ഇന്ന് പല മേഖലകളിലും ഭാരതം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി പ്രതീക്ഷയ്ക് വകനല്‍കുന്നതാണ്. സാന്പത്തിക വികസനത്തിലും ശാസ്ത്ര പുരോഗതിയിലും നമ്മള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. മംഗള്‍യാന്‍ ഉപഗ്രഹവിജയം ലോകത്തിന്റെ മുഴുവന്‍ ആദരവിന് നമ്മളെ പ്രാപ്തരാക്കി. എന്നാല്‍ ഭാരതത്തിലെ ഓരോ പാവപ്പെട്ടവന്റേയും ജീവിതത്തില്‍ക്കൂടി മംഗളം ഭവിക്കുന്പോള്‍ മാത്രമേ നമ്മുടെ പുരോഗതി എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണതയിലെത്തുകയുള്ളൂ. കഴിഞ്ഞ രണ്ടു വര്‍ഷമായി ആശ്രമം ഭാരതമെന്പാടും നൂറോളം ഗ്രാമങ്ങള്‍ ദത്തെടുത്ത് അവിടെ സേവനം നടത്തിവരുന്നു. പല ഗ്രാമങ്ങളുടെയും സ്ഥിതി കാണുന്പോള്‍ വളരെ വിഷമം തോന്നും. നൂറ് വര്‍ഷം മുന്പെയുള്ള അതേ സ്ഥിതിയാണ് പലയിടത്തും. ഗ്രാമങ്ങളെ അവഗണിച്ചുള്ള വികസനം ശരീരത്തിന്റെ കൈയും കാലും വളരുകയും എന്നാല്‍ ഉടല്‍ വളരാതിരിക്കുന്നതുപോലെയുമാണ്.

 

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് നമ്മള്‍ മറക്കരുത്. നമ്മള്‍ ഗ്രാമങ്ങളുടെ സംസ്‌ക്കാരിക മൂല്യങ്ങള്‍ നിലനിര്‍ത്തുകയും എന്നാല്‍ ഒപ്പംതന്നെ കാലോചിതമായ ഭൗതിക പുരോഗതി കൈവരിക്കുകയും വേണം. ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ വിഷമിക്കുന്പോഴും സ്വന്തം ദുഃഖവും വേദനയുമൊക്കെ, ”മറ്റള്ളവര്‍ അറിയരുത്, അവര്‍ ബുദ്ധിമുട്ടാന്‍ ഇടവരരുത്.” എന്ന് ചിന്തിക്കുന്ന കുടുംബങ്ങളായിരുന്നു അമ്മയുടെ ഗ്രാമത്തില്‍. ഇതുപോലെയുള്ള കുടുംബങ്ങള്‍ ഇന്നും ഭാരതത്തില്‍ ധാരാളം ഉണ്ടെന്നുള്ളത് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കാന്‍ പോയ മക്കള്‍ പറഞ്ഞപ്പോള്‍ അറിയാന്‍ കഴിഞ്ഞു. മറ്റുള്ളവരുടെ ദുഃഖവും ദുരിതവും നമ്മള്‍ വിചാരിച്ചാല്‍ കുറെയൊക്കെ മാറ്റിയെടുക്കാന്‍ കഴിയും. ഉള്ളില്‍ കാരുണ്യം ജനിക്കുന്പോള്‍ മാത്രമാണ് മനുഷ്യന്‍ മനുഷ്യനാകുന്നത്.

UNESCO chair is being announced for Amrita University

 

തെളിമ പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസം
ജിമ്മില്‍ പോയി, കൈയുടെ മസില്‍ മാത്രം വളരാനുള്ള വ്യായാമം ചെയ്യുന്നപോലെയുള്ളതാണിന്നത്തെ വിദ്യാഭ്യാസ സന്പ്രദായം. അങ്ങനെ ചെയ്താല്‍, ആ ഭാഗത്തെ മസില്‍ മാത്രം വികസിക്കുകയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളെല്ലാം അനുപാതമില്ലാതെ വികൃതമായി തീരുകയും ചെയ്യും. ഇതുപോലെ, ബുദ്ധിയും ഓര്‍മ്മശക്തിയും വികസിപ്പിച്ച് മനുഷ്യനെ ഏറ്റവും ഉല്‍പാദനശേഷിയുള്ള യന്ത്രങ്ങളാക്കാനുള്ള വിദ്യാഭ്യാസമാണ് ഇന്ന് നിലവിലുള്ളത്.

വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കാഴ്ച്ചപ്പാടിലും സംസ്‌കാരത്തിന്റെ തെളിമ പകര്‍ന്നു നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം. അത് സകലജീവരാശികളുടേയും അഖണ്ഡതയെക്കുറിച്ചുള്ള ബോധം മനുഷ്യനില്‍ ജനിപ്പിക്കുന്നതാകണം. ‘എനിക്കെപ്പോഴും വിജയിക്കണം’ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ‘ഞാന്‍, ഞാന്‍, ഞാന്‍’ ഇതാണ് എല്ലാവരുടേയും മുഖ്യമായ മതവും മുദ്രാവാക്യവും. ഈ വിധത്തില്‍ ഫലം മാത്രം കാംക്ഷിച്ചു കര്‍മ്മം ചെയ്യുന്പോള്‍ എന്തു ഹീനവൃത്തി ചെയ്യാനും മനുഷ്യന്‍ മടിക്കില്ല. കാരണം ‘ഞാനൊഴികെ’ ബാക്കിയെല്ലാവരും ശത്രുക്കളായി തീരുന്നു. എല്ലാം സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുള്ള മനുഷ്യന്റെ അന്ധമായ ഈ മത്സരബുദ്ധി അവന്റെ പ്രവര്‍ത്തികളെ ആത്മാര്‍ത്ഥയില്ലാത്തതും അപൂര്‍ണ്ണങ്ങളും ആക്കുന്നു. കര്‍മ്മത്തില്‍ ചെലുത്തുന്ന സന്തോഷവും പങ്കാളിത്തവുമാണ് ഫലത്തെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നത്.

