ചോദ്യം : ഇന്നത്തെ സാമൂഹികപ്രശ്‌നങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം?

അമ്മ: ഇന്നത്തെ സാമൂഹികപ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ആശങ്കയുളവാക്കുന്നവയാണു്. അവയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണേണ്ടതു തീര്‍ത്തും ആവശ്യമാണു്. മാറ്റം വ്യക്തിയില്‍നിന്നുമാണു തുടങ്ങേണ്ടതു്.

വ്യക്തികളുടെ മനോഭാവം മാറുന്നതിലൂടെ കുടുംബം ശ്രേയസ്സു് പ്രാപിക്കുന്നു; സമൂഹം അഭിവൃദ്ധിപ്പെടുന്നു. അതിനാല്‍ ആദ്യം നമ്മള്‍ സ്വയം നന്നാകാന്‍ ശ്രമിക്കണം. നമ്മള്‍ നന്നായാല്‍ നമ്മുടെ സമീപമുള്ളവരെയെല്ലാം അതു സ്വാധീനിക്കും. അവരിലും നല്ല പരിവര്‍ത്തനം സംഭവിക്കും. വെറും ഉപദേശംകൊണ്ടോ ശാസനകൊണ്ടോ മറ്റുള്ളവരെ നന്നാക്കുവാന്‍ കഴിയില്ല. നമ്മള്‍ നല്ല മാതൃക കാട്ടണം. നിസ്സ്വാര്‍ത്ഥമായ സ്‌നേഹം മറ്റുള്ളവരില്‍ ചൊരിയണം. ആ വിധമുള്ള നിസ്സ്വാര്‍ത്ഥസ്‌നേഹം കൊണ്ടുമാത്രമേ മനുഷ്യരില്‍ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ കഴിയൂ. പെട്ടെന്നു മാറ്റം കണ്ടെന്നു വരില്ല. എങ്കിലും നാം നിരാശരാകരുതു്. ശ്രമം തുടരണം. കുറഞ്ഞപക്ഷം നമ്മുടെ പ്രയത്‌നംകൊണ്ടു നമ്മളിലെങ്കിലും നല്ല മാറ്റം സംഭവിക്കും.

നാടന്‍ നായയുടെ വാലു നിവര്‍ത്താന്‍ കുഴലിലിടാന്‍ ശ്രമിച്ചാല്‍ വാലിനു മാറ്റം സംഭവിക്കുന്നില്ലായിരിക്കാം; എന്നാല്‍ അതിനു ശ്രമിക്കുന്നവൻ്റെ കൈയിനു മസ്സിലു വര്‍ദ്ധിച്ചിട്ടുള്ളതായി കാണാന്‍ കഴിയും. അങ്ങനെ നമ്മള്‍ ശ്രമിച്ചാല്‍ നമ്മള്‍ നന്നാകും, മാത്രമല്ല പ്രത്യക്ഷത്തില്‍ കാണുന്നില്ലെങ്കിലും തീര്‍ച്ചയായും മറ്റുള്ളവരിലും മാറ്റം സംഭവിക്കുന്നുണ്ടു്, കുറഞ്ഞതു്, സമൂഹം കൂടുതല്‍ അധഃപതിക്കാതിരിക്കാന്‍ നമ്മുടെ പ്രയത്‌നം സഹായിക്കും. ഈ വിധമുള്ള ശ്രമങ്ങളുടെ ഫലമായിട്ടാണു സമൂഹത്തില്‍ ഇത്രയെങ്കിലും താളലയം നിലനിര്‍ത്താന്‍ സാധിക്കുന്നതു്. ഒഴുക്കിനെതിരെ നീന്തുന്ന ഒരു വ്യക്തിക്കു് ഒരിഞ്ചും മുന്നോട്ടു നീങ്ങാന്‍ കഴിയുന്നില്ലായിരിക്കാം. എന്നാല്‍ ആ ശ്രമംകൊണ്ടാണു് ആ വ്യക്തിക്കു് അവിടെ പിടിച്ചു നില്ക്കാന്‍ കഴിയുന്നതു്. ആ ശ്രമം കൂടി ഉപേക്ഷിച്ചാല്‍ അയാള്‍ വെള്ളത്തിലേക്കു താഴും. അതിനാല്‍ ഇന്നുള്ള ശ്രമം തുടരേണ്ടതു് ആവശ്യമാണു്.

(തുടരും)

ചോദ്യം: മൃഗങ്ങളെയും മത്സ്യങ്ങളെയും മറ്റും സംരക്ഷിക്കുന്നതിനെപ്പറ്റി അമ്മ എന്തുപറയുന്നു?

