മക്കളേ, നമുക്കു ഭൗതികമായി ഒന്നും കൊടുക്കുവാനില്ലെങ്കിലും ഒരു പുഞ്ചിരി, ഒരു നല്ല വാക്കു്, മറ്റുള്ളവര്‍ക്കു നല്കിക്കൂടെ? അതത്ര ചിലവുള്ള കാര്യമാണോ? അങ്ങനെയുള്ള കരുണാര്‍ദ്രമായ മനസ്സു് മാത്രം മതി. അതാണു് ആദ്ധ്യാത്മികതയുടെ ആദ്യപടി.

അങ്ങനെയുള്ളവര്‍ ഈശ്വരനെത്തേടി എവിടെയും പോകേണ്ട. എങ്ങും അലയേണ്ട. കാരുണ്യം നിറഞ്ഞ ഹൃദയം എവിടെയുണ്ടോ, അവിടേക്കു് ഈശ്വരന്‍ ഓടിയെത്തും. അവിടുത്തേക്കു് ഏറ്റവും ഇഷ്ടപ്പെട്ട വാസസ്ഥാനമാണതു്. മക്കളേ, സഹജീവികളോടു കാരുണ്യമില്ലാത്തവനെ ഭക്തനെന്നു വിളിക്കാന്‍ കഴിയില്ല.

കാരുണ്യം നിറഞ്ഞ ഹൃദയം

ഇപ്പോള്‍ മക്കളെല്ലാവരും ഇവിടെ വന്നെത്തി. കഴിഞ്ഞവര്‍ഷം ഇതുപോലെ മക്കളിവിടെ വന്ന സമയം ഒരു പ്രതിജ്ഞ എടുത്തിരുന്നല്ലോ. മിക്ക മക്കളും അതു പാലിക്കുകയും ചെയ്തു. പലരും കള്ളു കുടിക്കുന്നതു നിര്‍ത്തി. സിഗററ്റുവലി ഉപേക്ഷിച്ചു. ആഡംബരം വെടിഞ്ഞു.

അതുപോലെ ഈ വര്‍ഷവും മക്കള്‍ അമ്മയോടു സ്നേഹമുണ്ടെങ്കില്‍, ലോകത്തോടു കാരുണ്യമുണ്ടെങ്കില്‍ ഇതേ രീതിയില്‍ പ്രതിജ്ഞയെടുക്കണം. ദുശ്ശീലങ്ങള്‍ വെടിയണം. കള്ളു കുടിച്ചും പുകവലിച്ചും ആഡംബരത്തിനുവേണ്ടി വസ്ത്രങ്ങളും മറ്റു വസ്തുക്കളും വാങ്ങിയും നമ്മള്‍ എത്രയോ പണം അധികപ്പറ്റു ചെലവു ചെയ്യുന്നു. അതു കുറയ്ക്കുവാന്‍ ഈ വര്‍ഷവും മക്കള്‍ പരമാവധി ശ്രമിക്കണം.

അങ്ങനെ മിച്ചംവരുന്ന പണം സാധുസേവനത്തിനുവേണ്ടി ഉപയോഗിക്കാം. കോളേജിലും സ്‌കൂളിലും ഫീസിനു പണമില്ലാതെ, പഠിത്തം നിര്‍ത്തേണ്ടി വരുന്ന മിടുക്കരായ കുട്ടികളുണ്ടു്. അവര്‍ക്കു പഠിപ്പു തുടരാന്‍ ഫീസു നല്കി സഹായിക്കാം.

വീടില്ലാത്തവര്‍ക്കു വീടുവയ്ക്കാന്‍ പണം കൊടുക്കാം. മരുന്നിനു കാശില്ലാതെ വേദന തിന്നു കഴിയുന്ന രോഗികളുണ്ടു്. അവര്‍ക്കു മരുന്നു വാങ്ങി നല്കാം. അങ്ങനെ ഏതൊക്കെ രീതിയില്‍ നമുക്കു്, മറ്റുള്ളവര്‍ക്കു് ഉപകാരം ചെയ്യാന്‍ കഴിയുന്നു. ഇതിനെല്ലാം ഈ അധികപ്പറ്റു ചെലവാക്കുന്ന കാശു മതി.

മക്കളേ, സാധുസേവയാണു യഥാര്‍ത്ഥ ഈശ്വരപൂജ. അമ്മയ്ക്കു സന്തോഷവും സംതൃപ്തി യും പകരുന്ന പാദപൂജ. അങ്ങനെയുള്ള ഒരു കാരുണ്യപൂര്‍ണ്ണമായ മനസ്സു് കിട്ടുവാന്‍വേണ്ടി നമുക്ക് അവിടുത്തോടു പ്രാര്‍ത്ഥിക്കാം.

