ആഗോള ആദ്ധ്യാത്മിക വനിതാസമ്മേളനം: 2002 ആഗോളസമാധാനത്തിനുവേണ്ടി 2002 ഒക്ടോബര്‍ ആറുതൊട്ടു ഒന്‍പതുവരെ ജനീവയില്‍വച്ചു് ഒരപൂര്‍വ്വസമ്മേളനം നടന്നു. ലോകമെമ്പാടുമുള്ള ആദ്ധ്യാത്മികപ്രസ്ഥാനങ്ങളിലെ വനിതാസാന്നിധ്യംകൊണ്ടാണു് ഇതപൂര്‍വ്വമായതു്. സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുന്‍പു നടന്ന ചോദ്യോത്തരവേളകള്‍ അമ്മയുടെ സമീപനം വ്യക്തമാക്കുന്നതായിരുന്നു.

അമേരിക്കയിലെ ഡോക്യുമെന്‍ഡറി നിര്‍മ്മാണകമ്പനിയായ റൂഡര്‍ ഫിന്‍ ഗ്രൂപ്പു് അമ്മയുടെ മുന്‍പില്‍ ചില ചോദ്യശരങ്ങള്‍ തൊടുത്തുവിട്ടു.

ചോദ്യം: എന്താണു ലോകസമാധാനത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം? അമ്മ പറഞ്ഞു, ”അതു വളരെ ലളിതമാണല്ലോ! മാറ്റം അവനവനില്‍ നിന്നു് ആദ്യം തുടങ്ങുക. അപ്പോള്‍ ലോകം തനിയെ മാറും. സമാധാനം കൈവരും.” എല്ലാ യുദ്ധങ്ങളും മനുഷ്യമനസ്സിലാണു തുടങ്ങുന്നതെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു അമ്മയുടെ ഉത്തരം. പിന്നെയും ചോദ്യങ്ങള്‍ തുടര്‍ന്നു.

മാതൃത്വത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിനു് അമ്മ കൊടുത്ത മറുപടി വളരെ പ്രസക്തവും പ്രധാനവുമാണു്. മാതൃത്വം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ വേണ്ട ഗുണമാണെന്നു് അമ്മ പറഞ്ഞു. കാരണം, മാതൃത്വം സ്വന്തം കുഞ്ഞിനോടു മാത്രമുള്ള സ്നേഹമല്ല. അതു മറ്റു കുഞ്ഞുങ്ങളോടും ജന്തുക്കളോടും മൃഗങ്ങളോടും മാത്രമല്ല, കല്ലിനോടും പുല്ലിനോടും പാറയോടും പുഴയോടുമൊക്കെ തോന്നേണ്ടതാണു്. ജഗന്മാതാവെന്നു് അമ്മ സ്വയം വെളിപ്പെടുത്തുന്ന അപൂര്‍വ്വം ഉത്തരങ്ങളില്‍ ഒന്നാണു മുകളില്‍ കൊടുത്തതു്.

ഗാന്ധി കിങ് അവാര്‍ഡ്

ഈ ജഗന്മാതൃത്വത്തിൻ്റെ പരമോന്നത അംഗീകാരമെന്ന നിലയിലായിരിക്കണം, ഒക്ടോബര്‍ ഏഴാം തീയതി രാവിലെ 11:30നു് പ്രസംഗ പീഠത്തിനു മുന്‍വശം വന്നു് ആഗോളസമാധാന ദൗത്യ സംഘടനയുടെ കണ്‍വീനറായ മിസ്സ് ഡീനാ മെറിയം ഒരു വലിയ പ്രഖ്യാപനം നടത്തി.

‘ഈ സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണു് അടുത്തു നടക്കാന്‍ പോകുന്നതു്. ഈ വര്‍ഷത്തെ, അക്രമരാഹിത്യത്തിനും സമാധാനത്തിനുമുള്ള ഗാന്ധി കിങ് അവാര്‍ഡ് ഏറ്റുവാങ്ങുവാന്‍ ഞാന്‍ ബഹുമാനപുരസ്സരം മാതാ അമൃതാനന്ദമയീ ദേവിയെ സ്റ്റേജിലേക്കു ക്ഷണിക്കുന്നു.’

ഇതു കേട്ടതും സദസ്യര്‍ ഒന്നടങ്കം എഴുന്നേറ്റുനിന്നു കൈയടിച്ചു് അമ്മയെ വേദിയിലേക്കു സ്വാഗതം ചെയ്തു. കോഫി അന്നനും നെല്‍സണ്‍മണ്ടേലയ്ക്കുമൊക്കെയാണു് ഈ പുരസ്‌കാരം നേരത്തെ ലഭിച്ചിരിക്കുന്നതു്. (…തുടരും)

ഡോ : ടി.വി മുരളീ വല്ലഭൻ

ഒരു ഭക്തന്‍: ഭാര്യയും കുട്ടികളും ഒന്നും വേണ്ടെന്നാണോ അമ്മ
പറയുന്നത് ?

അമ്മ: അവരൊന്നും വേണ്ടെന്നല്ല അമ്മ പറയുന്നത്. മൃഗതുല്യരായി ജീവിതം നയിച്ചു് ആയുസ്സുകളയാതെ സമാധാനമായി ജീവിക്കുവാന്‍ പഠിക്കുക, ഇതാണമ്മ പറയുന്നത്. സുഖം തേടിപ്പോകാതെ
ജീവിതത്തിൻ്റെ ലക്ഷ്യമറിഞ്ഞു ജീവിക്കുക. ലളിതജീവിതം നയിക്കുക. തനിക്കു് ആവശ്യമുള്ളതു കഴിച്ചു് ശേഷിക്കുന്നതു് ധര്‍മ്മം ചെയ്യുക.

