ചോദ്യം : ഈശ്വരവിശ്വാസികള്‍ തന്നെയല്ലേ പൂജയ്ക്കായി പൂക്കള്‍ പറിച്ചും മൃഗബലി നടത്തിയും മറ്റും പ്രകൃതിയെ നശിപ്പിക്കുവാന്‍ കൂട്ടു നില്ക്കുന്നതു്?

അമ്മ : ‘ഈശ്വരാ ! അയല്‍പക്കത്തുള്ളവന്റെ കണ്ണു പൊട്ടിക്കണേ, അവന്റെ ജോലി നഷ്ടമാക്കണേ, അവനെ നശിപ്പിക്കണേ,’ എന്നും മറ്റും പ്രാര്‍ത്ഥിക്കുന്നവരെ ഈശ്വരവിശ്വാസികള്‍ എന്നു വിളിക്കുവാന്‍ പാടില്ല. സ്വാര്‍ത്ഥലാഭത്തിനായി ഈശ്വരനെ അവര്‍ ഒരു ഉപകരണമാക്കുകയാണു ചെയ്യുന്നതു്. ദ്രോഹമനസ്സുള്ളവരുടെ വിശ്വാസം ഭക്തിയില്‍നിന്നുണ്ടാകുന്നതല്ല. സ്വന്തം കാര്യം നേടാനുള്ള പ്രാകൃതവിശ്വാസമാണതു്. ശരിയായ ഭക്തന്‍ ഈശ്വരാദര്‍ശമറിഞ്ഞു് അതനുസരിച്ചു നീങ്ങുന്നവനാണു്. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ ആശ്വസിപ്പിക്കാന്‍ എത്തുന്നതുപോലെ, അന്യദു:ഖത്തില്‍, തന്നെ മറന്നു സഹായിക്കാന്‍ ഓടിയെത്തുന്ന ഒരു ഭാവം അവനില്‍ ഉണ്ടായിരിക്കും.

ശരിയായ ഈശ്വര വിശ്വാസി പ്രകൃതിയെയും മനുഷ്യനെയും ഈശ്വരന്റെ തന്നെ പ്രത്യക്ഷരൂപമായിക്കണ്ടു സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നു. അവന്‍ ആരെയും തന്നില്‍ നിന്ന് ഭിന്നമെന്നു കാണുന്നില്ല. അന്യന്റെ കുറ്റവും കുറവും, കാണാത്ത, മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുവാന്‍ കഴിവുള്ള ഹൃദയത്തില്‍ മാത്രമേ ഈശ്വരനു വസിക്കുവാന്‍ ആവുകയുള്ളൂ. അത്രകണ്ടു കാരുണ്യമുള്ള ഒരു മനസ്സിന്റെ ഉടമയ്ക്കു് ഈശ്വരപ്രീതിക്കായി എങ്ങനെ ജന്തുബലിയും മറ്റും നടത്താനാകും? തന്റെ ഉള്ളിലെ മൃഗീയവാസനകളെയാണു് ഈശ്വരനു് അവന്‍ ബലിയര്‍പ്പിക്കുന്നതു്. തന്റെ അഹങ്കാരത്തെയാണു ഹിംസിക്കുന്നതു്.

