ചോദ്യം : മറ്റുള്ളവർ തൊട്ടാൽ ശക്തി നഷ്ടമാകും എന്നും മറ്റും ചിലർ പറയാറുണ്ടല്ലോ. ഇതു് എത്രമാത്രം ശരിയാണു്?

അമ്മ: ‘ഞാൻ ബാറ്ററി’ എന്നു ചിന്തിക്കുമ്പോൾ ശക്തി നഷ്ടമാകാം. എന്നാൽ കറന്‍റിനോടു ബന്ധിപ്പിച്ചിരിക്കുകയാണെങ്കിൽ ശക്തി ഒരിക്കലും നഷ്ടമാകുന്നില്ല.

അതുപോലെ ഞാൻ എന്ന ഭാവത്തിൽ കഴിയുമ്പോൾ നമ്മുടെ ശക്തി നഷ്ടമാകും. ഉപയോഗിക്കുന്തോറും ഒരു ബാറ്ററിയുടെ ശക്തി നഷ്ടമാകുന്നു. കാരണം അതിൽ പരിമിതമായ ശക്തിയേ ശേഖരിച്ചിട്ടുള്ളൂ. മറിച്ചു്, കറന്‍റിനോടു് ഈശ്വരനോടു് ബന്ധിച്ചിരിക്കുകയാണെങ്കിൽ, ശക്തി എങ്ങനെ നഷ്ടമാകാനാണു്? പൂർണ്ണത്തിൽനിന്നു പൂർണ്ണമല്ലേ ഉണ്ടാവുകയുള്ളൂ. ഒരു തിരിയിൽനിന്നു് ആയിരം തിരികൾ കത്തിച്ചാലും, ആദ്യത്തെ തിരിയുടെ ശോഭയ്ക്കു് ഒരു കുറവും സംഭവിക്കില്ല.

പിന്നെ, ശക്തി ക്ഷയിക്കുകയെന്നതു് ഒരു സാധകനെ സംബന്ധിച്ചു്, ശരിയാണു്. അവൻ വളരെ ശ്രദ്ധിക്കണം. അഭ്യാസകാലത്തു് ഓരോ ചുവടു വയ്ക്കുമ്പോഴും ശ്രദ്ധിക്കണം. കാരണം അവൻ ഇപ്പോഴും ശരീരമനോബുദ്ധിതലത്തിലാണു്. ശരീരമനോബുദ്ധിതലത്തിൽ നില്ക്കുമ്പോൾ എല്ലാത്തിലും ശ്രദ്ധ വേണം. മനസ്സു് സ്വന്തം കൈയിൽ കിട്ടുന്നതുവരെയും സ്വന്തം അധീനതയിലാകുന്നതുവരെയും യമനിയമങ്ങൾ എല്ലാം പാലിച്ചു നീങ്ങേണ്ടതാവശ്യമാണു്. പിന്നീടു് നമ്മളെ ഒരാൾ തൊട്ടെന്നു കരുതി ഭയക്കേണ്ട കാര്യമില്ല. തൊടുന്നതു ജനങ്ങളല്ലെ, അവരെ ഈശ്വരനായിട്ടു കണ്ടാൽ മതി. അപ്പോൾ ശക്തി നഷ്ടമാവുകയല്ല, നേടുകയാണു ചെയ്യുന്നതു്.

ചോദ്യം : അമ്മയുടെ ആശ്രമത്തിൽ ഭക്തിക്കാണോ പ്രാധാന്യം? ഈ പ്രാർത്ഥനയും മറ്റും കാണുമ്പോൾ ഒരു ‘ഷോ’പോലെ തോന്നുന്നു.

അമ്മ: മോനു് ഒരു കാമുകി ഉണ്ടെന്നു കരുതുക, ആ കാമുകിയോടു സംസാരിക്കുന്നതു മോനു് ഒരു ‘ഷോ’ ആകുമോ? ശരിയായ സ്‌നേഹമുണ്ടെങ്കിൽ ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. എന്നാൽ മറ്റൊരുവനു് അതൊരു ‘ഷോ’ ആയി തോന്നാം. ഇതുപോലെയാണു് ഇവിടെയും.

ഞങ്ങൾക്കു് ഇതൊരിക്കലും ഒരു ‘ഷോ’ അല്ല. ഞങ്ങൾക്കു് അവിടുത്തോടുള്ള ബന്ധമാണു പ്രാർത്ഥന. പ്രാർത്ഥനയുടെ ഓരോ നിമിഷവും ഞങ്ങൾ അനുഭവിക്കുന്നതു് ആനന്ദമാണു്. കാമുകൻ കാമുകിയോടു സംസാരിച്ചാലും കാമുകി കാമുകനോടു സംസാരിച്ചാലും അവർക്കതിൽ ആനന്ദമാണു്. അസംതൃപ്തി തോന്നുകയില്ല. എത്ര മണിക്കൂറായാലും വിരസത അനുഭവപ്പെടില്ല. ഇതുപോലെയുള്ള ഒരു ആസ്വാദനമാണു പ്രാർത്ഥനയിലൂടെ ലഭിക്കുന്നതു്. പ്രാർത്ഥന എന്നതു ശരിക്കും ഉള്ളിലെ കാമുകിയുമായുള്ള സംഭാഷണമാണു്. ‘നീ ആത്മാവാണു്, നീ ഒരിക്കലും ദുഃഖിക്കേണ്ടവനല്ല, നീ ജീവാത്മാവല്ല, പരമാത്മാവുതന്നെ. നിന്റെ സ്വരൂപം ആനന്ദമാണു്.’ ഇതാണു പ്രാർത്ഥനയുടെ അർത്ഥം, അല്ലാതെ വെറും പാഴ്‌വാക്കുകളല്ല ശരിയായ പ്രാർത്ഥന.

