പണ്ട് ഗുരുവും ശിഷ്യനും ഒന്നിച്ചു പ്രാര്‍ത്ഥിച്ചത് ‘പരമതത്ത്വം, ഞങ്ങള്‍ രണ്ടു പേരെയും രക്ഷിക്കട്ടെ’ എന്നായിരുന്നു. ഗുരു വാസ്തവത്തില്‍ ഈശ്വരതുല്യനാണു്, ഈശ്വരന്‍തന്നെയാണ്. എന്നാല്‍ ആ വിനയവും എളിമയുമാണു ഗുരുക്കന്മാര്‍ ലോകത്തിനു കാണിച്ചു കൊടുത്തത്. അന്നു ശിഷ്യന്മാരും വിനയസമ്പന്നരായിരുന്നു. ശിഷ്യന്റെ വിനയവും പ്രേമവും കാണുമ്പോള്‍ ഗുരുവാത്സല്യം വിദ്യയായി പ്രവഹിക്കുന്നു. ഹൃദയത്തില്‍നിന്നു ഹൃദയത്തിലേക്കാണു് അന്നു വിദ്യ പകര്‍ന്നത്. പ്രേമത്തില്‍നിന്നാണു വിദ്യയുദിക്കുന്നത്. വിനയത്തിലൂടെയാണതു പുഷ്ടിപ്പെടുന്നത്. ആ ഗുരുത്ത്വവും വിനയവുമാണു നമ്മള്‍ കാത്തുസൂക്ഷിക്കേണ്ടത്.

വേദോപനിഷത്തുകള്‍ കടലുപോലെയാണ്. കടല്‍ജലം സൂര്യന്റെ ചൂടില്‍ നീരാവിയായിത്തീര്‍ന്നു മഴയായി വര്‍ഷിക്കുമ്പോള്‍ ജനങ്ങളുടെ സര്‍വ്വവിധ ആവശ്യങ്ങള്‍ക്കും അതു പ്രയോജനപ്പെടുന്നു. ഇതുപോലെ സത്യത്തില്‍ ജീവിക്കുന്ന മഹാത്മാക്കള്‍ വേദസാരത്തെ സാധാരണ ജനങ്ങള്‍ക്കുപോലും എളുപ്പം ഉള്‍ക്കൊള്ളുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും കഴിയുംവിധം കാലോചിതമായി പ്രകാശിപ്പിക്കുന്നു.

ഈശ്വരന്റെ സാന്നിദ്ധ്യവും ഈശ്വരകൃപയും ജനങ്ങള്‍ക്കു് അനുഭവിക്കാന്‍ കഴിയുന്നതു മഹാത്മാക്കളിലൂടെയാണ്. ആ സാമീപ്യത്തില്‍ അവര്‍ ഈശ്വരീയമായ ആനന്ദം നുകരുന്നു. അവരുടെ ഉപദേശങ്ങള്‍ ശ്രവിച്ചു് ജനങ്ങള്‍ പ്രബുദ്ധരാകുന്നു. മഹാത്മാക്കളുടെ ജീവിതവും കര്‍മ്മങ്ങളും സമൂഹത്തില്‍ ധര്‍മ്മവും സംസ്‌കാരവും വളര്‍ത്തുന്നു.

പരമാത്മതത്ത്വത്തെ മഞ്ഞുമലകള്‍ നിറഞ്ഞ ഹിമാലയപര്‍വ്വതത്തോടു് ഉപമിക്കാം. മഞ്ഞു്, വെള്ളം തന്നെയാണെങ്കിലും ജനങ്ങള്‍ക്കു കുടിക്കുവാനോ കുളിക്കുവാനോ അതു് ഉപകരിക്കുന്നില്ല. എന്നാല്‍ സൂര്യന്റെ ചൂടില്‍ ഹിമാലയത്തിലെ ആ മഞ്ഞുരുകി ഗംഗയായി ജനമദ്ധ്യത്തിലേക്കു് ഒഴുകിയെത്തുമ്പോള്‍ എല്ലാവര്‍ക്കും അതു് പ്രയോജനപ്പെടുന്നു. ചിലര്‍ ആ അമൃതജലം കുടിച്ചു ദാഹം ശമിപ്പിക്കുന്നു. ചിലര്‍ അതില്‍ കുളിക്കുന്നു. ചിലര്‍ അതില്‍ നീന്തിക്കളിച്ചു് ആസ്വദിക്കുന്നു. ഈ ഗംഗയെപ്പോലെയാണു മഹാത്മാക്കള്‍.

