അമ്മേ! ജഗന്മനോമോഹനാകാരമാര്‍-
ന്നുണ്മയായ്, വെണ്മതിപോലെ ചിദാകാശ
നിര്‍മ്മല സ്നേഹപ്രകാശമായ്, ഞങ്ങള്‍ക്കു
കണ്ണിന്നുകണ്ണായി, കാവലായ് നില്ക്കുന്നൊ-
രമ്മേ! കൃപാമൃതവാരിധേ കൈതൊഴാം…

നിന്‍ മാതൃഭാവമനന്തമചിന്ത്യ,മേ-
തന്ധമാം ജന്മാന്തരത്തിലും വാത്സല്യ
മന്ദാരപുഷ്പമായ് മക്കള്‍ക്കു ശാന്തിയും
സന്തോഷവും നല്കിയെത്തുന്നൊരാസൗമ്യ-
മന്ദസ്മിതത്തിന്നു കൈതൊഴാം കൈതൊഴാം…

നിന്‍ മൃദുരാഗമധുനിസ്വനങ്ങളോ
പഞ്ചമംപാടും കിളിച്ചുണ്ടിലൂറുന്നു!
നിന്‍മധുരാമൃതപ്രേമസൗന്ദര്യമോ
വെണ്‍പനീര്‍പൂക്കള്‍ നിറഞ്ഞൊഴുകീടുന്നു…
നിൻ്റെ ഹൃത്താളം പകര്‍ത്തി നില്ക്കുന്നുവോ
മന്ദസമീരന്‍നുണഞ്ഞിലച്ചാര്‍ത്തുകള്‍…

എന്തു സമ്മോഹനമമ്മേ! പ്രകൃതിയില്‍
നിന്നില്‍നിന്നന്യമായില്ലൊന്നുമൊന്നുമേ…
പൊന്നുഷസ്സമ്മയെ സ്വാഗതം ചെയ്യുവാന്‍
എന്നും വിളക്കുതെളിച്ചെത്തിടുമ്പോഴും
നിന്നനഘാനന്ദസന്ദോഹലക്ഷ്മിയില്‍
മൃണ്‍മയലോകമലിഞ്ഞു നില്ക്കുമ്പൊഴും
നിന്നപദാനങ്ങള്‍ പാടും കടലല-
തന്നോടു ചേരാന്‍ പുഴ കുതിക്കുമ്പൊഴും
നിന്നെയല്ലാതെ മറ്റാരെയോര്‍ക്കുന്നു, സ-
ച്ചിന്മയേ മായേ മഹാപ്രപഞ്ചാത്മികേ…

നിന്നെത്തൊഴുതുവണങ്ങി സ്തുതിക്കുവാന്‍
ജന്മം കനിവാര്‍ന്നുതന്ന കാരുണ്യമേ
കണ്ണിലും കാതിലും നാവിലും, പിന്നക-
ക്കണ്ണിലും നീ കളിയാടുവാനാപ്പാദ
പുണ്യത്തിലെല്ലാം മറന്നു സമര്‍പ്പിച്ചു-
നിന്നുകൊള്ളാന്‍ നീയനുജ്ഞ നല്‌കേണമേ…

എന്നഹം, എന്‍ ഗൃഹം, എന്‍ ധനം, എന്‍ മനം
എന്മോഹമെന്‍സൗഖ്യദുഃഖങ്ങള്‍പോലുമേ
അമ്മേ! തവാധീനമെന്നറിഞ്ഞീടുന്ന
കന്മഷമില്ലാത്ത ചിന്തകള്‍ തെളിക്കുന്ന
ബന്ധുരക്ഷേത്രശരീരശ്രീകോവിലില്‍
പൊന്‍വിളക്കായ് നീ കത്തിനിലേ്ക്കണമേ…

അമ്മേ! തൊഴുന്നേന്‍ തൊഴുന്നേ,നടുത്തടു-
ത്തെങ്ങോ മുഴങ്ങുന്നതാരുടെ കുഴല്‍വിളി…!

അമ്പലപ്പുഴ ഗോപകുമാര്‍

മക്കളേ നമ്മളില്‍ പലരും ദാനം ചെയ്യുമ്പോള്‍പ്പോലും പിശുക്കു കാട്ടുന്നവരാണു്. മക്കള്‍ ഇതോര്‍ക്കണം. എത്രയധികം സമ്പത്തിനുടമയായാലും അവയൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. പിന്നെ എന്തിനു പിശുക്കുകാട്ടണം. കഷ്ടപ്പെടുന്നവര്‍ക്കു നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണം. അതാണു യഥാര്‍ത്ഥ സമ്പത്തു്. ശാന്തിയുടെയും സമാധാനത്തിൻ്റെയും മാര്‍ഗ്ഗമതാണു്.

