സന്താപഹൃത്തിന്നു ശാന്തിമന്ത്രം
സന്ദേഹഹൃത്തിന്നു ജ്ഞാനമന്ത്രം
സംഫുല്ലഹൃത്തിന്നു പ്രേമമന്ത്രം!
അന്‍പാര്‍ന്നൊരമ്മതന്‍ നാമമന്ത്രം!

ചെന്താരടികളില്‍ ഞാന്‍ നമിപ്പൂ
ചിന്താമലരതില്‍ നീ വസിക്കൂ!
സന്ദേഹമില്ലാത്ത ജ്ഞാനമെന്നും
സംഫുല്ലഹൃത്തില്‍ തെളിഞ്ഞിടട്ടെ!

എന്നോടെനിക്കുള്ള സ്നേഹമല്ല
നിന്നോടെനിക്കുള്ള പ്രേമമമ്മേ!
അമ്മഹാതൃക്കഴല്‍ത്താരിലല്ലൊ
മന്‍മനഃഷട്പദമാരമിപ്പൂ!

വാര്‍മഴവില്ലങ്ങു മാഞ്ഞുപോകും
വാര്‍തിങ്കള്‍ ശോഭയലിഞ്ഞുതീരും
മായുകില്ലാത്മാവിലെന്നുമമ്മ
ആനന്ദസൗന്ദര്യധാമമല്ലൊ!

-സ്വാമി തുരീയാമൃതാനന്ദ പുരി

പരസ്പരം ആദരിക്കുകയും സ്‌നേഹപൂര്‍വ്വം അംഗീകരിക്കുകയും ചെയ്യാത്തിടത്തോളം, സ്ത്രീ പുരുഷന്മാരുടെ ജീവിതം പാലമില്ലാതെ വേര്‍പെട്ടുകിടക്കുന്ന രണ്ടുകരകളെപ്പോലെയാകും.

സ്ത്രീക്കു പുരുഷനിലേക്കും പുരുഷനു സ്ത്രീയിലേക്കും കടന്നുചെല്ലാന്‍ വേണ്ടത്ര ധാരണാശക്തിയും മനഃപക്വതയും വിവേകബുദ്ധിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അതുണ്ടായില്ലെങ്കില്‍, അപശ്രുതിയും അവതാളവും അസ്വസ്ഥതയും സമൂഹജീവിതത്തിൻ്റെ മുഖമുദ്രകളാകും. അസമത്വചിന്തകള്‍ ഉള്ളില്‍ കുടികൊള്ളുന്നിടത്തോളം സമൂഹത്തിൻ്റെ വളര്‍ച്ചയും വികാസവും പാതി കൂമ്പിയ പുഷ്പംപോലെ എന്നും അപൂര്‍ണ്ണമായിരിക്കും. 

സ്ത്രീയെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതു്, സമൂഹത്തിൻ്റെ പകുതി ബുദ്ധിയും ശക്തിയും ഒഴിവാക്കി, പകുതി മാത്രം ഉപയോഗിക്കുന്നതിനു തുല്യമാണു്. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെക്കൂടി ആത്മാര്‍ത്ഥമായി സഹകരിപ്പിച്ചാല്‍ സമൂഹത്തിനും ജനങ്ങള്‍ക്കുമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചു പുരുഷവര്‍ഗ്ഗം ബോധവാന്മാരാവണം.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകളും ആലോചനായോഗങ്ങളും ബോധവത്കരണ പരിപാടികളും ആവശ്യമാണു, സംശയമില്ല. പക്ഷേ, കേവലം ബൗദ്ധികമായി മാത്രം ചിന്തിച്ചതുകൊണ്ടു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. അതിൻ്റെ സ്ഥൂലവും സൂക്ഷ്മവുമായ കാരണങ്ങള്‍ കണ്ടുപിടിക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും വേണം.