അമ്മ: പ്രകൃതിയും മനുഷ്യനും പരസ്പരം ആശ്രയിച്ചു നിലനില്ക്കുന്നവയാണു്. കൃഷി ചെയ്യാന്‍ കഴിയാത്ത കടല്‍ത്തീരത്തും മഞ്ഞു പ്രദേശങ്ങളിലും ജീവിക്കുന്ന ജനങ്ങള്‍ ആഹാരത്തിനായി മത്സ്യം തേടുന്നു. വീടുവയ്ക്കുവാനും മറ്റുപകരണങ്ങളുടെ നിര്‍മ്മാണത്തിനും മരം മുറിക്കേണ്ടിവരുന്നു. ഇതൊക്കെ മനുഷ്യൻ്റെ ആവശ്യത്തിനുവേണ്ടി മാത്രമായിരിക്കണം.

എന്നാല്‍ പണ്ടുണ്ടായിരുന്ന ജീവികളില്‍ പലതും ഇന്നില്ല. പ്രകൃതിയിലുണ്ടായ മാറ്റത്തില്‍ പിടിച്ചു നില്ക്കാനാവാതെ ആ ജീവികളുടെ വംശം നശിക്കുകയാണു് ഉണ്ടായതു്. മനുഷ്യൻ്റെ അത്യാഗ്രഹം കാരണം ജീവികളുടെയും വൃക്ഷങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതായിട്ടാണു് ഇന്നു കാണുന്നതു്. മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ പ്രകൃതിയുടെ താളലയം നഷ്ടമാകുകയാണു ചെയ്യുന്നതു്. അതിനാല്‍ ഇനിയും നമ്മള്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയാണെങ്കില്‍ ആ ജീവികള്‍ക്കു വംശനാശം സംഭവിച്ചതുപോലെ, അതു മനുഷ്യൻ്റെയും നാശത്തിനു കാരണമാകും.

മനുഷ്യന്‍ പ്രകൃതിയുടെയും അതിലെ ജീവരാശിയുടെയും ഭാഗമാണു്. അതിനാല്‍ നമ്മുടെ നിലനില്പിനാവശ്യമായതു പ്രകൃതിയില്‍നിന്നെടുക്കാം. എന്നാല്‍, അതു പ്രകൃതിയുടെ താളലയം തകര്‍ക്കാനിടയാക്കാതെ നോക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ടു്. കഞ്ഞി കുടിക്കുന്നതിനു് ഒരു പ്ലാവില നുള്ളാന്‍ പോകുന്നവന്‍, ആ ശാഖ മൊത്തത്തില്‍ വെട്ടിയാല്‍ എങ്ങനെയുണ്ടാകും. അവനൊരു പത്തു പ്ലാവിലയ്ക്കു പോയിക്കഴിയുമ്പോഴേക്കും ആ വൃക്ഷത്തിലെ എല്ലാ ശാഖകളും നഷ്ടമായിക്കഴിയും. ക്രമേണ വൃക്ഷത്തിനു തന്നെ നാശം സംഭവിക്കും. എന്നാല്‍, ആവശ്യത്തിനുമാത്രം എടുക്കുന്നതില്‍ ദോഷമില്ല. അതുമൂലമുണ്ടാകുന്ന നഷ്ടം കുറച്ചു് ഇല കൊഴിയുന്നതുപോലെയേ അതിനു് അനുഭവപ്പെടുകയുള്ളൂ. എന്നാല്‍ ഒന്നിച്ചുള്ള നാശം അങ്ങനെയല്ല; അതിൻ്റെ നിലനില്പിനെത്തന്നെ ബാധിക്കും. പ്രകൃതിയിലെ ഓരോന്നും മറ്റോരോന്നിനു് ആവശ്യത്തിനുപകരിക്കുന്ന വിധമാണു് ഈശ്വരന്‍ സൃഷ്ടിച്ചിട്ടുള്ളതു്. വലിയ മത്സ്യം ചെറിയ മത്സ്യത്തെ ആഹാരമാക്കും. അതു് അതില്‍ ചെറിയ മത്സ്യത്തെ ഇരതേടുന്നു. അതിനാല്‍ തൻ്റെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍മാത്രം മനുഷ്യന്‍ പ്രകൃതിയില്‍നിന്നു് എടുക്കുന്നതില്‍ തെറ്റില്ല. മറിച്ചു്, അമിതമായി എടുക്കുന്നതെന്തും ഹിംസയാണു്. അതു മനുഷ്യൻ്റെതന്നെ അധോഗതിക്കു കാരണമാകും.