പ്രാർത്ഥനയും നാമസങ്കീർത്തനവുമാണു മോൻ ഭക്തി എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതെങ്കിൽ അതു് എല്ലാ മതങ്ങളിലും കാണുവാൻ കഴിയും. മുസ്ലീംമതത്തിൽ പ്രാർത്ഥനയുണ്ടു്, നിസ്‌കാരമുണ്ടു്. അവർ മെക്കയെ ലക്ഷ്യമാക്കിയല്ലേ, നിസ്‌കരിക്കുന്നതു്? ക്രിസ്തുമതത്തിലും പ്രാർത്ഥനയുണ്ടു്. അവർ ക്രിസ്തുരൂപത്തിനു മുന്നിലോ, കത്തിച്ച മെഴുകുതിരിക്കു മുന്നിലോ ആണു പ്രാർത്ഥിക്കുന്നതു്. ജൈനമതത്തിലും, ബുദ്ധമതത്തിലും, ഹിന്ദുമതത്തിലും പ്രാർത്ഥനയുണ്ടു്. ഈ മതങ്ങളിലെല്ലാം ഗുരുശിഷ്യബന്ധവുമുണ്ടു്. പരമ്പരയാ പ്രവാചകരെ കാണുന്നുണ്ടു്. അതുതന്നെ ഭക്തിയല്ലെ? ശാസ്ത്രങ്ങൾ പഠിച്ചവർ വേദാന്തതത്ത്വങ്ങൾ മനനം ചെയ്തു മുന്നോട്ടു പോകുന്നു. ഇതിനു കഴിയുന്നതു് അതിനോടുള്ള ഭക്തികൊണ്ടല്ലേ? മോനേ, സകലരിലും ഈശ്വരനെ ദർശിക്കുന്നതാണു്, സകലരോടുമുള്ള ആദരവാണു ശരിയായ ഭക്തി. അത്തരം ഒരു മനസ്സിനെ സമ്പാദിക്കണം. അതിനുവേണ്ടി മനസ്സിനെ ഉദ്ധരിച്ചെടുക്കുകയാണു വേണ്ടതു്.

ഇവിടെ ഈശ്വരനായി കാണുന്നതു സ്വർഗ്ഗത്തിൽ വസിക്കുന്ന ഒരു ഈശ്വരനെയല്ല. ഈശ്വരചൈതന്യം സർവ്വവ്യാപ്തമാണു്. അവിടുത്തെ അറിയുക എന്നതാണു മുഖ്യം. ശ്രവണമനനനിദിദ്ധ്യാസനങ്ങളുടെ ലക്ഷ്യവും ആ പരമാത്മസ്വരൂപത്തെ അറിയുക എന്നതാണു്, അതിനുള്ള ഒരു സാധനയാണു ഭക്തി. പല ദിക്കുകളിൽ അലഞ്ഞു തിരിയുന്ന മനസ്സിനെ അന്തർമുഖമാക്കുക എന്നതു് എല്ലാവർക്കും അത്ര എളുപ്പമല്ല. ശാസ്ത്രമെല്ലാം പഠിച്ചവർക്കു ‘നേതി, നേതി’ മാർഗ്ഗം ഇഷ്ടപ്പെട്ടേക്കാം. എന്നാൽ ശാസ്ത്രമൊന്നും പഠിക്കാത്ത സാധാരണക്കാരായ എത്രയോ ജനങ്ങൾ ഉണ്ടു്. അവർക്കും ആത്മസ്വരൂപത്തെ അറിയേണ്ടേ? ചിലർക്കു രോഗത്തിനു കുത്തിവച്ചാൽ അലർജിയാകും. മരണംതന്നെ സംഭവിക്കാം. അവർക്കു രോഗം മാറണമെങ്കിൽ ഗുളിക കൊടുക്കണം. അവരുടെ ശരീരപ്രകൃതത്തിനു് അതേ പറ്റുകയുള്ളു. അതുപോലെ ഓരോരുത്തരുടെയും സംസ്‌കാരമനുസരിച്ചുള്ള സാധനാക്രമങ്ങളാണു് ഇവിടെ നിർദ്ദേശിച്ചിരിക്കുന്നതു്. ഇന്നതാണു് ഇവിടെ മുഖ്യം എന്നു പറയുവാൻ പറ്റില്ല. ചെയ്യുന്നതൊക്കെയും ജനങ്ങളുടെ നന്മയെ മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നു പറയാം.

നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നതുകൊണ്ടാണു് അക്കരെ ഇക്കരെ എന്നു പറയുന്നതു്, രണ്ടു കരയുള്ളതായി തോന്നുന്നതു്. വെള്ളം വറ്റിയാൽ എല്ലാം ഒരേ മണൽപ്പരപ്പുതന്നെ. എല്ലാം ഒന്നു തന്നെ. അതുപോലെ നമ്മളിൽ വ്യക്തിബോധം നിലനില്ക്കുന്നതു കൊണ്ടാണു ഞാനും നീയും വരുന്നതു്. അതു നഷ്ടമായാൽ എല്ലാം ഒന്നുതന്നെ. എല്ലാം പൂർണ്ണംതന്നെ. ‘നേതി, നേതി’ മാർഗ്ഗം പോലെ ഭക്തിയിലൂടെയും നാം ആത്മാനുഭവത്തിൽതന്നെയാണു് എത്തുന്നതു്. ഒരു കുട്ടി രോഗമായി കിടക്കുന്ന അച്ഛനു മരുന്നും കൊണ്ടു വരികയാണു്. മുറിക്കടുത്തു് എത്തിയപ്പോഴേക്കും കറന്റുപോയി. ഒന്നും കാണാൻ വയ്യ. കുട്ടി ഭിത്തിയിൽ തപ്പി, ഇതല്ല. വാതിലിൽ തപ്പി, ഇതല്ല. മേശയിൽ തപ്പി, ഇതല്ല. കട്ടിലിൽ തപ്പി, ഇതല്ല. അവസാനം അച്ഛനെ തൊട്ടു. ‘ങാ അച്ഛൻ’. ഇതല്ല, ഇതല്ല എന്നു പറഞ്ഞുപറഞ്ഞു്, അവസാനം അച്ഛനെ കണ്ടെത്തുന്നു. ഇതുപോലെ തന്നെയാണു ഭക്തിയിലും. ഭഗവാനെയല്ലാതെ ഭക്തൻ യാതൊന്നും സ്വീകരിക്കുന്നില്ല. ഭഗവാൻ എന്ന ഒരേ ചിന്ത മാത്രം. ‘ഞാൻ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല, ആത്മാവാണു്. ശരീരമനസ്സുകൾ സുഖദുഃഖങ്ങൾക്കു കാരണമാണു്’ എന്നു് ഒരു കൂട്ടർ പറയുമ്പോൾ, മറ്റവർ ‘ഞാനീശ്വരന്റെതാണു്, എനിക്കു് അവിടുത്തെ മാത്രംമതി. എല്ലാമായിത്തീർന്നിരിക്കുന്നതു് അവിടുന്നാണു്’ എന്നു പറയുന്നു. ഇതു മാത്രമാണു വ്യത്യാസം.

സർവ്വതും അവിടുന്നു മാത്രമാണെന്നു കാണാനുള്ള ഒരു കണ്ണിനെ വളർത്തിയെടുക്കുകയാണു ചെയ്യുന്നതു്. അതു ജീവിതമായി മാറണം. ‘എല്ലാം അവിടുന്നാണു്’ എന്നു കാണുവാൻ കഴിയണം. അതാണു യഥാർത്ഥ ഭക്തി. സർവ്വതിലും ദർശിക്കുന്നതു് അവിടുത്തെ മാത്രമാണു്. ഈ മാർഗ്ഗത്തിലൂടെയും നാം നമ്മെതന്നെ മറക്കുന്നു. നമ്മുടെ വ്യക്തിത്വം പാടെ നഷ്ടമാകുന്നു. ഭക്തിയിലൂടെ ആകാശത്തിനപ്പുറം ഇരിക്കുന്ന ഒരീശ്വരനെയല്ല തേടുന്നതു്. സർവ്വതിലും ഈശ്വരനെ ദർശിക്കുകയാണു ചെയ്യുന്നതു്. ഭക്തൻ ഈശ്വരനെ തേടി എങ്ങും അലയുന്നില്ല, അവന്റെ ഉള്ളിൽതന്നെ ഈശ്വരൻ പ്രകാശിക്കുന്നു. കാരണം, അവൻ ഈശ്വര ഭിന്നമായി യാതൊന്നും കാണുന്നില്ല. അതു സാക്ഷാത്കരിക്കാനാണു പ്രാർത്ഥന. പ്രാർത്ഥനയിലൂടെ ആ സത്യവസ്തുവിനെയാണു കീർത്തിക്കുന്നതു്. ശരീരമനോബുദ്ധിതലത്തിലുള്ള മനസ്സിനെ ആത്മതലത്തിലേക്കുയർത്തുകയാണു് ആവശ്യം.

