ജ്ഞാനമില്ലാതെ എന്തു കര്‍മ്മം?

ജ്ഞാനമില്ലാതെ എന്തു കര്‍മ്മം ചെയ്താലും അതു നമ്മെത്തന്നെ നഷ്ടപ്പെടുന്നതിനു തുല്യമാണ്. ഡ്രൈവിങ്ങ് പഠിച്ചു വണ്ടിയോടിച്ചാല്‍ നമ്മള്‍ 98% ലക്ഷ്യത്തില്‍ തന്നെയെത്തും. പക്ഷെ, പഠിക്കാതെ വണ്ടിയോടിക്കാന്‍ ശ്രമിച്ചാല്‍, ആശുപത്രിയിലായിരിക്കും എത്തുന്നത്. ജ്ഞാനത്തോടുകൂടി കര്‍മ്മം ചെയ്യുക എന്നുള്ളത് ഭൂപടം നോക്കി സഞ്ചരിക്കുന്നതു പോലെയാണ്. ജ്ഞാനം ഇല്ലാത്ത കര്‍മ്മം നമ്മെ വഴിതെറ്റിക്കും. നമുക്ക് അത്യാവശ്യമായി വേണ്ടത് ആത്മവിശ്വാസമാണ്. നമ്മള്‍ ഇരുട്ടുപിടച്ച വഴിയിലൂടെ പോകുകയാണെങ്കില്‍ ഉള്ളില്‍ ഭയം തോന്നിയേക്കാം. എന്നാല്‍ നമ്മുടെ അടുത്ത് ഒരു പോലീസുകാരന്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ഭയം ഇല്ലാതെയാകും. ഇതേപോലെ ഈശ്വരസാന്നിദ്ധ്യം എപ്പോഴും നമുക്കൊപ്പമുണ്ട് എന്ന സത്യം മനസ്സിലുറച്ചാല്‍ പിന്നെ നമുക്ക് ധീരതയോടെ മുന്നോട്ട് നീങ്ങാന്‍ കഴിയും. ആ വിശ്വാസം ഒരു ഫില്‍റ്റര്‍ പോലെയാണ്. അത് നമ്മുടെ മനസ്സിന്റെ എല്ലാ ദുര്‍വികാരങ്ങളെയും നീക്കും.

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

അറിയുന്ന പൊരുളല്ല ഞാൻ….
അറിയാത്തൊരന്യവും തെല്ലുമല്ല.
ഇരുളല്ല….. ഒളിയല്ല …. വസ്തുവല്ല..
തെളിവാർന്ന ബുദ്ധിയിൽ വെളിവായിടും

ദേഹവും ദേഹിയും വന്നു പോകും
കാലവും ദേശവും മാറിവരാം..
നിത്യമായ് .. മുക്തമായ്.. സത്തയായി
ഭാസിപ്പൂവാത്മാ.. സ്വരൂപമായ്

കണ്ണിന്നു കാണുവാനാവതല്ല..
വാക്കിനാൽവെളിവായതൊന്നുമല്ല.
പ്രാണന്നു പ്രണനായ് സാക്ഷി സ്വരൂമായ്
ഭാസിപ്പുവാത്മാവതേകമായി.

