചൊല്ലുന്നതു്: ”അവിടുന്നു നമ്മെ രണ്ടുപേരെയും രക്ഷിക്കട്ടെ നമുക്കു് ആത്മാനന്ദം അനുഭവിക്കാന്‍ ഇടവരട്ടെ. നമുക്കു രണ്ടുപേര്‍ക്കും വീര്യമുണ്ടാവട്ടെ. നമ്മള്‍ തേജസ്വികളാകട്ടെ. നമ്മള്‍ തമ്മില്‍ യാതൊരു വിദ്വേഷവുമില്ലാതിരിക്കട്ടെ.”
ഋഷിപരമ്പര ഈ എളിമയും വിനയുവുമാണു നമുക്കു കാണിച്ചു തന്നിട്ടുള്ളതു്. അല്ലാതെ, വിദ്യയുടെ നേട്ടമെല്ലാം എനിക്കു മാത്രമുള്ളതായിരിക്കട്ടെ എന്നു് ആരും കണ്ടില്ല. വിനയവും സംസ്‌കാരവും വളര്‍ത്തിയിരുന്ന ആ വിദ്യ ഇന്നെവിടെ? ഇന്നു വിദ്യാലയങ്ങളില്‍ ചെന്നാല്‍ എന്താണു കാണുവാന്‍ കഴിയുന്നതു്? അദ്ധ്യാപകരെക്കാള്‍ മിടുക്കരാണു് തങ്ങളെന്ന ഭാവമാണു കുട്ടികള്‍ക്കുള്ളതു്. ഇതു കാണുമ്പോള്‍ അദ്ധ്യാപകര്‍ ചിന്തിക്കുന്നു, ”ഇവര്‍ക്കു് ഇത്ര അഹങ്കാരമോ? ഇവര്‍ക്കു ഞാന്‍ എന്തു പറഞ്ഞു കൊടുക്കാന്‍!
എന്നാല്‍ ആഴത്തിലിറങ്ങി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ രണ്ടു കൂട്ടരും തയ്യാറാകുന്നില്ല. ഇതുമൂലം അദ്ധ്യാപകര്‍ വെറും യന്ത്രം പോലെയാവുന്നു. കുട്ടികള്‍ വെറും ഭിത്തിപോലെയും. ഇരുവര്‍ക്കുമിടയില്‍ പ്രേമമില്ല, ജ്ഞാനത്തിന്റെ പ്രവാഹവുമില്ല. ഒരുകാലത്തു വിദ്യാലയാന്തരീക്ഷം ഇങ്ങനെയായിരുന്നില്ല. അദ്ധ്യാപകന്‍ പറയുന്നതു കേള്‍ക്കാന്‍ വിദ്യാര്‍ത്ഥിക്കും അവനു പറഞ്ഞുകൊടുക്കുവാന്‍ അദ്ധ്യാപകനും ആവേശമായിരുന്നു. എത്രസമയം ഒന്നിച്ചു കഴിഞ്ഞാലും അവര്‍ക്കിടയില്‍ മുഷിവുണ്ടായിരുന്നില്ല.
പണ്ടു ഗുരുകുലങ്ങളില്‍, ഇന്നുള്ള മാതിരി നോട്ടെഴുതി പഠിക്കുന്ന ശീലമുണ്ടായിരുന്നില്ല. ഇന്നുള്ളവര്‍ ഒരു ജന്മം പഠിച്ചാലും തീരാത്ത കാര്യങ്ങള്‍ അന്നുള്ളവര്‍ പേനയുടെയും പുസ്തകത്തിന്റെയും സഹായം കൂടാതെ പഠിച്ചുതീര്‍ത്തു. വേദവേദാംഗങ്ങളും പുരാണേതിഹാസങ്ങളും എല്ലാം അവര്‍ മനഃപാഠമാക്കിയിരുന്നു. ഗുരു ശിഷ്യന്മാര്‍ മുഖത്തോടു മുഖംനോക്കി പ്രേമത്തിലൂടെ ഉള്‍ക്കൊണ്ട തത്ത്വമായിരുന്നു അന്നു വിദ്യാഭ്യാസം. അവര്‍ തളര്‍ച്ചയെന്തെന്നറിഞ്ഞില്ല. ഓരോ നിമിഷവും അവര്‍ വളരുകയായിരുന്നു.