ദാനം

മക്കളേ, നമ്മുടെ മനസ്സിനെ ഈശ്വരനില്‍ സമര്‍പ്പിക്കുവാന്‍ കഴിയണം. പക്ഷേ, അതത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മനസ്സു് എടുത്തു സമര്‍പ്പിക്കുവാന്‍ പറ്റിയ വസ്തുവല്ല. എന്നാല്‍ മനസ്സു് ഏതൊന്നില്‍ ബന്ധിച്ചു നില്ക്കുന്നുവോ ആ വസ്തുവിനെ സമര്‍പ്പിക്കുമ്പോള്‍ മനസ്സിനെ സമര്‍പ്പിച്ചതിനു തുല്യമായി.

നമ്മുടെ മനസ്സു് ഇന്നേറ്റവും അധികം ബന്ധിച്ചുനില്ക്കുന്നതു സമ്പത്തിലാണു്; ഭാര്യയോടും മക്കളോടുമല്ല, അച്ഛനോടും അമ്മയോടുമല്ല. ഓഹരി വയ്ക്കുമ്പോള്‍ തങ്ങള്‍ക്കവകാശം അച്ഛനമ്മമാരുടെ മരണ ശേഷമാണെന്നുകണ്ടാല്‍ എങ്ങനെയും അവരെ കൊല്ലാന്‍ നോക്കും. വേഗം സമ്പത്തു കൈക്കലാക്കാമല്ലോ. തനിക്കു ലഭിച്ചതില്‍ കുറവുണ്ടെന്നു കണ്ടാല്‍ അച്ഛനമ്മമാര്‍ക്കെതിരെ കേസുകൊടുക്കാനും മടിക്കില്ല.

അച്ഛനെയും അമ്മയെയും അപേക്ഷിച്ചു് അധികം സ്നേഹം സമ്പത്തിനോടാണു്. നമ്മുടെ മനസ്സിനെ ബന്ധിച്ചിരിക്കുന്ന സമ്പത്തു സമര്‍പ്പിക്കുന്നതിലൂടെ നമ്മള്‍ മനസ്സിനെയാണു സമര്‍പ്പിക്കുന്നതു്. സമര്‍പ്പണഭാവം വന്ന ഹൃദയത്തില്‍നിന്നുയരുന്ന പ്രാര്‍ത്ഥനകൊണ്ടേ പ്രയോജനമുള്ളൂ. നമ്മുടെ പണവും പ്രതാപവും ഒന്നും ഈശ്വരനാവശ്യമില്ല.

സൂര്യനു വെളിച്ചം കാണാന്‍ മെഴുകുതിരി വേണ്ട. ഈ സമര്‍പ്പണഭാവംകൊണ്ടു നമുക്കാണു പ്രയോജനം. അതുവഴി അവിടുത്തെ കൃപയ്ക്കു പാത്രമാകുവാന്‍ നമുക്കു കഴിയും. എന്നെന്നും ആനന്ദിക്കുവാന്‍ സാധിക്കും. സമ്പത്തു് ഇന്നല്ലെങ്കില്‍ നാളെ നഷ്ടമാവുകതന്നെ ചെയ്യും. എന്നാല്‍ അതിൻ്റെ സ്ഥാനത്തു് ഈശ്വരനെ പ്രതിഷ്ഠിച്ചാല്‍ നാം നിത്യാനന്ദത്തിൻ്റെ ഉടമകളായിത്തീരും.

നിസ്സാരകാര്യങ്ങള്‍ മതി ഇന്നു നമ്മുടെ മനസ്സിൻ്റെ നിയന്ത്രണം നഷ്ടമാകാന്‍. അതോടെ ജോലികളിലുള്ള ശ്രദ്ധപോകും. വീട്ടുകാരോടും സുഹൃത്തുക്കളോടും സ്നേഹപൂര്‍വ്വം പെരുമാറാന്‍ സാധിക്കില്ല. ക്രമേണ ജീവിതത്തില്‍ സകലതിനോടും വെറുപ്പും വിദ്വേഷവുമാകും. അശാന്തിമൂലം ഉറക്കം നഷ്ടമാകും. ഗുളികകള്‍ കൂടാതെ ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലെത്തും. ഇങ്ങനെയുള്ള എത്രയോ ജീവിതങ്ങളാണു നമുക്കു ചുറ്റുമുള്ളതു്.

