ഭക്ത: അറിഞ്ഞുകൊണ്ടു് ഈ മനുഷ്യര്‍ ഇങ്ങനെ സ്വയം നശിപ്പിക്കുന്നത് എന്താണമ്മേ?
അമ്മ: മക്കളേ, മനുഷ്യന്‍ സ്വാര്‍ത്ഥസുഖംമാത്രം നോക്കി പോകുന്നതുകൊണ്ടാണു കുടിയും പുകവലിയുമൊക്കെ ശീലിക്കുന്നത്. ഇതിലൊക്കെയാണു സുഖമെന്നവര്‍ കരുതുന്നു. ഇങ്ങനെയുള്ളവര്‍ക്കു് ആദ്ധ്യാത്മികതത്ത്വങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അതിനു് ആദ്യം നമ്മളോരോരുത്തരും ആ തത്ത്വമനുസരിച്ചു ജീവിക്കുവാന്‍ തയ്യാറാകണം. അപ്പോള്‍ മറ്റുള്ളവര്‍ അതുകണ്ടു പഠിക്കും. അവരുടെ മനസ്സു് വിശാലമായിത്തീരും. സ്വാര്‍ത്ഥതകള്‍ കൊഴിയും.
അമിതമായ സുഖസൗകര്യങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും വേണ്ടി ആയിരവും പതിനായിരവും രൂപ ചെലവാക്കുന്നവരെ കാണാം. അതേസമയം അയലത്തെ വീട്ടുകാര്‍ ആഹാരത്തിനു വകയില്ലാതെ പട്ടിണി കിടക്കുകയായിരിക്കും. ആയിരംരൂപ സ്ത്രീധനം നല്കാത്തതു കാരണം ഒരു കുട്ടിയുടെ വിവാഹം മുടങ്ങുന്നു. മറ്റൊരു വീട്ടില്‍ ഓഹരി കുറവായതുകൊണ്ടു ഭര്‍ത്താവിൻ്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ വീട്ടിലേക്കു പറഞ്ഞുവിട്ടിരിക്കുന്നു. അതേസമയം അടുത്ത വീട്ടുകാര്‍ മകളുടെ വിവാഹം ആഘോഷിക്കാന്‍ ലക്ഷക്കണക്കിനു രൂപ ചെലവിടുകയാണു്. മറ്റുള്ളവര്‍ കഷ്ടത അനുഭവിക്കുമ്പോള്‍ കഴിവുണ്ടായിരുന്നിട്ടു കൂടി സഹായിക്കാന്‍ കൂട്ടാക്കാത്തവര്‍ ഏറ്റവും വലിയ ദ്രോഹമാണു ചെയ്യുന്നത്. അവര്‍ ആത്മവഞ്ചനയാണു ചെയ്യുന്നത്.
അമ്മയുടെ മുഖം ഗൗരവപൂര്‍ണ്ണമായി. ഉറച്ചസ്വരത്തില്‍ അമ്മ പറഞ്ഞു, ”മക്കളേ, ആദ്ധ്യാത്മികചിന്തയിലൂടെ മാത്രമേ ഇങ്ങനെയുള്ള സ്വാര്‍ത്ഥമനസ്സിനെ വിശാലമാക്കുവാന്‍ കഴിയൂ. എല്ലാം ഒരാത്മാവാണ്. എല്ലാവരും ഒരമ്മയുടെ ജഗന്മാതാവിൻ്റെ മക്കളാണ്. നാമെല്ലാം ശ്വസിക്കുന്നതു് ഒരേ വായുതന്നെയാണ്. ജനിച്ചപ്പോള്‍ എനിക്കു പേരില്ലായിരുന്നു. ജാതിയില്ലായിരുന്നു. ജനിച്ചു് എത്രയോ നാളുകള്‍ക്കു ശേഷമാണു ജാതിയും മതവും മറ്റുമുണ്ടായതു്. അതിനാല്‍ അവയുടെ ഇന്നത്തെ അതിര്‍വരമ്പുകള്‍ ഉപേക്ഷിച്ചു് എല്ലാവരെയും ഒരമ്മ മക്കളെപ്പോലെ സ്നേഹിക്കുക, വേണ്ട സഹായങ്ങള്‍ ചെയ്യുക, അതാണു് എൻ്റെ കര്‍ത്തവ്യം.
മറ്റുള്ളവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ എനിക്കു ജീവിതത്തില്‍ യഥാര്‍ത്ഥ ആനന്ദം കണ്ടെത്തുവാന്‍ കഴിയൂ. കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നതാണു് യഥാര്‍ത്ഥ ഈശ്വരപൂജ. ഇങ്ങനെ ചിന്തിച്ചുവേണം ജീവിക്കുവാന്‍. അതിലൂടെ നാം വിശാലതയിലേക്കുയരും. ഈ തത്ത്വങ്ങള്‍ ഗ്രഹിക്കുന്നതിലൂടെ സ്വഭാവത്തിനു കാര്യമായ മാറ്റം ഉണ്ടാകും. നാം മറ്റുള്ളവരോടു കരുണയുള്ളവരായിത്തീരും.
”ഞാനെന്നും എൻ്റെതെന്നുമുള്ള ഭാവം മാത്രമാണു് ഇന്നധികം പേര്‍ക്കും. തൻ്റെയും തൻ്റെ കുടുംബത്തിൻ്റെയും സുഖം വിട്ടൊരു ചിന്തയുമില്ല. ഈ സ്വാര്‍ത്ഥത മരണമാണ്. അതു് അവനവനെയും സമൂഹത്തെയും നശിപ്പിക്കുന്നു. അങ്ങനെയുള്ളവരോടു്, ‘നിങ്ങള്‍ ഇങ്ങനെയല്ല ജീവിതം നയിക്കേണ്ടത്, ഇങ്ങനെ കെട്ടിക്കിടന്നു് മലിനപ്പെടേണ്ട കുളങ്ങളല്ല നിങ്ങള്‍, ലോകോപകാരികളായി ഒഴുകേണ്ട നദികളാണ്. നിങ്ങള്‍ ദുഃഖിക്കേണ്ടവരല്ല; ആനന്ദിക്കേണ്ടവരാണ്.’ എന്നുപറഞ്ഞു തത്ത്വം മനസ്സിലാക്കി കൊടുക്കുക.’