നൂറു വാട്ടിന്റെ ബൾബു് അടുക്കളയിൽ തൂക്കിയിട്ടിരുന്നതു കാരണം, അതിൽ കരി പറ്റിപ്പിടിച്ചു. അവസാനം സീറോ വാട്ടു ബൾബിൽനിന്നുള്ള പ്രകാശംപോലുമില്ല. അതിലെ കരി തുടച്ചുനീക്കിയാൽ, വേണ്ട പ്രകാശം ലഭിക്കും. ഇതുപോലെ നമ്മിലെ മാലിന്യങ്ങളെ നീക്കുന്ന ഒരു ക്രിയയാണു സാധന. നമ്മളിലെ ഈശ്വരത്വത്തെ മറച്ചിരിക്കുന്ന മറകൾ നീക്കം ചെയ്താൽ നമ്മളിലെ അനന്തശക്തി നമുക്കനുഭവമാകും. നമ്മൾ ദുഃഖിക്കാൻ വേണ്ടി പിറന്നവരല്ല; ആനന്ദസ്വരൂപികളാണെന്നു് അറിയാൻ കഴിയും. പക്ഷേ, ഇതു വാക്കാൽ പറഞ്ഞിട്ടു കാര്യമില്ല, സാധന വേണം. നീന്താൻ എല്ലാവർക്കും ശേഷിയുണ്ടെങ്കിലും വെള്ളത്തിലിറങ്ങി അഭ്യാസം ചെയ്താലെ ആ കഴിവു സ്വായത്തമാകൂ. തന്നിലെ ഈശ്വരത്വത്തെ ഉണർത്താനുള്ള മാർഗ്ഗമാണു ഭക്തിയും പ്രാർത്ഥനയും.

(തുടർച്ച…. )
അമ്മയുടെ ആശ്രമത്തിൽ സേവനത്തിനു വളരെയേറെ പ്രാധാന്യം നല്കുന്നുണ്ടല്ലോ. ശരിയായ ആത്മവിചാരത്തിനു കർമ്മം തടസ്സമല്ലേ?

അർജ്ജുനനോടു കൃഷ്ണൻ പറഞ്ഞതു്, ”അർജ്ജുനാ, എനിക്കു മൂന്നു ലോകത്തിലും നേടാനായി ഒന്നുമില്ല. എന്നാലും അർജ്ജുനാ, ഞാൻ കർമ്മം ചെയ്യുന്നു; ബന്ധമില്ലാത്ത കർമ്മം.” മക്കളേ, നിങ്ങളുടെ മനസ്സു് ശരീരതലത്തിൽ നില്ക്കുകയാണു്. അവിടെനിന്നും അതിനെ ഉദ്ധരിക്കേണ്ടതുണ്ടു്. നമ്മുടെ മനസ്സു് വിശ്വമനസ്സായിത്തീരണം. അതിനുള്ള മുളപൊട്ടിക്കുന്നതു ലോകത്തോടുള്ള കാരുണ്യമാണു്. വേദാന്തികൾ എന്നു് സ്വയം അഭിമാനിക്കുന്നവർക്കു താൻ മാത്രം ബ്രഹ്മവും മറ്റെല്ലാം മായയുമാണു്. എന്നാൽ ഈ ഭാവന അവർക്കു നിലനിർത്താൻ കഴിയുന്നുണ്ടോ? അതുമില്ല. കൃത്യം 12 മണിയാകുമ്പോൾ ഭക്ഷണം ഒരുക്കികൊടുക്കണം. രോഗം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകണം. അപ്പോൾ ആശുപത്രി മായയല്ല, അതാവശ്യമാണു്. ഭക്ഷണവും അവർക്കാവശ്യമാണു്. മറ്റുള്ളവരുടെ സേവനവും അവർക്കാവശ്യമാണു്. ഈ മായയും ശുദ്ധബോധവും പറയുന്നവർക്കു് ഇതൊക്കെ എങ്ങനെ ആവശ്യമാണോ, അതുപോലെ ലോകത്തിനും ഇതൊക്കെ ആവശ്യമാണെന്നു് അവർ ചിന്തിക്കണം. തനിക്കു് എല്ലാവരുടെയും സേവവേണം; എന്നാൽ ലോകത്തിനു സേവ ചെയ്യേണ്ട സമയം വരുമ്പോൾ ബ്രഹ്മവിചാരവും ഇതു മടിയന്മാരുടെ ലക്ഷണമാണു്.

