”നിങ്ങള്‍ പറയുന്ന മനസ്സിന്റെ നിശ്ചലത കവിത രചിക്കുമ്പോഴും ഭാവനാലോകത്തു കഴിയുമ്പോഴും പ്രകൃതിഭംഗി ആസ്വദിക്കുമ്പോഴുമെല്ലാം ഒരു കവിക്കും കിട്ടുന്നുണ്ട്.

തന്റെ വിളവിനെക്കുറിച്ചു കിനാവു കാണുന്ന കൃഷിക്കാരനും മനസ്സിന്റെ നിശ്ചലത അനുഭവിക്കുന്നുണ്ട്. കാമുകന്‍ കാമുകിയെക്കുറിച്ചു മനോരാജ്യം കാണുമ്പോള്‍ അയാളും അതേ തലത്തിലാണ്. പക്ഷേ, ഇവരുടെ ആരുടെയെങ്കിലും അഹന്ത നശിച്ചു കാണുന്നുണ്ടോ? അവര്‍ മനസ്സിനു് അധീനരാണു്, എന്നുതന്നെയല്ല അതു് അവരില്‍ കൂടുതലാണെന്നു കാണാം. അവരുടെ തല നിറയെ ചിന്തകളും ആശയങ്ങളും ഭാവിപരിപാടികളുമാണ്. തങ്ങളുടെ താല്‍ക്കാലിക ഏകാഗ്രതയില്‍ നിന്നു പുറത്തു വന്നു കഴിഞ്ഞാല്‍ അവര്‍ പിന്നെയും പഴയ മനുഷ്യരായി മാറുകയായി.’

‘മാത്രവുമല്ല, ശാസ്ത്രജ്ഞനും മറ്റും കര്‍മ്മങ്ങളിലൂടെ അവരുടെ അഹന്ത വളര്‍ത്തുക കൂടിയാണു ചെയ്യുന്നത്. തന്റെ വിഷയത്തെപ്പറ്റി കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ താന്‍ ആ വിഷയത്തില്‍ മറ്റുള്ളവരെക്കാള്‍ കേമനാണെന്ന ഭാവം അയാള്‍ ഊട്ടി ഉറപ്പിക്കുകയാണ്. മറിച്ചു് ഒരു ഋഷിക്കു് അങ്ങനെ ഒരു ഭാവമില്ല. താന്‍ ഒന്നുമല്ല എന്ന ഭാവമാണവിടെ. നദിയിലെ ഒരു ശവശരീരം പോലെ. ജീവിത നദിയുടെ ഒഴുക്കിനൊത്തു നീങ്ങുന്നു. ഗവേഷകന്‍ വിഷയ ജ്ഞാനം കൊണ്ടു ബാഹ്യമായി ധനവാനാണ്. മറിച്ചു് പരമസത്തയുമായുള്ള ഐക്യമനുഭവിച്ചറിയുന്ന മുനിയുടെ ധനം ആന്തരികമാണ്.

ശാസ്ത്രകാരന്‍ നാനാത്വം കാണുന്നിടത്തു ഋഷി ഏകത്വം കാണുന്നു. ശാസ്ത്രജ്ഞന്‍ തന്നെ സൃഷ്ടിയുടെ ഭാഗമായി കാണുന്നു, ഋഷി തന്നിലാണു സമസ്ത സൃഷ്ടിയുമെന്നു് അറിയുന്നു. ശാസ്ത്രജ്ഞന്‍ തന്റെ ബുദ്ധിയില്‍ കണക്കുകളും കാര്യങ്ങളും കുത്തി നിറയ്ക്കുന്നു. എന്നാല്‍ ഋഷിക്കു് അറിവു് ഒരു ഭാരമാകുന്നില്ല. മുറ്റത്തുകൂടി വറ്റാത്ത പുഴയൊഴുകുമ്പോള്‍ വീട്ടിനുള്ളില്‍ കുടങ്ങള്‍ എല്ലാം വെള്ളം നിറച്ചു വയ്ക്കാന്‍ വ്യഗ്രതപ്പെടേണ്ടല്ലോ. ഏകത്വബോധത്തിനു പോറലേല്പിക്കാതെ തന്നെ എല്ലാ അറിവിനും അദ്ദേഹം സാക്ഷിയായി നില്ക്കുന്നു.

ശാസ്ത്രകാരന്‍ തന്റെ അന്വേഷണമേഖല ചുരുക്കിച്ചുരുക്കി അതെപ്പറ്റി കൂടുതല്‍ കൂടുതല്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. തന്റെ ദര്‍ശനമേഖല വികസിപ്പിച്ചു വികസിപ്പിച്ചു പ്രപഞ്ചസീമകള്‍ അതിക്രമിക്കുകയാണു ഋഷി ചെയ്യുന്നത്.”

അമ്മയുടെ മിഴികള്‍ ആകാശത്തിലേക്കുയര്‍ന്നു. ത്രിസന്ധ്യ തൊഴുതു നില്ക്കുന്നു. മാനവരാശി കോടാനുകോടി വര്‍ഷങ്ങളായി നടത്തുന്ന സത്യാന്വേഷണത്തിന്റെ ഇതിഹാസം മനോഹരമായൊരു കീര്‍ത്തനമായി അമ്മയുടെ ചുണ്ടില്‍ നിന്നുയര്‍ന്നു. ചുറ്റുമിരുന്നവര്‍ ആ ഗാനത്തിനു് അനുപല്ലവിയായി….

കോടാനുകോടി വര്‍ഷങ്ങളായ് സത്യമേ
തേടുന്നു നിന്നെ മനഷ്യന്‍ (2)

ധ്യാനനിമഗ്നനായ് നിന്‍ ദിവ്യധാരയില്‍
ആത്മാവിനെച്ചേര്‍ത്തൊഴുക്കാം
എല്ലാം ത്യജിച്ചു ഋഷീശ്വരെണ്ണിയാല്‍
തീരാത്ത വര്‍ഷം തപസ്സിരുന്നു(കോടാനു)

ഘോരമായ് വീശും കൊടുങ്കാറ്റിലും നിന്റെ
സൂര്യതേജസ്സുള്ള കൊച്ചുനാളം
ആടിക്കളിക്കാനനങ്ങാതെ നില്ക്കുന്നു
ആര്‍ക്കും അടുക്കുവാന്‍ കെലെ്പഴാതെ.(കോടാനുകോടി)

പുഷ്പലതകളും പൂജാമുറികളും
പുത്തന്‍ കൊടിമരക്ഷേത്രങ്ങളും
എത്ര യുഗങ്ങളായ് കാത്തിരുന്നു നിന്നെ
എത്താത്ത ദൂരെ ആയിരുന്നു.(കോടാനുകോടി)