9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64

രാജ്യത്തെ ദളിത് ആദിവാസി മേഖലകളില്‍ അമ്മ ചെയ്യുന്ന സേവനം മഹത്തരവും മാതൃകാപരവുമാണെന്ന് കേന്ദ്ര പട്ടിക വര്‍ഗ്ഗ മാന്ത്രി ജുവല്‍ ഒറോം. എല്ലാവരേയും ഒരു പോലെ കാണാനാണ് അമ്മ ശ്രമിക്കുന്നത് അതു കൊണ്ടുതന്നെ ഈശ്വരീയ അംശം താന്‍ അമ്മയിലും ദർശിക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു.

ജന്മദിനങ്ങള്‍ ആര്‍ഭാടമായി ആഘോഷിക്കുമ്പോള്‍ പാവങ്ങളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും കണ്ണീരൊപ്പാനും അവര്‍ക്കായി സേവന പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിക്കാനുമാണ് ജന്മദിനത്തില്‍ ശ്രീ മാതാ അമൃതാനന്ദമയി സമയം കണ്ടെത്തുന്നതെന്ന് രാജ്യസഭാ ഉപാധ്യ്ക്ഷന്‍ പി ജെ കുര്യന്‍. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരിലും കാരുണ്യവും സഹായവുമെത്തിക്കുന്ന അമ്മ സനാതന ധര്‍മ്മത്തിന്റെ മൂര്‍ത്തീ ഭാവമാണെന്നു പി ജെ കുര്യന്‍ പറഞ്ഞു.

സര്‍ക്കാരിനു പോലും സാധ്യമല്ലാത്ത സേവന പ്രവര്‍ത്തനമാണ് അമ്മ ചെയ്യുന്നതെന്നും ഇത് എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും കേന്ദ്ര മന്ത്രി വൈ എസ് ചൗധരി പറഞ്ഞു.

ജന്മദിനത്തില്‍ മറ്റാർക്കും ചെയ്യാന്‍ കഴിയാത്തത്ര സേവന പ്രവര്‍ത്തങ്ങള്‍ അശരണര്‍ക്കായി സമര്‍പ്പിക്കുന്ന അമ്മ ലോകത്തിനു മുന്നില്‍ ഹൃദയദീപമായാണ് പ്രകാശിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി സത്യപാല്‍ സിംഗ് പറഞ്ഞു.

ഐക്യരാഷ്ട്ര സഭയില്‍ മലയാളത്തിന്റെ മാധുര്യമാവാന്‍ അമ്മക്ക് കഴിഞ്ഞുവെന്നത് മലയാളത്തിന്റെ ഭാഗ്യമാണെന്നും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമജ്ജ്വല പ്രതീകമാണ് അമ്മയെന്നും ലോക് സഭാ എം പി എം കെ രാഘവന്‍ ആശംസിച്ചു.

ഓരോ വര്‍ഷം കഴിയുന്തോറും അമ്മയുടെ കാരുണ്യം വറ്റാത്ത നീരുറവയായി ഓരോ ഇടത്തേക്കും ഒഴുകിയെത്തുകുയാണെന്നും തുടർന്ന് സംസാരിച്ച കെ സിവേണു ഗോപാല്‍ എം പി പറഞ്ഞു. അമ്മയുടെ സ്‌നേഹം അനുഭവിക്കുന്നതോടൊപ്പം അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64

ദൈവത്തിന്റെ പ്രതീകവും മനുഷ്യന്റെ വേഷവും സമൂഹത്തിന്റെ സ്വാന്ത്വനവുമാണ് ശ്രീ മാതാ അമൃതാനന്ദമയി ദേവിയെന്ന് ഡോ മാര്‍ ക്രിസ്റ്റംവലിയ തിരുമേനി. അമ്മയുടെ അറുപത്തിനാലാമത് ജന്മവാര്‍ഷികാഘോഷത്തില്‍ ആശംസകള്‍ നേരുകയായിരുന്നു തിരുമേനി. അമ്മയുമായുള്ള ബന്ധം പണ്ടേ തുടങ്ങിയതാണ് അത് തന്റെ ജീവിതത്തിലെ എന്നുമുള്ള നല്ല ഓര്‍മ്മകളാണെന്നും തിരുമേനി വ്യക്തമാക്കി. “നീ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണെന്ന് മരിച്ച് സ്വര്‍ഗ്ഗതില്‍ പോയാല്‍ ദൈവം ചോദിക്കും . അമൃതപുരിയില്‍ വരാന്‍ കഴിഞ്ഞതും അമ്മയെ കാണാന്‍ കഴിഞ്ഞു എന്നതുമാണ് അതിനുള്ള തന്റെ ഉത്തരം” തിരുമേനി പറഞ്ഞു.

ചോദ്യം : മന്ത്രജപം എങ്ങനെ നടത്താം?