‘ജീവിതത്തില്‍ ആനന്ദം നുകരാന്‍ ഇന്നു നമുക്കു് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതു നമ്മെക്കുറിച്ചുതന്നെയുള്ള ചിന്തകളാണു്. തന്നെ മറന്നു് അന്യരെ സ്നേഹിക്കാന്‍ ഇന്നു നമുക്കു കഴിയുന്നില്ല. തനിക്കു് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന ഭാവമാണു് ഇന്നുള്ളതു്. ഈ അഹങ്കാരം മാറാതെ ജീവിതാനന്ദം അനുഭവിക്കാന്‍ കഴിയുകയില്ല.’ – അമ്മ

‘അമാനിത്വമദംഭിത്വമഹിംസാ ക്ഷാന്തിരാര്‍ജ്ജവം
ആചാര്യോപാസനം ശൗചം സ്ഥൈര്യമാത്മവിനിഗ്രഹഃ’ (ഗീത 13-8)

ഹാസ്യ സാഹിത്യ സാമ്രാട്ടു സഞ്ജയന്‍, ഒരു കല്‍ച്ചട്ടി കച്ചവടക്കാരൻ്റെ കഥ പറയുന്നുണ്ടു്. ഒരിക്കല്‍ വല്ലത്തില്‍ നിറയെ കല്‍ച്ചട്ടിയുമായി പോകെ അയാള്‍ ഒരു കലുങ്കില്‍ കാലിടറി വീണു. എല്ലാ കല്‍ച്ചട്ടികളും ഉടഞ്ഞു. ഭാഗ്യത്തിനു് അയാള്‍ക്കു കാര്യമായ പരിക്കൊന്നും പറ്റിയില്ല. സ്വാഭാവികമായും, ആ വീഴ്ച കണ്ടുനിന്നവരൊക്കെ ചിരിച്ചു. ‘വീണാല്‍ ചിരിക്കാത്തവന്‍ ബന്ധുവല്ല’ എന്നാണല്ലോ പ്രമാണം. പക്ഷേ, ആ ചിരി അയാള്‍ക്കു് ഒട്ടും പിടിച്ചില്ല. മൂക്കത്തു ശുണ്ഠിയുള്ള അയാള്‍ എല്ലാവരെയും ശകാരിക്കുകയും കൈയില്‍ കിട്ടിയവരെ തല്ലാനും കുത്താനും പുറപ്പെടുകയും ചെയ്തു.

ആളുകള്‍ നാലുപാടും ഓടി രക്ഷപ്പെട്ടു. എന്നിട്ടോ, പിന്നെ അയാളെ കാണുമ്പോള്‍, കൈയകലത്തില്‍ നിന്നുകൊണ്ടു്, ‘കല്‍ച്ചട്ടി ഡ്ഢിം!’ എന്നു പറയുക പതിവായി. അതു കേള്‍ക്കേണ്ട താമസം, അയാള്‍ക്കു കലി കയറും. അടിക്കാന്‍ ഓടും. ഈ ഇടയിളക്കം നാട്ടുകാര്‍ക്കു ചിരിക്കാന്‍ വകയായി. കാലം പോകെ, ആളുകള്‍ വെറുതെ ‘ഡ്ഢിം!’ എന്നു പറഞ്ഞാല്‍ മതി എന്നായി.

അങ്ങനെയിരിക്കെ അയാള്‍ പോലീസില്‍ ചേര്‍ന്നു. പ്രമോഷന്‍ കിട്ടി ഏയ്ഡായി. ഒരു സഹപ്രവര്‍ത്തകൻ്റെ കൂടെ ഒരിക്കല്‍ ബീറ്റു പോകെ മൂപ്പര്‍ നാലാള്‍ ഒത്തുകൂടിയ എവിടെയോ വച്ചു സഹപ്രവര്‍ത്തകനു് ഒരു ഓര്‍ഡര്‍ നല്കി. റാങ്കില്‍ താഴെ ആയതിനാല്‍ അയാള്‍ അനുസരണാഭാവത്തോടെ ഒരു സല്യൂട്ടടിച്ചു. കൈപ്പത്തി തുടയില്‍ ആഞ്ഞു വീണപ്പോള്‍ ‘ഡ്ഢിം!’ എന്നൊരു ശബ്ദമുണ്ടായി. പോരെ പൂരം! ഇരുവരും തമ്മില്‍ പൊരിഞ്ഞ തല്ലായി. മേലുദ്ദ്യോഗസ്ഥരുടെ വക അന്വേഷണം കഴിഞ്ഞപ്പോള്‍ ഏമാൻ്റെ ജോലിപോയി. കല്‍ച്ചട്ടിക്കച്ചവടത്തിലേക്കു മടങ്ങിയ അയാള്‍ അതിനുശേഷം ആരെത്ര ഉറക്കെ ‘ഡ്ഢിം!’പറഞ്ഞാലെന്നല്ല പിന്നിലൊരു ഏറുപടക്കം പൊട്ടിച്ചാല്‍ പോലും വഴക്കിനു നില്ക്കാതെയായി.

