ആന്‍ ഡ്രിസ്‌കോള്‍, യു.എസ്.എ.

അതൊരു വെള്ളിയാഴ്ചയായിരുന്നു. 2000 ജൂലായ് 14. സമയം വൈകുന്നേരം 5:45 ആയിക്കാണും. ജോലിയെല്ലാമൊതുക്കി അവധിദിവസങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴാണു് ആ ഫോണ്‍ സന്ദേശം വന്നതു്. ഞാന്‍ ജോലി ചെയ്യുന്ന ‘പീപ്പിള്‍ മാഗസീനി’ലെ ചീഫു് ആണു വിളിച്ചതു്. അടുത്ത തിങ്കളാഴ്ച ബോസ്റ്റണില്‍ വരുന്ന ഒരു സ്ത്രീയെക്കുറിച്ചു് ഒരു ഫീച്ചര്‍ തയ്യാറാക്കാമോ എന്നാണു ചോദിക്കുന്നതു്; ദിവസം മുഴുവന്‍ വിശ്രമമില്ലാതെ മുന്നിലെത്തുന്നവരെയെല്ലാം ആലിംഗനം ചെയ്യുന്ന ഒരു സ്ത്രീ!

അമ്മ ബോസ്റ്റണിൽ

ഞാന്‍ ഉടന്‍ സമ്മതിച്ചു. അതൊരു ബുദ്ധിമുട്ടുള്ള കാര്യമാകാന്‍ വഴിയില്ല. അവരേതോ ഒരു മനോരോഗവിദഗ്ദ്ധയാകാനാണു സാദ്ധ്യത. ആലിംഗനം അവരുടെയൊരു ചികിത്സാരീതി ആയിരിക്കണം. ഈ സ്ത്രീയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കെ മാഗസിനില്‍നിന്നു് ഒരു വിവരം കൂടി കിട്ടി, അവരുടെ പേരു് ‘അമ്മ’യെന്നാണു്.

അവരുടെ പേരു് അമ്മയെന്നു മാത്രമാണോ? ബോസ്റ്റണില്‍ അവര്‍ എവിടെയാണു വരുന്നതു്? അവരുമായിട്ടെങ്ങനെയാണു ബന്ധപ്പെടേണ്ടതു്…? ഒരു വിവരവുമില്ല. ഓഫീസില്‍ വിളിച്ചു് അന്വേഷിക്കാമെന്നുവച്ചാല്‍ അവിടെ ആരുമില്ല. ചുരുക്കത്തില്‍ എനിക്കറിയാവുന്നതു് ഇത്ര മാത്രം; അടുത്ത തിങ്കളാഴ്ച ബോസ്റ്റണിലെവിടെയോ കാണുന്നവരെയെല്ലാം ആലിംഗനം ചെയ്യു ന്ന ഒരു സ്ത്രീ വരും.

അവരെക്കുറിച്ചു ഞാനൊരു ഫീച്ചര്‍ തയ്യാറാക്കണം. പക്ഷേ, ഈ വിവരം മാത്രം വച്ചു് എങ്ങനെയാണു ഞാനതു ചെയ്യുക?വെബ്‌സൈറ്റില്‍ ‘അമ്മ’യെക്കുറിച്ചു് എന്തെങ്കിലും കിട്ടുമോ എന്നു് അന്വേഷിച്ചപ്പോള്‍ എനിക്കു് അമ്മയുടെ സൈറ്റ് കിട്ടി. അങ്ങനെയാണു ഞാന്‍ മനസ്സിലാക്കിയതു് ,അമ്മ ഒരു സൈക്കോളജിസ്റ്റല്ല! അവര്‍ ഒരു സാധാരണ സ്ത്രീ പോലുമല്ല.

ഭാരതത്തില്‍ അവരെ ഒരു മഹാത്മാവായാണു പലരും കാണുന്നതു്. ഒരു സാധാരണ മനുഷ്യനു ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണു് അവര്‍ ചെയ്യുന്നതു്. ദിവസവും അന്‍പതിനായിരം പേര്‍ക്കെങ്കിലും അവര്‍ ആഹാരം കൊടുക്കുന്നുണ്ടു്. സ്‌കൂളുകളും ഹോസ്പിറ്റലുകളും അനാഥാലയങ്ങളും പണിതിട്ടുണ്ടു്. അനേകം പേര്‍ക്കു് അഭയം കൊടുത്തിട്ടുണ്ടു്.

കേള്‍ക്കുന്നവര്‍ക്കു മനസ്സിലാകാത്തതോ വിരസമോ ആയ തത്ത്വങ്ങളൊന്നും അമ്മ പറയുന്നില്ല. മറ്റുള്ളവര്‍ക്കു്, ലോകത്തിനു നന്മ ചെയ്യണമെന്നു മാത്രമാണു് അമ്മ പറയുന്നതു്. ലോകം മുഴുവന്‍ സ്നേഹത്തിൻ്റെ സന്ദേശം പരത്തി, കാണുന്നവരെയൊക്കെ കാരുണ്യ പൂര്‍വ്വം തന്നിലേക്കണച്ചുകൊണ്ടു് അമ്മ സഞ്ചരിക്കുന്നു.

അവസാനമായി ഒരു കാര്യം കൂടി ഞാന്‍ കണ്ടുപിടിച്ചു. അമ്മ ബോസ്റ്റണില്‍ വരുന്നേയില്ല! ബോസ്റ്റണില്‍നിന്നും 20 മൈല്‍ വടക്കുള്ള ഒരു പട്ടണത്തിലാണു് അമ്മ വരുന്നതു്. അവിടെയുള്ള ഒരു ഹോട്ടലിലാണു് അമ്മയുടെ പ്രോഗ്രാം. ഞാന്‍ ആ ഹോട്ടലില്‍ വിളിച്ചു ചോദിച്ചു. അവിടെ അമ്മ എന്ന പേരില്‍ ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്താണു ഞാന്‍ അന്വേഷിക്കുന്നതെന്നു് അവര്‍ ക്കു് ഒരു പിടിയും കിട്ടുന്നില്ല.

അമ്മയുടെ വെബ്‌സൈറ്റിലുള്ള അഡ്രസ്സില്‍ ഇമെയിലിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഒരു മറുപടിയുമില്ല. ശനിയാഴ്ച കഴിഞ്ഞു, ഞായറാഴ്ചയായി. ഞാന്‍ വെപ്രാളപ്പെടാന്‍ തുടങ്ങി. തിങ്കളാഴ്ച രാവിലെ ഒരു ഫോട്ടോഗ്രാഫറുമായി അമ്മയുടെ പ്രോഗ്രാം സ്ഥലത്തു് എത്തേണ്ടതാണ്. എന്നാല്‍ ഞായറാഴ്ചയായിട്ടു പോലും അമ്മയുടെ സംഘടനയിലെ ആരുമായും ബന്ധപ്പെടാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഞാനെന്തു ചെയ്യും?

അവസാനം ഞാനൊരു തീരുമാനമെടുത്തു. ആ ഹോട്ടലില്‍ നേരിട്ടു ചെല്ലുക, അമ്മയുടെ ആളുകളെ ആരെയെങ്കിലും കാണാന്‍ പറ്റുമോയെന്നു നോക്കുക. അങ്ങനെ ഞായറാഴ്ച രാത്രി 7:30 ആയപ്പോള്‍ ഞാന്‍ ഹോട്ടലില്‍ എത്തി. ഹോട്ടല്‍ ലോബിയിലെത്തിയപ്പോള്‍ എനിക്കു സമാധാനമായി. അവിടെയതാ വെള്ള സാരിയുടുത്ത രണ്ടുപേര്‍. അവര്‍ അമ്മയുടെ ആളുകളായിരിക്കുമെന്നുള്ള എൻ്റെ ഊഹം തെറ്റിയില്ല.

സ്വയം പരിചയപ്പെടു ത്തിയതിനു ശേഷം ഞാന്‍ അവരെക്കുറിച്ചു് അന്വേഷിച്ചു. അവരില്‍ ഒരാള്‍ ഇരുപതു വര്‍ഷമായി അമ്മയുടെ കൂടെയുണ്ടു്, മറ്റെയാള്‍ അഞ്ചു വര്‍ഷവും. അവരില്‍ നിന്നും അമ്മയെപ്പറ്റി കൂടുതല്‍ ഞാന്‍ ചോദിച്ചറിഞ്ഞു; കുട്ടിക്കാലത്തു് അമ്മ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും മറ്റുള്ളവരോടു കാണിച്ചിരുന്ന കാരുണ്യത്തെക്കുറിച്ചും അമ്മയുടെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ അങ്ങനെ ഞാന്‍ മനസ്സിലാക്കി.