നല്ലൊരു മനസ്സിനെ ഉണ്ടാക്കിയെടുക്കുക

ആരെയും ദ്രോഹിക്കാതെ ജീവിക്കുക. ഇതു മറ്റുള്ളവരെയും പഠിപ്പിക്കുക. ലോകത്തിനു് ഇങ്ങനെയുള്ള നല്ല സംസ്‌കാരമാണു നാം നല്‌കേണ്ടത്. സ്വയം നല്ലൊരു മനസ്സിനെ ഉണ്ടാക്കിയെടുക്കുക. അതുവഴി മറ്റുള്ളവരെയും നന്നാക്കുക. ഇതാണു നമുക്കാവശ്യം. അങ്ങനെയായാല്‍ ബാഹ്യസുഖങ്ങള്‍ കുറഞ്ഞാലും ഉള്ളിലെപ്പോഴും ശാന്തിയും സംതൃപ്തിയും നിറയുന്നതു നമുക്കനുഭവിക്കാന്‍ കഴിയും.

ഉപകാരം ചെയ്യാന്‍കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുകയെന്നതു് ഒരു വലിയ സേവനംതന്നെ. എന്നാല്‍ അതുകൊണ്ടു മാത്രമായില്ല. മറ്റുള്ളവര്‍ക്കു് ഉപകാരപ്രദമായ എന്തെങ്കിലും ജോലികള്‍ കണ്ടെത്തിച്ചെയ്യാന്‍ ശ്രമിക്കണം.

എല്ലാം ആവശ്യത്തിനുമാത്രമേ ആകാവൂ. അനാവശ്യമായി ഒന്നുംപാടില്ല. ആഹാരവും ചിന്തയും ഉറക്കവും സംസാരവുമെല്ലാം ആവശ്യത്തിനുമാത്രം. ഇങ്ങനെ നിഷ്ഠയോടുകൂടി ജീവിച്ചാല്‍ മനസ്സില്‍ സച്ചിന്തകള്‍ മാത്രമായിരിക്കും ഉണ്ടാവുക. അങ്ങനെയുള്ളവര്‍ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നില്ല. മറിച്ചു് പവിത്രമാക്കുകയാണു ചെയ്യുന്നതു്. അവരെക്കണ്ടാണു നാം മാതൃകയാവേണ്ടത്.”

വ്യക്തിയുടെയും സമൂഹത്തിൻ്റെയും ശ്രേയസ്സിനായിക്കൊണ്ടുള്ള
അമ്മയുടെ ഉപദേശങ്ങള്‍ ദര്‍ശനത്തിനെത്തിയവരുടെയെല്ലാം മനസ്സിനെ അഗാധമായി സ്പര്‍ശിച്ചുവെന്നു് അവരുടെ മുഖഭാവങ്ങള്‍ വിളിച്ചറിയിച്ചു. മാതൃഭക്തരായ തങ്ങളുടെ ശിഷ്ടജീവിതം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചു് അമ്മ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതുപോലെ തോന്നി. മാതൃസന്നിധിയില്‍ അമൂല്യമായ കുറെനിമിഷങ്ങള്‍ ചെലവിടാന്‍ കഴിഞ്ഞതിലുള്ള ധന്യതയോടെ അവര്‍ അമ്മയെ നമസ്‌കരിച്ചെഴുന്നേറ്റു.

ആദ്യദർശനം

വാഷിങ്ടൺ ഡി.സി.ക്കടുത്തുള്ള ബാൾട്ടിമോർ എന്ന സ്ഥലത്തു താമസിക്കുമ്പോഴാണു ഞാൻ അമ്മയെക്കുറിച്ചു കേൾക്കുന്നതു്. അമ്മയെക്കുറിച്ചു് ആദ്യമായി എന്നോടു പറഞ്ഞയാളെ എനിക്കു പരിചയംപോലുമില്ല. എങ്കിലും അയാൾ എന്നോടു പറഞ്ഞു, ”ഭാരതത്തിൽ നിന്നൊരു മഹാത്മാവു വന്നിട്ടുണ്ടു്. ഞാൻ അവരെ കാണാൻ പോവുകയാണു്.”

”ഓഹോ”, ഞാൻ ചോദിച്ചു, ”എന്താണവരുടെ പേരു്?”

അദ്ദേഹം പറഞ്ഞ ആ പേരു് ഒട്ടും എനിക്കു മനസ്സിലായില്ല. എങ്കിലും എനിക്കാകെ മത്തുപിടിച്ചതുപോലെ. ഞാനാകെ വിറയ്ക്കാൻ തുടങ്ങി. വാക്കുകളൊന്നും പുറത്തു വരുന്നില്ല. എൻ്റെ ഭാവമാറ്റം കണ്ടിട്ടു് എന്നോടിതു പറഞ്ഞയാൾ ആകെ അദ്ഭുതപ്പെട്ടുപോയി. അദ്ദേഹമെനിക്കു് അമ്മയുടെ ന്യൂയോർക്കിലെ പ്രോഗ്രാംസ്ഥലത്തെ അഡ്രസ്സും ഫോൺനമ്പരും തന്നു. കൈകൾ വിറച്ചിരുന്നതുകൊണ്ടു് അതു് എഴുതിയെടുക്കാൻപോലും ഞാൻ വിഷമിച്ചു.

എൻ്റെ പരിചയക്കാരൻ പറഞ്ഞ സ്ത്രീയെ എന്തായാലും കണ്ടേ തീരൂ എന്നു ഞാൻ തീരുമാനിച്ചു. കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. അവരുടെ പേരുപോലും എനിക്കു മനസ്സിലായിരുന്നില്ല. ‘ശ്രീ മാതാ അമൃതാനന്ദമയീ ദേവി’ എന്ന പേരു് അന്നും ഇന്നും എൻ്റെ നാവിനു വഴങ്ങാത്തതാണു്. എനിക്കു് ഒരറിവുമില്ലാത്ത ഏതോ ഒരു സ്ത്രീ. അവരെന്നെ എങ്ങനെ ഇത്ര പെട്ടെന്നു സ്വാധീനിച്ചു എന്നോർത്തു ഞാൻ അതിശയിച്ചു. എനിക്കു് എൻ്റെമേൽ ഒരു സ്വാധീനവുമില്ലാത്തപോലെ. എല്ലാം മറ്റാരോ എന്നെക്കൊണ്ടു ചെയ്യിക്കുകയാണു്.

