ചോദ്യം : ആത്മസാക്ഷാത്കാരത്തിനു പ്രത്യേകിച്ചൊരു ഗുരു ആവശ്യമില്ലെന്നാണോ അമ്മ പറയുന്നതു്?

അമ്മ: അങ്ങനെ അമ്മ പറയുന്നില്ല. ജന്മനാ സംഗീതവാസനയുള്ള ഒരാള്‍ പ്രത്യേക പഠനമൊന്നും കൂടാതെ എല്ലാ രാഗങ്ങളും പാടിയെന്നിരിക്കും. അതിനെ അനുകരിച്ചു മറ്റുള്ളവരും പഠിക്കാതെ പാടാന്‍ തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? അതിനാല്‍ ഗുരു വേണ്ട എന്നു് അമ്മ പറയില്ല. വേണ്ടത്ര ശ്രദ്ധയുള്ള അപൂര്‍വ്വം ചിലര്‍ക്കു് അങ്ങനെയും ആകാമെന്നേ ഉള്ളൂ.

ഏതൊന്നു കാണുമ്പോഴും വിവേകപൂര്‍വ്വം, ശ്രദ്ധാപൂര്‍വ്വം അവയെ വീക്ഷിക്കണം. ഒന്നിനോടും മമതയോ വിദ്വേഷമോവച്ചു പുലര്‍ത്താന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ ഏതില്‍നിന്നും നമുക്കു പാഠങ്ങള്‍ ഉള്‍ക്കൊണ്ടു നീങ്ങുവാന്‍ കഴിയും. പക്ഷേ, നമുക്കിടയില്‍ എത്രപേര്‍ക്കു് അതിനുള്ള വൈരാഗ്യവും ക്ഷമയും ഏകാഗ്രതയും ഉണ്ടു്? അതൊന്നുമില്ലാത്തവര്‍ക്കു ബാഹ്യഗുരുവിനെ ആശ്രയിക്കാതെ ലക്ഷ്യത്തിലെത്തുവാന്‍ പ്രയാസമാണു്. ഉള്ളിലെ ജ്ഞാനം ഉണര്‍ത്തുന്ന ആളാണു യഥാര്‍ത്ഥ ഗുരു. നമ്മുടെ കണ്ണിനു് അജ്ഞാനതിമിരം ബാധിച്ചതിനാല്‍ ആ ഗുരുവിനെ കാണുവാന്‍ ഇന്നു കഴിയുന്നില്ല. കണ്ണു ശസ്ത്രക്രിയ ചെയ്തു്, ജ്ഞാനപ്രകാശം കാണാന്‍ യോഗ്യമാക്കണം. അതിനു് ഒരുവനെ സഹായിക്കുന്നതു്, അവനിലെ ‘ശിഷ്യന്‍’ എന്ന ഭാവമാണു്.

എപ്പോഴും തുടക്കക്കാരന്‍റെ ഭാവം വേണം എന്നു പറയും. കാരണം തുടക്കക്കാരനു മാത്രമേ എന്തും ഇരുന്നു പഠിക്കുവാനുള്ള ക്ഷമയുണ്ടാകൂ. ശരീരം വളര്‍ന്നു വലുതായെന്നു വച്ചു നമ്മുടെ മനസ്സു് വളര്‍ന്നിട്ടില്ല. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ ആദ്യം നമുക്കു് ഒരു കുഞ്ഞിന്‍റെ ഭാവം വരണം. കുഞ്ഞിനേ വളരാന്‍ പറ്റുകയുള്ളൂ. നമ്മളില്‍ ഇപ്പോഴുള്ള ഭാവം അഹങ്കാരത്തിന്‍റെതാണു്. ശരീരമനോബുദ്ധികളുടെതാണു്. ഇതു വിട്ടു കുഞ്ഞിന്‍റെ നിഷ്‌ക്കളങ്കഭാവം നാം ഉള്‍ക്കൊണ്ടാലേ പറയുന്നതു കേള്‍ക്കാനുള്ള ശ്രദ്ധ കൈവരൂ. മലയുടെ മുകളില്‍ എത്ര വെള്ളം വീണാലും തങ്ങിനില്ക്കില്ല. എന്നാലൊരു കുഴിയില്‍ വെള്ളം താനെ ഒഴുകി വന്നു നിറയും. ഇതുപോലെ ഞാന്‍ ഒന്നുമല്ല എന്ന ഭാവമുണ്ടായാല്‍ എല്ലാം വന്നുചേരും എന്നാണു് അമ്മ പറയുന്നതു്.