”കുളത്തിലെ വെള്ളം നദിയോടു കൂട്ടുപിടിച്ചാല്‍ അതുകൂടി ശുദ്ധമാകും. മറിച്ചു്, ഓടയോടു കൂട്ടുചേര്‍ന്നാല്‍ ഒന്നുകൂടി ചീത്തയാകും. ഞാനെന്നും എൻ്റെതെന്നുമുള്ള സ്വാര്‍ത്ഥചിന്തയാണു് ഓട. ഈശ്വരനാണു നദി. അതിനാല്‍ മക്കളേ നമുക്കു് ഈശ്വരനെ ആശ്രയിക്കാം. തോറ്റാലും ജയിച്ചാലും നമുക്കുതന്നെ ഗുണം. ഈശ്വരനെ ആശ്രയിക്കുന്നതുമൂലം നമുക്കു മനശ്ശാന്തിയും ആനന്ദവും ലഭിക്കുന്നു. കുടുംബത്തിലും ലോകത്തിലും ഐശ്വര്യവും സമാധാനവും പുലരുന്നു.”
അമ്മ അടുത്തിരുന്ന ഒരു ഭക്തനെ നോക്കിയിട്ടു്, ”ഈ മോന്‍ അമ്മയെ ആദ്യം കാണാന്‍ വരുമ്പോള്‍ കുടിച്ചു ലവലേശം ബോധമില്ലായിരുന്നു. ആരൊക്കെയോ താങ്ങിയാണു കൊണ്ടു വന്നത്.” (അമ്മ ചിരിക്കുന്നു.) ഭക്തന്‍: അമ്മയെ കണ്ടതിനുശേഷം ഞാന്‍ ഒരു തുള്ളിപോലും കുടിച്ചിട്ടില്ല. ഞാന്‍ കുടിക്കുന്നില്ലെന്നു കണ്ടപ്പോള്‍ എൻ്റെ ചില കൂട്ടുകാരും കുടി നിര്‍ത്തി. ഇപ്പോള്‍ മദ്യമെന്നു കേള്‍ക്കുമ്പോള്‍ തന്നെ വെറുപ്പാണ്.
അമ്മ: മോന്‍ ഒരാള്‍ നന്നായപ്പോള്‍ കൂടെ കൂട്ടുകാരും നന്നായില്ലേ? അവരുടെ കുടുംബങ്ങളിലും സമാധാനം ഉണ്ടായില്ലേ? അതൊരു മാറ്റമല്ലേ? മക്കളേ നാം ജനിച്ചു. കുറെ സന്തതികളെ സൃഷ്ടിച്ചു. അതില്‍ക്കവിഞ്ഞു ലോകത്തിനു് എന്തു ഗുണം നാം ചെയ്യുന്നു? ഭാര്യയെയും മക്കളെയും സംരക്ഷിച്ചുവെന്നതു ശരിതന്നെ. എന്നാല്‍, അതുമാത്രമാണോ നമ്മുടെ ധര്‍മ്മം? അതുകൊണ്ടു മാത്രം നമുക്കു് എന്തു ശാന്തി? സന്തോഷമായിട്ടാണോ നാം മരിക്കുന്നത് ? തത്ത്വമറിഞ്ഞു ജീവിക്കാത്തതു കാരണം നമ്മള്‍ സ്വയം ദുഃഖിക്കുക മാത്രമല്ല, മറ്റുള്ളവരെക്കൂടി ദുഃഖിപ്പിക്കുന്നു. ദുഃഖിക്കാനായി കുറെ സന്താനങ്ങളെയും സൃഷ്ടിക്കുന്നു. ഇതല്ലേ ഇന്നത്തെ നമ്മുടെ ജീവിതം?
അമൃതപുരിയിലുള്ള ആശ്രമത്തില്‍വച്ചാണു ഞാന്‍ അമ്മയെ ആദ്യമായി കാണുന്നതു്. ആരാണു് ഈ ‘ഹഗ്ഗിങ് സെയിന്റ്’ എന്നറിയാനുള്ള ആകാംക്ഷകൊണ്ടാണു ഞാന്‍ വന്നതു്. ഗുരുക്കന്മാരെക്കുറിച്ചോ അവതാരങ്ങളെക്കുറിച്ചോ ഒന്നും എനിക്കു് അറിയില്ലായിരുന്നു. ഞാന്‍ ഒരു റോമന്‍ കത്തോലിക്കാണു്. ബുദ്ധിസവും ഞാന്‍ പ്രാക്ടീസു ചെയ്യാറുണ്ടു്. പതിനാലു വര്‍ഷമായി സ്ഥിരമായിട്ടല്ലെങ്കിലും ഞാന്‍ ധ്യാനിക്കാറുണ്ടു്. ആത്മീയമായി കൂടുതല്‍ അറിവു നേടണം എന്നതായിരുന്നു ഭാരതത്തിലേക്കു പുറപ്പെടുമ്പോള്‍ എൻ്റെ ഉദ്ദേശ്യം. അങ്ങനെയാണു ഞാന്‍ അമ്മയുടെ ആശ്രമത്തിലെത്തുന്നതു്.
ഞാന്‍ ആശ്രമത്തിലെത്തിയതിൻ്റെ അടുത്ത ദിവസം അമ്മയുടെ തിരുനാളാഘോഷമായിരുന്നു. അതുകൊണ്ടു് ആശ്രമത്തില്‍ വലിയ തിരക്കായിരുന്നു. ഞാനെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. അമ്മയുടെ ദര്‍ശനം അവസാനിക്കാറായി എന്നും എനിക്കു ദര്‍ശനം വേണമെങ്കില്‍ വേഗം കുളിച്ചു വൃത്തിയായി വസ്ത്രം ധരിച്ചു ദര്‍ശനഹാളില്‍ ചെല്ലണമെന്നും ഓഫീസിലുള്ളവര്‍ പറഞ്ഞു. ഞാന്‍ റൂമിലെത്തി കുളിച്ചു വസ്ത്രം മാറി ആകാംക്ഷയോടെ ഹാളിലെത്തി. അമ്മയുടെ ദര്‍ശനം സ്വീകരിക്കണം എന്നു കരുതിയാണു ഞാന്‍ ധൃതിയില്‍ ഹാളിലെത്തിയതു്. എന്നാല്‍ അവിടെ ഞാന്‍ കണ്ട കാഴ്ച എൻ്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു.