ഞാന്‍ തിരിച്ചു പോരുമ്പോള്‍ എൻ്റെ കൈയില്‍ മുന്നൂറു പേജുള്ള അമ്മയുടെ ജീവചരിത്രവും രണ്ടു വിഡിയോകളുമുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ രാത്രി പതിനൊന്നു മണി. എനിക്കുറക്കം വന്നതേയില്ല. പരീക്ഷയ്ക്കു പഠിക്കുന്ന ഒരു കോളേജു വിദ്യാര്‍ത്ഥിനിയുടെ മനോഭാവമായിരുന്നു എനിക്കു്. ഒരു രാത്രികൊണ്ടു കൈയിലുള്ള വിഡിയോകളും പുസ്തകവുമുപയോഗിച്ചു അമ്മയെക്കുറിച്ചെല്ലാം മനസ്സിലാക്കണം.

സമയം കളഞ്ഞില്ല, വിഡിയോ കണ്ടുകൊണ്ടു് ഞാന്‍ അമ്മയുടെ ജീവചരിത്രം വായിക്കാന്‍ തുടങ്ങി. ഇതു രണ്ടും കൂടി ഒന്നിച്ചു ചെയ്യുന്നതു ശരിയല്ല എന്നെനിക്കു് അറിയാമായിരുന്നു. പക്ഷേ, എന്തുചെയ്യാം ഒരേ സമയത്തു പല കാര്യങ്ങള്‍ ചെയ്യുക, എന്നിട്ടു ചെയ്യുന്നതിലൊന്നും പൂര്‍ണ്ണത ഇല്ലാതാകുക, ഇതു് എൻ്റെ സ്വഭാവമായിത്തീര്‍ന്നിരുന്നു.

ടിവിയില്‍ സീരിയല്‍ കാണുന്ന സമയത്തുതന്നെ ഞാന്‍ ന്യൂസ് പേപ്പര്‍ വായിക്കും, അപ്പോള്‍ തന്നെ ചാനല്‍ മാറ്റി ന്യൂസ്‌പ്രോഗ്രാം കാണും. അതുകൊണ്ടു്, കാണുന്നതും വായിക്കുന്നതുമൊന്നും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പറ്റാറില്ല. എന്നാല്‍ ഇന്നു് എനിക്കു് അങ്ങനെ ചെയ്യാതെ നിവൃത്തിയില്ലായിരുന്നു. പിറ്റേദിവസം അമ്മയെ ഇൻ്റർവ്യൂ ചെയ്യേണ്ടതാണല്ലോ.

പിറ്റേദിവസം നേരത്തെ ഞാന്‍ ഹോട്ടലില്‍ എത്തി. അവിടത്തെ കാഴ്ച കണ്ടു ഞാന്‍ അദ്ഭുതപ്പെട്ടു പോയി. ആ സമയത്തു് അവിടെ ഒരു രണ്ടായിരം പേരെങ്കിലും കൂടിയിട്ടുണ്ടാകും, അമ്മയെ സ്വീകരിക്കാന്‍.

അമ്മയെ ഇൻ്റർവ്യൂ ചെയ്യാനുള്ള ഒരവസരം ഒരുക്കിത്തരാമോ എന്നു് അവിടെയുള്ള ഒരു സ്വാമിജിയോടു ഞാന്‍ അപേക്ഷിച്ചു. അമ്മ ഇംഗ്ലീഷു് സംസാരിക്കില്ല. അതുകൊണ്ടു് അമ്മയോടുള്ള ചോദ്യങ്ങള്‍ എഴുതി കൊടുത്താല്‍ അതു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു് അമ്മയോടു ചോദിക്കാമെന്നു സ്വാമിജി സമ്മതിച്ചു. അതൊരു വലിയ ഉപകാരമായി എനിക്കു തോന്നി.

എന്നാല്‍ എൻ്റെ പ്രശ്‌നങ്ങള്‍ തീര്‍ന്നിരുന്നില്ല. ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങിയപ്പോഴാണു ഞാന്‍ ചിന്തിച്ചതു്. അമ്മയോടു് എന്താണു ചോദിക്കുക? ഈശ്വരനെ എങ്ങനെയാണു് ഇൻ്റര്‍വ്യൂ ചെയ്യുക? എങ്ങനെയൊക്കെയോ ഞാന്‍ കുറച്ചു ചോദ്യങ്ങള്‍ തയ്യാറാക്കി സ്വാമിജിയെ ഏല്പിച്ചു.

അമ്മ ദര്‍ശനം കൊടുത്തു കൊണ്ടിരിക്കയാണു്. സ്വാമിജിയും ഞാനും അമ്മയുടെ ഇരിപ്പിടത്തിനു വലതു വശത്തു മുട്ടുകുത്തി ഇരുന്നു. സ്വാമിജി ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചു; അമ്മയുടെ മറുപടി ഉടന്‍തന്നെ വിവര്‍ത്തനം ചെയ്തു് എന്നോടു പറയുകയും ചെയ്തു. എൻ്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്ന സമയത്തും അമ്മ ദര്‍ശനം കൊടുത്തുകൊണ്ടിരിക്കയാണു്.

എൻ്റെ അവസാനത്തെ ചോദ്യം ഇതായിരുന്നു, ”ലോകം എങ്ങനെയാകണമെന്നാണു് അമ്മ ആഗ്രഹിക്കുന്നതു്?”

ഉടന്‍ വന്നു ഉത്തരം. ”ലോകത്തില്‍ എല്ലാവരും ജാഗ്രതയുള്ളവരായിരിക്കണം, ഈ നിമിഷത്തില്‍ ജീവിക്കുന്നവരായിരിക്കണം. ഒരു പാലം പണിയണമെങ്കില്‍ ആദ്യം ബ്ലൂപ്രിൻ്റ് വരയ്ക്കും. അപ്പോള്‍ വരയ്ക്കുന്നതു ശ്രദ്ധിക്കണം. അതിനുശേഷം പാലം പണിയുമ്പോള്‍ പണി ശ്രദ്ധിക്കണം.” അമ്മ ഒരു നിമിഷം ദര്‍ശനം നിര്‍ത്തി, എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടു തുടര്‍ന്നു, ”എന്തെങ്കിലും വായിക്കുന്ന സമയത്തു ടെലിവിഷന്‍ കാണുന്നതു ശരിയല്ല.”

എനിക്കു നെഞ്ചിലൊരു കുത്തേറ്റതുപോലെ തോന്നി. അമ്മയ്ക്കു് എന്നെക്കുറിച്ചു് എല്ലാം അറിയാമെന്നോ! ഒരേ സമയം ചിരിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും ഞാന്‍ താഴേക്കിരുന്നുപോയി. കുറച്ചു സമയത്തേക്കു് എനിക്കു മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അമ്മ ഇടയ്ക്കിടയ്ക്കു് എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. എൻ്റെ വിസ്മയം ഒന്നടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ വേച്ചു കൊണ്ടെണീറ്റു, പിറുപിറുത്തു കൊണ്ടു് അമ്മയോടു നന്ദി പറഞ്ഞു, അവിടെനിന്നും ഒഴിഞ്ഞു മാറിപ്പോയി.

അമ്മയെക്കുറിച്ചു കൂടുതല്‍ അറിയണം എന്നെനിക്കു തോന്നി. മറ്റുള്ളവരുടെ അനുഭവം അറിയാനായി കുറച്ചുപേരെക്കൂടി ഞാന്‍ ഇൻ്റര്‍വ്യൂ ചെയ്തു. വളരെ അദ്ഭുതകരമായ കഥകളാണു ഞാന്‍ കേട്ടതു്, എന്നാല്‍ അവിശ്വസിക്കേണ്ടതായി ഒന്നുമില്ല താനും.

വളരെ കാലമായി ഞാനൊരു റിപ്പോര്‍ട്ടറായി ജോലി നോക്കുന്നു. അനേകം പേരെ ഇൻ്റര്‍വ്യൂ ചെയ്തിട്ടുമുണ്ടു്. എന്നാല്‍ ഇതു പോലെ, ഇത്രയും വിശിഷ്ടമായ ഒരനുഭവം ആദ്യമായിട്ടാണു്. നേരിട്ടൊരനുഭവം ലഭിച്ചില്ലായിരുന്നെങ്കില്‍ അമ്മയെപ്പോലൊരു മഹാത്മാവിനെ ഞാനും സംശയിച്ചുപോയേനെ.