ഈ ആശ്രമത്തിൽ എൻജിനീയർമാരുണ്ടു്, ഡോക്ടർമാരുണ്ടു്. എല്ലാവരും അവരവർക്കറിവുള്ള ജോലികൾ അവരവരുടെ കഴിവിനനുസരിച്ചു ചെയ്യുന്നു. ഒപ്പം, ധ്യാനിക്കുകയും ശാസ്ത്രം പഠിക്കുകയും എല്ലാം ചെയ്യുന്നുമുണ്ടു്. കർമ്മം ബന്ധമില്ലാതെ ചെയ്യാനാണു് അവർ പഠിക്കുന്നതു്. സ്വാർത്ഥതയും ശരീരാഭിമാനവും കളയാൻ ബന്ധമില്ലാത്ത കർമ്മം സഹായിക്കും. മമതയില്ലാതെ കർമ്മം ചെയ്യുമ്പോൾ അതു ബന്ധകാരണമല്ല, മുക്തിമാർഗ്ഗമാണു്. ഇവിടെ സ്വർഗ്ഗം വേണമെന്നാഗ്രഹിക്കുന്നവർ ആരും ഇല്ല. തൊണ്ണൂറു ശതമാനവും ലോകത്തെ സേവിക്കണമെന്നു് ആഗ്രഹിക്കുന്നവരാണു്. അവരുടെ പിന്നാലെ സ്വർഗ്ഗം ചെന്നാൽപോലും അവർ സ്വർഗ്ഗത്തോടു ‘റ്റാറ്റാ’ പറയും. കാരണം സ്വർഗ്ഗം അവരുടെ ഹൃദയത്തിലുണ്ടു്. പിന്നെ ഒരു സ്വർഗ്ഗത്തിലും പോകേണ്ട ആവശ്യം അവർക്കു വരുന്നില്ല. കാരുണ്യമുള്ള മനസ്സുതന്നെ അവരുടെ സ്വർഗ്ഗം. ഈ ഒരു ഭാവമാണു് ഇവിടെ കുഞ്ഞുങ്ങൾക്കു കൂടുതലുള്ളതു്.

പണ്ടുണ്ടായിരുന്ന പലരും, താൻ ശുദ്ധബോധമാണെന്നു പറഞ്ഞു കൊണ്ടു്, മാറിയിരുന്നതല്ലാതെ, ജനങ്ങളുടെ ഇടയിലേക്കിറങ്ങി പ്രവർത്തിക്കുവാൻ തയ്യാറായില്ല. അതുകാരണമാണു നമ്മുടെ സംസ്‌കാരം ഇത്രയും അധഃപതിച്ചതു്. അതിന്റെ ദുരിതമാണു് ഇന്നുള്ളവർ അനുഭവിക്കുന്നതു്. ഇനിയും നമ്മുടെ സംസ്‌കാരത്തെ നിർവീര്യമാക്കണമെന്നാണോ പറയുന്നതു്. അദ്വൈതം ജീവിതമാണെന്നാണു ഞങ്ങൾ പഠിച്ചിട്ടുള്ളതു്. തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന അവസ്ഥയാണതു്. കുരുക്ഷേത്രയുദ്ധത്തിന്റെ അർത്ഥം എന്താണു്? അനേകം പാറക്കല്ലുകൾ മിഷ്യനിലിട്ടു് ഒന്നിച്ചു കറക്കിയാൽ, അതിന്റെ കൂർത്തമുനകൾ നഷ്ടമായി, മിനുസമുള്ളതായിത്തീരുന്നു. അതുപോലെ ലോക സേവനകർമ്മം ചെയ്യുന്നതിലൂടെ നമ്മുടെ വ്യക്തിമനസ്സു് വ്യാപ്ത ചൈതന്യവുമായി ഒന്നുചേരുന്നു. മനസ്സിന്റെ വൈരൂപ്യം മാറി ആത്മസ്വരൂപമായിത്തീരുന്നു. അതുകൊണ്ടാണു ഭഗവാൻ അർജ്ജുനനോടു യുദ്ധംചെയ്യാൻ പറഞ്ഞതു്. ഇതൊക്കെ പറഞ്ഞുകൊടുത്തു പഠിപ്പിക്കുന്നതിനെക്കാൾ പ്രവൃത്തിയിൽ കാട്ടിക്കൊടുത്താൽ മറ്റുള്ളവർക്കും എളുപ്പം ഉൾക്കൊള്ളുവാൻ കഴിയും. അതാണു് അമ്മയുടെ ലക്ഷ്യം.

അമ്മയുടെ ആശ്രമത്തിൽ സേവനത്തിനു വളരെയേറെ പ്രാധാന്യം നല്കുന്നുണ്ടല്ലോ. ശരിയായ ആത്മവിചാരത്തിനു കർമ്മം തടസ്സമല്ലേ?

അമ്മ: മുകളിലേക്കുള്ള പടികൾ കെട്ടിയിരിക്കുന്നതു സിമന്റും കട്ടയും ഉപയോഗിച്ചാണു്. മുകൾത്തട്ടു വാർത്തിരിക്കുന്നതും സിമന്റും കട്ടയും കൊണ്ടാണു്. മുകളിൽ എത്തിയാലേ അതും ഇതും തമ്മിൽ വ്യത്യാസമില്ലെന്നു് അറിയാൻ കഴിയൂ. മുകളിൽ കയറാൻ പടികൾ എങ്ങനെ ആവശ്യമായി വന്നുവോ, അതുപോലെ അവിടേക്കു് എത്തുവാൻ ഈ ഉപാധികൾ ആവശ്യമാണു്.