വിശുദ്ധ കന്യാമറിയം കുരിശില്‍നിന്നു് ഇറങ്ങിവന്ന യേശു ക്രിസ്തുവിനെ മടിയില്‍ വച്ചിരിക്കുന്ന ഒരു ശില്പമുണ്ടു്. ‘പിയറ്റാ’ എന്നാണതിൻ്റെ പേരു്. ആ രൂപമാണു് അമ്മയെ കണ്ടപ്പോള്‍ എനിക്കു് ഓര്‍മ്മ വന്നതു്. അന്നു ഞാന്‍ ദര്‍ശനത്തിനു പോയില്ല. ആ വിശുദ്ധരൂപത്തോടു് അടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ കരയാന്‍ തുടങ്ങി. രണ്ടു ദിവസത്തേക്കു് എനിക്കു കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല. ആശ്രമത്തിലെ ബുക്ക്സ്റ്റാളില്‍നിന്നും ഞാന്‍ അമ്മയുടെ ജീവചരിത്രം വാങ്ങി. അതു വായിച്ച ഞാന്‍ വീണ്ടും നിര്‍ത്താതെ കരഞ്ഞു. എന്താണു് എനിക്കു പറ്റിയതു് എന്നു ഞാന്‍ തന്നെ അദ്ഭുതപ്പെട്ടു. ഞാനൊരു വികാരജീവി ആയിരുന്നില്ല. കരയുക എന്ന സ്വഭാവമേ എനിക്കില്ല. പിന്നെ എന്താണിങ്ങനെ? ആലോചിച്ചപ്പോള്‍ എനിക്കു മനസ്സിലായി. എൻ്റെ ഹൃദയവും ബുദ്ധിയുമായി ഒരു വടംവലി നടക്കുകയായിരുന്നു. അമ്മ ഈശ്വരന്‍തന്നെ എന്നു് എൻ്റെ ഹൃദയം മനസ്സിലാക്കി. എന്നാല്‍ ബുദ്ധിക്കു് അതു സമ്മതിച്ചു തരാന്‍ പറ്റുന്നില്ല. എൻ്റെ ഉള്ളില്‍ത്തന്നെ നടക്കുന്ന ഈ സംഘര്‍ഷം മൂലമാണു ഞാന്‍ കരഞ്ഞുപോയതു്.
കുറച്ചു ദിവസം ഞാന്‍ ആശ്രമത്തില്‍ ചിലവഴിച്ചു. ആശ്രമത്തില്‍നിന്നും പോരുന്നതിൻ്റെ തലേദിവസം രാത്രി ഞാനൊരു സ്വപ്‌നം കണ്ടു. അമ്മയില്‍ ലയിച്ചു ചേരാന്‍ ആഗ്രഹിച്ചു് എൻ്റെ ശരീരം പിടയ്ക്കുകയാണു്. എന്നാല്‍ അമ്മയുമായി ഒന്നായിത്തീരാന്‍ എനിക്കു കഴിയുന്നില്ല. എന്തോ എന്നെ തടയുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലായി, എൻ്റെ അഹങ്കാരമാണു് എന്നെ തടയുന്നതെന്നു്. അന്നു ഞാന്‍ ആ സ്വപ്‌നത്തെ കാര്യമായി എടുത്തില്ല. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കതില്‍ ഖേദമുണ്ടു്. എന്നാല്‍ അന്നു് ആശ്രമത്തില്‍ത്തന്നെനിന്നു് അമ്മയുടെ ശിക്ഷണം വാങ്ങാതെ ആത്മീയമായ പുത്തന്‍ അനുഭവങ്ങള്‍ തേടി ഞാന്‍ പിന്നെയും യാത്ര തിരിച്ചു. അമ്മയെ എനിക്കു് ഇഷ്ടമായിരുന്നു. എന്നാല്‍ ബുദ്ധിസ്റ്റ് ധ്യാനരീതി പരിശീലിച്ചിരുന്ന എനിക്കു് ആശ്രമത്തിലെ ശബ്ദകോലാഹലങ്ങള്‍ അന്നു ബുദ്ധിമുട്ടായി തോന്നി. എങ്കിലും എല്ലാ വര്‍ഷവും ഒന്നോ രണ്ടോ ആഴ്ച ഞാന്‍ ആശ്രമത്തില്‍ വന്നു താമസിക്കുമായിരുന്നു.
1996-ല്‍ ഞാന്‍ ആശ്രമത്തില്‍ വന്നു് ആറുമാസം താമസിച്ചു. ആ സമയത്തായിരുന്നു അമ്മയുടെ ഉത്തരഭാരത പര്യടനം. ആ പര്യടനത്തിനു് അമ്മയെ അനുഗമിക്കുന്നവരുടെ കൂടെ ഞാനും ചേരണോ എന്നു തിരുമാനിക്കാന്‍ കഴിയാതെ ഞാന്‍ വല്ലാതെ വിഷമിച്ചു. ആത്മീയതയുടെ പുതിയ പുതിയ അനുഭവങ്ങള്‍ തേടി നടക്കുന്നവളാണു ഞാന്‍ എന്നു പറഞ്ഞല്ലോ. ദക്ഷിണ ഭാരതത്തിലെ ഒരു ആത്മീയ മനഃശാസ്ത്രജ്ഞനെ കാണാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ, അദ്ദേഹത്തിൻ്റെ ക്ലാസ്സു് തുടങ്ങാന്‍ കുറച്ചു മാസം പിടിക്കും. അതുവരെ ഉത്തര ഭാരതത്തില്‍ നടക്കുന്ന ‘വിപാസന’ (ബുദ്ധമതത്തിലെ ഒരു ധ്യാനരീതി) മെഡിറ്റേഷന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാം എന്നാണു ഞാന്‍ കരുതിയിരുന്നതു്. അല്ലെങ്കില്‍ ഒരു ഹിമാലയന്‍ യാത്രയ്ക്കു പോകാം. ഋഷികേശിലെ ഏതെങ്കിലും യോഗ കോഴ്‌സ് പഠിക്കാനും എനിക്കു താത്പര്യമുണ്ടായിരുന്നു. ഇങ്ങനെ പലതും ചെയ്യണമെന്നു് ആഗ്രഹിച്ചു് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയായിരുന്നു ഞാന്‍. അവസാനം അമ്മയോടുതന്നെ ഉപദേശം ചോദിക്കാന്‍ ഞാന്‍ തയ്യാറായി.
അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു, ”ആത്മജ്ഞാനിയായ ഒരു ഗുരുവിനെ ആശ്രയിച്ചാല്‍ മാത്രമേ ഒരാള്‍ക്കു മോക്ഷപ്രാപ്തിയുണ്ടാവുകയുള്ളൂ. ആത്മീയമായ അനുഭവങ്ങള്‍ തേടി അവിടെയും ഇവിടെയുമൊക്കെ അലഞ്ഞാല്‍ നീ ലക്ഷ്യത്തിലെത്തുകയില്ല. നിൻ്റെ ഗുരു അമ്മയാണു്, അതുകൊണ്ടു നീ ഇവിടെ നില്ക്കു്. മറ്റെവിടെയും പോകണ്ട.” ഞാന്‍ അദ്ഭുതപ്പെട്ടുപോയി. അമ്മയോടു് അതിനു മുന്‍പു ഞാന്‍ സംസാരിച്ചിട്ടുതന്നെയില്ല. കഴിഞ്ഞ നാലു വര്‍ഷമായി ആത്മീയമായ അനുഭവങ്ങള്‍ തേടി ഞാന്‍ അങ്ങുമിങ്ങും അലയുകയായിരുന്നു എന്നു് അമ്മ എങ്ങനെ അറിഞ്ഞു? മാത്രമല്ല, അമ്മയാണു് എൻ്റെ ഗുരു എന്നു് അമ്മ എന്നോടു നേരിട്ടു പറഞ്ഞിരിക്കുന്നു. ഈ നിസ്സാരയായ എന്നെ അമ്മ ഏറ്റെടുത്തിരിക്കുന്നു.