ഞാൻ എൻ്റെ ഒരു സുഹൃത്തിനെ വീട്ടിലേക്കു വിളിച്ചു വരുത്തി. പിറ്റേദിവസം വെളുപ്പിനു നാലു മണിയുടെ ഫ്ലൈറ്റിൽ എൻ്റെ കൂടെ ന്യൂയോർക്കിലേക്കു വരാമോ എന്നു ചോദിച്ചു. അടുത്ത അദ്ഭുതം! എന്തിനാണു് എന്നു പോലും ചോദിക്കാതെ അദ്ദേഹം കൂടെവരാമെന്നു സമ്മതിച്ചു. യാത്ര പകുതിയായപ്പോഴാണു് എൻ്റെ സുഹൃത്തു്, ന്യൂയോർക്കിൽ പോകുന്നതിൻ്റെ ഉദ്ദേശ്യം തിരക്കിയതു്. ഭാരതത്തിൽനിന്നു വരുന്ന ഒരു മഹാത്മാവിനെ കാണുകയാണു് എൻ്റെ ഉദ്ദേശ്യം എന്നു ഞാൻ പറഞ്ഞു.

”നീ എന്തു വിഡ്‌ഢിയാണു്. അവർ വലിയ വർത്തമാനമൊക്കെ പറഞ്ഞു പണം തട്ടിക്കുന്നവരായിരിക്കും” അദ്ദേഹം പറഞ്ഞു.

കാണാൻ പോകുന്ന സ്ത്രീയെക്കുറിച്ചു് ഒന്നുമറിയില്ലെങ്കിലും, അവർ പണം പിടുങ്ങുന്നവരല്ലെന്നു ഞാനദ്ദേഹത്തോടു തീർത്തു പറഞ്ഞു.

അവരുടെ പ്രോഗ്രാം മാൻഹാട്ടണിലെ ഒരു പള്ളിയിലാണു സംഘടിപ്പിച്ചിരുന്നതു്. ഞങ്ങൾ നേരത്തെ അവിടെയെത്തി. വെള്ള വസ്ത്രമണിഞ്ഞ ധാരാളം ആളുകൾ അവിടെ പല ജോലികളിൽ വ്യാപൃതരായിരുന്നു. തുറന്നുകിടക്കുന്ന ജനലിലൂടെ ഇളംകാറ്റു വീശിക്കൊണ്ടിരുന്നു. വേദിയുടെ നടുവിലായിട്ടു നല്ലവണ്ണം അലങ്കരിച്ച ഒരു കസേരയുണ്ടായിരുന്നു.

സത്യം പറഞ്ഞാൽ ആ അന്തരീക്ഷം എനിക്കത്ര ഇഷ്ടപ്പെട്ടില്ല. ‘അവരൊരു മഹാത്മാവാണെന്നാണു ഞാൻ കരുതിയതു്. പിന്നെ എന്തിനാണു് ഇത്രയധികം ഒരുക്കങ്ങൾ? ആളുകളെ പറ്റിക്കാൻ ഏറ്റവും എളുപ്പം ആദ്ധ്യാത്മികതയാണല്ലോ’ ഞാൻ ചിന്തിച്ചു.

വേദിക്കു മുൻപിലായി തറയിൽ ഞങ്ങളിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാവരും കൂടി എഴുന്നേറ്റുനിന്നു് എന്തോ മന്ത്രം ചൊല്ലാൻ തുടങ്ങി. ഞങ്ങളും എഴുന്നേറ്റു. ആളുകൾ ആരെയോ പ്രതീക്ഷിച്ചു വാതിലിലേക്കു് ഉറ്റുനോക്കിക്കൊണ്ടിരിക്കയാണു്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ആ ഭാരതീയവനിതയെത്തി. വെളുത്ത വസ്ത്രവും തിളങ്ങുന്ന മൂക്കുത്തിയും മുഖത്തു നിറച്ചു ചിരിയുമായി ധൃതിയിൽ നടന്നുവന്നു് അവർ ആ കസേരയിലിരുന്നു. പിന്നെ ഞാൻ നോക്കുമ്പോൾ അവർ മുന്നിലെത്തുന്ന ഓരോരുത്തരെയായി ആലിംഗനം ചെയ്തു സ്വീകരിക്കുകയാണു്. ഒന്നോ രണ്ടോ നിമിഷം, ചിലരോടൊക്കെ സംസാരിക്കുന്നുമുണ്ടു്. ഞങ്ങൾ മുന്നിൽത്തന്നെ ഇരുന്നതുകൊണ്ടു് എളുപ്പം അവരുടെ അടുത്തെത്തി. അമ്മ എന്നെ മാറോടു ചേർത്തു കെട്ടിപ്പിടിച്ചു, ചെവിയിൽ എന്തോക്കെയോ മന്ത്രിച്ചു. എനിക്കൊന്നും മനസ്സിലായില്ല.

എനിക്കു നിരാശയായിപ്പോയി. വലിയ പ്രതീക്ഷയിലാണു ഞാൻ വന്നതു്. എന്നാൽ അമ്മയെ കണ്ടപ്പോഴും ദർശനത്തിനു ശേഷവും എനിക്കു് ഒരു പ്രത്യേകതയും തോന്നിയില്ല.

ദർശനത്തിനുശേഷം ഞാനവിടെ തിരക്കിനിടയിൽ നിന്നു. പെട്ടെന്നു് അമ്മയെ ശ്രദ്ധിച്ചുകൊണ്ടിരുന്ന എൻ്റെയുള്ളിൽ ഒരു ദിവ്യ സംഗീതം കേൾക്കാൻ തുടങ്ങി. ഭൂമിയിലൊന്നും ഇതുവരെ ഞാൻ കേൾക്കാത്ത സംഗീതം. ഞാൻ ചുറ്റും നോക്കി. കാവിവസ്ത്രമണിഞ്ഞ കുറച്ചു സന്ന്യാസിമാർ ഇരുന്നു ഭജന പാടുന്നുണ്ടായിരുന്നു. എന്നാൽ അവർ പാടുന്ന സംഗീതമല്ല ഞാൻ കേൾക്കുന്നതു്. ആ നാദം പുറത്തുനിന്നല്ല വരുന്നതു്. എൻ്റെയുള്ളിലാണു് ആ ദിവ്യസംഗീതം മുഴങ്ങുന്നതു്. എന്തൊരു അനുഭൂതിയാണിതു്! എന്തൊരാനന്ദം!

