വാക്കിൻ്റെ ദേവത അഗ്നിയാണെന്നു പറയും. അഗ്നിയുടെ സ്വഭാവം ചൂടും പ്രകാശവും, പുകയുമാണു്. അഗ്നി ചൂടും പ്രകാശവും തരുന്നതുപോലെ നമ്മുടെ ഓരോ വാക്കും മറ്റുള്ളവര്‍ക്കു് ഉന്മേഷവും അറിവും പകരുന്നതായിരിക്കണം. പുകപോലെ മനസ്സിനെ മലിനമാക്കുന്നതാകരുതു്.

ഇന്നു നമ്മുടെ വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ അറിയുവാന്‍കഴിയും അതിൻ്റെ ദേവത അഗ്നിയാണെന്നു്. കാരണം, അതില്‍നിന്നും വമിക്കുന്നതു തീയും പുകയുമാണു്. പക്ഷേ, ജ്ഞാനവും പ്രകാശവും അതിൻ്റെ അടുത്തെങ്ങുമില്ല എന്നുമാത്രം. നമ്മുടെ ഒരു വാക്കു്, അതു കേള്‍ക്കുന്നവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കണം. മറ്റുള്ളവര്‍ക്കു് ആനന്ദം ഉളവാക്കണം.
നാം മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം. അതിനുള്ള ശക്തി നമ്മുടെ ഓരോ വാക്കിനുമുണ്ടായിരിക്കണം. അതിനു കഴിയണമെങ്കില്‍ നമ്മുടെ വാക്കുകളില്‍ വിനയവും ലാളിത്യവും പ്രതിഫലിക്കണം. എന്നാല്‍, ഇന്നു നമ്മുടെ വാക്കുകള്‍ അരിച്ചു പെറുക്കിയാല്‍ വിനയമെന്നതു കാണാന്‍സാധിക്കില്ല.
‘അവനെക്കാള്‍ വലിയവനാകണം’ ഈയൊരു ഭാവമാണു് അതിലെല്ലാം നിറഞ്ഞുനില്ക്കുന്നതു്. ഒരുവൻ്റെ എളിമയിലാണു് അവൻ്റെ വലിപ്പമെന്ന സത്യം മാത്രം നാം ശ്രദ്ധിക്കാറില്ല. എത്ര നിസ്സാരനും മറ്റുള്ളവരുടെ മുന്‍പില്‍ വലിയവനായി ചമയുന്നതിലാണു ശ്രദ്ധ മുഴുവന്‍. എന്നാല്‍, ഇതിലൂടെ വാസ്തവത്തില്‍ നാം അവരുടെ മുന്നില്‍ വിവിഡ്‌ഢിയായിത്തീരുകയാണെന്ന കാര്യം മാത്രം നമ്മള്‍ അറിയാറില്ല.
പട്ടാളത്തില്‍ മേജറായിരുന്ന ഒരാള്‍ക്കു കേണലായി പ്രമോഷന്‍ കിട്ടി. കേണലായി ചാര്‍ജ്ജെടുത്ത ദിവസം, അദ്ദേഹത്തെ കാണാനായി ഒരാള്‍ വന്നു. അയാള്‍ വാതില്‍ തുറന്നു വരുന്ന മാത്രയില്‍ത്തന്നെ കേണല്‍ വലിയ ഗമയില്‍, ഫോണെടുത്തു് ഹലോ… എന്നു വിളിച്ചു സംഭാഷണം തുടങ്ങി. ”ഹലോ, അമേരിക്കന്‍ പ്രസിഡണ്ടു് ക്ലിന്റനാണോ? ങാ, എന്തുണ്ടു വിശേഷം? ഞാന്‍ ഇന്നു ചാര്‍ജ്ജെടുത്തതേയുള്ളൂ. കുറെ ഫയല്‍ നോക്കാനുണ്ടു്. ങാ, ഞാന്‍പിന്നെ വിളിക്കാം. മിസ്സിസ്സിനെ അന്വേഷിച്ചതായി പറയണം…” ഇങ്ങനെ കുറേ സംസാരിച്ചതിനു ശേഷം ഫോണ്‍ താഴെ വച്ചു.
ഈ സമയമത്രയും വന്നയാള്‍വളരെ ഭവ്യതയോടെ അവിടെ നില്ക്കുകയാണു്. കേണല്‍ ഗൗരവം വിടാതെ ചോദിച്ചു, ”ഉം, എന്താണു വേണ്ടതു്?” വന്നയാള്‍, വിനയം ഒട്ടും വിടാതെ പറഞ്ഞു, ”ക്ഷമിക്കണം, ഞാന്‍ ഫോണ്‍ കണക്ടു ചെയ്യാന്‍ വേണ്ടി വന്നതാണു്. ഇന്നലെ വച്ച പുതിയ ഫോണാണു്. ലൈന്‍ കൊടുത്തിട്ടില്ല.” ഇവിടെ ആരാണു വിഡ്‌ഢിയായതു്. ഇതുപോലെ, ദിവസവും പലപ്രാവശ്യം നമ്മള്‍ വിഡ്‌ഢിയാകുന്നുണ്ടു്. നമ്മള്‍ അറിയുന്നില്ല എന്നുമാത്രം. സ്വന്തം വലിപ്പം മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നവന്‍ എല്ലാവരുടെയും മുന്നില്‍ സ്വയം വിഡ്‌ഢിയായിത്തീരുകയാണു്.

Download Amma App and stay connected to Amma