അമ്മ കളരിമണ്ഡപത്തിലെത്തി. മൂന്നുനാലു ബ്രഹ്മചാരികളും, ആദ്യമായി ആശ്രമത്തിലെത്തിയ ചില ഗൃഹസ്ഥഭക്തരും കൂടെയുണ്ട്. അമ്മ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഈശ്വരനോടു നിർമ്മലമായ ഭക്തി ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെപ്പറ്റിയാണു സംഭാഷണം.
അമ്മ പറഞ്ഞു: ‘എനിക്കു് എൻ്റെ അമ്മയെ സ്നേഹിക്കുവാനുള്ള ഹൃദയം മാത്രം മതി, ദേവീ, നീ എനിക്കു ദർശനം തന്നില്ലെങ്കിലും വേണ്ട, എല്ലാവരെയും സ്നേഹിക്കുന്ന നിൻ്റെ ഹൃദയം എനിക്കു താ. നീ എന്നെ സ്നേഹിച്ചില്ലെങ്കിലും വേണ്ട. നിന്നോടെനിക്കു സ്നേഹമുണ്ടായിരിക്കണം.’ എന്നാണമ്മ പ്രാർത്ഥിച്ചിരുന്നത്.
ഈശ്വരനോടു് ഉൾപ്രേമം വന്നവൻ പനി വന്നവനെപ്പോലെയാണ്. അവനു് ഒന്നിലും രുചി തോന്നാറില്ല. ഉപ്പും പുളിയുമൊന്നും ഇഷ്ടമാകാറില്ല. മധുരംപോലും കയ്പ്പുള്ളതായിത്തോന്നും. ആഹാരകാര്യങ്ങളിലൊന്നും താത്പര്യമുണ്ടാകില്ല.
എന്നാൽ ഒരു സാധകനു തുടക്കത്തിൽ ഈ പ്രേമം കിട്ടാൻ പ്രയാസമാണ്. അതിനാൽ ആദ്യം ഓരോ കാര്യത്തിലും നിയന്ത്രണം വച്ചു ശ്രദ്ധയോടെ നീങ്ങണം. പ്രത്യേകിച്ച് ആഹാരകാര്യത്തിൽ. മനസ്സു്, ബാഹ്യവസ്തുക്കളിലേക്കു പോയാൽ അതിനെ വീണ്ടും വീണ്ടും ഈശ്വരസ്മരണയിൽത്തന്നെ കൊണ്ടു വരണം. ഒരു നിമിഷം പോലും വെറുതെ കളയാൻ പാടില്ല.
ഒരു ഭക്തൻ: അമ്മേ, ഞാൻ ഒരു സമയവും പാഴാക്കാറില്ല. ഒന്നുകിൽ അമ്മയുടെ അടുത്തുവരും. അല്ലെങ്കിൽ ഏതെങ്കിലും ക്ഷേത്രത്തിൽ പോകും. ഇതൊക്കെയല്ലേ എന്നെക്കൊണ്ടു ചെയ്യാനാവൂ?
അമ്മ: മോനേ, ഇവിടെ വരുന്നതും ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും എല്ലാം നല്ലതുതന്നെ. എന്നാൽ അതെല്ലാം നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാൻവേണ്ടിയായിരിക്കണം. മനഃശുദ്ധി നേടാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാം വ്യർത്ഥംതന്നെ. നമ്മുടെ ചിന്തകളും പ്രവൃത്തികളും ശുദ്ധമാകാതെ സമാധാനം കിട്ടുമെന്നു വിചാരിക്കേണ്ട.
മഹാത്മാക്കളുടെ സന്നിധിയിലും തീർത്ഥസ്ഥാനങ്ങളിലും പോകുമ്പോൾ നമ്മൾ ആ സ്മരണയോടെ, ആ സമർപ്പണത്തോടെ പോകണം. എന്നാൽ ഇന്നു മിക്കവരും യാത്ര പുറപ്പെടുന്നതിനു മുമ്പുതന്നെ ലോഡ്ജിൽ മുറി ബുക്കു ചെയ്യും. വീട്ടിൽനിന്നു തിരിക്കുമ്പോഴേ വീട്ടുകാര്യവും നാട്ടുകാര്യവും പറയാൻ തുടങ്ങും. തിരിച്ചെത്തിയാലും അതിന് അനന്തമില്ല. ഇതിനിടയിൽ ഈശ്വരനെപ്പറ്റി ചിന്തിക്കുന്ന കാര്യം മാത്രം മറക്കും.