സമയം പോയിക്കൊണ്ടിരുന്നു. എല്ലാവരെയും കണ്ടുകഴിഞ്ഞപ്പോൾ അമ്മ എഴുന്നേറ്റു. വന്ന പോലെത്തന്നെ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ടു തിരിച്ചു പോകുകയും ചെയ്തു. ഞങ്ങളും തിരിച്ചു പോകാൻ ഒരുങ്ങുകയായിരുന്നു. ഒരു സ്ത്രീ എൻ്റെ അടുത്തേക്കു വന്നു. ”നിങ്ങൾ ബാൾട്ടിമോറിൽനിന്നാണു വരുന്നതു് അല്ലേ?” അവർ ചോദിച്ചു. ഞാൻ അദ്ഭുതപ്പെട്ടു, അവർ എങ്ങനെയാണതറിഞ്ഞതു്! എനിക്കു് ഉത്തരം പറയാൻ കഴിഞ്ഞില്ല, അതിനു മുൻപു്, ബാൾട്ടിമോറിലുള്ള അവരുടെ വസതിയിൽ എല്ലാ ശനിയാഴ്ചയും സത്സംഗം നടത്തുന്നുണ്ടെന്നും അതിനു വരണമെന്നും അവർ എന്നോടു പറഞ്ഞു. അവരുടെ വീടിൻ്റെ അഡ്ഡ്രസ്സും തന്നു.

അവസാനം ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു. ഞാൻ എൻ്റെ കൈയും കാലും ഇളക്കുകയും സ്വയം പിച്ചി നോക്കുകയും ചെയ്യുന്നതു കണ്ടു് എൻ്റെ സുഹൃത്തു് അദ്ഭുതപ്പെട്ടു. ”എന്താണീ കാണിക്കുന്നതു്?” അദ്ദേഹം ചോദിച്ചു. ”എനിക്കെന്താണു സംഭവിച്ചതെന്നു നോക്കുകയാണു്” ഞാൻ പറഞ്ഞു. ”എനിക്കു ശരീരമില്ലാത്തതുപോലെ തോന്നുന്നു. ഞാൻ വായുവിൽ ഒഴുകിനടക്കുന്നതു പോലെ. എന്നാലും എനിക്കെന്നെ കാണാം, തൊടാം. ഇതു വളരെ വിചിത്രമായിരിക്കുന്നു.”

എന്നാൽ എൻ്റെ സുഹൃത്തിനു് അമ്മയുടെ ദർശനത്തിനുശേഷവും പ്രത്യേകിച്ചു് ഒന്നും തോന്നിയില്ല. അമ്മയുമായുള്ള എൻ്റെ ആദ്യദർശനം അങ്ങനെയായിരുന്നു.

ബാൾട്ടിമോറിൽ

അടുത്തയാഴ്ച ബാൾട്ടിമോറിലുള്ള അമ്മയുടെ ഭക്തയുടെ വീട്ടിൽ ഞാൻ സത്സംഗത്തിനു പോയി. അവിടെ ഒരു മേശപ്പുറത്തു് അമ്മയുടെ കുറച്ചു ഫോട്ടോകളും ആശ്രമത്തിലെ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. താത്പര്യമുള്ളവർക്കു് അതു വിലകൊടുത്തു വാങ്ങിക്കാം. ന്യൂയോർക്കിൽ അമ്മയുടെ പ്രോഗ്രാമിനു പോയപ്പോൾ അവിടത്തെ സ്റ്റോറിൽ അമ്മയുടെ അതിമനോഹരമായ ഒരു ഫോട്ടോ ഞാൻ കണ്ടിരുന്നു. അതു വാങ്ങാനായി ചോദിച്ചപ്പോൾ അതൊരു പഴയ ഫോട്ടോയാണെന്നും ഇപ്പോൾ ആ ഫോട്ടോ പ്രിൻ്റ് ചെയ്യാത്തതുകൊണ്ടു് ഒരു കോപ്പിയെയുള്ളുവെന്നും അതു കൊണ്ടു് അതു വില്പനയ്ക്കില്ലെന്നും അവർ പറഞ്ഞു. എനിക്കിഷ്ടപ്പെട്ട ആ ഫോട്ടോ ഇവിടെയുണ്ടാകണേ എന്നാശിച്ചു ഞാനവിടെയൊക്കെ തിരഞ്ഞുനോക്കി. എന്നാൽ അതവിടെയില്ലായിരുന്നു. എനിക്കു വലിയ നിരാശ തോന്നി. സത്സംഗത്തിനു മുൻപു കൈയും മുഖവും കഴുകാനായി ഞാൻ ബാത്ത്‌റൂമിലേക്കു പോയി.