എനിക്കു കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. എൻ്റെ ഏങ്ങലടികള്‍ കേട്ടു് അമ്മയുടെ അടുത്തിരുന്നിരുന്ന ഒരു ഭക്തയ്ക്കു് ഉത്കണ്ഠയായി. ”അമ്മ ഉത്തരമൊന്നും തന്നില്ലേ?” അവര്‍ ചോദിച്ചു. കണ്ണീരൊഴുക്കിക്കൊണ്ടിരുന്ന എനിക്കു മറുപടി പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ പ്രതീക്ഷിച്ചിരുന്നതിലും എത്രയോ മടങ്ങാണു് അമ്മ തന്നതു്. ഗുരുശിഷ്യബന്ധത്തിൻ്റെ വ്യാപ്തിയൊന്നും അന്നെനിക്കറിയില്ലായിരുന്നു. അമ്മയ്ക്കു് എന്നോടു് അത്രമാത്രം സ്നേഹമായതിനാല്‍ എന്നെ ഏറ്റെടുക്കാന്‍ അമ്മ തയ്യാറായി എന്നു മാത്രം ഞാന്‍ മനസ്സിലാക്കി.
അമ്മ എല്ലാം അറിയുന്നുവെന്നും എന്നിട്ടും ഏറ്റവും കാരുണ്യമുള്ളവളാണെന്നും അമ്മയോടൊപ്പമുള്ള ആ യാത്രയില്‍ പലപ്പോഴും എനിക്കു് അനുഭവമായി. അമ്മയുടെ ഉത്തരഭാരതയാത്ര മുഴുവന്‍ റോഡിലൂടെയാണു്. വഴിയില്‍ അമ്മ വിജനമായ സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തി മക്കള്‍ക്കു ചായ ഉണ്ടാക്കിക്കൊടുക്കും. അമ്മ കാറില്‍നിന്നിറങ്ങി ഏതെങ്കിലും മരത്തണലില്‍ ഇരുന്നാല്‍ അമ്മയെ അനുഗമിക്കുന്നവരൊക്കെ ഓടി ചുറ്റിലും ഇരിയ്ക്കും. ഒരു പ്രാവശ്യം അമ്മ വഴിയില്‍ ഇറങ്ങിയപ്പോള്‍, അമ്മയോടുള്ള ഭക്തി പ്രകടിപ്പിക്കാനായി ആരോടും യുദ്ധം ചെയ്യാനൊന്നും ഞാനില്ല എന്നു തിരുമാനിച്ചു്, മറ്റുള്ളവരോടു മത്സരിച്ചു് ഓടാതെ ഞാന്‍ മാറിനിന്നു.
എന്നുവച്ചു് എൻ്റെ മനസ്സൊട്ടും ശാന്തമായിരുന്നില്ല. ‘പാവം ഞാന്‍! ഓടിയിട്ടെന്തു കാര്യം? അമ്മ എന്നെ അറിയുക പോലുമില്ല. ആശ്രമത്തില്‍ ഒരു വര്‍ഷം താമസിക്കുകയാണെങ്കില്‍ ഒരുപക്ഷേ അമ്മയ്ക്കു് എന്നെ കണ്ടാല്‍ മനസ്സിലാകുമായിരിക്കാം. രണ്ടു വര്‍ഷം താമസിക്കുകയാണെങ്കില്‍ എൻ്റെ പേരു് അറിയുമായിരിക്കാം. ഇപ്പോള്‍ ഞാന്‍ എന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നുണ്ടു് എന്നുപോലും അമ്മ അറിയുന്നുണ്ടാവില്ല.’ ഇങ്ങനെ ചിന്തിച്ചു ഞാന്‍ എല്ലാവരുടെയും പുറകില്‍പ്പോയി ഇരുന്നു. ചായ തിളയ്ക്കുന്നതിനിടയില്‍ അമ്മ പ്രസാദം തരുന്നതിനായി ഓരോരുത്തരെയും അടുത്തേക്കു വിളിച്ചു. എൻ്റെ അവസരം വന്നപ്പോള്‍ സങ്കോചത്തോടെ മുഖം കുനിച്ചു ഞാന്‍ അമ്മയുടെ നേരെ കൈ നീട്ടി.
അമ്മ എന്തോ ഒരു പലഹാരം എൻ്റെ കൈയില്‍ വച്ചു തന്നു എന്നിട്ടു ശുദ്ധമായ ഇംഗ്ലീഷില്‍ എന്നോടു് ഇനിയും വേണോ എന്നു് ചോദിച്ചു. എനിക്കു തിരിച്ചൊന്നും പറയാന്‍ കഴിഞ്ഞില്ല. ഒരുവിധം വിക്കി വിക്കി ”വേണ്ട അമ്മേ, ഇതു മതി” എന്നു ഞാന്‍ പറഞ്ഞു. അമ്മ എന്നെ വിട്ടില്ല, എന്നോടു് അമ്മയുടെ അടുത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ടു് ‘കരോള്‍’ എന്നു വിളിച്ചുകൊണ്ടു് എന്നോടു സംസാരിക്കാന്‍ തുടങ്ങി. എന്തൊരദ്ഭുതം. അല്പം മുന്‍പു ഞാന്‍ എന്താണു ചിന്തിച്ചിരുന്നതെന്നു മറ്റാരും അറിഞ്ഞില്ല. എന്നാല്‍ അമ്മ അറിഞ്ഞു. അമ്മ എന്നെ അടുത്തിരുത്തി പേരു വിളിച്ചു സംസാരിക്കുന്നതു കാണുന്ന ആര്‍ക്കും വലിയ പ്രത്യേകതയൊന്നും തോന്നിയിട്ടുണ്ടാവില്ല. എന്നാല്‍ എനിക്കതു് ഒരു സാധാരണ സംഭവമായിരുന്നില്ല.