ആത്മാര്‍ത്ഥമായ സഹകരണവും സൗഹൃദവുമാണ് ഉല്‍പാദശേഷിയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നത്. അന്ധമായ മത്സരമല്ല. അതാണ് വ്യക്തിയേയും സമൂഹത്തേയും ഉയരങ്ങള്‍ താണ്ടാന്‍ സഹായിക്കുന്നത്. മക്കള്‍ തേനീച്ചകളെ ശ്രദ്ധിച്ചിട്ടില്ലെ? അവയുടെ ഉല്‍പാദനശേഷിയുടെയും തേനിന്റെ ഗുണമേന്മയുടെയും പരിശുദ്ധിയുടെയും രഹസ്യമെന്താണ്? ആവയുടെ പരസ്പരസഹകരണം, സൗഹൃദം, ഐക്യബോധം. എല്ലാറ്റിലുമുപരി സ്വന്തം കര്‍മ്മത്തിനോട് ആ ജീവികള്‍ കാട്ടുന്ന അതിശയിപ്പിക്കുന്ന ശ്രദ്ധ.

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

സ്നേഹം: കൈയിലിരുന്നിട്ടും കാണാതെ പോകുന്ന ധനം

അതിര്‍വരന്പുകളും വേര്‍തിരിവുകളും ഇല്ലാത്ത അഖണ്ഡമായ ഏകത്വമാണീശ്വരന്‍. ആ ഈശ്വരശക്തി പ്രകൃതിയിലും അന്തരീക്ഷത്തിലും മൃഗങ്ങളിലും മനുഷ്യരിലും ചെടികളിലും വൃക്ഷങ്ങളിലും പക്ഷികളിലും ഓരോ അണുവിലും നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്നു. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം ഈശ്വരമയമാണ്. ഈ സത്യമറിഞ്ഞാല്‍, നമുക്കു നമ്മെത്തന്നെയും മറ്റുള്ളവരേയും ഈ ലോകത്തെയും സ്നേഹിക്കാന്‍ മാത്രമേ കഴിയൂ.

സ്നേഹത്തിന്റെ ആദ്യത്തെ കുഞ്ഞല നമ്മില്‍ നിന്നുതന്നെയാണ് ഉടലെടുക്കേണ്ടത്. നിശ്ചലമായിരിക്കുന്ന തടാകത്തിലേക്കൊരു കല്ലെടുത്തെറിഞ്ഞാല്‍, ആദ്യത്തെ ചെറുതിര ആ കല്ലിനു ചുറ്റിനുമാണ് പ്രത്യക്ഷപ്പെടുന്നത്. ക്രമേണ ആ തിരയുടെ വൃത്തം വലുതായി വലുതായി അതങ്ങു തീരംവരെയെത്തും. അതുപോലെ, സ്നേഹവും നമ്മുടെ ഉള്ളില്‍ നിന്നാണ് തുടങ്ങേണ്ടത്. അവനവന്റെയുള്ളില്‍ കുടികൊള്ളുന്ന സ്നേഹത്തെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍, ക്രമേണ അതു വളര്‍ന്നു വലുതായി ഈ ലോകത്തെ മുഴവന്‍ ആശ്ലേഷിക്കും.

ഒരു അരിപ്രാവിന്റെ കഴുത്തില്‍ ഭാരമുള്ളൊരു കല്ല് കെട്ടിയിട്ടാല്‍ അതിനു പറക്കാന്‍ കഴിയില്ല. അതുപോലെ, സ്നേഹമാകുന്ന അരിപ്രാവിന്റെ കഴുത്തില്‍ നമ്മളിന്നു ബന്ധങ്ങളുടെയും കെട്ടുപാടുകളുടേയും കല്ലുകള്‍ കെട്ടിയിട്ടിരിക്കുകയാണ്. അതിന് സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തിലൂടെ പറന്നുനടക്കാന്‍ കഴിയില്ല. അന്ധമായ മമതയുടെ ചങ്ങലകള്‍കൊണ്ട് ഉള്ളിലുള്ള സ്നേഹത്തെ നമ്മള്‍ അവിടെത്തന്നെ ബന്ധിച്ചിട്ടിരിക്കുകയാണ്. സ്നേഹമില്ലെങ്കില്‍ ജീവിതമില്ല. ഒരു രംഗത്തും സേവനം ചെയ്യാനും കഴിയില്ല.