ബാത്ത്‌റൂമിൽ പോയി അല്പനിമിഷത്തിനകം ഞാൻ വീണ്ടും മേശയ്ക്കരികിലെത്തിയപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തി. ഞാൻ അതുവരെ അന്വേഷിച്ചിരുന്ന ഫോട്ടോ ആ മേശമേൽ ഉണ്ടായിരുന്ന എല്ലാ ഫോട്ടോകളുടെയും മേലെ കിടക്കുന്നു. ഞാൻ അദ്ഭുതപ്പെട്ടുപോയി. അല്പം മുൻപു തിരഞ്ഞപ്പോൾ ആ ഫോട്ടോ അവിടെയുണ്ടായിരുന്നില്ല എന്നെനിക്ക് ഉറപ്പാണു്. ആ മുറിയിൽ മറ്റു കുറച്ചുപേർ കൂടി ഉണ്ടായിരുന്നു. ഞാൻ ബാത്ത്‌റൂമിൽ പോയ സമയത്തു്, ‘ആരെങ്കിലും മേശയ്ക്കരികിൽ വന്നു ഫോട്ടോ എടുക്കുകയോ തിരയുകയോ ചെയ്തിരുന്നോ’ എന്നു ഞാൻ അവരോടൊക്കെ ചോദിച്ചു. അവരാരും മേശയുടെ അടുത്തുപോലും ചെന്നിട്ടില്ലെന്നു തീർത്തു പറഞ്ഞു. വാസ്തവത്തിൽ ഈ പ്രത്യേക ഫോട്ടോ ഞാൻ തിരയുന്നതു് അവർ അറിഞ്ഞിട്ടു പോലുമില്ല. പിന്നെ അതുവരെ അവിടെ ഇല്ലാതിരുന്ന ഫോട്ടോ പെട്ടെന്നു് അവിടെയെങ്ങനെ വന്നു? എൻ്റെ ഇത്ര നിസ്സാരമായ ആഗ്രഹംപോലും അമ്മ അറിയുന്നുവെന്നോ? അതു സാധിപ്പിച്ചു തരുന്നുവെന്നോ?

ഞാൻ മാറാൻ തുടങ്ങുന്നു

അമ്മയെ കാണുന്ന സമയത്തു് ഏതാണ്ടു പത്തോളം ഹോട്ടലുകൾക്കും ആശുപത്രികൾക്കും ജീവനക്കാരെ നല്കുന്ന ഒരു കമ്പനിയുടെ വൈസ് പ്രസിഡണ്ടായിരുന്നു ഞാൻ. ജോലിയിലെ ടെൻഷൻ കാരണം വളരെ ചെറിയ കാര്യത്തിനുപോലും ഞാൻ വല്ലാതെ ക്ഷോഭിക്കുമായിരുന്നു. അമ്മയെ ആദ്യമായി കണ്ടു് ഒരാഴ്ചയ്ക്കു ശേഷം എനിക്കു വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. സാധാരണയായുള്ള എൻ്റെ അവസ്ഥയ്ക്കു കോപംകൊണ്ടു പൊട്ടിത്തെറിക്കേണ്ട ധാരാളം അവസരങ്ങൾ ആ സമയത്തുണ്ടായി. എന്നാൽ ഞാൻ വളരെ ശാന്തമായും സൗമ്യമായും എല്ലാവരോടും സംസാരിച്ചു. എന്നെ പരസ്യമായി കുറ്റപ്പെടുത്തുന്നവരോടുപോലും എനിക്കു ദേഷ്യം തോന്നിയില്ല. ഞാൻ എന്നെത്തന്നെ ശ്രദ്ധിക്കുന്നതായും സാക്ഷിഭാവത്തോടെ എല്ലാം നേരിടുന്നതായും എനിക്കു് അനുഭവപ്പെട്ടു. എന്താണു് എൻ്റെ ഈ മാറ്റത്തിനു കാരണമെന്നു് ആർക്കും മനസ്സിലായില്ല. എന്നാൽ എൻ്റെ മാറ്റത്തിനു് ആരാണു കാരണക്കാരിയെന്നു് എനിക്കു മനസ്സിലായി.

ആശ്രമത്തിലേക്കു്

കാലിഫോർണിയയിലുള്ള അമ്മയുടെ ആശ്രമത്തിലെ അന്തേവാസി ആകണമെന്ന ആഗ്രഹം സാവധാനം എൻ്റെയുള്ളിൽ ശക്തി പ്രാപിക്കാൻ തുടങ്ങി. അറിഞ്ഞവരൊക്കെ സംശയം പ്രകടിപ്പിച്ചു, നിരുത്സാഹപ്പെടുത്തി. ഇത്ര വലിയ ജോലി ഉപേക്ഷിക്കുകയോ! വലിയ വീടു്, അവിടത്തെ എൻ്റെ വിലപിടിപ്പുള്ള ശില്പങ്ങളുടെയും പെയ്ന്‍റിങുകളുടെയും ശേഖരം അതെല്ലാം എന്തുചെയ്യും? സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചോദിച്ചുകൊണ്ടിരുന്നു. കഴിഞ്ഞില്ല, എൻ്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾ, മൂന്നു പട്ടികളും ആറു പൂച്ചകളും! അവയെ ഉപേക്ഷിക്കാൻ എനിക്കു കഴിയുമെന്നു് ആരും കരുതിയില്ല.

എന്നാൽ എല്ലാം ഉപേക്ഷിക്കാൻ എനിക്കു കഴിഞ്ഞു. വലിയ ജോലിയും മനോഹരമായ വീടും അതിലെ വിലപിടിപ്പുള്ള വസ്തുക്കളും ഞാൻ ത്യജിച്ചു എന്നു് എല്ലാവരും പറഞ്ഞു. എന്നാൽ അമൂല്യമായ രത്‌നങ്ങൾ കിട്ടാൻ വേണ്ടി കൈയിൽ ഇറുക്കിവച്ചിരുന്ന വെള്ളാരംകല്ലുകളാണു് ഉപേക്ഷിച്ചതെന്നു ഞാൻ മാത്രം അറിഞ്ഞു.

എല്ലാം ഉപേക്ഷിച്ചു ഭാരം കുറഞ്ഞ മനസ്സുമായി ഒരു പഴയ കാറിൽ ഞാൻ പുറപ്പെട്ടു. അപ്പോഴും ആദ്യമായി അമ്മയെ കാണാൻ പോയപ്പോൾ ഞാൻ കൂട്ടിനു വിളിച്ച ആ സുഹൃത്തുമുണ്ടായിരുന്നു കൂടെ. മേരീലാൻഡിൽനിന്നു ഞങ്ങൾ രണ്ടുപേരും കാലിഫോർണിയയിലെ ആശ്രമത്തിലെത്തി. അമ്മ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. എൻ്റെ സുഹൃത്തു് എൻ്റെ കൈപിടിച്ചു് അമ്മയെ ഏല്പിച്ചു. ”അവസാനം മോളു് വന്നോ” എന്നു ചോദിച്ചു് അമ്മ എന്നെ വാരിപ്പുണർന്നു, മാറോടു ചേർത്തു. അങ്ങനെ ഞാൻ എൻ്റെ യഥാർത്ഥ വസതിയിലെത്തി.