ക്ഷമയും ശ്രദ്ധയും ആണു നമ്മുടെ ജീവിതത്തിന്‍റെ സമ്പാദ്യം. അതു നേടിയവന്‍ എവിടെയും വിജയിക്കും. ക്ഷമയ്ക്കും ശ്രദ്ധയ്ക്കും അത്ര മഹത്ത്വമുണ്ടു്. ക്ഷമയും ശ്രദ്ധയും വന്നു കഴിയുമ്പോള്‍, തന്നിലെ അഴുക്കു കണ്ടറിയാനും അതു നീക്കം ചെയ്യാനും സഹായിക്കുന്ന കണ്ണാടി അവനില്‍ തനിയെ തെളിയുന്നു. അവന്‍തന്നെ അവന്‍റെ കണ്ണാടിയായി മാറുന്നു. മറ്റാരുടെയും സഹായം കൂടാതെ സ്വയം അഴുക്കു കളയുവാനുള്ള മാര്‍ഗ്ഗം മനസ്സിലാക്കി അതിനുള്ള കഴിവു നേടുന്നു. അങ്ങനെയുള്ളവര്‍, സര്‍വ്വതിലും ഗുരുവിനെ മാത്രമേ കാണുന്നുള്ളൂ. തന്നെക്കാള്‍ കീഴെയായി ആരെയും അവര്‍ക്കു കാണുവാന്‍ കഴിയില്ല. അങ്ങനെ വളര്‍ന്നവര്‍, അനാവശ്യമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയില്ല. അവര്‍ ജീവിക്കുന്നതു നാക്കിലല്ല, അവരുടെ ജീവിതം പ്രവൃത്തിയില്‍ കാണാം.

സംപൂജ്യ സദ്ഗുരു ശ്രീ. മാതാ അമൃതാനന്ദമയി ദേവി നൽകുന്ന യോഗദിന സന്ദേശം
=====
മക്കളേ,
ഒരു ശരാശരി മനുഷ്യൻ അവന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുടെ ചെറിയൊരംശം മാത്രമേ ജീവിതകാലത്ത് ഉപയോഗപ്പെടുത്തുന്നുള്ളൂ. നമ്മിലെ അത്തരം കഴിവുകൾ ഉണർത്താനും സ്വന്തം പൂർണതയെ സാക്ഷാത്കരിക്കാനുമുള്ള ഒരു മാർഗമാണ് യോഗ. ഇന്ന് ആധുനികമരുന്നുകളും ചികിത്സാസൗകര്യങ്ങളും മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ തെറ്റായ ജീവിതശൈലിയും കാഴ്ചപ്പാടുകളും കാരണം മനുഷ്യരുടെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. ദീർഘനേരം ക്ഷീണമില്ലാതെ ജോലിചെയ്യാനുള്ള ശേഷി, മനസ്സിന്റെ സ്വസ്ഥത, ബുദ്ധിശക്തിയുടെയും ഓർമശക്തിയുടെയും തെളിവ് തുടങ്ങിയവയാണ്‌ ആരോഗ്യലക്ഷണങ്ങൾ. ഇവയ്ക്കെല്ലാം ഉപകരിക്കുന്ന ഒരു സമഗ്രശാസ്ത്രമാണ് യോഗ.