പ്രേമമുള്ളിടത്തു് ഒന്നും ഭാരമാകുന്നില്ല. കൂമ്പിയ മൊട്ടു വിടരുന്നതുപോലെ, ഗുരുവിന്റെ പ്രേമത്താല്‍ ശിഷ്യന്റെ ഹൃദയം വികസിക്കുകയാണു്. അവിടേക്കു ഗുരുകൃപ താനെ ഒഴുകിയെത്തുകയാണു്. ഗുരുവിന്റെ ഓരോ വാക്കും ശിഷ്യന്‍ കേള്‍ക്കുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു. ഇതായിരുന്നു അന്നത്തെ വിദ്യാഭ്യാസരീതി. ഇന്നു നമ്മുടെ വിദ്യാഭ്യാസം എവിടെ എത്തിനില്ക്കുന്നു?
ചൊവ്വാഴ്ചകളിലാണു് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള അമ്മയുടെ ഭക്തര്‍ ഭജനയ്ക്കായി ഒത്തുകൂടാറു്. അമ്മയെ ഒരിക്കലും കണ്ടിട്ടില്ലാത്തവരും പരിചയപ്പെട്ടിട്ടു് അധികം നാളായിട്ടില്ലാത്തവരും അക്കൂട്ടത്തിലുണ്ടാകും. അവരോടൊക്കെ അമ്മയെക്കുറിച്ചു സംസാരിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടാകാറുണ്ടു്. അങ്ങനെയുള്ള ഒരു സത്സംഗസമയത്താണു ഞാന്‍ ആന്‍ഡിയെ വീണ്ടും കണ്ടതു്.
”കഴിഞ്ഞ മാസത്തെ ഞങ്ങളുടെ മീറ്റിങില്‍ ബഹളമുണ്ടാക്കിയതു നിങ്ങളല്ലേ?” ഞാന്‍ ചോദിച്ചു. ”അതെ.” ”ഇതു് അമ്മയുടെ ഭക്തരുടെ മീറ്റിങാണു്. നിങ്ങളെന്താണിവിടെ? അന്നു നിങ്ങള്‍ അമ്മയെക്കുറിച്ചു കേള്‍ക്കുകയില്ലെന്നു മാത്രമല്ല, മറ്റുള്ളവരെ കേള്‍ക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ലല്ലോ.”
”നിങ്ങള്‍ പറയുന്നതു ശരിയാണു്. അന്നു് അമ്മയെക്കുറിച്ചു സംസാരിക്കാന്‍പോലും നിങ്ങളെ ഞാന്‍ അനുവദിച്ചില്ല. എന്നാല്‍ ഇന്നു ഞാന്‍ മറ്റൊരാളാണു്. അന്നു നിങ്ങള്‍ അമ്മ തരുന്ന അനുഭവങ്ങളെക്കുറിച്ചു പറഞ്ഞില്ലേ? അതിനുശേഷം എനിക്കുമുണ്ടായി അമ്മയില്‍ നിന്നും അനുഭവങ്ങള്‍. അതുകൊണ്ടാണു് ഇന്നു ഞാനിവിടെ വന്നതു്.
”കഴിഞ്ഞ മാസത്തെ മീറ്റിങില്‍ ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍തന്നെ ആന്‍ഡി തന്റെ പ്രതിഷേധം അറിയിച്ചു. അവിടെ കൂടിയിരിക്കുന്നവരെല്ലാം ക്രിസ്ത്യാനികളാണെന്നും എല്ലാവരും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നവരാണെന്നും അവര്‍ക്കു് ഒരു മഹാത്മാവിനെക്കുറിച്ചും, പ്രത്യേകിച്ചു ഭാരതത്തില്‍നിന്നുള്ള ഒരു മഹാത്മാവിനെക്കുറിച്ചു കേള്‍ക്കേണ്ടതില്ലെന്നും വിളിച്ചു പറഞ്ഞു. ഞാന്‍ സംസാരം തുടര്‍ന്നപ്പോള്‍ മറ്റുള്ളവരോടു് ഉച്ചത്തില്‍ സംസാരിച്ചും ഭക്ഷണവും വെള്ളവും കൊണ്ടുനടന്നും തടസ്സങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഞാന്‍ പക്ഷേ, സംസാരം നിര്‍ത്തിയില്ല. അമ്മയെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കിലും അമ്മയുടെ അനുഗ്രഹം കിട്ടാനായി എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടതു് എന്നു വിശദീകരിച്ചുകൊണ്ടാണു ഞാന്‍ സംസാരം അവസാനിപ്പിച്ചതു്.