അടുത്ത വര്‍ഷവും അമ്മ അതേ പട്ടണത്തില്‍ അതേ ഹോട്ടലില്‍ വന്നു. അപ്പോഴും ഞാനവിടെയുണ്ടായിരുന്നു. ഇത്തവണ റിപ്പോര്‍ട്ടറായിട്ടല്ല, അമ്മയുടെ മകളായിട്ടു്.

തിരുവോണമെന്നത് മലയാളിക്ക് എന്നും മധുരിക്കുന്ന ഒരു അനുഭവമാണ്, മധുരിക്കുന്ന ഒരു ഓര്‍മ്മയാണ്. എങ്കിലും ഇത്തവണ തിരുവോണ നാളില്‍ മക്കളോടൊപ്പം ഇരിക്കുമ്പോള്‍ അമ്മയ്ക്ക് പൂര്‍ണ്ണമായും ഉള്ളില്‍ സന്തോഷം നിറയുന്നില്ല. കാരണം വര്‍ഷങ്ങളായി അമ്മയോടൊപ്പം തിരുവോണം ആഘോഷിക്കാന്‍ ഓടിയെത്താറുള്ള ഒരുപാട് മക്കള്‍ക്ക് ഇത്തവണ വരാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അമ്മയുടെ മനസ്സ് അവരോടൊപ്പമാണ്, അവരുടെ കൂടെയാണ്.

കാലത്തിൻ്റെ ഗതി നമ്മളെല്ലാം അനുസരിച്ചേ മതിയാകൂ, അതിലും ഒരു നന്മയുണ്ട് എന്ന് നമുക്ക് സമാധാനിക്കാം. അമ്മയുടെ എല്ലാ മക്കളുടേയും മുഖങ്ങള്‍ മനസ്സില്‍ കണ്ടു കൊണ്ട് അവര്‍ക്കും കൂടി വേണ്ടി അമ്മ ഈ തിരുവോണനാളില്‍ ഒത്തു ചേരുകയാണ്.
എല്ലാ മനുഷ്യര്‍ക്കും വാര്‍ദ്ധക്യം വരും. എന്നാല്‍ മലയാളികളെ സംബന്ധിച്ച് ഒരിക്കലും വാര്‍ദ്ധക്യം വരാത്ത, ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത ഒന്നാണ് ഓണം. അങ്ങിനെയാണ് ഓണത്തെക്കുറിച്ചുള്ള നമ്മുടെയെല്ലാം സങ്കല്പം.

വൃദ്ധനായ ഒരാള്‍ പോലും തിരുവോണനാളില്‍ അറിയാതെ ഒരു കൊച്ചുകുട്ടിയായി മാറുന്നു. നാളെയെക്കുറിച്ച് ചിന്തയില്ലാതെ എല്ലാവരും സന്തോഷിക്കുന്ന, വിദ്വേഷങ്ങളെല്ലാം മറന്ന് സ്‌നേഹം പങ്കിടുന്ന ഒരു വശ്യത ഓണത്തിനുണ്ട്. അമ്മ എപ്പോഴും പറയാറുണ്ട്, മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഈശ്വരനും എല്ലാം ഒരു പോലെ പങ്കുചേരുന്ന ഒരു ആഘോഷമാണ് ഓണം എന്നു്.

അടിസ്ഥാനപരമായി ഓണം അന്നും ഇന്നും എന്നും ഒന്നുതന്നെ. ഓണത്തിൻ്റെ സന്ദേശം സ്‌നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും സമൃദ്ധിയുടെയും ഭക്തിയുടെയും ഉത്സാഹത്തിൻ്റെയും സന്ദേശമാണ്. എല്ലാ ദുഃഖങ്ങളുടെ നടുവിലും സന്തോഷം സ്വയം ഉണ്ടാക്കാന്‍ കഴിയും എന്നതാണ് ഓണം നല്‍കുന്ന എറ്റവും കാതലായ സന്ദേശം.

ഇന്നീ കൊറോണക്കാലത്തും ഓണം ഏറ്റവും പ്രസക്തമാണ്. കൊറോണയുടെ നടുവിലും സന്തോഷവും ഉത്സാഹവും സൃഷ്ടിക്കാനും നാളെയെക്കുറിച്ച് ശുഭപ്രതീക്ഷകളും സ്വപ്നങ്ങളും നെയ്യാനും ഓണം നമ്മെ മാടി വിളിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും ഒരുപാട് ബുദ്ധിമുട്ടുകളുമുണ്ട്. പഴയതുപോലെ കുടുംബക്കാര്‍ക്കും ദൂരെയുള്ള ബന്ധുക്കള്‍ക്കും ഒത്തുചേരാന്‍ കഴിയില്ല. അമ്മയും അച്ഛനും മക്കളും എല്ലാവരും കൂടി കടകളില്‍ പോയി സാധനങ്ങള്‍ ആഘോഷപൂര്‍വ്വം വാങ്ങുന്നതു ഇത്തവണ സാദ്ധ്യമല്ല. കുട്ടികള്‍ക്ക് പൂവ് തേടി നാടും പറമ്പും അലയാന്‍ പറ്റില്ല.

എങ്കിലും ഇപ്പോഴാണ് ഓണത്തിൻ്റെ സന്ദേശം നമുക്ക് ഏറ്റവും ആവശ്യമുള്ളത്. കാരണം ഉള്ളതുകൊണ്ട് സന്തോഷിക്കാന്‍, എല്ലാവരും പരസ്പരം സ്‌നേഹം പങ്കിടാന്‍, ദുഃഖങ്ങള്‍ മറക്കാന്‍, നല്ലതു പ്രതീക്ഷിക്കാന്‍, നല്ല നാളെയെക്കുറിച്ച് സ്വപ്നം കാണാന്‍, ഓണം നമ്മെ പഠിപ്പിക്കുന്നു. അതുമാത്രമല്ല ത്യാഗത്തിൻ്റെയും ഭക്തിയുടെയും ഈശ്വര സമര്‍പ്പണത്തിൻ്റെയും സന്ദേശം കൂടി ഓണം നമുക്കു നല്‍കുന്നു.

ആ വിശ്വാസം, ശുഭപ്രതീക്ഷ, ആ സന്തോഷം, ആഹ്‌ളാദം, ഉത്സാഹം അതാണ് ഇന്ന് നമുക്ക് ഏറ്റവും ആവശ്യം. അതിനെ ഉണര്‍ത്താനും വീണ്ടെടുക്കാനും നമുക്ക് ഒരുമിച്ച് ശ്രമിക്കാം. വാസ്തവത്തില്‍ സന്തോഷമെന്നത് മറ്റെവിടെനിന്നും കിട്ടുന്നതല്ല. നമ്മള്‍ തന്നെ ഉണ്ടാക്കുന്നതാണെന്ന് തിരിച്ചറിയാണുള്ള അവസരമാണിത്.

എന്തും വരട്ടെ ഞാന്‍ സന്തോഷിക്കും എന്ന് ഉറച്ച് തീരുമാനിക്കുന്ന ഒരാളെ ദുഃഖിപ്പിക്കാന്‍ പ്രപഞ്ചത്തിലെ ഒരു ശക്തിയ്ക്കും സാദ്ധ്യമല്ല. അതിനാല്‍ നമ്മള്‍ സന്തോഷവും സ്‌നേഹവും നുകരുക, പങ്കുവയ്ക്കുക. സ്‌നേഹത്തില്‍ ഐക്യത്തില്‍ ഭക്തിയില്‍ നമ്മള്‍ ഒരു മനസ്സായി ഒന്നായി തീരുക. അതാണ് അമ്മയ്ക്കു പറയാനുള്ളത്. തിരുവോണം നമുക്കെല്ലാം ആഘോഷിക്കാനുള്ള അവസരമാണ്. എന്നാല്‍ ആഘോഷത്തിനുവേണ്ടി നമ്മള്‍ സംസ്‌കാരത്തെ കൈവെടിയരുത് നന്മയിലേക്ക് നയിക്കുന്ന ആഘോഷം മാത്രമേ ശരിയായ ആഘോഷമാവുകയുള്ളൂ.

ഓണത്തിൻ്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് പൂക്കളം. അനേകംപേരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കലാപാടവവും ഒത്തുചേരുമ്പോഴാണ് ഒരു നല്ല പൂക്കളം വിരിയുന്നത്. അതുപോലെ നമ്മുടെയെല്ലാം കൂട്ടായ പ്രയത്‌നത്തിലൂടെ സ്‌നേഹത്തിലൂടെ ഐക്യത്തിലൂടെ എല്ലാവരുടെയും ഹൃദയങ്ങളില്‍ മനോഹരമായ പൂക്കളങ്ങള്‍ വിരിയട്ടെ. എങ്ങും സ്നേഹവും സന്തോഷവും, സമൃദ്ധിയും പുലരട്ടെ. അതിന് കൃപ അനുഗ്രഹിക്കട്ടെ.

തിരുവോണസന്ദേശം 2020

ഉഷ്ണ മൂലം പരുന്തുകള്‍ വിണ്ണില്‍
‘കൃഷ്ണാ പാഹി’യെന്നുച്ചരിക്കുമ്പോള്‍,
കൃഷ്ണന്‍കുട്ടി മുലകുടിക്കുമ്പോള്‍
കൃഷ്ണപ്പാട്ടമ്മ നോക്കിവായിപ്പൂ,
കൃഷ്ണപ്പാട്ടമ്മ നോക്കിവായിക്കേ
കൃഷ്ണന്‍കുട്ടിയുടെ ചോദ്യമുദിച്ചു.

”ആനകദുന്ദുഭിക്കര്‍ത്ഥമെന്തമ്മേ,
ആനയ്ക്കു കുഞ്ഞിക്കണ്ണായതെന്തമ്മേ,
കുതിരയ്ക്കു കൊമ്പു വരാത്തതെന്തമ്മേ,
മുതിരയ്ക്കു മോരിണങ്ങാത്തതെന്തമ്മേ?”

കൃഷ്ണപ്പാട്ടു മടക്കിവച്ചമ്മ
കൃഷ്ണന്‍കുട്ടിക്കൊരുമ്മ കൊടുക്കേ
കൃഷ്ണന്‍കുട്ടിയില്ലമ്മയുമില്ല
‘കൃഷ്ണാ പാഹി’ യായ്ത്തീര്‍ന്നു സര്‍വ്വസ്വം.

അക്കിത്തം

മക്കളേ, ഈശ്വരനോടു പ്രേമം വന്നുകഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും ചിന്തിക്കുവാന്‍ കഴിയില്ല. ‘ഞാന്‍ എത്ര വര്‍ഷമായി ക്ഷേത്രത്തില്‍ പോകുന്നു, പൂജ ചെയ്യുന്നു, ഈശ്വരനെ വിളിക്കുന്നു. എന്നിട്ടും ദുഃഖം ഒഴിഞ്ഞ സമയമില്ല’ എന്നാരെങ്കിലും പറയുന്നുവെങ്കില്‍ അവര്‍ ഇത്രയുംകാലം ഈശ്വരനെ വിളിച്ചിട്ടില്ല. അവരുടെ മനസ്സില്‍ മറ്റെന്തോ ആയിരുന്നു എന്നേ അമ്മ പറയുകയുള്ളൂ. കാരണം ഈശ്വരനോടു പ്രേമം വന്നവനു പിന്നെ ദുഃഖമില്ല.

ഈശ്വരപ്രേമം = ആനന്ദം

ഈശ്വര പ്രേമത്തില്‍ മുഴുകിയവൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്. അവനു ദുഃഖത്തെക്കുറിച്ചും മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ സമയമെവിടെ? എവിടെയും ഏവരിലും അവന്‍ തൻ്റെ ഇഷ്ടമൂര്‍ത്തിയെ മാത്രമാണു കാണുന്നതു്. ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ അതു് അവിടുത്തോടു പ്രേമം കിട്ടാന്‍ വേണ്ടി ആയിരിക്കണം. ഏതെങ്കിലും വസ്തുലാഭത്തിനു വേണ്ടിയാകരുതു്.

ഈശ്വരപ്രേമത്തെക്കുറിച്ചു പറയുമ്പോള്‍ അമ്മ ഓര്‍ക്കുന്നതു്, വിദുരപത്‌നിയുടെ കാര്യമാണു്. വിദുരരും അദ്ദേഹത്തിൻ്റെ പത്‌നിയും ഭഗവാൻ്റെ വലിയ ഭക്തരായിരുന്നു. ഒരിക്കല്‍ വിദുരര്‍ ഭഗവാനെ തൻ്റെ ഗൃഹത്തിലേക്കു ക്ഷണിച്ചു. അവര്‍ ഭഗവാന്‍ വരുന്ന ദിവസവും സമയവും കാത്തിരിക്കുകയാണു്. എന്തുചെയ്യുമ്പോഴും ഭഗവാനെക്കുറിച്ചുള്ള ചിന്തമാത്രം, ഭഗവാന്‍ വരുമ്പോള്‍ എങ്ങനെ സ്വീകരിക്കണം, എന്തൊക്കെ നല്കണം, എന്തൊക്കെ പറയണം എന്നെല്ലാം ഭാര്യയും ഭര്‍ത്താവും ഓര്‍ത്തോര്‍ത്തിരിക്കുകയാണു്.

അങ്ങനെ ഭഗവാന്‍ വരേണ്ട ദിവസമായി. രണ്ടുപേരുംകൂടി ഭഗവാനെ സ്വീകരിക്കുവാന്‍ വേണ്ടതെല്ലാം ഒരുക്കിവച്ചു. ഭഗവാന്‍ എത്തേണ്ട സമയമടുത്തു. വിദുരപത്‌നി വേഗം കുളിച്ചുവരുന്നതിനായി പോയി. ആ സമയത്തുതന്നെ ഭഗവാനും എത്തി. ഒരു തോഴി ചെന്നു ഭഗവാന്‍ വന്ന വിവരം അവരെ അറിയിച്ചു. പിന്നെ താമസമുണ്ടായില്ല. കേട്ടപാതി, കേള്‍ക്കാത്തപാതി, കുളിച്ചുനിന്ന അതേപടി ആ ഭക്ത ‘കൃഷ്ണാ… കൃഷ്ണാ… കൃഷ്ണാ…’ എന്നു വിളിച്ചുകൊണ്ടു ഭഗവാൻ്റെ സമീപത്തേക്കു് ഓടിവന്നു. താന്‍ കുളിച്ചുകൊണ്ടു നില്ക്കുകയായിരുന്നു എന്ന കാര്യംതന്നെ മറന്നുപോയിരുന്നു.

അവര്‍ പെട്ടെന്നു പോയി പഴങ്ങള്‍ എല്ലാം എടുത്തുകൊണ്ടുവന്നു. പീഠം കൊണ്ടുവന്നുവച്ചു. ‘കൃഷ്ണാ… കൃഷ്ണാ… കൃഷ്ണാ…’ എന്നു വിളിച്ചുകൊണ്ടാണു് ഇതൊക്കെ ചെയ്യുന്നതു്. ഭക്തികൊണ്ടു് എല്ലാം മറന്നു. അവസാനം ഭഗവാനു് ഇരിക്കാന്‍വച്ച പീഠത്തില്‍ അവര്‍തന്നെ കയറിയിരുന്നു. ഭഗവാന്‍ താഴെയുമിരുന്നു. അവര്‍ ഇതൊന്നുമറിയുന്നില്ല. പിന്നെ പഴം തൊലിയുരിഞ്ഞു ഭഗവാനു നല്കാന്‍ തുടങ്ങി. പക്ഷേ, തൊലിയാണു ഭഗവാനു നല്കിയതെന്നു മാത്രം. പഴം താഴെ കളഞ്ഞു, തൊലി ഭഗവാൻ്റെ വായിലും വച്ചുകൊടുത്തു. അവിടുന്നാകട്ടെ പുഞ്ചിരിക്കുന്ന മുഖത്തോടെ വളരെ സ്വാദോടെ അതു കഴിച്ചുകൊണ്ടിരുന്നു.