മക്കളേ, ഹിംസ പ്രകൃതിനിയമത്തിന്റെ ഭാഗമാണു്. അതു തീര്‍ത്തും ഒഴിവാക്കാന്‍ പറ്റുകയില്ല. തന്റെ ഭക്ഷണത്തിനായി വേട്ടയാടുന്നതും മറ്റും അധര്‍മ്മമാണെന്നു പറയാനാകില്ല. എന്നാല്‍ ആവശ്യത്തില്‍ക്കവിഞ്ഞു് എന്തു നശിപ്പിക്കുന്നതും ഹിംസയാണു്. കഞ്ഞി കുടിക്കുവാന്‍വേണ്ടി ഒരു പ്ലാവില നുള്ളുന്നതു തെറ്റല്ല. എന്നാല്‍; അതിനായി അഞ്ചാറു പ്ലാവില പിച്ചുന്നതു അധര്‍മ്മമാണു്. ഇപ്രകാരം ഈശ്വരപൂജയ്ക്കായി ചെടികള്‍ നട്ടു നനച്ചുവളര്‍ത്തി അവയില്‍നിന്നു പൂക്കള്‍ ഇറുക്കുന്നതു തെറ്റാണെന്നു പറയുവാന്‍ കഴിയില്ല. തുളസിക്കു വെള്ളമൊഴിക്കുമ്പോള്‍ ഈശ്വരവിശ്വാസിയായ ഒരുവന്‍ ശ്രീകൃഷ്ണനെത്തന്നെയാണു പൂജിക്കുന്നതു്. അരയാലിനു പ്രദക്ഷിണം വയ്ക്കുമ്പോഴും പശുവിനു പുല്ലു തീറ്റുമ്പോഴും എല്ലാം അവന്റെ മനസ്സു് ഭഗവാനിലാണു നില്ക്കുന്നതു്. കൂവളത്തിനു വളമിടുമ്പോള്‍ അതു ശിവനു പ്രീതികരമായിത്തീരുന്നു എന്നാണു ശിവഭക്തന്‍ കാണുന്നതു്. പ്രകൃതിയിലെ വസ്തുക്കളെ പൂജിക്കുന്നതിലൂടെ നാനാത്വമായ ഈ ലോകത്തില്‍ ഏകസത്ത ദര്‍ശിക്കാന്‍ മനുഷ്യനു കഴിവു വരുന്നു.

പൂജിക്കുക എന്നാല്‍ തൊട്ടുതൊഴുതു നമസ്‌കരിക്കുക എന്നല്ല, സ്‌നേഹപൂര്‍വ്വം പരിചരണവും ശുശ്രൂഷയും നല്കി പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും പരിപാലിക്കുന്നതു് ഈശ്വരപൂജയുടെ ഭാഗമായിരുന്നു. രാവിലെ എഴുന്നേല്ക്കുന്നതും കുളത്തില്‍ കുളിച്ചു വന്നു തുളസിക്കും ആലിനും കൂവളത്തിനും വെള്ളമൊഴിച്ചു പ്രദക്ഷിണം വയ്ക്കുന്നതും ഓട്ടുവിളക്കില്‍ എണ്ണയൊഴിച്ചു തിരികത്തിച്ചു് ഈശ്വരനാമങ്ങള്‍ കീര്‍ത്തിക്കുന്നതും ഉദയാഭിമുഖമായിനിന്നു സൂര്യനമസ്‌കാരം നടത്തുന്നതുമെല്ലാം ശരീരത്തിന്റെയും മനസ്സിന്റെയും തമസ്സകറ്റാനും ബുദ്ധിക്കു് ഉണര്‍വ്വുണ്ടാകാനും ആരോഗ്യം നിലനിര്‍ത്താനും വളരെ സഹായിച്ചിരുന്നു. നിത്യാനുഷ്ഠാനത്തിന്റെ ഭാഗമായി ആചരിച്ചുപോന്ന ഈ ക്രിയകള്‍ നമ്മുടെ പൂര്‍വ്വികരില്‍ ശ്രദ്ധയും വിവേകബുദ്ധിയും വളര്‍ത്താനുതകി. ഈവക അനുഷ്ഠാനങ്ങളിലൂടെ മനസ്സിന്റെ പിരിമുറുക്കം ഇല്ലാതെയാകുന്നു; ശാന്തിയും സമാധാനവും ഉന്മേഷവും കൈവരുന്നു. ഇന്നു നമ്മളില്‍ എത്ര പേര്‍ നിത്യവും സൂര്യനുദിക്കുന്നതും പൂക്കള്‍ വിടരുന്നതും കാണുന്നുണ്ടു് ? പക്ഷികളുടെ കളകൂജനത്തിനു ചെവിയോര്‍ക്കുന്നുണ്ടു് ?