ഒരാൾ, കുറെ വസ്തുവും കൊട്ടാരം പോലുള്ള വീടും വാടകയ്ക്കു് എടുത്തിട്ടു്, അവിടുത്തെ രാജാവായി അഭിമാനിച്ചു കഴിഞ്ഞു. ഒരു സാധു അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ, താൻ രാജാവാണെന്ന ഭാവത്തിൽ വളരെ അഹങ്കാരത്തിൽ പെരുമാറി. ആ സാധു ചോദിച്ചു, ”നീ നിന്റെ മനസ്സാക്ഷിയോടു ചോദിക്കു്, വാസ്തവമെന്താണെന്നു്.” എല്ലാം വാടകയ്‌ക്കെടുത്തതാണു്, സ്വന്തമായി യാതൊന്നുമില്ല. എന്നാൽ ഭാവമോ എല്ലാം തന്റെ സ്വന്തമാണെന്നും. ഇതുപോലെയാണു് ഇന്നുള്ള മിക്കവരും. അനേകം പുസ്തകങ്ങൾ വായിച്ചിട്ടു്, കടപ്പുറത്തിരുന്നു കാക്ക കരയുന്നതുപോലെ, കരഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ ജീവിതവുമായി അതിനു യാതൊരു സാമ്യവും കാണാനില്ല. ശാസ്ത്രം അല്പമെങ്കിലും മനസ്സിലാക്കിയവർ തന്നെ സമീപിക്കുന്നവർക്കു് ഉയരാനുള്ള മാർഗ്ഗം ഉപദേശിക്കുക മാത്രമേ ചെയ്യുകയുള്ളൂ. തർക്കിച്ചു സമയംകളയില്ല. ഓരോ വ്യക്തിക്കും, അവന്റെ സംസ്‌കാരം അനുസരിച്ചുള്ള മാർഗ്ഗമാണാവശ്യം. അതിനാലാണു ഹിന്ദുമതത്തിൽ അനേകം മാർഗ്ഗങ്ങൾ വന്നതു്. ഓരോരുത്തരെയും അവരവരുടെ തലത്തിൽ ചെന്നു് ഉദ്ധരിച്ചു കൊണ്ടുവരുവാനുള്ള വഴികളാണവ. അദ്വൈതം കാണാതെ പഠിക്കുവാനുള്ളതല്ല, ജീവിക്കുവാനുള്ളതാണു്. എങ്കിലേ അതനുഭവമാകൂ.

ഇവിടെ, ചിലർ വേദാന്തിയാണെന്നവകാശപ്പെട്ടുകൊണ്ടു വരാറുണ്ടു്. തങ്ങൾ ശുദ്ധബോധമാണെന്നാണു് അവർ വാദിക്കാറുള്ളതു്. അവർ ചോദിക്കാറുണ്ടു്, ”ആത്മാവു് ഏതാത്മാവിനെ സേവിക്കാനാണു്? ആശ്രമങ്ങളിൽ എന്തിനാണു സേവനം? പഠനം മാത്രം പോരേ? എന്നും മറ്റും. പണ്ടുള്ള മഹാത്മാക്കൾ ഗൃഹസ്ഥാശ്രമം കഴിഞ്ഞാണു വാനപ്രസ്ഥത്തിനും സന്ന്യാസത്തിനും പോയിരുന്നതു്. അവരുടെ കർമ്മങ്ങൾ മിക്കതും കഴിഞ്ഞിരുന്നു. പിന്നീടു ചുരുങ്ങിയ നാളുകളേ അവർക്കുള്ളൂ. പക്ഷേ, അവർ ചെന്നിരുന്ന ഗുരു കുലങ്ങളിൽ കർമ്മം ഉണ്ടായിരുന്നു. നല്ല സമർപ്പണത്തോടെതന്നെ അവിടെയുള്ള വേദാന്തികളായ ശിഷ്യർ, വേദാന്തികളായ ഗുരുക്കന്മാരെ സേവിച്ചിരുന്നു. ശിഷ്യർ വിറകു ശേഖരിക്കാൻ പോയിരുന്നു. പശുവിനെ മേയ്ക്കാൻ പോയിരുന്നു. വയലിൽ വെള്ളം കയറുന്നതു തടയാൻ പോയ ആരുണിയുടെ കഥ കേട്ടിട്ടില്ലേ? വയലിലെ വരമ്പു മുറിഞ്ഞു വെള്ളം കയറുന്നതു തടയാൻ താൻതന്നെ, വരമ്പിനോടു ചേർന്നു കിടന്നു് ഒഴുക്കു തടഞ്ഞു. ഇതൊന്നും അവർക്കു വേദാന്തത്തിൽനിന്നു ഭിന്നമായി തോന്നിയില്ല. ഇതു വരമ്പല്ലേ, ഇതു ചെളിയല്ലേ, ഇതു വെള്ളമല്ലേ, ഞാൻ ആത്മാവല്ലേ എന്നൊന്നും അവർ ചിന്തിച്ചില്ല. അങ്ങനെയായിരുന്നു അന്നുള്ള ശിഷ്യന്മാർ. അന്നും കർമ്മയോഗം ഉണ്ടായിരുന്നു. അന്നു മൂന്നോ നാലോ ശിഷ്യരേ ഒരു ഗുരുവിന്റെകൂടെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ ആശ്രമത്തിൽ ആയിരത്തിനടുത്തു് അന്തേവാസികൾ ഉണ്ടു്. ഇവർക്കെല്ലാം മുഴുക്കെ സമയവും ധ്യാനിക്കാൻ പറ്റുമോ? ഒക്കുകയില്ല. ചിന്തകൾ എന്തായാലും മനസ്സിൽ കടന്നു വരും. കർമ്മം ചെയ്താലും ഇല്ലെങ്കിലും ചിന്തകൾ ഉണ്ടാകും. എന്നാൽ, ആ ചിന്തകളെ നേർവഴിക്കു തിരിച്ചുവിട്ടു്, കൈകാലുകൾകൊണ്ടു കർമ്മം ചെയ്തു്, ജനങ്ങൾക്കു് ഉപകാരപ്രദമാക്കുന്നതാണോ തെറ്റു്?