–അഭേദാമൃത ചൈതന്യ

ഇന്ന് പല മേഖലകളിലും ഭാരതം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി പ്രതീക്ഷയ്ക് വകനല്‍കുന്നതാണ്. സാന്പത്തിക വികസനത്തിലും ശാസ്ത്ര പുരോഗതിയിലും നമ്മള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. മംഗള്‍യാന്‍ ഉപഗ്രഹവിജയം ലോകത്തിന്റെ മുഴുവന്‍ ആദരവിന് നമ്മളെ പ്രാപ്തരാക്കി. എന്നാല്‍ ഭാരതത്തിലെ ഓരോ പാവപ്പെട്ടവന്റേയും ജീവിതത്തില്‍ക്കൂടി മംഗളം ഭവിക്കുന്പോള്‍ മാത്രമേ നമ്മുടെ പുരോഗതി എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണതയിലെത്തുകയുള്ളൂ. കഴിഞ്ഞ രണ്ടു വര്‍ഷമായി ആശ്രമം ഭാരതമെന്പാടും നൂറോളം ഗ്രാമങ്ങള്‍ ദത്തെടുത്ത് അവിടെ സേവനം നടത്തിവരുന്നു. പല ഗ്രാമങ്ങളുടെയും സ്ഥിതി കാണുന്പോള്‍ വളരെ വിഷമം തോന്നും. നൂറ് വര്‍ഷം മുന്പെയുള്ള അതേ സ്ഥിതിയാണ് പലയിടത്തും. ഗ്രാമങ്ങളെ അവഗണിച്ചുള്ള വികസനം ശരീരത്തിന്റെ കൈയും കാലും വളരുകയും എന്നാല്‍ ഉടല്‍ വളരാതിരിക്കുന്നതുപോലെയുമാണ്.

 

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് നമ്മള്‍ മറക്കരുത്. നമ്മള്‍ ഗ്രാമങ്ങളുടെ സംസ്‌ക്കാരിക മൂല്യങ്ങള്‍ നിലനിര്‍ത്തുകയും എന്നാല്‍ ഒപ്പംതന്നെ കാലോചിതമായ ഭൗതിക പുരോഗതി കൈവരിക്കുകയും വേണം. ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ വിഷമിക്കുന്പോഴും സ്വന്തം ദുഃഖവും വേദനയുമൊക്കെ, ”മറ്റള്ളവര്‍ അറിയരുത്, അവര്‍ ബുദ്ധിമുട്ടാന്‍ ഇടവരരുത്.” എന്ന് ചിന്തിക്കുന്ന കുടുംബങ്ങളായിരുന്നു അമ്മയുടെ ഗ്രാമത്തില്‍. ഇതുപോലെയുള്ള കുടുംബങ്ങള്‍ ഇന്നും ഭാരതത്തില്‍ ധാരാളം ഉണ്ടെന്നുള്ളത് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കാന്‍ പോയ മക്കള്‍ പറഞ്ഞപ്പോള്‍ അറിയാന്‍ കഴിഞ്ഞു. മറ്റുള്ളവരുടെ ദുഃഖവും ദുരിതവും നമ്മള്‍ വിചാരിച്ചാല്‍ കുറെയൊക്കെ മാറ്റിയെടുക്കാന്‍ കഴിയും. ഉള്ളില്‍ കാരുണ്യം ജനിക്കുന്പോള്‍ മാത്രമാണ് മനുഷ്യന്‍ മനുഷ്യനാകുന്നത്.

UNESCO chair is being announced for Amrita University

 

തെളിമ പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസം
ജിമ്മില്‍ പോയി, കൈയുടെ മസില്‍ മാത്രം വളരാനുള്ള വ്യായാമം ചെയ്യുന്നപോലെയുള്ളതാണിന്നത്തെ വിദ്യാഭ്യാസ സന്പ്രദായം. അങ്ങനെ ചെയ്താല്‍, ആ ഭാഗത്തെ മസില്‍ മാത്രം വികസിക്കുകയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളെല്ലാം അനുപാതമില്ലാതെ വികൃതമായി തീരുകയും ചെയ്യും. ഇതുപോലെ, ബുദ്ധിയും ഓര്‍മ്മശക്തിയും വികസിപ്പിച്ച് മനുഷ്യനെ ഏറ്റവും ഉല്‍പാദനശേഷിയുള്ള യന്ത്രങ്ങളാക്കാനുള്ള വിദ്യാഭ്യാസമാണ് ഇന്ന് നിലവിലുള്ളത്.

വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കാഴ്ച്ചപ്പാടിലും സംസ്‌കാരത്തിന്റെ തെളിമ പകര്‍ന്നു നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം. അത് സകലജീവരാശികളുടേയും അഖണ്ഡതയെക്കുറിച്ചുള്ള ബോധം മനുഷ്യനില്‍ ജനിപ്പിക്കുന്നതാകണം. ‘എനിക്കെപ്പോഴും വിജയിക്കണം’ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ‘ഞാന്‍, ഞാന്‍, ഞാന്‍’ ഇതാണ് എല്ലാവരുടേയും മുഖ്യമായ മതവും മുദ്രാവാക്യവും. ഈ വിധത്തില്‍ ഫലം മാത്രം കാംക്ഷിച്ചു കര്‍മ്മം ചെയ്യുന്പോള്‍ എന്തു ഹീനവൃത്തി ചെയ്യാനും മനുഷ്യന്‍ മടിക്കില്ല. കാരണം ‘ഞാനൊഴികെ’ ബാക്കിയെല്ലാവരും ശത്രുക്കളായി തീരുന്നു. എല്ലാം സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുള്ള മനുഷ്യന്റെ അന്ധമായ ഈ മത്സരബുദ്ധി അവന്റെ പ്രവര്‍ത്തികളെ ആത്മാര്‍ത്ഥയില്ലാത്തതും അപൂര്‍ണ്ണങ്ങളും ആക്കുന്നു. കര്‍മ്മത്തില്‍ ചെലുത്തുന്ന സന്തോഷവും പങ്കാളിത്തവുമാണ് ഫലത്തെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നത്.

ആത്മാര്‍ത്ഥമായ സഹകരണവും സൗഹൃദവുമാണ് ഉല്‍പാദശേഷിയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നത്. അന്ധമായ മത്സരമല്ല. അതാണ് വ്യക്തിയേയും സമൂഹത്തേയും ഉയരങ്ങള്‍ താണ്ടാന്‍ സഹായിക്കുന്നത്. മക്കള്‍ തേനീച്ചകളെ ശ്രദ്ധിച്ചിട്ടില്ലെ? അവയുടെ ഉല്‍പാദനശേഷിയുടെയും തേനിന്റെ ഗുണമേന്മയുടെയും പരിശുദ്ധിയുടെയും രഹസ്യമെന്താണ്? ആവയുടെ പരസ്പരസഹകരണം, സൗഹൃദം, ഐക്യബോധം. എല്ലാറ്റിലുമുപരി സ്വന്തം കര്‍മ്മത്തിനോട് ആ ജീവികള്‍ കാട്ടുന്ന അതിശയിപ്പിക്കുന്ന ശ്രദ്ധ.

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

സ്നേഹം: കൈയിലിരുന്നിട്ടും കാണാതെ പോകുന്ന ധനം

അതിര്‍വരന്പുകളും വേര്‍തിരിവുകളും ഇല്ലാത്ത അഖണ്ഡമായ ഏകത്വമാണീശ്വരന്‍. ആ ഈശ്വരശക്തി പ്രകൃതിയിലും അന്തരീക്ഷത്തിലും മൃഗങ്ങളിലും മനുഷ്യരിലും ചെടികളിലും വൃക്ഷങ്ങളിലും പക്ഷികളിലും ഓരോ അണുവിലും നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്നു. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം ഈശ്വരമയമാണ്. ഈ സത്യമറിഞ്ഞാല്‍, നമുക്കു നമ്മെത്തന്നെയും മറ്റുള്ളവരേയും ഈ ലോകത്തെയും സ്നേഹിക്കാന്‍ മാത്രമേ കഴിയൂ.

