മക്കളേ, ഇന്നു നമ്മള്‍ അനേക കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു വിഷമിക്കുകയാണു്. കൈ മുറിഞ്ഞാല്‍ മുറിവു നോക്കിയിരുന്നു വിഷമിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ മുറിവുണങ്ങുകയില്ല. അതു സെപ്റ്റിക്കാകുകയേ ഉള്ളൂ. അതിനാല്‍ മുറിവു കഴുകി മരുന്നു വയ്ക്കുകയാണു വേണ്ടതു്. പല കാര്യങ്ങളെക്കുറിച്ചും ആവശ്യമില്ലാതെ ചിന്തിച്ചു മനസ്സിന്‍റെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക ഇന്നു നമ്മുടെ സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു. ടെന്‍ഷന്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും എത്രകണ്ടു് ഉലയ്ക്കുമെന്നു മക്കള്‍ മനസ്സിലാക്കണം. ടെന്‍ഷനാണു കൂടുതല്‍ രോഗങ്ങള്‍ക്കും കാരണമായിത്തീരുന്നതു്.

 

ഇതില്‍ നിന്നുമുള്ള മോചനം ശരണാഗതിയിലൂടെ മാത്രമേ സാദ്ധ്യമാകൂ. അവിടത്തോടുള്ള സമര്‍പ്പണം നമ്മുടെ എല്ലാ ഭാരങ്ങളും കുറച്ചുതരും. വാസ്തവത്തില്‍ കാര്യങ്ങള്‍ ഒന്നുംതന്നെയും നമ്മുടെ ഇച്ഛയ്ക്കനുസരിച്ചല്ല നടക്കുന്നതു്. അടുത്ത ശ്വാസംപോലും നമ്മോടൊപ്പം ഉണ്ടാകുമെന്നുള്ളതിന് യാതൊരു ഉറപ്പുമില്ല. അതിനാല്‍ എല്ലാം അവിടുത്തേക്കു സമര്‍പ്പിച്ചുകൊണ്ടു കര്‍മ്മം ചെയ്യുക എന്നതു മാത്രമാണു് നമുക്കു ചെയ്യുവാനുള്ളതു്. പക്ഷേ, ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഉണ്ടാകന്‍ പാടില്ല. അവിടുത്തെ ശക്തികൊണ്ടു കര്‍മ്മം ചെയ്യുന്നു എന്നുള്ള ഭാവമാണു വേണ്ടതു്. കര്‍മ്മം അവിടുത്തെ പൂജയായി കണ്ടു ചെയ്യണം. ഈ ഒരു സമര്‍പ്പണഭാവത്തെയാണു നമ്മള്‍ വളര്‍ത്തേണ്ടത്.
ഈശ്വരന്‍ സകലരുടെയും ഉള്ളല്‍ അന്തര്യാമിയായി വസിക്കുന്നുണ്ട്. അവിടുന്ന് ഓരോ നിമിഷവും നമ്മളോടു പ്രേമപുരസ്സരം മൃദുവായി സരളതയോടെ സംസാരിക്കുന്നുമുണ്ട്. പക്ഷേ, അതിനു ചെവി കൊടുക്കാനുള്ള ക്ഷമ നമുക്കില്ല. അതു കേള്‍ക്കാനുള്ള കാതും നമുക്കില്ല. അതിനാല്‍ വീണ്ടും വീണ്ടും നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നു. ദുഃഖം അനുഭവിക്കുന്നു. അവിടുത്തെ ആ വാക്കുകള്‍ കേള്‍ക്കുവാനും അനുസരിക്കുവാനുമുള്ള ശിഷ്യഭാവം നാം ഉണര്‍ത്തിയെടുക്കണം. എപ്പോള്‍ നമ്മളില്‍ ഈ ശിഷ്യഭാവം ഉണരുന്നുവോ, അവിടുത്തെ അനുസരിക്കാന്‍ തയ്യാറായി ശ്രദ്ധയോടും ഭക്തിയോടും പ്രേമത്തോടും വിനയത്തോടും അവിടുത്തെ സമീപിക്കുന്നുവോ, അപ്പോള്‍ അവിടുന്നു ഗുരുഭാവം കൈക്കൊണ്ട് നമ്മെ നയിക്കാന്‍ തയ്യാറാകും.
അര്‍ജ്ജുനനും കൃഷ്ണനും ഒന്നിച്ചു കഴിഞ്ഞവരാണു് സുഹൃത്തുക്കളെപ്പോലെ. എന്നാല്‍ ആ സമയത്തൊന്നും ഭഗവാന്‍ അര്‍ജ്ജുനനു ഗീത ഉപദേശിച്ചില്ല. അര്‍ജ്ജുനനില്‍ ശിഷ്യഭാവം ഉണര്‍ന്നപ്പോഴാണു ഗീത ഉപദേശിച്ചുകൊടുത്തത്. അതിനാല്‍, ശിഷ്യഭാവമാണു നമ്മളില്‍ ഉണര്‍ത്തിയെടുക്കേണ്ടതു്. ശിഷ്യഭാവം എന്നാല്‍ ശരണാഗതിയാണു്. ആ സമയം പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടെ ഗുരുവായി മാറുകയാണ്. ഓരോ അനുഭവവും ഗുരുവായിമാറുന്നു. ഈ ഒരു ഭാവമില്ലെങ്കില്‍, എത്ര അനുഭവമുണ്ടായാലും നമ്മള്‍ ഒന്നും പഠിക്കുകയില്ല.

