അമ്മയും ബ്രഹ്മചാരികളും ധ്യാനമുറിയിലിരിക്കുന്നു. ചില ഗൃഹസ്ഥഭക്തരും സമീപത്തുണ്ട്. പുതുതായി വന്നു ചേർന്ന ഒരു ബ്രഹ്മചാരിക്കു ധ്യാനത്തെക്കുറിച്ചു കൂടുതലറിയാൻ ആഗ്രഹം. രാവിലെ അമ്മയെ അടുത്തുകിട്ടിയ അവസരം പാഴാക്കിയില്ല.
ബ്രഹ്മചാരി: അമ്മേ, ധ്യാനമെന്നുവച്ചാൽ എന്താണ്?
അമ്മ: നമ്മൾ പായസം വയ്ക്കാൻപോകുന്നു. പാത്രത്തിൽ വെള്ളം എടുക്കുമ്പോൾ, എന്തിനാണെന്നു ചോദിച്ചാൽ പായസത്തിനാണെന്നു പറയും. പക്ഷേ പായസത്തിനുള്ള വെള്ളം അടുപ്പത്തുവയ്ക്കാൻ എടുക്കുന്നതേയുള്ളൂ. അതുപോലെ അരി എടുക്കുമ്പോഴും ശർക്കര എടുക്കുമ്പോഴും എല്ലാം പായസത്തിനാണെന്നു പറയും. പക്ഷേ, പായസമായിട്ടില്ല. അതുപോലെ ഇന്നു നമ്മൾ കണ്ണടച്ചിരിക്കുമ്പോൾ ധ്യാനിക്കുകയാണെന്നു പറയും. പക്ഷേ, യഥാർത്ഥത്തിൽ അതു ധ്യാനമല്ല. അതിലേക്കെത്താനുള്ള ഒരു സാധനയാണ്. ശരിക്കും ധ്യാനമെന്നതു് ഒരവസ്ഥയാണു്, അതനുഭൂതിയാണ്. വാക്കാൽ വിവരിക്കാവുന്നതല്ല.
സാധകമെന്നും പാടുകയെന്നും പറയാറില്ലേ. സാധകം എന്നാൽ അഭ്യാസമേ ആകുന്നുള്ളൂ. പാടണമെങ്കിൽ ശരിയായി സാധകം ചെയ്തു് അഭ്യാസം നേടിയിരിക്കണം. അതുപോലെ സാധന എന്നാൽ അഭ്യാസവും, ധ്യാനമെന്നാൽ ആ അവസ്ഥയുമാണ്. നദിയുടെ ഒഴുക്കുപോലെ, ഈശ്വരനെക്കുറിച്ചു് ഇടവിടാതെയുള്ള ചിന്തയെ ധ്യാനമെന്നു പറയാം. ശരിക്കുള്ള ഏകാഗ്രത നേടിക്കഴിഞ്ഞാൽ മാത്രമേ ധ്യാനത്തിലെത്താൻ സാധിക്കൂ. തുടക്കത്തിൽ ജപത്തിലും കീർത്തനത്തിലും കൂടി മനസ്സിനെ ലയിപ്പിക്കണം, ചിത്തം ശുദ്ധമാക്കണം, ഏകാഗ്രമാക്കണം. എന്നിട്ടു ധ്യാനം ശീലിക്കണം.
ഈശ്വരനോട് ഉൾപ്രേമം വരാതെ മനസ്സിനെ ഈശ്വരനിൽ ബന്ധിക്കുവാൻ കഴിയില്ല. ഈശ്വരനോടു് ഉൾപ്രേമം വന്നവൻ്റെ മനസ്സു് പിന്നെ ലൗകികവിഷയത്തിലേക്കു പോവുകയില്ല. അവനു ലൗകികം പട്ടിക്കാട്ടത്തിനു സമമാണ്. വിഷയവസ്തുക്കളോടു് അത്ര വിരക്തിയും വെറുപ്പും തോന്നും. പൊടിക്കൊച്ചുങ്ങൾ മണ്ണും മലവുമൊക്കെ വാരിത്തിന്നെന്നു വരും. തിരിച്ചറിവുവന്നാൽ അവയോടു് അല്പമെങ്കിലും ആസക്തി തോന്നുമോ?