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം. ഇവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അമൃതാനന്ദമയി മഠം നല്‍കും.

രാജ്യത്തെ സംരക്ഷിക്കുകയെന്ന ധര്‍മനിര്‍വഹണത്തിനിടയില്‍ വീരമൃത്യു പുല്‍കിയവരുടെ കുടുംബങ്ങളോടൊപ്പം നില്‍ക്കുകയെന്നത് നമ്മുടെ ധര്‍മമാണ്. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം എന്റെ മനസുണ്ട്. അവര്‍ക്കൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

2019ലെ ഭാരതയാത്രയുടെ ഭാഗമായി അമൃതാനന്ദമയിയുടെ മൈസൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ പ്രഖ്യാപനം.

ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്താണു്? (………തുടർച്ച)

ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ അമ്മ നിന്ദിക്കുന്നില്ല. അവ ആവശ്യംതന്നെ. പക്ഷേ, മനുഷ്യന്‍ മനസ്സിന്റെ വിദ്യ കൂടി പഠിക്കണം. ഇന്നതിനു് എങ്ങും മാര്‍ഗ്ഗമില്ല. എവിടെയും മനുഷ്യനിലെ മൃഗീയവാസനകളെ വളര്‍ത്താനുള്ള സാഹചര്യങ്ങളേയുള്ളൂ. ഓരോ ദിവസത്തെയും പത്രവാര്‍ത്തകള്‍ നോക്കിയാല്‍ കുറ്റകൃത്യങ്ങള്‍ എത്ര പെരുകിയിട്ടുണ്ടെന്നു കാണുവാന്‍ കഴിയും. മനസ്സിനെ ഈ താണപടിയില്‍നിന്നു് ഉദ്ധരിക്കുവാനുള്ള ക്രിയകളാണു ധ്യാനജപാദികള്‍. പക്ഷേ, അതിനാര്‍ക്കും സമയമില്ല. ഇരുപത്തിനാലുമണിക്കൂറില്‍ ഒരു മണിക്കൂറെങ്കിലും സാധനയ്ക്കു നീക്കിവയ്ക്കുവാന്‍ എത്ര പേര്‍ക്കു കഴിയുന്നുണ്ടു്?

മനുഷ്യന്‍ മനസ്സിന്റെ വിദ്യ കൂടി പഠിക്കണം

വിമാനം കണ്ടുപിടിച്ചതുകൊണ്ടു 100 മണിക്കൂര്‍ വേണ്ട യാത്രയ്ക്കു് ഒരു മണിക്കൂര്‍ മതി. എന്നാല്‍ ഇതു കൊണ്ടു ജീവിതത്തിനു തിരക്കു കുറഞ്ഞോ? ഇല്ല. കൂടിയിട്ടേയുള്ളൂ. അപ്പോള്‍ കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടാന്‍ അറിയാത്ത മനസ്സിനു് എത്ര വലിയ നേട്ടമുണ്ടായാലും എന്തു കാര്യം? എന്തിലും അസംതൃപ്തി മാത്രം. മനസ്സിന്റെ ശാന്തി ഇതിനെയൊന്നുമല്ല ആശ്രയിച്ചിരിക്കുന്നതു്. സമാധാനം വേണോ, മനസ്സിന്റെ വിദ്യ നേടണം. ഭൗതികമായി എന്തൊക്കെ നേടിയാലും ശാന്തിയില്ലെങ്കില്‍ എന്തു വിശേഷം? ഏറ്റവും അധികം സ്നേഹിക്കുന്ന ഭാര്യ അടുത്തിരുന്നാലും കലി ! ഏറ്റവും സ്വാദേറിയ ഭക്ഷണത്തിലും അരുചി ! എല്ലാറ്റിനെയും ഹൃദയം തുറന്നു സ്നേഹിക്കുവാനും
പ്രകൃതിയില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും നാം തയ്യാറാകണം. ഒരുമണിക്കൂര്‍ സാധനയ്ക്കു പറ്റില്ലെങ്കില്‍ നിഷ്‌കാമകര്‍മ്മത്തിനു വേണ്ടിയെങ്കിലും അല്പസമയം നീക്കിവയ്ക്കണം. ബാക്കിസമയം ഉണ്ണാനും ഉറങ്ങാനും വിനോദത്തിനും ആയിക്കൊള്ളട്ടെ. ജീവിതത്തില്‍ വിലയുള്ള ‘ഒന്നു്’ എന്നു പറയുന്നതു് ഇതൊന്നു മാത്രമാണു് ജപം, ധ്യാനം, നിഷ്‌കാമസേവനം. ബാക്കിയെല്ലാം വെറും പൂജ്യങ്ങള്‍ ! ഒന്നുണ്ടെങ്കിലല്ലേ പൂജ്യത്തിനു വിലയുള്ളൂ!

