ഭക്തിക്കു് ഇത്ര പ്രാധാന്യം നല്കുവാന്‍ മറ്റൊരു കാരണം, നമ്മള്‍ ഏതു ശീലമനുസരിച്ചു നീങ്ങിയോ സാധനയില്‍ അതനുസരിച്ചു മുന്നോട്ടു നീങ്ങിയാല്‍ വേഗം പുരോഗതി നേടാം. ചെറുപ്പം മുതലേ നമ്മള്‍ അമ്മയുടെ മടിയിലിരുന്നു സന്തോഷം നേടിയവരാണു്. കുറച്ചു വളര്‍ന്നപ്പോള്‍ സുഖവും ദുഃഖവും കൂട്ടുകാരോടു പറഞ്ഞു സന്തോഷം നേടി. പ്രായമെത്തിയപ്പോള്‍ ദുഃഖം പങ്കിടാന്‍ കൂട്ടുകാരി വന്നു. ഇങ്ങനെ ഓരോ സമയവും നമ്മള്‍ ഓരോരുത്തരില്‍ മനസ്സിനെ നിര്‍ത്തിയാണു മുന്നോട്ടു നീങ്ങിയതു്, സന്തോഷം നേടിയതു്.

അങ്ങനെയുള്ള ഒരു മനസ്സിനു പെട്ടെന്നു നിരാകാരത്തിലേക്കു് ഉയരാന്‍ പറ്റിയെന്നു വരില്ല. അതിനാല്‍ സാകാരരൂപമാണു കൂടുതല്‍ സൗകര്യം. ഈശ്വരന്‍ നിരാകാരനാണു്, നിര്‍ഗ്ഗുണനാണു് എന്നും മറ്റും ബുദ്ധികൊണ്ടു മനസ്സിലാക്കിയാല്‍ക്കൂടി സാഹചര്യങ്ങള്‍ വരുമ്പോള്‍ എല്ലാം മറക്കും.

സ്ഥിരമായി ഇടതുവശത്തു മഷിക്കുപ്പി വച്ചു് അതില്‍ പേന മുക്കി എഴുതിക്കൊണ്ടിരുന്ന ഒരാള്‍ ഒരുദിവസം കുപ്പി വലതുവശത്തേക്കു മാറ്റിവച്ചു. കുപ്പി വലതുവശത്തേക്കു മാറ്റി എന്നറിയാമെങ്കില്‍ക്കൂടി കൈ പേനയുമായി ഇടത്തുഭാഗത്തേക്കായിരിക്കും പോകുക. കാരണം, അത്രയും നാളത്തെ ശീലം അയാളുടെ സ്വഭാവമായി മാറി. ഇതുപോലെ, ഓരോ ശീലവും നമ്മളെ തിന്നുകയാണു്. പെട്ടെന്നു മാറ്റുക സാദ്ധ്യമല്ല.

എന്തിലെങ്കിലും ചാരിനില്ക്കുക എന്ന മനസ്സിൻ്റെ ശീലം എത്രയോ കൊല്ലങ്ങളായി നമ്മള്‍ കൊണ്ടുനടന്നതാണു്. അതിനെ ആശ്രയിച്ചു മുന്നോട്ടു പോകുന്നതാണു സാധനയ്ക്കും പ്രയോജനം. മറ്റു പലതിനെ അപേക്ഷിച്ചും വേഗത്തില്‍ അന്തഃകരണശുദ്ധി നേടുവാന്‍ ഇതുകൊണ്ടു കഴിയും. അതിനാലാണു് ഇഷ്ടരൂപത്തെ ആശ്രയിച്ചു മുന്നോട്ടുപോകുവാന്‍ പറയുന്നതു്.

സമ്പത്തിലും ബന്ധുക്കളിലും സുഹൃത്തുക്കളിലും സ്ഥാനമാനങ്ങളിലും മറ്റു പലതിലും ബന്ധിച്ചു നില്ക്കുന്ന മനസ്സിനെ, അവയില്‍നിന്നെല്ലാം വിടര്‍ത്തി ഈശ്വരനുമായി മാത്രം ബന്ധിക്കുവാനാണു പറയുന്നതു്. അവയോടുള്ള ബന്ധവും ഭക്തിയുമെല്ലാം ഈശ്വരനോടാകട്ടെ.