എത്ര മഹാത്മാക്കളെ ദർശിച്ചാലും ക്ഷേത്രത്തിൽപ്പോയാലും എത്ര വഴിപാടു നടത്തിയാലും എത്ര കാണിക്കയിട്ടാലും സ്വയം സാധന ചെയ്താലേ ഫലമുള്ളൂ. ഹൃദയം ഈശ്വരൻ്റെ ലോകത്തിലേക്കു ട്യൂൺ ചെയ്യണം. തിരുപ്പതിയിലോ കാശിയിലോ പോയതുകൊണ്ടു മാത്രം മുക്തി കിട്ടില്ല. അവിടെച്ചെന്നു കുളിച്ചു, ക്ഷേത്രത്തിൽ വലത്തിട്ടു എന്നതുകൊണ്ടു മാത്രം ആദ്ധ്യാത്മികവും ഭൗതികവുമായ നേട്ടമുണ്ടാകണമെന്നില്ല. തിരുപ്പതിയിൽ ചെന്നതുകൊണ്ടു മുക്തി കിട്ടുമായിരുന്നുവെങ്കിൽ അവിടെ ബിസിനസ്സു് ചെയ്യുന്നവർക്ക് ഒക്കെ മുക്തി കിട്ടണ്ടേ?
1992 മുതല്‍ അമ്മയും ആശ്രമവുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ ഭാഗ്യംകിട്ടിയവരാണു ഞങ്ങളുടെ കുടുംബക്കാര്‍. ഭൗതികമായും ആത്മീയമായും അമ്മയില്‍നിന്നും കിട്ടിയിട്ടുള്ള അനുഗ്രഹങ്ങള്‍ അനവധിയാണു്. ഓരോ അനുഭവവും അമ്മയോടു്, ഈശ്വരനോടു കൂടുതല്‍ അടുക്കാന്‍ ഞങ്ങളെ സഹായിച്ചു.
ഇതില്‍ ഏകദേശം പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഒരു സംഭവം എനിക്കൊരിക്കലും മറക്കാനാവാത്തതാണു്. അന്നെനിക്കു് ഇരുപത്തിനാലു വയസ്സുണ്ടു്. ഞാന്‍ ഭര്‍ത്താവിൻ്റെ വീട്ടില്‍ താമസിക്കുന്ന സമയം. അവിടെ എല്ലാവര്‍ക്കും കണ്ണിനസുഖം വന്നു, ചെങ്കണ്ണു്. പെട്ടെന്നു പകരുന്ന അസുഖമാണല്ലോ അതു്. സ്വാഭാവികമായും എൻ്റെ എട്ടുമാസം പ്രായമായ മകനെയും പിന്നീടു് എന്നെയും അതു ബാധിച്ചു. കുറച്ചു ദിവസത്തേക്കു് ഒരു ശല്യം എന്നല്ലാതെ ആ അസുഖം ജീവിതത്തില്‍ ഇത്ര വലിയ പ്രശ്നമാകുമെന്നോ, അമ്മയുടെ അനുഗ്രഹം പ്രത്യക്ഷത്തില്‍ അനുഭവിക്കാന്‍ പിന്നീടതു വഴിയൊരുക്കുമെന്നോ അന്നു ഞാനോര്‍ത്തതേയില്ല.
കണ്ണിനസുഖം വന്നപ്പോള്‍ സാധാരണ എല്ലാവരും ചെയ്യുന്നതു പോലെ ഞാനും തൊട്ടടുത്തുള്ള ഡോക്ടറുടെ ഉപദേശം തേടി. അദ്ദേഹത്തിൻ്റെ നിര്‍ദ്ദേശമനുസരിച്ചു മരുന്നൊഴിച്ചു. എങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും എൻ്റെ അസുഖം ഭേദമാകുന്നുണ്ടായിരുന്നില്ല. വീട്ടില്‍ മറ്റുള്ളവരുടെയെല്ലാം അസുഖം മാറി. എനിക്കു മാത്രം ഒരു കുറവുമില്ലെന്നു മാത്രമല്ല, കണ്ണിൻ്റെ ചുമപ്പും വേദനയും ദിനംപ്രതി വര്‍ദ്ധിച്ചും വന്നു. ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ കഴിഞ്ഞു. നാട്ടില്‍ വിദഗ്ദ്ധരായ പല ഡോക്ടര്‍മാരെയും മാറി മാറി കണ്ടു. ഒരു ഫലവുമുണ്ടായില്ല.
തുടര്‍ന്നു ഞങ്ങള്‍ കോയമ്പത്തൂരിലെ അരവിന്ദു് ആശുപത്രിയില്‍ ചികിത്സതേടി. ആ ചികിത്സ മൂന്നുമാസം തുടര്‍ന്നു. ഒരു ഫലവുമുണ്ടായില്ല. പോരാത്തതിനു കണ്ണിൻ്റെ കാഴ്ചയും കുറഞ്ഞുവരാന്‍ തുടങ്ങി. വേദന കൂടുതല്‍ ശക്തമായി. കൂടെ നീറ്റലും. ശാരീരികവും മാനസികവും സാമ്പത്തികവുമായി ഞങ്ങള്‍ തകര്‍ന്ന സമയമായിരുന്നു അതു്. അമ്മയോടുള്ള ഭക്തിയും വിശ്വാസവും മാത്രമായിരുന്നു അന്നു ഞങ്ങളുടെ ആത്മബലം.
