കര്‍മ്മത്തില്‍ ശരിയായ പ്രേമസംഗത ഉണ്ടാകണമെങ്കില്‍ ഏകാഗ്രതയും നിസ്സ്വാര്‍ത്ഥതയും കൂടാതെ കഴിയില്ല. അവയില്ലാതെ നമ്മുടെ ഉള്ളിലെ സ്നേഹപുഷ്പം വിടരുകയുമില്ല.

ഉച്ചതിരിഞ്ഞു രണ്ടു മണിയായപ്പോഴാണു് അമ്മ അറിയുന്നതു് അന്നു് അതുവരെയും പശുക്കള്‍ക്കു തീറ്റയും വെള്ളവും കൊടുത്തിട്ടില്ലെന്ന്. അമ്മ വിളിപ്പിച്ചപ്പോള്‍ത്തന്നെ പശുക്കളുടെ ചുമതല വഹിക്കുന്ന ബ്രഹ്മചാരിക്കു കാര്യം മനസ്സിലായെന്നു തോന്നുന്നു. തല കുനിച്ചാണു വരവ്. ക്ഷമാപണപൂര്‍വ്വം താന്‍ പശുക്കള്‍ക്കു തീറ്റ കൊടുക്കാന്‍ മറന്നു പോയി എന്നു് അമ്മയെ അറിയിച്ചു.
അമ്മയുടെ ശബ്ദമുയര്‍ന്നു, ”എന്താ നീയീപ്പറയുന്നത്! ഈ മിണ്ടാപ്രാണികള്‍ക്കു തീറ്റയും, വെള്ളവും കൊടുക്കാന്‍ മറന്നുപോയെന്നോ? തന്നെത്താന്‍ തിന്നാനും കുടിക്കാനും നീ എപ്പോഴെങ്കിലും മറക്കാറുണ്ടോ? നമുക്കു വിശക്കുകയോ ദാഹിക്കുകയോ ചെയ്താല്‍ കഴിക്കാനോ കുടിക്കാനോ വല്ലതും ചോദിച്ചു വാങ്ങാം. ഇതുങ്ങള്‍ക്കു് അതു പറ്റുമോ?
എന്തു വലിയ പാപമാ മോനേ ഇത്. സാധകന്മാര് മറ്റുള്ളവരുടെ വേദന അറിയേണ്ടേ? മനുഷ്യരുടെയെന്നല്ല, എല്ലാ ജീവജാലങ്ങളുടെയും ഹൃദയവികാരം അവനറിയാന്‍ കഴിയണം. മനുഷ്യരെപ്പോലെ സംസാരിക്കുന്നില്ലെന്നു വച്ചു് അവയ്ക്കൊന്നും വികാരവിചാരങ്ങളില്ലെന്നു കരുതരുത്.”

”മറ്റുള്ളവരുടെ കണ്ണില്‍ക്കൂടി കാര്യങ്ങള്‍ കാണാന്‍ കഴിയുന്നതും ആ തലത്തില്‍ച്ചെന്നു് അവരുടെ ഭാവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും ശരിയായ സാധകനു മാത്രം ലഭിക്കുന്ന സിദ്ധിയാണ്. മോനേ, എല്ലാ പ്രാണികള്‍ക്കും വിശപ്പും ദാഹവുമുണ്ടെന്നു നിനക്കറിയില്ലേ. അവയ്ക്കു നമ്മളെപ്പോലെ, സമയത്തിനു തീറ്റയും വെള്ളവും കൊടുക്കുന്നതു സാധനയായി കാണണം. അല്ലാതെ ”ഓ, ഇതെന്നെ ഏല്പിച്ച ജോലിയല്ലേ, ചെയ്യാതിരിക്കാന്‍ പറ്റത്തില്ലല്ലോ” എന്നു വിചാരിച്ചു യാന്ത്രികമായിട്ടു ചെയ്യരുത്.
പശുക്കളെ നിന്നെപ്പോലെ കണ്ടു്, അവയുടെ വിശപ്പും ദാഹവും നിന്റെയാണെന്നു കണ്ടു് അവയെ നോക്കണം. ഈ പശുക്കളിലും നിന്നിലും തുടിക്കുന്ന ജീവനു വ്യത്യാസമുണ്ടോ മോനേ? ആ ഭാവം ഉള്‍ക്കൊണ്ടു ചെയ്യുമ്പോള്‍ നിന്റെ കര്‍മ്മം സാധനയായിത്തീരും.”
പറയുന്നതിനിടയില്‍ത്തന്നെ അമ്മ നടന്നു ചെന്നു സ്റ്റോര്‍ മുറിയിലെ ചാക്കില്‍ നിന്നു കാലിത്തീറ്റ വാരിയെടുത്തു കാടിയിലിട്ടു ഇളക്കാന്‍ തുടങ്ങി. പേടിച്ചും മടിച്ചും പിന്നാലെ കൂടിയ ബ്രഹ്മചാരി താന്‍ തന്നെ തീറ്റയും വെള്ളവും കൊടുത്തുകൊള്ളാമെന്നു വീണ്ടും വീണ്ടും പറഞ്ഞു നോക്കി.
”നീയിനിയൊന്നും പറയണ്ട. അമ്മയുടെ വാത്സല്യം കിട്ടാന്‍ ഇവര്‍ക്കും കൊതിയുണ്ട്. കാടി കുടിക്കുമ്പോള്‍ അവയും അമ്മയുടെ സ്നേഹം നുകരട്ടെ” തുടര്‍ന്നും ബ്രഹ്മചാരി പല പ്രകാരത്തില്‍ അനുനയവാക്കുകള്‍ പറഞ്ഞുവെങ്കിലും അമ്മ അതൊന്നും ചെവിക്കൊണ്ടില്ല.

