കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി അമ്മയ്ക്ക് ഡി ലിറ്റ് (ഹോണറിസ് കോസ) ഓണററി ബിരുദം നൽകിയത് സ്വീകരിച്ചുകൊണ്ട്‌ യഥാർത്ഥ വിദ്യാഭ്യാസം എങ്ങിനെയായിരിക്കണം എന്ന് വ്യക്തമാക്കികൊണ്ടു അമ്മ നൽകിയ സന്ദേശം.
14 ഓഗസ്റ്റ് 2021

പ്രേമസ്വരൂപികളും ആത്മസ്വരൂപികളും ആയിരിക്കുന്ന എല്ലാവർക്കും  നമസ്കാരം. 

ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍, ശ്രീ ജോണ്‍ മാരിലിന്‍, ഈ ആദരവിനും ഇങ്ങനെയൊരു അവസരം ഉണ്ടാക്കിയതിനും കലിംഗാ യുണിവേഴ്‌സിറ്റിയുടെ സ്ഥാപകൻ  ശ്രീ അച്യുത് സാമന്തയ്ക്കും, സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റ് അംഗം ശ്രീ നിക്കിനും, ശ്രീ വേദ പ്രകാശ്‌നും, ശ്രീ സുസ്മിത സാമന്തയ്ക്കും, ശ്രീ വരുണ്‍ സൂത്രയ്ക്കും, ഈ യുണിവേഴിറ്റിയുടെ മറ്റ് അധികാരികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. 

ഭക്തന്മാരുടെ സ്നേഹവും സമര്‍പ്പണത്തോടുള്ള പ്രയത്നവും കൊണ്ടാണ് ഈ സ്ഥാപനത്തിന് (ആശ്രമത്തിന് )എന്തെങ്കിലും  കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചത്. അതുകൊണ്ട്, ഈ ആദരവ്, അവരുടെ നിറഞ്ഞ ഹൃദയത്തിനു മുന്‍പില്‍ അമ്മ സമര്‍പ്പിക്കുന്നു. 

കലിംഗായും കാരുണ്യവും

ചരിത്രത്തിന്റെ ഏടുകളില്‍ സ്വര്‍ണ്ണലിപികള്‍ കൊണ്ടെഴുതിയ ഒരു മഹാസംഭവത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഭൂപ്രദേശമാണ് കലിംഗാ. ഒരു മഹായുദ്ധത്തിന്റെ  രക്തചൊരിച്ചില്‍ കണ്ടു ഹൃദയംനൊന്ത അശോക ചക്രവര്‍ത്തിയുടെ  മനഃപരിവര്‍ത്തനവും, അതേതുടര്‍ന്ന് നിത്യമായ ശാന്തി തിരഞ്ഞെടുത്ത  മണ്ണുമാണിത്. കാരുണ്യം മുളപൊട്ടിയൊഴുകിയ ഈ മണ്ണില്‍  കലിംഗാ ഡീംഡ്  യൂണിവേഴ്‌സിറ്റിയുടെ  സ്ഥാപകൻ  ശ്രീ അച്യുത് സാമന്ത നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അമ്മ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.  യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം കൊണ്ട് ഒരു മനുഷ്യന്‍ നേടേണ്ട പരമപ്രധാനമായൊരു ഘടകം ഭൂതാനുകന്പയാണ്.  ആ പാതയാണ് ഈ  കാലാലയം പിന്‍തുടരുന്നു  എന്നറിയുന്നതില്‍ അമ്മയ്ക്ക് വളരെ  സന്തോഷമുണ്ട്.   ഇവിടുത്തെ പരന്പരാഗതരായ ദേശവാസികളായ പതിനായിരങ്ങള്‍ക്കു താങ്ങും തണലുമായി ഈ സ്ഥാപനം നിൽക്കുന്നു എന്നറിഞ്ഞതിൽ അമ്മയ്ക്  അങ്ങേയറ്റം സന്തോഷം ഉണ്ട്.  

ഭാരതദര്‍ശനം, ലോകത്തിനു കൊടുത്ത മഹത്തായ സന്ദേശം

ഈ ലോകത്തിലെ  സകലചരാചരങ്ങളും ഏകമായ ചൈതന്യത്തിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളുമാണ്. അതുകൊണ്ട്, ജീവനുള്ളതും ഇല്ലാത്തതുമായ സകലതിനേയും സ്നേഹത്തോടും ആദരവോടും സേവനമനോഭാവത്തോടും നമ്മൾ പരിഗണിക്കണം. അതാണ് ഭാരതദര്‍ശനം, അതാണ് ഭാരതം ലോകത്തിനു കാണിച്ചുകൊടുത്ത മഹത്തായ സന്ദേശം. 

സനാതന ധര്‍മ്മത്തില്‍ സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല. സ്വർണ്ണത്തിൽ  കമ്മലും മാലയും ഉണ്ട്. കമ്മലിലും മാലയിലും സ്വർണ്ണമുണ്ട്.  നൂറ് കുടത്തിൽ വെള്ളമുള്ളതുകൊണ്ടു സൂര്യൻ നൂറായി പ്രതിബിംബിക്കും. പക്ഷേ സൂര്യന്‍ ഒന്നേയൂള്ളൂ. ഇതുപോലെ എല്ലാവരിലും ഒരേ ആത്മാവാണ് ഉള്ളത് എന്നുകണ്ടു  നമുക്ക് മറ്റുള്ളവരെയും കൂടി പരിഗണിക്കാൻ  നാം നോക്കണം.  വലതു കൈ വേദനിക്കുന്പോള്‍ ഇടതു കൈ അതിനെ തലോടി ആശ്വസിപ്പിക്കുന്നപോലെ, മറ്റുള്ളവരുടെ ദുഃഖം നമ്മുടെ ദുഃഖമായി കാണാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. 

വിദ്യാഭ്യാസം എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം

വിദ്യാഭ്യാസം എന്ന പദത്തിന്  ഇംഗ്ലീഷില്‍ ‘എഡ്യൂക്കേഷന്‍’ എന്നാണല്ലോ പറയുന്നത്. ആ പദത്തിന്റെ ശരിയായ അര്‍ത്ഥം, ‘ഉള്ളിലുള്ളതിനെ പുറത്തുകൊണ്ടുവരിക’ എന്നാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. അവനവന്റെ  ഉള്ളില്‍ അന്തര്‍ലീനമായ ശക്തിയെ ഉണർത്താൻ  സഹായിക്കുന്നതാണ് വിദ്യാഭ്യാസം, അല്ലെങ്കില്‍ എഡ്യൂക്കേഷന്‍. 

ഇന്നത്തെ വിദ്യാഭ്യാസം നമ്മുടെ കഴിവുകളെ പൂർണ്ണമായി ഉണർത്താനുള്ളതാണോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.  ഉദാഹരണത്തിന് ഒരു പോര്‍ട്ടര്‍ തന്റെ തല ഭാരം ചുമക്കാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ അതേ തല ഉപയോഗിച്ച് ഒരു സയന്റിസ്റ്റ് എന്തെല്ലാം കണ്ടുപിടുത്തങ്ങള്‍ കൈവരിക്കുന്നു.  ഇതുപോലെ നമ്മള്‍ എല്ലാവരിലും കഴിവുകള്‍ ഉണ്ട്. അതിനെ ഉള്ളിൽ നിന്ന് ഉണർത്താനുള്ള സാഹചര്യങ്ങൾ കുറച്ചുകൂടി കൊടുക്കുന്നത് നല്ലതായിരിക്കാം. 

 ഉറക്കം തൂങ്ങുന്ന കോഴി  

അതു പറയുന്പോൾ അമ്മയുടെ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍ക്കുകയാണ്:  എന്റെ വീട്ടിൽ കോഴികളെ വളർത്തുമായിരുന്നു. അത് നാടൻ  കോഴികളാണ്, ബ്ലോക്ക് കോഴിയല്ല. അത് കുറച്ചു മുട്ടയിട്ടുകഴിഞ്ഞാൽ പിന്നെ കുറച്ചു നാളേക്ക് മുട്ടയിട്ടില്ല. അത് അടയിരിക്കുന്നു  എന്നാണ് പറയുന്നത്. ഒരു മൂലയിൽപോയി അങ്ങാതെ ഇരിക്കും. ഒരു പനി വന്നപോലെ  മൂലയിൽപോയി ഇരിക്കും. അത് ആളുകളെ അടുപ്പിക്കില്ല. ഇര കൊത്തിത്തിന്നാൻ  പോകില്ല. കൊടുത്താലും തിന്നില്ല. അടുത്തോട്ടു ചെന്നാൽ ശബ്ദമുണ്ടാക്കും. അങ്ങിനെ ഇരുന്നാൽ അഞ്ചാറുമാസം അങ്ങിനെ തന്നെ ഇരിക്കും. ഓടിച്ചുവിട്ടില്ലെങ്കിൽ ചത്തുപോകാനും ഇടയുണ്ട്. 

