സത്യമാണോ..? അതോ മിഥ്യയാണോ ..?
ഞാനും ……..കാണുന്നലോകങ്ങളും …?
സത്യമല്ല …വെറും മിഥ്യയല്ലേ ..!
സ്വപ്നതുല്യമായ് കാണുകിൽ നാം

സത്യമാണോ..? ഇരുൾ വസ്തുവാണോ …?
നല്ല വെട്ടത്തിൽ കണ്ടതുണ്ടോ …?
സത്യമാണോ..?….സർപ്പമുള്ളതാണോ .?
രജ്ജു കണ്ടവൻ കണ്ടതുണ്ടോ …?

ശൂന്യമാണോ ..? പുനശ് ചിന്തചെയ്കിൽ…
വെറും ശൂന്യത കണ്മതാര് ..?
സത്തയല്ലോ …! ബോധതത്ത്വമല്ലോ …!
വസ്തുസത്യമാം എകതത്ത്വം.

സത്തയായി മാറി നിന്നുനോക്കിൽ…
ബോധഭിന്നമായ് വസ്തുവില്ല.
ശുദ്ധിവേണം തത്ത്വചിന്തവേണം
ഭ്രമം മാഞ്ഞുപോയ്‌ മുക്തനാകാൻ.

– ബ്രഹ്മചാരി അഭേദാമൃത ചൈതന്യ

ചോദ്യം: അമ്മയ്ക്കു് ആദ്യകാലങ്ങളിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടി വന്നതായി പറയുന്നുണ്ടല്ലോ, അതിനെക്കുറിച്ചു് എന്താണു പറയാനുള്ളതു്?

അമ്മ: അതു് അത്ര ഗൗരവമുള്ള കാര്യമായി അമ്മയ്ക്കു തോന്നാറില്ല. ലോകത്തിന്റെ സ്വഭാവം അമ്മയ്ക്കു് അറിയാമായിരുന്നു. അമിട്ടു പൊട്ടും എന്നറിഞ്ഞുകൊണ്ടുനിന്നാൽ ഞെട്ടേണ്ട ആവശ്യമില്ല. കടലിൽ നീന്താൻ പഠിച്ചവനു തിരകൾക്കു നടുവിലും നീന്തി രസിക്കാൻ കഴിയുന്നു. ഭയന്നു തളരുന്നില്ല. ലോകത്തിന്റെ സ്വഭാവം നേരത്തെ മനസ്സിലാക്കിയിരുന്നതുകൊണ്ടു് എല്ലാ പ്രതിബന്ധങ്ങളും എന്നിൽ ആനന്ദം ഉളവാക്കിയതേയുള്ളൂ. അവയൊക്കെ എന്നിലേക്കു നോക്കുവാനുള്ള സാഹചര്യം ഒരുക്കുകയാണു ചെയ്തതു്. എതിർപ്പു പറഞ്ഞവർ എന്റെ കണ്ണാടിയായിത്തീർന്നു. അങ്ങനെ മാത്രമേ എനിക്കവയെ കാണാൻ കഴിഞ്ഞുള്ളൂ. ഞാൻ ശരീരമാണെന്നു ചിന്തിക്കുമ്പോഴാണല്ലോ പരാതിയും ദുഃഖവും വരുന്നതു്.