അമ്മ: മന്ത്രജപം നടത്തുമ്പോള്‍ ഒന്നുകില്‍ ഇഷ്ടദേവതയുടെ രൂപത്തിലോ അല്ലെങ്കില്‍ മന്ത്രശബ്ദത്തിലോ മാത്രം ശ്രദ്ധിക്കുക. ജപിക്കുന്നതോടൊപ്പം മന്ത്രങ്ങളുടെ ഓരോ അക്ഷരവും മനസ്സില്‍ ഭാവന ചെയ്യുന്നതു നല്ലതാണു്. മന്ത്രം ജപിക്കുമ്പോഴുള്ള ശ്രുതിയില്‍ മനസ്സിനെ നിര്‍ത്താം. നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനാണു മന്ത്രജപം ഏറെയും ഉപകരിക്കുന്നതു്. പരമാത്മതത്ത്വത്തിലെത്തുന്നതിനുള്ള തുഴയാണു മന്ത്രം. ഇന്നു നമ്മുടെ

മനസ്സു് നാനാത്വത്തില്‍ ബന്ധിച്ചിരിക്കുകയാണു്. അതിനെ അവിടെനിന്നും വിടുവിച്ചു് ഈശ്വരനില്‍ നിര്‍ത്തുവാന്‍ മന്ത്രജപം സഹായിക്കും. മന്ത്രം ജപിക്കുമ്പോള്‍ ഇഷ്ടരൂപത്തിനെ കാണുവാന്‍ കഴിയുന്നില്ലെന്നു പറഞ്ഞു പലരും വിഷമിക്കുന്നതു കണ്ടിട്ടുണ്ടു്. അവിടുത്ത രൂപം കണ്ടില്ലെങ്കിലും അവിടുത്തെ നാമത്തെ ഓര്‍ത്താല്‍ മതി. മന്ത്രജപം തുടര്‍ന്നാല്‍ മതി. അക്ഷരത്തിലോ ആ ശ്രുതിയിലോ ശ്രദ്ധ നിര്‍ത്തുക. ധ്യാനസമയത്തു രൂപത്തില്‍ മാത്രം മനസ്സിനെ നിര്‍ത്താന്‍ കഴിയുമെങ്കില്‍ അതുമതി, മന്ത്രം ജപിക്കണം എന്നില്ല. എന്നാല്‍ പ്രവൃത്തികള്‍ ചെയ്യുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും ഒക്കെയും മനസ്സില്‍ മന്ത്രജപം തുടരണം. അപ്പോള്‍ സൂക്ഷ്മമായി നമ്മുടെ മനസ്സു് ഈശ്വരനില്‍ വിശ്രമിക്കും. ഏകാഗ്രത വേണ്ടത്ര കിട്ടുന്നില്ലെങ്കില്‍ വേണ്ട, മന്ത്രശബ്ദത്തിലെങ്കിലും ശ്രദ്ധ വയ്ക്കാമല്ലോ.

ഓരോ മന്ത്രം ജപിക്കുമ്പോഴും ഓരോ പുഷ്പം അവിടുത്തെ പാദങ്ങളില്‍ അര്‍ച്ചിക്കുന്നതായി ഭാവന ചെയ്യാം. കണ്ണിനു കാഴ്ചയില്ലാത്തവര്‍ തപ്പിത്തപ്പിയാണു് ഓരോ വസ്തുവും എടുക്കുന്നതു്. അതുപോലെ കണ്ണടച്ചു ഹൃദയത്തില്‍നിന്നു പുഷ്പം എടുത്തു ഭഗവാന്റെ ആ പാദങ്ങളില്‍ത്തന്നെ കൊണ്ടുവയ്ക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ മന്ത്രശബ്ദത്തിലോ അക്ഷരങ്ങള്‍ ഭാവന ചെയ്തു് അതിലോ മനസ്സിനെ നിര്‍ത്തണം. ഏതു രീതിയിലായാലും മനസ്സിനെ അലയാന്‍ വിടരുതു്. ഭഗവാനില്‍ത്തന്നെ ബന്ധിച്ചു നിര്‍ത്തണം.

(ജര്‍മ്മനിയില്‍നിന്നും ഒരു സംഘം ഭക്തര്‍ അമ്മയെ ദര്‍ശിക്കുന്നതിനായി ആശ്രമത്തിലെത്തി. വര്‍ഷങ്ങളായി സാധനകള്‍ അനുഷ്ഠിക്കുന്നവരാണു് അതില്‍ കൂടുതല്‍ പേരും. അവരുടെ ചോദ്യങ്ങള്‍ മുഖ്യമായും സാധനയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അമ്മയുമായി അവര്‍ നടത്തിയ സംഭാഷണം)

ചോദ്യം : ഭക്ഷണവും ധ്യാനവും തമ്മിലുള്ള സമയദൈര്‍ഘ്യം എങ്ങനെ ആയിരിക്കണം?