മനുഷ്യന്‍ സമൂഹജീവിയായതുകൊണ്ടു പരസ്പരം തമാശയാക്കുകയും വിമര്‍ശിക്കുകയും തിരുത്താന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നു. ഇതൊന്നും രസിക്കാനെന്നല്ല പൊറുക്കാന്‍പോലും കഴിയാതായാല്‍ സമൂഹമെന്ന കൂട്ടായ്മ നിരര്‍ത്ഥകമല്ലേ? നമ്മുടെ ഇടയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതു് ഇത്തരം ശിഥിലീകരണമാണു്. ‘എനിക്കു് ആരെയും വിമര്‍ശിക്കാം, എന്നെ ആരും വിമര്‍ശിച്ചുകൂടാ’ എന്നാണു പൊതുവെ നില. വിമര്‍ശിക്കുന്ന ആളുടെ ഉദ്ദേശ്യശുദ്ധി നോക്കാതെയാണു പ്രതികരണം. എനിക്കായി ഞാന്‍തന്നെ ഒരു പ്രതിച്ഛായ ഉണ്ടാക്കി എൻ്റെ സങ്കല്പത്തില്‍ വച്ചിരിക്കുന്നു. അതിനു നിരക്കുന്നതാവണം എല്ലാവരുടെയും പ്രതികരണം എന്നു ഞാന്‍ ശഠിക്കുന്നു. നീര്‍പോളപോലെയാണു് ഈ പ്രതിച്ഛായാ സങ്കല്പം. തുമ്മിയാലെന്നല്ല കൊതുകു കടിച്ചാല്‍ മതി അതുപൊട്ടാന്‍. പൊട്ടിയാല്‍ ആത്മഹത്യയിലേ നില്ക്കൂ. അല്ലെങ്കില്‍ ചോരപ്പുഴയില്‍!

മനുഷ്യബന്ധങ്ങള്‍ സുദൃഢമാകണം എന്നാണു പണ്ടേയുള്ള വിവേകം. അതിനാല്‍ പഴമക്കാര്‍ പറഞ്ഞു, ‘തുമ്മുമ്പോള്‍ പോകുന്ന മൂക്കാണെങ്കില്‍ അതുണ്ടായിട്ടു കാര്യമില്ല’ എന്നു്. സ്നേഹമുണ്ടെങ്കില്‍ അതിൻ്റെ കൂടെ, അന്യോന്യം പിച്ചാനും മാന്താനും കോക്രി കാണിക്കാനും ഒക്കെ സ്വാതന്ത്ര്യവും ഉണ്ടാകണം. അല്ല, രണ്ടിലൊരാളുടെ നെറ്റിയൊന്നു ചുളിഞ്ഞാല്‍ തകരുന്നതാണു് ഒരു സ്നേഹബന്ധമെങ്കില്‍ അതൊരു ബന്ധമേയല്ല. ഈ അളവുകോല്‍ വച്ചു് അളന്നാല്‍ നമുക്കിടയില്‍ ഇന്നു സ്നേഹബന്ധങ്ങളേ ഇല്ല! മകനു് അച്ഛനെയോ അച്ഛനു മകനെയോ വിമര്‍ശിക്കാന്‍ പാടില്ല എന്നായില്ലേ. ഭാര്യയ്ക്കു ഭര്‍ത്താവിനെയും മറിച്ചും വിമര്‍ശിച്ചു കൂടാ. നേതാക്കളെയോ ഭരണാധികാരികളെയോ ആര്‍ക്കും വിമര്‍ശിക്കാവുന്നതല്ല. നിയമങ്ങളും നീതിന്യായക്കോടതികളും വിമര്‍ശനത്തിനതീതമാണു്. മതരാഷ്ട്രീയവിശ്വാസങ്ങളുടെ കാര്യം പറയുകയും വേണ്ട.

പക്ഷേ, ‘ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍!’ എന്ന പുറപ്പാടു് ആരില്‍നിന്നും ഇല്ലാതിരിക്കുന്നുമില്ല. ഫലം സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഇരുവശത്തും പലരും കക്ഷി ചേരുന്നതോടെ അശാന്തി പെരുകുന്നു. അത്രയുമെത്തിയാല്‍ അശാന്തിയില്‍ മാത്രം വളരാനാവുന്ന വിഷകൃമികള്‍ക്കു മതിയായ വാസസ്ഥാനമായി. തുടര്‍ന്നു്, ഈ തീ അണയാതെ അവര്‍ കാത്തോളും.

സി. രാധാകൃഷ്ണന്‍

(തുടരും …..)