എന്നാല്‍ യഥാര്‍ത്ഥ ഈശ്വരവിശ്വാസത്തിലൂടെ, ധ്യാനത്തിലൂടെ, ജപത്തിലൂടെ, പ്രാര്‍ത്ഥനയിലൂടെ ഏതു സാഹചര്യത്തിലും തളരാതെ മുന്നോട്ടുപോകുവാന്‍ വേണ്ട കരുത്തു നേടുവാന്‍ കഴിയുന്നു. സാഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ ആകട്ടെ, കിട്ടിയിരിക്കുന്ന കര്‍മ്മം എന്തുതന്നെയാകട്ടെ, വേണ്ടത്ര ശ്രദ്ധയോടെ അതു ചെയ്യുവാന്‍ സാധിക്കുന്നു.

അതിനാല്‍ മക്കള്‍, കിട്ടുന്ന സമയം പാഴാക്കാതെ മന്ത്രം ജപിക്കുക. നിസ്സ്വാര്‍ത്ഥമായി, നിഷ്‌കാമമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ഇവയൊക്കെയാണു ശാന്തിയുടെയും സമാധാനത്തിൻ്റെയും ലോകത്തിലേക്കു നമ്മെ നയിക്കുന്നതു്.

പ്രതിബധ്‌നാതി ഹി ശ്രേയഃ 
പൂജ്യപൂജാവ്യതിക്രമഃ 

                                              (രഘുവംശം - 1 - 71)

മഹാകവി കാളിദാസൻ്റെ മഹത്തായ സൂക്തമാണിതു്. ആര്‍ഷ സംസ്‌കൃതിയുടെ പൊരുളില്‍നിന്നും കൊളുത്തിയെടുത്ത ദീപശിഖ! ‘പൂജ്യന്മാരെ പൂജിക്കാതിരുന്നാല്‍ അതു ശ്രേയസ്സിനെ തടയും’ എന്നാണല്ലോ മഹാകവി നല്കുന്ന സന്ദേശം. ഔചിത്യ വേദിയായ കവി നിര്‍ണ്ണായകമായൊരു സന്ദര്‍ഭത്തിലാണു് ഈ ‘മഹാവാക്യം’ ഉച്ചരിക്കുന്നതു്.

രഘുവംശമഹാകാവ്യത്തില്‍ ദിലീപമഹാരാജാവിൻ്റെ അനപത്യതാദുഃഖപ്രശ്‌നത്തിലേക്കു തപോദൃഷ്ടികള്‍ പായിച്ചുകൊണ്ടു വസിഷ്ഠമഹര്‍ഷി മൊഴിയുന്നതാണു സന്ദര്‍ഭം. മഹോജ്ജ്വലമായ സൂര്യവംശം ദിലീപനോടെ അന്യം നിന്നുപോകുന്ന ദുരവസ്ഥയിലെത്തിനില്ക്കുകയാണു്. ദുഃഖിതനായ രാജാവു കുലഗുരു വസിഷ്ഠനെ തേടിയെത്തുന്നു. ത്രികാലജ്ഞനായ ഋഷി, കാരണം കണ്ടെത്തിയതു ദിലീപന്‍ ചെയ്തുപോയ ‘പൂജ്യപൂജാ’വ്യതിക്രമത്തിലാണു്!

ഒരിക്കല്‍ ഇന്ദ്രലോകം സന്ദര്‍ശിച്ചു മടങ്ങവേ വിരഹാതുരനായിത്തീര്‍ന്ന ദിലീപന്‍ പത്‌നിയെ കാണാനുള്ള തിടുക്കത്തില്‍ രഥ വേഗം കൂട്ടി. വഴിയരികില്‍ അയവിറക്കി കിടന്നിരുന്ന കാമധേനുവിനെ രാജാവു കണ്ടില്ല; കേട്ടുമില്ല! ആര്‍ഷധര്‍മ്മത്തില്‍ ഗോപൂജയ്ക്കുള്ള അഭ്യര്‍ഹിതമായ സ്ഥാനം അറിയാത്തവനല്ല ദിലീപന്‍. മാത്രമല്ല, ഈ കാമധേനുവാകട്ടെ സമസ്തകാമങ്ങളും ചുരത്തിക്കൊടുക്കുന്ന ദിവ്യധേനുവാണെന്നു നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടു് ഇതു രാജപക്ഷത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായിത്തീര്‍ന്നിരിക്കുന്നു.