നാലഞ്ചു ദിവസം അങ്ങിനെ ഇരുന്നു കണ്ടാൽ ദമയന്തിയമ്മ  കോഴിയെ പിടിച്ചു വെള്ളത്തിൽ എറിയും. വെള്ളത്തിൽ മുങ്ങാതിരിക്കാൻ വേണ്ടി ചിറകടിച്ചു ചിറകടിച്ചു  കരയിലേക്ക് വരും. പിന്നെയും അമ്മ വെള്ളത്തിൽ ഏറിയും. പിന്നെയും ചിറകടിച്ചു  കരയിലേക്ക് വരും. അങ്ങിനെ നാലഞ്ചു  പ്രാവശ്യം എറിഞ്ഞുകഴിയുന്പോൾ മൂലക്കിരിക്കാൻ പോകില്ല. നടന്നു കൊത്തിത്തിന്നാൻ  തുടങ്ങും.  പതിനഞ്ചു  ദിവസം കഴിയുന്പോൾ മുട്ടയിടാൻ തുടങ്ങും.

സത്യത്തിൽ ഈ കഴിവ് കോഴിക്ക് ഉണ്ടായിരുന്നില്ലേ. അങ്ങിനെ വെള്ളത്തിലേക്ക് എറിഞ്ഞതുകൊണ്ടല്ലേ ഉണർത്തികൊണ്ടുവരാൻ കഴിഞ്ഞത്. ഇതുപോലെ നമ്മുടെ ഉള്ളിലെ തമസ്സ് മാറ്റി കഴിവുകളെ ഉണർത്താൻ ശ്രമിച്ചാൽ എല്ലാവർക്കും സാധിക്കും. 

ഇന്നത്തെ വിദ്യാഭ്യാസം അനുകരണമാണ്

ഇന്നത്തെ വിദ്യാഭ്യാസം അനുകരണമാണ് – കേൾക്കുന്നത്, വായിക്കുന്നത്  പറയുന്നത് എല്ലാം അങ്ങിനെയാണ്,  ആ ഒരു രീതിയിലാണ് പോകുന്നത്. 

അമേരിക്കയിലെ ഒരു  കോളേജില്‍ പഠിപ്പിക്കുന്ന ഒരു പ്രൊഫസര്‍ അമ്മയോടു സംസാരിച്ചപ്പോൾ പറഞ്ഞു. “’അമ്മ, ഇന്ത്യയിൽ നിന്ന് സ്കോളര്ഷിപ്പിനും, പി എച് ഡി ക്കും ജോലിക്കും വേണ്ടി അപേക്ഷ വരാറുണ്ട്. 90 % ആൾക്കാരും ഒരേ രീതിയിലാണ് എഴുതുന്നത്. ഇതുകാണുന്പോൾ ചുരുട്ടി വെയിസ്റ്റ് ബക്കറ്റിൽ ഇട്ടും” എന്ന്.

ഇതിന്റെ അർഥം നമ്മൾ അനുകരണത്തിൽ മാത്രം നിൽക്കുന്നു എന്നാണ്. അതുകൊണ്ട് നമ്മൾ ഒന്നുകൂടി ശ്രദ്ധിക്കുന്നതു നല്ലതായിരിക്കും. 

ഉപജീവനവും ജീവനവും രണ്ടും രണ്ടാണ്.

വിദ്യാര്‍ത്ഥികളുടെ കഴിവുകളെ ഉണര്‍ത്തുന്ന രീതിയിലാണോ ഇന്നത്തെ വിദ്യാഭ്യാസ സന്പ്രദായം മുന്നോട്ടുപോകുന്നതെന്ന് നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും പേരും പണവും പദവികളും പ്രശസ്തിയും സന്പാദിക്കാന്‍ വിദ്യാഭ്യാസം സഹായിക്കും. പക്ഷെ അതുകൊണ്ടുമാത്രം ജീവിതംപൂർണ്ണമാകുമോ?  അതാണോ ജീവിതം? നമ്മൾ കുറെയേറെ പുസ്തകങ്ങള്‍ പഠിക്കുകയും, മത്സരിച്ച് പരീക്ഷകള്‍ പാസാകുകയും ഒരു ഡിഗ്രി സന്പാദിക്കുകയും അതിലൂടെ ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്തി ഉപജീവനം നയിക്കുകയും ചെയ്യുന്നതാണോ ജീവിതം? 

ഉപജീവനവും ജീവനവും രണ്ടും രണ്ടാണ്. ഉപജീവനത്തിന് ജോലിവേണം, പണം വേണം, വീടും കാറും മറ്റു സുഖസൗകര്യങ്ങൾ  ഒക്കെവേണം. പക്ഷെ ഇവയൊക്കെയുള്ളതു കൊണ്ട് ജീവിതം സുഖമാണോ, സുഖമാകുമോ?  ജീവിതം പൂര്‍ണ്ണമാകണമെങ്കില്‍, സ്നേഹവും കാരുണ്യവും, കൃതജ്ഞതയും,  മറ്റുള്ളവരുടെ വേദനഅറിയാനും അവരെ സഹായിക്കാനുള്ള മനസും , ഹൃദയവിശാലതയും, വാക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും പക്വതയും നാം വളർത്തിയെടുക്കണം.   

അവനവന്റെ ഉള്ളിലെ ചിന്തകള്‍ക്കും പുറത്തെ  കര്‍മ്മങ്ങള്‍ക്കും വെളിച്ചം പകരുന്നതായിരിക്കണം വിദ്യാഭ്യാസം. വിവേകവും വിചാരവും ഒരുപോലെ വളര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം. ബാഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള  അറിവ്  സന്പാദിക്കുന്നതുപോലെ, ആന്തരികപ്രപഞ്ച ത്തെ അറിവും ഉളവാക്കുന്നതായിരിക്കണം വിദ്യാഭ്യാസം. പുറത്തത്തെ കണ്ണ്  തുറപ്പിക്കുന്നപോലെ അകത്തെ കണ്ണും തുറപ്പിക്കാൻ  സഹായിക്കുന്നതായിരിക്കണം വിദ്യാഭ്യാസം. സ്വന്തം രാജ്യത്തോടും ലോകത്തോടും സഹജീവികളോടും പ്രകൃതിയോടും മറ്റെല്ലാ ജീവരാശികളോടും ഈശ്വരനോടും ഉള്ള മനുഷ്യന്റെ അഭേദ്യമായ ബന്ധത്തെ കുറിച്ചുള്ള ബോധവും ആത്മബന്ധവും ഉറപ്പിക്കുന്നതായിരിക്കണം വിദ്യാഭ്യാസം.    

75 ശതമാനത്തിലേറെ അന്ധതയിൽ ഉറങ്ങി  കിടക്കുകയാണ്. 

ഇന്നത്തെ വിദ്യാഭ്യാസം മനസിന്റെയും ബുദ്ധിയുടേയും വികാസത്തിനാണു  കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇവ രണ്ടും ശരീരത്തിന്റെ തലങ്ങളണ്.  തന്റെ അസ്തിത്വത്തെ  കുറിച്ച് തികച്ചും അജ്ഞതയിലാണ്  മനുഷ്യന്‍ ജീവിക്കുന്നത്. ഈ അറിവില്ലായ്മ പരിഹരിക്കാതിരുന്നാല്‍ നമ്മുടെ ജീവിതവും നമ്മള്‍ ജീവിക്കുന്ന ലോകവും എപ്പോഴും സംഘര്‍ഷപൂർണ്ണമായിരിക്കും. ഒരുവീട്ടിൽ അഞ്ചുപേരുണ്ടെകിൽ അഞ്ചുപേരും രാജാവാകാൻ ശ്രമിക്കുന്നതുപോലെയാണ്. അവിടെ മത്സരം മാത്രമേ ഉണ്ടാകൂ.  

ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ, അല്ലെങ്കില്‍ ജീവിതത്തെ നാലായി വിഭജിച്ചാല്‍, ശരീരവും മനസും ബുദ്ധിയും കഷ്ടിച്ച് ഇരുപ്പത്തിയഞ്ചു ശതമാനം, നാലില്‍ ഒന്നു മാത്രമേ ആകുന്നുള്ളു. ബാക്കി എഴുപത്തിയഞ്ചു ശതമാനത്തിലേറെ വികാസം പ്രാപിക്കാതെ അന്ധതയിൽ ഉറങ്ങി  കിടക്കുകയാണ്. 

വസുധൈവകുടുംബകം

ഇനിയങ്ങോട്ടുള്ള പാഠ്യപദ്ധതിയില്‍ ‘വസുധൈവകുടുംബകം’ എന്ന ഭാരതീയ സങ്കല്‍പ്പത്തിന് കുറച്ചെങ്കിലും പ്രാധാന്യം നല്‍കണം. ഇനിയങ്ങോട്ടുള്ള മാനവരാശിയുടെ യാത്രയിലും ചിന്തയിലും കര്‍മ്മങ്ങളിലും ഈ ഏകത്വബോധം അല്‍പ്പമെങ്കിലും പ്രതിഫലി ക്കണം, അത് പ്രാവര്‍ത്തികമാക്കണം. ഇല്ലെങ്കില്‍, അത്യാഗ്രഹം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി, മനുഷ്യവംശത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാകും. ആ ദിശയിലേക്കാണു  നമ്മള്‍ നീങ്ങുന്നതെന്നുള്ളതിന്റെ ശക്തമായ സൂചനകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രകൃതി നമുക്കു നല്‍കികൊണ്ടിരിക്കുകയാണ്. ഈശ്വരന്റെ വിളിക്ക് , പ്രകൃതിയുടെ വിളിക്ക് ചെവികൊടുത്തില്ലെങ്കില്‍, ഭൂമുഖത്തുനിന്നും എന്നേക്കുമായി തുടച്ചുനീക്കപ്പെട്ട ജീവികളുടെ കൂട്ടത്തില്‍ മനുഷ്യവംശവും ഉൾപ്പെടും.   

വിദ്യാഭ്യാസം കൊണ്ട് അഞ്ചു ലക്ഷ്യങ്ങള്‍

വിദ്യാഭ്യാസം കൊണ്ട് അഞ്ചു ലക്ഷ്യങ്ങള്‍ നമുക്ക് സഫലീകരിക്കാന്‍ കഴിയണം:

1. ഉപജീവനം – അതായത്, സന്പത്ത്, പണം, പദവി, സുഖസൗകര്യങ്ങള്‍ എന്നിവ നേടുവാനുള്ള അറിവും പരിശീലനവും നല്‍കുന്നതാവണം വിദ്യാഭ്യാസം.

2. ശരീരികമായ ആരോഗ്യത്തിനും ആവശ്യങ്ങള്‍ക്കും വിവരം നല്‍കുന്ന അതേ പ്രാധാന്യത്തോടെ ആരോഗ്യപൂര്‍ണ്ണമായ ഒരു മനസുണ്ടാകുവാനും വികാരവിചാരങ്ങളില്‍ പക്വതയും വിവേകവും ഉണ്ടാകുവാനും വിദ്യാഭ്യാസം സഹായിക്കണം. 

3. സ്വന്തം വീടിനോടും കുടുംബാംഗങ്ങളോടുമുള്ള കടമനിറവേറ്റുന്നതുപോലെ, നമുക്കു ജീവിക്കാനിടവും ഭക്ഷണവും തന്ന മഴയോടും വെയിലിനോടും  മഞ്ഞിനോടും മലയോടും  കാടിനോടും  വൃക്ഷങ്ങളോടും നദിയോടും  കായ്കനികളോടും  പൂക്കളോടും  പ്രകൃതിയോടും  ഈ ലോകമാകുന്ന വലിയ തറവാടിനോടും ഉള്ള കടമയും നിറവേറ്റാന്‍ വിദ്യാര്‍ത്ഥികളെ  പരിശീലിപ്പിക്കണം.  അതിനുള്ളതായിരിക്കണം വിദ്യാഭ്യാസം.    

4. പ്രകൃതിയോടും ഈശ്വരനോടും, സ്നേഹവും കൃതജ്ഞതയും ആദരവും ഉള്ളവരായിരിക്കാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. അതിന് അവനവന്റെ കഴിവിനനുസരിച്ചുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളും, നിസ്വാര്‍ത്ഥ കര്‍മ്മങ്ങളും ചെയ്യുവാനുള്ള ഉള്‍പ്രേരണ നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം.

5. വിദ്യാഭ്യാസം ആത്മസത്തയെ കുറിച്ചുള്ള ബോധം ഉണര്‍ത്തുന്നതായിരിക്കണം. ‘ഞാന്‍ വേറിട്ടും അന്യമായും നില്‍ക്കുന്ന ഒരു വ്യക്തിത്വമല്ല, ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്’ എന്നുള്ള ബോധം വളര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം. നടുക്കടലിലെ വെള്ളവും, തീരത്തടിയുന്ന തിരയും  ഒന്നാണ്. അതുപോലെ, പ്രപഞ്ചമാകുന്ന മഹാസമുദ്രത്തിലെ അനേക തിരകളില്‍ ഒന്നാന്നു ഞാൻ  എന്നുള്ള ബോധം വളർത്താൻ സഹായിക്കുന്നതായിരിക്കണം  വിദ്യാഭ്യാസം.

വിദ്യാഭ്യാസകാലം ധ്യാനാത്മകതയുടെ കാലമായിരിക്കണം

ബാഹ്യമായ വിവരശേഖരണം ഒരു പാലം പോലെയാണ്. അതിലൂടെ സഞ്ചരിച്ച് അന്തര്‍ലീനമായിരിക്കുന്ന അറിവിന്റെ വെളിച്ചത്തിലേക്ക്  നമ്മള്‍ എത്തിച്ചേരണം . ആ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള തപസ്സാണ്  വിദ്യാഭ്യാസം. അതുകൊണ്ട്, വിദ്യാഭ്യാസകാലം ധ്യാനാത്മകതയുടെ കാലമായിരിക്കണം. ആ അടിത്തറയില്‍ ഊന്നിനിന്നുകൊണ്ട്, അറിവുസന്പാദിച്ചാൽ, ജീവിതം മദവും മത്സരവും നിറഞ്ഞതാകില്ല. മറിച്ച്, പ്രകൃതിയും മനുഷ്യനും ഈശ്വരനും കൈകോര്‍ത്തു പോകുന്ന, സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഒരു ഉല്ലാസയാത്രയായി തീരും. 

ഒച്ചുകളും പക്ഷികളും ആത്മവിശ്വാസവും

ഇന്നത്തെ ലോകത്തിലേക്കു നോക്കുന്പോൾ കൂരിരുട്ടായിരിക്കും കാണുന്നത്. മക്കൾ തളരാൻ പാടില്ല.  

ഇത് പറയുന്പോൾ അമ്മ  ഒരു കഥ ഓർക്കുകയാണ്. 

കുറെ ഒച്ചുകൾ കൂടി വടക്കോട്ട് ഇഴഞ്ഞു പോകുകയാണ്. കുറെ പക്ഷികൾ പറന്ന്  തെക്കോട്ടു വരികയാണ്. വഴിക്കുവച്ച് അവർ കണ്ടുമുട്ടി. 

പക്ഷികൾ ഒച്ചിനോട് ചോദിച്ചു – “നിങ്ങൾ എവിടേക്കു പോകുകയാണ്?” എന്ന്. 

“ഞങ്ങൾ ആ കാട്ടിലേക്ക് പോകുകയാണ്”

“ഞങ്ങൾ ആ കാട്ടിൽ നിന്നാണ്  വരുന്നതു. അവിടെ വൃക്ഷമെല്ലാം ഉണങ്ങി നില്കുകയാണ്. ഒരു പച്ച ഇല പോലുമില്ല. നിങ്ങൾ തിരിച്ചു പോയ്‌ക്കോളൂ” എന്ന് പക്ഷികൾ നിർദ്ദേശിച്ചു. 

“ഇല്ല ഇല്ല. ഞങ്ങൾ അവിടെ ചെല്ലുന്പോഴേക്കും  ആ വൃക്ഷങ്ങൾ  തളിരിടാൻ തുടങ്ങും” എന്ന് ഒച്ചുകൾ മറുപടി പറഞ്ഞു.  