ഇഷ്ടരൂപത്തിൻ്റെ മന്ത്രം നിരന്തരം ജപിക്കുന്നതുമൂലം നൂറു ചിന്ത കടന്നുപോകേണ്ട സമയത്തു് അതു പത്താക്കി കുറയ്ക്കുവാന്‍ സാധിക്കും. കൂടുതല്‍ കൂടുതല്‍ ജപം ചെയ്യുന്നതോടെ മനസ്സു് കൂടുതല്‍ കൂടുതല്‍ ശാന്തമാകും. സ്പടികംപോലെ ആയിത്തീരും.

ഓളങ്ങളില്ലാത്ത തടാകത്തില്‍ സൂര്യൻ്റെ പ്രതിബിംബം എങ്ങനെ വ്യക്തമായി കാണുന്നുവോ അതുപോലെ, ശാന്തമായ നമ്മുടെ മനസ്സില്‍ പരമാത്മസ്വരൂപത്തെ തെളിഞ്ഞു കാണുവാന്‍ പറ്റും. ഈ മാര്‍ഗ്ഗം ദുര്‍ബ്ബലതയല്ല, പ്രാകൃതമല്ല. നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഒരു കുറുക്കുവഴിയാണതു്.

സര്‍വ്വരും ഭക്തനാണെന്നു വാഴ്ത്തിയിരുന്ന ഒരാളെക്കാണുവാന്‍ അദ്ദേഹത്തിൻ്റെ ഒരു കൂട്ടുകാരന്‍ ചെന്നു. രാവിലെ എത്തിയതാണു്. അദ്ദേഹത്തെ അന്വേഷിച്ചപ്പോള്‍ കാര്യക്കാരന്‍ പറഞ്ഞു, ഗണപതിപൂജ ചെയ്യുകയാണെന്നു്. അല്പസമയം കഴിഞ്ഞു് ഒന്നുകൂടി ചോദിച്ചു. അപ്പോള്‍ ശിവപൂജയിലാണു്. കൂട്ടുകാരന്‍ മുറ്റത്തു് ഒരു കുഴി കുഴിച്ചു. കുറച്ചുനേരം കഴിഞ്ഞു വീണ്ടും ചോദിച്ചു. ‘ദേവീ പൂജ ചെയ്യുകയാണു്’, കാര്യക്കാരന്‍ പറഞ്ഞു. ഒരു കുഴി കൂടി കുഴിച്ചു.

അങ്ങനെ സമയം ഏറെക്കഴിഞ്ഞു. പൂജ എല്ലാം തീര്‍ന്നു് ആളു വെളിയില്‍ വന്നു നോക്കുമ്പോള്‍ മുറ്റത്തു നിറയെ പല കുഴികള്‍. സുഹൃത്തിനോടു കാര്യം തിരക്കി. സുഹൃത്തു പറഞ്ഞു ‘എനിക്കു വെള്ളമായിരുന്നു ആവശ്യം. ഇത്രയും കുഴി കുത്തിയ സമയംകൊണ്ടു ഞാന്‍ ഒരു കുഴി കുഴിച്ചിരുന്നുവെങ്കില്‍ എപ്പോഴേ വെള്ളം കിട്ടുമായിരുന്നു. പല കുഴി കുത്തിയ കാരണം ആയുസ്സും ആരോഗ്യവും നഷ്ടമായതു മിച്ചം!

കൂട്ടുകാരന്‍ എന്താണു് ഉദ്ദേശിക്കുന്നതെന്നു് അദ്ദേഹത്തിനു മനസ്സിലായി. അനേകം ദേവതകളെ പൂജിക്കുന്ന സമയംകൊണ്ടു മനസ്സിനെ ഒന്നില്‍ നിര്‍ത്താന്‍ ശീലി ച്ചിരുന്നുവെങ്കില്‍ എപ്പോഴേ ഫലം കിട്ടുമായിരുന്നു. എല്ലാം ഒന്നിലുണ്ടു്. അതു തന്നിലുമുണ്ടു്. അദ്ദേഹം പ്രാകൃതഭക്തി വെടിഞ്ഞു യഥാര്‍ത്ഥ ഭക്തനായിത്തീര്‍ന്നു.