കാമധേനു

ഇതില്‍ ക്രുദ്ധയായിത്തീര്‍ന്ന കാമധേനു രാജാവിനെ ശപിച്ചിരിക്കുകയാണു്. അതു ദിലീപൻ്റെ അനപത്യതയ്ക്കു കാരണമാവുകയും ചെയ്തു. പരിഹാരം കാമധേനു പൂജ മാത്രം എന്നു വസിഷ്ഠന്‍! പക്ഷേ, കാമധേനു സ്ഥലത്തില്ലാത്തതുകൊണ്ടു മകളായ നന്ദിനിയെ പൂജിച്ചാല്‍ മതിയെന്നു മുനി അറിയിച്ചു. കാമധേനുവിൻ്റെ ശാപത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആകാശഗംഗയുടെ ഇരമ്പലില്‍ ആ ശാപോക്തികള്‍ ദിലീപന്‍ കേള്‍ക്കാതെപോയി!

അങ്ങനെ ഗുരുനിയോഗമനുസരിച്ചു ദിലീപന്‍ നന്ദിനിയെ 
പരിചരിക്കാന്‍ തയ്യാറായി. 

        ' പ്രസ്ഥിതായാം പ്രതിഷേ്ഠഥാഃ 
         സ്ഥിതായാം സ്ഥിതിമാചരേഃ
         നിഷണ്ണായാം നിഷീദാസ്യാം 
         പീതാംഭസി പിബേരപഃ '
                                                              (രഘുവംശം ശ്ലോകം-1-89)

(ഇവള്‍ നടന്നാല്‍ അങ്ങു നടക്കുക, നിന്നാല്‍ നില്ക്കുക, 
ഇരുന്നാല്‍ ഇരിക്കുക, വെള്ളം കുടിച്ചാല്‍ കുടിക്കുക.) 
എന്നിങ്ങനെ അതികഠിനമായ സപര്യയായിരുന്നു വസിഷ്ഠന്‍ 
കല്പിച്ചിരുന്നതു്. രാജാവു 'വനവൃത്തി'യായി ജീവിച്ചുകൊണ്ടു 
നന്ദിനീസേവ മുടങ്ങാതെ ചെയ്തു പോന്നു. രാജപത്‌നിയാകട്ടെ 
നന്ദിനിയെ യാത്രയാക്കാനും സ്വീകരിക്കാനും സന്നദ്ധയായി 
തൊഴുത്തില്‍ കഴിയുകയും ചെയ്തു!

നോക്കൂ; ഒരു അശ്രദ്ധയിലൂടെ വന്ന ഗൗരവാവഹമായ ‘പൂജ്യപൂജാവ്യതിക്രമവും അതിനു കല്പിച്ചുകൊടുത്ത ശാപവും ശാപമോക്ഷവുമാണിതു്. ഭാരതചക്രവര്‍ത്തിയായിരുന്ന ദിലീപനുപോലും കാലിമേച്ചു കാട്ടിലൂടെ നടക്കേണ്ടി വന്നു എന്നതു് ആ ധര്‍മ്മഭ്രംശത്തിൻ്റെ ഗൗരവപ്രകൃതിയെ ഉദാഹരിക്കുന്നുണ്ടു്. ഈ സത്യം ജീവിതംകൊണ്ടറിഞ്ഞവരായിരുന്നു ഭാരതവര്‍ഷത്തിലെ കിരീടാധിപതികള്‍. ഇതിഹാസങ്ങളില്‍ ആ മാതൃകാചക്രവര്‍ത്തിമാര്‍ സുലഭം!

‘മഹാഭാരത’ത്തിലേക്കു നോക്കുക. കുരുക്ഷേത്രയുദ്ധാരംഭത്തില്‍ സൈന്യങ്ങള്‍ അഭിമുഖം നില്ക്കുകയാണു്. യുദ്ധകാഹളം മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. പെട്ടെന്നതാ അവിശ്വസനീയമായ ഒരു കാഴ്ച. യുധിഷ്ഠിരന്‍ കൗരവസേനയെ സമീപിക്കുകയാണു്; കൂടെ സഹോദരന്മാരും. അവര്‍ പരാജയഭീതി കാരണം കൗരവന്മാരോടു് അടിയറവു പറയാന്‍ പോവുകയാണെന്നു കരുതി കൗരവപക്ഷം ബഹളം തുടങ്ങി. പാണ്ഡവപക്ഷത്തുള്ളവര്‍തന്നെ ലജ്ജിതരായി.