രണ്ടുവ്യക്തികള്‍ ഒന്നിച്ചുജീവിക്കാന്‍ തുടങ്ങുന്പോള്‍, സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികമാണ്. പരസ്പരം വിട്ടുവീഴ്ച്ചയില്ലെങ്കില്‍, കുറച്ചെങ്കിലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍, നമ്മുടെ കുടുംബ ബന്ധങ്ങള്‍ തകരും. ജീവിതത്തിന്റെ പൂക്കാലം ക്ഷമയിലും സഹനശക്തിയിലുമാണ്. ഈ ഗുണങ്ങളില്ലെങ്കില്‍, ജീവിതം എന്നും വേനലിന്റെ ചൂടേറ്റു വിണ്ടു വരണ്ടുകിടക്കുന്ന മണ്ണിനെ പോലെയാകും. ആവിടെ പൂക്കളും മരങ്ങളും നദികളുടെ കളകളാരവവും പക്ഷികളുടെ കളകൂജനവും ഒന്നും ഉണ്ടാകില്ല. സ്നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാള്‍ സന്തോഷം നല്‍കുന്ന ധനം. കൈയിലിരുന്നിട്ടും കാണാതെ പോകുന്ന ധനം. സ്നേഹത്തിന്റെ കാല്‍പാടുകള്‍ മാത്രമാണ് കാലത്തിന്റെ പാതയില്‍ എന്നും മായാതെ കിടക്കുന്നത്. തന്നേക്കാള്‍ ശക്തനായ ശത്രുവിനെയും ഹനിക്കുന്ന ആയുധവും സ്നേഹം തന്നെ. നിത്യമുക്തനായ ഈശ്വരനെയും പിടിച്ചുകെട്ടുന്നതാണ് സ്നേഹം. മായയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള മന്ത്രവും സ്നേഹം തന്നെ.എല്ലാ രാജ്യത്തും എല്ലാക്കാലത്തും വിലയുള്ള നാണയവും സ്നേഹമൊന്നേ ഉള്ളൂ.

സ്നേഹം പോക്കറ്റില്‍ ഒളിപ്പിക്കാനുള്ളതല്ല, കര്‍മ്മത്തില്‍ പ്രകാശിപ്പിക്കാനുള്ളതാണ്. നമ്മള്‍ സ്നേഹമായിത്തീരുന്പോള്‍ പഞ്ചേന്ദ്രിയങ്ങളും സ്നേഹത്തിന്റെ പാലങ്ങളായി മാറുന്നു. ആരുടെ അഹന്തയ്ക്കും എതിര്‍ത്ത് തോല്‍പ്പിക്കാനാകാത്തതായി സ്‌നേഹമൊന്നേയുള്ളൂ. സ്നേഹം ദുഃഖങ്ങള്‍ക്കുള്ള ഒറ്റമൂലിയും ഏകാന്തതയുടെ ഊന്നുവടിയുമാണ്. നമ്മുടെ ജീവിതവിജയത്തിന്റെ ശരിയായ അളവുകോലും സ്നേഹമൊന്നു മാത്രം!

 

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്

അമ്മയ്ക്  ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ പരിഭാഷ

അമ്മയ്ക് പ്രണാമം

വേദിയിലുള്ള വിശിഷ്ട അതിഥികളെ, നമസ്‌ക്കാരം !

ഈ പുണ്യവും വിശുദ്ധവുമായ മുഹൂര്‍ത്തത്തില്‍ ഞാന്‍ അമ്മയ്ക്ക് എന്റെ അഗാധമായ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു. ഭക്തലക്ഷങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായ അമ്മയ്ക്ക് സര്‍വശക്തന്‍ ദീര്‍ഘായുസും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എത്രയോ ഭക്തര്‍ക്ക് സ്വന്തം ജീവിതത്തിന്റെ പര്യായപദം തന്നെയാണ് അമ്മ. ഒരു യഥാര്‍ത്ഥ അമ്മയെപ്പോലെ അവര്‍ അവരുടെ ഭക്തരെ പരിപാലിക്കുന്നു; നേരിട്ടും പരോക്ഷവുമായ ഇടപെടലുകളിലൂടെ, ദൃശ്യവും അദൃശ്യവുമായ കരങ്ങള്‍കൊണ്ട്.

അമ്മയുടെ അനുഗ്രഹങ്ങളും ഉപാധികളില്ലാത്ത സ്‌നേഹവും ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഞാനും. മൂന്നു വര്‍ഷം മുമ്പ് അവരുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഞാന്‍ അമൃതപുരിയില്‍ പോയിരുന്നു. ഇന്നത്തെ ഈ ആഘോഷത്തില്‍ നേരിട്ടു പങ്കെടുക്കാനാകാത്തത് നിര്‍ഭാഗ്യകരവുമാണെങ്കിലും, സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് അമ്മയെ ആശംസകള്‍ അറിയിക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ കേരളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മടങ്ങിയിട്ടേയുള്ളു. അവിടുത്തെ ജനങ്ങളുടെ സ്‌നേഹവാല്‍സല്യങ്ങള്‍ എന്നെ സ്പര്‍ശിച്ചു.