ഒരു ദിവസം പതിവു ചികിത്സയ്ക്കായി എത്തിയ ഞങ്ങളോടു് അരവിന്ദു് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു, ”കണ്ണിൻ്റെ കൃഷ്ണമണിയില്‍ ഒരു വൈറസ് ബാധിച്ചിട്ടുണ്ടു്. ഇതിനുള്ള ചികിത്സ അലോപ്പതിയിലില്ല.” കാഴ്ചതന്നെ നഷ്ടപ്പെട്ടുതുടങ്ങിയ എനിക്കു് ഇതിലും വലിയ ഒരു ആഘാതം ഉണ്ടാകാനില്ലല്ലോ.അലോപ്പതിയില്‍ ചികിത്സയില്ലെന്നറിഞ്ഞതോടെ ഞങ്ങള്‍ ആയുര്‍വ്വേദത്തിലേക്കു തിരിഞ്ഞു. തുടര്‍ന്നു് എട്ടുമാസത്തോളം ആയുര്‍വ്വേദ ചികിത്സയിലായിരുന്നു ഞാന്‍.
ചികിത്സതുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അമ്മയുടെ ദര്‍ശനത്തിനായി വള്ളിക്കാവില്‍ പോയി. അപ്പോഴും എൻ്റെ അസുഖത്തെക്കുറിച്ചു ഭര്‍ത്താവു് അമ്മയോടു സംസാരിച്ചില്ല. ഭൗതികമായ ഒരു കാര്യവും അമ്മയോടു ചോദിക്കുകയില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അമ്മയുടെ ആദ്യകാലഭക്തനായ അദ്ദേഹം. അതുകൊണ്ടു ഞാന്‍തന്നെ അസുഖത്തിൻ്റെ വിവരങ്ങള്‍ അമ്മയോടു പറഞ്ഞു. എല്ലാം കേട്ടപ്പോള്‍ അമ്മ പറഞ്ഞു, ”മോളേ, മോളു മധുരയില്‍ പോയി ചികിത്സിക്കു്.” എൻ്റെ കഷ്ടകാലം കൊണ്ടും അറിവില്ലായ്മകൊണ്ടും അമ്മയുടെ വാക്കുകള്‍ ഉടന്‍ അനുസരിക്കാന്‍ ഞങ്ങള്‍ക്കു തോന്നി യില്ല.
ഏതായാലും ആയുര്‍വ്വേദ ചികിത്സ തുടങ്ങി. അതിൻ്റെ ഫലം എന്താണെന്നു നോക്കാമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. പോരാത്തതിനു് അലോപ്പതിയില്‍ ചികിത്സയൊന്നുമില്ലെന്നു ഡോക്ടര്‍ പറഞ്ഞിട്ടുമുണ്ടല്ലോ. ത്രികാലജ്ഞാനിയായ അമ്മയ്ക്കു ഡോക്ടര്‍മാര്‍ പറയുന്നതിനുമപ്പുറം കാണാന്‍ കഴിയുമെന്നും, അമ്മയോടു നിര്‍ദ്ദേശം ചോദിച്ചാല്‍ പിന്നെ അമ്മ പറയുന്നതു് അനുസരിക്കുകയാണു വേണ്ടതെന്നും അപ്പോള്‍ ചിന്തിച്ചില്ല.
ആയുര്‍വ്വേദചികിത്സയുടെ തുടക്കത്തില്‍ രോഗം ഭേദമാകുന്നതായാണു അനുഭവപ്പെട്ടതു്. എന്നാല്‍ കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ രോഗം തിരിച്ചുവന്നു. അപ്പോള്‍ ആയുര്‍വ്വേദമുപേക്ഷിച്ചു വീണ്ടും അലോപ്പതി ചികിത്സ തുടങ്ങി. കുറെനാള്‍ കഴിഞ്ഞു് ഒരു പ്രയോജനവുമില്ലെന്നു കണ്ടപ്പോള്‍ ഹോമിയോ ചികിത്സയും ചെയ്തുനോക്കി. രക്ഷതേടി പ്രഗല്ഭര്‍ എന്നു പേരുകേട്ട പല ഡോക്ടര്‍മാരെയും ഞങ്ങള്‍ കണ്ടു. എല്ലാവര്‍ക്കും ഒരേ അഭി പ്രായമായിരുന്നു, കണ്ണിൻ്റെ കാഴ്ചശക്തി പൂര്‍ണ്ണമായി തിരിച്ചു കിട്ടില്ല.
വൈദ്യശാസ്ത്രവും ഡോക്ടര്‍മാരും കൈയൊഴിഞ്ഞപ്പോള്‍ അമ്മയ്ക്കു മാത്രമേ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നു ഞങ്ങള്‍ക്കുറപ്പായി. അമ്മയുടെ ദക്ഷിണഭാരതപര്യടനം നടക്കുന്ന സമയമായിരുന്നു അതു്. സ്വാമി അമൃതകൃപാനന്ദപുരിയുടെ നിര്‍ദ്ദേശപ്രകാരം അമ്മ വള്ളിക്കാവില്‍ തിരിച്ചെത്താന്‍ കാത്തുനില്ക്കാതെ ഞങ്ങള്‍ മൈസൂര്‍ ബ്രഹ്മസ്ഥാന ക്ഷേത്രത്തിലേക്കു പോയി. ദര്‍ശനവേളയില്‍ സ്വാമിതന്നെ എൻ്റെ കാഴ്ച നഷ്ടപ്പെടുന്നതിനെക്കുറിച്ചു് അമ്മയോടു പറഞ്ഞു.