എന്നാല്‍ യുധിഷ്ഠിരന്‍ ഒട്ടും പതറാതെ ഭീഷ്മപിതാമഹൻ്റെ മുന്‍പിലെത്തി നമിച്ചുകൊണ്ടു യുദ്ധാനുമതിയും ആശീര്‍വാദങ്ങളും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നു്, യുധിഷ്ഠിരനെ അനുകരിച്ചുകൊണ്ടു സഹോദരന്മാരും ഗുരുപൂജ ചെയ്തു. ഭീഷ്മര്‍ യുധിഷ്ഠിരനോടു പറഞ്ഞു, ”യുദ്ധം തുടങ്ങും മുന്‍പേ ഇങ്ങനെ വന്നില്ലായിരുന്നുവെങ്കില്‍ നീ തോല്ക്കാന്‍ ഞാന്‍ ശപിച്ചേനെ. ഞാന്‍ ഏറെ സന്തുഷ്ടനാണു്; നീ വരങ്ങള്‍ ചോദിച്ചു കൊള്ളുക!” തുടര്‍ന്നു്, പാണ്ഡവര്‍, ദ്രോണര്‍, കൃപര്‍ തുടങ്ങിയ മറ്റു ഗുരുക്കന്മാരെയും സമീപിച്ചു് അനുഗ്രഹങ്ങള്‍ തേടി.

ഇവിടെ യുധിഷ്ഠിരനും സഹോദരന്മാരും അനുഷ്ഠിച്ചതു പൂജ്യപൂജയുടെ ഉത്തമമാതൃകയായിരുന്നു. ഇക്കാര്യം അദ്ദേഹം വിസ്മരിച്ചിരുന്നുവെങ്കില്‍ പാണ്ഡവപക്ഷം കൊടിയ ശാപച്ചുഴികളില്‍ വീണു നശിക്കുമായിരുന്നു.

അങ്ങനെയായിരുന്നെങ്കില്‍ മഹാഭാരതം മറ്റൊരു കഥ പറയുമായിരുന്നു! എന്നാല്‍ ഔചിത്യവേദിയും മഹാധര്‍മ്മിഷ്ഠനുമായ ധര്‍മ്മ പുത്രര്‍ എന്ന യുധിഷ്ഠിരന്‍ ‘പൂജ്യപൂജ’യുടെ തത്ത്വം നേരത്തേ ഉള്‍ക്കൊണ്ടിരുന്നു. അതു് ആചരിക്കുന്നതില്‍ പുലര്‍ത്തിയ ശ്രദ്ധയാണു് അദ്ദേഹത്തിൻ്റെ മുന്‍പില്‍ ശ്രേയോമാര്‍ഗ്ഗം തുറന്നു കൊടുത്തതു്; ഭാരതേതിഹാസത്തിനു ‘ജയം’ എന്ന ഖ്യാതി നേടിക്കൊടുത്തതു്; ‘യതോ ധര്‍മ്മഃ സ്തതോ ജയഃ’ എന്ന ആദര്‍ശവാക്യം ഉരുത്തിരിച്ചെടുത്തതു്.

അതുകൊണ്ടു്, ശ്രേയസ്സിനു വേണ്ടി നാം പൂജ്യപൂജ ചെയ്‌തേ പറ്റൂ. അതിൻ്റെ സദ്ഫലങ്ങളുടെ ആകെത്തുകയാണു നാം സാധാരണ പറയുന്ന ‘ഗുരുത്വം’ എന്ന വിശിഷ്ടഗുണം. ഗുരുത്വമില്ലാത്തവനെയാണല്ലോ നാം ‘കുരുത്തം കെട്ടവന്‍’ എന്നാക്ഷേപിക്കുന്നതു്. ശ്രേയോമാര്‍ഗ്ഗങ്ങള്‍ അവനു നേരെ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു.

അതുകൊണ്ടു്, തിരക്കുപിടിച്ച ജീവിതമാകുന്ന നെട്ടോട്ടത്തില്‍ നാം ആധുനിക ദിലീപന്മാരായി മാറി ‘മഹത്‌സാന്നിദ്ധ്യ’ങ്ങളെ അവഗണിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടു്.