ചോദ്യം : ഇന്നത്തെ പരിസ്ഥിതിപ്രശ്‌നങ്ങളോടു് അമ്മ എങ്ങനെ പ്രതികരിക്കുന്നു?

അമ്മ: മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്നറിഞ്ഞാല്‍ മാത്രമേ പ്രകൃതിസംരക്ഷണം നടക്കൂ. പ്രകൃതിയെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്ന ഒരു മനോഭാവമാണു് ഇന്നു കാണുന്നതു്. ഇതു തുടര്‍ന്നാല്‍ അധികം താമസിയാതെ അതു മനുഷ്യൻെറ തന്നെ നാശത്തിനു കാരണമാകും.

പണ്ടുള്ളവര്‍ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചതാണു് അവര്‍ക്കുണ്ടായിരുന്ന അഭിവൃദ്ധിക്കു കാരണം. ഭൂമിയെ പശുവായി സങ്കല്പിച്ചു് അതിനെ കറന്നു വിഭവങ്ങള്‍ എടുക്കുന്നതായി പുരാണങ്ങള്‍ പറയുന്നുണ്ടു്. പശുക്കിടാവിനു് ആവശ്യമായ പാല്‍ നിര്‍ത്തി, ബാക്കി മാത്രമേ കറന്നെടുക്കുകയുള്ളൂ. എന്നുതന്നെയല്ല, അന്നുള്ളവര്‍ പശുവിനെ പെറ്റമ്മയെപ്പോലെ സ്നേഹിച്ചു സംരക്ഷിക്കുകയും ചെയ്തിരുന്നു.

ഇതുപോലെ പ്രകൃതീദേവിയെയും പെറ്റമ്മയെപ്പോലെ കാണുകയാണു് ഇന്നാവശ്യം. മനഃസ്ഥിതി നന്നായാല്‍ പരിസ്ഥിതിയും നന്നാകും. മനുഷ്യൻെറ മനഃസ്ഥിതി മാറാതെ, പരിസ്ഥിതിപ്രശ്‌നങ്ങള്‍ തീരില്ല.

ചോദ്യം : പ്രവൃത്തിയാണു സ്നേഹത്തിൻ്റെ അഭിവ്യക്തിയെന്നു പറയും. അഹിംസയും കരുണയും പ്രവൃത്തിയില്‍കൊണ്ടുവരുവാനും പ്രചരിപ്പിക്കുവാനുംവേണ്ടി വ്യക്തികള്‍ക്കെന്തു ചെയ്യുവാന്‍ കഴിയും?

അമ്മ: നമ്മള്‍ വ്യക്തിബോധം വിട്ടു വിശ്വചൈതന്യത്തിൻ്റെ ഭാഗമാണെന്നറിഞ്ഞു പ്രവര്‍ത്തിക്കണം. അപ്പോള്‍ മാത്രമേ കരുണയും അഹിംസയും പൂര്‍ണ്ണമായി പ്രവൃത്തിയില്‍ കൊണ്ടുവരുവാന്‍ കഴിയുകയുള്ളൂ. ഇതു പെട്ടെന്നു സാധിക്കുന്ന കാര്യമാണോ എന്നു സംശയിക്കാം. പൂര്‍ണ്ണമായും ആ തലത്തിലേക്കുയരുവാന്‍ കഴിഞ്ഞില്ലെങ്കിലും ആ ലക്ഷ്യംവച്ചു നമ്മുടെ കഴിവിനനുസരിച്ചു മറ്റുള്ളവരെ സ്നേഹിക്കുവാനും സേവിക്കുവാനും ശ്രമിക്കാമല്ലോ?

ചോദ്യം: ജീവിതത്തില്‍ ഏറ്റവും അദ്ഭുതകരമായി അമ്മയ്ക്കു് അനുഭവപ്പെട്ടതെന്താണു്?

അമ്മ: അങ്ങനെ ജീവിതത്തില്‍ പ്രത്യേകിച്ചു് ഒരു കാര്യവും അദ്ഭുതമായി അമ്മയ്ക്കു തോന്നിയിട്ടില്ല. ബാഹ്യമോടിയില്‍ അദ്ഭുതപ്പെടാനെന്താണുള്ളതു്. മറിച്ചു്, എല്ലാം ഈശ്വരനാണെന്നു കാണുമ്പോള്‍ എല്ലാംതന്നെ, ജീവിതം ഓരോ നിമിഷവും അദ്ഭുതകരമാണു്. ഈശ്വരനെക്കാള്‍ വലിയ ഒരു അദ്ഭുതം എന്താണുള്ളതു്.