സര്‍വ ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന നിരവധി മഹാത്‌മാക്കളെ അനുഗ്രഹീതമാണ് ഇന്ത്യ. മനുഷ്യനാണ് സൃഷ്ടികളില്‍ ഏറ്റവും മുഖ്യം എന്നാണ് അവരൊക്കെയും തിരിച്ചറിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ മാനവസേവനമായിരുന്നു അവരുടെയൊക്കെ പ്രധാന ജീവിതലക്ഷ്യവും. കുട്ടിക്കാലത്തു തന്നെ സ്വന്തം ഭക്ഷണം മറ്റുള്ളവര്‍ക്ക് നല്‍കാനായിരുന്നു അമ്മയ്ക്ക് ഇഷ്ടം എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വയോധികരെ സേവിക്കുക, അര്‍ഹര്‍ക്കു നേരേ സഹായഹസ്തം നീട്ടുക തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരുന്നു അവരുടെ ബാല്യകാല ഇഷ്ടങ്ങള്‍. മാത്രമല്ല, അക്കാലത്തുതന്നെ അവര്‍ വലിയ കൃഷ്ണഭക്തയുമായിരുന്നു. ഈ രണ്ട് ഗുണമേന്മകളാണ് അവരുടെ കരുത്ത്. ഈശ്വരനോടുള്ള ഭക്തിയും പാവപ്പെട്ടവരോടുള്ള സമര്‍പ്പണ മനോഭാവവും. അമ്മയോടൊപ്പമുള്ള എന്റെ വ്യക്തിപരമായ ഇടപഴകലില്‍ എനിക്ക് മനസിലാക്കാനായത് അതാണ്. ലോകമെന്പാടുമുള്ള ദശലക്ഷക്കണത്തിന് ഭക്തരും അതുതന്നെ വിശ്വസിക്കുന്നു.

അമ്മയുടെ നേതൃത്വത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന സാമൂഹിക, ദരിദ്രസേവന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മനുഷ്യരുടെ അടിസ്ഥാനപരമായ അഞ്ച് ആവശ്യങ്ങള്‍ നിറവേറ്റാനാണ് അമ്മ എപ്പോഴും ആഹ്വാനം ചെയ്യുന്നതും സ്വയം ഇടപെടുന്നതും. ഭക്ഷണം, കിടപ്പാടം, ആരോഗ്യശുശ്രൂഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയാണ് അവ.

 

ശുചിത്വം, കുടിവെള്ളം, ഭവന നിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ അവര്‍ ചെയ്യുന്ന സവിശേഷ പ്രവര്‍ത്തനങ്ങളെയും സംഭാവനകളെയും കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരം ചില പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അതിന്റെ രേഖകള്‍ ഈ സന്ദര്‍ഭത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. കക്കൂസുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള അമ്മയുടെ പ്രത്യേക താല്‍പര്യം നമ്മുടെ ശുചിത്വ ഭാരത പദ്ധതിക്ക് വലിയ സഹായമാണു നല്‍കുന്നത്. നൂറുകോടി രൂപ കേരളത്തിലെ പൊതുശുചിത്വ നിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് അമ്മ അറിയിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് 15000 കക്കൂസുകള്‍ നിര്‍മിച്ചു നല്‍കാന്‍ അവരുടെ ഈ തീരുമാനം സഹായകമാകും. അമ്മയുടെ ആശ്രമം സംസ്ഥാനത്തുടനീളം രണ്ടായിരം കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിക്കഴിഞ്ഞു എന്നാണ് എനിക്ക് ലഭിച്ച വിവരം.

പരിസ്ഥിതി സംരക്ഷണ, സുസ്ഥിര വികസന മേഖലകളില്‍ നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിത്. ഒരു വര്‍ഷം മുന്പ് നമാമി ഗംഗേ പദ്ധതിക്ക് നൂറുകോടി രൂപയാണ് അമ്മ ഉദാരമായി സംഭാവന ചെയ്തത്. പ്രകൃതി ദുരന്തങ്ങളുടെ ഇരകളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ സഹായ ഹസ്തം നീളാറുണ്ട് എന്നത് മുന്പെ മനസിലാക്കാന്‍ സാധിച്ച കാര്യമാണ്. ഇപ്പോഴാകട്ടെ, ലോകത്തെ അലട്ടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അമൃതാ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തുന്ന പുതിയ ശ്രമങ്ങള്‍ ആഹ്ലാദകരമാണ്.

എനിക്ക് ഈ ആഘോഷ പരിപാടികളുടെ ഭാഗമാകാന്‍ അവസരം നല്‍കിയതിലുള്ള ആത്മാര്‍ത്ഥമായ നന്ദി അറിയിക്കട്ടെ.

ഒരിക്കല്‍ക്കൂടി അമ്മയെ ഞാന്‍ ഹൃദയംഗമമായ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു.

27 -9-2016

 

വാസ്തവത്തിൽ ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കില്ല, നിരവധി സ്ത്രീകൾ ശബരിമലയിൽ പോകുകയും ദർശനം നടത്തുകയും ചെയ്തുവരുന്നുണ്ട്. വ്രതനിഷ്ഠയുടെ ഭാഗമായി ഒരു പ്രത്യേക പ്രായപരിധിയിൽപ്പെട്ട സ്ത്രീകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Amma on Sabarimala