ഇതുപോലെ മുന്നില്‍ ഒന്നും കാണുന്നില്ലെങ്കിലും ആത്മവിശ്വാസം വിടാതെ മുന്നോട്ടു പോകാൻ  ശ്രമിച്ചുകൊണ്ടിരിക്കണം. അത് ഒരു ബൂസ്റ്റർ റോക്കറ്റ് പോലെയാണ് . മക്കൾ തളരാൻ പാടില്ല. 

എന്റെ കൈ നിങ്ങളിലൂടെ

സൂര്യന് മെഴുകുതിരിയുടെ ആവശ്യമില്ല. അതു പോലെ ഈശ്വരന് നമ്മളില്‍ നിന്നും യാതൊന്നും ആവശ്യമില്ല. അതുകൊണ്ട് മറ്റുള്ളവരെ ഈശ്വരനായി കണ്ടു സ്നേഹിക്കാനും സേവിക്കാനും ഒരു മനസ്സുകൂടി സന്പാദിക്കുന്നതു നല്ലതായിരിക്കും. 

ഇത് പറയുന്പോൾ ‘അമ്മ ഒരു സംഭവം ഓർക്കുകയാണ് – ഒരു നാൽക്കവലയിൽ രണ്ടുകയ്യും ഉയർത്തിപിടിച്ച ഒരു പ്രതിമ വച്ചിരുന്നു. കഴുത്തിൽ ഒരു തകരവും എഴുതിതൂക്കിയിരുന്നു.  “എന്റെ കൈകളിലേക്കു വരൂ” എന്നാണ് അതിൽ എഴുതിയിരുന്നത്.  

കാലക്രമത്തിൽ പ്രതിമയുടെ രണ്ടുകയ്യും ഒടിഞ്ഞു പോയി. ആ പരിസരനിവാസികൾ ഒരു കമ്മിറ്റി കൂടിയിട്ടു ഈ പ്രതിമ മാറ്റി മറ്റൊരു പ്രതിമ വയ്ക്കാം എന്ന് പറഞ്ഞു. 

മറ്റൊരു ഗ്രൂപ്പ് പറഞ്ഞു – ഈ പ്രതിമ മാറ്റാണ്ടാ, രണ്ടുകൈയും പുതിയതായി ഉണ്ടാക്കി ചേർത്താൽ മതി. 

മറ്റൊരു ഗ്രൂപ്പ് പറഞ്ഞു – കയ്യും മാറ്റേണ്ട പ്രതിമയും മാറ്റേണ്ട. ഇങ്ങിനെ തന്നെ ഇരിക്കട്ടെ.” എന്ന്. 

“അങ്ങിനെയാണെങ്കിൽ എന്റെ കൈകളിലേക്കു വരൂ എന്ന് തകരത്തിൽ  എഴുതിയിരിക്കുന്നത് എങ്ങിനെ ശരിയാകും?” എന്നായി മറ്റുചിലർ. 

“അതിനു ‘എന്റെ കൈകളിലേക്കു വരൂ’ എന്നെഴുതിയതിനു താഴെ ‘എന്റെ കൈ നിങ്ങളിലൂടെ’  എന്നുകൂടി എഴുതിച്ചേർക്കാം എന്ന് പറഞ്ഞു.

ഈശ്വരന്റെ കൈ നമ്മളിലൂടെ യാണ്   നമ്മള്‍ ഈശ്വരന്റെ കൈകള്‍ ആവണം. ഈശ്വരൻ  നമ്മുടെ കയ്യിലൂടെ ആകണം കണ്ണുകളിലൂടെ  ആകണം. കാതുകളിലൂടെ ആകണം നാവിലൂടെ ആകണം. അങ്ങിനെ ഓരോന്നിലും ഈശ്വരൻ ആകാൻ നമ്മൾ ശ്രമിക്കണം. 

കാലം, പ്രയത്‌നം,  ഈശ്വരകൃപ

നമ്മുടെ ഏതുകർമ്മവും  മധുരമാകണമെങ്കിൽ മുന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് – കാലം, പ്രയത്‌നം,  ഈശ്വരകൃപ.

നമ്മൾ എവിടെങ്കിലും യാത്ര പോകുന്പോൾ, സമയത്തിനു ഇറങ്ങി വണ്ടിയിൽ കയറി. ഇടക്ക് വച്ച് വണ്ടി ബ്രേക്ക് ഡൌൺ ആകാം, ആക്സിഡന്റ് ആകാം. കാലവും പ്രയത്നവും ഉണ്ടായിട്ടും കൃപയില്ലാത്തതുകൊണ്ടു മധുരമാക്കാൻ പറ്റിയില്ല.

അഥവാ നമ്മൾ പ്ലെയിൻ സ്റ്റേഷനിൽ എത്തിച്ചേർന്നു, നാം ഒരു ലേലത്തിൽ പങ്കടുക്കാൻ പോകുകയാണെന്നിരിക്കട്ടെ – അവിടെ ചെല്ലുന്പോളാണ് അറിയുന്നത് കാലാവസ്ഥ ശരിയല്ല എന്നോ പ്ലെയിനിന്റെ എൻജിൻ കേടാണ്  എന്നോ.  

കാലവും പ്രയത്നവും ഉണ്ടായിട്ടും കൃപയില്ലാത്തതുകൊണ്ടു ആ കർമ്മം  മധുരമാക്കാൻ പറ്റിയില്ല. ആ കൃപയ്ക് നമ്മുടെ ഭാഗത്ത് നല്ല കർമ്മം വേണം. ഇനിയെങ്കിലും നമ്മൾ ഉണർന്നു, ആ കൃപയ്ക്ക് പാത്രമാകാൻ പരമാത്മാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ. 

ആദ്ധ്യാത്മികത എന്നു കേള്‍ക്കുമ്പോള്‍, ഭയക്കുന്നവരാണു ജനങ്ങളില്‍ അധികംപേരും. സ്വത്തു സമ്പാദിക്കരുതെന്നോ കുടുംബജീവിതം വെടിയണമെന്നോ അല്ല ആദ്ധ്യാത്മികത എന്നതുകൊണ്ടു് അര്‍ത്ഥമാക്കുന്നതു്. സ്വത്തു സമ്പാദിച്ചുകൊണ്ടു കുടുംബജീവിതം നയിച്ചുകൊള്ളൂ.പക്ഷേ, തത്ത്വം അറിഞ്ഞായിരിക്കണം ജീവിക്കേണ്ടതു്.

കർഷകർക്കൊപ്പം അമൃതാ വിശ്വവിദ്യാപീഠം വിദ്യാർത്ഥികൾ

ആദ്ധ്യാത്മികതത്ത്വമറിയാതുള്ള സ്വത്തുസമ്പാദനവും കുടുംബജീവിതവുമെല്ലാം കഷണ്ടിത്തലയ്ക്കു ചീപ്പു ശേഖരിക്കുന്നതുപോലെയാണു്. ഈ സമ്പാദ്യങ്ങളോ സ്വന്തക്കാരോ ഒന്നും ശാശ്വതമായി നമ്മുടെ കൂടെ വരുന്നതല്ല. അവയ്ക്കു് അവയുടെതായ സ്ഥാനം മാത്രമേ ജീവിതത്തില്‍ നല്കുവാന്‍ പാടുള്ളൂ.

എല്ലാം ഉപേക്ഷിക്കണം എന്നല്ല, ഈ ഭൗതികലോകത്തു് എങ്ങനെ വിവേകപൂര്‍വ്വം ആനന്ദപ്രദമായി ജീവിക്കാം എന്നു പഠിപ്പിക്കുന്നതാണു് ആദ്ധ്യാത്മികതത്ത്വങ്ങള്‍. നീന്തലറിയാത്തവന്‍ കടലിലിറങ്ങിയാല്‍ തിര അവനെ അടിച്ചുമറിച്ചിടും. അവന്റെ ജീവന്‍തന്നെ അപകടത്തിലാകും.

എന്നാല്‍ നീന്തല്‍ പഠിച്ചവന്‍ കടലിലെ തിരകളില്‍ നീന്തി രസിക്കും. അവനു് അതു് ആനന്ദകരമായ ലീലയാണു്. ഇതുപോലെ ആദ്ധ്യാത്മികത മനസ്സിലാക്കിയാല്‍ ഈ ലോകത്തെ ഒന്നുകൂടി ആനന്ദപൂര്‍ണ്ണമായി പുല്കുവാന്‍ കഴിയുന്നു. അല്ലാതെ മരിച്ചു കഴിഞ്ഞു സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ വേണ്ടിയുള്ളതോ കുറെ അന്ധവിശ്വാസങ്ങളോ അല്ല ആദ്ധ്യാത്മികത. സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍തന്നെ.

ഈ ലോകത്തെ ഒരു കുട്ടിയുടെ ലീലപോലെ നോക്കി കണ്ടാല്‍, മനസ്സിനെ അനുഭൂതിതലത്തിലേക്കുയര്‍ത്തുവാന്‍ കഴിയും. ഈ ജീവിതത്തില്‍തന്നെ ആനന്ദം അനുഭവിക്കാന്‍ വേണ്ട ശക്തിയും ധൈര്യവും എങ്ങനെ സംഭരിക്കാം എന്നു പഠിപ്പിക്കുന്ന തത്ത്വമാണു് ആദ്ധ്യാത്മികത.

ജോലിയൊന്നും ചെയ്യാതെ വെറുതെ കുത്തിയിരിക്കാന്‍, മടിയന്മാരായിരിക്കാന്‍ ഈ മാര്‍ഗ്ഗം ഉപദേശിക്കുന്നില്ല. ഒരാള്‍ സാധാരണ എട്ടു മണിക്കൂര്‍ ജോലി ചെയ്യുമെങ്കില്‍ അതു പത്തു മണിക്കൂറായി വര്‍ദ്ധിപ്പിച്ചു് അധികം നേടിയ പണം മിച്ചംവച്ചു സാധുസേവയ്ക്കായി ഉപയോഗിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അതു് ആദ്ധ്യാത്മികതയാണു്. അതാണു യഥാര്‍ത്ഥ ഈശ്വരപൂജ.

ഹരിപ്രിയ
(കര്‍ക്കടകമാസം രാമായണമാസം)

വേദവേദ്യനായ ഭഗവാന്‍ ‘ദാശരഥി ശ്രീരാമനായി’ അവതരിച്ചപ്പോള്‍ വേദം രാമായണകാവ്യമായി വാല്മീകിയുടെ മുഖത്തു നിന്നു നിര്‍ഗ്ഗളിച്ചു.സര്‍വ്വേശ്വരനെ മനസ്സിലാക്കിത്തരുന്ന കാര്യത്തില്‍ വേദം, ആചാര്യനെപ്പോലെ കത്തിക്കുന്നു. പുരാണം, സുഹൃത്തിനെപ്പോലെ കഥകള്‍ പറയുന്നു. കാവ്യം, കാമുകിയെപ്പോലെ കളഭാഷണം ചെയ്യുന്നു.

ഭാഷ ഏതായാലും പ്രതിപാദ്യവിഷയം ആത്മാവിനെക്കുറിച്ചുതന്നെ. സമസ്തലോകങ്ങളും ആത്മാവായ രാമങ്കല്‍ രമിക്കുന്നു. ശ്രീരാമനാകട്ടെ, നാടുപേക്ഷിച്ചു സുമുഖനായി കാടു കയറി തൻ്റെ സ്നേഹംകൊണ്ടു കാട്ടാളനെയും കഴുകനെയും മരഞ്ചാടികളെയും ഉദ്ധരിക്കുന്നു. മാമുനിമാര്‍ക്കുപോലും സതീധര്‍മ്മം അനുഷ്ഠിച്ചു സീതയാകാന്‍ മോഹം ഉളവാകുന്നു.

എങ്കിലും ഈ പൂര്‍ണ്ണാവതാര കാലത്തും കലിയുഗാവതാരംപോലെ സര്‍വ്വരെയും വാരിപ്പുണരുന്ന ഒരു വാത്സല്യപ്രവാഹം ഉണ്ടായിരുന്നില്ല. അപൂര്‍വ്വമായി പ്രകടമാവുന്ന ഈശ്വരാലിംഗനത്തെ കവികള്‍ വാനോളം പുകഴ്ത്തിപ്പാടിയിരുന്നു. തുഞ്ചൻ്റെ പൈങ്കിളി കൊഞ്ചുന്ന രാമായണത്തില്‍ ശ്രീരാമാലിംഗനം വര്‍ണ്ണിക്കുന്ന രണ്ടുമൂന്നു രംഗങ്ങള്‍ ഉണ്ടു്.

ആദ്യം ആ ഭാഗ്യം ലഭിച്ചതു നിഷാദനായ ഗുഹനാണു്. സീതാരാമലക്ഷ്മണന്മാരെ തോണിയിലേറ്റി ഗംഗ കടത്തിയ ഗുഹന്‍ ശ്രീരാമനോടു ശ്രീപാദം പിന്തുടരാന്‍ അനുവാദം ചോദിക്കുന്നു. ആ സമയം ഭക്തനില്‍ അതിയായ സന്തോഷം തോന്നിയ ശ്രീരാമചന്ദ്രന്‍, പതിനാലു വത്സരം കഴിഞ്ഞു താന്‍ വരുമെന്നു വാക്കു പറഞ്ഞു ഗാഢാലിംഗനം ചെയ്തു ഗുഹനെ യാത്രയാക്കുന്നു.

ഈ വിവരമെല്ലാം അറിഞ്ഞു ജ്യേഷ്ഠനെ തിരിച്ചു വിളിക്കാന്‍ പുറപ്പെട്ട ഭരതന്‍ ശൃംഗിവേര പുരത്തുവച്ചു തന്നെ പ്രണമിക്കുന്ന ഗുഹനെ പ്രശംസിക്കുന്നതു ശ്രദ്ധിക്കുക. ഗുഹനെ പുണര്‍ന്നു ഭരതന്‍ പറയുന്നു,
”ഉത്തമപൂരുഷോത്തംസരത്‌നം ഭവാന്‍
ആലിംഗനം ചെയ്തുവല്ലോ ഭവാനെ ലോ-
കാലംബനഭൂതനാകിയ രാഘവന്‍.
ലക്ഷ്മീഭഗവതീദേവിക്കൊഴിഞ്ഞു സി-
ദ്ധിക്കുമോ മറ്റൊരുവര്‍ക്കുമതോര്‍ക്ക നീ
ധന്യനാകുന്നിതു നീ ഭുവനത്തിങ്ക-
ലിന്നതിനില്ലൊരു സംശയം മത്സഖേ!”

ലക്ഷ്മീഭഗവതിക്കു മാത്രം അര്‍ഹതപ്പെട്ട ആലിംഗനം! ദേവീഭാഗവതത്തില്‍ പരാശക്തി, പ്രേമാഭ്യര്‍ത്ഥന നടത്തുന്ന മഹിഷാസുരനോടു പറയുന്നു, ”പരമാത്മാവായ പരമപുരുഷനോടല്ലാതെ മറ്റാരോടും എനിക്കു പ്രേമമില്ല.”അങ്ങനെ ആത്മാരാമന്മാര്‍ ദ്വന്ദ്വാരാമന്മാരെ ഉദ്ധരിക്കാന്‍ ഇറങ്ങിവരുന്നു. ദുര്‍ല്ലഭമായ ദര്‍ശനാലിംഗനങ്ങള്‍ സുലഭമായി ലഭിക്കുന്നു.’സീതാലിംഗന നിര്‍വൃതരാമാ’ എന്നു രാമായണത്തിലുണ്ടെങ്കിലും ആദികവി അതൊന്നും ഫോട്ടോ എടുത്തിട്ടില്ല.

കിഷ്‌കിന്ധാധിപനായിരുന്ന വാനരരാജന്‍ സുഗ്രീവന്‍ ശ്രീരാമൻ്റെ പാദം പ്രണമിച്ചു ഭക്തിക്കായി പ്രാര്‍ത്ഥിക്കുന്ന ഒരു രംഗം പിന്നീടു കാണാം. ബാലിവധത്തിനു ശ്രീരാമനുമായി സഖ്യം ചെയ്ത തനിക്കു്, ‘മണ്ണിനായി ഊഴി കുഴിച്ചപ്പോള്‍ നിധി കിട്ടിയ’ ഭാഗ്യമാണു ലഭിച്ചതെന്നു സുഗ്രീവന്‍. ഇനി ശത്രുജയവും വേണ്ട. ദാരാസുഖവും വേണ്ട. നാമസങ്കീര്‍ത്തനപ്രിയനായി, അച്യുതക്ഷേത്രങ്ങള്‍ തോറും സഞ്ചരിച്ചു് അര്‍ച്ചനം, വന്ദനം, ദാസ്യം… ഇങ്ങനെ ജീവിക്കാന്‍ പ്രാര്‍ത്ഥിച്ച സുഗ്രീവനും ലഭിച്ചു ഒരു ആലിംഗനം.