ആദ്യമായി അമ്മയുടെ ഫോട്ടോയിലേക്കു ശ്രദ്ധയോടെ നോക്കി പുഞ്ചിരിതൂകുന്ന അമ്മയുടെ രൂപം മനസ്സില്‍ ഉറപ്പിക്കണം എന്നു ഞാന്‍ അവരോടു പറഞ്ഞു. പ്രാര്‍ത്ഥന നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും വരണം. ശരീരത്തില്‍ രോമാഞ്ചമുണ്ടാകുകയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയും ചെയ്യുന്ന വിധത്തില്‍ തീവ്രവും ഏകാഗ്രവും ആയിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ഇങ്ങനെ ഒരു മുപ്പതു നിമിഷമെങ്കിലും അമ്മയോടു സംവദിക്കണം. ഈ വിധത്തില്‍ അമ്മയോടു പ്രാര്‍ത്ഥിച്ചാല്‍ അതിനു തീര്‍ച്ചയായും ഫലമുണ്ടാകും എന്നു ഞാന്‍ ഉറപ്പു കൊടുത്തു.
മഞ്ജുനാഥു് അമ്മയെക്കുറിച്ചുള്ള കുറച്ചു പുസ്തകങ്ങളും അമ്മയുടെ കുറച്ചു ഫോട്ടോകളും വില്ക്കാനായി വച്ചിരുന്നു. കുറച്ചു പേര്‍ അതു വാങ്ങിച്ചു. അന്നത്തെ സത്സംഗത്തില്‍ അമ്മയെക്കുറിച്ചു സംസാരിക്കാന്‍ പോലും അനുവദിക്കാതെ ബഹളം വച്ച ആന്‍ഡി ഒരു മാസത്തിനുള്ളില്‍ എങ്ങനെ അമ്മയുടെ ഭക്തനായി എന്ന കഥ ആരുടെയും മനം കവരുന്നതാണു്.
ആന്‍ഡി ഒരു ബിസിനസ്സുകാരനായിരുന്നു, മെക്‌സിക്കോവില്‍ നിന്നും ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തു് അമേരിക്കയില്‍ വില്ക്കുന്ന ബിസിനസ്സുകാരന്‍. ബിസിനസ്സു് അത്ര മെച്ചമൊന്നുമല്ല, കഷ്ടിച്ചു ജീവിക്കാം, അത്രമാത്രം. തന്റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി വളരെ നാളുകളായി ആന്‍ഡി പല പ്രമുഖ സ്റ്റോറുകളെയും സമീപിക്കാറുണ്ടായിരുന്നു. ഒരു ഫലവുമുണ്ടായില്ല. എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കും. അങ്ങനെ വളരെ നിരാശനും ദുഃഖിതനുമായിരിക്കുന്ന സമയത്താണു് ആ സത്സംഗത്തില്‍ ആന്‍ഡി പങ്കെടുത്തതു്.
അന്നു് അവിടെ ബഹളംവച്ചുവെങ്കിലും അമ്മയോടു് എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടതെന്നു ഞാന്‍ പറഞ്ഞിരുന്നതൊക്കെ അദ്ദേഹം ശ്രദ്ധിച്ചുവെന്നു മാത്രമല്ല, അമ്മയുടെ ഒരു ഫോട്ടോ വാങ്ങിക്കുകയും ചെയ്തു.
ഒരു ദിവസം ആന്‍ഡി അത്താഴത്തിനുശേഷം അമ്മയുടെ ഫോട്ടോ മേശപ്പുറത്തുവച്ചു മുപ്പതു മിനിട്ടു നേരം പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. പ്രാര്‍ത്ഥന തുടങ്ങി ഏകദേശം ഇരുപതു മിനിറ്റായിക്കാണും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അടിക്കാന്‍ തുടങ്ങി. ഒരു പ്രമുഖ മാര്‍ക്കറ്റു ശൃംഖലയുടെ ജനറല്‍ മാനേജരാണു വിളിച്ചതു്.
”എവിടെനിന്നാണു് എന്റെ നമ്പര്‍ കിട്ടിയതു്?” ആന്‍ഡി അന്വേഷിച്ചു. ന്യൂയോര്‍ക്കിലുള്ള അദ്ദേഹത്തിന്റെ പങ്കാളികളാണു് ഈ നമ്പര്‍ കൊടുത്തതു് എന്നും ആന്‍ഡി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ തന്റെ സ്റ്റോറിലൂടെ വിറ്റഴിക്കാന്‍ താത്പര്യമുണ്ടു് എന്നും അദ്ദേഹം മറുപടി പറഞ്ഞു.