അമ്മയുടെ സങ്കൽപ്പത്തിലെ ഈശ്വരൻ സ്ത്രീപുരുഷ ഭേദങ്ങൾക്കതീതനാണ്. എന്നാൽ ക്ഷേത്രത്തക്കുറിച്ച് ചിന്തിക്കുമ്പോൾ ഈശ്വരസങ്കൽപ്പവും ക്ഷേത്രത്തിലെ ദേവതാ സങ്കൽപ്പവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കണം. ഈശ്വരൻ അനന്തമായ ചൈതന്യമാണ്. എന്നാൽ ക്ഷേത്രദേവത അങ്ങനെയല്ല. സമുദ്രത്തിലെ മത്സ്യവും, കണ്ണാടിക്കൂട്ടിൽ വളർത്തുന്ന മത്സ്യവും തമ്മിലുള്ള വ്യത്യാസം ഇവ തമ്മിലുണ്ട്, കണ്ണാടിക്കൂട്ടിലെ മീനിന് സമയത്തിന് ഭക്ഷണം ലഭിച്ചില്ലെങ്കില്‍
അതിന് നിലനില്‍ക്കാനാവില്ല. എന്നാല്‍ സമുദ്രത്തിലെ മീനിന് നമ്മളാരും ഭക്ഷണം നല്കേണ്ട കാര്യമില്ല. അതുപോലെ ഒരു ക്ഷേത്രത്തില്‍ നിത്യപൂജകളും വിശേഷാല്‍ പൂജകളും യഥാവിധി നടന്നില്ലെങ്കില്‍ ക്ഷേത്രചൈതന്യം ക്ഷയിച്ചുപോകാനിടയാകും. എന്നാല്‍ സര്‍വ്വവ്യാപിയും, നിര്‍ഗുണനും, നിരാകാരനുമായ ഈശ്വരനെ ആരെങ്കിലും ആരാധിച്ചാലും ഇല്ലെങ്കിലും അത് അവിടുത്തെ ബാധിക്കുകയില്ല. കണ്ണാടികൂട്ടിലെ മത്സ്യങ്ങൾക്ക് ഓക്സിജനും, പ്രത്യേക തീറ്റയുമൊക്കെ വെച്ചിരിക്കുന്നതുപോലെ ക്ഷേത്രത്തിൽ ഓരോ ദേവതയ്ക്കും, ഓരോ ഭാവത്തിനനുസരിച്ച് മന്ത്രങ്ങളിലും ആചാരങ്ങളിലും വ്യത്യാസമുണ്ട്. ചിരിച്ചുകൊണ്ടിരിക്കുന്ന ദേവന് ഒരു മന്ത്രമായിരിക്കും, അതെ ദേവൻ തന്നെ രൗദ്രഭാവത്തിലാണെങ്കിൽ മറ്റൊന്നായിരിക്കും മന്ത്രം. ഒരേ ശക്തിതന്നെയാണ് എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നതെങ്കിലും ക്ഷേത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് അങ്ങനെയൊരു രീതിയിലാണ്.

ശബരിമലയുടെ കാര്യമെടുത്താൽ നിത്യബ്രഹ്മചാരിയായിരുന്നു അയ്യപ്പസ്വാമി എന്നും, സമാധിയാകുന്നതിനു മുൻപ് അന്ത്യാഭിലാഷമെന്ന പോലെ നിർദ്ദേശിച്ച രീതിയിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ എന്നുമാണ് അയ്യപ്പ ഭക്തർ വിശ്വസിച്ച് പോരുന്നത്. മാളികപ്പുറത്തമ്മ കാത്തിരിക്കുന്നതും, വ്രതമനുഷ്ഠിച്ച് ഭക്തർ ശബരിമലയിൽ ദർശനത്തിനെത്തുന്നതും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. അങ്ങനെ ഭക്തർ വ്രതമെടുത്ത് പോകുന്നതിനാൽ യുവതീ പ്രവേശനം വേണമെന്നോ, ആചാരം മാറ്റണമെന്നോ ആധികാരമായി പറയുവാൻ സാധിക്കുകയില്ല.

ക്ഷേത്രത്തിലെ ആചാരങ്ങളെല്ലാം തള്ളിക്കളയണമെന്ന് പറയാൻ കഴിയില്ല. ആചാരങ്ങൾ ധർമ്മത്തിനെ താങ്ങി നിർത്തുന്ന തൂണുകളാണ്. അയ്യപ്പഭക്തരായ സ്ത്രീകൾ തന്നെയാണ് ഈ വിഷയത്തിൽ നിലപാടെടുക്കേണ്ടത്, സ്ത്രീകളുടെ അഭിപ്രായം സ്വീകരിച്ച്, സർക്കാരും, ആചാര്യന്മാരും, തന്ത്രിമാരുമൊക്കെ കൂടി ആലോചിച്ച് തീരുമാനം എടുക്കണം. ആവശ്യമുള്ള പക്ഷം ആചാരങ്ങളിൽ മാറ്റം വരുത്താവുന്നതാണ് പക്ഷെ അത് കുളിപ്പിച്ച് കുളിപ്പിച്ച് വെള്ളത്തിന്റെ കൂടെ കുഞ്ഞിനെക്കൂടെ കളയുന്നതുപോലെയാകരുത് എന്ന് മാത്രം.

26-07-2016, അമൃതപുരി
അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അമ്മ പറഞ്ഞത്