രാത്രി ഭാവദർശനം കഴിഞ്ഞു് അമ്മ കളരിയിൽനിന്നു പുറത്തു വന്നു. എല്ലാവരും അമ്മയുടെ സമീപമെത്തി. മിക്കവരും വെളുപ്പിനുള്ള ബസ്സിനു തിരിയെപ്പോകും. അമ്മയെ ഒരിക്കൽക്കൂടി നമസ്‌കരിക്കുന്നതിനും യാത്ര ചോദിക്കുന്നതിനുമായി അവർ തിരക്കുകൂട്ടി.

ഒരു യുവാവു മാത്രം അമ്മയുടെ അടുത്തേക്കു വരാതെ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു ധ്യാനമുറിയുടെ വരാന്തയിലിരിക്കുന്നു. ഒരു ബ്രഹ്മചാരി അദ്ദേഹത്തോടു ചോദിച്ചു. അമ്മയുടെ അടുത്തേക്കു പോകുന്നില്ലേ?
യുവാവ്: ഇല്ല

ദീപാവലി ആശംസകൾ

ബ്രഹ്മചാരി: എല്ലാവരും അമ്മയെ നമസ്‌കരിക്കുന്നതിനും, അമ്മയോടു സംസാരിക്കുന്നതിനും തിരക്കുകൂട്ടുമ്പോൾ നിങ്ങൾ മാത്രം ഒറ്റയ്ക്കുമാറി ഇരിക്കുന്നതെന്താണ്?

യുവാവ് : ഞാനും അവരെപ്പോലെയായിരുന്നു. ദർശനം കഴിഞ്ഞു്
അമ്മ കളരിയിൽനിന്നു് പുറത്തുവരുമ്പോൾ അമ്മയെ ആദ്യം നമസ്‌കരിക്കുന്നതിനുവേണ്ടി കളരിയുടെ വരാന്തയിൽ ഞാനും കാത്തുനില്ക്കുമായിരുന്നു. പക്ഷേ, ഇന്നു് അമ്മയുടെ അടുത്തേക്കു പോകുവാൻ എൻ്റെ മനസ്സനുവദിക്കുന്നില്ല. അത്ര പാപിയാണു ഞാൻ.

ബ്രഹ്മചാരി: എന്നെനിക്കു തോന്നുന്നില്ല. നിങ്ങൾ ആവശ്യമില്ലാതെ
എന്തൊക്കെയോ ചിന്തിക്കുന്നു. അമ്മയെ കാണുന്നതിൽനിന്നും പിന്തിരിപ്പിക്കുവാൻ തക്കവണ്ണം എന്തു തെറ്റാണു നിങ്ങൾ ചെയ്തത്?

യുവാവ്: എൻ്റെ വീടു കൊല്ലത്താണ്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഞാൻ സ്ഥിരമായി മദ്യപിക്കുമായിരുന്നു. ഇതുമൂലം ഭാര്യയുമായി പിണങ്ങേണ്ടി വന്നു. അവരെ അവരുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു. നാട്ടുകാരും വീട്ടുകാരും എന്നെ വെറുത്തു. ലോകത്തു് ഒരു ബന്ധുവായി എനിക്കു് ആരുമില്ലാതെയായി. ജീവിതം അവസാനിപ്പിക്കുവാൻതന്നെ ഞാനുറച്ചു.

അങ്ങനെയിരിക്കുമ്പോഴാണു് എനിക്കു് അമ്മയെ കാണുവാനുള്ള മഹാഭാഗ്യമുണ്ടായത്. ആ ദർശനം എൻ്റെ ജീവിതത്തിൻ്റെ വഴിത്തിരിവായിരുന്നു. അമ്മയുടെ ആദ്യ ദർശനത്തോടെ മദ്യപാനം ഞാൻ പാടെ നിർത്തി. പിന്നീടു് എൻ്റെ സ്വഭാവത്തിനു വലിയ മാറ്റം വന്നു. എല്ലാവർക്കും എന്നെക്കുറിച്ചുള്ള ധാരണ മാറി.

എന്നാൽ ഇന്നു ഞാൻ വീണ്ടും കുടിച്ചു. എൻ്റെ കൂട്ടുകാരുടെ നിർബ്ബന്ധംമൂലം ഞാൻ, മദ്യഷാപ്പിൽ കയറി. ഒരു കല്യാണത്തിനു ഞാൻ കൂട്ടുകാരുമൊത്തു പോയതാണ്. തിരിയെവരുമ്പോൾ അവർക്കു മദ്യപിക്കണം. അവരുടെ നിർബ്ബന്ധംകൊണ്ടു ഞാനും കൂടെപ്പോയി. പക്ഷേ, കുറ്റബോധം സഹിക്കുവാൻ കഴിഞ്ഞില്ല. നേരെ ഇങ്ങോട്ടുപോന്നു.

പണ്ടൊക്കെ എത്ര മദ്യപിച്ചാലും അതിൽ ഒരു കുറ്റബോധം എനിക്കു തോന്നിയിരുന്നില്ല. പക്ഷേ, ഇന്നങ്ങനെയല്ല. (ഗദ്ഗദകണ്ഠനായി) അമ്മയുടെ മുഖത്തേക്കു് നോക്കുവാൻകൂടി പ്രയാസമാകുന്നു.

ബ്രഹ്മചാരി: ഈ പശ്ചാത്താപംതന്നെ നിങ്ങളുടെ തെറ്റിനുള്ള പ്രായശ്ചിത്തമാണ്. വിഷമിക്കാതെ. അമ്മയോടു വിവരങ്ങൾ പറയൂ. എല്ലാ പ്രയാസങ്ങളും തീരും.

മക്കളേ, ഈശ്വരനോടു ഭക്തിവേണം എന്നു് അമ്മ പറയുമ്പോള്‍ വെറും പ്രാര്‍ത്ഥന മാത്രമല്ല അര്‍ത്ഥമാക്കുന്നതു്. ഒരിടത്തു മാറിയിരുന്നു് ഈശ്വരനെ വിളിച്ചു കരയുന്നതു മാത്രമല്ല അവിടുത്തോടുള്ള പ്രേമം. അവിടുത്തെ സാന്നിദ്ധ്യം സര്‍വ്വജീവരാശികളിലും ദര്‍ശിക്കാന്‍ സാധിക്കണം.

മറ്റുള്ളവരോടു കാട്ടുന്ന കാരുണ്യം, പുഞ്ചിരി ഇതൊക്കെയും ഈശ്വരനോടുള്ള പ്രേമത്തെ, ഭക്തിയെയാണു കാണിക്കുന്നതു്. ഈശ്വരനിലേക്കു ഹൃദയം തുറന്നു കഴിയുമ്പോള്‍, ഭക്തി വന്നുകഴിയുമ്പോള്‍ ഇതൊക്കെ താനെയുണ്ടാകും. ആരോടും നുമുക്കു ദ്വേഷിക്കാന്‍ പറ്റില്ല.

ഒരിക്കല്‍ ഒരാള്‍ക്കു തീരെ സുഖമില്ലാതെയായി, ജോലി ചെയ്യാന്‍ വയ്യെന്നായി. രണ്ടുമൂന്നു ദിവസം ഭക്ഷണം ഒന്നും കഴിക്കാനില്ലാതെ പട്ടിണികിടന്നു് ആകെ അവശനായി. പലരോടും ഭക്ഷണത്തിനുവേണ്ടി യാചിച്ചു. ആരും ഒന്നു തിരിഞ്ഞുനോക്കുക കൂടി ചെയ്തില്ല. പല വീടുകളുടെയും വാതിലില്‍ മുട്ടി. എല്ലാവരും ആട്ടിയോടിച്ചതല്ലാതെ സഹായിക്കാന്‍ തയ്യാറായില്ല.

പാവം ആകെ നിരാശനായി. ഇത്ര കാരുണ്യമില്ലാത്ത ആളുകളുടെ ഇടയില്‍ ജീവിക്കേണ്ടതില്ലെന്നു തീര്‍ച്ചയാക്കി മരിക്കാന്‍തന്നെ തീരുമാനിച്ചു. പക്ഷേ, വിശപ്പു തീരെ സഹിക്കാന്‍ കഴിയുന്നില്ല. ‘വിശപ്പ് ഒന്ന് അടങ്ങിയിട്ടു മരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍’ എന്നു് അയാള്‍ ചിന്തിച്ചു. അവസാനം ഒരു വീട്ടില്‍ കൂടി ഭക്ഷണം ചോദിക്കാമെന്നു തീരുമാനിച്ചു.

അടുത്തുകണ്ട ഒരു കുടിലില്‍ ചെന്നു. അവിടെ ഒരു സ്ത്രീയാണുണ്ടായിരുന്നതു്. അവര്‍ അയാള്‍ക്കു് ഇരിക്കാന്‍ ഒരു പലക കൊടുത്തു. ”ഇവിടെ ഇരിക്കൂ.” എന്നു സ്നേഹത്തോടെ പറഞ്ഞു. അതിനുശേഷം ഭക്ഷണം കൊണ്ടുവരുന്നതിനായി കുടിലിനുള്ളിലേക്കു പോയി. അവിടെ ചെന്നു നോക്കുമ്പോള്‍, പാത്രം കമിഴ്ന്നു കിടക്കുന്നു. പൂച്ച തട്ടിമറിച്ചു കഴിച്ചതിൻ്റെ ബാക്കിയാണു തറയില്‍ കിടക്കുന്നതു്. അവര്‍ ആകെ വിഷമിച്ചു.

വളരെ വിഷമത്തോടെ അവര്‍ വന്നു പറഞ്ഞു, ”ക്ഷമിക്കണം ഒരു പാത്രത്തില്‍ കുറച്ചു ചോറും കറിയുമുണ്ടായിരുന്നു. അതു് അങ്ങേക്കു തരാമെന്നാണു കരുതിയതു്. പക്ഷേ, അതു പൂച്ച കഴിച്ചു. ഇനി ഇവിടെ കഴിക്കാവുന്നതായിട്ടു യാതൊന്നുമില്ല. പണം എന്തെങ്കിലും തരാമെന്നുവച്ചാല്‍ ഒരു പൈസപോലും എടുക്കാനില്ല. അങ്ങയെ നിരാശനാക്കിയതില്‍ ക്ഷമിക്കണം.”

അയാള്‍ പറഞ്ഞു, ”എനിക്കു തരേണ്ടതു നിങ്ങള്‍ തന്നു കഴിഞ്ഞു. രോഗം വന്നു ഞാന്‍ കിടപ്പിലായിരുന്നു, ഭക്ഷണത്തിനായി പലരോടും കെഞ്ചി. എല്ലാവരും എന്നെ ആട്ടിയോടിച്ചതല്ലാതെ, ഒരു നല്ല വാക്കുപോലും പറയാന്‍ തയ്യാറായില്ല. ഇങ്ങനെയുള്ള ഒരു ലോകത്തു് ഇനി ജീവിക്കാന്‍ വയ്യെന്നു കരുതി ഞാന്‍ ആത്മഹത്യയ്ക്കു തയ്യാറായതാണു്. എങ്കിലും വിശപ്പു തീരെ സഹിക്കാന്‍ വയ്യാതെ ഇവിടെക്കൂടെ വന്നു എന്നുമാത്രം.

ഒന്നും കിട്ടിയില്ല എങ്കിലും ഈ സ്നേഹത്തോടെയുള്ള വാക്കുകള്‍തന്നെ എന്നെ തൃപ്തനാക്കിക്കഴിഞ്ഞു. നിങ്ങളെപ്പോലെ കാരുണ്യമുള്ളവര്‍ ലോകത്തുണ്ടെന്നുള്ളതു ഞങ്ങളെപ്പോലെയുള്ള സാധുക്കള്‍ക്കു ജീവിക്കാന്‍ ധൈര്യം നല്കുന്നു. ഇനി ഞാന്‍ മരിക്കുന്നില്ല. ജീവിതത്തില്‍ ഇതുവരെ കിട്ടാതിരുന്ന ഒരു സന്തോഷവും സംതൃപ്തിയും ഇന്നു ഞാനനുഭവിക്കുന്നു.”

പ്രൊഫ. മേലേത്ത് ചന്ദ്രശേഖരന്‍

ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിൻ്റെ നിഴലില്‍ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കില്‍ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങള്‍കൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ടു് ഐന്‍സ്‌റ്റിനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കള്‍ ശ്രമിച്ചതു്. പ്രവചനാത്മകമായ മറ്റൊരു ദാര്‍ശനികമൊഴി ഓര്‍ക്കുന്നു.

“The contemporary situation is pregnant with great possibilities, immense dangers, or immeasurable rewards. It may be the end by destroying itself or its spiritual vitality may revive and a new age may dawn when this earth will become a real home of humanity.”- (Recovery of faith)

ഭാരതീയദര്‍ശനത്തിൻ്റെ ലോകാചാര്യനായ ഡോ. എസ്. രാധാകൃഷ്ണൻ്റെ ഈ വാക്കുകള്‍ക്കുമുണ്ടു പ്രവചനസ്വഭാവം. യാന്ത്രികസംസ്‌കാരത്തിൻ്റെ വ്യാപ്തിയോടുകൂടിയാണു ലോകജീവിതം ഏകത്വത്തില്‍നിന്നു നാനാത്വത്തിലേക്കുള്ള പ്രയാണമാരംഭി ച്ചതു്. അതോടെ ‘ഇദം ന മമ’ എന്ന ത്യാഗമന്ത്രം ‘ഇദം മമ’ എന്ന ഭോഗതന്ത്രമായി മാറിക്കഴിഞ്ഞു. ലോകത്തിനു നിരുപാധിക സ്‌നേഹത്തിൻ്റെ തിരിച്ചറിവുണ്ടാക്കുക എന്നതു് ഒരു വെല്ലുവിളിയാണെന്നു മനസ്സിലാക്കുകയും തളരാതെ മാനവികതയുടെ ഏകീകരണത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുന്ന ഒരു മഹാത്മാവു് ഇവിടെ അനിവാര്യമാണു്. ഭാരതത്തിൻ്റെ ചിരന്തനമായ ഭൂതകാല പാരമ്പര്യബോധത്തില്‍ നിന്നു തപസ്സുചെയ്തു് ഉദാരതയുടെ പൂര്‍ണ്ണതയിലെത്തിയ ഒരു മഹാത്മാവുണ്ടായി ഈ ലോകത്തു്, ആധുനികകാലത്തു്, ഈ മലയാളനാട്ടിലെ ഒരു കുഗ്രാമത്തില്‍നിന്നു്! ആ സംരക്ഷക ചൈതന്യമാണു മാതാ അമൃതാനന്ദമയീദേവി.

വിനാശത്തിൻ്റെ വക്കത്തു കിടക്കുന്ന പുതിയ ലോകത്തെ വിവേകത്തിൻ്റെ മഹാസ്വപ്‌നങ്ങളിലേക്കു കണ്‍മിഴിപ്പിക്കാനാണു് അമ്മ നിരന്തരമായി ലോകപര്യടനങ്ങള്‍ നടത്തുന്നതു്. 1987ല്‍ ആരംഭിച്ച ഈ പര്യടനങ്ങള്‍ എത്രത്തോളം സഫലമാണെന്നതിൻ്റെ പ്രത്യക്ഷ നിദര്‍ശനമാണു് 2003ല്‍ നാം കണ്ടതു്. അന്നു് അമൃതവര്‍ഷം 50 ആഘോഷിച്ചതു 191 രാജ്യങ്ങളുടെ പ്രാതിനിധ്യത്തോടെയായിരുന്നു. ലോകത്തിൻ്റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള ആത്മീയ മത നായകന്മാര്‍ കൊച്ചിയിലൊത്തു കൂടി. ലോക സമാധാനത്തിൻ്റെയും സമന്വയചിന്തയുടെയും യജ്ഞമാണു് അവിടെ നടന്നതു്. വിശ്വശാന്തിയുടെ ലയമാധുര്യത്തിനായി മതങ്ങള്‍ സമാശ്ലേഷിച്ചു. ഈ ദൗത്യത്തിൻ്റെ തുടര്‍ച്ചയാണു് ഇന്നും അമ്മ വിശ്വഗതമായി നടത്തിക്കൊണ്ടിരിക്കുന്ന പര്യടനങ്ങള്‍.

അമ്മയുടെ പര്യടനങ്ങളെ മൂന്നു വിഭാഗത്തില്‍ പെടുത്താവുന്നതാണു്. ഒന്നു്, കേരളീയം. രണ്ടു്, ഭാരതീയം. മൂന്നു്, അന്തര്‍ദ്ദേശീയം. മലയാളത്തിൻ്റെ മണ്ണില്‍ വേരൂന്നി ഭാരതഭൂഖണ്ഡമാകെ തടിയും ശാഖയും നിവര്‍ത്തി ലോകസാകല്യത്തിലേക്കു പടര്‍ന്നു വിതതവിശാലമാകുന്ന ഒരു മഹാവൃക്ഷത്തിൻ്റെ പ്രതീതിയാണു് അമ്മയുടെ ലോകപര്യടനങ്ങള്‍ സൃഷ്ടിക്കുന്നതു്. വിശ്വമാനവരാശിക്കൊട്ടാകെ പൂവും കായും സമൃദ്ധമായി കൊടുക്കുന്ന ഒരു മഹാവൃക്ഷം! അമ്മയുടെ ലോകപര്യടനത്തിനു മതമോ ജാതിയോ വര്‍ഗ്ഗമോ ഭാഷയോ ഒന്നും തടസ്സമാകുന്നില്ല. അതിന്നു്, ഇപ്പറഞ്ഞവയെല്ലാം ഒന്നിലൊതുങ്ങുകയാണു് വിശ്വപ്രേമത്തില്‍! ജപ്പാനിലും ജര്‍മ്മനിയിലും അമേരിക്കയിലും മറ്റേതു് അന്യരാജ്യങ്ങളിലും അമ്മയ്ക്കു് ഒന്നേ വിതയ്ക്കാനുള്ളൂ. ഭാരതത്തിൻ്റെ അക്ഷയമായ ഈ അമൃതശാന്തി.