മക്കള്‍ ഇന്ന മാര്‍ഗ്ഗത്തിലൂടെത്തന്നെ മുന്നോട്ടുപോകണം എന്നു് അമ്മ നിര്‍ബ്ബന്ധിക്കുകയില്ല. ഏതും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്കുണ്ടു്. ഒന്നു് ഒന്നില്‍നിന്നും ഭിന്നമാണു്, മേലെയാണു് എന്നു കരുതരുതു്. എല്ലാം നമ്മെ നയിക്കുന്നതു് ഒരേ സത്യത്തിലേക്കു മാത്രമാണു്.

ലക്ഷ്യം ഒരേ സത്യം

എല്ലാ മാര്‍ഗ്ഗങ്ങളെയും ആദരിക്കുവാനും ബഹുമാനിക്കുവാനും നമുക്കു കഴിയണം. ഇഡ്ഡലിയും ദോശയും പുട്ടും മറ്റും വ്യത്യസ്തങ്ങളായിത്തോന്നുമെങ്കിലും എല്ലാം അരികൊണ്ടു നിര്‍മ്മിച്ചതാണു്. ഓരോരുത്തരുടെയും ദഹനശക്തിക്കും രുചിക്കും യോജിച്ചവ തിരഞ്ഞെടുക്കാം. ഏതു കഴിച്ചാലും വിശപ്പടങ്ങും.

അതുപോലെ, ജനങ്ങള്‍ വിവിധ സംസ്‌കാരവും അഭിരുചിയുമുള്ളവരാണു്. ഓരോരുത്തര്‍ക്കും അനുയോജ്യമായ രീതിയില്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഓരോ മാര്‍ഗ്ഗവും വിഭിന്നമായി തോന്നുമെങ്കിലും എല്ലാത്തിൻ്റെയും സാരം ഒന്നുതന്നെ. എല്ലാം നയിക്കുന്നതും ഒരേ ലക്ഷ്യത്തിലേക്കുതന്നെ.

ഭക്തിക്കു് ഇത്ര പ്രാധാന്യം നല്കുവാന്‍ മറ്റൊരു കാരണം, നമ്മള്‍ ഏതു ശീലമനുസരിച്ചു നീങ്ങിയോ സാധനയില്‍ അതനുസരിച്ചു മുന്നോട്ടു നീങ്ങിയാല്‍ വേഗം പുരോഗതി നേടാം. ചെറുപ്പം മുതലേ നമ്മള്‍ അമ്മയുടെ മടിയിലിരുന്നു സന്തോഷം നേടിയവരാണു്. കുറച്ചു വളര്‍ന്നപ്പോള്‍ സുഖവും ദുഃഖവും കൂട്ടുകാരോടു പറഞ്ഞു സന്തോഷം നേടി. പ്രായമെത്തിയപ്പോള്‍ ദുഃഖം പങ്കിടാന്‍ കൂട്ടുകാരി വന്നു. ഇങ്ങനെ ഓരോ സമയവും നമ്മള്‍ ഓരോരുത്തരില്‍ മനസ്സിനെ നിര്‍ത്തിയാണു മുന്നോട്ടു നീങ്ങിയതു്, സന്തോഷം നേടിയതു്.

അങ്ങനെയുള്ള ഒരു മനസ്സിനു പെട്ടെന്നു നിരാകാരത്തിലേക്കു് ഉയരാന്‍ പറ്റിയെന്നു വരില്ല. അതിനാല്‍ സാകാരരൂപമാണു കൂടുതല്‍ സൗകര്യം. ഈശ്വരന്‍ നിരാകാരനാണു്, നിര്‍ഗ്ഗുണനാണു് എന്നും മറ്റും ബുദ്ധികൊണ്ടു മനസ്സിലാക്കിയാല്‍ക്കൂടി സാഹചര്യങ്ങള്‍ വരുമ്പോള്‍ എല്ലാം മറക്കും.

സ്ഥിരമായി ഇടതുവശത്തു മഷിക്കുപ്പി വച്ചു് അതില്‍ പേന മുക്കി എഴുതിക്കൊണ്ടിരുന്ന ഒരാള്‍ ഒരുദിവസം കുപ്പി വലതുവശത്തേക്കു മാറ്റിവച്ചു. കുപ്പി വലതുവശത്തേക്കു മാറ്റി എന്നറിയാമെങ്കില്‍ക്കൂടി കൈ പേനയുമായി ഇടത്തുഭാഗത്തേക്കായിരിക്കും പോകുക. കാരണം, അത്രയും നാളത്തെ ശീലം അയാളുടെ സ്വഭാവമായി മാറി. ഇതുപോലെ, ഓരോ ശീലവും നമ്മളെ തിന്നുകയാണു്. പെട്ടെന്നു മാറ്റുക സാദ്ധ്യമല്ല.

എന്തിലെങ്കിലും ചാരിനില്ക്കുക എന്ന മനസ്സിൻ്റെ ശീലം എത്രയോ കൊല്ലങ്ങളായി നമ്മള്‍ കൊണ്ടുനടന്നതാണു്. അതിനെ ആശ്രയിച്ചു മുന്നോട്ടു പോകുന്നതാണു സാധനയ്ക്കും പ്രയോജനം. മറ്റു പലതിനെ അപേക്ഷിച്ചും വേഗത്തില്‍ അന്തഃകരണശുദ്ധി നേടുവാന്‍ ഇതുകൊണ്ടു കഴിയും. അതിനാലാണു് ഇഷ്ടരൂപത്തെ ആശ്രയിച്ചു മുന്നോട്ടുപോകുവാന്‍ പറയുന്നതു്.

സമ്പത്തിലും ബന്ധുക്കളിലും സുഹൃത്തുക്കളിലും സ്ഥാനമാനങ്ങളിലും മറ്റു പലതിലും ബന്ധിച്ചു നില്ക്കുന്ന മനസ്സിനെ, അവയില്‍നിന്നെല്ലാം വിടര്‍ത്തി ഈശ്വരനുമായി മാത്രം ബന്ധിക്കുവാനാണു പറയുന്നതു്. അവയോടുള്ള ബന്ധവും ഭക്തിയുമെല്ലാം ഈശ്വരനോടാകട്ടെ.

ഇഷ്ടരൂപത്തിൻ്റെ മന്ത്രം നിരന്തരം ജപിക്കുന്നതുമൂലം നൂറു ചിന്ത കടന്നുപോകേണ്ട സമയത്തു് അതു പത്താക്കി കുറയ്ക്കുവാന്‍ സാധിക്കും. കൂടുതല്‍ കൂടുതല്‍ ജപം ചെയ്യുന്നതോടെ മനസ്സു് കൂടുതല്‍ കൂടുതല്‍ ശാന്തമാകും. സ്പടികംപോലെ ആയിത്തീരും.

ഓളങ്ങളില്ലാത്ത തടാകത്തില്‍ സൂര്യൻ്റെ പ്രതിബിംബം എങ്ങനെ വ്യക്തമായി കാണുന്നുവോ അതുപോലെ, ശാന്തമായ നമ്മുടെ മനസ്സില്‍ പരമാത്മസ്വരൂപത്തെ തെളിഞ്ഞു കാണുവാന്‍ പറ്റും. ഈ മാര്‍ഗ്ഗം ദുര്‍ബ്ബലതയല്ല, പ്രാകൃതമല്ല. നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഒരു കുറുക്കുവഴിയാണതു്.