സ്നേഹത്തിന്റെ ആദ്യത്തെ കുഞ്ഞല നമ്മില്‍ നിന്നുതന്നെയാണ് ഉടലെടുക്കേണ്ടത്. നിശ്ചലമായിരിക്കുന്ന തടാകത്തിലേക്കൊരു കല്ലെടുത്തെറിഞ്ഞാല്‍, ആദ്യത്തെ ചെറുതിര ആ കല്ലിനു ചുറ്റിനുമാണ് പ്രത്യക്ഷപ്പെടുന്നത്. ക്രമേണ ആ തിരയുടെ വൃത്തം വലുതായി വലുതായി അതങ്ങു തീരംവരെയെത്തും. അതുപോലെ, സ്നേഹവും നമ്മുടെ ഉള്ളില്‍ നിന്നാണ് തുടങ്ങേണ്ടത്. അവനവന്റെയുള്ളില്‍ കുടികൊള്ളുന്ന സ്നേഹത്തെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍, ക്രമേണ അതു വളര്‍ന്നു വലുതായി ഈ ലോകത്തെ മുഴവന്‍ ആശ്ലേഷിക്കും.

ഒരു അരിപ്രാവിന്റെ കഴുത്തില്‍ ഭാരമുള്ളൊരു കല്ല് കെട്ടിയിട്ടാല്‍ അതിനു പറക്കാന്‍ കഴിയില്ല. അതുപോലെ, സ്നേഹമാകുന്ന അരിപ്രാവിന്റെ കഴുത്തില്‍ നമ്മളിന്നു ബന്ധങ്ങളുടെയും കെട്ടുപാടുകളുടേയും കല്ലുകള്‍ കെട്ടിയിട്ടിരിക്കുകയാണ്. അതിന് സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തിലൂടെ പറന്നുനടക്കാന്‍ കഴിയില്ല. അന്ധമായ മമതയുടെ ചങ്ങലകള്‍കൊണ്ട് ഉള്ളിലുള്ള സ്നേഹത്തെ നമ്മള്‍ അവിടെത്തന്നെ ബന്ധിച്ചിട്ടിരിക്കുകയാണ്. സ്നേഹമില്ലെങ്കില്‍ ജീവിതമില്ല. ഒരു രംഗത്തും സേവനം ചെയ്യാനും കഴിയില്ല.

രണ്ടുവ്യക്തികള്‍ ഒന്നിച്ചുജീവിക്കാന്‍ തുടങ്ങുന്പോള്‍, സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികമാണ്. പരസ്പരം വിട്ടുവീഴ്ച്ചയില്ലെങ്കില്‍, കുറച്ചെങ്കിലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍, നമ്മുടെ കുടുംബ ബന്ധങ്ങള്‍ തകരും. ജീവിതത്തിന്റെ പൂക്കാലം ക്ഷമയിലും സഹനശക്തിയിലുമാണ്. ഈ ഗുണങ്ങളില്ലെങ്കില്‍, ജീവിതം എന്നും വേനലിന്റെ ചൂടേറ്റു വിണ്ടു വരണ്ടുകിടക്കുന്ന മണ്ണിനെ പോലെയാകും. ആവിടെ പൂക്കളും മരങ്ങളും നദികളുടെ കളകളാരവവും പക്ഷികളുടെ കളകൂജനവും ഒന്നും ഉണ്ടാകില്ല. സ്നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാള്‍ സന്തോഷം നല്‍കുന്ന ധനം. കൈയിലിരുന്നിട്ടും കാണാതെ പോകുന്ന ധനം. സ്നേഹത്തിന്റെ കാല്‍പാടുകള്‍ മാത്രമാണ് കാലത്തിന്റെ പാതയില്‍ എന്നും മായാതെ കിടക്കുന്നത്. തന്നേക്കാള്‍ ശക്തനായ ശത്രുവിനെയും ഹനിക്കുന്ന ആയുധവും സ്നേഹം തന്നെ. നിത്യമുക്തനായ ഈശ്വരനെയും പിടിച്ചുകെട്ടുന്നതാണ് സ്നേഹം. മായയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള മന്ത്രവും സ്നേഹം തന്നെ.എല്ലാ രാജ്യത്തും എല്ലാക്കാലത്തും വിലയുള്ള നാണയവും സ്നേഹമൊന്നേ ഉള്ളൂ.