ഇന്നു്…

ഞാൻ ആശ്രമത്തിലെത്തിയിട്ടു് ഇപ്പോൾ പത്തു വർഷം കഴിഞ്ഞു. സമയം എത്ര പെട്ടെന്നാണു പോകുന്നതു്! ഇവിടെ ആശ്രമത്തിലെ ജീവിതം വളരെ തിരക്കേറിയതാണു്. എന്നാൽ എത്ര തിരക്കിനിടയിലും എൻ്റെ ഉൾത്തടം തിരയൊടുങ്ങിയ സമുദ്രംപോലെ ശാന്തവും ഗംഭീരവുമാണു്. ആശ്രമത്തിൽ എത്തിയതിനു ശേഷം ഞാൻ ഒരു ഹോംനേഴ്‌സ് ആകാനുള്ള പരിശീലനം നേടി. ഇപ്പോൾ ഞാനൊരു മുഴുവൻ സമയ ഹോംനേഴ്‌സാണു്. എല്ലാവരെയും അമ്മയായി കണ്ടു ശ്രുശ്രൂഷിക്കാൻ ഇതിലും നല്ല ഒരു അവസരം കിട്ടാനില്ല. എപ്പോഴും വഴികാട്ടിയായും വേണ്ട അവസരങ്ങളിൽ ശാസിച്ചും മനഃസാക്ഷിയായി അമ്മ എപ്പോഴുമെൻ്റെ കൂടെയുള്ളതു് ഞാനറിയുന്നുണ്ടു്.

1994ൽ അമ്മയെ കണ്ടതിനു ശേഷം എനിക്കുണ്ടായ മാറ്റമോർത്തു ഞാൻതന്നെ അദ്ഭുതപ്പെടാറുണ്ടു്. അമ്മയുടെ ഒരു ദർശനം കഴിയുമ്പോഴേക്കും എല്ലാവർക്കും ഭൗതികസുഖങ്ങളൊക്കെ ഉപേക്ഷിച്ചു് ആശ്രമത്തിൽ നില്ക്കാൻ തോന്നേണ്ട കാര്യമൊന്നുമില്ല. അമ്മ അതു് ഉദ്ദേശിച്ചിട്ടുമില്ല. എനിക്കു് ഇതാണു വേണ്ടതു് എന്നതുകൊണ്ടാണു് ഇങ്ങനെ സംഭവിച്ചതു്. ഇന്നു് ഇങ്ങനെയല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു്, അമ്മയോടൊപ്പമല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു് എനിക്കു സങ്കല്പിക്കാനാവില്ല. അമ്മയെ കാണുന്നതിനു മുൻപു്, അമ്മയില്ലാതെ, എങ്ങനെ ജീവിച്ചു എന്നു ഞാൻ അദ്ഭുതപ്പെടാറുണ്ടു്. പക്ഷേ, അമ്മ എപ്പോഴും എൻ്റെ കൂടെ ഉണ്ടായിരുന്നില്ല എന്നു് ആരാണു പറഞ്ഞതു്? ഞാൻ ജീവിതത്തിൽ പിച്ച നടന്നിരുന്നപ്പോഴും കാലിടറി വീണപ്പോഴുമൊക്കെ ഞാനറിയാതെ അമ്മ എൻ്റെ കൂടെ ഒത്തുനടന്നിരുന്നു. സമയം വന്നപ്പോൾ അമ്മ ഒന്നു കുനിഞ്ഞു, എന്നെ വാരിയെടുത്തു, ഭദ്രമായി മടിയിലിരുത്തി. എൻ്റെ അമ്മ!

ഹർഷ കാർലേ – (വിവ: പത്മജ ഗോപകുമാർ)

അമ്മേ, ഞാന്‍ പാരാകെയെന്തിന്നു പാഴിലെന്‍
അച്ഛനെ തേടിയലഞ്ഞിടേണം

അച്ഛനായ് നിന്നെയവരോധിക്കട്ടെ ഞാന്‍
അന്തവുമാദിയുമറ്റ നിന്നെ

നിന്നില്‍ നിന്നുദ്ഭൂതമായ ലാവണ്യമീ
മന്നില്‍ അനുക്ഷണം വ്യാപിക്കുമ്പോള്‍

എങ്ങോട്ടു വീക്ഷിച്ചു നില്ക്കണം ഈ വിശ്വ-
മെങ്ങും നിറഞ്ഞ വിചിത്രതേ ഞാന്‍ 

ഒന്നിനുമില്ല സംതൃപ്തി നിന്നാകാര-
മന്യൂനമെന്നല്ലീ കേട്ടിരിപ്പൂ

കേട്ടതും കണ്ടതും കാണാതെ കണ്ടതും 
കേവലം നീ തന്നെയെങ്കില്‍ ഹാ! നീ

ഞാനെന്നു നണ്ണിയാല്‍ ഇല്ല ഞാന്‍ ഇല്ല നീ
വാനവും ഭൂമിയുമെങ്ങു പിന്നെ?

ഒന്നിലുണ്ടന്യസമസ്തവും ഈ ഞാനും 
എന്നല്ലീ വേദങ്ങള്‍ കോറിവച്ചു 

തായും തകപ്പനും തത്ത്വങ്ങള്‍ സര്‍വ്വവും 
മായയെന്നോര്‍ത്തു വിരമിക്കാം ഞാന്‍.

യൂസഫലി കേച്ചേരി

21 ജൂൺ 2020, അമൃതപുരി ആശ്രമം

അന്താരാഷ്ട്ര യോഗദിനത്തിൽ അമ്മ നൽകിയ സന്ദേശത്തിൽ നിന്ന്

ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര യോഗദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. ഈ ചുരുങ്ങിയ കാലം കൊണ്ട് ലോകമെങ്ങും യോഗയ്ക്കു ലഭിച്ച അംഗീകാരവും പ്രചാരവും അമ്പരപ്പിക്കുന്നതാണ്. നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും മാനസികവും ബുദ്ധിപരവുമായ കഴിവുകളുടെ വികാസത്തിനും യോഗ ഏറ്റവും നല്ലതാണെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിച്ചുകഴിഞ്ഞു. ആയുര്‍വേദത്തെപ്പോലെ യോഗയും പുരാതന ഭാരതത്തിലെ ഋഷീമാരില്‍ നിന്ന് ലോകത്തിനു ലഭിച്ച അമൂല്യ വരദാനമാണ്.