എനിക്കെന്തു നേടാം എന്നു ചിന്തിക്കുന്നതിലുപരി, എനിക്കെന്തു നല്കാന്‍ സാധിക്കും എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ചെയ്യുന്ന ഓരോ കര്‍മ്മവും ആനന്ദകരമാക്കി തീര്‍ക്കേണ്ടതു്, കര്‍മ്മത്തില്‍ ആനന്ദം നുകരേണ്ടതു്, നമ്മുടെ ആവശ്യമാണു്. എങ്ങനെയാണു് അതു സാധിക്കുക? കര്‍മ്മത്തില്‍ ബുദ്ധിയും ഹൃദയവും ഒന്നുചേരുമ്പോഴാണു് അതിന്റെ ശരിയായ ഫലം ലഭിക്കുന്നതു്. ഒരു തള്ളയ്ക്കു തന്റെ കുഞ്ഞിനെ നോക്കുകയെന്നതു ക്ഷീണമുണ്ടാക്കുന്ന ജോലിയല്ല. എന്നാല്‍ ആയയ്ക്കു് അതു് ആയാസമുള്ള അദ്ധ്വാനമാണു്. കര്‍മ്മമല്ല, അതിനോടുള്ള മനോഭാവമാണു നമുക്കു് ആനന്ദവും ദുഃഖവും നല്കുന്നതു്.

സാധാരണ നമ്മള്‍ കര്‍മ്മം ചെയ്യുന്നതു നമ്മുടെ സന്തോഷത്തിനു വേണ്ടിയാണു്. എന്നാല്‍, അതു മറ്റുള്ളവര്‍ക്കുകൂടി ആനന്ദകരമായിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഒരാളെ കൊല്ലുന്നതു്, കൊലയാളിക്കു സന്തോഷകരമാണെങ്കിലും, അതു മറ്റുള്ളവരുടെ ദുഃഖത്തിനു കാരണമാകുന്നു. അതിനാല്‍ അങ്ങനെയുള്ള കര്‍മ്മം കര്‍മ്മയോഗമാകുന്നില്ല. ഏതൊരു കര്‍മ്മവും അനുഷ്ഠിക്കുമ്പോള്‍ നമുക്കെന്തുനേടാം എന്നതിലുപരി മറ്റുള്ളവര്‍ക്കു് എന്തു നല്കാന്‍ കഴിയും എന്നുകൂടി ചിന്തിക്കേണ്ടതാണു്. അതാണു കര്‍മ്മയോഗം.

സംതൃപ്തിയാണു് ഏറ്റവും വലിയ ധനം. ലോകത്തിലെ ഏറ്റവും വലിയ ദരിദ്രനാണെങ്കിലും, സംതൃപ്തിയുണ്ടെങ്കില്‍ അവനാണു ധനികന്‍. ധനികനാണെങ്കിലും, സംതൃപ്തിയില്ലെങ്കില്‍ അവനാണു ദരിദ്രന്‍. അതിനാല്‍ ഉള്ളതില്‍ സംതൃപ്തിയടയാന്‍ ശ്രമിക്കുക.