ആന്‍ഡിക്കു സ്വന്തം കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി അദ്ദേഹം അവിടെയുള്ള പ്രമുഖ സ്റ്റോറുകളിലെല്ലാം ബിസിനസ്സു ലഭിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ തള്ളിക്കളഞ്ഞവരില്‍ ഈ സ്റ്റോറുകാരുമുണ്ടായിരുന്നു. അമ്മയോടുള്ള പ്രാര്‍ത്ഥനയ്ക്കിടയില്‍ ഇങ്ങനെയൊരു അവസരം ഒരു മുന്‍പരിചയവുമില്ലാത്ത ഒരാളില്‍നിന്നു വന്നപ്പോള്‍ അതു് അമ്മതന്നെ തന്ന ഒരവസരമാണെന്നു് ആന്‍ഡി ഉറപ്പിച്ചു. മൂന്നു വര്‍ഷത്തെ തന്റെ പ്രയത്‌നത്തിനു് ഇരുപതു മിനിറ്റുകൊണ്ടു ഫലം തന്ന അമ്മയ്ക്കു് അദ്ദേഹം നന്ദി പറഞ്ഞു.
അടുത്ത ദിവസം ആന്‍ഡിയുടെ കൂട്ടുകാരിക്കും ഇതേ അനുഭവമുണ്ടായി. ജോലി നഷ്ടപ്പെട്ടു മൂന്നു മാസമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവള്‍ക്കും അമ്മയുടെ ഫോട്ടോവച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ ഉടനടി ഫലമുണ്ടായി; ജോലി കിട്ടി. ഈ രണ്ടനുഭവങ്ങളും കഴിഞ്ഞപ്പോള്‍ ആന്‍ഡിക്കു് അമ്മയെ ഒന്നുകൂടി പരീക്ഷിക്കണമെന്നു തോന്നി. ഒരു മാസത്തിനകം അമ്മ ഡല്ലാസില്‍ വരുമ്പോള്‍ അമ്മയെ കാണാന്‍ ആഗ്രഹമുണ്ടോ എന്നു ഞാന്‍ ആന്‍ഡിയോടു ചോദിച്ചിരുന്നു. ആന്‍ഡി തിരിച്ചടിച്ചു, ”നിങ്ങളെന്താണു പറയുന്നതു്? ഡല്ലാസില്‍ അമ്മ രണ്ടു ദിവസമേയുള്ളൂ. അതും ഒരു മാസം കഴിഞ്ഞിട്ടു്. എനിക്കത്രയ്ക്കു ക്ഷമയില്ല. അമ്മ ഡല്ലാസിനു മുന്‍പു കാലിഫോര്‍ണിയയില്‍ വരുമല്ലോ. ഞാന്‍ അങ്ങോട്ടു പോകുകയാണു്. അവിടെ അമ്മ നാലു ദിവസമുണ്ടു്.”
”പക്ഷേ, കാലിഫോര്‍ണിയ വളരെ ദൂരെയല്ലേ? ഡല്ലാസിലേക്കു നാലു മണിക്കൂര്‍ ഡ്രൈവു ചെയ്താല്‍ മതിയല്ലോ.” ”അതെ, എനിക്കറിയാം. കാലിഫോര്‍ണിയയിലേക്കു പത്തു മണിക്കൂര്‍ വണ്ടിയോടിക്കണം. പക്ഷേ, അമ്മയെ എനിക്കു നാലു ദിവസം കിട്ടും. പോരാത്തതിനു് അവിടെ ഒരു റിട്രീറ്റുമുണ്ടു്.”
ആന്‍ഡിയുടെ കൈയില്‍ യാത്രയ്ക്കുവേണ്ടി ഒറ്റ പൈസയില്ല. ഓടിച്ചിരുന്ന കാറിനാണെങ്കില്‍ പതിനഞ്ചു വര്‍ഷത്തെ പഴക്കവുമുണ്ടു്. കൈയില്‍ പണമില്ലാത്തതു കൊണ്ടു് ഇന്ധനച്ചിലവു് എങ്ങനെ നടത്തുമെന്നറിയില്ല. ഏതായാലും അമ്മയെ കാണാന്‍ പോകാന്‍ അയാള്‍ തീരുമാനിച്ചു. ഇനിയെല്ലാം അമ്മ നടത്തിത്തരണം എന്നാണു് ആന്‍ഡിയുടെ നിലപാടു്. വല്ലാത്ത പരീക്ഷണംതന്നെ.