14 സെപ്തംബര്‍ 2016 – ഓണാഘോഷം, അമൃതപുരി –
അമ്മയുടെ തിരുവോണ സന്ദേശത്തില്‍ നിന്ന്

കഷ്ടകാലം കഴിഞ്ഞ് നല്ല കാലം വരുന്നതിന്റെ ശുഭസൂചനയായിട്ടാണ് നമ്മള്‍ തിരുവോണത്തെ കാണുന്നത്. മൂടിക്കെട്ടിയ കര്‍ക്കിടകം കഴിഞ്ഞ് ഐശ്വര്യത്തിന്റെ സന്ദേശവുമായാണ് ചിങ്ങം വരുന്നത്. ആ പൊന്നിന്‍ ചിങ്ങത്തിന്റെ തിലകക്കുറിയാണ് പൊന്നോണം. മലയാളനാടിന്റെ സംസ്‌ക്കാരത്തിന്റെ മഹോത്സവം. ഒരു നല്ല നാളെയുടെ പ്രതീക മാണത്. എല്ലാ സൃഷ്ടിയും ആദ്യം നടക്കുന്നത് മനസ്സിലാണല്ലോ. മനസ്സില്‍ ഒരു നല്ല സങ്കല്പം വിരിഞ്ഞാല്‍ പിന്നെ അത് യാഥാര്‍ത്ഥ്യമാകാന്‍ അധികം താമസമില്ല. അതാണ് ശുഭാപ്തി വിശ്വാസത്തിന്റെ പ്രാധാന്യം. അതേ ശുഭാപ്തി വിശ്വാസം തിരുവോണത്തിന്റെ ഐതീഹ്യത്തിലും ഉണ്ട്. മാവേലീയുടെ കാലത്തെപ്പോലെ ഐശ്വര്യപൂര്‍ണ്ണമായ ഒരു കാലം ഇനിയും വരുമെന്നുള്ള ഒരു ശുഭാപതി വിശ്വാസമാണത്.

ശുഭാപ്തി വിശ്വാസമാണ് ജീവിതത്തെ സുന്ദരമാക്കുന്നത്. ഇക്കഴിഞ്ഞ ഒളിമ്പിക്ക്‌സില്‍ ഗുസ്തിയില്‍ ഓട്ടുമെഡല്‍ നേടിയ ഭാരതീയ വനിതയുടെ ഉദാഹരണമെടുക്കുക. ഏകദേശം തോല്‍ക്കുന്ന സ്ഥിതിയിലെത്തിയതാരുന്നു അവര്‍. എന്നാല്‍ ആത്മ വിശ്വാസം നഷടപ്പെടാതെ ഒന്നുകൂടി വീറോടെ അവര്‍ പൊരുതി. അതാണ് അവരെ വിജയത്തിലെത്തിച്ചത്. എപ്പോഴാണോ പരാജയം നമ്മെ തുറിച്ചു നോക്കുന്നത് ആ നിമിഷത്തില്‍ പോലും ഒരല്പം കൂടി കിണഞ്ഞു പരിശ്രമിച്ചാല്‍, തീര്‍ച്ചയായും നമുക്കു വിജയിക്കാന്‍ കഴിയും. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിന്റെ സ്വഭാവമാണ്. ഹാര്‍ട്ടിന്റെ ഇ.സി.ജി യെടുക്കുമ്പോള്‍ അതില്‍ ഉയര്‍ച്ചകളും താഴ്ചകളും കാണും. അതുകാണുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം പ്രാണന്‍ പോയി എന്നാണ്. ജീവിതത്തില്‍ വീഴ്ചകള്‍ വരുമ്പോള്‍ നമ്മള്‍ തളരാതിരിക്കണം.

ഭരണകര്‍ത്താക്കളും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഒരു മാതൃകാ ചിത്രം ഓണം നമുക്കു നല്‍കുന്നു. പ്രജകളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി ജീവിച്ച മഹാബലി. ആ ചക്രവര്‍ത്തിയെ സ്‌നേഹിച്ച ജനങ്ങള്‍. അവര്‍ തമ്മിലുള്ള ഐക്യം സ്‌നേഹം സമത്വം എല്ലാം ഓണം നമ്മുടെ മുന്‍പില്‍ തുറന്നു കാട്ടുന്നു.

ഓണം മനുഷ്യബന്ധങ്ങളുടെ ആഘോഷമാണ്. കുടുംബാംഗങ്ങള്‍ തമ്മിലും സുഹൃത്തുക്കള്‍ തമ്മിലുമെല്ലാം ബന്ധങ്ങള്‍ ദൃഡമാകുന്ന അവസരം. എല്ലാ മാനുഷീക ബന്ധങ്ങളും ശിഥിലമാകുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ഇന്ന് ഭാര്യയും ഭര്‍ത്താവും തമ്മില്‍ അകലുകയാണ്. അതുപോലെ അമ്മയോടുള്ള ബന്ധം അച്ഛനോടുള്ള ബന്ധം മക്കളോടുള്ള ബന്ധം, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം അയല്‍വാസികള്‍ തമ്മിലുള്ള ബന്ധം എല്ലാം ശിഥിലമാകുന്ന ഒരു കാലഘട്ടമാണിത്. ആ ബന്ധങ്ങളെ വീണ്ടെടുക്കാനും ഉട്ടിയുറപ്പിക്കാനുമുള്ള സന്ദേശവുമായാണ് ഓണം വന്നെത്തുന്നത്. ഓണം ഓണമാകുന്നത് അതു സാധിക്കുമ്പോള്‍ മാത്രമാണ്. മറ്റുള്ളവര്‍ക്ക് നമ്മുടെ സ്‌നേഹവും സഹായവും ഒക്കെ ഏറ്റവും ആവശ്യമുള്ള ചില നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാകാം. ആ നിമിഷങ്ങളില്‍ അവര്‍ക്ക് അതു നല്‍കാന്‍ കഴിഞ്ഞാല്‍ അത്രകണ്ട് നമ്മുടെ ജീവിതം ധന്യമായി.