സ്നേഹം പോക്കറ്റില്‍ ഒളിപ്പിക്കാനുള്ളതല്ല, കര്‍മ്മത്തില്‍ പ്രകാശിപ്പിക്കാനുള്ളതാണ്. നമ്മള്‍ സ്നേഹമായിത്തീരുന്പോള്‍ പഞ്ചേന്ദ്രിയങ്ങളും സ്നേഹത്തിന്റെ പാലങ്ങളായി മാറുന്നു. ആരുടെ അഹന്തയ്ക്കും എതിര്‍ത്ത് തോല്‍പ്പിക്കാനാകാത്തതായി സ്‌നേഹമൊന്നേയുള്ളൂ. സ്നേഹം ദുഃഖങ്ങള്‍ക്കുള്ള ഒറ്റമൂലിയും ഏകാന്തതയുടെ ഊന്നുവടിയുമാണ്. നമ്മുടെ ജീവിതവിജയത്തിന്റെ ശരിയായ അളവുകോലും സ്നേഹമൊന്നു മാത്രം!

 

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

അമ്മയ്ക്  ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ പരിഭാഷ

അമ്മയ്ക് പ്രണാമം

വേദിയിലുള്ള വിശിഷ്ട അതിഥികളെ, നമസ്‌ക്കാരം !

ഈ പുണ്യവും വിശുദ്ധവുമായ മുഹൂര്‍ത്തത്തില്‍ ഞാന്‍ അമ്മയ്ക്ക് എന്റെ അഗാധമായ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു. ഭക്തലക്ഷങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായ അമ്മയ്ക്ക് സര്‍വശക്തന്‍ ദീര്‍ഘായുസും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എത്രയോ ഭക്തര്‍ക്ക് സ്വന്തം ജീവിതത്തിന്റെ പര്യായപദം തന്നെയാണ് അമ്മ. ഒരു യഥാര്‍ത്ഥ അമ്മയെപ്പോലെ അവര്‍ അവരുടെ ഭക്തരെ പരിപാലിക്കുന്നു; നേരിട്ടും പരോക്ഷവുമായ ഇടപെടലുകളിലൂടെ, ദൃശ്യവും അദൃശ്യവുമായ കരങ്ങള്‍കൊണ്ട്.

അമ്മയുടെ അനുഗ്രഹങ്ങളും ഉപാധികളില്ലാത്ത സ്‌നേഹവും ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഞാനും. മൂന്നു വര്‍ഷം മുമ്പ് അവരുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഞാന്‍ അമൃതപുരിയില്‍ പോയിരുന്നു. ഇന്നത്തെ ഈ ആഘോഷത്തില്‍ നേരിട്ടു പങ്കെടുക്കാനാകാത്തത് നിര്‍ഭാഗ്യകരവുമാണെങ്കിലും, സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് അമ്മയെ ആശംസകള്‍ അറിയിക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ കേരളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മടങ്ങിയിട്ടേയുള്ളു. അവിടുത്തെ ജനങ്ങളുടെ സ്‌നേഹവാല്‍സല്യങ്ങള്‍ എന്നെ സ്പര്‍ശിച്ചു.

സര്‍വ ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന നിരവധി മഹാത്‌മാക്കളെ അനുഗ്രഹീതമാണ് ഇന്ത്യ. മനുഷ്യനാണ് സൃഷ്ടികളില്‍ ഏറ്റവും മുഖ്യം എന്നാണ് അവരൊക്കെയും തിരിച്ചറിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ മാനവസേവനമായിരുന്നു അവരുടെയൊക്കെ പ്രധാന ജീവിതലക്ഷ്യവും. കുട്ടിക്കാലത്തു തന്നെ സ്വന്തം ഭക്ഷണം മറ്റുള്ളവര്‍ക്ക് നല്‍കാനായിരുന്നു അമ്മയ്ക്ക് ഇഷ്ടം എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വയോധികരെ സേവിക്കുക, അര്‍ഹര്‍ക്കു നേരേ സഹായഹസ്തം നീട്ടുക തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരുന്നു അവരുടെ ബാല്യകാല ഇഷ്ടങ്ങള്‍. മാത്രമല്ല, അക്കാലത്തുതന്നെ അവര്‍ വലിയ കൃഷ്ണഭക്തയുമായിരുന്നു. ഈ രണ്ട് ഗുണമേന്മകളാണ് അവരുടെ കരുത്ത്. ഈശ്വരനോടുള്ള ഭക്തിയും പാവപ്പെട്ടവരോടുള്ള സമര്‍പ്പണ മനോഭാവവും. അമ്മയോടൊപ്പമുള്ള എന്റെ വ്യക്തിപരമായ ഇടപഴകലില്‍ എനിക്ക് മനസിലാക്കാനായത് അതാണ്. ലോകമെന്പാടുമുള്ള ദശലക്ഷക്കണത്തിന് ഭക്തരും അതുതന്നെ വിശ്വസിക്കുന്നു.