അടുത്ത ദിവസവും അമ്മ എനിക്കു പ്രത്യേക പരിഗണന തന്നു. യാത്രയ്ക്കിടയില്‍ അവസരം കിട്ടുമ്പോഴൊക്കെ അമ്മ മക്കളുടെ കൂടെ നീന്താന്‍ പോകാറുണ്ടായിരുന്നു. അന്നു ഞങ്ങള്‍ രാജസ്ഥാനിലായിരുന്നു. വസന്ത കാലത്തെ തണുത്തുറഞ്ഞ ഒരു തടാകത്തില്‍ എല്ലാവരും നീന്താന്‍ തയ്യാറായി. എന്നാല്‍ തടാകത്തിനു വളരെ ആഴമുണ്ടെന്നു പറഞ്ഞു് അമ്മ ആരോടും നീന്തരുതെന്നു നിര്‍ദ്ദേശിച്ചു. നിരാശയോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ അമ്മ എൻ്റെ അടുത്തേക്കു വന്നു, എൻ്റെ തോളില്‍ പിടിച്ചു് എനിക്കു നീന്താന്‍ അറിയാമോ എന്നു ചോദിച്ചു. അറിയാം എന്നു ഞാന്‍ ചാടിക്കേറി പറഞ്ഞു. എന്നിട്ടു ധൈര്യ പൂര്‍വ്വം അമ്മയോടു നീന്താന്‍ പോകാന്‍ അനുവാദം ചോദിച്ചു. അമ്മ സമ്മതിച്ചില്ല.
എന്നാല്‍ എൻ്റെ നിരാശ കണ്ടിട്ടാകണം, തടാകത്തിലേക്കിറങ്ങാന്‍ തുടങ്ങിയ അമ്മ തിരിഞ്ഞുനിന്നു് എന്നെ കൂടെ വിളിച്ചു. ”വന്നു നീന്തു്” അമ്മ പറയുന്നതു കേട്ടു ഞാന്‍ ആഹ്ളാദത്തോടെ വെള്ളത്തിലേക്കെടുത്തു ചാടി. തണുപ്പൊന്നും ഞാന്‍ അറിഞ്ഞതേയില്ല. ഒറ്റക്കുതിപ്പിനു ഞാന്‍ തടാകത്തിൻ്റെ നടുവിലെത്തി. നീന്തി നീന്തി ഞാന്‍ ചൈനവരെ എത്തിയേനെ. പക്ഷേ, അമ്മ അപ്പോഴേക്കും എന്നെ തിരിച്ചു വിളിച്ചു, ”മോളേ, മോളേ, മതി തിരിച്ചു വാ”. അമ്മ എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എന്നു് അപ്പോഴാണു് എനിക്കു മനസ്സിലായതു്. ഞാന്‍ തിരിച്ചു് അമ്മയുടെ അടുത്തേക്കു നീന്തി വന്നു. ബാക്കി സമയം മുഴുവന്‍ ഞങ്ങള്‍ തടാകക്കരയിലിരുന്നു ഭജന പാടി. ഞങ്ങളൊക്കെ അമ്മയുടെ കുഞ്ഞുമക്കളാണെന്ന മട്ടില്‍ അമ്മ ഓരോരുത്തരുടെയും മുഖം സോപ്പിട്ടു കഴുകിത്തന്നു.
അത്തവണ അമ്മയുടെ യാത്ര ദില്ലിയില്‍ അവസാനിച്ചു. ദില്ലിയില്‍നിന്നു് അമ്മ നേരെ മൗറീഷ്യസിലേക്കു പോയി. ആറാഴ്ചയായിരുന്നു അമ്മയുടെ യാത്ര തുടങ്ങിയിട്ടു്. ലക്ഷക്കണക്കിനു് ആളുകളെ അമ്മ ഈ ദിവസങ്ങളില്‍ നേരിട്ടു കണ്ടു ദര്‍ശനം കൊടുത്തു് ആശ്വസിപ്പിച്ചിരുന്നു. എന്നിട്ടും പോകുന്നതിനു മുന്‍പു് അമ്മ ഞങ്ങളെയെല്ലാം അമ്മയുടെ മുറിയിലേക്കു വിളിപ്പിച്ചു. എന്തിനെന്നോ? അമ്മ പിരിയുന്നതില്‍ മക്കളോരോരുത്തരും വിഷമിക്കാതിരിക്കാന്‍! ഞങ്ങളെ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കാന്‍ കഴിയാത്തതില്‍ അമ്മ ക്ഷമ ചോദിച്ചു. അമ്മയുടെ വിനയവും ആത്മാര്‍ത്ഥതയും കണ്ടു് എൻ്റെ ഹൃദയം വിങ്ങി.
അഞ്ചു വര്‍ഷം ഞാന്‍ അമ്മയുടെ ആശ്രമത്തില്‍ താമസിച്ചു. തിരിച്ചു കാനഡയിലെത്തിയ എനിക്കു് അമ്മയെ പിരിഞ്ഞുള്ള ജീവിതം അസഹ്യമായിരുന്നു. എന്നും ഞാന്‍ അമ്മയുടെ ആശ്രമത്തില്‍ തിരിച്ചെത്താന്‍ കൊതിക്കും. അടുത്ത തവണ അമ്മ കാനഡയിലെത്തുന്നതു വരെ ഞാന്‍ പിടിച്ചുനിന്നു. ‘ആന്‍ അബോറി’ല്‍ വന്നപ്പോള്‍ ഞാന്‍ അമ്മയെ കണ്ടു് അമ്മയെ പിരിഞ്ഞു കാനഡയിലുള്ള എൻ്റെ ജീവിതം എത്ര ദുസ്സഹമാണെന്നറിയിച്ചു. അമ്മയുടെ ഉത്തരം കാരുണ്യമുള്ളതായിരുന്നുവെങ്കിലും കര്‍ക്കശവുമായിരുന്നു. അമ്മ പറഞ്ഞു, ”മോളേ, ഒരമ്മ കുഞ്ഞിനെ ആദ്യമായി സ്‌കൂളില്‍ പറഞ്ഞയയ്ക്കുമ്പോള്‍ കുഞ്ഞു കരയും. കുഞ്ഞിനെ പിരിയുന്നതുകൊണ്ടു് അമ്മയ്ക്കും ദുഃഖമുണ്ടാകും. അതുപോലെ അമ്മ മക്കളെ ലോകത്തിലേക്കു പറഞ്ഞയയ്ക്കുമ്പോള്‍ മക്കള്‍ ദുഃഖിക്കുന്നതുപോലെ അമ്മയ്ക്കും ദുഃഖമുണ്ടു്. പക്ഷേ, നിൻ്റെ കര്‍മ്മം ആശ്രമത്തിലല്ല, ലോകത്തിനു വേണ്ടിയാണു്. അമ്മ മോളുടെ കൂടെ എപ്പോഴും ഉണ്ടാകും. എൻ്റെ മോള്‍ ഒരിക്കലും ഒറ്റയ്ക്കാവില്ല.”