തിരുവനന്തപുരത്തു് ഒരു പ്രമോഷനോ മറ്റോ തരപ്പെടുത്താനുള്ള
കുതിപ്പില്‍ 'അമ്മയുടെ സാന്നിദ്ധ്യം' കൊല്ലത്തു 
വള്ളിക്കാവിലുണ്ടെന്നു നാം മറക്കാതിരിക്കുക. 
ഔദ്ദ്യോഗികജീവിതത്തിലുള്ളതിനെക്കാള്‍ വലിയൊരു 
'പ്രമോഷന്‍' നമുക്കു നേടിയെടുക്കേണ്ടതുണ്ടു്. ആ പ്രമോഷന്‍  
പ്ര 'മോക്ഷം' എപ്പോഴാണു്, എവിടെ വച്ചാണു ലഭിക്കുക 
എന്നറിയില്ല! 

                            'ക്ഷണേന ലഭ്യതേ ബ്രഹ്മ
                             സദ്ഗുരോരവലോകനാത്'

സദ്ഗുരുവിൻ്റെ ഏതു ദര്‍ശന വേളയിലും ഈ സത്യം 
സാക്ഷാത്കരിക്കപ്പെടാം. എന്നാല്‍ വള്ളിക്കാവില്‍നിന്നും
 ശാപോക്തികള്‍ ഒരിക്കലും നമ്മെ പിന്തുടരുന്നില്ല. 
അവിടെനിന്നും മാതൃത്വത്തിൻ്റെ അനുഗ്രഹ ശീതളിമ 
സദാ നമ്മെ അനുഗമിക്കുന്നു.

                       ശപിക്കയില്ലയീയമ്മ
                       കോപിക്കയുമില്ലിവള്‍!
                       തപിക്കും അന്തരാത്മാവില്‍
                       തളിക്കും അന്ദതധാരകള്‍…

അതുകൊണ്ടു് 'പൂജ്യപൂജ'യുടെ സുവര്‍ണ്ണാവസരങ്ങള്‍ നാം 
നഷ്ടപ്പെടുത്തരുതു്!

പ്രൊഫ: പി.കെ. ദയാനന്ദന്‍

ഒരു സ്ത്രീ തൻ്റെ കൈക്കുഞ്ഞുമായിവന്നു് അമ്മയെ നമസ്‌കരിച്ചു.
മുഷിഞ്ഞവസ്ത്രം, പാറിപ്പറക്കുന്ന മുടി, വിഷാദം തളംകെട്ടി നില്ക്കുന്ന മുഖം.

അമ്മ : മോളിന്നു പോകുന്നുണ്ടോ?
സ്ത്രീ : ഉണ്ടമ്മേ മൂന്നു ദിവസമായില്ലേ വീട്ടില്‍ നിന്നിറങ്ങിയിട്ട്.
അവര്‍ അമ്മയുടെ മാറില്‍ തലചായ്ച്ചു വിതുമ്പിക്കരഞ്ഞു. അമ്മ അവരുടെ മുഖമുയര്‍ത്തി സ്വന്തം കൈകൊണ്ടു കണ്ണുനീര്‍ തുടച്ചു. ”മോളു വിഷമിക്കാതെ എല്ലാം നേരെയാകും.” അമ്മയെ ഒരിക്കല്‍ക്കൂടി നമസ്‌കരിച്ചശേഷം അവര്‍ വെളിയിലേക്കു പോന്നു.

ഒരു ഭക്ത: ആ കുട്ടിയെ ഞാനറിയുന്നതാണ്. എത്ര മാറിപ്പോയി. അമ്മ : ആ മോളുടെ ഭര്‍ത്താവിനു നല്ല ജോലിയുണ്ടായിരുന്നു. ചീത്തകൂട്ടുകെട്ടില്‍പ്പെട്ടു കുടി തുടങ്ങി. കുടിക്കാന്‍ പണമില്ലാതെ ആയപ്പോള്‍ ഭാര്യയുടെ ആഭരണങ്ങള്‍ ചോദിച്ചു. ആ മോള്‍ മടിച്ചുനിന്നപ്പോള്‍ അടിയും ഇടിയുമായി. അവസാനം അടി പേടിച്ചു് ഉള്ള ആഭരണങ്ങള്‍ മുഴുവന്‍ കൊടുത്തു. അയാള്‍ അതു മുഴുവനും വിറ്റു കുടിച്ചു. ഓരോ ദിവസവും കുടി കഴിഞ്ഞു വന്നാല്‍ ഭാര്യയുടെ മുടിക്കു കുത്തിപ്പിടിച്ചു് ഇടിക്കും. അടിയും ഇടിയുംകൊണ്ടു് അതിൻ്റെ കോലം കണ്ടില്ലേ?