 

‘ഞാന്‍’ ഭാവത്തില്‍നിന്നുമാണു കോപം വരുന്നതു്. ഈ കോപത്തെ അടക്കാനും പാടില്ല, പുറത്തേക്കു വിടാനും പാടില്ല എന്നു പറയും. കോപത്തെ ഉള്ളിലടക്കിയാല്‍, തനിക്കു തന്നെ ദോഷമാണു്. അതു മനസ്സില്‍ ഉമിത്തീപോലെ ഇരുന്നു നീറും. അതു ടെന്‍ഷനായി മാറും. നമ്മുടെ ഓരോ കര്‍മ്മത്തിലും ആ കോപം നിഴലിക്കും. ഉള്ളില്‍ കൊണ്ടുനടക്കുന്ന കോപവും താപവും നമ്മളെ രോഗികളാക്കി മാറ്റും. പുറത്തേക്കുവിട്ടാല്‍ ലോകത്തിനും ദോഷമായിത്തീരും. അതിനാലാണു കോപം രണ്ടു തലയും മൂര്‍ച്ചയുള്ള പിടിയില്ലാത്ത വാളു പോലെയാണെന്നു പറയുന്നതു്. അതു ഉപയോഗിക്കുന്നവനെയും ലക്ഷ്യമാക്കുന്നവനെയും മുറിപ്പെടുത്തും. കോപം, കോപിക്കുന്നവനേയും ഏറ്റുവാങ്ങുന്നവനെയും അപകടപ്പെടുത്തും. ശരീരത്തിലുണ്ടാവുന്ന മുറിവു വേഗം പൊറുക്കും. കോപത്താല്‍ പറയുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന മുറിവു് ഉണങ്ങുകയില്ല. അതിനാല്‍ കോപം വരുന്നു എന്നറിഞ്ഞാല്‍, അതു പ്രകടിപ്പിക്കുകയോ ഉള്ളില്‍ അമര്‍ത്തുകയോ അല്ല, അതിനെ വിവേകബുദ്ധികൊണ്ടു് ഇല്ലാതാക്കുകയാണു വേണ്ടതു്. നമ്മള്‍ കോപിച്ചിരിക്കുന്ന സമയം എടുക്കുന്ന തീരുമാനങ്ങള്‍ ഉടനെ നടപ്പാക്കാന്‍ പോകരുതു്. കോപിച്ചിരിക്കുമ്പോള്‍ വായില്‍ വരുന്നതു് അതേപോലെ വിളിച്ചു പറയരുതു്. ക്ഷമയും വിവേകവും ഒന്നു മാത്രമാണു കോപത്തിനുള്ള മറുമരുന്നു്. കോപം നമ്മുടെ ദുര്‍ബ്ബലതയാണെന്നു് ആദ്യം മനസ്സിലാക്കണം. ദേഷ്യത്തോടുകൂടി ആര്‍ക്കെങ്കിലും കത്തെഴുതുകയാണെങ്കില്‍, അതയയ്ക്കുന്നതിനു മുന്‍പു്, പല തവണയായി പത്തു പ്രാവശ്യമെങ്കിലും വായിക്കണം. അങ്ങനെയാകുമ്പോള്‍ കോപത്തിന്റെ ചൂടു നിറഞ്ഞ പല വാക്കുകളും വാചകങ്ങളും നമുക്കൊഴിവാക്കുവാന്‍ സാധിക്കും. തല്ക്കാലത്തെ ദേഷ്യമൊന്നടങ്ങിയശേഷം വിവേകപൂര്‍വ്വം ചിന്തിക്കുമ്പോള്‍ നമ്മുടെതന്നെ ദൗര്‍ബ്ബല്യത്തെ നമുക്കു മനസ്സിലാക്കുവാനുള്ള കഴിവു ലഭിക്കും. ചിന്തകളെ തെളിഞ്ഞ കണ്ണാടിയില്‍ എന്നപോലെ കാണുവാന്‍ കഴിയും. കോപത്തിന്റെ നിസ്സാരത മനസ്സിലാകും. ക്ഷമിക്കുന്നതിന്റെ മഹത്ത്വം ബോദ്ധ്യമാകും.

നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെനിന്നോ ഒരു കല്ലു നമ്മുടെ ദേഹത്തുവീണു എന്നു കരുതുക. ആ കല്ലു വീണു നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പു് ആ മുറിവു കഴുകി മരുന്നു വയ്ക്കുവാന്‍ നമ്മള്‍ തയ്യാറാകണം. അതല്ലെങ്കില്‍ ആളെ കണ്ടുപിടിക്കുവാന്‍ ആ തിരക്കിലൂടെ ഓടുന്നതിനിടയില്‍ ആ മുറിവില്‍ പൊടിയും മറ്റും കയറി അതുണങ്ങാന്‍ കാലതാമസം വരും. അഥവാ, ആളെ കണ്ടുപിടിച്ചു ശകാരം കഴിയുമ്പോഴായിരിക്കും അറിയുക, വേറെ ആരെങ്കിലും എറിഞ്ഞതോ, അതല്ലെങ്കില്‍ കൈപ്പിഴമൂലം വന്നുവീണതോ ആണു് ആ കല്ലെന്നു്. ഇത്രയൊക്കെ കഷ്ടപ്പെട്ടു്, ആളെ കണ്ടെത്തി അടി കൊടുത്താലും നമ്മുടെ കാലിന്റെ വേദന, സമയത്തിനു മരുന്നു വയ്ക്കാത്തതുമൂലം കൂടുന്നതല്ലാതെ കുറയുന്നില്ല.

 

ദേഷ്യം നമ്മുടെ മനസ്സിന്റെ വ്രണം പോലെയാണു്. ആദ്യം അതുണക്കാനാണു നോക്കേണ്ടതു്. അതിനാല്‍ ഈ സമയം മനസ്സില്‍ വരുന്ന ചിന്തകളെ സാക്ഷിഭാവത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കണം. ചിന്തകളുടെ പിന്നാലെ പോയാല്‍ അവ വാക്കായും പ്രവൃത്തിയായും വളരും. നമ്മെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യും.

കോപത്തിനു പാത്രമാകുന്നവനേക്കാള്‍ ദോഷം സംഭവിക്കുന്നതു കോപിക്കുന്നവനുതന്നെയാണു്.
കോപം വരുമ്പോള്‍ എടുത്തുചാടുകയോ അതുള്ളിലടക്കുകയോ അല്ല ചെയ്യേണ്ടതു്. മനസ്സിനെ കഴിവതും ശാന്തമാക്കി വിവേകപൂര്‍വ്വം ചിന്തിക്കണം. അങ്ങനെയായാല്‍ കോപം വരുത്തിവയ്ക്കുന്ന ഒട്ടുമുക്കാലും പ്രശ്‌നങ്ങളും നമുക്കൊഴിവാക്കാന്‍ കഴിയും.