അമ്മ: മക്കളേ, ഭക്ഷണം കഴിഞ്ഞ ഉടനെ ധ്യാനം പാടില്ല. മുഖ്യ ഭക്ഷണം കഴിഞ്ഞാല്‍ രണ്ടുമണിക്കൂറെങ്കിലും കഴിയാതെ ധ്യാനിക്കരുതു്. ഭക്ഷണം ലഘുവായിരുന്നാലും അരമണിക്കൂര്‍ കഴിയാതെ ധ്യാനിക്കുന്നതു നല്ലതല്ല. ധ്യാനിക്കാനിരിക്കുമ്പോള്‍ ശരീരത്തിന്റെ ഏതു ഭാഗത്താണോ നമ്മള്‍ ഏകാഗ്രതയ്ക്കു ശ്രമിക്കുന്നതു്, അവിടേക്കു മനസ്സുപോകും. അതുമൂലം ദഹനക്കുറവുണ്ടാകും. ഛര്‍ദ്ദിലുണ്ടാകും. തലവേദനയും മറ്റു പല അസ്വസ്ഥതകളും ഉണ്ടാകാനിടയുണ്ടു്. അതിനാല്‍ ഭക്ഷണം കഴിഞ്ഞാല്‍ ശരിക്കു ദഹനം നടക്കാന്‍ സമയം നല്കിയതിനുശേഷമേ ധ്യാനം നടത്താന്‍ പാടുള്ളൂ.

30 Sep 2017, അമൃതപുരി

അമൃതപുരിയില്‍ നവരാത്രി ആഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശ്രമത്തിലെത്തിയ വിദേശികളും സ്വദേശികളുമായ നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്ക് വിജയദശമി ദിനത്തില്‍ അമ്മ ആദ്യാക്ഷരം കുറിച്ചു.

അറിവിനെ സ്വീകരിക്കുവാനുള്ള ആഗ്രഹം, ഉത്സാഹം, ക്ഷമ ഇവയെല്ലാ മാണ് വിദ്യയെ പൂര്‍ണ്ണതയിലേയ്ക്ക് എത്തിക്കുന്നത്. ആ വിനയവും ഉത്സാഹവും സമര്‍പ്പണഭാവവും നമ്മുടെ ജീവിതത്തില്‍ എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും ഭൗതികമായ ഐശ്വര്യത്തിലും ലാഭത്തിലും ഉപരി ഒരു സാധകന്റെ പടിപടിയായിട്ടുള്ള ആദ്ധ്യാത്മിക ഉയര്‍ച്ചയുടെയും ആത്യാന്തിക മുക്തിയുടെയും സന്ദേശമാണ് നവരാത്രി നല്‍കുന്നതെന്ന് സത്‌സംഗത്തില്‍ അമ്മ പറഞ്ഞു. എല്ലാത്തിനോടുമുള്ള ആദരവ് ഒരു തുടക്കക്കാരന്റെ ഭാവം ഇവ കാത്തു സൂക്ഷിച്ചാല്‍ ജീവിത വിജയം കൈവരിക്കാന്‍ കഴിയുമെന്നും അമ്മ ഓര്‍മ്മിപ്പിച്ചു.

തന്റെ ചൂണ്ടുവിരല്‍ ഗുരുവിന്റെ കൈകളില്‍ ഏല്പിക്കുന്നതുകൊണ്ടാണ് കുഞ്ഞിന് വിദ്യാരംഭം കുറിക്കാന്‍ കഴിയുന്നത്. ചൂണ്ടുവിരല്‍ അഹങ്കാരത്തിന്റെ പ്രതീകമാണ്. നമ്മള്‍ മറ്റുള്ളവരുടെ നേരെ ചൂണ്ടി നീ തെറ്റ് ചെയ്തു എന്നു പറയാറുണ്ട്. അങ്ങിനെ പറയുമ്പോഴും മൂന്നു വിരല്‍ തന്റെ നേരെയാണ് ചൂണ്ടുന്നത് എന്ന് നമ്മള്‍ ഓര്‍ക്കാറില്ല. മറ്റുള്ളവര്‍ ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ മൂന്നു തെറ്റുകള്‍ ചെയ്തിട്ടുണ്ട് എന്നാണ് ഈ വിരലുകള്‍ നല്‍കുന്ന സൂചന.

സത്‌സംഗത്തെ തുടര്‍ന്ന് അമ്മ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം ചൊല്ലിക്കൊടുക്കുകയും അവിടെ കൂടിയിരുന്ന ഭക്തര്‍ അത് നിലത്ത് എഴുതി ഏറ്റുചൊല്ലിയത് ഭക്തിയുടെ നിഷ്‌ക്കളങ്കമായ അന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് അമ്മ കുഞ്ഞുങ്ങള്‍ ഓരോരുത്തരെയായി മടിയിലിരുത്തി അരിയില്‍ ആദ്യാക്ഷരം എഴുതിച്ചു. വാദ്യ സംഗീതം നൃത്തം തുടങ്ങിയവ അഭ്യസിച്ചവരുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു.