ഏഴു ഓറഞ്ചു കഴിച്ചവനു് ആദ്യത്തെ ഓറഞ്ചിൻ്റെ രുചി ഏഴാമത്തെ ഓറഞ്ചില്‍ കിട്ടില്ല. അനുഭവിച്ചു വരുമ്പോള്‍ ഒരു വിരക്തി വരും. അതിലല്ല ആനന്ദം എന്നറിയാന്‍ സാധിക്കും. യഥാര്‍ത്ഥ ആനന്ദത്തിൻ്റെ ഉറവ തേടും.

പട്ടി എല്ലില്‍ കടിക്കും. രക്തം വരുമ്പോള്‍ അതു നുണയും. അവസാനം രക്തം വാര്‍ന്നു് അതു തളര്‍ന്നുവീഴും. അപ്പോഴാണറിയുന്നതു്, എല്ലിലെ മാംസത്തില്‍നിന്നല്ല, തൻ്റെ മോണകീറി വന്ന രക്തമാണു താന്‍ നുണഞ്ഞതെന്നു്. പാല്പായസം നമുക്കിഷ്ടമാണു്. പക്ഷേ, കുറച്ചധികമായി കഴിച്ചുകഴിയുമ്പോള്‍ മതിയെന്നു തോന്നും. പിന്നീടു് ഇരട്ടി വേണമെന്നു തോന്നും. അതുപോലെ ഭൗതികത ഒരിക്കലും അനുഭവിച്ചു തീര്‍ന്നിട്ടു പിന്തിരിയാന്‍ പറ്റില്ല. അതിനാല്‍ വൈരാഗ്യം കൈക്കൊണ്ടാല്‍ മാത്രമേ, ലോകവസ്തുക്കളില്‍നിന്നും തിരിഞ്ഞു മാറാന്‍ പറ്റുകയുള്ളൂ. അതാണു് അമ്മയുടെ മാര്‍ഗ്ഗം.

ചെറുപ്പക്കാരില്‍ ചിലര്‍ ആശ്രമങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ രജനീഷിൻ്റെ ആശ്രമത്തെക്കുറിച്ചാണു ചിന്തിക്കുന്നതു്. രജനീഷിൻ്റെ ആശ്രമമെന്നു പറഞ്ഞാല്‍, അതു വിദേശികള്‍ക്കു വേണ്ടിയുള്ളതാണു്. അവരുടെ ലോകത്തിലേക്കദ്ദേഹം ഇറങ്ങിച്ചെന്നു. ലഹരികള്‍ക്ക് അടിമപ്പെട്ടിരുന്നവരോടാണു് അദ്ദേഹം ഉപദേശിച്ചതു്. അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു കൊണ്ടാണു ചെയ്തതു്, രഹസ്യമായിട്ടല്ല. പക്ഷേ, ഇതൊക്കെ അനുഭവിച്ചുകൊണ്ടു് അതില്‍ നിന്നും വിരക്തിനേടാന്‍ പ്രയാസമാണു്. പറ്റുകയില്ലയെന്നാണു് അമ്മ പറയുന്നതു്. അനുഭവിച്ചുള്ള വിരക്തി താത്കാലികം മാത്രമാണു്. ശാശ്വതമല്ല. അതിനാല്‍ അവയുടെ മുന്നില്‍ വൈരാഗ്യമെടുക്കണം.

ഋഷിമാരില്‍നിന്നും വ്യത്യസ്തമായ രീതിയിലാണു് അദ്ദേഹം ഉപദേശിക്കുന്നതെന്നു മാത്രം. പക്ഷേ, ഇന്നു പലരും നമ്മുടെ ഋഷീശ്വരന്മാര്‍ പറഞ്ഞിട്ടുള്ള ഈ മാര്‍ഗ്ഗത്തെയല്ല നോക്കുന്നതു്, അദ്ദേഹം പറഞ്ഞിട്ടുള്ളതിനെയാണു്. അതുവച്ചാണു് ആശ്രമങ്ങളെ വിലയിരുത്തുന്നതു്. അതിനാല്‍ ഇവിടെയുള്ള കുഞ്ഞുങ്ങളുടെ അദ്ധ്വാനവും ത്യാഗവും കാണാന്‍, ഈ കുറ്റം പറയുന്നവര്‍ക്കു കണ്ണില്ല.

പടിഞ്ഞാറന്‍രാജ്യത്തു പോയാലും നമ്മുടെ കുഞ്ഞുങ്ങള്‍തന്നെ അദ്ധ്വാനിക്കുന്നു. അവര്‍തന്നെ ഭക്ഷണം പാകം ചെയ്യുന്നു. കാരണം, വെളിയില്‍നിന്നും ഭക്ഷണം വാങ്ങണമെങ്കില്‍ പത്തു്, അന്‍പതു ഡോളര്‍ വേണ്ടിവരും. സ്വയം അദ്ധ്വാനിച്ചു് അതും ലാഭമാക്കി, ആ പണവും ഇവിടെ കൊണ്ടുവന്നു സേവനത്തിനു് ഉപയോഗിക്കുകയാണു്. അതിനാല്‍ നമ്മള്‍ സിനിമ കണ്ടും വാരിക വായിച്ചും അഭിപ്രായം പറയുവാന്‍ നില്ക്കാതെ വാസ്തവം എന്തെന്നു് അന്വേഷിക്കണം. അതാണു വേണ്ടതു്.

ഇന്നു ലോകത്തു മൂന്നുതരം ആളുകളുണ്ടു്. ഒന്നാമത്തെ കൂട്ടര്‍ ഏറ്റവും പാവങ്ങളാണു്. അവര്‍ക്കു ഒന്നുമില്ല. ഇവിടെ വരുന്ന പലരെയും അമ്മയ്ക്കറിയാം. സ്വന്തമായി ഒരു നല്ല ഉടുവസ്ത്രം കൂടിയില്ല. മറ്റുള്ളവരുടെ വസ്ത്രം വാങ്ങി ഉടുത്തുകൊണ്ടാണവര്‍ വരുന്നതു്. വീടുമേയാന്‍ പണമില്ലാതെയും രോഗത്തിനു ചികിത്സിക്കാന്‍ കാശില്ലാതെയും ഫീസടയ്ക്കാന്‍ കഴിവില്ലാതെയും എത്രയോ കുഞ്ഞുങ്ങള്‍ കഷ്ടപ്പെടുന്നു. ഓരോ ദിവസവും എങ്ങനെ തള്ളിനീക്കുന്നു എന്നതു് അവര്‍ക്കു കൂടിയറിയില്ല.

രണ്ടാമതൊരു തരക്കാരുണ്ടു്. കുറച്ചു പണമുണ്ടു്. സ്വന്തം കാര്യങ്ങള്‍ ഒരുവിധം നടന്നു പോകും. മറ്റുള്ളവരോടു്, കഷ്ടപ്പെടുന്നവരോടു് അനുകമ്പയുണ്ടു്. പക്ഷേ, ഒന്നും ചെയ്യുവാന്‍ കഴിയുന്നില്ല. മൂന്നാമത്തെ തരക്കാര്‍ ഇങ്ങനെയല്ല. അവര്‍ക്കു ജീവിക്കാന്‍ വേണ്ടതിൻ്റെ നൂറിരട്ടി സ്വത്തുണ്ടു്, ഇവര്‍ക്കു ബുദ്ധിയുണ്ടു്. ബിസിനസ്സു് ചെയ്യുന്നു. പണം സമ്പാദിക്കുന്നു. പക്ഷേ, അതു സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മാത്രം ചെലവാക്കുന്നു. എന്നാല്‍ സാധുക്കളോടു കരുണയില്ല.

അവരാണു് ഏറ്റവും വലിയ ദരിദ്രര്‍. നരകം അവര്‍ക്കു വേണ്ടിയുള്ളതാണു്. കാരണം, ഈ പാവങ്ങളുടെ കഷ്ടപ്പാടിനു കാരണക്കാര്‍ അവരാണു്. പാവങ്ങളുടെ സമ്പത്താണു് ഇവര്‍ കൈയടക്കിവച്ചിരിക്കുന്നതു്. മക്കളേ, ഒന്നു ചിന്തിക്കണം, ഈ സാധുക്കളോടു കാണിക്കുന്ന കാരുണ്യമാണു് ഈശ്വരനോടുള്ള കടമ. അമ്പലത്തിനു വലത്തിട്ടിട്ടു് ‘കൃഷ്ണാ, മുകുന്ദാ, മുരാരേ’ എന്നു വിളിക്കുന്നതല്ല ഭക്തി. കഷ്ടപ്പെടുന്നവര്‍ക്കു വേണ്ട സഹായം ചെയ്യുന്നതാണു യഥാര്‍ത്ഥ ഭക്തി.

ഒരു യാചകന്‍ കൈനീട്ടിയാല്‍ അവനോടു് ഈച്ചയെയാട്ടുന്നതുപോലെ കാണിക്കുന്ന സംസ്‌കാരമാണു പലരിലും കാണുന്നതു്. സാധുക്കളോടുള്ള കാരുണ്യം വരാതെ, കഷ്ടപ്പെടുന്നവരോടു കരുണ കാട്ടാതെ എത്ര ജപവും ധ്യാനവും നടത്തിയാലും യാതൊരു ഫലവുമില്ല. ക്ഷേത്രങ്ങളില്‍ എത്ര വഴിപാടു നടത്തിയാലും സ്വര്‍ഗ്ഗത്തിലെത്തില്ല. ജീവിതത്തില്‍ ശാന്തി ലഭിക്കാന്‍ പോകുന്നില്ല.

അമൃതപ്രിയ – 2012

വീണ്ടും കാണാന്‍

ആദ്യദര്‍ശനം അങ്ങനെ കഴിഞ്ഞു. ഞാന്‍ എൻ്റെ ലോകത്തിലേക്കു മടങ്ങി. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ കരുതി. എന്നാല്‍ അമ്മയാകട്ടെ എൻ്റെ ഹൃദയത്തിലേക്കു കൂടുതല്‍ കൂടുതല്‍ കടന്നുവരാന്‍ തുടങ്ങി. അമ്മയെക്കുറിച്ചുള്ള സ്മരണകള്‍, അമ്മയെ കാണണമെന്ന ആഗ്രഹം, ഒന്നും എനിക്കു് അടക്കാന്‍ വയ്യാതെയായി.

ഒരു വര്‍ഷം അവധിയെടുത്തു് അമ്മയുടെ ആശ്രമത്തില്‍ പോയാലോ എന്നായി എൻ്റെ ചിന്ത. എനിക്കാണെങ്കില്‍ ഭാരതത്തില്‍ എവിടെയാണു് അമ്മയുടെ ആശ്രമം എന്നുപോലും അറിയില്ല. ഒറ്റയ്ക്കു്, തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്തു പോകാന്‍ ഭയവുമില്ലാതില്ല. അമ്മയുടെ ആശ്രമത്തില്‍ പോകണമെന്ന ചിന്ത മാറ്റിക്കളയാന്‍ ഞാന്‍ ശ്രമിച്ചു. എൻ്റെ രാജ്യം എനിക്കിഷ്ടമാണു്. അവിടത്തെ സാമ്പത്തികാഭിവൃദ്ധിയും ജീവിത സൗകര്യങ്ങളുമെല്ലാം ഉപേക്ഷിക്കാന്‍ എനിക്കു കഴിയില്ല. എന്നാലും അമ്മയുടെ അടുത്തെത്തണമെന്ന ചിന്തകള്‍ എത്ര ശ്രമിച്ചിട്ടും എനിക്കടക്കാനായില്ല.

അവസാനം, അമ്മയെ ആദ്യമായി കണ്ടു്, രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, അമ്മയുടെ ആശ്രമത്തില്‍ ഒരു വര്‍ഷം താമസിക്കുന്നതിനുള്ള അനുവാദം ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു. 1990 ജൂണ്‍ മാസത്തിലെ ആ ദര്‍ശനം എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ടു്. ഒരു കുന്നിന്‍മുകളിലായിരുന്നു അമ്മയുടെ ദര്‍ശനവേദി. ധാരാളം വൃക്ഷങ്ങളും ഇളംകാറ്റും പൂക്കളുടെ സുഗന്ധവും എല്ലാംകൂടി മനംമയക്കുന്നതായിരുന്നു ആ അന്തരീക്ഷം. തൂവെള്ള സാരിയുമുടുത്തു വലിയ ഒരു വൃക്ഷത്തിൻ്റെ കീഴിലിരിക്കുന്ന അമ്മ പ്രേമവും ശാന്തിയും പ്രസരിപ്പിക്കുന്ന ഒരു ദേവതയെപ്പോലെ കാണപ്പെട്ടു. യേശുക്രിസ്തു ജീവിച്ചിരുന്നപ്പോഴും ഇങ്ങനെയായിരുന്നിരിക്കണം, ലോകത്തെ മുഴുവന്‍ തന്നിലേക്കടുപ്പിച്ചിരുന്നതു് എന്നു ഞാന്‍ ചിന്തിച്ചു.

യാത്ര തുടങ്ങുന്നു

അമ്മയുടെ ആശ്രമത്തിലേക്കു വരാനുള്ള അനുവാദം ചോദിച്ചപ്പോള്‍ അമ്മ ചിരിച്ചുകൊണ്ടു് എന്നെ നോക്കി. സന്തോഷത്തോടെ സമ്മതം മൂളി. അവിടെയാണു് എൻ്റെ യാത്ര തുടങ്ങിയതു്. 1990 സെപ്തംബറില്‍ ഞാന്‍ ജോലിയില്‍നിന്നു് ഒരു വര്‍ഷം അവധിയെടുക്കുന്നു, എൻ്റെ ഫ്ലാറ്റ് വാടകയ്ക്കു കൊടുത്തു ഭാരതത്തിലേക്കു പുറപ്പെട്ടു. നിസര്‍ഗ്ഗദത്ത് മഹാരാജിൻ്റെ പുസ്തകം എനിക്കു വായിക്കാന്‍ തന്നിരുന്ന വ്യക്തി അപ്പോഴേക്കും എൻ്റെ ആത്മസുഹൃത്തായി കഴിഞ്ഞിരുന്നു. അമ്മയുടെ അടുത്തേക്കു് എന്നെ യാത്രയാക്കാന്‍ അദ്ദേഹവും വന്നിരുന്നു. വിമാനം പറന്നു പൊങ്ങിയപ്പോള്‍ ഭയംകൊണ്ടു ഞാന്‍ കരഞ്ഞുപോയി. അമ്മയുടെ ഫോട്ടോ മാറിലടക്കി ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. ഇനി അമ്മയല്ലാതെ എനിക്കു മറ്റൊരാശ്രയമില്ല.

എൻ്റെ കൈയിലുള്ള പുസ്തകം തുറന്നു വായിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒരു സാധകന്‍ സ്വന്തം വീടു വിട്ടു ഗുരുവിൻ്റെ അടുത്തേക്കു പോകുന്ന ഭാഗമാണു ബുക്കു തുറന്നപ്പോള്‍ എനിക്കു കിട്ടിയതു്. അതു വായിച്ചപ്പോള്‍ എനിക്കു വളരെ ആശ്വാസം തോന്നി. എത്ര കാലം ആശ്രമത്തില്‍ കഴിയാന്‍ എനിക്കു സാധിക്കും എന്നറിയില്ലെങ്കിലും ഈ അനുഭവത്തിലൂടെ അനേകം പേര്‍ കടന്നു പോയിട്ടുണ്ടു് എന്ന വസ്തുത എനിക്കല്പം ആശ്വാസം നല്കി.

ഞാന്‍ അമ്മയുടെ അടുത്തെത്തുന്നതുവരെ എനിക്കു് ആവശ്യമുള്ളപ്പോഴൊക്കെ എന്നെ സഹായിക്കാന്‍ അമ്മ പ്രത്യേകം ആളുകളെ ഏര്‍പ്പെടുത്തിയിരുന്നോ? എൻ്റെ അനുഭവം കണ്ടപ്പോള്‍ എനിക്കങ്ങനെ തോന്നി. കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ ‘ഇനിയെന്തു്’ എന്നു പരിഭ്രമിച്ചു നിന്ന എന്നെ പ്ലെയിനില്‍ വച്ചു പരിചയപ്പെട്ട ചിലര്‍ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ടു പോയി. അടുത്ത ദിവസം വള്ളിക്കാവിലെ ബോട്ടുജെട്ടിവരെ അവരെന്നെ എത്തിച്ചു. ബോട്ടില്‍ വച്ചു മറ്റൊരു സ്ത്രീ എന്നെ ഏറ്റെടുത്തു. ബോട്ടുകാരനു പണം കൊടുത്തു് ആശ്രമത്തിലെത്തുന്നതു വരെ അവരെൻ്റെ കൂടെത്തന്നെ നിന്നു.

അങ്ങനെ അവസാനം ഞാന്‍ എൻ്റെ അമ്മയുടെ പുണ്യഭൂമിയില്‍ എത്തി. എത്ര വിശുദ്ധി നിറഞ്ഞതാണു് ആ സ്ഥലം എന്നു് എനിക്കു് അപ്പോഴറിയില്ലായിരുന്നു. പക്ഷേ, അവിടെ എത്തിയപ്പോള്‍ മുതല്‍ എന്നില്‍ ആനന്ദം വന്നു നിറയുന്നതു ഞാനറിഞ്ഞു. എന്തൊരാശ്വാസം, ഞാന്‍ എൻ്റെ സ്വന്തം വീട്ടില്‍ എത്തിയിരിക്കുന്നു. ഒരു ബ്രഹ്മചാരിണി എന്നെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്തു് അമ്മ ദര്‍ശനം കൊടുക്കുന്ന കുടിലിലേക്കു കൊണ്ടുപോയി. അമ്മയുടെ പ്രേമവും കാരുണ്യവും തുളുമ്പുന്ന മുഖം കണ്ടപ്പോള്‍ എനിക്കു് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. ‘അലച്ചിലെല്ലാം അവസാനിച്ചു. കഷ്ടപ്പാടുകളെല്ലാം തീര്‍ന്നു. അവസാനം സ്വന്തം വീട്ടിലെത്തി’ ഞാനെന്നോടുതന്നെ പറഞ്ഞു.

എന്നെ കണ്ടപ്പോള്‍ അമ്മ എന്നെ വാരിപ്പുണര്‍ന്നു. ഞാന്‍ അപ്പോഴും കരയുകയായിരുന്നു. എൻ്റെ കണ്ണുനീര്‍ തുടച്ചു്, എന്നെ വീണ്ടും വാരിപ്പുണര്‍ന്നതിനു ശേഷം അമ്മ എഴുന്നേറ്റു. ദര്‍ശനം തീര്‍ന്നു. ഞാനായിരുന്നു അവസാനത്തെയാള്‍. അമ്മ എനിക്കുവേണ്ടി കാത്തിരിക്കയായിരുന്നോ?ആശ്രമത്തിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോടു് ഒരു പുതിയ പേരു് ആവശ്യപ്പെട്ടു. അമ്മയുടെ മകളായി അമ്മ എനിക്കിപ്പോള്‍ ഒരു പുതിയ ജീവിതം തന്നിരിക്കയാണല്ലോ. അപ്പോള്‍ എനിക്കു് ഒരു പുതിയ പേരും അമ്മ തരേണ്ടതാണു് എന്നെനിക്കു തോന്നി. അമ്മയുടെ പേരിനോടു സാമ്യമുള്ള ഒരു പേരു വേണമെന്നായിരുന്നു എൻ്റെ ആഗ്രഹം. അമ്മയ്ക്കു് എന്നോടുള്ള
സ്നേഹവും ആ പേരില്‍ ഉണ്ടാകണം എന്നു ഞാനാഗ്രഹിച്ചു. അമ്മ എനിക്കൊരു പേരു തന്നു,

‘അമൃതപ്രിയ’. പേരിൻ്റെ അര്‍ത്ഥമറിഞ്ഞപ്പോള്‍ സന്തോഷംകൊണ്ടെനിക്കു ശ്വാസം നിന്നുപോയി. എല്ലാമറിയുന്ന അമ്മ എൻ്റെ ഹൃദയം അറിഞ്ഞിരിക്കുന്നു. അമ്മയുടെ നാമവും അമ്മയുടെ സ്നേഹവും തുളുമ്പിനില്ക്കുന്ന പേരുതന്നെ എനിക്കു തന്നിരിക്കുന്നു. പുതിയ പേരു സ്വീകരിക്കുന്നതിനു മുന്‍പു് അമ്മയെ നമസ്‌കരിക്കാനായി ഞാന്‍ കുനിഞ്ഞപ്പോള്‍ പാദം തലയില്‍ വച്ചു് അമ്മ എന്നെ അനുഗ്രഹിച്ചു. ഗുരുവിൻ്റെ പാദതീര്‍ത്ഥത്തെക്കാള്‍ വലിയ ഒരു തീര്‍ത്ഥമില്ല എന്നാണല്ലോ ശാസ്ത്രങ്ങള്‍ പറയുന്നതു്. ഞാന്‍ ചോദിച്ചതിലും എത്രയോ കൂടുതല്‍ അമ്മ എനിക്കു തന്നു!

എൻ്റെ ഗതി തെളിയുന്നു

ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ ആശ്രമത്തില്‍ താമസിച്ചു. ആ ഒരു വര്‍ഷം സ്വര്‍ഗ്ഗത്തിലായിരുന്നു ഞാന്‍. ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നതു ശരിതന്നെ. ഇടയ്ക്കിടയ്ക്കു നിന്നുപോകുന്ന വെള്ളവും വൈദ്യുതിയും, മസാല നിറഞ്ഞ ഭക്ഷണവും എല്ലാം വിഷമംതന്നെയായിരുന്നു. എങ്കിലും പറഞ്ഞറിയിക്കാനാകാത്ത ഒരു ആനന്ദം എന്നിലെപ്പോഴും നിറഞ്ഞുനിന്നു. അമ്മയുടെ ഭജനയും അമ്മയുടെ ദേവീഭാവവും, അമ്മയ്ക്കുവേണ്ടിയുള്ള സേവനവും എല്ലാം എനിക്കു് ആനന്ദമായിരുന്നു. അമ്മ പലപ്പോഴും ഞങ്ങളുടെ കൂടെവന്നു സേവനം ചെയ്യുമായിരുന്നു. ആ ദിവസങ്ങളില്‍ അമ്മ ഞങ്ങളോടൊപ്പം ധ്യാനിക്കുകയും ചെയ്തിരുന്നു. മക്കളെ സന്തോഷിപ്പിക്കാനായി അമ്മ എന്തൊക്കെയാണു ചെയ്യാറുള്ളതു്!

പരീക്ഷണങ്ങള്‍ തരാനും അമ്മ മിടുക്കിയായിരുന്നു. ആശ്രമവാസം വെറും ഉത്സവം മാത്രമാകാന്‍ അമ്മ അനുവദിച്ചിരുന്നില്ല. പരീക്ഷണങ്ങള്‍ കഠിനമായിരുന്നു. എന്നാല്‍ ആത്മീയമായി വളരാനും കൂടുതല്‍ ശക്തി നേടാനും പരീക്ഷണങ്ങള്‍ എന്നെ സഹായിച്ചു. മഹാഭാരതത്തില്‍ കൗരവരും പാണ്ഡവരും യുദ്ധം ചെയ്ത കുരുക്ഷേത്രംപോലെയാണു് ആശ്രമം എന്നാണു് അമ്മ പറയാറുള്ളതു്. നമ്മുടെ ദുര്‍വ്വാസനകള്‍ കൗരവരും സദ്‌വാസനകള്‍ പാണ്ഡവരുമാണു്. നൂറു കൗരവരെ എതിരിടാന്‍ അഞ്ചു പാണ്ഡവരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഭഗവാന്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ടു പാണ്ഡവര്‍ക്കു വിജയം വരിക്കാന്‍ കഴിഞ്ഞല്ലോ.

മക്കളെല്ലാം എപ്പോഴും സന്തോഷമായിരിക്കണമെന്നാണു് അമ്മയുടെ ആഗ്രഹം. നമ്മുടെ സന്തോഷത്തിനു തടസ്സം സൃഷ്ടിക്കുന്നതു നമ്മള്‍തന്നെയാണു് എന്നാണു് അമ്മ പറയാറുള്ളതു്. നമ്മുടെ ശത്രുവും മിത്രവുമൊക്കെ നാം തന്നെയാണെന്നു് അമ്മയുടെ അനുഗ്രഹംകൊണ്ടു് നമുക്കു ക്രമേണ ബോദ്ധ്യമാകും. നമ്മെ കൈ പിടിച്ചു നയിക്കാന്‍ ഗുരുവിനെ അനുവദിച്ചാല്‍ തടസ്സങ്ങളൊക്കെ മാറിക്കിട്ടുകയും ചെയ്യും. നല്ലൊരു യോദ്ധാവിനെപ്പോലെയായിരിക്കണം ഒരു സാധകന്‍. എപ്പോഴും ജാഗ്രതയോടെയിരിക്കണം. അതേ സമയം സ്വസ്ഥതയും വേണം.

ആത്മീയമായി പുരോഗതി നേടാന്‍ നിരന്തരമായ അഭ്യാസം ആവശ്യമാണു്. എന്നാല്‍ സ്വന്തം പുരോഗതിയെക്കുറിച്ചു് ഉത്കണ്ഠപ്പെടുന്നതും നല്ലതല്ല. ഒരു നല്ല യോദ്ധാവു തൻ്റെ വില്ലു് എപ്പോഴും കുലച്ചു വയ്ക്കാറില്ല. എപ്പോഴും ഞാണ്‍ മുറുക്കിക്കെട്ടിയിരുന്നാല്‍ വില്ലു് ഉപയോഗശൂന്യമാകും. അതുപോലെ, എപ്പോഴും ടെന്‍ഷന്‍ അനുഭവിക്കുന്ന മനസ്സും സാധനയ്ക്കു കൊള്ളാതെയാകും. അതുകൊണ്ടാണു് അമ്മ എപ്പോഴും തമാശ പറഞ്ഞും ചിരിപ്പിച്ചും മക്കളെ ഉല്ലാസഭരിതരാക്കാന്‍ ശ്രമിക്കുന്നതു്.

ആശ്രമത്തിലെ ഒരുവര്‍ഷം പെട്ടെന്നു കടന്നുപോയി. പുതിയ വിസയ്ക്കുവേണ്ടി ഞാന്‍ ഫ്രാന്‍സിലേക്കു തിരിച്ചു പോയി. എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ക്കാന്‍ ഒരു മാസം വേണ്ടിവന്നു. ഭൗതിക സുഖങ്ങള്‍ നിറഞ്ഞ എൻ്റെ പഴയ ലോകത്തു് എനിക്കപ്പോള്‍ ഒരു സുഖവും അനുഭവപ്പെട്ടില്ല. അമ്മയുടെ കൂടെയുള്ള ജീവിതത്തിലെ ആനന്ദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിനു പകരമായി ഒന്നുമില്ല എന്നെനിക്കു ബോദ്ധ്യമായി.

അമ്മയുടെ പുണ്യഭൂമിയില്‍

അമൃതപുരിയിലേക്കു തിരിച്ചു വന്നപ്പോള്‍ ആശ്രമത്തില്‍ സ്ഥിരമായി താമസിക്കാന്‍ അനുവദിക്കണമെന്നു ഞാന്‍ അമ്മയോടു് അപേക്ഷിച്ചു. അമ്മ സന്തോഷത്തോടെ സമ്മതം നല്കി. അമ്മയോടൊത്തുള്ള ജീവിതം എത്ര വലിയ അനുഗ്രഹമാണു്. അമ്മയുടെ സാന്നിദ്ധ്യത്തില്‍ എത്രയെത്ര ദിവ്യമായ അനുഭവങ്ങളാണു് എനിക്കുണ്ടായിട്ടുള്ളതു്! വളരെയേറെ പരീക്ഷണങ്ങളും എനിക്കു നേരിടേണ്ടിവന്നു. എല്ലാം എനിക്കാവശ്യമായിരുന്നു. ഏതു വിപരീത സാഹചര്യങ്ങളെയും നേരിടാന്‍ അമ്മ എനിക്കു ശക്തി തന്നു. മനസ്സു് ശക്തമാകുംതോറും ശാന്തവും ധ്യാനാത്മകവുമാകുന്നതു ഞാനറിഞ്ഞു. ഇനിയും എനിക്കേറെ പഠിക്കാനുണ്ടു്. അതാണു് എൻ്റെ ജീവിതത്തിൻ്റെ ഉദ്ദേശ്യം എന്നാണല്ലോ അമ്മ എന്നെ പഠിപ്പിച്ചതു്.

സ്വാമി തുരീയാമൃതാനന്ദ പുരി

ഓര്‍മ്മയില്‍നിന്നൂര്‍ന്നുവീണൊരു
കാവ്യശീലില്‍ ഞാന്‍… എൻ്റെ
ജീവിതത്തെ തോണിയാക്കി യാത്ര ചെയ്യുന്നു…!
കാത്തുനില്പില്ലാരുമെന്നുടെ
യാനപാത്രത്തെ… എൻ്റെ
തോണിയില്‍ ഞാന്‍ മാത്രമായി യാത്ര ചെയ്യുന്നു…!

ആത്മനൊമ്പരമാരറിവൂ
നീയൊരാളെന്യേ… സ്നേഹോ-
ദാരശീലേ! നീലവാനംപോലെനിന്നുള്ളം!
മാനസപ്പൊന്‍തേരില്‍ ഞാനൊ-
ന്നാനയിച്ചോട്ടെ… അമ്മേ
നേരമിന്നും ഏറെയായ് നീ ആഗമിക്കില്ലേ…?

ഉള്ളിലാര്‍ദ്രതയുള്ളനീയെ-
ന്നുള്ളുകാണില്ലേ… കണ്ടാല്‍
ഉള്ളമീവിധമെന്തിനമ്മേ,വെന്തുനീറുന്നു…?
എള്ളിലെണ്ണകണക്കു നീയെ-
ന്നുള്ളിലുണ്ടേലും… ഉള്ളാല്‍
കണ്ടറിഞ്ഞല്ലാതെയെങ്ങനെയുള്ളമാറുന്നു…?

ചാരിടാറില്ലെന്മനസ്സിന്‍
ജാലകങ്ങള്‍ ഞാന്‍… പ്രേമോ-
ദാരഗാനാലാപമായ് നീ ആഗമിക്കില്ലേ…?
മാന്തളിര്‍ തൊത്തിൻ്റെ മാര്‍ദ്ദവ-
മുള്ളൊരെന്നുള്ളം… നിൻ്റെ
കാലടിപ്പൊന്‍ താമരത്തേന്‍ പൂവു തേടുന്നു…!

ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ ദേഹവിയോഗത്തിൽ അമ്മ അയച്ച അനുശോചന സന്ദേശം

===

ഓം നമഃ ശിവായ

”ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കാലം ചെയ്ത വിവരം വളരെ ദുഃഖത്തോടെയാണ് കേട്ടത്. മതചിന്തകളും ആദ്ധ്യാത്മികതത്വങ്ങളും കാലത്തിനനുസരിച്ച് മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുകയും, അതേസമയം മതത്തിനതീതമായി നിന്നു പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. അമൃതപുരിയിലെ ആശ്രമത്തില്‍ നിരവധി തവണ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്; പൊതുപരിപാടികളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അദ്ദേഹം ആശ്രമവുമായി വളരെ അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നു.

ഇന്ന് മതത്തിന്റെ ഉപരിപ്ലവതക്കു മാത്രമാണ് മനുഷ്യന്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. അതിന്റെ അന്തസത്തയായ ആദ്ധ്യാത്മികമൂല്യങ്ങള്‍ വിസ്മരിച്ചിരിക്കുന്നു. അതാണ് ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും കാരണം. മതത്തിന്റെ അന്തസത്ത ആദ്ധ്യാത്മികതയാണെന്നു മനസ്സിലാക്കുന്പോൾ എല്ലാത്തിനോടും സമത്വവും സ്നേഹവും ആദരവും കാരുണ്യവും ഉള്ളില്‍ തനിയേ ഉണ്ടാകും. മതവിദ്വേഷത്തില്‍ നിന്നും ഏകാത്മബോധത്തിലേക്കും പരസ്പരസ്നേഹത്തിലേക്കും നിഷക്കാമ കര്‍മ്മത്തിലേക്കും പൊതുസമൂഹത്തെ നയിക്കുവാനുള്ള ഉത്തരവാദിത്വം ഓരോ മതാചര്യനുമുണ്ടെന്ന് അമ്മ വിശ്വസിക്കുന്നു. ഈ കര്‍ത്തവ്യം അനുഷ്ഠിക്കാന്‍ ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കഴിയുന്നത്ര പ്രവര്‍ത്തിച്ചു എന്നുവേണം പറയാന്‍.

കേവലം മതസഹിഷ്ണുതക്കുമപ്പുറം, മതങ്ങള്‍ക്കു പരസ്പരം ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയണം. അതിന്റെ അടിസ്ഥാന തത്വമായ ആദ്ധ്യാത്മികത അറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം. ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയെക്കുറിച്ച് ചിന്തിക്കുന്പോൾ എല്ലാ വിഭാഗക്കാരെയും ഒരുപോലെ പരിഗണിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നതായി കാണാം. മറ്റുള്ളവരെ എല്ലാം മറന്നു ചിരിപ്പിക്കുവാനും, ചിന്തിക്കുവാനും കഴിയുക എന്നതൊരു വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ആ കഴിവ് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്.