രണ്ടു മൂന്നു ദിവസം മുമ്പു കുഞ്ഞിൻ്റെ കഴുത്തില്‍ കിടക്കുന്ന ചെറിയ മാലയ്ക്കുവേണ്ടി വഴക്കായി. അന്നു നല്ലവണ്ണം അടികൊണ്ടു. അവസാനം ആ മോള്‍ കുഞ്ഞിനെയുമെടുത്തുകൊണ്ടു് ഇങ്ങോട്ടുപോന്നു. മുമ്പു് എങ്ങനെ ജീവിച്ചിരുന്ന ഒരു കുടുംബമായിരുന്നു! ഈ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടു് എന്തെങ്കിലും നേട്ടമുണ്ടോ? ആരോഗ്യവും സമ്പത്തും കുടുംബത്തിലെ ശാന്തിയും നഷ്ടം!

ഒരു ഭക്ത: ഞങ്ങളുടെ വീടിനടുത്തു് ഒരു കുടിയനുണ്ട്. ഈ അടുത്തു കുടിച്ചുവന്നു് ഒന്നരവയസ്സു മാത്രം പ്രായമുള്ള തൻ്റെ കുഞ്ഞിനെ വലിച്ചൊരേറ്. എന്തൊരു മനസ്സാണ്! ഭാര്യ അയാളുടെ ഇടികൊണ്ടു് ഈര്‍ക്കിലുപോലായി.

അമ്മ : മോളേ, കുടിച്ചു വെളിവുകെട്ടാല്‍ ഭാര്യയെയും മക്കളെയും
തിരിച്ചറിയുവാനുള്ള കഴിവുപോലും നഷ്ടമാകും. ബോധംകെട്ടു ബഹളമുണ്ടാക്കി വല്ലവരുടെയും കൈയില്‍നിന്നു് അടിയും വാങ്ങിക്കൊണ്ടായിരിക്കും വീട്ടില്‍ വരുന്നത്. ഇതില്‍നിന്നൊക്കെ എന്തു സന്തോഷമാണു കിട്ടുന്നത്! സന്തോഷിക്കുന്നുവെന്നുള്ളതു വെറും തോന്നല്‍ മാത്രമാണ്. ബീഡിയിലും സിഗരറ്റിലും കള്ളിലും കഞ്ചാവിലും മറ്റുമാണോ ആനന്ദം?

മുന്നൂറും നാനൂറും രൂപാ പ്രതിമാസം പുകച്ചു കളയുന്നവരുണ്ട്. ആ
കാശു മതി, ഒരു കുട്ടിയുടെ വിദ്യാഭ്യാസം നടത്താന്‍. അല്പസമയത്തേക്കു് എല്ലാം മറക്കുവാന്‍ ഈ ലഹരിവസ്തുക്കള്‍ സഹായിച്ചേക്കാം. എന്നാല്‍, ആ സമയം ശരീരത്തിൻ്റെ ഓജസ്സു് നഷ്ടപ്പെട്ടു് ആള്‍ നശിക്കുകയാണ്. ആരോഗ്യം ക്ഷയിച്ചു് അകാലത്തില്‍ മരിക്കുകയും ചെയ്യുന്നു. വീട്ടിനും നാട്ടിനും ഉപകാരികളായിത്തീരേണ്ടവര്‍ സ്വയം നശിക്കുന്നു. മറ്റുള്ളവരെയും ദ്രോഹിക്കുന്നു.

14 ഏപ്രിൽ 2020 , അമൃതപുരി

അമ്മയുടെ വിഷു സന്ദേശത്തിൽ നിന്ന്

ഇന്ന് വിഷുദിനമാണല്ലോ, ലോകം മുഴുവന്‍ ദുഃഖത്തില്‍ മുഴുകിയിരിക്കുന്ന ഒരു സമയമാണിത്. കൊറോണ രോഗം കാരണം എത്രയോ ആയിരങ്ങള്‍ മരിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് അതു പടര്‍ന്നു പിടിക്കുകയാണ്. ഈ വേളയില്‍ മരിച്ചവരുടെ ആത്മശാന്തിക്കുവേണ്ടിയും ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിനുവേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം. പ്രയത്‌നിക്കാം.