തിരക്കേറിയ ജീവിതവും വ്യായാമക്കുറവും ടെൻഷനും അവ സൃഷ്ടിക്കുന്ന അസുഖങ്ങളും ഇന്നത്തെ സമൂഹത്തിന്റെ ശാപമാണ്. ദിവസവും മുപ്പതു മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. ഒപ്പം പത്തു മിനുട്ടെങ്കിലും സൂര്യപ്രകാശമേൽക്കേണ്ടതും ആവശ്യമാണ്. ഇക്കാലത്ത് മിക്കവരും എ.സി. വീട്ടിൽനിന്ന് എ.സി. കാറിൽ കയറി എ.സി. ഓഫീസിലേക്ക്‌ പോകുകയാണ് പതിവ്. അതുകാരണം വായുവുമായും സൂര്യപ്രകാശവുമായുമുള്ള സമ്പർക്കം കുറയുന്നു. അതവരുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ചിലർ വ്യായാമത്തിനായി ജിമ്മിൽ പോകുന്നതും തിരിച്ചുവരുന്നതും കാറിലാണ്. അതിനുപകരം ജിമ്മിലേക്ക്‌ നടന്നുപോകാൻ തയ്യാറാകുകയാണെങ്കിൽ അത് ശരീരത്തിന് ഒന്നുകൂടി വ്യായാമം നൽകും. അത്രയും സമയം രാവിലെയും വൈകീട്ടും വീട്ടിനടുത്തുള്ള പാർക്കിലോ ബീച്ചിലോ നടക്കുക എന്ന ശീലം വളർത്തിയെടുത്താൽ ജിമ്മിൽ പോകാൻ പണം ചെലവുചെയ്യേണ്ടിവരില്ല. ജിമ്മിൽനിന്നു ലഭിക്കുന്നതിനെക്കാൾ കൂടുതൽ അല്ലെങ്കിൽ അത്രയും വ്യായാമമെങ്കിലും നടക്കുന്നതിലൂടെ ലഭിക്കും. മാത്രമല്ല, ശുദ്ധവായു ശ്വസിക്കാനും സൂര്യപ്രകാശമേൽക്കാനും അതൊരു അവസരമാകും. അതെല്ലാം എന്തുകൊണ്ടും ആരോഗ്യത്തിന് ഗുണകരമാണ്. അതിനുപുറമെ, വാഹനത്തിന്റെ ഇന്ധനം ലാഭിക്കാനും ഇന്ധനങ്ങൾ കത്തുമ്പോൾ പുറപ്പെടുന്ന ഹാനികരമായ വാതകങ്ങൾ അന്തരീക്ഷത്തെ മലിനമാക്കുന്നതു തടയാനും ഈ ശീലം സഹായിക്കും.

ഇതോടൊപ്പം യോഗകൂടി പരിശീലിക്കുകയാണെങ്കിൽ അത് ശരീരത്തിനും മനസ്സിനും പുതുജീവൻ നല്കും. പ്രമേഹം, കോളസ്‌ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയെ വലിയൊരളവോളം നിയന്ത്രിക്കാൻ യോഗയ്ക്കു കഴിയും. രോഗപ്രതിരോധശേഷി വളർത്താനും വാർധക്യത്തെ അകറ്റിനിർത്താനും യോഗ സഹായകമാണ്. സാവകാശം അവബോധത്തോടെ ചെയ്യുമ്പോഴാണ് യോഗ പൂർണഫലംചെയ്യുന്നത്. തുടക്കക്കാരും രോഗികളും ഒരു പരിശീലകന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും.

ഏതു ദേശത്തായാലും മനുഷ്യപ്രകൃതിക്ക്‌ കാര്യമായ വ്യത്യാസമില്ലാത്തതിനാൽ ജാതിമതഭേദമെന്യേ ഏവർക്കും യോഗ സ്വീകരിക്കാവുന്നതാണ്. പ്രാചീനഭാരതത്തിലെ ഋഷിവര്യന്മാർ മനുഷ്യരാശിക്കു നൽകിയ ഈ അമൂല്യസമ്പത്ത് വേണ്ടവിധം പ്രയോജനപ്പെടുത്താൻ നമുക്കു കഴിയട്ടെ.
-അമ്മ.