അമ്മ ഉത്കണ്ഠയോടെ എൻ്റെ മുഖത്തേക്കു നോക്കി. ”അമ്മയ്ക്കറിയാമല്ലോ മോനേ. മോളോടു മധുരയില്‍ പോയി ചികിത്സിക്കാന്‍ അമ്മ പറഞ്ഞതാണല്ലോ. മോളു പോയില്ലേ?” എട്ടുമാസങ്ങള്‍ക്കു മുന്‍പാണു് അമ്മയോടു ഞാന്‍ രോഗവിവരം പറഞ്ഞതും ചികിത്സയ്ക്കായി അമ്മയെനിക്കു വ്യക്തമായ നിര്‍ദ്ദേശം നല്കിയതും. അതുകഴിഞ്ഞു് എത്രയോ ലക്ഷംപേരെ അമ്മ കണ്ടുകഴിഞ്ഞു. എത്രയോപേരുടെ പ്രശ്‌നങ്ങള്‍ തീര്‍ത്തുകൊടുത്തു.
അന്നു്, ബ്രഹ്മസ്ഥാന ഉത്സവസമയത്തു പതിനായിരക്കണക്കിനു ജനങ്ങള്‍ക്കു ദര്‍ശനം കൊടുക്കുന്നതിനിടയിലാണു ഞാന്‍ അമ്മയുടെ മുന്നിലെത്തിയതു്. അപ്പോഴും അമ്മ എൻ്റെ രോഗ വിവരം ഓര്‍ക്കുന്നു. ‘മോളു് അമ്മ പറഞ്ഞതനുസരിച്ചില്ലേ’ എന്നു് ആകാംക്ഷയോടെ തിരക്കുന്നു. എനിക്കു് ഉത്തരമൊന്നും പറയാന്‍ കഴിഞ്ഞില്ല. കുറ്റബോധവും ദുഃഖവും കൊണ്ടു കരച്ചിലടക്കാന്‍ കഴിയാതെ ഞാനമ്മയുടെ മടിയിലേക്കു വീണു. അമ്മ പറഞ്ഞതനുസരിച്ചില്ലെന്ന വിഷമത്തോടെ എൻ്റെ ഭര്‍ത്താവും അടുത്തുനിന്നിരുന്നു. ”മക്കളേ, വിഷമിക്കല്ലേ,” അമ്മ ആശ്വസിപ്പിച്ചു. ”മധുരയില്‍പോയിത്തന്നെ ചികിത്സിക്കു്” ഇതും പറഞ്ഞു് അമ്മയെൻ്റെ തോളില്‍ പിടിച്ചുയര്‍ത്തി.
വാക്കുകള്‍കൊണ്ടു വിവരിക്കാനാവാത്ത അനുഭവമാണു പിന്നീടുണ്ടായതു്. അമ്മ എൻ്റെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി. പുഞ്ചിരിയോടെ, കണ്ണുകളെടുക്കാതെ അല്പസമയം അമ്മയങ്ങനെ നോക്കിക്കൊണ്ടിരുന്നു. കണ്ണില്‍ നിന്നു് എന്തോ അടര്‍ന്നു പോകുന്നതുപോലെ എനിക്കുതോന്നി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായില്ല. ”മോളു വിഷമിക്കല്ലേ” എന്നമ്മ പറഞ്ഞതു സ്വപ്നത്തിലെന്നപോലെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. എനിക്കു് ഒന്നും തിരിച്ചുപറയാന്‍ കഴിഞ്ഞില്ല. ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ തിരക്കില്‍നിന്നിറങ്ങി. അപ്പോഴും മിണ്ടാനാകാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അമ്മയെന്താണു പറഞ്ഞിരുന്നതെന്നു ചുറ്റുമുള്ളവര്‍ ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ എനിക്കു ശക്തിയുണ്ടായിരുന്നില്ല.
എന്താണു സംഭവിച്ചതെന്നു പോലും മനസ്സിലാക്കാന്‍ എനിക്കു പെട്ടെന്നു കഴിഞ്ഞില്ല. ”എന്താണിങ്ങനെ നോക്കുന്നതു്?” എന്ന ചോദ്യം കേട്ടപ്പോഴാണു ഞാനതറിഞ്ഞതു്. എൻ്റെ കാഴ്ചശക്തി തിരിച്ചുകിട്ടിയിരിക്കുന്നു! എൻ്റെ കണ്ണിനിപ്പോള്‍ ഒരസുഖവുമില്ല! മാസങ്ങളായി ഞാനനുഭവിച്ചിരുന്ന വേദന, നീറ്റല്‍, കാഴ്ചക്കുറവു് എല്ലാം ഒരു നോട്ടംകൊണ്ടു് അമ്മ മാറ്റിയിരിക്കുന്നു! അനുഭവിക്കുന്ന എനിക്കുപോലും അതു് അവിശ്വസനീയമായി തോന്നി. വളരെ സമയം കഴിഞ്ഞാണു് എനിക്കിതിനെക്കുറിച്ചു മറ്റുള്ളവരോടു പറയാന്‍ കഴിഞ്ഞതു്.