അമ്മ ഇങ്ങനെ എന്നോടു പറഞ്ഞപ്പോള്‍ അന്നു ഞാനതു വളരെ ചെറിയ ഒരു അര്‍ത്ഥത്തിലാണു മനസ്സിലാക്കിയതു്. അമ്മ ആശ്രമത്തിലുണ്ടായിരുന്ന, തന്നെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു മകളെക്കുറിച്ചോര്‍ത്തു വേദനിക്കുന്നു എന്നു ഞാന്‍ അന്നു കരുതി. എന്നാല്‍ ഇന്നു് എനിക്കു മനസ്സിലാകുന്നു, ജഗജ്ജനനിയായ പരാശക്തി ഏതു രൂപത്തിലുള്ള ജീവനെയും പ്രപഞ്ചത്തിലേക്കയയ്ക്കുമ്പോള്‍ ഓരോരുത്തരെയും കുറിച്ചു വേവലാതിപ്പെടുന്നു. അവര്‍ തിരിച്ചു തന്നെ തേടി വരുന്നതും കാത്തിരിക്കുന്നു. ഓരോ ജീവനും പരമാത്മചൈതന്യത്തില്‍ ലയിക്കുന്നതുവരെ ജഗദീശ്വരിക്കു സമാധാനമില്ല, വിശ്രമമില്ല. അതുകൊണ്ടാണല്ലോ നമ്മുടെ അമ്മ തൻ്റെ അടുത്തെത്തുന്നവരെയൊക്കെ വാരിപ്പുണര്‍ന്നു തന്നിലേക്കടുപ്പിക്കുന്നതു്. ലക്ഷ്യത്തിലേക്കുള്ള ഈ യാത്ര നമുക്കു് എളുപ്പമാണു്. കൈപിടിച്ചു നയിക്കാന്‍ കാരുണ്യവതിയായ ഗുരുവിൻ്റെ രൂപത്തില്‍ അമ്മയുണ്ടു്.
മക്കളേ നമ്മളില്‍ പലരും ദാനം ചെയ്യുമ്പോള്‍പ്പോലും പിശുക്കു കാട്ടുന്നവരാണു്. മക്കള്‍ ഇതോര്‍ക്കണം. എത്രയധികം സമ്പത്തിനുടമയായാലും അവയൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. പിന്നെ എന്തിനു പിശുക്കുകാട്ടണം. കഷ്ടപ്പെടുന്നവര്‍ക്കു നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണം. അതാണു യഥാര്‍ത്ഥ സമ്പത്തു്. ശാന്തിയുടെയും സമാധാനത്തിൻ്റെയും മാര്‍ഗ്ഗമതാണു്.
ദാനം
മക്കളേ, നമ്മുടെ മനസ്സിനെ ഈശ്വരനില്‍ സമര്‍പ്പിക്കുവാന്‍ കഴിയണം. പക്ഷേ, അതത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മനസ്സു് എടുത്തു സമര്‍പ്പിക്കുവാന്‍ പറ്റിയ വസ്തുവല്ല. എന്നാല്‍ മനസ്സു് ഏതൊന്നില്‍ ബന്ധിച്ചു നില്ക്കുന്നുവോ ആ വസ്തുവിനെ സമര്‍പ്പിക്കുമ്പോള്‍ മനസ്സിനെ സമര്‍പ്പിച്ചതിനു തുല്യമായി.
നമ്മുടെ മനസ്സു് ഇന്നേറ്റവും അധികം ബന്ധിച്ചുനില്ക്കുന്നതു സമ്പത്തിലാണു്; ഭാര്യയോടും മക്കളോടുമല്ല, അച്ഛനോടും അമ്മയോടുമല്ല. ഓഹരി വയ്ക്കുമ്പോള്‍ തങ്ങള്‍ക്കവകാശം അച്ഛനമ്മമാരുടെ മരണ ശേഷമാണെന്നുകണ്ടാല്‍ എങ്ങനെയും അവരെ കൊല്ലാന്‍ നോക്കും. വേഗം സമ്പത്തു കൈക്കലാക്കാമല്ലോ. തനിക്കു ലഭിച്ചതില്‍ കുറവുണ്ടെന്നു കണ്ടാല്‍ അച്ഛനമ്മമാര്‍ക്കെതിരെ കേസുകൊടുക്കാനും മടിക്കില്ല.
അച്ഛനെയും അമ്മയെയും അപേക്ഷിച്ചു് അധികം സ്നേഹം സമ്പത്തിനോടാണു്. നമ്മുടെ മനസ്സിനെ ബന്ധിച്ചിരിക്കുന്ന സമ്പത്തു സമര്‍പ്പിക്കുന്നതിലൂടെ നമ്മള്‍ മനസ്സിനെയാണു സമര്‍പ്പിക്കുന്നതു്. സമര്‍പ്പണഭാവം വന്ന ഹൃദയത്തില്‍നിന്നുയരുന്ന പ്രാര്‍ത്ഥനകൊണ്ടേ പ്രയോജനമുള്ളൂ. നമ്മുടെ പണവും പ്രതാപവും ഒന്നും ഈശ്വരനാവശ്യമില്ല.
സൂര്യനു വെളിച്ചം കാണാന്‍ മെഴുകുതിരി വേണ്ട. ഈ സമര്‍പ്പണഭാവംകൊണ്ടു നമുക്കാണു പ്രയോജനം. അതുവഴി അവിടുത്തെ കൃപയ്ക്കു പാത്രമാകുവാന്‍ നമുക്കു കഴിയും. എന്നെന്നും ആനന്ദിക്കുവാന്‍ സാധിക്കും. സമ്പത്തു് ഇന്നല്ലെങ്കില്‍ നാളെ നഷ്ടമാവുകതന്നെ ചെയ്യും. എന്നാല്‍ അതിൻ്റെ സ്ഥാനത്തു് ഈശ്വരനെ പ്രതിഷ്ഠിച്ചാല്‍ നാം നിത്യാനന്ദത്തിൻ്റെ ഉടമകളായിത്തീരും.
നിസ്സാരകാര്യങ്ങള്‍ മതി ഇന്നു നമ്മുടെ മനസ്സിൻ്റെ നിയന്ത്രണം നഷ്ടമാകാന്‍. അതോടെ ജോലികളിലുള്ള ശ്രദ്ധപോകും. വീട്ടുകാരോടും സുഹൃത്തുക്കളോടും സ്നേഹപൂര്‍വ്വം പെരുമാറാന്‍ സാധിക്കില്ല. ക്രമേണ ജീവിതത്തില്‍ സകലതിനോടും വെറുപ്പും വിദ്വേഷവുമാകും. അശാന്തിമൂലം ഉറക്കം നഷ്ടമാകും. ഗുളികകള്‍ കൂടാതെ ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലെത്തും. ഇങ്ങനെയുള്ള എത്രയോ ജീവിതങ്ങളാണു നമുക്കു ചുറ്റുമുള്ളതു്.
