ആധുനികരായ നമ്മള്‍ പറയും, പ്രേമവും വിശ്വാസവും അന്ധമാണെന്നു്. യുക്തിയിലും ബുദ്ധിയിലുമാണവരുടെ കണ്ണു്.

എന്നാല്‍, അമ്മ പറയുന്നു, ‘യുക്തി അന്ധമാണു്.’ കാരണം, യുക്തി മാത്രമായാല്‍ ജീവിതം മുരടിച്ചു പോകും. അതിനാല്‍ പ്രേമത്തിലും വിശ്വാസത്തിലും ആയിരിക്കണം നമ്മുടെ കണ്ണു്. യുക്തിയിലും ബുദ്ധിയിലും മാത്രം നിലകൊള്ളുന്ന ഒരു സമൂഹത്തെ ഭാവനയില്‍ കാണുക. കാണാന്‍കൊള്ളാവുന്ന, സ്വയം ചലിക്കുന്ന, സംസാരിക്കുന്ന കുറെ യന്ത്രങ്ങളെ മാത്രമേ, അവിടെ കാണാന്‍ കഴിയൂ. അതിനാലാണു് അമ്മ പറയുന്നതു പ്രേമത്തിലും വിശ്വാസത്തിലുമാണു ജീവിതം നിലകൊള്ളുന്നതെന്നു്.

ചാണകവും മറ്റു വളങ്ങളും റോസാച്ചെടിയുടെ ചുവട്ടിലാണിടേണ്ടതു്. നറുമണം പരത്തുന്ന പുഷ്പങ്ങള്‍ വിടര്‍ന്നു നില്ക്കുന്ന ആ ചെടിയുടെ മുകളിലിട്ടു് അതിന്റെ സുഗന്ധം നഷ്ടമാക്കല്ലേ, സൗന്ദര്യം നശിപ്പിക്കല്ലേ. യുക്തിയും ബുദ്ധിയും അതാതിന്റെ സ്ഥാനത്തു പ്രയോഗിക്കൂ. ജീവിതത്തിനു സുഗന്ധവും സൗന്ദര്യവും പകരുന്ന പ്രേമത്തെയും വിശ്വാസത്തെയും നശിപ്പിക്കാന്‍ അതിനെ അനുവദിക്കരുതേ എന്നാണു് അമ്മയ്ക്കു പറയുവാനുള്ളതു്.

പ്രേമവും വിശ്വാസവും കൊണ്ടു് എത്രയോ പേര്‍ ഉദ്ധരിക്കപ്പെടുന്നുണ്ടു് എന്നതിനു് ഒരു തെളിവാണു ശബരിമല തീര്‍ത്ഥാടനം. മണ്ഡല വ്രതക്കാലത്തു് ആ നാല്പത്തിയൊന്നു ദിവസം അവര്‍ കള്ളു കുടി നിര്‍ത്തി. ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കി. അഹങ്കാരം പറച്ചിലും നിര്‍ത്തി. ബ്രഹ്മചര്യത്തോടും ധര്‍മ്മബോധത്തോടും ‘സ്വാമിയേ ശരണം’ എന്ന ഏകമന്ത്ര ജപത്തോടുകൂടി ജീവിക്കുവാന്‍ ശീലിക്കുന്നു. അത്രയും നാളെങ്കിലും കുടുംബങ്ങള്‍ക്കും സമൂഹത്തിനും കള്ളില്‍ നിന്നും കഞ്ചാവില്‍ നിന്നും മോചനം ലഭിക്കുന്നു.

എന്നാല്‍, അവിടേക്കും വിമര്‍ശനശരങ്ങള്‍ തൊടുത്തു വിടാന്‍ നമ്മള്‍ മത്സരിക്കുകയാണു്, ഇതെല്ലാം മനുഷ്യനെ പറ്റിക്കലാണു്. വിശ്വാസത്തെ ചൂഷണം ചെയ്യുകയാണു്. ഈ വിധമാണു് അവരുടെ വാദഗതികള്‍. എന്നാല്‍, അതിന്റെ പിന്നിലെ പ്രായോഗികത അവര്‍ കാണുന്നില്ല. ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കേണ്ടതാണു്, വിമര്‍ശനം ആവശ്യമാണു്. എന്നാല്‍, അതു് അന്ധമാകാന്‍ പാടില്ല. വിമര്‍ശനം നന്മയെ നശിപ്പിക്കുന്നതാകരുതു്. പ്രേമത്തില്‍ക്കൂടിയും വിശ്വാസത്തില്‍ക്കൂടിയും നാം ചെന്നെത്തുന്നതു് ആത്മതത്ത്വത്തിലേക്കാണു്.