അസുഖം അമ്മ പൂര്‍ണ്ണമായി മാറ്റിത്തന്നുവെങ്കിലും മധുരയ്ക്കു പോകണമെന്ന അമ്മയുടെ വാക്കുകള്‍ ഇനിയും അനുസരിക്കാതിരിക്കരുതെന്നു കരുതി ഞങ്ങള്‍ അവിടെപ്പോയി ഒരു നേത്രരോഗവിദഗ്ദ്ധനെ കണ്ടു. വിശദമായ പരിശോധനകള്‍ നടത്തി. എൻ്റെ കണ്ണിനു് ഒരസുഖവുമില്ലെന്നു ഡോക്ടര്‍ പറഞ്ഞു. മാത്രമല്ല, ഇത്രയും ആരോഗ്യമുള്ള കൃഷ്ണമണി അവര്‍ കണ്ടിട്ടില്ലപോലും.
ജീവിതത്തില്‍ ഭൗതികമായതിനുവേണ്ടി ഒന്നും ആഗ്രഹിക്കാതെ ആത്മീയകാര്യങ്ങള്‍ക്കു മാത്രമെ അമ്മയെ ആശ്രയിക്കുകയുള്ളൂവെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നിട്ടോ, അമ്മയുടെ ഒരു ചെറിയ നിര്‍ദ്ദേശം പോലും കേട്ടമാത്രയില്‍ അനുസരിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. അതു് ആത്മപരിശോധനയ്ക്കുള്ള ഒരവസരമായി. ജാഗ്രതയോടെ ഇരിക്കണമെന്നു് അമ്മ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ടു്. എങ്കിലും അമ്മയ്ക്കറിയാം അമ്മയുടെ മക്കള്‍ പിച്ചവയ്ക്കുന്ന കുഞ്ഞുങ്ങളാണെന്നു്. ഞങ്ങളും ആശ്വസിക്കുകയാണു്, വഴിയില്‍ വീണുപോകാതെ കൈപിടിച്ചു നയിക്കാന്‍ അമ്മയുണ്ടല്ലോ കൂടെ.
അമ്മയുടെ നാല്പതാംതിരുനാള്‍ ആഘോഷിക്കാന്‍ കന്നി മാസത്തിലെ കാര്‍ത്തികനാളില്‍ (1993 ഒക്ടോബര്‍ 5 ചൊവ്വ) ലോകത്തിൻ്റെ നാനാഭാഗത്തുനിന്നും അമൃതപുരിയിലെത്തിയ ഭക്തജനങ്ങള്‍ ആ പുണ്യദിനത്തില്‍ അമ്മയുടെ പാദപൂജ ചെയ്തു ധന്യരാകാന്‍ അഭിലഷിച്ചു.
പശ്ചിമമദ്ധ്യഭാരതത്തില്‍ കരാളനൃത്തമാടിയ ഭൂമികുലുക്കം സൃഷ്ടിച്ച ശോകാന്തരീക്ഷത്തിൻ്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നതിലും പാദപൂജയ്ക്കും അമ്മ അത്യധികം വിമുഖയായിരുന്നു. എങ്കിലും മക്കളുടെ ഹൃദയപൂര്‍ണ്ണമായ പ്രാര്‍ത്ഥനകള്‍ക്കു മുന്‍പില്‍ ഒടുവില്‍ അമ്മ വഴങ്ങി.
പ്രഭാതത്തില്‍ 8 മണിയോടെ അമ്മ, ആശ്രമത്തില്‍ പുതുതായി പണിത വിശാലമായ പന്തലിൻ്റെ തെക്കേ അറ്റത്തുള്ള വേദിയിലെത്തി. ഭക്തിനിര്‍ഭരമായ പാദപൂജാകര്‍മ്മത്തിനുശേഷം പന്തലില്‍ സ്ഥല സൗകര്യം മതിയാകാതെ വിഷമിച്ചു നില്ക്കുന്ന ഭക്തജനങ്ങളെ സാന്ത്വനിപ്പിച്ചുകൊണ്ടു് അമ്മ പറഞ്ഞു,
”മക്കള്‍ ഉള്ള സ്ഥലത്തൊക്കെ ഇരിക്കാന്‍ ശ്രമിക്കുക. എല്ലാവര്‍ക്കും സൗകര്യമായ സ്ഥലമില്ലെന്നു് അമ്മയ്ക്കറിയാം. മക്കള്‍ അതോര്‍ത്തു വിഷമിക്കല്ലേ. ദൂരെനില്ക്കുന്ന മക്കളുടെ അടുത്തും അമ്മയുടെ മനസ്സുണ്ടു്. ചെറിയ തോതില്‍ മഴയുണ്ടു്. കുറച്ചുസമയം കഴിഞ്ഞു നമുക്കു ഹാളിലേക്കു പോകാം.” തുടര്‍ന്നു തൻ്റെ അമൃതവാണിയിലൂടെ അമ്മ മക്കളെ അനുഗ്രഹിച്ചു.
”മക്കളേ, അമ്മ ഇന്നീ പൂജ സ്വീകരിക്കുന്നതു് അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണു്. ഈ പൂജയുടെ ആവശ്യമില്ലെന്നു് അമ്മ നൂറു തവണ പറഞ്ഞിരുന്നു. അമ്മ നിങ്ങളെ സേവിക്കേണ്ടവളാണു്. അതിലാണു് അമ്മയ്ക്കു സന്തോഷം. പക്ഷേ, മക്കളുടെ സന്തോഷത്തിനുവേണ്ടി മാത്രം അമ്മ ഇവിടെ ഇരിക്കുന്നു.
ഇപ്രാവശ്യം ജന്മദിനാഘോഷമൊന്നും വേണ്ടതില്ലെന്നു് അമ്മ അമേരിക്കയില്‍വച്ചുതന്നെ മക്കളോടു പറഞ്ഞിരുന്നു. എന്തോ ശോകം പോലെ അമ്മയുടെ മനസ്സില്‍ തോന്നി. ഇന്നത്തെ അവസ്ഥ മക്കള്‍ ഒന്നു് ഓര്‍ത്തുനോക്കൂ. ഒരു വശത്തു ചീഞ്ഞളിഞ്ഞ ശവങ്ങള്‍, ദുഃഖിക്കുന്ന ആയിരക്കണക്കിനു ജനങ്ങള്‍. ജീവനോടെ ശേഷിച്ചവര്‍ക്കു വേണ്ട സുരക്ഷിതത്വം നല്കുവാനോ മരിച്ചവരെ ദഹിപ്പിക്കാനോ വേണ്ട സൗകര്യമില്ല. ആവശ്യത്തിന് ആളുകളില്ല.
ലാത്തൂർ (മഹാരാഷ്ട്ര) ഭൂകമ്പം സെപ്റ്റംബർ 30 -1993
അമ്മയ്ക്കു് അവിടേക്കു് ഓടിപ്പോകണമെന്നു് ആഗ്രഹമുണ്ടു്. കുറച്ചു കുഞ്ഞുങ്ങളോടു് അങ്ങോട്ടു പോകുവാനായി അമ്മ പറഞ്ഞു കഴിഞ്ഞു. അവിടെ ബന്ധുക്കളും സ്വത്തുക്കളും നഷ്ടമായി കഷ്ടപ്പെടുന്ന ആ മക്കളെക്കുറിച്ചൊന്നോര്‍ത്തു നോക്കൂ. ഇതു് അവിടുത്തെ മാത്രം സ്ഥിതിയല്ല. ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇതു് എല്ലാ രാജ്യത്തും നടക്കുന്നുണ്ടു്.
മരിച്ചവരെക്കുറിച്ചു് അമ്മ ചിന്തിക്കുന്നില്ല. അവര്‍ മരിച്ചുകഴിഞ്ഞു. എന്നാല്‍, വേദന തിന്നു ജീവിച്ചിരിക്കുന്ന ആയിരങ്ങളുണ്ടു്. അവരെക്കുറിച്ചാണു് അമ്മയ്ക്കു വിഷമം. അവരെയാണു നാം രക്ഷിക്കേണ്ടതു്. അവര്‍ക്കാണു നാം സുരക്ഷിതത്വം നല്‌കേണ്ടതു്. മക്കളുടെ ശ്രമം അതിനു വേണ്ടിയായിരിക്കണം.
(സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്ന ഭവനരഹിതര്‍ക്ക് മഠം ഏര്‍പ്പെടുത്തിയിട്ടുള്ള ഭവനദാന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൻ്റെയും അമൃതാ ചാരിറ്റബിള്‍ ഹോസ്പ്പിറ്റലിൻ്റെയും ഉത്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അമ്മയുടെ തിരു അവതാരദിനത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ശ്രീ ടി.എന്‍.ശേഷന്‍ നടത്തിയ പ്രഭാഷണത്തിൻ്റെ ……………… തുടർച്ച.)
ഇന്നു രാവിലെ കൊച്ചിയില്‍ വെച്ച് പത്രക്കാര്‍ എന്നോടു ചോദിച്ചു, “സാറെന്തിനാണ് വള്ളിക്കാവില്‍ പോകുന്നത്?” എന്ന്. എന്തേ എനിക്കു പോയിക്കൂടേ, എന്തേ എൻ്റെ മനസ്സില്‍ സങ്കടമില്ലേ? നിങ്ങള്‍ക്കു മാത്രമേ ദുഃഖമുള്ളോ? ഞാന്‍ പോകുന്നത് എന്തിനെന്നു വെച്ചാല്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഇരിക്കുന്ന സങ്കടത്തിൻ്റെ നിവൃത്തിക്കു വേണ്ടിയാണ്. എല്ലാവരും ഇവിടെ വാത്സല്ല്യം നുകരാനായി വരുമ്പോള്‍ ഞാനും വരുന്നു. പല കൊല്ലങ്ങളായി എന്നെ ആര്‍ക്കും അറിയില്ലായിരുന്നു. അതു തന്നെയായിരുന്നു നല്ലത്. എന്നാല്‍ കുറച്ചു കാലമായി ഇലക്ഷന്‍ നടത്തിയതോടെ സ്ഥിതി അതല്ല. രാഷ്ട്രീയക്കാരോട് യുദ്ധം ചെയുന്നു. രാഷ്ട്രീയക്കാരോട് യുദ്ധം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലേ എന്ന് നിങ്ങള്‍ ആലോചിച്ച സമയത്ത്, രാഷ്ട്രീയക്കാരോട് യുദ്ധം ചെയ്യുവാന്‍ എനിക്കു സാധിച്ചു. അമ്മയുടെ ശക്തികൊണ്ട് സാധിച്ചു.