സകലരും അഹങ്കാരത്തിനു് അടിമയാകാന്‍ പോകും. എന്നാല്‍ ഈശ്വരനു് അടിമയാകാന്‍ പ്രയാസമാണു്. അഹങ്കാരത്തിനു് അടിമയായാല്‍ അശാന്തി. ഈശ്വരനു് അടിമയായാല്‍ ശാന്തി. ഇതു നമ്മള്‍ ഓര്‍ക്കണം. ഈശ്വരനോടുള്ള ഭയഭക്തി ഒരിക്കലും ദുര്‍ബ്ബലതയല്ല. നമ്മളില്‍ ശാശ്വതമായതെന്തോ, അതിനോടുള്ള പ്രേമമാണു യഥാര്‍ത്ഥ ഭക്തി. അല്ലാതെ ക്ഷേത്രത്തിനു മുന്നില്‍ നിന്നു് അയലത്തു വീട്ടിലുള്ളവരോടുള്ള അസൂയയും കുശുമ്പും എണ്ണിപ്പറഞ്ഞു പ്രാര്‍ത്ഥിക്കുന്നതു് ഒരിക്കലും ഭക്തിയാകുന്നില്ല. ‘സര്‍വ്വര്‍ക്കും നല്ല മനസ്സു് നല്കണേ, ശാന്തിയും സമാധാനവുമേകണേ’ എന്നു പ്രാര്‍ത്ഥിക്കുന്നതാണു യഥാര്‍ത്ഥ ഭക്തി. അതാണു യഥാര്‍ത്ഥ ഈശ്വരതത്ത്വം. അപ്പോള്‍ പ്രാര്‍ത്ഥിക്കുന്നവനിലും ശാന്തി നിറയുകയാണു്. മറിച്ചു്; ദ്രോഹമനസ്സു് വച്ചു കൊണ്ടിരിക്കുന്നവന്‍ സ്വയം നാശത്തിലേക്കു വീഴുകയാണു ചെയ്യുന്നതു്.

ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്താണു്? (………തുടർച്ച)