ഒരു രാജ്യത്തെ പ്രജകളെ മുഴുവന്‍ രാമദാസരാക്കാന്‍ കഴിവുള്ള ഈ വീരനു ഭക്തിമാര്‍ഗ്ഗം തത്കാലം വേണ്ടെന്നായിരുന്നു രാമൻ്റെ ഇച്ഛ.”അംഗസംഗംകൊണ്ടു കല്മഷം വേരറ്റമംഗലാത്മാവായ സുഗ്രീവനെത്തദാമായയാ തത്ര മോഹിപ്പിച്ചതന്നേരം കാര്യസിദ്ധിക്കു കരുണാജലനിധി.” അവതാരപുരുഷൻ്റെ ഉപകരണങ്ങളായി പ്രവര്‍ത്തിക്കാന്‍ അവര്‍ തിരഞ്ഞെടുക്കുന്നവര്‍ ധന്യര്‍! ബാലിയെപ്പോലെ ലീല തുടങ്ങുമ്പോള്‍ത്തന്നെ ഹതരാകേണ്ടി വന്നാലുള്ള അവസ്ഥയോ? ഊറ്റം വെടിയുക. സീറോ ആയാലല്ലേ ഹീറോ ആവാന്‍ പറ്റൂ.

പക്ഷേ, ഹനുമാനു ലഭിച്ച ആലിംഗനം ഇവയെക്കാളൊക്കെ മികച്ച അര്‍ഹത തെളിയിച്ചവനുള്ളതായിരുന്നു. ”കണ്ടൂ സീതയെ. ലങ്ക ചുട്ടു പൊട്ടിച്ചു. രാവണപുത്രനെ വധിച്ചു. ചൂഡാരത്‌നവും അടയാളവാക്കും ലഭിച്ചിട്ടുണ്ടു്. അവിടുത്തെ കൃപയാല്‍ എല്ലാം സാധിച്ചു. ഈ ദാസനെ പാലിച്ചാലും.” എന്നും പറഞ്ഞു ഹനുമാന്‍ സമുദ്രലംഘനം മുതലുള്ള ചരിത്രമെല്ലാം വിവരിച്ചു വന്ദിക്കുമ്പോള്‍ ശ്രീരാമന്‍ പ്രീതനായി പറയുന്നു, ”നീ സദയം ചെയ്ത ഈ ഉപകാരത്തിനു സര്‍വ്വസ്വവും ഞാന്‍ നിനക്കു തന്നിരിക്കുന്നു. പ്രണയപൂര്‍വ്വം ചെയ്ത ഈ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനില്ല! നാം തമ്മില്‍ ഒന്നാവുകയല്ലാതെ!”പുനരപി രമാവരന്‍ മാരുതപുത്രനെപ്പൂര്‍ണ്ണമോദം പുണര്‍ന്നീടിനാനാദരാല്‍. ഉരസി മുഹുരപി മുഹുരണച്ചു പുല്കീടിനാന്‍ഓര്‍ക്കെടോ! മാരുതപുത്രഭാഗ്യോദയം!”

ആ ഭാഗ്യം വളര്‍ന്നു. ഇന്നു മായാസാഗരം തരണം ചെയ്യാന്‍ ഹനുമത്സ്മരണകൊണ്ടു സാധിക്കുന്നു. നേര്‍വഴി കാട്ടിക്കൊണ്ടെന്നും നമ്മോടൊത്തു വസിക്കുന്ന അമ്മ, വിശ്വത്തെ മുഴുവന്‍ മാറില്‍ ചേര്‍ത്തു പുണര്‍ന്നു്, ‘ജഗത്തു് ഈശ്വരനാല്‍ പൊതിയപ്പെട്ടിരിക്കുന്നു’ എന്ന ഉപനിഷദ്വാക്യം നമുക്കു പ്രത്യക്ഷമാക്കിത്തരുന്നു! ശ്രീരാമാലിംഗനം സ്മരിച്ചു കവികള്‍ സമാധിസ്ഥരാകുന്നു! അമ്മയുടെ ആലിംഗനം നമുക്കു ആത്മസൗഖ്യം പ്രദാനം ചെയ്യുന്നു. അമ്മ, ഋഷിമാര്‍ ലോകത്തിനു നല്കിയ അനശ്വരസമ്പത്തായ സനാതനധര്‍മ്മതത്ത്വങ്ങളെ വിലമതിക്കുന്നു. ജീവിക്കുവാന്‍ വായുവും വെള്ളവും ആവശ്യമായതുപോലെ ശാന്തി അന്വേഷിക്കുന്ന ആര്‍ക്കും രാമായണത്തെ ഒഴിവാക്കാനാവില്ല!

ജയ് ശ്രീരാം!

സൂസന്ന ഹില്‍2011

എനിക്കു യാത്ര ചെയ്യാന്‍ ഇഷ്ടമാണു്. പ്രത്യേകിച്ചു് ഏഷ്യന്‍ രാജ്യങ്ങളിലേക്കു്. അതിനു കാരണം അവിടത്തെ സംസ്‌കാരവും തത്ത്വശാസ്ത്രങ്ങളുമാണു്. അതെന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടു്. ഒരു നേഴ്‌സായ ഞാന്‍ കുറെ നാള്‍ ജോലി ചെയ്തു പണം സമ്പാദിച്ചു മറ്റു രാജ്യങ്ങള്‍ കാണാന്‍ പോകും. 2001ല്‍ എനിക്കു രണ്ടു മാസം ലീവു കിട്ടി. അങ്ങനെയാണു ഭാരതത്തിലേക്കു് ഒരു ആത്മീയയാത്ര ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചതു്. അതിനു മുന്‍പും ഞാന്‍ ഭാരതം സന്ദര്‍ശിച്ചിട്ടുണ്ടു്. ആ രാജ്യവും അവിടത്തെ ജനങ്ങളും അവരുടെ സംസ്‌കാരവും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

ആദ്യത്തെ തവണ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ത്തന്നെ അവിടത്തെ പല ആശ്രമങ്ങളെക്കുറിച്ചും ഞാന്‍ കേട്ടിരുന്നു. എന്നാല്‍ ആത്മീയതയെക്കുറിച്ചു ഒന്നുമറിയാത്ത ഞാന്‍ അന്നു് ആശ്രമങ്ങള്‍ സന്ദര്‍ശിക്കാന്‍ മുതിര്‍ന്നില്ല. ഒരു ഗുരുവിനെ സ്വീകരിക്കുക, നമുക്കു യഥാര്‍ത്ഥത്തില്‍ വേണ്ടതു് എന്താണെന്നു് അദ്ദേഹത്തിനു മാത്രമേ അറിയുകയുള്ളൂ എന്നു തീരുമാനിച്ചു ഗുരുവിനു നമ്മളെ പൂര്‍ണ്ണമായി സമര്‍പ്പിക്കുക, ഇതൊക്കെ വളരെ അബദ്ധമാണു് എന്നാണു് എനിക്കു തോന്നിയിരുന്നതു്. എന്നാല്‍, കാലം കഴിയുംതോറും ഞാന്‍ ഒരു കാര്യം മനസ്സിലാക്കി, ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആനന്ദം അനുഭവിച്ചിട്ടില്ല. മാത്രമല്ല, നിസ്സാരകാര്യങ്ങള്‍ മതി ഞാന്‍ നിരാശകൊണ്ടു തളര്‍ന്നു പോകാന്‍. എനിക്കു മനസ്സിനു ശാന്തിയും സമാധാനവും വേണം. അതു ഭാരതത്തിലെ ഏതെങ്കിലും ആശ്രമത്തില്‍നിന്നു ലഭിക്കുമെങ്കില്‍ അതിനുവേണ്ടി ഒന്നു ശ്രമിച്ചാലെന്താണെന്നു ഞാന്‍ ചിന്തിച്ചു. അതാണു 2001ലെ എൻ്റെ ആത്മീയയാത്രയുടെ തുടക്കം.

ഭാരതത്തിലെ ആശ്രമങ്ങളെക്കുറിച്ചു ബുക്കുകളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഞാന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആരോ എനിക്കയച്ചു തന്ന ഒരു ചെറിയ പുസ്തകത്തില്‍ കേരളത്തിലെ ഏതോ ഒരു അമ്മയുടെ ആശ്രമത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. അതില്‍ അമ്മയുടെ ഒരു ചിത്രവുമുണ്ടായിരുന്നു. ആ ചിത്രത്തോടു് എനിക്കു വല്ലാത്ത ഒരു ആകര്‍ഷണം തോന്നി. അമ്മയെ കണ്ടാല്‍ കൊള്ളാമെന്നു് എനിക്കു തോന്നി. 2001 ജനുവരിയില്‍ പുതിയ അനുഭവങ്ങളും അറിവുകളും ഏറ്റുവാങ്ങാന്‍ തയ്യാറായി ഞാന്‍ ചെന്നൈയില്‍ വിമാനമിറങ്ങി.

ആദ്യം തമിഴ്‌നാട്ടിലെ ആശ്രമങ്ങള്‍ സന്ദര്‍ശിക്കാമെന്നു ഞാന്‍ നിശ്ചയിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഞാന്‍ തമിഴ്‌നാട്ടിലെ മൂന്നു് ആശ്രമങ്ങള്‍ സന്ദര്‍ശിച്ചു. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെക്കുറിച്ചു ധാരാളം പേരുടെ ഉപദേശങ്ങളും ഞാന്‍ കേട്ടു. പക്ഷേ, ഞാന്‍ അന്വേഷിച്ചിരുന്നതെന്താണോ, അതു് എനിക്കു് എവിടെനിന്നും ലഭിച്ചില്ല. സത്യം പറഞ്ഞാല്‍, പറയുന്നവര്‍തന്നെ ഒരിക്കലും ആചരിക്കാത്ത, നമുക്കു് ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത ഉപദേശങ്ങള്‍ കേട്ടു് എനിക്കു മടുത്തു. ആത്മീയജീവിതം എനിക്കു പറ്റാത്തതാണെന്നു വീണ്ടും എനിക്കു തോന്നി.

ഇനി ആശ്രമങ്ങളൊന്നും എനിക്കു വേണ്ട. കുറച്ചുനാള്‍ വിശ്രമിക്കാന്‍ ശാന്തിയും സമാധാനവുമുള്ള ഒരു സ്ഥലം, അതുമതി എനിക്കു്, ഞാന്‍ തീരുമാനിച്ചു. ഇനി എവിടെ പോകണം എന്നു തീരുമാനിക്കാന്‍ വേണ്ടി ഭൂപടം എടുക്കാനായി ഞാന്‍ ബാഗില്‍ കൈയിട്ടു. കൈയില്‍ തടഞ്ഞതു് അമ്മയുടെ ചിരിക്കുന്ന മുഖമുള്ള ആ ചെറിയ പുസ്തകം. ആശ്രമങ്ങളൊന്നും ഇനി വേണ്ട എന്നു് ഉറപ്പിച്ചു് ആ പുസ്തകം ഞാന്‍ തിരിച്ചു ബാഗിലിട്ടു. ഭൂപടമെടുത്തു സ്ഥലങ്ങള്‍ നോക്കാന്‍ തുടങ്ങി. തമിഴ്‌നാടിനോടു് അടുത്താണല്ലോ കേരളം കിടക്കുന്നതു് എന്നു ഞാന്‍ അപ്പോഴാണു ശ്രദ്ധിച്ചതു്. പക്ഷേ, മുന്‍പു വന്ന അനുഭവം വച്ചു നോക്കുമ്പോള്‍ ഭാരതത്തില്‍ സ്ഥലങ്ങള്‍ അടുത്താണു് എന്നതുകൊണ്ടുമാത്രം എത്തിപ്പെടാന്‍ എളുപ്പമാകണമെന്നില്ല എന്നെനിക്കു് അറിയാമായിരുന്നു. ട്രെയിനില്‍ റിസര്‍വേഷന്‍ എടുക്കാന്‍ മാത്രം വളരെ സമയം പോകും. യാത്രയാകട്ടെ അതിലേറെ സമയമെടുക്കും. കേരളത്തിലേക്കു പോകേണ്ട എന്നു ഞാന്‍ തീരുമാനിച്ചു.

ഒരു ഞായറാഴ്ച വൈകിട്ടു ഞാന്‍ പുറപ്പെട്ടു. കേരളത്തിലേക്കു്! ഇനി ഒരു ആശ്രമത്തിലേക്കുമില്ല എന്നു തീരുമാനിച്ചുറപ്പിച്ച ഞാന്‍ പിറ്റേദിവസം സായാഹ്നമായപ്പോള്‍ അമ്മയുടെ ആശ്രമത്തിലെത്തി. എങ്ങനെ ഞാനവിടെ എത്തിപ്പെട്ടു എന്നെനിക്കിപ്പോഴും അറിയില്ല. എങ്കിലും ഒറ്റനോട്ടത്തില്‍ മനോഹരമായ ആ ആശ്രമപരിസരം എനിക്കു വളരെ ഇഷ്ടപ്പെട്ടു. കടലിനും കായലിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ആ ആശ്രമത്തില്‍ അന്നു കുറച്ചാളുകളേ ഉണ്ടായിരുന്നുള്ളൂ. പരിസരം വളരെ ശാന്തം, ഗംഭീരം. പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നു. ദൂരെയെവിടെയോ ഒരു ആന ചിന്നം വിളിക്കുന്ന സ്വരം.

ആശ്രമത്തില്‍ താമസത്തിനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായതിനുശേഷം ഞാന്‍ അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു. അടുത്ത ദിവസം ആദ്യമായി ഞാന്‍ അമ്മയെ കണ്ടു. അതു ധ്യാനത്തിൻ്റെ ദിവസമായിരുന്നു. എല്ലാവരും ആശ്രമത്തിൻ്റെ ഹാളില്‍ ധ്യാനിച്ചിരിക്കുമ്പോള്‍ അമ്മ വന്നു. എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ടു കാത്തുനില്ക്കുന്നവരോടൊക്കെ സംസാരിച്ചുകൊണ്ടു വരുന്ന അമ്മയെ കണ്ടപ്പോള്‍ വലിയ ഒരു ആശ്രമത്തിലെ അധിപയാണു് ഈ വരുന്നതെന്നു വിശ്വസിക്കാന്‍ എനിക്കല്പം പ്രയാസം തോന്നി. എത്ര സാധാരണക്കാരിയെപ്പോലെയാണു് അമ്മ പെരുമാറുന്നതു്! ഹാളില്‍ ഒരുക്കിവച്ചിരിക്കുന്ന പീഠത്തില്‍ അമ്മ ഇരുന്നതിനുശേഷം കുറച്ചു സമയം കൂടി എല്ലാവരും അമ്മയ്ക്കു ചുറ്റുമിരുന്നു ധ്യാനിച്ചു.

ധ്യാനത്തിനുശേഷം അമ്മയോടു ചോദ്യങ്ങള്‍ ചോദിക്കാനുള്ള സമയമായിരുന്നു. ആര്‍ക്കു് എന്തു ചോദ്യങ്ങള്‍ വേണമെങ്കിലും അമ്മയോടു ചോദിക്കാം. ഇതൊരു ആശ്രമമല്ല, ഒരു വീടുപോലെയാണു് എനിക്കു തോന്നിയതു്, ഒരു വലിയ കുടുംബം. എല്ലാവരുടെയും കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കുന്നു. ചോദ്യോത്തരവേളയ്ക്കു ശേഷം എല്ലാവര്‍ക്കും അമ്മ ഭക്ഷണം നല്കി. അപ്പോഴും അമ്മ ഓരോരുത്തരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിശേഷങ്ങള്‍ ചോദിച്ചും നിര്‍ദ്ദേശങ്ങള്‍ നല്കിയും തമാശ പറഞ്ഞും എല്ലാവരെയും അമ്മ തൃപ്തരാക്കി. എത്ര സാധാരണക്കാരിയെപ്പോലെയാണു് അമ്മ പെരുമാറുന്നതു്!

അടുത്ത ദിവസം, ബുധനാഴ്ച. അന്നാണു് എനിക്കു് ആദ്യമായി അമ്മയുടെ ദര്‍ശനം കിട്ടുന്നതു്. അമ്മയുടെ ആദ്യത്തെ ആലിംഗനം. അതു വിവരിക്കാന്‍ എനിക്കു വാക്കുകളില്ല. ആലിംഗനം പെട്ടെന്നു കഴിഞ്ഞു. ഞാനാണെങ്കില്‍ എങ്ങനെ പെരുമാറണം എന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അമ്മയുടെ കരവലയങ്ങളില്‍ അമര്‍ന്ന ആ കുറച്ചു സമയം ഞാന്‍ അനുഭവിച്ച സുരക്ഷിതത്വവും ഭദ്രതയും… എങ്ങനെയാണതു വാക്കുകള്‍ കൊണ്ടു വിവരിക്കുന്നതു്? എന്തിനെയാണു ഞാന്‍ ഭയപ്പെട്ടിരുന്നതു്? എന്തിനാണു ഞാന്‍ ദുഃഖിച്ചിരുന്നതു്? കണ്ണിലെ കൃഷ്ണമണികളടയ്ക്കാതെ എന്നെ കാത്തുകൊണ്ടു് എപ്പോഴും ഒരമ്മയുണ്ടായിരുന്നുവല്ലോ. എത്രയോ കാലമായി ഞാന്‍ വരുമെന്നും പ്രതീക്ഷിച്ചു് അമ്മ കാത്തിരിക്കുകയായിരുന്നുവല്ലോ. എന്നെ ആലിംഗനം ചെയ്യുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ആനന്ദം, അമ്മ അനുഭവിക്കുന്ന ആനന്ദത്തിൻ്റെ എത്രയോ ചെറിയ ഒരു അംശമാണു്!