ഒരേ അമ്മയുടെ വയറ്റില്‍നിന്നും പിറന്ന രണ്ടു കുട്ടികള്‍. ഒരാള്‍ കളക്ടറായി. മറ്റെയാള്‍ ക്ലര്‍ക്കുമായി. ക്ലര്‍ക്കായ ആള്‍, തനിക്കു ക്ലര്‍ക്കാകാനേ കഴിഞ്ഞുള്ളുവല്ലോ എന്നു ചിന്തിച്ചു വിഷമിച്ചാല്‍ വല്ല പ്രയോജനവുമുണ്ടോ? അതേസമയം ജോലി വേണ്ടവണ്ണം ശ്രദ്ധയോടെ ചെയ്താല്‍, പ്രമോഷന്‍ കിട്ടി നല്ല സ്ഥാനത്തേക്കുയരുവാന്‍ കഴിയും. മുകളിലേക്കു നോക്കാന്‍ പോയാല്‍ ദുഃഖമാണു്. തന്നെക്കാള്‍ താഴെ ജോലി ചെയ്യുന്ന എത്രയോ പേരുണ്ടു്. എന്തുകൊണ്ടു് അവരെക്കുറിച്ചു ചിന്തിച്ചു കൂടാ. വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ ഏതൊരു സാഹചര്യത്തിലും സംതൃപ്തി കണ്ടെത്താന്‍ കഴിയും. എങ്കിലേ നമുക്കു സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കൂ. വളരാന്‍ കഴിയൂ.

നമ്മുടെ ദുഃഖം മറ്റുള്ള പലരുടെയും ദുഃഖത്തെ അപേക്ഷിച്ചു് എത്രയോ നിസ്സാരമാണു്. ഇതു മനസ്സിലാക്കി ഇപ്പോഴുള്ള സാഹചര്യങ്ങളില്‍ സന്തോഷത്തോടെ ജീവിക്കുവാന്‍ നമുക്കു സാധിക്കണം.

ജീവിതത്തില്‍ ആനന്ദം നുകരുവാന്‍ ഇന്നു നമുക്കു് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതു്, നമ്മളെക്കുറിച്ചുതന്നെയുള്ള ചിന്തകളാണു്. തന്നെമറന്നു് അന്യരെ സ്‌നേഹിക്കുവാന്‍ ഇന്നു നമുക്കു കഴിയുന്നില്ല. തനിക്കു് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന ഭാവമാണു് ഇന്നുള്ളതു്. ഈ അഹങ്കാരം മാറാതെ ജീവിതാനന്ദം അനുഭവിക്കുവാന്‍ പറ്റുകയില്ല. കണ്ണില്ലാത്തവനെ പിന്നെയും നയിക്കാം; പ്രേമമുള്ള ഒരു ഹൃദയമുണ്ടെങ്കില്‍. എന്നാല്‍ ഹൃദയത്തിനു് അന്ധത ബാധിച്ചവനെ നയിക്കാന്‍ പ്രയാസമാണു്. അഹം ഉളവാക്കുന്ന അന്ധത നമ്മെ കൂരിരുട്ടിലേക്കു തള്ളും. ഈ അജ്ഞാനം കാരണം നാം ഉണര്‍ന്നിരുന്നാലും ഉറങ്ങുന്ന അവസ്ഥയിലാണു്. ഈ അഹങ്കാരത്തെ മറികടക്കുമ്പോള്‍ നാം സ്വയം ലോകത്തിനു് അര്‍പ്പണവസ്തുവായിത്തീരും. അഹങ്കാരത്തിന്റെ തിമിരം ബാധിച്ചവനു് ഒരിക്കലും ലോകത്തിന്റെ സൗന്ദര്യം നുകരുവാന്‍ കഴിയില്ല.

മനുഷ്യര്‍ തമ്മില്‍ ജനനംകൊണ്ടും ജീവിതസാഹചര്യങ്ങള്‍ കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നവരായിരിക്കാം. എന്നാല്‍ മരണം എല്ലാവര്‍ക്കും പൊതുവായുള്ളതാണു്. എന്നാല്‍ അഹങ്കാരത്തെ മറികടക്കുന്നവന്‍ മരണത്തിലും മരിക്കുന്നില്ല.