ശാസ്ത്രം വികസിച്ചെങ്കിലും കാര്യങ്ങള്‍ മുന്‍കൂട്ടി വിവേകപൂര്‍വ്വം കണ്ടു പ്രവര്‍ത്തിക്കുവാന്‍ സ്വാര്‍ത്ഥത മൂലം മനുഷ്യന്‍ മുതിരുന്നില്ല.
കൃഷിക്കു കൃത്രിമവളങ്ങള്‍ നല്കാനുള്ള കാരണം മനുഷ്യന്റെ സ്വാര്‍ത്ഥതയാണു്; സസ്യങ്ങളോടുള്ള സ്നേഹമല്ല. ഒരു ബലൂണ്‍ വീര്‍പ്പിക്കുന്നതിനൊരു പരിധിയുണ്ടു്. അതിലധികം കാറ്റു നിറച്ചാല്‍ ബലൂണ്‍ പൊട്ടും. അതുപോലെ ഒരു വിത്തിനു നല്കാവുന്ന വിളവിനൊരു പരിധിയുണ്ടു്. അതു കണക്കാക്കാതെ കൃത്രിമവളങ്ങളും മറ്റും ചേര്‍ത്തു് ഉത്പാദനം വര്‍ദ്ധിപ്പിച്ചാല്‍ വിത്തിന്റെ ശക്തിയും ഗുണവും കുറയും. അതു കഴിക്കുന്ന മനുഷ്യന്റെ സെല്ലുകളെയും ദോഷകരമായി ബാധിക്കും. പണ്ടു്, കൃഷിക്കു വെള്ളവും വളവും മാത്രം മതി. ഇന്നതല്ല, മരുന്നടിച്ചു കൊടുക്കണം. ചെടിക്കുതന്നെ പ്രതിരോധശക്തി നഷ്ടമായി. രോഗങ്ങളെ ചെറുത്തുനില്ക്കാനുള്ള അവയുടെ ശക്തി നശിപ്പിക്കപ്പെടുകയാണു ചെയ്യുന്നതു്.

എല്ലാറ്റിനെയും ആദരവോടെ സ്നേഹിക്കാനാണു മതം പറയുന്നതു്. സയന്‍സ്, ഇരട്ടിയിരട്ടി ഉണ്ടാക്കാന്‍ കണ്ടുപിടിച്ചു. എന്നാല്‍ ഗുണമത്രയില്ല. ഇഡ്ഡലിയില്‍ ഈസ്റ്റ് ചേര്‍ത്തു ഇരട്ടി വലുപ്പമാക്കുമ്പോള്‍ ഇഡ്ഡലി യുടെ ഗുണം കുറയുന്നതല്ലേയുള്ളൂ?
കോഴിക്കു ഹോര്‍മോണ്‍ കുത്തിവച്ചു നല്ല വലുപ്പമുള്ള മുട്ട ഉത്പാദിപ്പിക്കും. ഇരുട്ടുള്ള കൂട്ടിലടച്ചു ദിവസം രണ്ടു മുട്ട ഇടുവിക്കും. അതുകൊണ്ടെന്താ? കോഴിയുടെ ആയുസ്സു പകുതിയാകും. മുട്ടയ്ക്കാകട്ടെ നാടന്‍മുട്ടയുടെയത്ര ഗുണമുണ്ടാവുകയുമില്ല. ലാഭമോഹം കാരണം ജനങ്ങള്‍ക്കുള്ള നന്മയെപ്പറ്റി ചിന്തിക്കുന്നില്ല. ഒന്നിനോടും കാരുണ്യം ഉണ്ടാകുന്നില്ല. ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ട എന്നല്ല, എന്നാല്‍ എല്ലാറ്റിനും ഒരു ക്രമമുണ്ടു്. ധനമോഹത്താല്‍ ആ പരിധി ലംഘിക്കുന്നതു പ്രകൃതിയെ നശിപ്പിക്കുന്നതിനു തുല്യമാണു്. പറന്നുനടക്കുന്ന കിളികളെ നമ്മുടെ വിനോദത്തിനു കൂട്ടിലിട്ടു് അടയ്ക്കുന്നതു പോലെയാണു പ്രകൃതിയെ നമ്മുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നതു്. പ്രകൃതിയെ ജയിലിലടച്ചതിനു തുല്യമാണിതു്. പ്രകൃതിയുടെ ആ വിമ്മിഷ്ടം മനുഷ്യരാശിയുടെതന്നെ നാശത്തിനു കാരണമാകും. മനുഷ്യനു ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത ഘട്ടത്തില്‍ പ്രകൃതിക്കു നേരെ മഴു ഉയര്‍ത്തിയാല്‍ മനസ്സിലാക്കാം. എന്നാല്‍ ഇതങ്ങനെയല്ല. അതിമോഹംകൊണ്ടു കാട്ടുന്ന അതിക്രമങ്ങള്‍ പ്രകൃതി എങ്ങനെ ക്ഷമിക്കും?