സര്‍വ്വരും ഭക്തനാണെന്നു വാഴ്ത്തിയിരുന്ന ഒരാളെക്കാണുവാന്‍ അദ്ദേഹത്തിൻ്റെ ഒരു കൂട്ടുകാരന്‍ ചെന്നു. രാവിലെ എത്തിയതാണു്. അദ്ദേഹത്തെ അന്വേഷിച്ചപ്പോള്‍ കാര്യക്കാരന്‍ പറഞ്ഞു, ഗണപതിപൂജ ചെയ്യുകയാണെന്നു്. അല്പസമയം കഴിഞ്ഞു് ഒന്നുകൂടി ചോദിച്ചു. അപ്പോള്‍ ശിവപൂജയിലാണു്. കൂട്ടുകാരന്‍ മുറ്റത്തു് ഒരു കുഴി കുഴിച്ചു. കുറച്ചുനേരം കഴിഞ്ഞു വീണ്ടും ചോദിച്ചു. ‘ദേവീ പൂജ ചെയ്യുകയാണു്’, കാര്യക്കാരന്‍ പറഞ്ഞു. ഒരു കുഴി കൂടി കുഴിച്ചു.

അങ്ങനെ സമയം ഏറെക്കഴിഞ്ഞു. പൂജ എല്ലാം തീര്‍ന്നു് ആളു വെളിയില്‍ വന്നു നോക്കുമ്പോള്‍ മുറ്റത്തു നിറയെ പല കുഴികള്‍. സുഹൃത്തിനോടു കാര്യം തിരക്കി. സുഹൃത്തു പറഞ്ഞു ‘എനിക്കു വെള്ളമായിരുന്നു ആവശ്യം. ഇത്രയും കുഴി കുത്തിയ സമയംകൊണ്ടു ഞാന്‍ ഒരു കുഴി കുഴിച്ചിരുന്നുവെങ്കില്‍ എപ്പോഴേ വെള്ളം കിട്ടുമായിരുന്നു. പല കുഴി കുത്തിയ കാരണം ആയുസ്സും ആരോഗ്യവും നഷ്ടമായതു മിച്ചം!

കൂട്ടുകാരന്‍ എന്താണു് ഉദ്ദേശിക്കുന്നതെന്നു് അദ്ദേഹത്തിനു മനസ്സിലായി. അനേകം ദേവതകളെ പൂജിക്കുന്ന സമയംകൊണ്ടു മനസ്സിനെ ഒന്നില്‍ നിര്‍ത്താന്‍ ശീലി ച്ചിരുന്നുവെങ്കില്‍ എപ്പോഴേ ഫലം കിട്ടുമായിരുന്നു. എല്ലാം ഒന്നിലുണ്ടു്. അതു തന്നിലുമുണ്ടു്. അദ്ദേഹം പ്രാകൃതഭക്തി വെടിഞ്ഞു യഥാര്‍ത്ഥ ഭക്തനായിത്തീര്‍ന്നു.

ആദ്ധ്യാത്മികസാധനയില്‍ പ്രാര്‍ത്ഥനയ്ക്കു് അതിൻ്റെതായ സ്ഥാനമുണ്ടു്. അതു് ദുര്‍ബ്ബലതയല്ല. ലൈറ്റു കാണിച്ചു മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതുപോലെ (വെളിച്ചം കാണിച്ചു മീനുകളെ ആകര്‍ഷിച്ചു വലകളില്‍ മീന്‍ പിടിക്കുന്ന സമ്പ്രദായം പല സ്ഥലങ്ങളിലും കാണാം. തീരപ്രദേശങ്ങളില്‍ ചീനവലകള്‍ ഉപയോഗിച്ചു് ഇതേ രീതിയില്‍ മീന്‍ പിടിക്കുന്ന കാഴ്ച സര്‍വ്വസാധാരണമാണു്.)

ശ്രദ്ധയോടും ആത്മാര്‍ത്ഥതയോടും കൂടിയുള്ള പ്രാര്‍ത്ഥനയിലൂടെ ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന ഉള്‍പ്രേമത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നു. വാസ്തവത്തില്‍ ഭക്തിയെന്നതു നിത്യാനിത്യവിവേകമാണു്. നിത്യം എന്തു്, അനിത്യം എന്തു് എന്നു മനസ്സിലാക്കി നമ്മള്‍ ചെയ്യുന്ന കര്‍മ്മമാണു ഭക്തി.