ആദ്ധ്യാത്മികസാധനയില്‍ പ്രാര്‍ത്ഥനയ്ക്കു് അതിൻ്റെതായ സ്ഥാനമുണ്ടു്. അതു് ദുര്‍ബ്ബലതയല്ല. ലൈറ്റു കാണിച്ചു മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതുപോലെ (വെളിച്ചം കാണിച്ചു മീനുകളെ ആകര്‍ഷിച്ചു വലകളില്‍ മീന്‍ പിടിക്കുന്ന സമ്പ്രദായം പല സ്ഥലങ്ങളിലും കാണാം. തീരപ്രദേശങ്ങളില്‍ ചീനവലകള്‍ ഉപയോഗിച്ചു് ഇതേ രീതിയില്‍ മീന്‍ പിടിക്കുന്ന കാഴ്ച സര്‍വ്വസാധാരണമാണു്.)

ശ്രദ്ധയോടും ആത്മാര്‍ത്ഥതയോടും കൂടിയുള്ള പ്രാര്‍ത്ഥനയിലൂടെ ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന ഉള്‍പ്രേമത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നു. വാസ്തവത്തില്‍ ഭക്തിയെന്നതു നിത്യാനിത്യവിവേകമാണു്. നിത്യം എന്തു്, അനിത്യം എന്തു് എന്നു മനസ്സിലാക്കി നമ്മള്‍ ചെയ്യുന്ന കര്‍മ്മമാണു ഭക്തി.

മക്കള്‍ എല്ലാവരും കണ്ണടച്ചു മനസ്സു് ശാന്തമാക്കുക. എല്ലാ ചിന്തകളും വെടിഞ്ഞു മനസ്സിനെ ഇഷ്ടമൂര്‍ത്തിയുടെ പാദങ്ങളില്‍ കേന്ദ്രീകരിക്കുക. വീടിനെക്കുറിച്ചോ ജോലിയെക്കുറിച്ചോ ചിന്തിക്കാതെ, തിരിയെ പോകേണ്ട സമയത്തെക്കുറിച്ചോ ബസ്സിനെക്കുറിച്ചോ ഓര്‍ക്കാതെ, ഇഷ്ടമൂര്‍ത്തിയെക്കുറിച്ചു മാത്രം ചിന്തിക്കുക. മറ്റു വര്‍ത്തമാനങ്ങളെല്ലാം ഉപേക്ഷിച്ചു ഭഗവദ്മന്ത്രം മാത്രം ജപിക്കുക.

വൃക്ഷത്തിൻ്റെ ശിഖരത്തില്‍ എത്ര വെള്ളം ഒഴിച്ചാലും പ്രയോജനമില്ല. അതേസമയം ചുവട്ടിലാണു് ആ വെള്ളമൊഴിക്കുന്നതെങ്കില്‍ അതു വൃക്ഷത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തും. അതിനാല്‍ ഈശ്വരപാദം മാത്രം സ്മരിക്കുക. മറ്റെന്തു ചിന്തിക്കുന്നതും വൃക്ഷത്തിൻ്റെ ശിഖരത്തില്‍ വെള്ളമൊഴിക്കുന്നതുപോലെ വ്യര്‍ത്ഥമാണു്. വള്ളം കെട്ടിയിട്ടുകൊണ്ടു് എത്ര തുഴഞ്ഞാലും അക്കരെയെത്തില്ല. ബന്ധുമിത്രാദികളിലും സമ്പത്തിലും മനസ്സുവച്ചുകൊണ്ടു് എത്ര പ്രാര്‍ത്ഥിച്ചാലും ശരിയായ പ്രയോജനം ലഭിക്കില്ല; ആദ്ധ്യാത്മിക പാതയില്‍ പുരോഗതി കൈവരില്ല. അതിനാല്‍ മനസ്സിനെ പൂര്‍ണ്ണമായും ഈശ്വരനില്‍ സമര്‍പ്പിച്ചുകൊണ്ടു മക്കള്‍ പ്രാര്‍ത്ഥിക്കുക. അതുകൊണ്ടു മാത്രമേ ഫലമുള്ളൂ.