യോഗ എന്ന വാക്കിനര്‍ത്ഥം യോജിപ്പിക്കല്‍ അല്ലെങ്കില്‍ കൂടിച്ചേരല്‍ എന്നാണ്. ശരീരത്തെയും പ്രാണനെയും മനസ്സിനെയും ആത്മചൈതന്യത്തെയുമെല്ലാം വേണ്ടവണ്ണം സംയോജിപ്പിക്കല്‍ ആണ് യോഗ. ശരീരത്തെ നിയന്ത്രിച്ചാല്‍ പ്രാണനെ നിയന്ത്രിക്കാന്‍ കഴിയും. പ്രാണനെ നിയന്ത്രിച്ചാല്‍ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയും. മനസ്സിനെ നിയന്ത്രിച്ചാല്‍ ആത്മസാക്ഷാത്ക്കാരത്തിലേക്ക് ഉയരാം.

ഇതുപോലെയാണ് യോഗയുടെ രീതി. സ്തൂലമായതിനെ ഉപയോഗിച്ച് അല്പം കൂടി സൂക്ഷ്മമായതിനെ നിയന്ത്രിക്കുന്നു. പിന്നെ അതിനെ ഉപയോഗിച്ച് അതിലും സൂക്ഷ്മമായതിനെ നിയന്ത്രിക്കുന്നു. അങ്ങിനെ കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമായതിനെ സ്വാധീനമാക്കുന്നു. ശരീരമനോബുദ്ധികളെ ഈവിധം ജയിച്ച് യോഗയിലൂടെ പൂര്‍ണതനേടാന്‍ കഴിയുമെന്ന് ഋഷിമാര്‍ നമ്മെ പഠിപ്പിക്കുന്നു. പൂര്‍ണ്ണത നേടാന്‍ കഴിഞ്ഞില്ല എങ്കില്‍പ്പോലും നിത്യജീവിതത്തില്‍ യോഗയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് അതു വളരെ സഹായിക്കുന്നു എന്നതാണ്. എല്ലാ അവയവങ്ങളുടെയും ഗ്രന്ഥികളുടെയും നാഡികളുടെയും ശുദ്ധീകരണത്തിനും പ്രവര്‍ത്തനക്ഷമതയ്ക്കും യോഗ ഉപകരിക്കുന്നു.

ശരീരമനോബുദ്ധികളുടെ ശരിയായ ക്രമീകരണത്തിലൂടെ അനന്തശക്തികളെ ഉണര്‍ത്താനും സ്വന്തം പൂര്‍ണതയെ സാക്ഷാത്ക്കരിക്കാനുമുള്ള മാര്‍ഗ്ഗമാണു യോഗ. ലോകജീവിതത്തില്‍ നമ്മുടെ കാര്യക്ഷമതയും ആരോഗ്യവും മനസ്സിന്റെ പ്രസന്നതയും വളര്‍ത്താന്‍ യോഗ പ്രയോജനപ്പെടുന്നു. ജീവിതശൈലീരോഗങ്ങളും മാനസിക രോഗങ്ങളും ഏറിവരുന്ന ഇക്കാലത്ത് യോഗയുടെ പ്രസക്തി അനുദിനം വളരുകയാണ്. ഇന്ന് ആധുനിക മരുന്നുകളും ചികിത്സാസൗകര്യങ്ങളും മനുഷ്യന്റെ ആയുസ്സ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റായ ജീവിതശൈലി കാരണം മനുഷ്യരുടെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. ആരോഗ്യമെന്നാല്‍ രോഗമില്ലാതിരിക്കുക എന്നതു മാത്രമല്ല, ദീര്‍ഘനേരം ക്ഷീണമില്ലാതെ ജോലി ചെയ്യാനുള്ള ശേഷി, മനസ്സിന്റെ ശാന്തി, തെളിഞ്ഞ ഓര്‍മ്മ, തെളിവുള്ള ബുദ്ധി ഇതൊക്കെയാണ് ആരോഗ്യത്തിന്റെ ലക്ഷണം. ഇവയ്‌ക്കെല്ലാം ഉപകരിക്കുന്ന ഒരു പ്രായോഗിക പദ്ധതിയാണ് യോഗ.

സാധാരണ വ്യായാമങ്ങളെ അപേക്ഷിച്ച് യോഗയ്ക്കുള്ള പ്രത്യേകതയെന്തെന്ന്
പലരും ചോദിക്കാറുണ്ട്. ഏതു രീരിയിലുള്ള വ്യായാമവും ശരീരത്തിനും മനസ്സിനും
നിരവധി പ്രയോജനം ചെയ്യുന്നുണ്ട്. എന്നാല്‍ യോഗയിലൂടെ ലഭിക്കുന്ന പ്രയോജനം സാധാരണ വ്യായാമങ്ങളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണ്.
സാധാരണ വ്യായാമമുറകള്‍ വേഗതയേറിയ ചലനങ്ങളിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും പേശികളെ പോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ യോഗ എല്ലാ അവയവങ്ങള്‍ക്കും വിശ്രാന്തി നല്‍കുന്നു. ഒപ്പം പ്രാണശക്തി ശരിയായ ദിശയില്‍ തിരിച്ചുവിടുന്നു. ആന്തരികഗ്രന്ഥികള്‍ ഉള്‍പ്പെടെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനക്ഷമതയ്ക്കും രോഗശമനത്തിനും അത് വഴിതെളിയ്ക്കുന്നു. നാഡികള്‍ ശുദ്ധമാകുന്നു. മനോബലവും, മനസ്സിന്റെ ഏകാഗ്രതയും വര്‍ദ്ധിക്കുന്നു. പേശികള്‍ അയവുള്ളതും കരുത്തുറ്റതുമാകുന്നു. സാധാരണ വ്യായാമങ്ങളേക്കാള്‍ വിഷാദരോഗം കുറയ്ക്കാനും മനസ്സിന്റെ പ്രസന്നത നിലനിര്‍ത്താനും യോഗ സഹായിക്കുന്നു.

