ഈശ്വരപൂജയ്ക്കായി, നാം ഉപയോഗിക്കുന്നതെന്തും ഏറ്റവും നല്ലതായിരിക്കാന്‍ നമ്മള് ശ്രദ്ധിക്കും. ചീഞ്ഞ പഴങ്ങളോ വാടിയ പൂക്കളോ വൃത്തിയില്ലാത്ത പാത്രങ്ങളോ ഒന്നും നമ്മള് ഒരിക്കലും ഈശ്വരപൂജയ്ക്കു് ഉപയോഗിക്കാറില്ല.

നാം എത്ര ശ്രദ്ധയോടുകൂടി റോഡു മുറിച്ചു കടക്കുവാന്‍ ശ്രമിച്ചാലും മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധകൊണ്ടു നമുക്കു് അപകടം ഉണ്ടാകാം. കര്‍മ്മഫലത്തെ നിയന്ത്രിക്കുന്ന എല്ലാ ഘടകങ്ങളും നമുക്കു് അനുകൂലമായിത്തീരാന്‍ ഈശ്വരകൃപ ഉണ്ടായേ കഴിയൂ എന്നു പറയുന്നതു് അതുകൊണ്ടാണു് . അതിനുള്ള എളുപ്പവഴി, എല്ലാ കര്‍മ്മങ്ങളും ഈശ്വരപൂജ ആയി ചെയ്യുക എന്നതാണു്.
ഓരോ കര്‍മ്മവും ഈ മനോഭാവത്തോടുകൂടി ചെയ്താല്‍ കാലക്രമേണ നമുക്കു സത്കര്‍മ്മങ്ങള്‍ മാത്രമേ ചെയ്യുവാന്‍ കഴിയുകയുള്ളൂ. ദുഷ്കര്‍മ്മങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. കാരണം, ദുഷ്കര്‍മ്മങ്ങള്‍ എങ്ങനെ ഈശ്വരനു് അര്‍പ്പിക്കുവാന്‍ കഴിയും?
ഈശ്വരപൂജ ചെയ്യുന്ന ഒരുവനു് ഉണ്ടായിരിക്കേണ്ട മുഖ്യഭാവം വിനയത്തിൻ്റെതാണു്. അതിനാല്‍ പൂജാഭാവത്തില് കര്‍മ്മം ചെയ്യുമ്പോള്‍ നമുക്കു് അഹങ്കരിക്കുവാന്‍ കഴിയുകയില്ല. കര്‍മ്മത്തില്‍ വിജയം സംഭവിച്ചാല്‍ അതു് ഈശ്വരകൃപയായി മാത്രമേ കാണുകയുള്ളൂ. അല്ലാതെ, ആ വിജയം തൻ്റെ കഴിവുകൊണ്ടാണെന്നു് അഹങ്കരിക്കുകയില്ല.
കാരണം, പൂജ കഴിഞ്ഞാല്‍ ലഭിക്കുന്നതു പ്രസാദമാണു്. അതിനാല്‍, കര്‍മ്മഫലത്തെ പ്രസാദമായിട്ടാണു സ്വീകരിക്കുന്നതു്. കര്‍മ്മം ചെയ്യുമ്പോഴുള്ള വിനയഭാവം കര്‍മ്മഫലം അനുഭവിക്കുമ്പോഴും ഉണ്ടാകണം. പ്രസാദത്തിൻ്റെ കുറ്റവും കുറവും നാം നോക്കാറില്ല.
പരാജയം സംഭവിച്ചാല്‍, അതും ഈശ്വരപ്രസാദം എന്നു കണ്ടു്, മടിയന്മാരെപ്പോലെ ഇരിക്കണമെന്നു് ഇതു് അര്‍ത്ഥമാക്കുന്നില്ല. ഉയര്‍ച്ചയ്ക്കുള്ള സാദ്ധ്യതയുണ്ടെങ്കില്‍ വീണ്ടും ശ്രമിക്കണം. എന്നിട്ടും പരാജയമാണു സംഭവിക്കുന്നതെങ്കില്‍ ഈശ്വരേച്ഛയായിട്ടു സ്വീകരിക്കുക.

വിജയത്തെ ഈശ്വരകൃപയായി കാണുമ്പോള്‍ നമ്മില്‍ അഹങ്കാരം ഉണ്ടാകുകയില്ല. അപ്പോള്‍ വിജയത്തില്‍ എല്ലാം മറന്നു മാനംമുട്ടെ തുള്ളിച്ചാടുകയോ പരാജയത്തില്‍ മനസ്സു് തളര്‍ന്നു നിലംപതിക്കുകയോ ചെയ്യില്ല. പരാജയത്തെ ഈശ്വരേച്ഛയായി കാണുമ്പോള്‍ ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ എന്ന വിചാരം ഉണ്ടാകില്ല.
പരാജയം സംഭവിച്ചാല്‍ ഈ സമയത്തു്, ഇങ്ങനെയുള്ള ഒരു അനുഭവമാണു ഞാന്‍ അര്‍ഹിക്കുന്നതു് എന്നു കരുതിയാല്‍ മതി. ഒരു പ്രാരബ്ധംകൂടി ഒഴിവായി എന്നു കാണണം. ആ അനുഭവം നമുക്കു ജീവിതത്തില്‍ ഒരു പാഠമാണെന്നും അതില്‍നിന്നും എന്തെങ്കിലും പാഠംപഠിക്കുവാന്‍ കഴിയും എന്നും വിചാരിച്ചാല്‍ മതി.
വിവേകമുണ്ടെങ്കില്‍, ഏതു കര്‍മ്മത്തെയും നമുക്കനുകൂലമാക്കിത്തീര്‍ക്കുവാന്‍ കഴിയും. ശരിയായ മനോഭാവത്തോടെ, ഈശ്വരപൂജ ആയി കര്‍മ്മത്തെ സമീപിക്കുമ്പോള്‍ ജോലിയില്‍നിന്നുള്ള വിരസതയും ഒഴിവാകും.
ഉത്സാഹത്തോടുകൂടിയുള്ള നമ്മുടെ പ്രയത്നവും അവിടുത്തെ കൃപയും കൂടിച്ചേരുമ്പോള്‍ വിജയം തീര്‍ച്ചയായും നമ്മുടെ പക്ഷത്തു തന്നെയായിരിക്കും. എന്തുതന്നെയായാലും, നിരാശരാകാന്‍ പാടില്ല. ഭഗവാന് എപ്പോഴും അദ്ധ്വാനിക്കുന്നവൻ്റെ കൂടെയാണു്. വിജയം അവനുള്ളതാണു്.

Download Amma App and stay connected to Amma