അമ്മ എന്തിനാണു പര്യടനങ്ങള്‍ക്കിറങ്ങുന്നതു്? ഒരിടത്തു സ്വസ്ഥമായിരുന്നാല്‍പ്പോരെ? ഇങ്ങനെ ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ ആശയപ്രചരണത്തിനു വ്യക്തിഗതവും സമൂഹഗതവുമായ രണ്ടു വഴികളുണ്ടു്. മക്കള്‍ അമ്മയെത്തേടി എത്തുന്നതും അമ്മ മക്കളെത്തേടി എത്തുന്നതും. പാരസ്പര്യത്തിൻ്റെ രണ്ടു മുഖങ്ങളാണതു്. സ്ഥലകാലരാശികളെ അതിലംഘിക്കുന്ന തേജസ്സിൻ്റെ പരിക്രമണമാണതു്. സനാതനധര്‍മ്മത്തിലധിഷ്ഠിതമായ മാനവികതയെ ഏകലക്ഷ്യമാക്കുമ്പോള്‍ സമാധാന പ്രചരണത്തിനുള്ള ഏകമാര്‍ഗ്ഗവും ഇത്തരം ലോകപര്യടനങ്ങള്‍ തന്നെയാകുന്നു. ഇതെഴുതുമ്പോള്‍ അമ്മയുടെ വിശ്വഗതങ്ങളായ പല പ്രഭാഷണങ്ങളുടെയും അലയൊലി എൻ്റെ മനസ്സിലുണ്ടു്.

1993 സെപ്തംബര്‍ മൂന്നാം തീയതി ചിക്കാഗോവില്‍ വച്ചു നടന്ന വിശ്വമതമഹാസമ്മേളനത്തില്‍ വച്ചു് അമ്മ പറഞ്ഞു, ”മനുഷ്യനെ ഈശ്വരനാക്കുക ഇതാണു മതത്തിൻ്റെ, സനാതനധര്‍മ്മത്തിൻ്റെ ലക്ഷ്യം. ഹൃദയവും ഹൃദയത്തിൻ്റെ ഭാവങ്ങളും നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. നാം മറന്നുപോയ മതത്തിൻ്റെ ഭാഷ കാരുണ്യത്തിൻ്റെ ഭാഷയാണു്. മതം പഠിപ്പിക്കുന്ന സ്‌നേഹത്തിൻ്റെയും പരസ്പരവിശ്വാസത്തിൻ്റെയും ഭാഷ നമ്മള്‍ മറന്നുപോയിരിക്കുന്നു.” 1893ല്‍ ഒരു ശതവര്‍ഷം മുന്‍പു്, ഇതേ ചിക്കാഗോവില്‍വച്ചാണു സ്വാമി വിവേകാനന്ദനും വിശ്വമത സമന്വയത്തിനുവേണ്ടി ലോകജനതയെ ആഹ്വാനം ചെയ്തതു്.

ആ പാരമ്പര്യത്തിൻ്റെ തുടര്‍ച്ചയെന്നോണം അമ്മ തുടര്‍ന്നു, ”മക്കളേ, നിങ്ങള്‍ നിങ്ങളിലെ അനന്തശക്തിയെക്കുറിച്ചു ബോധവാന്മാരാകൂ. നിങ്ങള്‍ ഭയം കൊണ്ടു വിറയേ്ക്കണ്ട ആട്ടിന്‍ക്കുട്ടികളല്ല. തേജസ്സും ഗാംഭീര്യവുമുള്ള സിംഹക്കുട്ടികളാണു്. വിശ്വം നിയന്ത്രിക്കുന്ന മഹാശക്തിയാണു്.” പിന്നീടു് 1995ല്‍ ഐക്യരാഷ്ട്ര സഭയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന അന്തര്‍മതസമ്മേളനത്തിലും രണ്ടായിരത്തില്‍ ലോകസമാധാന ഉച്ചകോടിയിലും 2005ല്‍ ന്യൂയോര്‍ക്കില്‍ വച്ചു നടന്ന സമ്മേളനത്തിലും മറ്റും അമ്മയുടെ അരുള്‍മൊഴികളില്‍ മുഴങ്ങിയതു മാനവമഹാമൈത്രിയുടെ സന്ദേശമായിരുന്നു.

”ഒരു തുള്ളി വെള്ളം നദിയാകില്ല. അതു് ഒഴുകുകയുമില്ല. പല തുള്ളികള്‍ ഒരുമിച്ചു ചേരുമ്പോഴാണു് അതു നദിയായി ഒഴുകുന്നതു്. അതുപോലെ, മനുഷ്യമനസ്സുകളുടെ ഉള്ളിലുണരുന്ന സ്‌നേഹത്തിലൂടെ മാത്രമേ ഹൃദയങ്ങള്‍ ഒന്നിച്ചൊഴുകൂ. അതിലൂടെ മാത്രമേ ഐക്യവും ശാന്തിയുമുണ്ടാകൂ.” ലോക സാമൂഹ്യ ദുര്‍നിയമങ്ങളെ സ്‌നേഹസുന്ദര പാതയിലൂടെ നികത്താനുള്ള അമ്മയുടെ ദൗത്യത്തിനു വേഗം കൂട്ടുന്നതാവട്ടെ മക്കളുടെയും സമര്‍പ്പണബോധം.