ആത്മാവിന്റെ ലോകത്തിൽ ദുഃഖത്തിനു സ്ഥാനമില്ല. ആത്മസ്വരൂപത്തെ ചിന്തിച്ചപ്പോൾ എനിക്കു മനസ്സിലായി, ഞാൻ കുളമല്ല നദിയാണെന്നു്. നദിയിൽ പലരും വരുന്നു, രോഗമുള്ളവരും രോഗമില്ലാത്തവരും വരുന്നു. ചിലർ അതിലെ വെള്ളം കുടിക്കുന്നു. ചിലർ കുളിക്കുന്നു. ചിലർ വസ്ര്തമലക്കുന്നു. ചിലർ അതിൽ തുപ്പുന്നു. ആരൊക്കെ ഏതൊക്കെവിധം അതിലെ ജലം ഉപയോഗിക്കട്ടെ, നദിക്കു് ഒരു പ്രശ്‌നവുമില്ല. അതൊഴുകിക്കൊണ്ടേയിരിക്കുന്നു. പൂജയ്ക്കുപയോഗിച്ചാലും കുളിക്കാനുപയോഗിച്ചാലും അതിനു പരിഭവമില്ല. അതെല്ലാവരെയും തഴുകിത്തലോടിക്കൊണ്ടു് ഒഴുകുന്നു. എന്നാൽ കുളമങ്ങനെയല്ല. അതിലെ വെള്ളം കെട്ടിനിന്നു ദുഷിക്കുന്നു. അതിൽനിന്നും ചീത്തമണം മാത്രമേ വരികയുള്ളൂ. ഇതോർത്തപ്പോൾ, എനിക്കു നേരിടേണ്ടിവന്ന എതിർപ്പുകൾക്കും അനുഭവിക്കുവാൻ ഇടയായ സ്‌നേഹത്തിനും എന്നിൽ യാതൊരു വികാരവും സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. അതൊന്നും അത്ര ഗൗരവമുള്ളതായി തോന്നിയില്ല. ഞാൻ ശരീരമെന്നു ചിന്തിക്കുമ്പോഴാണു ദുഃഖം. പക്ഷേ, ആത്മാവിന്റെ തലത്തിൽ ഈ ദുഃഖത്തിനു സ്ഥാനമില്ല. ആരും എന്നിൽനിന്നു ഭിന്നമല്ല. മറ്റുള്ളവരുടെ കുറവു് എന്റെ കുറവായി തോന്നി. അതിനാൽ ഒന്നും ഒരു പീഡനമായി തോന്നിയില്ല. അവർ ഈ വൃക്ഷത്തിൽ ചെളിവാരി എറിഞ്ഞു. പക്ഷേ, അതു് എനിക്കു വളമായി മാറി. എല്ലാം നല്ലതിനു വേണ്ടിയായിരുന്നു.

ചോദ്യം : അശരണരെയും ദരിദ്രരെയും അനാഥരെയും അമ്മ കൂടുതലായി സ്‌നേഹിക്കാറുണ്ടോ?

അമ്മ: ആളിനെ നോക്കി സ്‌നേഹിക്കുവാൻ അമ്മയ്ക്കറിയില്ല. മുറ്റത്തു ദീപം തെളിച്ചാൽ അവിടെയെത്തുന്ന എല്ലാവർക്കും ഒരുപോലെ വെളിച്ചം കിട്ടും, യാതൊരു ഏറ്റക്കുറച്ചിലും ഉണ്ടാവില്ല. പക്ഷേ, വാതിലുകൾ അടച്ചു മുറിക്കുള്ളിൽതന്നെ ഇരുന്നാൽ ഇരുട്ടിൽ കഴിയുവാനെ സാധിക്കൂ. അവിടെയിരുന്നുകൊണ്ടു വെളിച്ചത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. വെളിച്ചം വേണമെങ്കിൽ മനസ്സിന്റെ വാതിലുകൾ തുറന്നു പുറത്തേക്കു വരുവാൻ തയ്യാറാവണം. സൂര്യനു കണ്ണു കാണുവാൻ മെഴുകുതിരിയുടെ ആവശ്യമില്ല. ചിലർക്കു് ഈശ്വരൻ മുകളിലെവിടെയോ ഇരിക്കുന്ന ആൾ ആണു്. ആ ഈശ്വരന്റെ പ്രീതിക്കായി അവർ പണം വാരിക്കോരി ചെലവു ചെയ്യും. എന്നാൽ പണം ചെലവു ചെയ്തതുകൊണ്ടു മാത്രം ഈശ്വരപ്രീതി നേടാനാവില്ല. സാധുക്കൾക്കു സേവ ചെയ്യുന്നതാണു് അവിടുത്തേക്കു് ഏറ്റവും ഇഷ്ടമായ കാര്യം. കോടി രൂപയ്ക്കു് ആർഭാടമായി ഉത്സവം നടത്തുന്നതിനെക്കാൾ കൂടുതൽ അവിടുന്നു പ്രീതിയടയുന്നതു് ഒരു സാധുവിനെ ആശ്വസിപ്പിക്കുന്നതു കാണുമ്പോഴാണു്. ആ സാധുവിന്റെ കണ്ണീരു തുടയ്ക്കുവാനുള്ള മനസ്സു കാണുമ്പോഴാണു്. അങ്ങനെയുള്ള ഒരു മനസ്സു് എവിടെ കണ്ടാലും അവിടുന്നു് അവിടെ ഓടിയെത്തും. ഏതു പട്ടുമെത്തയെക്കാളും സ്വർണ്ണ സിംഹാസനത്തെക്കാളും ഭഗവാനു് ഇഷ്ടമായ ഇരിപ്പിടം കാരുണ്യം നിറഞ്ഞ മനസ്സാണു്.

അമ്മ മക്കളുടെ ഹൃദയം മാത്രമേ നോക്കാറുള്ളൂ. സമ്പത്തിനെക്കുറിച്ചോ, ഭൗതിക ചുറ്റുപാടുകളെക്കുറിച്ചോ അമ്മ ചിന്തിക്കാറില്ല. ശരിയായ ഒരമ്മയ്ക്കും തന്റെ മക്കളെക്കുറിച്ചു് അങ്ങനെ ചിന്തിക്കുവാനാവില്ല. എങ്കിലും ദുഃഖിതനായ ഒരാൾ അമ്മയുടെ അടുത്തു വന്നാൽ, അയാളുടെ ദുഃഖത്തിൽ അമ്മയ്ക്കു കരുണ തോന്നും. അയാളുടെ ദുഃഖം അമ്മയുടെ ദുഃഖമായി അമ്മയ്ക്കു് അനുഭവപ്പെടും. ആ ദുഃഖിതനു സമാശ്വാസമേകുവാൻ അമ്മ ആവതു ചെയ്യും.

ചോദ്യം: ഭക്തർക്കുവേണ്ടി, ഇത്രമാത്രം സമയം ചെലവഴിക്കുമ്പോൾ അമ്മയ്ക്കു ക്ഷീണം തോന്നാറില്ലേ?

അമ്മ: പ്രേമമുള്ളിടത്തു ക്ഷീണമില്ല. തന്റെ കുഞ്ഞിനെ തള്ള മണിക്കൂറുകളോളം എടുത്തുകൊണ്ടു നടക്കുന്നു. കുഞ്ഞൊരു ഭാരമായി തള്ളയ്ക്കു തോന്നാറുണ്ടോ?

ചോദ്യം : അമ്മയെക്കുറിച്ചു സംസാരിക്കവെ ചിലർ പറയുകയുണ്ടായി, സ്‌നേഹം മർത്ത്യരൂപം പൂണ്ടാൽ എങ്ങനെയിരിക്കുമെന്നറിയണമെങ്കിൽ അമ്മയെ നോക്കിയാൽ മതിയെന്നു്. എന്താണു് ഇതിനെക്കുറിച്ചു് അമ്മയ്ക്കു പറയുവാനുള്ളതു്?

അമ്മ: (ചിരിക്കുന്നു) കൈയിലുള്ള നൂറു രൂപയിൽനിന്നും ആർക്കെങ്കിലും പത്തുരൂപാ കൊടുത്താൽ പിന്നീടു തൊണ്ണൂറു രൂപ മാത്രമെ ശേഷിക്കുകയുള്ളു. എന്നാൽ സ്‌നേഹം ഇതുപോലെയല്ല. എത്ര കൊടുത്താലും തീരില്ല. കൊടുക്കുന്തോറും അതേറിക്കൊണ്ടിരിക്കും. കോരുന്ന കിണർ ഊറുംപോലെ. ഇത്ര മാത്രമേ അമ്മയ്ക്കറിയൂ. അമ്മയുടെ ജീവിതം സ്‌നേഹസന്ദേശമായിത്തീരണം. അതു മാത്രമേ അമ്മ ചിന്തിക്കുന്നുള്ളൂ. സ്‌നേഹത്തിനുവേണ്ടിയാണു മനുഷ്യൻ ജനിച്ചതു്, അതിനുവേണ്ടിയാണു ജീവിക്കുന്നതു്. എന്നാൽ ഇന്നു കിട്ടുവാനില്ലാത്തതും അതൊന്നു മാത്രമാണു്. സ്‌നേഹത്തിനാണു് ഇന്നു ദാരിദ്ര്യം.

ചോദ്യം : അമ്മ എല്ലാവരെയും മടിയിൽ കിടത്തി ആശ്വസിപ്പിക്കാറുണ്ടല്ലോ. ഇതു നമ്മുടെ സമൂഹത്തിൽ അസാധാരണമല്ലേ?