വാസ്തവത്തില്‍ ആദ്ധ്യാത്മികജീവികളുടെ ലോകത്തില്‍ ജനനവും ഇല്ല, മരണവും ഇല്ല. ജനിച്ച ചിന്ത എന്നു മരിക്കുന്നുവോ അന്നു് അവന്‍ ഈശ്വരൻ്റെ കവാടത്തില്‍ എത്തിക്കഴിഞ്ഞു. ജനന മരണങ്ങള്‍ക്കപ്പുറമാണു പരമാത്മാവിൻ്റെ ലോകം. മക്കളുടെ സന്തോഷം മാത്രം കണ്ടുകൊണ്ടാണു് അമ്മ ഈ ആഘോഷങ്ങള്‍ക്കെല്ലാം സമ്മതം നല്കിയതു്. മക്കളുടെ സമത്വം, ത്യാഗം, പ്രേമം ഇവയെല്ലാം ഒരുമിച്ചുകൊണ്ടുവരുന്ന സമയമാണിതു്. കൂടാതെ, മക്കളെയെല്ലാം അമ്മയ്ക്കു് ഒരുമിച്ചു കാണുവാനും കഴിയുന്നു.

ഇവിടെ വന്നിട്ടുള്ള മക്കള്‍ വെറുതെ പോകുവാന്‍ പാടില്ല. അല്പസമയം ജപധ്യാനങ്ങള്‍ ചെയ്തു മനസ്സിനെ ഈശ്വരോന്മുഖമാക്കിയതിനു ശേഷമേ പോകാവൂ. അതു മാത്രമാണു നമ്മുടെ യഥാര്‍ത്ഥ സമ്പത്തു്. അതിനു വേണ്ടിയാണു് അമ്മ ഈ അര്‍ച്ചന ചെയ്യിക്കുന്നതു്.

അമ്മ പ്രാര്‍ത്ഥനയ്ക്കു കൂടുതല്‍ പ്രാധാന്യം നല്കിയതുകൊണ്ടു് ആശ്രമത്തെപ്പറ്റി ‘ഭക്തിപ്രസ്ഥാനം’ എന്നു ചിലര്‍ പറയാറുണ്ടു്. ഭക്തിയെന്നതു് ഒരു താഴ്ന്ന പടിയായിട്ടാണു് അവരുടെ ധാരണ.
ചിലര്‍ ഈശ്വരനിഷേധികളാണു്. വേറെ ചിലര്‍ക്കു് ഈശ്വരന്‍ നിരാകാരനും നിര്‍ഗ്ഗുണനുമാണു്. ഇവരുടെയൊക്കെ ദൃഷ്ടിയില്‍ ‘ഭക്തി’ ദുര്‍ബ്ബലതയാണു്. അനേകം ദൈവങ്ങളെയും മാടന്‍, മറുത തുടങ്ങിയ ദുര്‍ദ്ദേവതകളെയും മറ്റും ആരാധിക്കുന്നതാണു് അന്ധമായ ഭക്തി. എല്ലാറ്റിലും നിറഞ്ഞുനില്ക്കുന്ന, ഏകവും അഖണ്ഡവുമായ ആ പരമാത്മചൈതന്യത്തെ തൻ്റെ ഉള്ളിലും സര്‍വ്വതിലും ദര്‍ശിക്കുവാന്‍ പഠിപ്പിക്കുന്നതാണു യഥാര്‍ത്ഥ ഭക്തി.