സമൂഹത്തിന്റെ നല്ലൊരു സുഹൃത്തിനെയും മാര്‍ഗ്ഗദര്‍ശിയേയും മനുഷ്യസ്‌നേഹിയേയും ആണ് ശ്രീ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു, ഒപ്പം അനുയായികളുടേയും ബന്ധുജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.”

ഓം നമഃ ശിവായ

അമ്മ (ശ്രീ മാതാ അമൃതാനന്ദമയീ ദേവീ)

05 മെയ് 2021, അമൃതപുരി

സായാഹ്‌ന ഭജന കഴിഞ്ഞു. അമ്മ കളരിമണ്ഡപത്തിനും ധ്യാന മുറിക്കും മദ്ധ്യേയുള്ള മുറ്റത്തുവന്നു വെറും മണലിൽ ഇരിക്കുന്നു. ഭക്ഷണത്തിനുള്ള മണി മുഴങ്ങി. അമ്മ പറഞ്ഞതനുസരിച്ചു ഭക്തന്മാർ ഓരോരുത്തരും ഭക്ഷണം കഴിക്കാൻ പോയി. ഒന്നു രണ്ടു ബ്രഹ്മചാരികൾമാത്രം അമ്മയുടെ സമീപത്തു് അവശേഷിച്ചു. മാതൃസന്നിധിയിൽ അവർ ധ്യാനനിമഗ്നരാണ്.

ഭക്ഷണം കഴിഞ്ഞു് എല്ലാവരും വീണ്ടും വന്നു് അമ്മയുടെ ചുറ്റുമായി ആസനസ്ഥരായി. അമ്മ എല്ലാവരോടുമായി ചോദിച്ചു. ”മക്കൾ ഭക്ഷണം കഴിച്ചുവോ?”

ഒരു ഭക്ത: എല്ലാവരും കഴിച്ചമ്മേ. അമ്മ: വീട്ടിൽ നല്ല സ്വാദുള്ള കൂട്ടാനൊക്കെയുണ്ടാകും. ഇവിടെ അതൊന്നുമില്ലാത്തതിനാൽ മക്കളു വയറുനിറച്ചു കഴിച്ചു കാണില്ല. ഒരു ഭക്തൻ: അല്ലമ്മേ, വയറു നിറച്ചു കഴിച്ചു. വീട്ടിൽ എത്ര കറിയും കൂട്ടാനും ഉണ്ടായാലും ഇവിടുന്നു കിട്ടുന്നത്രയും രുചി തോന്നാറില്ല. അമ്മ: (ചിരിച്ചുകൊണ്ടു്) അതു് അമ്മയോടുള്ള സ്നേഹംകൊണ്ടു മക്കൾ പറയുകയാണ്. (എല്ലാവരും ചിരിക്കുന്നു.)

ഒരു ഭക്തൻ: അമ്മേ ഒരു സംശയം! കഴിഞ്ഞ ദിവസം അമ്മ ഒരു ബ്രഹ്മചാരിയോടു പറയുന്നതു കേട്ടു. അഹിംസ ഒരു വ്രതമാക്കണം. ആരെയും ദ്വേഷിക്കാൻ പാടില്ല. ആരെങ്കിലും നമ്മളോടു ദ്വേഷിച്ചാൽത്തന്നെ അവരിലും ഈശ്വരനെക്കണ്ടു സ്നേഹത്തോടുകൂടി അങ്ങോട്ടു പെരുമാറാൻ ശ്രമിക്കണം എന്നും മറ്റും. ഇതു പാലിക്കാൻ പ്രയാസമല്ലേ?’

അമ്മ: മോനേ, നാം നൂറുശതമാനം വിജയം വരിച്ചോ എന്നതല്ല കാര്യം. ആത്മാർത്ഥമായ പരിശ്രമം നടത്തിയോ എന്നതാണ്. ആത്മീയതയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ചവർ കുറെയൊക്കെ ത്യാഗം സഹിക്കാൻ തയ്യാറാകണം. അവർ തങ്ങളുടെ ജീവിതം മുഴുവൻ ഈ മാർഗ്ഗത്തിനുവേണ്ടി ഉഴിഞ്ഞുവച്ചുകഴിഞ്ഞു. ആരെങ്കിലും ദ്വേഷിച്ചാൽ അതു് അവരുടെ അഹങ്കാരത്തെ കളയുവാൻവേണ്ടി ഈശ്വരൻ സൃഷ്ടിച്ച ഒരു സന്ദർഭമാണെന്നു കാണണം. ദ്വേഷിച്ച ആൾ ഈശ്വരരൂപം എന്നറിയണം. മറിച്ചു്, അഹത്തിനടിമയായി അവരോടു ദ്വേഷിക്കാൻ പാടില്ല. സർവ്വതിനെയും ഈശ്വരനായിക്കണ്ടു് ഉള്ളിൽ സ്നേഹിച്ചാൽ മാത്രമേ സാധകർക്കു വളരുവാൻ കഴിയൂ.’