ഇത്തരം ദുഃഖസാഹചര്യത്തില്‍ വിഷുപോലുള്ള ആഘോഷങ്ങള്‍ക്ക് എന്തു പ്രസക്തി എന്ന് ആരും ചിന്തിച്ചുപോകും. ശരിയാണ്, ആഘോഷങ്ങള്‍ക്കുള്ള സമയമല്ലിത്. എങ്കിലും വിഷു നല്‍കുന്ന സന്ദേശം ഈ സമയത്ത് എറ്റവും പ്രസക്തമാണെന്നാണ് അമ്മയ്ക്കു തോന്നുന്നത്.

വിഷു മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. സ്വാര്‍ത്ഥതകൊണ്ടും അവിവേകം കൊണ്ടും മനുഷ്യന്‍ പ്രകൃതിയോടും ഭൂമിയിലെ മറ്റു ജീവജാലങ്ങളോടും ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ തിരുത്താനുള്ള ആഹ്വാനമാണ് വിഷു നല്‍കുന്നത്. അതു നമുക്ക് ചെവിക്കൊള്ളാം.

ജീവിതത്തിന്റെ വെല്ലുവിളികളെയും പരീക്ഷണങ്ങളെയും ഭയന്നോടാതെ അവയെ ധീരതയോടെ നേരിടാനാണ് ആദ്ധ്യാത്മികത നമ്മളെ പഠിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒരു വൈറസിന്റെ മുമ്പില്‍ ഭയന്നുവിറച്ചു നില്‍ക്കുകയാണ്. ഒരു ഭീകരന്‍ തോക്കുമേന്തി നമ്മളുടെ വീടിന്റെ വാതിലിനു പുറത്തു കാത്തുനില്‍ക്കുന്നു. വാതില്‍ തുറക്കേണ്ട താമസം അയാള്‍ നമ്മളെ ആക്രമിക്കും. അതുപോലെത്തെ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അതിനാല്‍ നമുക്കു വേറെ മാര്‍ഗ്ഗമില്ല. വേണ്ട മുന്‍കരുതല്‍ എടുക്കുകയും ഈശ്വരകൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയുമാണ് നമുക്കു ചെയ്യാനുള്ളത്.

വാസ്തവത്തില്‍ നമുക്ക് ജീവിതത്തില്‍ രണ്ടു കാര്യങ്ങളേ ചെയ്യാനുള്ളൂ. ഒന്നാമത്തേത് പ്രയത്‌നിക്കുക. രണ്ടാമത്തേത് സ്വീകരിക്കുക എന്നതാണ്. ഈ ലോകത്തിലെ എല്ലാ കാര്യവും നമുക്കു മാറ്റാനാവുകയില്ല. പലതും നമ്മുടെ ശക്തിയ്ക്കപ്പുറമാണ്. എല്ലാ യുദ്ധങ്ങളും ജയിച്ച അര്‍ജ്ജുനന് പക്ഷേ സ്വന്തം പുത്രനായ അഭിമന്യുവിന്റെ മരണം കാണേണ്ടിവന്നു. ദുശ്ശാസനനെതിരെയുള്ള ശപഥം പാലിക്കാന്‍ കഴിഞ്ഞ പാഞ്ചാലിക്ക് പക്ഷേ സ്വന്തം മക്കളുടെ മരണം തടയാന്‍ കഴിഞ്ഞില്ല. അതിനാല്‍ ശരണാഗതിയോടെ സ്വീകരിക്കല്‍ മാത്രമാണ് പ്രായോഗികം. എത് പ്രതികൂല സാഹചര്യത്തെയും പ്രതിഷേധമോ ദുഃഖമോ ഇല്ലാതെ സ്വീകരിക്കാന്‍ നമുക്കു കഴിയണം. എന്തുവന്നാലും നമ്മള്‍ തളരില്ല എന്നു തീരുമാനിക്കണം.

സര്‍വ്വജീവരാശിയോടുമുള്ള കാരുണ്യത്തെയും ഈശ്വരനെ മുന്‍നിര്‍ത്തിയുള്ള ഒരു ജീവിതരീതിയേയും വീണ്ടെടുക്കാന്‍ ഈ വിഷുദിനം നമുക്ക് പ്രചോദനമാകട്ടെ.