നമ്മുടെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം നമ്മളിലെ ‘ഞാന്‍’ ഭാവമാണു്. എന്നാല്‍ ഈ ‘ഞാനി’നെ നമുക്കൊന്നെടുക്കാനോ, കൊടുക്കാനോ കഴിയില്ല. പിന്നെ എങ്ങനെ ഇതിനെ ഇല്ലാതാക്കാം എന്നു ചോദിച്ചാല്‍ അതിനൊരു വഴിയേയുള്ളൂവിനയഭാവം. വിനയത്തില്‍ക്കൂടിയേ ‘ഞാന്‍’എന്ന ഭാവത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കൂ. ”ഞാന്‍ യജമാനന്‍” എന്നു പറയുമ്പോള്‍ സത്യത്തില്‍ നമ്മള്‍ ഈ ‘ഞാന്‍ ഭാവ’ത്തിനു ദാസനായി മാറുകയാണു്. ജീവിതത്തിന്റെ ആനന്ദം നുകരാന്‍ നമുക്കു് ഇന്നു് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതും ഞാനെന്ന ഭാവവും അവനവനെക്കുറിച്ചുള്ള ചിന്തകളുമാണു്. തന്നെ മറന്നു് അന്യനെ സ്‌നേഹിക്കാന്‍ നമുക്കു കഴിയുന്നില്ല. തനിക്കു് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന ഭാവമാണു് ഇന്നുള്ളതു്. ഈ ഭാവം മാറാതെ ജീവിതാനന്ദം അനുഭവിക്കാന്‍ പറ്റുകയില്ല. കണ്ണുകള്‍ ഇല്ലാത്തതു മൂലം അന്ധത ബാധിച്ചവരെ പിന്നെയും നയിക്കാം. കണ്ണില്ലെങ്കിലും അവര്‍ പ്രേമം നിറഞ്ഞ ഒരു ഹൃദയത്തിനുടമയാകാം. എന്നാല്‍ അഹങ്കാരത്തിന്റെ അന്ധത ബാധിച്ചാല്‍ നാം പരിപൂര്‍ണ്ണമായും അന്ധകാരത്തിലാകും. അഹം ഉളവാക്കുന്ന അന്ധത നമ്മെ കൂരിരുട്ടിലേക്കു തള്ളും. ഈ അജ്ഞാനം കാരണം നാം ഉണര്‍ന്നിരുന്നാലും ഉറങ്ങുന്ന അവസ്ഥയിലാണു്. എന്നാല്‍ ഈ അഹങ്കാരത്തെ മറികടക്കുമ്പോള്‍ നാം സ്വയം ലോകത്തിനു് ഒരു അര്‍പ്പണവസ്തുവായി ത്തീരുന്നു. അന്യരില്‍ ഈശ്വരഭാവം കാണാന്‍ കഴിയുമ്പോള്‍ നമ്മളില്‍ വിനയം തനിയേ ഉണ്ടാകും. അഹങ്കാരം ഇല്ലാതാകാന്‍ ഏറ്റവും ആവശ്യം ഈ വിനയമാണു്. താന്‍ യജമാനനാണെന്നല്ല, ദാസനാണെന്നു കരുതുന്നവനാണു പ്രേമത്തിന്റെ ലോകത്തില്‍ പ്രഭുവാകുന്നതു്.

 

പല മക്കളും ചോദിക്കാറുണ്ടു്,  “ഈശ്വരന്‍ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതു്, സ്വാതന്ത്ര്യത്തോടെ അവനവന്‍റെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാനല്ലേ, ഈ ശരീരം തന്നിരിക്കുന്നതു സുഖിക്കാനല്ലേ” എന്നു്. ശരിയാണു്! ശരീരം തന്നിരിക്കുന്നതു സുഖസൗകര്യങ്ങള്‍ അനുഭവിക്കാനാണു്. റോഡുണ്ടാക്കിയിരിക്കുന്നതു വാഹനങ്ങള്‍ ഓടിക്കാനാണു്. എന്നാല്‍ സ്വന്തം ഇഷ്ടത്തിന്, നിയമങ്ങള്‍ ലംഘിച്ചു വാഹനം ഓടിച്ചാല്‍ അപകടമുണ്ടാകും. ശ്രദ്ധയില്ലാതെ ഇഷ്ടത്തിനു നടന്നാല്‍ അപകടമുണ്ടാകും.  എല്ലാത്തിനും അതിന്‍റേതായ ധര്‍മ്മമുണ്ടു്. ധര്‍മ്മം വിട്ടു് എന്തു ചെയ്താലും – വാക്കായാലും പ്രവൃത്തിയായാലും നമ്മുടെ വ്യക്തിത്വമാണു് അവിടെ നഷ്ടമാകുന്നതു്. നമ്മുടെ വാക്കുകളും പ്രവൃത്തികളും ശ്രദ്ധിച്ചില്ലെങ്കില്‍, നമ്മുടെ വ്യക്തിത്വംതന്നെ നമ്മളില്‍ നിന്നും നഷ്ടമാകും.