അമ്മ: അമ്മമാർ കുഞ്ഞുങ്ങളെ വാരിപ്പുണരാറില്ലേ? ഭാരതത്തിൽ എന്നും കീർത്തിക്കപ്പെട്ടിട്ടുള്ളതു മാതൃശിശുഭാവമാണു്. കൂടാതെ അമ്മയുടെ അടുത്തു് ആരു വന്നാലും അവർ അമ്മയുടെ ആത്മാവിൽനിന്നും ഭിന്നരായിട്ടു് അമ്മയ്ക്കു തോന്നാറില്ല. നമ്മുടെ ശരീരത്തിൽ ഒരു വേദന വന്നാൽ എത്രയും വേഗം കൈ അവിടെയെത്തും, ആശ്വസിപ്പിക്കുവാൻ. അതുപോലെ മറ്റുള്ളവരുടെ ദുഃഖം അമ്മയ്ക്കു സ്വന്തം ദുഃഖമായിട്ടു മാത്രമേ തോന്നിയിട്ടുള്ളു. ഒരു കൊച്ചുകുഞ്ഞു വേദനകൊണ്ടു നിന്നു കരയുന്നതു കാണുമ്പോൾ അതിന്റെ അമ്മയ്ക്കു നോക്കിനില്ക്കാനാവുമോ?

ചോദ്യം: അമ്മയുടെ ജീവിതത്തിന്റെ സന്ദേശം എന്താണു്?
അമ്മ: അമ്മയുടെ ജീവിതംതന്നെ അമ്മയുടെ സന്ദേശം. അതു സ്‌നേഹമാണു്.

ചോദ്യം : അമ്മയുടെ സാമീപ്യത്തിൽ എത്താൻ കഴിഞ്ഞിട്ടുള്ളവർക്കെല്ലാം, അമ്മയുടെ സ്‌നേഹത്തെക്കുറിച്ചു് എത്ര പറഞ്ഞാലും മതിയാകുന്നില്ല. ഇതെങ്ങനെ സാധിക്കുന്നു?
അമ്മ: അമ്മ അറിഞ്ഞുകൊണ്ടു് ആരെയും പ്രത്യേകിച്ചു സ്‌നേഹിക്കാറില്ല. സ്‌നേഹം എന്നതു സംഭവിക്കുകയാണു്. സ്വാഭാവികമായി അങ്ങനെ ആയിത്തീരുന്നതാണു്. അമ്മയ്ക്കു് ആരെയും വെറുക്കുവാനാവുന്നില്ല. അമ്മയ്ക്കു് ഒരു ഭാഷ മാത്രമേ അറിയുകയുള്ളു. അതു സ്‌നേഹത്തിന്റെ ഭാഷയാണു്. സകലർക്കും മനസ്സിലാകുന്ന ഭാഷയാണതു്. ഇന്നു ലോകം അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യവും സ്വാർത്ഥതയില്ലാത്ത സ്‌നേഹത്തിനു വേണ്ടിയുള്ളതാണു്.

സകലരും സ്‌നേഹത്തെക്കുറിച്ചു സംസാരിക്കാറുണ്ടു്. പരസ്പരം സ്‌നേഹിക്കുന്നതായി പറയാറുമുണ്ടു്. എന്നാൽ ഇതിനെ യാഥാർത്ഥ സ്‌നേഹമെന്നു പറയാനാവില്ല. ഇന്നു നമ്മൾ സ്‌നേഹമെന്നു വിചാരിക്കുന്നതു സ്വാർത്ഥതയുടെ മാലിന്യം കലർന്നതാണു്. സ്വർണ്ണം പൂശിയ ആഭരണം പോലെയാണതു്. അണിയാൻ കൊള്ളാം. എന്നാൽ മാറ്റില്ല. വിലയില്ല. കൂടുതൽ നിലനില്ക്കുകയുമില്ല. അസുഖംമൂലം ആശുപത്രിയിൽ കൊണ്ടുപോയ ഒരു കുട്ടിയുടെ കഥ പറയാറുണ്ടു്. ആശുപത്രിയിൽനിന്നും തിരിച്ചു കൊണ്ടുപോരുന്ന സമയം കുട്ടി അച്ഛനോടു പറയുകയാണു്, ”അച്ഛാ! അവിടെയുള്ള എല്ലാവർക്കും എന്നോടു് എന്തൊരു ഇഷ്ടമാണെന്നോ. അച്ഛനു് അവരുടെ അത്രയും സ്‌നേഹമുണ്ടോ? അവിടുത്തെ ഡോക്ടർക്കും നേഴ്‌സിനും അറ്റൻഡർക്കും വാച്ച്മാനും ഒക്കെ എന്തൊരു സ്‌നേഹമാണു്. എന്നോടു വിശേഷങ്ങൾ ചോദിക്കും. എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും, ഷീറ്റു വിരിച്ചുതരും, ആഹാരം സമയത്തിനു തരും, വഴക്കൊന്നും പറയില്ല. എന്നാൽ അച്ഛനും അമ്മയും എന്നെ എത്രയാണു ഭള്ളു പറയുന്നതു്.” ഈ സമയം നേഴ്‌സ് ഒരു പേപ്പർ കൊണ്ടു വന്നു് അച്ഛനെ ഏല്പിച്ചു. ഇതു കണ്ട മകൻ അതെന്താണെന്നു ചോദിച്ചു. അച്ഛൻ പറഞ്ഞു, ”അതു നീ ഇപ്പോൾ പറഞ്ഞില്ലേ അവരുടെ സ്‌നേഹത്തെക്കുറിച്ചു്. ആ സ്‌നേഹത്തിനുള്ള ബില്ലാണിതു്.”