ഇതു പറയുമ്പോള്‍, ഭഗവദ്ഗീത പഠിച്ചിട്ടുള്ളവര്‍ ചിന്തിക്കാം, ”അഹങ്കാര വിമൂഢാത്മാ“ അഹങ്കാരം കൊണ്ട് വിമൂഢനായ മനുഷ്യന്‍ ഞാന്‍ ചെയ്തു- ഇലക്ഷന്‍ കമ്മീഷണറായ ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് വിഡ്ഢിത്തമല്ലെ എന്ന്. എന്നാല്‍ സത്യമതല്ല. സത്യം- അമൃതപുരിയില്‍ നിന്നും ഉത്ഭവിച്ച വാത്സല്യത്തിൻ്റെ ഗുണങ്ങള്‍കൊണ്ട് തെറ്റ് തെറ്റെന്നു പറയാനും ശരി, ശരിയെന്നു പറയാനുമുള്ള ശക്തി എനിക്കു ലഭിച്ചു എന്നതാണ്. ഇതു പറയുവാന്‍ ശക്തി മനുഷ്യനു വേണം. ഈ ശക്തി ഉത്ഭവിക്കുന്നതാകട്ടെ, ഈ മാതിരി വാത്സല്യപ്രവാഹത്തില്‍ നിന്നുമാണ്. അതുകൊണ്ടാണ് ആയിരക്കണക്കിനു ജനങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത് – അമ്മയുടെ പിറന്നാളിന്.
ഒരു കാര്യം, അമ്മയുടെ ജന്മനാളു കണക്കാക്കാനേ പാടില്ല – ഒന്നേ ചെയ്യുവാന്‍ പാടുള്ളു. ഭഗവാനേ, അമ്മയ്ക്ക് അമ്പത്, അറുപത്, എഴുപത്, എണ്‍പത്, നൂറ് എന്നിങ്ങനെ ആയിരക്കണക്കിന് പിറന്നാളുകള്‍ വേണം. എണ്ണുവാന്‍ അവിടുത്തേയ്ക്ക് ബുദ്ധിമുട്ടാണെങ്കില്‍, ഞങ്ങള്‍ എണ്ണിത്തരാം. പക്ഷെ ഈ വാത്സല്യത്തിൻ്റെ പ്രവാഹം, നിന്നു പോകരുതേ, ഇതായിരിക്കണം പ്രാര്‍ത്ഥന. കാരണം ഈ ദേശത്തില്‍ ധര്‍മ്മത്തിൻ്റെ സാമ്രാജ്യം തിരിച്ചു വരണം. ശരി, ശരിയെന്നും, തെറ്റു തെറ്റെന്നും പറയുവാനുള്ള ധൈര്യം, ഉന്നതന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള സര്‍വ്വരിലും വന്നു ചേരണം. അമ്മ നമ്മില്‍ നിന്നും മറ്റൊന്നും ആഗ്രഹിക്കുന്നില്ല.
നമുക്ക് എല്ലാവര്‍ക്കും ഒത്തു ചേര്‍ന്ന് അമ്മയോടു പ്രാര്‍ത്ഥിക്കാം. തെറ്റു തെറ്റെന്നും, ശരി, ശരിയെന്നും എടുത്തു പറഞ്ഞ്, ധര്‍മ്മത്തിനു വേണ്ടി സമരം ചെയ്യുവാനുള്ള ധൈര്യം, അമ്മേ, ഞങ്ങള്‍ക്കു തരേണമേ. നിങ്ങള്‍ക്ക് ഇതിനുള്ള ധൈര്യമുണ്ടോ, ഇതിനുള്ള നട്ടെല്ലൊണ്ടോ? എങ്കില്‍ മുമ്പോട്ടേയ്ക്കു പോകുക. ഭാരതം മറുപടി പറയും, കാരണം, ലോകത്തിന് ആകെപ്പാടെയുള്ള ഒരേയൊരു വിളക്കുമരമാണ് ഭാരതം. ലോകത്തിന്റെ പ്രകാശ ഗോപുരമാണ് ഭാരതം.