അമ്മയുടെ നേതൃത്വത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന സാമൂഹിക, ദരിദ്രസേവന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മനുഷ്യരുടെ അടിസ്ഥാനപരമായ അഞ്ച് ആവശ്യങ്ങള്‍ നിറവേറ്റാനാണ് അമ്മ എപ്പോഴും ആഹ്വാനം ചെയ്യുന്നതും സ്വയം ഇടപെടുന്നതും. ഭക്ഷണം, കിടപ്പാടം, ആരോഗ്യശുശ്രൂഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയാണ് അവ.

 

ശുചിത്വം, കുടിവെള്ളം, ഭവന നിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ അവര്‍ ചെയ്യുന്ന സവിശേഷ പ്രവര്‍ത്തനങ്ങളെയും സംഭാവനകളെയും കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരം ചില പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അതിന്റെ രേഖകള്‍ ഈ സന്ദര്‍ഭത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. കക്കൂസുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള അമ്മയുടെ പ്രത്യേക താല്‍പര്യം നമ്മുടെ ശുചിത്വ ഭാരത പദ്ധതിക്ക് വലിയ സഹായമാണു നല്‍കുന്നത്. നൂറുകോടി രൂപ കേരളത്തിലെ പൊതുശുചിത്വ നിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് അമ്മ അറിയിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് 15000 കക്കൂസുകള്‍ നിര്‍മിച്ചു നല്‍കാന്‍ അവരുടെ ഈ തീരുമാനം സഹായകമാകും. അമ്മയുടെ ആശ്രമം സംസ്ഥാനത്തുടനീളം രണ്ടായിരം കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിക്കഴിഞ്ഞു എന്നാണ് എനിക്ക് ലഭിച്ച വിവരം.

പരിസ്ഥിതി സംരക്ഷണ, സുസ്ഥിര വികസന മേഖലകളില്‍ നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിത്. ഒരു വര്‍ഷം മുന്പ് നമാമി ഗംഗേ പദ്ധതിക്ക് നൂറുകോടി രൂപയാണ് അമ്മ ഉദാരമായി സംഭാവന ചെയ്തത്. പ്രകൃതി ദുരന്തങ്ങളുടെ ഇരകളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ സഹായ ഹസ്തം നീളാറുണ്ട് എന്നത് മുന്പെ മനസിലാക്കാന്‍ സാധിച്ച കാര്യമാണ്. ഇപ്പോഴാകട്ടെ, ലോകത്തെ അലട്ടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അമൃതാ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തുന്ന പുതിയ ശ്രമങ്ങള്‍ ആഹ്ലാദകരമാണ്.

എനിക്ക് ഈ ആഘോഷ പരിപാടികളുടെ ഭാഗമാകാന്‍ അവസരം നല്‍കിയതിലുള്ള ആത്മാര്‍ത്ഥമായ നന്ദി അറിയിക്കട്ടെ.

ഒരിക്കല്‍ക്കൂടി അമ്മയെ ഞാന്‍ ഹൃദയംഗമമായ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു.

27 -9-2016