ഒരു ദിവസം അമ്മയില്‍നിന്നും ലഭിച്ച രണ്ടനുഭവങ്ങളെയും പറ്റി കൂടെ ജോലി ചെയ്തിരുന്നവരോടു് ആന്‍ഡി സംസാരിച്ചു. ഈ കഥകള്‍ കേട്ട ഒരാള്‍, അയാളും ജീവിതത്തില്‍ വളരെ പ്രശ്‌നങ്ങള്‍ നേരിടുന്നവനായിരുന്നു, ആന്‍ഡിയുടെ കൂടെ കാലിഫോര്‍ണിയയിലേക്കു പോകാന്‍ തയ്യാറായി. പോയിവരാനുള്ള ഇന്ധനച്ചിലവു് അയാള്‍ വഹിക്കാമെന്നേറ്റു. അങ്ങനെ ആ പ്രശ്‌നം തീര്‍ന്നു.
അങ്ങനെ രണ്ടുപേരും കാലിഫോര്‍ണിയയിലേക്കു പുറപ്പെട്ടു. പകുതി വഴി പിന്നിട്ടപ്പോള്‍ രണ്ടുപേര്‍ക്കും വിശന്നിട്ടു വയ്യ. സമയമാണെങ്കില്‍ അര്‍ദ്ധരാത്രി. ഭാഗ്യം പരീക്ഷിച്ചുകളയാമെന്നു കരുതി അടുത്തു കണ്ട ഒരു ഹോട്ടലില്‍ കയറി, മാനേജരോടു ചോദിച്ചു, ”ഞങ്ങള്‍ക്കു വിശന്നിട്ടു വയ്യ. എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോ?” ”ഞാന്‍ റസ്റ്റോറന്റു് അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു. എന്തെങ്കിലും ബാക്കിയുണ്ടോ എന്നു നോക്കട്ടെ.” ”പക്ഷേ, ഞങ്ങളുടെ കൈയില്‍ പണമൊന്നുമില്ല.” ഒരു നിമിഷം അയാള്‍ രണ്ടു പേരെയും സൂക്ഷിച്ചു നോക്കി. ”നിങ്ങളുടെ കൈയില്‍ ഒട്ടും പണമില്ല എന്നുറപ്പാണോ?” ”അതെ, ഞങ്ങളുടെ കൈയില്‍ പണമൊന്നുമില്ല. പക്ഷേ, വിശന്നിട്ടു വയ്യ.” മാനേജര്‍ അടുക്കളയിലേക്കു പോയി, തിരിച്ചു വന്നു കൈയിലുള്ള രണ്ടു വലിയ പായ്ക്കറ്റു പിസ്സ അവര്‍ക്കു നേരെ നീട്ടി. അമ്മ കൂടെയുണ്ടു് എന്നു രണ്ടു പേര്‍ക്കും ഉറപ്പായി. അപ്രതീക്ഷിതമായ ഈ കാരുണ്യത്തിനു പ്രേരണ മറ്റാരായിരിക്കും!
അടുത്ത ദിവസം അവര്‍ അമ്മ ദര്‍ശനം കൊടുക്കുന്ന ഹോട്ടലിലെത്തി. വണ്ടികള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്തെത്തി അവര്‍ അവിടെ നില്ക്കുന്ന കാവല്ക്കാരനോടു പറഞ്ഞു, ”ഞങ്ങള്‍ അമ്മയെ കാണാന്‍ വന്നതാണു്. നാലു ദിവസം ഇവിടെയുണ്ടാകും. ഈ കാറിവിടെ പാര്‍ക്കു ചെയ്യണം. പക്ഷേ, അതിനു പൈസ തരാന്‍ ഞങ്ങളുടെ കൈയിലില്ല.” ”ഉറപ്പാണോ? നിങ്ങളുടെ കൈയില്‍ ഒട്ടും പണമില്ലേ?” അയാളും ചോദിച്ചു. ”ഇല്ല, ഞങ്ങളുടെ കൈയില്‍ ഒരു പൈസപോലുമില്ല.” ”ശരി, ഏറ്റവും അറ്റത്തു പോയി പാര്‍ക്കു ചെയ്‌തോളൂ.” അങ്ങനെ ആ നാലു ദിവസങ്ങളില്‍ ഇരുപത്തിനാലു ഡോളറെങ്കിലും ഫീസു വരുമായിരുന്ന പാര്‍ക്കിങ് സ്ഥലം അവര്‍ക്കു സൗജന്യമായി ലഭിച്ചു.