എന്നാല്‍ ഓണം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷം മാത്രമല്ല. മനുഷ്യനും പ്രകൃതിയും തമ്മിലു ള്ള ബന്ധത്തിന്റെ കൂടി ആഘോഷമാണ്. മാത്രമല്ല മനുഷ്യനും ഈശ്വരനും തമ്മിലുള്ള ബന്ധത്തിന്റെയും ആഘോഷമാണ്. ഓണത്തെ മറ്റ് ആഘോഷത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ പൂര്‍ണ്ണതയാണ്. എല്ലാം തികഞ്ഞ ഒരു ഉത്സവമാണ് തിരുവോണം. അതില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും അവരുടേതായ പങ്കുണ്ട്. ഓണാഘോഷ ത്തിന് കുടുംബതലത്തിലും സമൂഹതലത്തിലും ഒരു പോലെ പ്രസക്തിയുണ്ട്. അതു പോലെ തന്നെ ആധിദൈവികമായ തലത്തിലും ആധിഭൗതികമായ തലത്തിലും ആദ്ധ്യാത്മീകമായ തലത്തിലും അതിനു പ്രസക്തിയുണ്ട്. മൂല്യങ്ങളുടെയും കലകളുടെയും ഉത്സവമാണ് ഓണം.

മഹാബലി ചക്രവര്‍ത്തിക്ക് സംഭവിച്ച ഒരു പരിവര്‍ത്തനത്തിന്റെ കഥകൂടിയാണ് ഓണം. ധര്‍മ്മിഷ്ഠനായിരുന്നെങ്കിലും സ്വന്തം കഴിവിലും ഗുണഗണങ്ങളിലും ബലി അഭിമാനിച്ചിരുന്നു. വരം ചോദിച്ചു വന്ന വാമനന്‍ വാസ്തവത്തില്‍ മഹാവിഷ്ണുവാണെന്ന് ശ്രുക്രാചാര്യര്‍ വെളിപ്പെടുത്തി. അപ്പോള്‍ ബലിയുടെ ഉള്ളില്‍ ഒരു യുദ്ധം നടന്നു. ഒന്നുകില്‍ സത്യം പാലിച്ച് സ്ഥാന മാനങ്ങള്‍ എല്ലാം നഷ്ടപ്പെടുത്തുക. അല്ലെങ്കില്‍ സത്യത്തെ വെടിഞ്ഞ് സ്ഥാനമാനങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുക. മഹാബലി സ്വീകരിച്ചത് ആദ്യത്തെ മാര്‍ഗ്ഗമാണ്. ത്യാഗത്തിന്റെ മാര്‍ഗ്ഗമാണ്. ഒടുവില്‍ വാമനന്‍ മഹാവിഷ്ണുവായി വളര്‍ന്ന് രണ്ടടി കൊണ്ട് മൂന്നു ലോകങ്ങളും അളന്നപ്പോള്‍ മഹാബലിയുടെ അഹങ്കാരം തകര്‍ന്നടിഞ്ഞു. സത്യം പാലിക്കുവാന്‍ അദ്ദേഹം തന്നെത്തന്നെ സമര്‍പ്പിച്ചു. എന്നാല്‍ ആ പരാജയം അദ്ദേഹത്തിന്റെ വിജയമായി മാറി. എല്ലാം ത്യജിക്കുന്നവന്‍ എല്ലാം നേടുമെന്നത് പ്രകൃതിയുടെ മാറ്റമില്ലാത്ത നിയമമാണ്. അഗ്‌നിശുദ്ധിവരുത്തിയ സ്വര്‍ണ്ണം പോലെയായി മഹാബലി. അദ്ദേഹം പൂര്‍ണ്ണതയിലേക്ക് ഉയര്‍ന്നു. അനശ്വരമായ കീര്‍ത്തിയെ പ്രാപിച്ചു.

ബലിയുടെ ഉള്ളില്‍ നടന്ന സങ്കര്‍ഷം വാസ്തവത്തില്‍ ഓരോ ജീവന്റെയും ഉള്ളില്‍ നടക്കുന്നുണ്ട്. നന്മയും തിന്മയും തമ്മിലുള്ള സങ്കര്‍ഷം അധമ വികാരങ്ങളും ശ്രേഷ്ഠ വികാരങ്ങളും തമ്മിലുള്ള സങ്കര്‍ഷം സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും തമ്മിലുള്ള സങ്കര്‍ഷം. അതില്‍ നന്മയുടെ മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. സ്വന്തം കഴിവിലും ശക്തിയിലും അഹങ്കരിക്കുകയും എന്നാല്‍ പ്രതിസന്ധികള്‍ക്കു മുന്‍പില്‍ ഉത്തരം കാണാതെ പതറുകയും ചെയ്യുന്ന ആധുനിക മനുഷ്യനുള്ള സന്ദേശം കൂടിയാണ് മഹാബലിയുടെ കഥ.

മഹാബലി അസുരനായിരുന്നു. പ്രഹ്ളാദനും അസുരനായിരുന്നു. വിഭീഷണനാവട്ടെ രാക്ഷസനായിരുന്നു. എന്നിട്ടും അവരെല്ലാം ഉത്തമരായി. എല്ലാവരുടെ ഉള്ളിലും നന്മയുണ്ടെന്നും ശ്രമിച്ചാല്‍ അതിനെ ഉണര്‍ത്താന്‍ കഴിയുമെന്നും ഇതു തെളിയിക്കുന്നു.