ശരീരത്തിന്റെ ആരോഗ്യവും മനസ്സിന്റെ ആരോഗ്യവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ശരീരം അനങ്ങുന്നതിനനുസരിച്ചു ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കും. എന്നാല്‍ മനസ്സ് അനങ്ങാതിരിക്കുന്നതിന് അനുസരിച്ചാണ് മനസ്സിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നത്. ആധുനിക സമൂഹത്തില്‍ ശരീരംകൊണ്ടു ചെയ്യേണ്ട ജോലികള്‍ കുറഞ്ഞു വരുകയും മനസ്സിലെ ചിന്തകളും വിഷമങ്ങളും കൂടി വരുകയും ചെയ്യുന്നു. ഇത്തരം ജീവിത രീതി ശരീരത്തിനും മനസ്സിനും ഒരുപോലെ ദോഷകരമാണ്.

ശരീരത്തിന്റെയും മനസ്സിന്റെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ശാസ്ത്രീയമായ മുറകളാണ് യോഗയിലുള്ളത്. സൂര്യനമസ്‌കാരം, ആസനം, പ്രാണായാമം, ധ്യാനം തുടങ്ങിയവ അതിലുള്‍പ്പെടുന്നു. പ്രാണായാമവും ആസനങ്ങളും പ്രാണശക്തിയുടെ ശരിയായ ക്രമീകരണത്തിലൂടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തുന്നു.അതോടൊപ്പം വിശ്രാന്തിക്കുവേണ്ടിയുള്ള യോഗമുറകളും ധ്യാനവും ചിന്തകളെ കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ഉപകരിക്കുന്നു. മനസ്സിലെ ചിന്തകളുടെ ബഹളം കുറയ്ക്കാനുള്ള മാര്‍ഗ്ഗമാണ് ധ്യാനം. അനേകം ധ്യാനരീതികളുണ്ട്. അവരവര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

കൊറോണ രോഗം മനുഷ്യരാശിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ യോഗയുടെ പ്രസക്തി വളരെ വലുതാണ്. കാരണം മനുഷ്യന്റെ പ്രതിരോധശക്തി കുറയുമ്പോഴാണ് വൈറസിന് ഇരയാകുന്നത്. യോഗയാവട്ടെ നമ്മുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ്. അത് അഭ്യസിക്കാന്‍ ഒരു ഉപകരണത്തിന്റെയും ആവശ്യമില്ല.

വീട്ടില്‍ ഒരാളെങ്കിലും യോഗ പഠിച്ചാല്‍ അയാള്‍ക്ക് വീട്ടിലുള്ള മറ്റെല്ലാവരെയും പഠിപ്പിക്കാന്‍ കഴിയും. ഒരു കുടുംബത്തില്‍ എല്ലാവരും യോഗചെയ്യുകയാണെങ്കില്‍ മൊത്തം കുടുംബത്തിന്റെ ആരോഗ്യം മെച്ചപ്പെടും.രോഗ ചികില്‍സയ്ക്കുള്ള ചെലവ് നല്ലവണ്ണം കുറയ്ക്കാന്‍ അതു സഹായിക്കും. മാത്രമല്ല മനസ്സിനെ ശാന്തമാക്കാനും ചിന്താശക്തിയും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്താനും യോഗ ഫലപ്രഥമാണ്. വീട്ടില്‍ എല്ലാവരും യോഗയും ധ്യാനവും അനുഷ്ഠിക്കുകയാണെങ്കില്‍ വീട്ടിലെ അന്തരീക്ഷം തന്നെ മാറും. കലഹങ്ങള്‍ കുറയും. സ്‌േനഹവും സഹകരണവും വളരും.

ഒരു ഗ്രാമത്തിലെ എല്ലാ കുടുംബത്തിലും യോഗ കടന്നുചെന്നാല്‍ ആ മുഴുവന്‍ ഗ്രാമത്തിന്റെയും ആരോഗ്യനിലവാരം ഉയരും. ജീവിത നിലവാരവും ഉയരും. നമുക്ക് ഇനി ചെയ്യാനുള്ളത് ഇനിയും കൂടുതല്‍ ജനങ്ങളിലേക്കും കുടുംബങ്ങളിലേക്കും യോഗ എത്തിക്കുക എന്നുള്ളതാണ്. അതിന് നമുക്ക് ഒന്നിച്ചു ശ്രമിക്കാം.

ഒരു കാര്യം കൂടി പറയാനുണ്ട്. യോഗ ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേയ്ക്കുള്ള വ്യായമമുറ മാത്രമല്ല, അത് ധാര്‍മ്മിക മൂല്യങ്ങള്‍ക്കുകൂടി സ്ഥാനമുള്ള സമഗ്ര സാധനയാണ്. ലോകജീവിതത്തിന്റെ വിജയത്തിനുംആത്മീയ ഉന്നതിയ്ക്കും ഒരുപോലെ സഹായകമാണ് യോഗ. ഏത് ആദ്ധ്യാത്മികമാര്‍ഗ്ഗമായാലും
അവയ്‌ക്കെല്ലാം യോഗ സഹായകമാണ്. ഏതുദേശത്തായാലും മനുഷ്യപ്രകൃതിയ്ക്ക്
കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍ ജാതിമത വ്യത്യാസമില്ലാതെ ഏവര്‍ക്കും യോഗ സ്വീകരിക്കാവുന്നതാണ്.

പ്രാചീനഭാരതത്തിലെ ഋഷിവര്യന്മാര്‍ മനുഷ്യരാശിയ്ക്ക് നല്കിയ ഈ അമൂല്യസമ്പത്ത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയട്ടെ.