ചോദ്യം : ആദ്ധ്യാത്മികമാർഗ്ഗത്തിൽ ഗുരു ആവശ്യമാണെന്നു പറയുന്നു. അമ്മയുടെ ഗുരു ആരാണു്?

അമ്മ: ഈ ലോകത്തിൽ കാണപ്പെടുന്ന ഓരോ വസ്തുവും അമ്മയ്ക്കു ഗുരുവാണു്. ഗുരുവും ഈശ്വരനും അവരവരുടെ ഉള്ളിൽത്തന്നെ ഉണ്ടു്. പക്ഷേ, അഹങ്കാരം ഇരിക്കുന്നിടത്തോളം കാലം, അവിടുത്തെ അറിയുവാൻ കഴിയില്ല. തന്നിലെ ഗുരുവിനെ മറയ്ക്കുന്ന മറയാണു് അഹങ്കാരം. അവനവനിൽത്തന്നെയുള്ള ഗുരുവിനെ കണ്ടെത്തിയാൽ പിന്നെ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിലും ഗുരുവിനെ കാണാൻ കഴിയും.

തന്‍റെ ഉള്ളിൽത്തന്നെ അമ്മയ്ക്ക് ഗുരുവിനെ കാണാൻ കഴിഞ്ഞതിനാൽ, പുറമെയുള്ള ഒരു മൺതരിപോലും അമ്മയ്ക്കു ഗുരുവായിത്തീർന്നു. മക്കൾ ചിന്തിച്ചേക്കാം, അങ്ങനെയാണെങ്കിൽ ഒരു മുള്ളും അമ്മയ്ക്കു ഗുരുവാണോ എന്നു്. അതെ, ഒരു മുള്ളും അമ്മയ്ക്കു ഗുരുതന്നെയാണു്. മുള്ളു കാലിൽ കൊണ്ടതിന്‍റെ ഫലമായി തുടർന്നുള്ള പാത ശ്രദ്ധിക്കാൻ ഇടയായി. അങ്ങനെ വീണ്ടും മുള്ളു കൊള്ളാതിരിക്കാനും വലിയ കുഴികളിൽ വീഴാതിരിക്കാനും ആ മുള്ളു സഹായമായി. ഈ ശരീരത്തെയും അമ്മ ഗുരുവായിട്ടാണു കാണുന്നതു്. കാരണം ശരീരത്തിന്‍റെ നശ്വരതയെക്കുറിച്ചു ചിന്തിക്കുമ്പോൾ ആത്മാവു മാത്രമാണു നിത്യമായ സത്യം എന്നറിയുവാൻ കഴിയുന്നു. ചുറ്റുമുള്ള എന്തും അമ്മയെ നന്മയിലേക്കു മാത്രമേ നയിച്ചിട്ടുള്ളു. അതുകൊണ്ടു ജീവിതത്തിൽ സർവ്വതിനോടും അമ്മയ്ക്കു് ആദരവു മാത്രമേയുള്ളു.

ചോദ്യം : പ്രസവിക്കാത്ത അമ്മ എങ്ങനെ അമ്മയാകും? എന്തെങ്കിലും പ്രത്യേക ലക്ഷ്യം നേടാനാണോ അമ്മ സമൂഹത്തിൽ പ്രവർത്തിക്കുന്നതു്?

അമ്മ: മക്കളേ, അമ്മ എന്നതു നിഷ്‌കാമത്തിന്‍റെ പ്രതീകമാണു്. കുഞ്ഞിന്‍റെ ശരിയായ ഹൃദയമറിഞ്ഞു കുട്ടിക്കുവേണ്ടിയുള്ള ഒരു ജീവിതമാണു മാതാവിന്‍റെതു്. കുഞ്ഞിന്‍റെ ഏതു തെറ്റും അമ്മ ക്ഷമിക്കും. കാരണം അറിവില്ലായ്മകൊണ്ടാണു കുഞ്ഞിനു തെറ്റു പറ്റുന്നതെന്നേ അമ്മ കാണുന്നുള്ളൂ. അല്ലാതെ അഹങ്കാരമെന്നു് അമ്മമാർ ചിന്തിക്കുന്നില്ല. ഇതാണു മാതൃത്വം. എന്‍റെ ജീവിതം ഇതുതന്നെയാണു്. എല്ലാവരും അമ്മയ്ക്കു മക്കളാണു്.