ആ സമയത്താണു ഭഗവാന്‍ എത്തിയ വിവരമറിഞ്ഞു വിദുരര്‍ കയറിവരുന്നതു്. അവിടത്തെ ആ കാഴ്ച കണ്ടു് അദ്ദേഹം അമ്പരന്നു. ഭാര്യ കുളിച്ചപടി ഭഗവാൻ്റെ മുന്നില്‍ ഇരിക്കുന്നു. അതും ഭഗവാനെ തറയില്‍ ഇരുത്തിയിട്ടു് ഉയര്‍ന്ന പീഠത്തിലും! അടുത്ത കാഴ്ച കണ്ട അദ്ദേഹത്തിനു സ്വന്തം കണ്ണുകളെക്കൂടി വിശ്വസിക്കാനായില്ല. തൻ്റെ ഭാര്യ പഴം ദൂരെക്കളഞ്ഞിട്ടു തൊലി ഭഗവാനെ തീറ്റിക്കുന്നു. അവിടുന്നാണെങ്കില്‍ യാതൊന്നുമറിയാത്തപോലെ അതു ഭക്ഷിക്കുന്നു.

വിദുരനു കലി വന്നു, ”ഓ, ദ്രോഹി നീ എന്താണീ ചെയ്യുന്നതു്?” വിദുരര്‍ ഭാര്യയുടെ നേരെ കയര്‍ത്തു. ഭര്‍ത്താവിൻ്റെ ഒച്ച കേട്ടാണു വിദുരപത്‌നിക്കു ബാഹ്യബോധം വന്നതു്. അപ്പോള്‍ മാത്രമാണു തൻ്റെ അവസ്ഥയെക്കുറിച്ചും ചെയ്തികളെക്കുറിച്ചും അവരറിയുന്നതു്. അവര്‍ വേഗം അവിടെനിന്നും പോയി അലക്കിയ വസ്ത്രങ്ങള്‍ ധരിച്ചു തിരിച്ചുവന്നു. വിദുരരും പത്‌നിയും കൂടി നേരത്തെ നിശ്ചയിച്ചപ്രകാരം ഭഗവാനെ പീഠത്തില്‍ ഇരുത്തി പാദപൂജ നടത്തി. തയ്യാറാക്കിവച്ചി രുന്ന നാനാവിധ വിഭവങ്ങള്‍ നല്കി. നല്ല പഴം നോക്കി ശ്രദ്ധാപൂര്‍വ്വം തൊലികളഞ്ഞു ഭഗവാനു കൊടുത്തു.

എല്ലാം കഴിഞ്ഞപ്പോള്‍ ഭഗവാന്‍ പറഞ്ഞു, ”നിങ്ങള്‍ ആചാരപ്രകാരം പലതും ചെയ്തുവെങ്കിലും അവയൊന്നും എനിക്കാദ്യം കിട്ടിയ സ്വീകരണത്തിൻ്റെയത്രയും ആയില്ല. എന്തൊക്കെ തന്നുവെങ്കിലും നേരത്തെ കിട്ടിയ പഴത്തൊലിയോളം സ്വാദു് അതിനൊന്നിനും ഇല്ലായിരുന്നു.” കാരണം വിദുരപത്‌നി തന്നെത്തന്നെ മറന്നുകൊണ്ടാണു് അതു ഭഗവാനു നല്കിയതു്.

മക്കളേ, അതാണു വേണ്ടതു്. ഭഗവാൻ്റെ മുന്നില്‍ നാം നമ്മെത്തന്നെ മറക്കണം. അവിടെ പിന്നെ രണ്ടില്ല. ഞാനും നീയുമില്ല. അതിനാല്‍ ഒരാചാരത്തിൻ്റെയും ആവശ്യം വരുന്നില്ല. ആചാരമെല്ലാം രണ്ടെന്ന ഭാവം കളയാനാണു്, അങ്ങനെയുള്ള പ്രേമമാണു നമുക്കു ഭഗവാനോടുണ്ടായിരിക്കേണ്ടതു്. അവിടുത്തെക്കവിഞ്ഞു മറ്റൊന്നിനും ഹൃദയത്തില്‍ സ്ഥാനമുണ്ടാകാന്‍ പാടില്ല.

നദിക്കു് അക്കരെ ഇക്കരെ രണ്ടു കര തോന്നും. എന്നാല്‍ അടിത്തട്ടു് ഒന്നാണു്. അതുപോലെ ഭഗവാന്‍ ഭക്തന്‍, ഗുരു ശിഷ്യന്‍ എന്നു പറയുന്നുവെങ്കിലും ഈ പ്രേമഭാവം അവനെ ആത്മതത്ത്വത്തില്‍ തന്നെയാണു് എത്തിക്കുന്നതു്. അതിനാല്‍ എല്ലാം മറന്നുള്ള ആ പരമമായ പ്രേമം തരേണമേ എന്നുവേണം മക്കള്‍ ഭഗവാനോടു പ്രാര്‍ത്ഥിക്കേണ്ടതു്. അതാണു ജീവിതത്തിൻ്റെ സ്ഥായിയായ സ്വത്തു്, ആനന്ദത്തിൻ്റെ ഉറവിടം. അങ്ങനെയുള്ള ഒരു ഭക്തി കിട്ടിക്കഴിഞ്ഞാല്‍ നാം ജീവിതത്തില്‍ വിജയിച്ചു.

ലോകത്തിനു വിളക്കായിട്ടുള്ള സദ്ഗുരു മാതാ അമൃതാനന്ദമയീദേവിയുടെ 58-ാമതു തിരുന്നാളാണു 2011 സെപ്തംബര്‍ 27ാം തീയതി.

ഓരോ തിരുന്നാളെത്തുമ്പോഴും ആ വിളക്കിൻ്റെ ഒളി കൂടുതല്‍ കൂടുതല്‍ പ്രഭാപൂര്‍ണ്ണമാവുന്നു. ആ പ്രഭയില്‍ നിശാന്ധതയിലുഴലുന്ന ഒരു ജനതയും ഒരു കാലവും ഈ ലോകവും ദിശാബോധം തേടുന്നു. ആശാപാശങ്ങളില്‍നിന്നു നിര്‍മ്മുക്തമാവുന്നു. പരമാത്മപ്രേമത്തിൻ്റെയും പതിതകാരുണ്യത്തിൻ്റെയും നിഷ്‌കാമസേവനത്തിൻ്റെയും നിസ്സ്വാര്‍ത്ഥപ്രയത്‌നത്തിൻ്റെയും അതീന്ദ്രിയമായ അനുഭൂതിയില്‍ ഒരു തലമുറയുടെ മനസ്സിലെ കെടാവിളക്കായി മാറിയ അമ്മ! അതേ, അമ്മ ജീവലോകത്തിൻ്റെ വിളക്കുതന്നെ അമ്മവിളക്കു്!

അമ്മയാകുന്ന വിളക്കു്

അമ്മ, വിളക്കാണെന്നു പറഞ്ഞാലും അമ്മയാകുന്ന വിളക്കു് എന്നു പറഞ്ഞാലും ഇങ്ങനെയൊരു പ്രയോഗത്തിൻ്റെ സാധുതയെക്കുറിച്ചു് ആശങ്കയുള്ളവരുണ്ടാകാം. എന്നാല്‍ വിളക്കും വെളിച്ചവുമില്ലാത്ത ഒരു ലോകത്തെക്കുറിച്ചു് ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമോ? പകല്‍ വിളക്കും രാത്രി വിളക്കുമുണ്ടു്; സൂര്യചന്ദ്രന്മാരാകുന്ന വിളക്കുകള്‍. സര്‍വ്വേശ്വരൻ്റെ കണ്ണുകളാണു സൂര്യനും ചന്ദ്രനും എന്നു് ഒരു സങ്കല്പമുണ്ടു്. ഏതു സങ്കല്പത്തി ലായാലും ജഗത്കാര്യകാരണ കര്‍ത്തൃത്വത്തിൻ്റെ സൂത്രധാരത്വം വഹിക്കുന്ന മഹാശക്തിപരാശക്തിയുടെ നിത്യസത്യസ്വരൂപസാന്നിദ്ധ്യമാണു് എവിടെയും പ്രകാശമായി നിറഞ്ഞുനില്ക്കുന്നതു്. ആ പ്രകാശം ദൃഷ്ടിഗോചരമാക്കുന്നതും അനുഭവവേദ്യമാക്കുന്നതും വിളക്കാണു്, വെളിച്ചമാണു്. അവിടെ വിഭാഗീയതകളില്ല, പ്രാദേശികമായ അതിര്‍വരമ്പുകളില്ല. എല്ലാവര്‍ക്കും വെളിച്ചം വേണം.
ആ പ്രഭാകണം പ്രാണിവര്‍ഗ്ഗത്തിൻ്റെ പ്രാണവെളിച്ചമാണു്.

അവിടെയാണു്, അമ്മ വിളക്കാവുന്നതു്. വിളക്കുകളുമായി നമുക്കുള്ള ബന്ധം മനുഷ്യവംശോത്പത്തിചരിത്രം മുതല്ക്കുള്ളതാണു്. ആദിരാവിൻ്റെ അനാദിപ്രകൃതിയില്‍ ആദ്യമായി തുടിച്ചുണര്‍ന്ന വെളിച്ചം! ആ വെളിച്ചത്തെ വിളിച്ചുണര്‍ത്തുകയും വെളിച്ചമാണീശ്വരന്‍ എന്നുറക്കെ പ്രഖ്യാപിക്കുകയും ആ വെളിച്ചത്തില്‍ കുളിച്ചുനിന്നു സര്‍വ്വചരാചരങ്ങളെയും ആശിര്‍വദിക്കുകയും സമസ്തലോകസുഖസങ്കല്പം സാക്ഷാത്കരിക്കാന്‍ അന്തര്‍ദര്‍ശനങ്ങളുടെ വെളിപാടുകള്‍ വിളിച്ചറിയിക്കുകയും ചെയ്ത ഭാരതീയഋഷികുലം, എല്ലാറ്റിനും അടിസ്ഥാനം അഗ്നിയാണെന്ന വൈദിക സങ്കല്പത്തിൻ്റെ പൊരുളടര്‍ത്തി. ‘അഗ്നിമീളേ പുരോഹിതം’ എന്നു തുടങ്ങുന്ന അഗ്നിസൂക്തത്തിലെ ആദിമമന്ത്രത്തിൻ്റെ ശ്രുതിശുദ്ധിയിലും സ്വരശക്തിയിലും മഹാകാലത്തെ തോറ്റിയുണര്‍ത്തിയ ആ ഋഷിപരമ്പരയുടെ ഇങ്ങേത്തലയ്ക്കല്‍ അമ്മ നമുക്കു വിളക്കാവുന്നു, ലോകത്തിനു വെളിച്ചമാകുന്നു, ജീവസന്ധാരണത്തിനുള്ള ഊര്‍ജ്ജമാവുന്നു!

അഗ്നി വെളിച്ചം നല്കുകയും ഇരുട്ടകറ്റുകയും പ്രകാശിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. പ്രപഞ്ചം അഗ്നിമയമാണു്. ദേവതകളെല്ലാം അഗ്നിയാണു്. കാണപ്പെടുന്ന സ്ഥൂലവസ്തുവും കാണപ്പെടാത്ത സൂക്ഷ്മവസ്തുവും അഗ്നിതന്നെ. അനന്തതയാകുന്ന തേജസ്സാണു് അഗ്നി. അഗ്നിയുടെ ബ്രഹ്മത്വം അഥവാ ബ്രഹ്മത്തിൻ്റെ
അഗ്നിത്വം ഉപനിഷത്തുകള്‍ വാഴ്ത്തുന്നുണ്ടു്. ദേഹാഭിമാനമില്ലാത്ത ഒരു യോഗി, പ്രപഞ്ചം മുഴുവനും ബ്രഹ്മമായിട്ടാണു് അറിയുന്നതു്. അതാണു ചൈതന്യം അഥവാ, അനന്തമായ പ്രകാശം. ആ പ്രകാശത്തില്‍ വിലയം പ്രാപിക്കുക എന്ന പരമമായ കര്‍മ്മമാണു് അമ്മ അനുഷ്ഠിക്കുന്നതു്. അവിടെ എല്ലാം പൂര്‍ണ്ണമാകുന്നു. ഒന്നും അവശേഷിക്കാതെ. എന്നാല്‍, പൂര്‍ണ്ണതയില്‍നിന്നു പൂര്‍ണ്ണത ബാക്കിനില്ക്കുന്നു. അതു് അമ്മയായി, അഗ്നിയായി, വിളക്കായി, വെളിച്ചമായി, നശ്വര പ്രപഞ്ചത്തിൻ്റെ അനശ്വരചൈതന്യമായി അനുഗ്രഹം ചൊരിഞ്ഞു നില്ക്കുന്നു!

ഇനി നമുക്കു വര്‍ത്തമാനത്തിലേക്കു വരാം. ഇവിടെയുള്ള ചിരപരിചിതമായ നിലവിളക്കും നെയ്‌വിളക്കും കല്‍വിളക്കും കോല്‍വിളക്കും തൊട്ടു് കാവല്‍ വിളക്കും കാക്കവിളക്കുംവരെയുള്ള വിളക്കുകളായ വിളക്കുകളെല്ലാം ഏതര്‍ത്ഥത്തില്‍ നോക്കിയാലും നിത്യനൈമിത്തികജീവിതത്തിൻ്റെ അവിഭാജ്യഘടകങ്ങളാണു്. ഭൗതികമായ ഉപാധികള്‍ക്കപ്പുറത്തു് എല്ലാ ഉത്കര്‍ഷത്തിൻ്റെയും നന്മയുടെയും പ്രതീകമായി വെളിച്ചത്തെ വിഭാവനം ചെയ്ത ഒരു പാരമ്പര്യമാണു ഭാരതത്തിനുള്ളതു്. അങ്ങനെയാണു് അറിവിൻ്റെ വെളിച്ചവും കര്‍മ്മത്തിൻ്റെ വെളിച്ചവും ധര്‍മ്മത്തിൻ്റെ വെളിച്ചവും സ്നേഹത്തിൻ്റെ വെളിച്ചവും നന്മയുടെ വെളിച്ചവും തുടങ്ങി വ്യക്തിത്വത്തിൻ്റെയും നവോത്ഥാനത്തിൻ്റെയും കാലഘട്ടത്തിൻ്റെയും വെളിച്ചംവരെയുള്ള പ്രസാദപൂര്‍ണ്ണമായ ഒരു ലോകം നമുക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നതു്.

ആ ലോകത്തിൻ്റെ വിളക്കാണു് അമ്മ. നാമരൂപലിംഗവാചിയായി കാണാനാവുന്ന ഒരു പ്രതിഭാസമല്ല അമ്മ. എങ്കിലും ജീവലോകത്തിനു് അമ്മ സ്ത്രൈണഭാവമാര്‍ന്ന ജനയിത്രിയാണു്. ഒരു കുടുംബത്തിൻ്റെ വിളക്കു കുടുംബിനിയായ സ്ത്രീയാണു് അമ്മയാണു്, എന്നു പറയുന്നതുപോലെ ഒരു നാടിൻ്റെ വിളക്കു്, ഒരു ലോകത്തിൻ്റെ വിളക്കായ പുണ്യചരിതമാണു് അമ്മയ്ക്കുള്ളതു്. ഒരു വിളക്കിൻ്റെ പ്രകാശം ചുവട്ടിലല്ല, ചുറ്റുപാടുമാണു പരക്കുന്നതു്. അമ്മവിളക്കിൻ്റെ പ്രകാശം, അതിൻ്റെ പ്രഭാവം ഇന്നു ലോകത്തെങ്ങുമുള്ള അശാന്തമനസ്സുകള്‍ക്കു് അഭയ വെളിച്ചമാവുന്നു. സ്നേഹകാരുണ്യങ്ങളുടെ അമൃതപ്രകാശത്തില്‍ ഒരു കാലഘട്ടത്തെ പ്രഭാപൂര്‍ണ്ണമാക്കാന്‍ അമ്മയ്ക്കു കഴിയുന്നതെങ്ങനെയെന്നു് ആരും ആരെയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. അനാഥര്‍ക്കു നാഥയായി, അശരണര്‍ക്കു ശരണമായി, ആര്‍ത്തര്‍ക്കു് ആത്മമിത്രമായി ഒരമ്മ!

അതേ, അമ്മവിളക്കു്. എല്ലാവരുടെയും ഉള്ളിൻ്റെയുള്ളില്‍ ഉണര്‍വ്വിൻ്റെയും ഉത്കര്‍ഷത്തിൻ്റെയും നന്മയുടെയും നറുവെളിച്ചം തളിച്ചു് ധര്‍മ്മത്തിൻ്റെയും സത്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സനാതനങ്ങളായ സമസ്തമൂല്യങ്ങളുടെയും കര്‍മ്മകാണ്ഡങ്ങള്‍ തെളിച്ചു് അമ്മ നില്ക്കുമ്പോള്‍, ആ അമ്മയെപ്പറ്റി എന്തെഴുതാന്‍, എന്തു പറയാന്‍, എങ്ങനെയറിയാന്‍ ആര്‍ക്കാവുന്നു! ‘അജ്ഞാത്വാ തേ മഹത്വം…’ എന്നു പണ്ടു മേല്പത്തൂര്‍ ശ്രീമന്നാരായണീയത്തില്‍ ശ്രീകൃഷ്ണപരമാത്മാവിനെ വാഴ്ത്താനൊരുമ്പെട്ട സാഹസത്തിനു കുമ്പസരിക്കുന്നതുപോലെ, അമ്മയുടെ തിരുമുന്‍പില്‍ തൊഴുതു നമസ്‌കരിച്ചു നില്ക്കുവാനല്ലാതെ, ആ മഹാപ്രഭാവത്തെ ഒന്നെത്തി നോക്കി പൂര്‍ണ്ണകാമനാവോളം ഈ ഗോപുരദ്വാരത്തിങ്കല്‍ നിലയുറപ്പിക്കുവാനല്ലാതെ എന്താണു ചെയ്യുവാനാവുക.

ക്ഷണികമായ മനുഷ്യജന്മത്തില്‍ എത്രയെത്രയോ പുരുഷായുസ്സുകൊണ്ടു ചെയ്തുതീര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അമ്മ ലോകത്തിനു വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നു. കേവല ബാഹ്യമായ ചക്ഷുസ്സുകള്‍കൊണ്ടു കാണുവാനാവാത്ത ലൗകിക ചാപല്യങ്ങളില്‍പ്പെട്ടുഴലുന്ന മനസ്സു കൊണ്ടു മനസ്സിലാക്കുവാനാവാത്ത അവതാരദൗത്യങ്ങള്‍ അമ്മ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു! ഓരോരുത്തര്‍ക്കും ഒരു ജന്മദൗത്യമുണ്ടു് എന്നറിയാതെ അലസിതാവിലസിതരായി വഴിതെറ്റി അലയുന്ന സഹജാതര്‍ക്കു് ഒരു പിടിവള്ളിയായി അമ്മ മുന്നില്‍ നില്ക്കു ന്നു. ആ നാവിന്‍തുമ്പില്‍നിന്നു്, ‘പ്രേമസ്വരൂപികളായ’ മക്കളെ ഉള്ളില്‍ത്തട്ടി വിളിക്കുന്ന വിളി കേള്‍ക്കുമ്പോള്‍ത്തന്നെ അന്തരിന്ദ്രിയങ്ങളെ തൊട്ടുണര്‍ത്തുന്ന ഒരു ഭാവപ്രപഞ്ചത്തിലേക്കു് എത്തിപ്പെടുന്ന പ്രതീതി!

ഒരു സംശയവും വേണ്ട. ധര്‍മ്മോത്ഥാപനത്തിനുവേണ്ടി പ്രേമസ്വരൂപനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലവതരിച്ചതുപോലെ അമ്മ പരംപൊരുളിൻ്റെ പ്രത്യക്ഷ സാന്നിദ്ധ്യമായി നമുക്കു മുന്നില്‍ ഒരു നിറവിളക്കായി കത്തിനില്ക്കുന്നു. കത്തിനില്ക്കുന്നു എന്ന പ്രയോഗത്തിനു വര്‍ത്തമാനകാല വ്യവഹാരത്തിലുള്ള ഭൂഷിതമായ അര്‍ത്ഥത്തിനപ്പുറത്തു്, പരമപ്രകാശം ചൊരിഞ്ഞു നില്ക്കുന്നു എന്ന നിയതാര്‍ത്ഥംതന്നെയാണു സ്വീകരിക്കേണ്ടതു്. ആ അമൃതമൊഴികള്‍, ഒരു സാധാരണ മനസ്സിൻ്റെ സമതലങ്ങളിലൂടെ ഊറിയൊലിച്ചു പടര്‍ന്നൊഴുകുന്ന തെളിനീര്‍ച്ചാലുകള്‍ പോലെയാണു്. എത്രയും ശാന്തവും പ്രസാദമധുരവും പ്രേമമസൃണവുമായ ആ വചോധാരകളിലലിയുമ്പോള്‍, ഗൃഹലക്ഷ്മിയായ ഒരു തറവാട്ടമ്മയുടെ അനുഭവജ്ഞാനങ്ങളുടെയും ആര്‍ജ്ജിതപാരമ്പര്യങ്ങളുടെയും ഹൃദയപരിപാകതയുടെയും വാത്സല്യപ്പെരുമഴയില്‍ കുളിച്ചു നില്ക്കുന്ന അനുഭവം!

ഒരു പാണ്ഡിത്യപ്രകടനവുമില്ലാതെ, ഒരു മുന്‍വിധിയുമില്ലാതെ, ഒരു നിര്‍ബന്ധബുദ്ധിയുമില്ലാതെ, ഒരൗദ്ധത്യവുമില്ലാതെ, താന്‍ പറയുന്നതാണു ശരി എന്നൊരവകാശവാദവുമില്ലാതെ, ലളിതമായി, സുന്ദരമായി, സുഗ്രാഹ്യമായി, സുചിന്തിതമായി ഹൃദയം ഹൃദയത്തോടു സംവദിക്കുന്നതുപോലെ, അമ്മ മനസ്സു് തുറക്കുമ്പോള്‍, ഹൃദയം തുറക്കുമ്പോള്‍, ആ ഹൃദ്ഗതങ്ങള്‍ ആനന്ദാശ്രുക്കളോടെ ഏറ്റുവാങ്ങുന്ന ഭക്തലോകം! എന്തുപറയുമ്പോഴും കഥയിലൂടെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്ന അവിസ്മരണീയമായ പ്രഭാഷണചാതുരി. അതൊരു പ്രഭാഷണമെന്നു പറയാനാവില്ല. ആലങ്കാരികമായ പ്രസംഗശൈലിയുടെ പിറകെപോകാതെ, നാട്ടു വര്‍ത്തമാനം കൂട്ടുകാരുമായി പങ്കിടുന്നതുപോലെ അമ്മ സംസാരിക്കുമ്പോള്‍, എവിടെനിന്നു് അമ്മയ്ക്കീകഥകളൊക്കെ കിട്ടി എന്നോര്‍ത്തു പോകാറുണ്ടു്. ഉദാഹരണങ്ങളുടെയും ഉപമകളുടെയും മാതൃകകളുടെയും ഒരു വര്‍ണ്ണപ്രപഞ്ചത്തിലേക്കു് അമ്മ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു.

മാദ്ധ്യമങ്ങളിലൂടെയുള്ള അമ്മയുടെ സന്ദേശങ്ങള്‍, അരുളപ്പാടുകള്‍ എല്ലാമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അമൃതവാണികള്‍തന്നെ. മാതൃവാണി അമൃതവാണിയല്ലാതെ മറ്റെന്താവാന്‍. ആ വശ്യവിശുദ്ധമായ അകമൊഴികള്‍ ആത്മബോധത്തില്‍നിന്നുണര്‍ന്നു വരുന്ന സാധനാപാഠങ്ങളാവുന്നു. അവിടെയാണു് അമ്മ കേവല ബാഹ്യമായ, പരമമായ, ചഞ്ചലമായ ലോകത്തിനപ്പുറത്തുള്ള അന്തര്‍മഹാലോകങ്ങള്‍ തുറന്നു കാട്ടുന്നതു്. നാം കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ലോകത്തിനപ്പുറത്തൊരു ലോകമുണ്ടെന്നും ആ ലോകത്തുനിന്നു സമകാലിക വര്‍ത്തമാനകാലത്തെ നോക്കിക്കാണുമ്പോഴേ യഥാര്‍ത്ഥജീവിതം എന്താണെന്നു തിരിച്ചറിയാനാവുകയുള്ളൂവെന്നും അമ്മ അറിയിക്കുമ്പോഴാണു മോഹഗ്രസ്തമായ ഇഹലോകവാസത്തിൻ്റെ കാരാഗൃഹങ്ങളില്‍നിന്നു് ഒരു മോചനം നേടാനുള്ള അഭിവാഞ്ഛയുണ്ടാവുന്നതു്. ആ അര്‍ത്ഥത്തില്‍ അമ്മ ഒരു കടത്തുതോണിയാവുന്നു. ദുരിതദുഃഖക്ലേശസഹസ്ര സഹസ്രങ്ങള്‍ക്കിടയില്‍നിന്നു മനുഷ്യരാശിയെ കൂട്ടിക്കൊണ്ടു പോവുന്ന അമ്മത്തോണി!