സയന്‍സിന്റെ കണ്ടുപിടിത്തങ്ങളെ വാനോളം സ്തുതിക്കുകയോ അദ്ധ്യാത്മികതയെ കണ്ണടച്ചു പുച്ഛിക്കുകയോ ചെയ്യുന്ന മക്കള്‍ ഒന്നോര്‍ക്കണം; ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ക്കൊണ്ടുണ്ടായ ദുരന്തം മതതത്ത്വങ്ങള്‍ കൊണ്ടുണ്ടായിട്ടില്ല. വെടിമരുന്നു മുതല്‍ അണു ബോംബുവരെയുള്ള യുദ്ധോപകരണങ്ങള്‍ എത്ര വലിയ വിനാശമാണു വരുത്തിവച്ചിട്ടുള്ളതു്? ഇന്നു് ഓരോ രാജ്യത്തിന്റെയും കൈയിലുള്ള ആറ്റംബോംബുകളെക്കുറിച്ചു ചിന്തിച്ചാല്‍ സ്വൈര്യമായി കിടന്നുറങ്ങുവാന്‍ പറ്റുമോ? മതങ്ങള്‍ തമ്മില്‍ കലഹിച്ചിട്ടില്ലേ എന്നു ചോദിക്കാം. അവിടെയും കുറ്റം തത്ത്വത്തിന്റെതല്ല. അതിനെ സ്വാര്‍ത്ഥലാഭത്തിനായി വളച്ചൊടിക്കുന്ന മനുഷ്യന്റെതാണു്. രാഷ്ട്രത്തലവന്മാര്‍ പരസ്പരം യുദ്ധം ചെയ്തതുപോലെ, സദ്ഗുരുക്കന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ചരിത്രമുണ്ടോ?
(തുടരും …….)

ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്താണു്?

മനുഷ്യനിലെ നിഷ്‌കളങ്കതയാണു പ്രകൃതിയുമായി അവനെ ബന്ധിക്കുന്ന ഘടകം. മഴവില്ലു കാണുമ്പോള്‍, കടല്‍ത്തിര കാണുമ്പോള്‍, ഒരു കൊച്ചുകുഞ്ഞിനുണ്ടാകുന്ന ആഹ്ലാദം നമുക്കു തോന്നുന്നുണ്ടോ? സ്വാര്‍ത്ഥത വളരുമ്പോള്‍, കുരുട്ടുബുദ്ധി ഏറുമ്പോള്‍ നമ്മിലെ നിഷ്‌കളങ്കത നഷ്ടമാകുന്നു. അപ്പോള്‍ മനുഷ്യന്‍ പ്രകൃതിയില്‍നിന്നു് ഒറ്റപ്പെടുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാന്‍ ആരംഭിക്കുന്നു. പ്രകൃതിക്കു ഭീഷണിയാകുന്നതുവഴി തന്റെതന്നെ അന്ത്യത്തിനു കാരണമാവുകയാണു ചെയ്യുന്നതെന്നു് അവന്‍ അറിയുന്നില്ല.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക

മനുഷ്യനിലെ ശൈശവനിഷ്‌കളങ്കത നിലനിര്‍ത്താന്‍ ഏറ്റവും സഹായകമാണു് ഈശ്വരവിശ്വാസം. ഭക്തിവിശ്വാസമുള്ള ഒരു വ്യക്തി പ്രകൃതിയിലെ ഓരോ വസ്തുവിലും പക്ഷിമൃഗാദികളിലും തന്റെ ഇഷ്ടമൂര്‍ത്തിയെയാണു ദര്‍ശിക്കുന്നതു്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ഇതവനെ പ്രാപ്തനാക്കുന്നു. ശരിയായ ഈശ്വരവിശ്വാസിയില്‍നിന്നു സര്‍വ്വചരാചരങ്ങളിലേക്കും ഒഴുകിയെത്തുന്ന സ്നേഹം പ്രകൃതിയുടെ ഉള്ളു കുളിര്‍പ്പിക്കുന്നു. അതാണു ശരിയായ പ്രകൃതിസംരക്ഷണം. ഇന്നു മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥത കാരണം പ്രകൃതിയെ തന്നില്‍നിന്നു ഭിന്നമായിക്കാണുന്നു. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ ആശ്വസിപ്പിക്കാനെത്തുന്നതു രണ്ടും എന്റെതുതന്നെ എന്ന ബോധം കൊണ്ടാണു്. സ്വന്തം കൈയോടു കാട്ടുന്ന വാത്സല്യം മറ്റൊരാളുടെ കൈ മുറിഞ്ഞാലുണ്ടാകുന്നില്ല. അതു് എന്റെതല്ലെന്ന ചിന്തയാണതിനു കാരണം. ഇന്നു പ്രകൃതിയെ അവന്റെ സ്വാര്‍ത്ഥത നിറവേറ്റാനുള്ള ഒരുപകരണമായിട്ടാണു മനുഷ്യന്‍ കാണുന്നതു്.

ശാസ്ത്രം വികസിക്കുന്തോറും, കാര്യങ്ങള്‍ ബുദ്ധിപരമായിമാത്രം മനസ്സി ലാക്കാന്‍ ശ്രമിക്കുന്തോറും മനുഷ്യനിലെ വിശാലത നഷ്ടമാകുന്നതായാണു കണ്ടുവരുന്നതു്. പത്തു തക്കാളി ലഭിക്കുന്ന ചെടിയില്‍നിന്നു നൂറു തക്കാളി ഉത്പാദിപ്പിക്കാന്‍ അവന്‍ പഠിച്ചു. അതിന്റെ വലുപ്പം ഇരട്ടിയാക്കാനും അവനു കഴിഞ്ഞു. ഉത്പാദനം കൂടിയപ്പോള്‍ ദാരിദ്ര്യം കുറഞ്ഞെന്നതു ശരിതന്നെ. പക്ഷേ ഒന്നോര്‍ക്കണം; ഒരിടത്തു പട്ടിണിമരണം ഇല്ലാതായെങ്കില്‍ മറു വശത്തു പുതിയ രോഗങ്ങള്‍ കാരണം നൂറുകണക്കിനാളുകള്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണു്. വയറുനിറച്ചതോടൊപ്പം ശരീരത്തിന്റെ സ്വാഭാവികരോഗ പ്രതിരോധശക്തി നഷ്ടമാകുകയും ചെയ്തു. കൃത്രിമ വളങ്ങളും കീടനാശിനികളും ആഹാരത്തിലൂടെ ചെല്ലുന്നതു മൂലമുണ്ടാകുന്ന ഭവിഷ്യത്തിനെപ്പറ്റി നമ്മള്‍ വേണ്ടത്ര ബോധവാന്മാരല്ല. ഈ രാസവസ്തുക്കള്‍ ശരീരത്തിലെ സെല്ലുകള്‍ നശിപ്പിക്കുന്നു. അവനെ രോഗങ്ങള്‍ക്കടിമയാക്കുന്നു. വിത്തിന്റെ വിളവു ക്രമാതീതമായി വര്‍ദ്ധിച്ചതോടൊപ്പം ആസ്പത്രികളുടെ എണ്ണവും കൂടി.
(തുടരും …….)