‘മാതൃദേവോ ഭവ’ എന്നാണു ഭാരതത്തിൽ ചെറുപ്പം മുതൽ പഠിപ്പിക്കാറുള്ളതു്. നമ്മുടെ സംസ്‌കാരത്തിൽ സ്ത്രീത്വത്തിന്‍റെ പരിപൂർണ്ണതയെ ആണു മാതാവെന്ന പദംകൊണ്ടു് ഉദ്ദേശിച്ചിട്ടുള്ളതു്. ഭാര്യയൊഴികെ മറ്റെല്ലാവരും പുരുഷനു് അമ്മയാണു്. സ്ത്രീയും തന്നെക്കാൾ ആദരണീയരായ സ്ത്രീകളെ അമ്മയെന്നാണു വിളിക്കാറു്. മാതാവിനു് അത്ര ഉന്നതമായ സ്ഥാനമാണു നമ്മുടെ സമൂഹം നല്കിയിരുന്നതു്. മറ്റുള്ള സംസ്‌കാരത്തിന്‍റെ സ്വാധീനം മൂലം ഇന്നതു കുറേയൊക്കെ നഷ്ടമായി. അതിന്‍റെ ഭവിഷ്യത്തു നമ്മുടെ സമൂഹത്തിൽ കാണാനുമുണ്ടു്. മാതൃഭാവം ഏതൊരു സ്ത്രീയിലും ജന്മസിദ്ധമാണു്. മറ്റേതൊരു ഭാവത്തെക്കാളും സ്ത്രീയിൽ ഉയർന്നു നിലേ്ക്കണ്ടതും ഈ ഭാവമാണു്. സൂര്യനു മുൻപിൽ അന്ധകാരം ഒഴിയുന്നതുപോലെ, മാതൃഭാവത്തിനു മുൻപിൽ എല്ലാ അധമവാസനകളും ഓടിയൊളിക്കുന്നു. അത്ര പവിത്രമാണു മാതൃഭാവം.

മാതൃത്വത്തിന്‍റെ മുഖമുദ്ര സ്‌നേഹവും ത്യാഗവും നിസ്സ്വാർത്ഥതയുമാണു്. ഇതിൽക്കൂടി മാത്രമേ സമൂഹത്തിൽ സംസ്‌കാരം നിലനിർത്താൻ കഴിയൂ. അതിനു് അമ്മയുടെ ഇന്നത്തെ രീതി സഹായിക്കുമെന്നു തോന്നി. പ്രസവിക്കാത്ത അമ്മ എങ്ങനെ അമ്മയാകും എന്നു മോൻ ചോദിച്ചു; വിമാനം ഓടിക്കുന്ന പൈലറ്റിനു് അറിയുന്നതിനെക്കാൾ കൂടുതൽ എഞ്ചിന്‍റെ കാര്യങ്ങൾ അതുണ്ടാക്കിയ ആൾക്കറിയാം. അതിനു കേടു സംഭവിച്ചാൽ എങ്ങനെയാണു്, എന്തുകൊണ്ടാണു് എന്നും മറ്റും പൈലറ്റിനെക്കാൾ അറിയാവുന്നതു് അതു നിർമ്മിച്ചയാളിനാണു്. അതുപോലെ പ്രസവിച്ചതുകൊണ്ടു മാത്രം ആരും അമ്മയാവില്ല. മാതൃത്വം അവരിൽ വിടർന്നില്ല എങ്കിൽ.

മാതൃഭാവം പൂർണ്ണമായും ഉൾക്കൊള്ളാൻ ആവുമെങ്കിൽ പ്രസവിക്കാത്തതുകൊണ്ടു മാത്രം ആരും അമ്മയാവാതെയുമിരിക്കുന്നില്ല. പിറന്ന നാടിനും, സംസാരഭാഷയ്ക്കും, ഭൂമിക്കും ഒക്കെ നമ്മൾ മാതൃസ്ഥാനം കൊടുക്കുന്നില്ലേ? അമ്മയുടെ ജീവിതം ഒരു ചന്ദനത്തിരി പോലെയാകണം എന്നു മാത്രമേയുള്ളൂ. ചന്ദനത്തിരി സ്വയം എരിയുമ്പോഴും മറ്റുള്ളവർക്കു പരിമളം കൊടുക്കുകയാണു്. അതുപോലെ അമ്മയുടെ ജീവിതത്തിലെ ഓരോ നിമിഷവും മക്കൾക്കു് ഉപകാരപ്രദമായിത്തീരണം എന്നു മാത്രമേ അമ്മ ചിന്തിക്കാറുള്ളൂ. ലക്ഷ്യവും മാർഗ്ഗവും വെവ്വേറെയായി അമ്മ കാണുന്നില്ല. അവിടുത്തെ ഇച്ഛയ്‌ക്കൊത്തു ജീവിതം ഒഴുകുന്നു, അത്രതന്നെ.

ചോദ്യം : അമ്മ ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ളതായി പലരും പറഞ്ഞു കേട്ടു. കഷ്ടതയനുഭവിക്കുന്നവരെ ഇന്നു കാണുമ്പോൾ, ആ പഴയ കാലം ഓർക്കാറുണ്ടോ?

അമ്മ: ആരുടെ ജീവിതത്തിലാണു കഷ്ടപ്പാടുകൾ ഇല്ലാതിരുന്നിട്ടുള്ളതു്? അമ്മയ്ക്കു ചെറുപ്പത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു എന്നതു ശരിയാണു്. എന്നാൽ അതൊന്നും ഒരു കഷ്ടപ്പാടായി തോന്നിയിരുന്നില്ല.

ദമയന്തിയമ്മയ്ക്കു സുഖമില്ലായിരുന്നു. ഒരു ജോലിയും ചെയ്യാൻ കഴിയില്ല. ആ സാഹചര്യത്തിൽ ഒരാളുടെ പഠിത്തം മുടങ്ങിയാലും മറ്റു സഹോദരങ്ങൾക്കു വിദ്യാഭ്യാസം തുടരാൻ കഴിയുമല്ലോ എന്നു് അമ്മ ആശ്വസിച്ചു. അമ്മയ്ക്കു വീട്ടുജോലികളുടെ മുഴുവൻ ഭാരവും വഹിക്കേണ്ടി വന്നു; പഠനം നിർത്തേണ്ടി വന്നു. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സഹോദരങ്ങൾക്കു ഭക്ഷണം തയ്യാറാക്കി പൊതികെട്ടി കൊടുക്കണം, വസ്ത്രം അലക്കിക്കൊടുക്കണം. പശു, ആടു്, താറാവു്, കോഴി മുതലായവയുടെ എല്ലാ കാര്യങ്ങളും നോക്കണം. ദമയന്തിയമ്മയെ ശുശ്രൂഷിക്കണം. പശുവിനുള്ള പുല്ലു കൊണ്ടുവരാൻ പോകണം. അങ്ങനെ രാവിലെ നാലുമണി മുതൽ പാതിരാവാകുന്നതുവരെ ഓരോതരം ജോലിയുണ്ടു്. ഇതെല്ലാം കാരണം കഷ്ടത എന്തെന്നു ചെറുപ്പത്തിൽതന്നെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. പശുവിനു കൊടുക്കാനുള്ള ചീനിത്തൊലി ശേഖരിക്കുന്നതിനായി പത്തിരുപതു വീടുകളിൽ പോകണം. ഒരു വീട്ടിൽ ചെല്ലുമ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. അടുത്ത വീട്ടിൽ ചെല്ലുമ്പോൾ അവിടെ കഴിക്കാൻ ഒന്നും ഇല്ല. വെറും പട്ടിണി. കുട്ടികൾ വിശന്നു തളർന്നു കിടക്കുന്നു.

ഒരിടത്തു കുട്ടികൾ പ്രാർത്ഥിക്കുന്നു, ‘അമ്മയ്ക്കു ദീർഘായുസ്സു കിട്ടണേ’ എന്നു്. മറ്റൊരു വീട്ടിൽ ചെന്നാൽ മുത്തശ്ശിക്കു പറയാനുള്ളതു കഷ്ടപ്പാടിന്‍റെയും അവഗണനയുടെയും കഥ മാത്രം, ‘ആരും എന്നെ നോക്കുന്നില്ല. ഭക്ഷണം നായ്ക്കൾക്കു കൊടുക്കുന്നതുപോലെയാണു തരുന്നതു്. വസ്ത്രം കഴുകിത്തരാൻ ആരുമില്ല. എല്ലാവരുടെയും ആട്ടും തല്ലും മാത്രമേയുള്ളൂ.’ ജീവിതകാലം മുഴുവൻ മക്കൾക്കു വേണ്ടി കഷ്ടപ്പെട്ടു. അവർക്കു വേണ്ടി അദ്ധ്വാനിച്ചു് ആരോഗ്യം നഷ്ടമായി. എന്നാൽ വാർദ്ധക്യത്തിലെത്തി അവശരായി കിടക്കുമ്പോൾ സഹായത്തിനാരുമില്ല. ഒരിറ്റു വെള്ളം നല്കാൻ ആരുമില്ല. അവരുടെ കഷ്ടത കണ്ടിട്ടു്, അമ്മ ഭക്ഷണം വീട്ടിൽനിന്നും എടുത്തു കൊണ്ടുചെന്നു കൊടുക്കും. പല മുത്തശ്ശിമാരുടെയും കാര്യം ഇതുപോലെതന്നെ.

അച്ഛനമ്മമാരുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിച്ച മക്കൾക്കു്, പിന്നീടു് കുടുംബവും ബാദ്ധ്യതയും വന്നു ചേർന്നാൽ, പിന്നെ പ്രായംചെന്ന അവർ ഒരു ശല്യമാണു്. എങ്ങിനെയും ഒഴിവായി കിട്ടിയാൽ മതി എന്നാണു്. എന്തെങ്കിലും കിട്ടാനുണ്ടെങ്കിലല്ലേ അവർക്കു സ്‌നേഹം വരൂ. പശുവിനെ സ്‌നേഹിക്കുന്നതു പാലിനു വേണ്ടിയാണു്. പാലില്ലെങ്കിൽ പശുവിനെ തള്ളും. ലോകത്തിലെ സ്‌നേഹമെല്ലാം സ്വാർത്ഥതയ്ക്കു വേണ്ടിയാണു് എന്നു മനസ്സിലായി. വീടിനടുത്തു് ഒരു കുളമുണ്ടായിരുന്നു. അമ്മ വയസ്സായ തള്ളമാരെ അവിടെ കൂട്ടിക്കൊണ്ടുവന്നു കുളിപ്പിക്കും, വസ്ത്രം നനച്ചു കൊടുക്കും. വിശന്നു കരയുന്ന കുട്ടികളെ എടുത്തു കൊണ്ടുവന്നു വീട്ടിൽനിന്നും ഭക്ഷണം കൊടുക്കും. ഇതൊന്നും അച്ഛനു് ഇഷ്ടമല്ലായിരുന്നു, ”നീ എന്തിനാണു് ഈ മൂക്കൊലിപ്പിച്ചുകൊണ്ടു നടക്കുന്ന കണ്ണിൽ കണ്ട പിള്ളാരെ എടുത്തു കൊണ്ടുവരുന്നതു്” എന്നും പറഞ്ഞു വഴക്കു പറയും.

ഈ കഷ്ടതകൾ ഒക്കെ നേരിൽ കാണാൻ കഴിഞ്ഞതിലൂടെ ജനങ്ങളുടെ ജീവിതം പഠിക്കാൻ സാധിച്ചു. ആശുപത്രിയിൽ ചെന്നാൽ, രോഗിയുടെ പേരും വയസ്സും മറ്റും എഴുതി ചീട്ടു വാങ്ങണം. മരുന്നിനു കുറിപ്പെഴുതി കിട്ടിയാൽതന്നെ വാങ്ങാൻ പണം എവിടെ? എന്തിനു്, കുറിപ്പെഴുതുവാനുള്ള ചീട്ടിനുപോലും പൈസയില്ലാതെ വിഷമിക്കുന്ന സാധുക്കളെ അമ്മ കണ്ടിട്ടുണ്ടു്. അന്നന്നു ജോലിക്കുപോയി, കിട്ടുന്ന പൈസകൊണ്ടു കഷ്ടിച്ചു് ഓരോ ദിവസവും തള്ളി നീക്കുന്നവരാണു് ഇവിടത്തുകാർ. ഒരു ദിവസം ജോലിക്കു പോയില്ലെങ്കിൽ കുടുംബം മുഴുപ്പട്ടിണിയിൽതന്നെ. ഒരു ദിവസം രോഗം വന്നു്, കിടപ്പായാൽ മരുന്നിനും പണമില്ല ആഹാരത്തിനും പണമില്ല. ഗുളിക വാങ്ങാൻ പണമില്ലാതെ വേദന കൊണ്ടു പുളയുന്നവരെ കാണാം. ഒരു ഗുളിക കഴിച്ചാൽ മതി. ഏതാനും മിനിട്ടുകൾകൊണ്ടു വേദന മാറും. എന്നാൽ അതിനുപോലും പണമില്ല. അതുകൊണ്ടു ദിവസം മുഴുവൻ വേദനകൊണ്ടു കിടന്നു പിടയുന്നു.

പരീക്ഷയ്ക്കു പേപ്പറു വാങ്ങാൻ പൈസയില്ലാതെ എത്രയോ കുട്ടികൾ കരയുന്നതു കണ്ടിട്ടുണ്ടു്. ഉടുപ്പിന്‍റെ ബട്ടൺ പോയിട്ടു പകരം വാങ്ങിവയ്ക്കാൻ പൈസയില്ലാത്തതിനാൽ മുള്ളുകുത്തിക്കൊണ്ടാണു പലരും സ്‌കൂളിൽ പോകുന്നതു്. ഈ കഷ്ടതകളൊക്കെ നേരിൽ കാണാനും കേൾക്കാനും അനുഭവിക്കാനും അമ്മയ്ക്കു ചെറുപ്പത്തിൽ കഴിഞ്ഞിരുന്നു. ലോകത്തിന്‍റെ സ്വഭാവം അറിയാൻ കഴിഞ്ഞു. എന്നിലേക്കു നോക്കാൻ അതു പ്രേരണ നല്കി. ലോകത്തിലുള്ളതെല്ലാം എന്‍റെ ഗുരുവായി മാറി. ഒരു ഉറുമ്പാണെങ്കിലും അതെന്‍റെ ഗുരുവാണു്. അന്നു് അവരോടൊപ്പം വിഷമതകൾ പങ്കിട്ടതുകൊണ്ടു് ഇന്നും സാധുക്കളെ കാണുമ്പോൾ, പറയാതെതന്നെ അവരുടെ വേദനകൾ അമ്മയ്ക്കു മനസ്സിലാക്കാൻ പറ്റുന്നു. ഇന്നു്, ഇതേപോലെ കഷ്ടതകകൾ അനുഭവിക്കുന്ന എത്രയോ ആളുകളാണു് അമ്മയെ കാണാൻ വരുന്നതു്. സമ്പത്തുള്ള മക്കൾ വിചാരിച്ചാൽ ഈ സാധുക്കളുടെ കഷ്ടപ്പാടുകൾ ഒരളവുവരെ പരിഹരിക്കാൻ കഴിയും. ഇവിടെ വരുന്ന പണക്കാരു മക്കളോടു് അമ്മ ഇതാവർത്തിച്ചു പറയാറുണ്ടു്.