ഒരു ജീവിക്കും നല്‍കാത്ത വരദാനമാണു് ഈശ്വരന്‍ മനുഷ്യനു നല്കിയിരിക്കുന്നതു്,..വിവേകബുദ്ധി. ഈ വിവേകബുദ്ധി വേണ്ടവണ്ണം ഉപയോഗിക്കാതെ നമ്മള്‍ നീങ്ങിയാല്‍, നഷ്ടമാകുന്നത് നമ്മുടെ ജീവിതംതന്നെയായിരിക്കും. അതനാല്‍ നമ്മുടെ ഓരോ കര്‍മ്മത്തിന്‍റെ പിന്നിലെയും ലക്ഷ്യം ഈ വിവേകബുദ്ധിയെ ഉദ്ധരിച്ചെടുക്കുക എന്നതായിരിക്കണം. കാരണം വിവേകം നിറഞ്ഞ കര്‍മ്മത്തില്‍കൂടി മാത്രമേ ജീവിതത്തില്‍ ശാശ്വതവിജയം കണ്ടെത്താന്‍ സാധിക്കൂ.

ധ്യാനം സ്വര്‍ണ്ണംപോലെ മൂല്യമുള്ളതാണ്. ഭൗതികൈശ്വര്യത്തിനും മുക്തിക്കും ശാന്തിക്കും ധ്യാനം നല്ലതാണു്. കണ്ണടച്ചു് ഒരു പ്രത്യേക ആസനത്തില്‍ അനങ്ങാതിരിക്കുന്നതു മാത്രമല്ല ധ്യാനം. നമ്മുടെ പ്രവൃത്തികളെക്കുറിച്ചും വാക്കുകളെക്കുറിച്ചും, ചിന്തകളെക്കുറിച്ചും ബോധം നിലനിര്‍ത്തുന്നതാണു ശരിയായ ധ്യാനം.

ചിന്തകളാകുന്ന ചെറിയ ജലബിന്ദുക്കളാണു വാക്കായി പ്രവൃത്തിയായി വളര്‍ന്നു വലിയ നദിയാകുന്നതു്. ഒരു ചെറിയ ചിന്ത പ്രവൃത്തിയായി രൂപംകൊണ്ടു വളര്‍ന്നു് ഒരു വലിയ നദി പോലെ നമ്മളില്‍നിന്നും പ്രവഹിക്കുന്നു. പിന്നെ അതു നമ്മുടെ കൈയിലല്ല. ഒരു നദിയെ അതിന്റെ തുടക്കത്തില്‍ ഒരു കല്ലുകൊണ്ടുപോലും തടഞ്ഞുനിര്‍ത്താനോ അതിന്റെ ഗതി തിരിച്ചുവിടാനോ പ്രയാസമില്ല. എന്നാല്‍ ആ നീര്‍ച്ചാലു വളര്‍ന്നു് ഒരു വലിയ നദിയായാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണു്. അതിനാല്‍ നമ്മള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതു നമ്മുടെ ചിന്തകളെയാണു്. ചിന്ത വാക്കും, വാക്കു പ്രവൃത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിന്റെ ഗതി മാറ്റുക പ്രയാസമാണു്. അതിനാലാണു നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും വളരെയേറെ ശ്രദ്ധ വേണമെന്നു പറയുന്നത്.

ഒരച്ചിനു കേടു സംഭവിച്ചാല്‍ അതില്‍ വാര്‍ക്കുന്ന എല്ലാ സാധനങ്ങളും തകരാറോടു കൂടിയതായിരിക്കും. അതുപോലെ മനസ്സിനെ ആദ്യം ശരിയാക്കിയില്ലെങ്കില്‍ അതില്‍നിന്നുണ്ടാകുന്ന വാക്കുകളും പ്രവൃത്തികളും ശരിയായി വരില്ല. അതിനാല്‍ ആദ്യം വേണ്ടത്, നമ്മുടെ മനസ്സിനെ വശത്താക്കുകയാണു്. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാന്‍ പറ്റുന്ന ഏകമാര്‍ഗ്ഗം ധ്യാനമാണു്. നമ്മളിലെ നിശ്ശബ്ദതയെ നമ്മള്‍ അനുഭവിച്ചറിയുന്ന ഒരു തത്ത്വമാണു ധ്യാനം.