ദര്‍ശനത്തിനുശേഷം ഞാന്‍ അമ്മയുടെ അടുത്തിരുന്നു. വരുന്നവരെയൊക്കെ ഒരേപോലെ സ്നേഹത്തോടെ അമ്മ സ്വീകരിക്കുന്നു. ഈ ദിവ്യമായ സ്നേഹം ഏറ്റുവാങ്ങാന്‍ എനിക്കെന്താണു് അര്‍ഹത എന്നോര്‍ത്തു് എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. കുറെ സമയം ഞാന്‍ അമ്മയുടെ അടുത്തിരുന്നു. അവസാനം കണ്ണീരിലൂടെ മനസ്സിലെ മാലിന്യങ്ങള്‍ കുറെയെല്ലാം ഒഴുകിപ്പോയി ഹൃദയത്തിലെ ഭാരമെല്ലാം കുറഞ്ഞു എന്നു തോന്നിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ഇതിനു മുന്‍പു് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ശാന്തിയും സമാധാനവും ഹൃദയത്തില്‍ ഞാനറിഞ്ഞു.

ആശ്രമത്തില്‍ ഒരു ദിവസം താമസിക്കാനേ ഞാനാദ്യം തീരുമാനിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ ലോകത്തില്‍ ഇനി ഒന്നും കാണാനും അറിയാനുമില്ല എന്നു തീരുമാനിച്ചു ഞാന്‍ മറ്റെങ്ങും പോകാതെ അടുത്ത രണ്ടാഴ്ച കൂടി അമ്മയുടെ ആശ്രമത്തില്‍ ചെലവഴിച്ചു. അമ്മ ഉത്തരഭാരതയാത്രയ്ക്കു പോയില്ലായിരുന്നെങ്കില്‍ കുറെ നാള്‍ കൂടി ഞാന്‍ ആശ്രമത്തില്‍ താമസിച്ചേനെ. എൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത കാലമാണു് അമ്മയുടെ കൂടെ ജീവിച്ച ആ രണ്ടാഴ്ചക്കാലം. ഇപ്പോഴും കണ്ണടച്ചാല്‍ ആ രംഗങ്ങള്‍ മനസ്സില്‍ തെളിയും. അമ്മയുമൊത്തുള്ള ധ്യാനവും വൈകുന്നേരത്തെ അമ്മയുടെ ഭജനയും ആശ്രമത്തിലെ ആനയായ രാമനു് അമ്മ തീറ്റ കൊടുക്കുന്നതും…

അമ്മ യാത്രയായതിനുശേഷം ആശ്രമത്തില്‍ താമസിക്കാന്‍ എനിക്കു മനസ്സു് വന്നില്ല. ഗോവയിലുള്ള കുറച്ചു സുഹൃത്തുക്കളെ കണ്ടതിനുശേഷം ഞാന്‍ തിരിച്ചു പോന്നു. അമ്മയുടെ ആശ്രമത്തില്‍ പോയതിനുശേഷം ജീവിതത്തില്‍ ഇതുവരെ മറ്റൊരു ആശ്രമത്തിലും ഞാന്‍ പോയിട്ടില്ല. അതിൻ്റെ ആവശ്യം എനിക്കു തോന്നിയിട്ടില്ല. മാത്രമല്ല, അമ്മയുടെ ആശ്രമത്തില്‍നിന്നു വന്നതിനുശേഷം അമ്മയെയും ഞാനിതുവരെ പിന്നെ കണ്ടിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. എനിക്കു പിന്നെ അതിനു് അവസരം കിട്ടിയിട്ടില്ല. അമ്മ സാധാരണ സന്ദര്‍ശിക്കാറുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വളരെ ദൂരെയാണു ലിത്വാനിയ. അതുകൊണ്ടു് അമ്മയെ എത്രയും വേഗം കാണാനായി മറ്റു രാജ്യങ്ങളൊന്നും സന്ദര്‍ശിക്കാതെ ഭാരതത്തിലേക്കു പോകാനുള്ള പണം സമ്പാദിക്കാനുള്ള ശ്രമത്തിലാണു ഞാനിപ്പോള്‍. അമ്മയെ നേരിട്ടു കാണുന്നതുവരെ എൻ്റെ അമ്മയെ ഹൃദയത്തില്‍ കാണാന്‍ കഴിയണേ എന്നാണു് എൻ്റെ പ്രാര്‍ത്ഥന.

ഇപ്പോഴും ഞാന്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കു ദുഃഖിക്കാറുണ്ടു്. എന്നാല്‍ എൻ്റെ ദുഃഖങ്ങള്‍ക്കൊക്കെ ഉത്തരവാദി ഞാനാണെന്നു് ഇപ്പോഴെനിക്കറിയാം. ആരെയും കുറ്റപ്പെടുത്താതെ ഞാന്‍ സ്വയം മാറാന്‍ ശ്രമിക്കും. ദുഃഖങ്ങള്‍ അമ്മയോടു മാത്രം പറയും. ഹൃദയത്തില്‍ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അമ്മയുടെ സ്നേഹവും കാരുണ്യവും ഉള്ളില്‍ വന്നു നിറയും. മനസ്സു് ശാന്തമാകും. ഒരു നിധി കൊണ്ടുനടക്കുന്നതുപോലെയാണു ഞാന്‍ അമ്മയെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നതു്. അമ്മയുടെ സ്നേഹം എന്നെ മറ്റൊരാളാക്കി മാറ്റി. ഈശ്വരൻ്റെ പരമപ്രേമത്തിനു് അര്‍ഹയാണു ഞാനും എന്നറിഞ്ഞതു മുതല്‍ ലോകത്തിലുള്ളവര്‍ക്കു മുഴുവന്‍ സ്നേഹം വാരിക്കോരി കൊടുക്കാന്‍ തയ്യാറായിരിക്കുകയാണു ഞാനിപ്പോള്‍.

യൂസഫലി കേച്ചേരി

അമ്മേ, ഭവല്‍പ്പാദസരോരുഹങ്ങള്‍
അന്യൂനപുണ്യത്തിനിരിപ്പിടങ്ങള്‍
ഈ രണ്ടു ഭാഗ്യങ്ങളുമൊത്ത നാടേ
പാരിൻ്റെ സൗഭാഗ്യ വിളക്കു നീയേ

ഞാനെൻ്റെ ദുഃഖങ്ങളുമേറ്റി വന്നാല്‍
ആനന്ദവുംകൊണ്ടു മടങ്ങിടും ഞാന്‍!
ആരാകിലും ശോകവിനാശമേകി
സാരാര്‍ത്ഥമോതിസ്സുധതന്നയയ്ക്കും.

അത്രയ്ക്കു കാരുണ്യമഹാസമുദ്ര-
മല്ലേ ഭവന്മാനസനീലവാനം
ആ മഞ്ജുവാനത്തൊരു താരമായി-
ട്ടാചന്ദ്രതാരം വിലസേണമീ ഞാന്‍.

കാലം മഹായാത്ര തുടര്‍ന്നിടുമ്പോള്‍
കാലന്‍ വരാമെന്നുയിരേറ്റെടുക്കാന്‍
ആവട്ടെ അന്നും മുറുകേ പുണര്‍ന്നീ
ആഗസ്വിയെപ്പാപവിമുക്തനാക്കൂ

ലക്ഷങ്ങള്‍ ചുറ്റും വരിനിന്നിടുമ്പോള്‍
ദക്ഷിണയൊന്നുമേയില്ലാത്തൊരെന്നിലെ
എന്നെ വിളിച്ചുണര്‍ത്തും ഭവതിക്കൊരു
ലക്ഷം നമസ്‌കൃതിയോതാം ഞാനംബികേ.