ആ തോണിയില്‍ നാം സഞ്ചരിക്കുന്നു; ലോകം സഞ്ചരിക്കുന്നു. മറുകരയെത്തണം. ശാന്തിയുടെയും സ്നേഹത്തിൻ്റെയും ഹരിതതീരത്തു്. ആ ലക്ഷ്യം സുരക്ഷിതമാണു്. അതുകൊണ്ടുതന്നെ മാര്‍ഗ്ഗവും. അമ്മ കൂടെയുള്ളപ്പോള്‍ എന്തിനു് ഉത്കണ്ഠ; എന്തിനു ഭയം. സര്‍വ്വം ശാന്തം, സര്‍വ്വം ഭദ്രം. പക്ഷേ, അമ്മയെ അറിയണം. അമ്മയെ അറിയണമെങ്കില്‍, പണ്ടു പ്രഹ്ളാദന്‍ നരസിംഹമൂര്‍ത്തിയുടെ നിര്‍ബന്ധപ്രകാരം ചോദിച്ച വരം നാം അന്തക്കരണത്തോടു ചോദിച്ചുവാങ്ങണം. അതു് എന്താണെന്നല്ലേ? കാമരാഗദ്വേഷമാത്സരാദ്യങ്ങളാലാമയം കൂടാതിരിക്കാനുള്ള സിദ്ധിവിശേഷംതന്നെ. കാമവും രാഗവും ദ്വേഷവും മദമാത്സര്യങ്ങളും മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന ദുര്‍ഗ്ഗുണങ്ങളാണു്; അധമവാസനകളാണു്. അവയില്‍നിന്നു മുക്തമാവുമ്പോഴേ സദ്ഭാവങ്ങള്‍ ഉള്ളില്‍ തെളിയൂ. അതാണു് അമ്മ എപ്പോഴും പറയാറുള്ളതു് അഹംഭാവമാണു് എല്ലാ ആപത്തിൻ്റെയും അടിസ്ഥാനം എന്നു്, എല്ലാ തിന്മകളുടെയും ഇരുള്‍ പരത്തുന്നതെന്നു്. ആ ഇരുളില്‍നിന്നു് ആത്മഭാവത്തിൻ്റെ വെളിച്ചത്തിലേക്കു്, ആത്മബോധത്തിലേക്കു് ഉണരുവാന്‍ അമ്മയുടെ മനോവാക് കര്‍മ്മങ്ങള്‍ വഴിതെളിക്കുന്നു. ആ വിളക്കിൻ്റെ വെളിച്ചം ഇന്നു ലോകമെമ്പാടും പരക്കുന്നു. അതാണു വെളിച്ചമേ നയിച്ചാലും എന്ന പ്രാര്‍ത്ഥനയുടെ പൊരുളുതന്നെ. ഇതെല്ലാം രാമായണത്തിലെ ക്രിയാമാര്‍ഗ്ഗോപദേശംപോലെ, ലക്ഷ്മണോപദേശംപോലെ, താരോപദേശംപോലെ മനുഷ്യജീവിതത്തിൻ്റെ അര്‍ത്ഥവും ദീപ്തിയും ബോദ്ധ്യപ്പെടുത്തുന്ന അമ്മയുടെ കാലദര്‍ശനങ്ങളാണു്.

മഹിതമായ സേവനത്തിൻ്റെയും സമര്‍പ്പണത്തിൻ്റെയും പാതയില്‍ അമ്മ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ വകതിരിച്ചു നോക്കിക്കാണുമ്പോഴേ ആ മഹാകാരുണ്യത്തിൻ്റെ സാന്ത്വനസ്പര്‍ശത്താല്‍ അനുഗൃഹീതമായ ഒരു നാടിൻ്റെ പുണ്യം തിരിച്ചറിയുവാനാവൂ. ഭൗതികവും ആത്മീയവും വേറിട്ടു കാണാതെ അവയെ സമന്വയിപ്പിച്ചു സമരസപ്പെടുത്തിക്കൊണ്ടുള്ള ആ പ്രവര്‍ത്തനശൈലിയുടെ ക്രിയാപാഠങ്ങള്‍ ലോകജനതയ്ക്കു പകര്‍ന്നു നല്കുവാന്‍ എത്രയെത്ര ആശ്രമങ്ങള്‍. ആ ആശ്രമങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മഹത്പ്രസ്ഥാനങ്ങള്‍, ആതുരശുശ്രൂഷാരംഗത്തായാലും വിദ്യാഭ്യാസരംഗത്തായാലും ദുരിതാശ്വാസരംഗത്തായാലും എല്ലായിടത്തും മാതൃകാപ്രവര്‍ത്തനങ്ങള്‍.

എല്ലാറ്റിൻ്റെയും പിന്നില്‍ അടിയുറവയായുള്ളതു കാരുണ്യം. ആ കാരുണ്യത്തിൻ്റെ കടലുപോലെയുള്ള ഹൃദയവുമായി അടുത്തയിടെ ഭൂകമ്പദുരിതബാധിതപ്രദേശമായ ജപ്പാനിലും അമ്മ ഓടിയെത്തിയതു് അവിടെയുള്ളവര്‍ക്കു് ഒരു ദൈവദൂതിയുടെ സാന്നിദ്ധ്യമുളവാക്കിയ മട്ടിലായായിരുന്നു. അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ അതിനൊരറുതിയില്ല. ആ സുകൃതത്തിൻ്റെ, സുകൃതവെളിച്ചത്തിൻ്റെ തിരികള്‍ പ്രോജ്ജ്വലിപ്പിക്കുവാന്‍ അമ്മയുടെ ശിഷ്യസമൂഹം സജീവമായി ഇന്നു കര്‍മ്മോത്സുകരായി ജാഗരൂകരായിരിക്കുന്നു. ആരുടെയും പേരെടുത്തു പറയുന്നില്ല. അമൃതാനന്ദമയീമഠത്തിലെ സന്ന്യാസിവര്യന്മാര്‍, സ്വാമിനികള്‍ ഏതോ ജന്മാന്തരസുകൃതം കൊണ്ടെത്തുന്നതുപോലെ ഈ നാടിൻ്റെ മഹാപാരമ്പര്യത്തിൻ്റെ അക്ഷയനിക്ഷേപങ്ങള്‍ അമ്മയില്‍നിന്നറിഞ്ഞു ലോകോപകാരാര്‍ത്ഥം വെളിപ്പെടുത്തി ആത്മജ്ഞാനത്തിൻ്റെ സ്വര്‍ഗ്ഗവാതിലുകള്‍ തുറന്നുകൊണ്ടിരിക്കുന്നു. ഒന്നും ഇവിടെ അവസാനിക്കുകയില്ല. അനന്തമായ കാലത്തിൻ്റെ മഹാപ്രവാഹത്തില്‍ എന്തെല്ലാം ഏറ്റക്കുറച്ചിലുകളും മാറ്റംമറിച്ചിലുകളും ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ചു് ഒരു മഹച്ഛക്തിയുടെ മാന്ത്രികസ്പര്‍ശവും മധുരപ്രസാദവും ഇവിടുണ്ടായിരിക്കും. പൂര്‍ണ്ണമായ ബ്രഹ്മത്തെക്കുറിച്ചും പൂര്‍ണ്ണമായ പ്രപഞ്ചത്തെക്കുറിച്ചും അറിവുതരുന്ന ആ ഉപനിഷത്മന്ത്രം അതുകൊണ്ടുതന്നെ വീണ്ടും ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ.

”ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം

പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ

പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ

പൂര്‍ണ്ണമേവാവശിഷ്യതേ”

അങ്ങനെ അവശേഷിക്കുന്ന പൂര്‍ണ്ണത തേടിയുള്ള പ്രയാണത്തില്‍ ശാന്തിമന്ത്രവുമായി ഒരു ദീപയഷ്ടിപോലെ നിലകൊള്ളുന്ന അമ്മ! അതേ, അതാണു് അമ്മ വിളക്കാണെന്നു പറഞ്ഞതു്.

അണയാത്ത കെടാവിളക്കു്! ഒരു കാലത്തിൻ്റെ മണിവിളക്കു്!

ഡോ: അമ്പലപ്പുഴ ഗോപകുമാര്‍