മുരളികയിലൊരുഗാനമുണ്ടോ… രാധ
ശ്രുതിമീട്ടിയീണം കൊരുക്കാം
യമനുയിലൊഴുക്കുന്ന കമലപത്രത്തിലെ
ചെറുകവിത നീ കാണ്മതുണ്ടോ…? കൃഷ്ണ!
മുരളികയിലൊരുഗാനമുണ്ടോ…

പടവുകളിലൊരു നനവു കണ്ടാല്‍
നിൻ്റെ പദകമലമലരടികളോര്‍ക്കും
നിറമയമയില്പീലി കണ്ടാല്‍ – നിൻ്റെ
കനകമയതിരുമകുടമോര്‍ക്കും!
(മുരളികയിലൊരു…)

മമമനസി മലിനതയൊഴിഞ്ഞാല്‍ – അതില്‍
തവചരണ മലരിതള്‍ വിരിഞ്ഞാല്‍
അതികുതുകമനുഭൂതിമഗ്നതയിലൊരു പുതിയ
കൊടുമുടിയിലൊരു കൊടിയുയര്‍ന്നാല്‍,
യമുനയുടെയോളത്തിലാന്ദോളനം ചെയ്യു-
മരയാലിലയെന്നപോലെ
അനവരതമുണര്‍വ്വിലതുലാനന്ദലഹരിയുടെ ജലധിയിലനായാസമൊഴുകും!
(മുരളികയിലൊരു…)

സ്വാമി തുരീയാമൃതാനന്ദ പുരി

കുടുംബത്തിലും സമൂഹത്തിലും ഔദ്യേഗിക ജീവിതത്തിലും പുരുഷന്മാര്‍ സ്ത്രീകള്‍ക്കു് അര്‍ഹിക്കുന്ന സ്ഥാനവും പരിഗണനയും സ്വാതന്ത്ര്യവും നല്കുന്നില്ലെന്നാണു് അവര്‍ പറയുന്നതു്. ആദരിക്കുന്നില്ലെന്നു മാത്രമല്ല അധിക്ഷേപിക്കുകയും ചെയ്യുന്നു എന്നും അവര്‍ പറയുന്നു. ഈ യാഥാര്‍ത്ഥ്യം കേള്‍ക്കാന്‍ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നില്ല. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം കൂടിപ്പോകുന്നു, കുടുംബത്തെയും കുട്ടികളെയും നോക്കാതെ, അവര്‍ ധിക്കാരികളാകുന്നു എന്നൊക്കെയാണു പുരുഷന്മാരുടെ അഭിപ്രായം.

ഇതിന്റെ തെറ്റും ശരിയും അന്വേഷിക്കുന്നതിനു മുന്‍പു്, ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നറിയണം. അതിന്റെ വേരു കണ്ടെത്തണം. അതു സാധിച്ചാല്‍, പിന്നെ ഈ ധാരണകള്‍ മാറ്റുന്ന കാര്യം കുറച്ചു കൂടി എളുപ്പമാകും. ഭൂതകാലം പുരുഷന്റെ മനോതലത്തില്‍ കണക്കിലേറെ ദുരഭിമാനവും ‘സ്ത്രീയെക്കാള്‍ താന്‍ വലുതു്. അവള്‍ക്കു സ്ഥാനവും സ്വാതന്ത്ര്യവും ആവശ്യമില്ല’ എന്ന അഹങ്കാരചിന്തയും അരക്കിട്ടുറപ്പിച്ചിട്ടുണ്ടാകും.

എന്നാല്‍, സ്ത്രീയുടെ ചിന്തയും മനസ്സും പ്രവര്‍ത്തിക്കുന്നതു മറ്റൊരു തരത്തിലാണു്, ‘ഇത്രയും കാലം പുരുഷന്മാര്‍ ഞങ്ങളെ കണക്കിലധികം നിയന്ത്രിക്കുകയും പീഡിപ്പിക്കുകയും ചെയ്തു മതിയായി. ഇനിയും ഇവരെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യം.’

ഈ രണ്ടു ഭാവങ്ങളിലും നിറഞ്ഞു നില്ക്കുന്നത് വിദ്വേഷവും പകയുമാണു്. ഇന്നു സ്ത്രീപുരുഷന്മാരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ഇത്തരം നശീകരണചിന്തകളാണു്.

‘ആരാണു വലുതു്’ എന്നു തെളിയിക്കാനുള്ള ഈ മത്സരം സ്ത്രീപുരുഷന്മാര്‍ ഉപേക്ഷിക്കണം. ഇതില്‍ നിന്നു മനസ്സിനെ മോചിപ്പിക്കണം. ‘ഞാന്‍’ ഭാവം വളര്‍ത്തി, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ അതു സഹായിക്കുകയുള്ളൂ.