അല്‍പ്പ ദിവസം കഴിഞ്ഞാല്‍ ഞാനും നിങ്ങളില്‍ പലരേയും പോലെ പ്രവൃത്തിയില്ലാത്തവനാകും. ജോലിയില്‍ നിന്നും വിരമിക്കും. പിന്നെ എവിടെയെങ്കിലും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചില്‍ പോയി പേരു പതിപ്പിക്കേണ്ടി വരും. ആ സമയത്ത് ഒരു പ്രാര്‍ത്ഥനയാണ് ഉളളത്. അമ്മേ, എനിയ്ക്കൊരു വഴി കാണിച്ചു തരണേ… ഗുരുവായുരപ്പനെപ്പറ്റി യേശുദാസ് പാടിയ ഒരു പാട്ട് ഓര്‍മ്മ വരുന്നു. പാലഭിഷേകങ്ങള്‍ ഒക്കെ കഴിഞ്ഞാല്‍ സുവര്‍ണ്ണ പുഷ്പവും, കളഭ ചാര്‍ത്തും, മലര്‍ നിവേദൃവും ഒക്കെ കഴിഞ്ഞാല്‍, അടിയൻ്റെ വിശപ്പിനൊരരിമണി തരണേ ഗുരുവായൂര്‍ പരം പൊരുളേ……… ഇവിടെ അമൃതപുരിയില്‍ വന്നിട്ട് ഗുരുവായൂരപ്പന്‍ എന്നസ്ഥാനത്ത് അമ്മയുടെ പേരു വെച്ചിട്ട് ഞാന്‍ പഠയുകയാണ്, അടിയൻ്റെ വിശപ്പിന് ഒരരിമണി നല്‍കണേ… പരമവാത്സല്യ നിധിയായ അമ്മേ………
ഇതിലധികമായി ഒന്നും പറയുവാന്‍ എനിക്കില്ല. ഈ നേരത്ത് നിങ്ങളെ എല്ലാവരേയും കാണുവാനും, ഈ ശക്തിയില്‍ ഒരു ഭാഗം ഉള്‍കൊള്ളുവാനും നിങ്ങളോടു സംസാരിക്കുവാനും, പാവനമായ ഈ കര്‍മ്മങ്ങള്‍ ചെയ്യുവാനുമുള്ള അര്‍ഹത എനിക്കു തന്ന അമ്മയുടെ വാത്സല്ല്യത്തിനും, ഇവിടെയുള്ള എല്ലാവര്‍ക്കും എൻ്റെ കൃതാര്‍ത്ഥത അറിയിച്ചു കൊള്ളുന്നു. ഇവിടെ നിന്നും തിരിച്ചു പോകുമ്പോള്‍, നിങ്ങള്‍ മനസ്സില്‍ ഇങ്ങനെ വിചാരിക്കണം എന്നൊരു പ്രാര്‍ത്ഥനയുണ്ട്. ലോകത്ത് നൂറ്റമ്പത്, ഇരുനൂറ് ദേശങ്ങളാണുള്ളത്. അതില്‍ വെറും ഒരു ദേശമല്ല ഭാരതം. ലോകത്തിനാകപ്പാടെ വഴികാട്ടുവാനുള്ള ഒരേ ഒരു ദേശം ഭാരതമാണ്.
ഭാരതത്തിനു വഴി കാട്ടുവാനുള്ള ശക്തിയോ, വെള്ളവ്രസ്തം ധരിച്ച് രാവിലെ 8 മണി മുതല്‍ ഒരു ചാഞ്ചാട്ടവുമില്ലാതെ ഇവിടെ ഇരിക്കുന്ന ഈ ശക്തിയാണ്. ഇതിനെ പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞില്ല, എങ്കില്‍, നമ്മളെ പോലെ വിഡ്ഡികള്‍ ഉലകത്തില്‍ ആരുമില്ല എന്ന്, ചരിത്രം നമ്മളെ കുറിച്ച് മോശമായി വിധി എഴുതും. അതിന് ദയവു ചെയ്ത് വഴി കൊടുക്കരുത്. ധര്‍മ്മത്തിൻ്റെ പുനഃസ്ഥാപനത്തിനു വേണ്ടി നമ്മള്‍ എല്ലാവരും ഒത്തു ചേര്‍ന്ന് പണി ചെയ്‌താല്‍ അഞ്ച്, പത്ത്, പതിനഞ്ച് കൊല്ലത്തിനകത്ത് തീയ ശക്തികളെ ഒഴിവാക്കാനും നല്ല ശക്തികളെ മുന്‍പോട്ടു കൊണ്ടു വരുവാനും നമുക്കു കഴിയും. അതിനുള്ള എല്ലാ ശക്തിയും നമുക്കുണ്ട്. വഴി കാട്ടുവാന്‍, വാത്‌സല്ല്യത്തിൻ്റെ പാതയില്‍ വഴി കാട്ടുവാന്‍ അമ്മയുമുണ്ട്. പിന്നെ നാം എന്തിനു ഭയപ്പെടണം?
ഇത്രയും പറഞ്ഞു കൊണ്ട് നിങ്ങളെ എല്ലാവരെയും കാണുവാനും, ഈ ചടങ്ങില്‍ പങ്കു കൊള്ളുവാനും ഭാഗ്യം കിട്ടിയതില്‍ ആ പരംപൊരുളിനോട് പ്രാര്‍ത്ഥിച്ചുകൊണ്ട്, അമ്മയ്ക്കു പ്രണാമങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ഞാന്‍ വിരമിച്ചു കൊള്ളുന്നു. നമസ്ക്കാരം.