(തുടരും…… )

ചോദ്യം : ആത്മസ്വരൂപം അമ്മയുടെ അനുഭവമാണല്ലോ? പിന്നെ എന്തിനാണു് അമ്മ പ്രാർത്ഥിക്കുന്നതു്? അമ്മയ്ക്കു സാധനയുടെ ആവശ്യമെന്താണു്?

അമ്മ: അമ്മ ശരീരം ധരിച്ചിരിക്കുന്നതു ലോകത്തിനുവേണ്ടിയാണു്; എനിക്കു വേണ്ടിയല്ല, അമ്മ ഈ ലോകത്തേക്കുവന്നതു്, ‘ഞാനൊരു അവതാരമാണു്’ എന്നും പറഞ്ഞു വെറുതെയിരിക്കാനല്ല. വെറുതെയിരിക്കണമെങ്കിൽ ജന്മമെടുക്കേണ്ട കാര്യമില്ലല്ലോ? ജനങ്ങൾക്കു മാർഗ്ഗദർശനം നല്കുക എന്നതാണു് അമ്മയുടെ ഉദ്ദേശ്യം. ലോകത്തെ ഉദ്ധരിക്കുവാനുള്ള മാർഗ്ഗം കാട്ടിക്കൊടുക്കാനാണു് അമ്മ വന്നതു്.

ചെവി കേൾക്കാത്തവരും നാക്കെടുക്കാത്തവരും മുന്നിൽ വന്നാൽ, നമ്മളും അവരോടു കൈകൊണ്ടു് ആംഗ്യം കാട്ടി വേണ്ട കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ശ്രമിക്കില്ലേ. എനിക്കു ചെവികേൾക്കാമല്ലോ പിന്നെ എന്തിനു ഞാൻ കൈക്രിയ കാട്ടണം എന്നു വിചാരിച്ചാൽ ചെവികേൾക്കാത്തവനു് ഒന്നും മനസ്സിലാക്കുവാൻ കഴിയില്ല. എന്തു പറഞ്ഞാലും അവർക്കു് ഈ ആംഗ്യം ആവശ്യംതന്നെയാണു്. അതുപോലെ, താനാരാണെന്നു് അറിയാതെ കഴിയുന്നവരെ ഉദ്ധരിക്കണമെങ്കിൽ അവരുടെ തലത്തിലേക്കിറങ്ങിച്ചെല്ലുകതന്നെ വേണം. അവരുടെ മുന്നിൽ ജീവിച്ചു കാട്ടിക്കൊടുക്കണം. അവർക്കു കീർത്തനവും ധ്യാനവും സേവനവും എല്ലാം ആവശ്യമാണു്. അവരെ ഉദ്ധരിക്കുവാൻ അമ്മ അനേകം വേഷങ്ങൾ സ്വീകരിക്കുന്നു. ഈ വേഷങ്ങളെല്ലാം ലോകത്തിനു വേണ്ടിയാണു്. ആശ്രമത്തിൽ വിമാനത്തിലും ട്രെയിനിലും കാറിലും ബസ്സിലും ബോട്ടിലും ആളുകൾ വരാറുണ്ടു്. പക്ഷേ, ”നീ ഏതു വാഹനത്തിലാണു വന്നതെന്നു്” അമ്മ ചോദിക്കാറില്ല. ”വിമാനത്തിലേ ഇവിടെ വരാവുള്ളൂ” എന്നു് ആവശ്യപ്പെടാറില്ല. ഓരോരുത്തരും അവരുടെ കഴിവനുസരിച്ചുള്ള വഴി കണ്ടെത്തുന്നു. അതു പോലെ ആത്മസ്വരൂപത്തെ അറിയുവാനും അനേകം മാർഗ്ഗങ്ങളുണ്ടു്. ഓരോരുത്തരുടെയും സംസ്‌കാരത്തിനനുസരിച്ചുള്ള മാർഗ്ഗമാണു് അമ്മ നിർദ്ദേശിക്കുന്നതു്.