പശുക്കള്‍ കാടി കുടിച്ചു തീരുവോളം അമ്മ അവയെ തട്ടിത്തഴുകി തലോടി ക്കൊണ്ടു് അരികില്‍ത്തന്നെ നിന്നു. അമ്മയുടെ തോളില്‍ മുഖമുരുമ്മി പശുക്കള്‍ അവയുടെ സ്നേഹം പ്രകടിപ്പിച്ചു. അമ്മയുടെ മുഖത്താണോ, പശുക്കളുടെ മുഖത്താണോ കൂടുതല്‍ സംതൃപ്തി തുളുമ്പിയിരുന്നതു് എന്നു പറയാന്‍ പ്രയാസം. കാടി കൊടുത്തു കഴിഞ്ഞു് അമ്മതന്നെ വൈക്കോല്‍ വലിച്ചു് എല്ലാ പശുക്കള്‍ക്കും ഇട്ടു കൊടുത്തു. ഒരിക്കല്‍ ക്കൂടി അവയുടെ ആടയും, നെറ്റിയും തലോടിക്കൊടുത്തിട്ടു നാലര മണിയോടെയാണു് അമ്മ തന്റെ ഉച്ചഭക്ഷണത്തിനായി മുറിയിലേക്കു മടങ്ങിയത്.
അമ്മ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും തനതായൊരു ചാരുതയുണ്ട്. അതിനു കാരണം ഏതൊരു ചെറിയ കര്‍മ്മത്തിലും അമ്മ നിറയ്ക്കുന്ന നിസ്സീമ പ്രേമമാണ്. നമുക്കു ശരിയായി സ്നേഹിക്കാനറിയില്ല. നമ്മുടെ പ്രവൃത്തിക്കു പിന്നില്‍ ആ സ്നേഹചോദനയില്ലാത്തതുകൊണ്ടു തന്നെ അവയ്ക്കൊന്നും തികവുറ്റ സൗന്ദര്യം കൈവരുന്നുമില്ല.
കര്‍മ്മഫലത്തെപ്പറ്റിയുള്ള അതിരറ്റ ആധി കാരണം നമ്മുടെ മനസ്സു് ചഞ്ചലമാകുന്നുവെന്നു മാത്രമല്ല ചെയ്യുന്ന കര്‍മ്മത്തില്‍ നമുക്കു പൂര്‍ണ്ണ ഏകാഗ്രത കൈവരുന്നുമില്ല. കര്‍മ്മത്തില്‍ ശരിയായ പ്രേമസംഗത ഉണ്ടാകണമെങ്കില്‍ ഏകാഗ്രതയും നിസ്സ്വാര്‍ത്ഥതയും കൂടാതെ കഴിയില്ല. അവയില്ലാതെ നമ്മുടെ ഉള്ളിലെ സ്നേഹപുഷ്പം വിടരുകയുമില്ല.

Download Amma App and stay connected to Amma