എന്നാല്‍ യഥാര്‍ത്ഥ ഈശ്വരവിശ്വാസത്തിലൂടെ, ധ്യാനത്തിലൂടെ, ജപത്തിലൂടെ, പ്രാര്‍ത്ഥനയിലൂടെ ഏതു സാഹചര്യത്തിലും തളരാതെ മുന്നോട്ടുപോകുവാന്‍ വേണ്ട കരുത്തു നേടുവാന്‍ കഴിയുന്നു. സാഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ ആകട്ടെ, കിട്ടിയിരിക്കുന്ന കര്‍മ്മം എന്തുതന്നെയാകട്ടെ, വേണ്ടത്ര ശ്രദ്ധയോടെ അതു ചെയ്യുവാന്‍ സാധിക്കുന്നു.
അതിനാല്‍ മക്കള്‍, കിട്ടുന്ന സമയം പാഴാക്കാതെ മന്ത്രം ജപിക്കുക. നിസ്സ്വാര്‍ത്ഥമായി, നിഷ്‌കാമമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ഇവയൊക്കെയാണു ശാന്തിയുടെയും സമാധാനത്തിൻ്റെയും ലോകത്തിലേക്കു നമ്മെ നയിക്കുന്നതു്.
മഹാകവി കാളിദാസൻ്റെ മഹത്തായ സൂക്തമാണിതു്. ആര്‍ഷ സംസ്‌കൃതിയുടെ പൊരുളില്‍നിന്നും കൊളുത്തിയെടുത്ത ദീപശിഖ! ‘പൂജ്യന്മാരെ പൂജിക്കാതിരുന്നാല്‍ അതു ശ്രേയസ്സിനെ തടയും’ എന്നാണല്ലോ മഹാകവി നല്കുന്ന സന്ദേശം. ഔചിത്യ വേദിയായ കവി നിര്‍ണ്ണായകമായൊരു സന്ദര്‍ഭത്തിലാണു് ഈ ‘മഹാവാക്യം’ ഉച്ചരിക്കുന്നതു്.
ഒരിക്കല്‍ ഇന്ദ്രലോകം സന്ദര്‍ശിച്ചു മടങ്ങവേ വിരഹാതുരനായിത്തീര്‍ന്ന ദിലീപന്‍ പത്‌നിയെ കാണാനുള്ള തിടുക്കത്തില്‍ രഥ വേഗം കൂട്ടി. വഴിയരികില്‍ അയവിറക്കി കിടന്നിരുന്ന കാമധേനുവിനെ രാജാവു കണ്ടില്ല; കേട്ടുമില്ല! ആര്‍ഷധര്‍മ്മത്തില്‍ ഗോപൂജയ്ക്കുള്ള അഭ്യര്‍ഹിതമായ സ്ഥാനം അറിയാത്തവനല്ല ദിലീപന്‍. മാത്രമല്ല, ഈ കാമധേനുവാകട്ടെ സമസ്തകാമങ്ങളും ചുരത്തിക്കൊടുക്കുന്ന ദിവ്യധേനുവാണെന്നു നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടു് ഇതു രാജപക്ഷത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായിത്തീര്‍ന്നിരിക്കുന്നു.
കാമധേനു
ഇതില്‍ ക്രുദ്ധയായിത്തീര്‍ന്ന കാമധേനു രാജാവിനെ ശപിച്ചിരിക്കുകയാണു്. അതു ദിലീപൻ്റെ അനപത്യതയ്ക്കു കാരണമാവുകയും ചെയ്തു. പരിഹാരം കാമധേനു പൂജ മാത്രം എന്നു വസിഷ്ഠന്‍! പക്ഷേ, കാമധേനു സ്ഥലത്തില്ലാത്തതുകൊണ്ടു മകളായ നന്ദിനിയെ പൂജിച്ചാല്‍ മതിയെന്നു മുനി അറിയിച്ചു. കാമധേനുവിൻ്റെ ശാപത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആകാശഗംഗയുടെ ഇരമ്പലില്‍ ആ ശാപോക്തികള്‍ ദിലീപന്‍ കേള്‍ക്കാതെപോയി!
അങ്ങനെ ഗുരുനിയോഗമനുസരിച്ചു ദിലീപന്‍ നന്ദിനിയെ
പരിചരിക്കാന്‍ തയ്യാറായി.
' പ്രസ്ഥിതായാം പ്രതിഷേ്ഠഥാഃ
സ്ഥിതായാം സ്ഥിതിമാചരേഃ
നിഷണ്ണായാം നിഷീദാസ്യാം
പീതാംഭസി പിബേരപഃ '
(രഘുവംശം ശ്ലോകം-1-89)
(ഇവള്‍ നടന്നാല്‍ അങ്ങു നടക്കുക, നിന്നാല്‍ നില്ക്കുക,
ഇരുന്നാല്‍ ഇരിക്കുക, വെള്ളം കുടിച്ചാല്‍ കുടിക്കുക.)
എന്നിങ്ങനെ അതികഠിനമായ സപര്യയായിരുന്നു വസിഷ്ഠന്‍
കല്പിച്ചിരുന്നതു്. രാജാവു 'വനവൃത്തി'യായി ജീവിച്ചുകൊണ്ടു
നന്ദിനീസേവ മുടങ്ങാതെ ചെയ്തു പോന്നു. രാജപത്‌നിയാകട്ടെ
നന്ദിനിയെ യാത്രയാക്കാനും സ്വീകരിക്കാനും സന്നദ്ധയായി
തൊഴുത്തില്‍ കഴിയുകയും ചെയ്തു!
നോക്കൂ; ഒരു അശ്രദ്ധയിലൂടെ വന്ന ഗൗരവാവഹമായ ‘പൂജ്യപൂജാവ്യതിക്രമവും അതിനു കല്പിച്ചുകൊടുത്ത ശാപവും ശാപമോക്ഷവുമാണിതു്. ഭാരതചക്രവര്‍ത്തിയായിരുന്ന ദിലീപനുപോലും കാലിമേച്ചു കാട്ടിലൂടെ നടക്കേണ്ടി വന്നു എന്നതു് ആ ധര്‍മ്മഭ്രംശത്തിൻ്റെ ഗൗരവപ്രകൃതിയെ ഉദാഹരിക്കുന്നുണ്ടു്. ഈ സത്യം ജീവിതംകൊണ്ടറിഞ്ഞവരായിരുന്നു ഭാരതവര്‍ഷത്തിലെ കിരീടാധിപതികള്‍. ഇതിഹാസങ്ങളില്‍ ആ മാതൃകാചക്രവര്‍ത്തിമാര്‍ സുലഭം!