പിന്നീടു ഹോട്ടലില്‍ ഒരു മുറി എടുക്കാനായി അവരുടെ ശ്രമം. അവിടെയും അവര്‍ ഇതുതന്നെ പറഞ്ഞു, അമ്മയെ കാണാന്‍ വന്നതാണെന്നും, മുറിവാടക കൊടുക്കാന്‍ കാശില്ലെന്നും. ”ഹോട്ടലില്‍ മുറിയെല്ലാം ബുക്കു ചെയ്തു പോയി.” കൗണ്ടറിലിരുന്ന ആള്‍ പറഞ്ഞു. ”ഏതെങ്കിലും മുറി ബാക്കിയുണ്ടോ എന്നു നോക്കട്ടെ. അദ്ഭുതംതന്നെ ഒരു സിങ്കിള്‍ റൂം ഒഴിവുണ്ടു്. നിങ്ങള്‍ക്കു വിരോധമില്ലെങ്കില്‍ ആ മുറിയില്‍ രണ്ടുപേര്‍ക്കും കൂടി താമസിക്കാം. ”മുറിയുടെ വാടക നൂറ്റിയിരുപത്തിയഞ്ചു ഡോളറായിരുന്നു. പക്ഷേ, ആന്‍ഡിക്കും സുഹൃത്തിനും അതിനും പണമൊന്നും കൊടുക്കേണ്ടി വന്നില്ല.
പിന്നീടു് അവര്‍ അമ്മയുടെ ദര്‍ശനത്തിനെത്തി. ആന്‍ഡിയും സുഹൃത്തും പ്രാര്‍ത്ഥിച്ചുകൊണ്ടു ക്യൂവില്‍ നിന്നു. അമ്മയുടെ അടുത്തെത്തി. ആന്‍ഡിയുടെ സുഹൃത്തിനെ അമ്മ ഒന്നു സ്പര്‍ശിച്ചപ്പോഴേക്കും അദ്ദേഹം അര്‍ദ്ധബോധാവസ്ഥയിലായിപ്പോയി. തന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും നടുവില്‍, ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന അമ്മയെയാണു താന്‍ മുന്നില്‍ കണ്ടതെന്നു പിന്നീടദ്ദേഹം ആന്‍ഡിയോടു പറഞ്ഞുവത്രേ! അദ്ദേഹം വിറയ്ക്കാന്‍ തുടങ്ങി.
അര്‍ദ്ധബോധാവസ്ഥയില്‍ തന്നെയായിരുന്ന അദ്ദേഹത്തെ ആരും ശല്യപ്പെടുത്തിയില്ല. ബോധം വന്നപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി. അതും ഒരു മണിക്കൂറോളം തുടര്‍ന്നു. സുഹൃത്തു് ഒരു പിശുക്കനും മയക്കുമരുന്നിനടിമയും മദ്യപാനിയും പുകവലിക്കുന്നവനും ചതിയനും സ്ത്രീലമ്പടനുമായിരുന്നു. കരഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഓരോ തുള്ളി കണ്ണീരിന്റെ കൂടെയും തന്റെ ഓരോ ദുര്‍വ്വാസനയും കഴുകി പോകുന്നതായി അദ്ദേഹത്തിനു തോന്നി.
അമ്മയുടെ കൂടെ നാലു ദിവസങ്ങള്‍ ചിലവിട്ടു തിരിച്ചുവന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആന്‍ഡി സുഹൃത്തിന്റെ വിശേഷമറിയാന്‍ വിളിച്ചു. അദ്ദേഹം പറഞ്ഞു, ”എനിക്കിപ്പോള്‍ ഒരു ദുഃസ്വഭാവവുമില്ല. ഞാന്‍ മദ്യപാനം നിര്‍ത്തി. മത്സ്യവും മാംസവും ഉപേക്ഷിച്ചു. പുകവലിക്കുന്നില്ല, നുണ പറയുന്നില്ല. ഞാനിപ്പോഴൊരു പുതിയ മനുഷ്യനാണു്. കഴിഞ്ഞ രണ്ടാഴ്ചകൊണ്ടു ഞാന്‍ പത്തു കിലോ കുറഞ്ഞു. അമ്മ എന്നെ ഓരോ നിമിഷവും സംരക്ഷിച്ചുകൊണ്ടിരിക്കയാണു്.”