കണക്കിനു മിടുക്കുള്ളവർ വേണം കോളേജിൽ ഫസ്റ്റ്ഗ്രൂപ്പ് എടുക്കേണ്ടതു്. കാരണം, മറ്റുള്ളവരെക്കാൾ വേഗത്തിൽ അതവർക്കു പഠിക്കുവാൻ കഴിയും. അതിൽ വേഗം മുന്നേറുവാൻ സാധിക്കും. ശാസ്ത്രഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കാൻ വേണ്ടത്ര ബുദ്ധിയുള്ളവർക്കു്, ബുദ്ധിതലത്തിൽ ‘നേതി നേതി’ എന്നു മനനം ചെയ്തു മുന്നോട്ടു പോകാൻ കഴിഞ്ഞെന്നിരിക്കും. ശാസ്ത്രപഠനവും സൂക്ഷ്മബുദ്ധിയുമുള്ളവർക്കേ ഇതിനു കഴിയൂ. സാധാരണക്കാരായ ജനങ്ങൾക്കു് ഇതു സാധിച്ചെന്നു വരില്ല. ആദ്യമായി ആശ്രമത്തിൽ വരുന്നവർ, ചിലപ്പോൾ ആദ്ധ്യാത്മികത എന്തെന്നുകൂടി കേട്ടിട്ടുണ്ടാവില്ല. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ എന്തു ചെയ്യും? ഗീത പോലുള്ള ഗ്രന്ഥങ്ങൾ മനസ്സിലാക്കണമെങ്കിലും കുറച്ചു വിദ്യാഭ്യാസം വേണം. അല്ലെങ്കിൽ നിരന്തര സത്സംഗം വേണം. ഇതൊന്നുമില്ലാത്തവർക്കും മുന്നോട്ടു പോകണ്ടേ? വേണ്ടത്ര വിവേകബുദ്ധിയുള്ളവർക്കേ ‘നേതി നേതി’ മാർഗ്ഗത്തിലൂടെ പോകാൻ കഴിയുകയുള്ളൂ. ശാസ്ത്രം പഠിച്ചവർക്കേ ഓരോ സാഹചര്യത്തിലും ശാസ്ത്ര വാക്കെടുത്തു മനനം ചെയ്യാൻ കഴിയൂ. വളരെ ചുരുക്കം പേർക്കേ ഇതിനു സാധിച്ചു എന്നു വരികയുള്ളൂ. ബാക്കിയുള്ളവരെ തള്ളാനൊക്കുമോ! അവരെയും ഉദ്ധരിക്കണ്ടേ? ഓരോരുത്തരും ഏതു തലത്തിൽ നില്ക്കുന്നു എന്നു മനസ്സിലാക്കി അവരുടെ തലത്തിലേക്കിറങ്ങിച്ചെന്നു വേണം അവരെ ഉദ്ധരിക്കുവാൻ.

ഇവിടെ പുസ്തകം വായിക്കാൻ അറിയാത്തവർ വരാറുണ്ടു്. വായിക്കാനറിയാമെങ്കിലും പുസ്തകം വാങ്ങാൻ പണമില്ലാത്ത സാധുക്കളായ മക്കളും വരാറുണ്ടു്. അല്പസ്വല്പം മാത്രം വായിച്ചറിവുള്ളവരും വരാറുണ്ടു്. പലതും വായിച്ചു മനസ്സിലാക്കിയെങ്കിൽ കൂടി, അവ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയാത്തവരും വരാറുണ്ടു്. ഓരോരുത്തരും വളർന്നുവന്ന സംസ്‌കാരത്തിനനുസരിച്ചു് അവരെ നയിക്കണം. ‘ബ്രഹ്മം’ എന്നതു വാക്കാൽ പറയേണ്ടതല്ല. അതു് അനുഭവമാണു്, ജീവിതമാണു്. തന്നെപ്പോലെത്തന്നെ മറ്റുള്ളവരെയും കാണാൻ കഴിയുന്ന അവസ്ഥയാണതു്. അതു സ്വാഭാവികമായിത്തീരണം. പൂവെന്നു ചിന്തിക്കുന്നതിനേക്കാൾ പൂവായിത്തീരുകയാണു വേണ്ടതു്. നമ്മളെല്ലാം പൂവായിത്തീരാനാണു ശ്രമിക്കേണ്ടതു്. അതു ജീവിതമാക്കുവാൻ നമുക്കു കഴിയണം. പഠനം അതിനു വേണ്ടിയായിരിക്കണം. കാണാതെ പഠിക്കുവാനല്ല പ്രയാസം, പഠിച്ചതു പ്രവൃത്തിയിൽ കൊണ്ടുവരാനാണു്. പണ്ടുള്ള മഹാത്മാക്കൾ ജീവിച്ചുകാണിച്ച കാര്യങ്ങൾ ഇന്നുള്ളവർ, മനഃപാഠം പഠിച്ചിട്ടു തർക്കിച്ചു നടക്കുന്നു. പൂജയും പ്രാർത്ഥനയുമെല്ലാം ബ്രഹ്മത്തിന്റെ ഓരോ മുഖംതന്നെയാണു്.