‘മഹാഭാരത’ത്തിലേക്കു നോക്കുക. കുരുക്ഷേത്രയുദ്ധാരംഭത്തില്‍ സൈന്യങ്ങള്‍ അഭിമുഖം നില്ക്കുകയാണു്. യുദ്ധകാഹളം മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. പെട്ടെന്നതാ അവിശ്വസനീയമായ ഒരു കാഴ്ച. യുധിഷ്ഠിരന്‍ കൗരവസേനയെ സമീപിക്കുകയാണു്; കൂടെ സഹോദരന്മാരും. അവര്‍ പരാജയഭീതി കാരണം കൗരവന്മാരോടു് അടിയറവു പറയാന്‍ പോവുകയാണെന്നു കരുതി കൗരവപക്ഷം ബഹളം തുടങ്ങി. പാണ്ഡവപക്ഷത്തുള്ളവര്‍തന്നെ ലജ്ജിതരായി.
എന്നാല്‍ യുധിഷ്ഠിരന്‍ ഒട്ടും പതറാതെ ഭീഷ്മപിതാമഹൻ്റെ മുന്‍പിലെത്തി നമിച്ചുകൊണ്ടു യുദ്ധാനുമതിയും ആശീര്‍വാദങ്ങളും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നു്, യുധിഷ്ഠിരനെ അനുകരിച്ചുകൊണ്ടു സഹോദരന്മാരും ഗുരുപൂജ ചെയ്തു. ഭീഷ്മര്‍ യുധിഷ്ഠിരനോടു പറഞ്ഞു, ”യുദ്ധം തുടങ്ങും മുന്‍പേ ഇങ്ങനെ വന്നില്ലായിരുന്നുവെങ്കില്‍ നീ തോല്ക്കാന്‍ ഞാന്‍ ശപിച്ചേനെ. ഞാന്‍ ഏറെ സന്തുഷ്ടനാണു്; നീ വരങ്ങള്‍ ചോദിച്ചു കൊള്ളുക!” തുടര്‍ന്നു്, പാണ്ഡവര്‍, ദ്രോണര്‍, കൃപര്‍ തുടങ്ങിയ മറ്റു ഗുരുക്കന്മാരെയും സമീപിച്ചു് അനുഗ്രഹങ്ങള്‍ തേടി.
ഇവിടെ യുധിഷ്ഠിരനും സഹോദരന്മാരും അനുഷ്ഠിച്ചതു പൂജ്യപൂജയുടെ ഉത്തമമാതൃകയായിരുന്നു. ഇക്കാര്യം അദ്ദേഹം വിസ്മരിച്ചിരുന്നുവെങ്കില്‍ പാണ്ഡവപക്ഷം കൊടിയ ശാപച്ചുഴികളില്‍ വീണു നശിക്കുമായിരുന്നു.
അങ്ങനെയായിരുന്നെങ്കില്‍ മഹാഭാരതം മറ്റൊരു കഥ പറയുമായിരുന്നു! എന്നാല്‍ ഔചിത്യവേദിയും മഹാധര്‍മ്മിഷ്ഠനുമായ ധര്‍മ്മ പുത്രര്‍ എന്ന യുധിഷ്ഠിരന്‍ ‘പൂജ്യപൂജ’യുടെ തത്ത്വം നേരത്തേ ഉള്‍ക്കൊണ്ടിരുന്നു. അതു് ആചരിക്കുന്നതില്‍ പുലര്‍ത്തിയ ശ്രദ്ധയാണു് അദ്ദേഹത്തിൻ്റെ മുന്‍പില്‍ ശ്രേയോമാര്‍ഗ്ഗം തുറന്നു കൊടുത്തതു്; ഭാരതേതിഹാസത്തിനു ‘ജയം’ എന്ന ഖ്യാതി നേടിക്കൊടുത്തതു്; ‘യതോ ധര്‍മ്മഃ സ്തതോ ജയഃ’ എന്ന ആദര്‍ശവാക്യം ഉരുത്തിരിച്ചെടുത്തതു്.
അതുകൊണ്ടു്, ശ്രേയസ്സിനു വേണ്ടി നാം പൂജ്യപൂജ ചെയ്‌തേ പറ്റൂ. അതിൻ്റെ സദ്ഫലങ്ങളുടെ ആകെത്തുകയാണു നാം സാധാരണ പറയുന്ന ‘ഗുരുത്വം’ എന്ന വിശിഷ്ടഗുണം. ഗുരുത്വമില്ലാത്തവനെയാണല്ലോ നാം ‘കുരുത്തം കെട്ടവന്‍’ എന്നാക്ഷേപിക്കുന്നതു്. ശ്രേയോമാര്‍ഗ്ഗങ്ങള്‍ അവനു നേരെ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ടു്, തിരക്കുപിടിച്ച ജീവിതമാകുന്ന നെട്ടോട്ടത്തില്‍ നാം ആധുനിക ദിലീപന്മാരായി മാറി ‘മഹത്‌സാന്നിദ്ധ്യ’ങ്ങളെ അവഗണിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടു്.
തിരുവനന്തപുരത്തു് ഒരു പ്രമോഷനോ മറ്റോ തരപ്പെടുത്താനുള്ള
കുതിപ്പില്‍ 'അമ്മയുടെ സാന്നിദ്ധ്യം' കൊല്ലത്തു
വള്ളിക്കാവിലുണ്ടെന്നു നാം മറക്കാതിരിക്കുക.
ഔദ്ദ്യോഗികജീവിതത്തിലുള്ളതിനെക്കാള്‍ വലിയൊരു
'പ്രമോഷന്‍' നമുക്കു നേടിയെടുക്കേണ്ടതുണ്ടു്. ആ പ്രമോഷന്‍
പ്ര 'മോക്ഷം' എപ്പോഴാണു്, എവിടെ വച്ചാണു ലഭിക്കുക
എന്നറിയില്ല!
'ക്ഷണേന ലഭ്യതേ ബ്രഹ്മ
സദ്ഗുരോരവലോകനാത്'
സദ്ഗുരുവിൻ്റെ ഏതു ദര്‍ശന വേളയിലും ഈ സത്യം
സാക്ഷാത്കരിക്കപ്പെടാം. എന്നാല്‍ വള്ളിക്കാവില്‍നിന്നും
ശാപോക്തികള്‍ ഒരിക്കലും നമ്മെ പിന്തുടരുന്നില്ല.
അവിടെനിന്നും മാതൃത്വത്തിൻ്റെ അനുഗ്രഹ ശീതളിമ
സദാ നമ്മെ അനുഗമിക്കുന്നു.