മക്കളേ, ഇതുപോലെയാണു് ഇന്നു ലോകത്തു കാണുന്ന സ്‌നേഹം. ഏതൊരു സ്‌നേഹത്തിന്റെയും പിന്നിൽ എന്തെങ്കിലും ഒരു സ്വാർത്ഥത കാണാൻ കഴിയും. കമ്പോളത്തിലെ കച്ചവടമനോഭാവം വ്യക്തിബന്ധങ്ങളിലും കടന്നുകൂടിക്കഴിഞ്ഞു. ആരെ കാണുമ്പോഴും നമ്മുടെ ആദ്യചിന്ത അവരിൽനിന്നു തനിക്കെന്തു നേട്ടമുണ്ടാകുമെന്നാണു്. ഒന്നും നേടുവാനില്ലെങ്കിൽ അവിടെ ബന്ധം സ്ഥാപിക്കപ്പെടുന്നില്ല. നേട്ടത്തിനു കോട്ടം തട്ടുമ്പോൾ ബന്ധവും മുറിയുന്നു. അത്രമാത്രം സ്വാർത്ഥത മനുഷ്യമനസ്സുകളിൽ നിറഞ്ഞു കഴിഞ്ഞു. ഇതിന്റെ ഭവിഷ്യത്താണു് ഇന്നു മനുഷ്യസമൂഹം അനുഭവിക്കുന്നതു്. ഇന്നു് ഒരു വീട്ടിൽ മൂന്നു പേരുണ്ടെങ്കിൽ മൂന്നു ദ്വീപിൽ കഴിയുന്നവരെപോലെയാണു്. യഥാർത്ഥ ശാന്തിയും സമാധാനവും എന്തെന്നുകൂടി അറിയാൻ പാടില്ലാത്ത അവസ്ഥയിലെത്തി നില്ക്കുന്നു ലോകം. ഇതു മാറണം. സ്വാർത്ഥതയുടെ സ്ഥാനത്തു നിസ്സ്വാർത്ഥത വളരണം. പരസ്പരം ബന്ധത്തിന്റെ പേരിൽ വിലപേശുന്നതു അവസാനിപ്പിക്കണം. സ്‌നേഹം ബന്ധപാശമാകരുതു്. ജീവശ്വാസമാകണം. ഇതാണു് അമ്മയുടെ ആഗ്രഹം. ‘ഞാൻ സ്‌നേഹമാണു്, സ്‌നേഹസ്വരൂപമാണു്.’ ഈ ഒരു ഭാവം നമുക്കു വന്നുകഴിഞ്ഞാൽ പിന്നെ ശാന്തി തേടി എവിടെയും അലയേണ്ടതില്ല. ശാന്തി നമ്മളെ തേടി എത്തും. മനസ്സിന്റെ ഈ വിശാലതയിൽ സർവ്വവൈരുദ്ധ്യങ്ങളും അലിഞ്ഞില്ലാതാവും; സൂര്യോദയത്തോടെ മഞ്ഞൊഴിയുന്നതുപോലെ.