മറ്റുള്ളവരുടെ ദൗര്‍ബ്ബല്യങ്ങളിലേയ്ക്ക് മനസ്സുകൊടുക്കാതെ, അവരിലുള്ള നല്ല വശങ്ങളെ എടുത്തുകാണിക്കുവാന്‍ നമുക്കു കഴിയണം. അപ്പോള്‍ മഹാബലിയ്ക്കു സാധിച്ചതുപോലെ സ്‌നേഹവും, ശാന്തിയും നന്മയും കളിയാടുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ നമുക്കും സാദ്ധ്യമാകും. കുറവുകള്‍ ഉണ്ടാവുക എന്നത് മനുഷ്യസഹജമാണ്. ഒരു സാധകന്‍ എപ്പോഴും തന്റെ ഉള്ളിലേക്കു നോക്കി തന്റെ കുറവുകള്‍ കണ്ടെത്തണം. അതു പരിഹരിക്കാന്‍ ശ്രമിക്കണം.
ഭൗതിക സമ്പത്തിന്റെയും അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും വലിപ്പച്ചെറുപ്പം അനുസരിച്ചാണ് ഓരോരുത്തരേയും മഹത്വമുള്ളവരെന്നും അല്ലാത്തവരെന്നും നമ്മള്‍ വിലയിരുത്തുന്നത്. അവ നഷ്ടമായാല്‍ മഹത്വവും നഷ്ടമാകും. അത് ഭൗതിക നിയമം. എന്നാല്‍ ആത്മീയതയില്‍ അങ്ങനെയല്ല. “ഞാന്‍, എന്റെത്” എന്നുള്ള ഭാവങ്ങള്‍ – മമത, ഇല്ലാതാകുമ്പോളാണ് ഒരാള്‍ മഹത്വമുള്ളവനാകുന്നത്. അപ്പോ ഴാണ് മനുഷ്യന്‍ ഈശ്വരനാകുന്നത്. എല്ലാം സര്‍വ്വവ്യാപിയായ വിഷ്ണുചൈതന്യത്തില്‍ ആത്മസമര്‍പ്പണം ചെയ്തപ്പോള്‍, മഹാബലി “ഞാന്‍, എന്റെത്” എന്നീ അതിര്‍വരമ്പുകള്‍ക്ക് അതീതമായിപോയി. അപ്പോള്‍, പരമപദം അണഞ്ഞു എന്നതാണ് തത്വം.

കള്ളവും ചതിയും പൊളിവചനവും ഇല്ലാത്ത ഒരു കാലഘട്ടമായിരുന്നു മഹാബലിയുടെത്. എന്നാല്‍ ഇന്ന് സമൂഹത്തിന്റെ സ്ഥിതി നേരെ തിരിച്ചാണ്. സ്വന്തം സുഖം സ്വന്തം ലാഭം എന്നാണ് ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യം. എന്നാല്‍ ഈ മനോ ഭാവം നമ്മളെ നയിക്കുന്നത് അന്ധകാരത്തിലേക്കും ദുഃഖത്തിലേക്കും മാത്രമായിരിക്കും. മാവേലി ഓണദിവസം തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ വരുമെന്ന വിശ്വസമുണ്ടല്ലോ. യഥാര്‍ത്ഥത്തില്‍ സ്വാര്‍ത്ഥതയാകുന്ന നിദ്രയില്‍ നിന്ന് ഉണര്‍ന്ന് മാവേലിയുടെ കണ്ണുകളിലൂടെ സമൂഹത്തെ കാണുക എന്നുള്ളതാണ് ഇതിന്റെ തത്വം. സഹജീവികളോടു സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്ന കൊച്ചുകൊച്ചു പ്രവൃത്തികളാണ് നമ്മുടെ ജീവിതത്തില്‍ ആനന്ദം നിറയ്ക്കുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ തനിക്കെന്തുചെയ്യാനാകും എന്ന് ഓരോരുത്തരും ചിന്തിക്കുമ്പോള്‍, സ്വാഭാവികമായും എല്ലാവരുടെയും ഹൃദയങ്ങളില്‍ സന്തോഷംനിറയും.

തിരുവോണത്തിന് ഓണക്കോടി ഉടുക്കുന്ന പതിവുണ്ടല്ലോ. അതോടൊപ്പം സമൂഹ നന്മയ്ക്കുവേണ്ടിയുള്ള പുതിയ തീരുമാന ങ്ങളാകുന്ന ഓണക്കോടികളും ധരിക്കാന്‍ നമുക്കു ശ്രമിക്കാം. ഓണപ്പാട്ടിലും ഓണ ക്കളികളിലും മക്കള്‍ ആഹ്ളാദിക്കാറുണ്ടല്ലോ. ആത്മീയതത്വങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിച്ച് ഈ ആഹ്ളാദം ശാശ്വതമാക്കാന്‍ ശ്രമിക്കാം. ഓണത്തിന് വിശാലമായ പൂക്കളങ്ങള്‍ ഉണ്ടാക്കാന്‍ നമ്മള്‍ മത്സരിക്കാറുണ്ട്. ഒപ്പം നമ്മുടെ ഹൃദയത്തിലും സ്‌നേഹപുഷ്പം, ക്ഷമാപുഷ്പം, ത്യാഗപുഷ്പം, വിനയ പുഷ്പം തുടങ്ങിയ പുഷ്പങ്ങളാല്‍ പൂക്കളം തീര്‍ക്കാം. കാരുണ്യത്തിന്റെ വൃത്തം ഇനിയും വികസിപ്പിക്കാന്‍ നമുക്കു ശ്രമിക്കാം. അങ്ങനെയായാല്‍ ജീവിതം തന്നെ ഒരു വലിയ ഓണാഘോഷമാക്കി മാറ്റുവാന്‍ കഴിയും.