യുവാക്കള്‍ക്കു്, പ്രത്യേകിച്ചു ടീനേജുകാര്‍ക്കു സ്വന്തം ബുദ്ധിയിലും കായികശക്തിയിലും വലിയ മതിപ്പാണു്. പൊതുവേ, എന്തിനോടും ഏതിനോടും എതിരിടാനും വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുമാണു് ഈ പ്രായത്തില്‍ അവര്‍ക്കു താത്പര്യം. അമ്പലങ്ങള്‍ തീരെ ഫാഷനബിള്‍ അല്ല. ദൈവവിശ്വാസം പണ്ടേ കമ്മി. ഇങ്ങനെയൊക്കെയാണെങ്കിലും കാമ്പസ്സിലെ ‘ചെഗ്വേര’പോലും ഗണപതിക്കു തേങ്ങ അടിക്കുന്ന സീസണ്‍ ആണു പരീക്ഷാക്കാലം. മാര്‍ച്ച് മാസം പരീക്ഷയുടെ സീസണ്‍, ഭക്തിയുടെയും.
പരീക്ഷ പാസ്സാക്കിത്തരാന്‍ ദൈവം ഇടപെടുമോ? മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് തരപ്പെടുത്തിത്തരുമോ? ചിന്തിക്കേണ്ട വിഷയമാണു്. ഒന്നും പഠിക്കാതെ നന്നായി പ്രാര്‍ത്ഥിച്ചാല്‍ മാത്രം പാസ്സാവുമോ? നേരെമറിച്ചു്, പാഠങ്ങള്‍ കിറുകൃത്യമായി പഠിച്ചാല്‍ വിജയം ഉറപ്പാണോ? ഇനി ഇതൊന്നുമല്ല, എല്ലാം കര്‍മ്മഫലം അനുസരിച്ചായതുകൊണ്ടു പഠനവും പ്രാര്‍ത്ഥനയുമൊക്കെ കൊണ്ടു വല്ല കാര്യവുമുണ്ടോ? ഇത്രയൊന്നും ചിന്തിക്കാന്‍ മെനക്കെടാതെ സീസണല്‍ ഭക്തിയില്‍ ആറാടി നില്ക്കുന്ന യുവതലമുറയോടു രണ്ടു വാക്കു്…
സ്വപ്രയത്‌നം തന്നെയാണു കര്‍മ്മം. നന്നായി പഠിച്ചാല്‍ ഫലം ഉണ്ടു്. സംശയമില്ല. എന്നാല്‍ ‘ഫലം’ ഈ കര്‍മ്മത്തെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നതു്. നാം ജീവിതത്തില്‍ ആകെ ചെയ്യുന്നതു പഠനം എന്ന ഒരൊറ്റ കര്‍മ്മം മാത്രമല്ലല്ലോ! ജീവിതത്തില്‍ ചെയ്തുകൂട്ടുന്ന ഓരോ പ്രവൃത്തിക്കും ഓരോ പ്രഭാവം (ഇംപാക്ട്) ഉണ്ടാക്കാന്‍ സാധിക്കും. എന്തു്, ഏതു്, എവിടെ, എങ്ങനെ എന്നു വ്യക്തമായും പൂര്‍ണ്ണമായും പ്രവചിക്കാന്‍ മനുഷ്യരാല്‍ സാദ്ധ്യമല്ലെന്നു മാത്രം. പരീക്ഷ ലക്ഷ്യമാക്കി പഠിക്കുന്നവര്‍ക്കു ഫലം ലഭിക്കുന്നതു വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെയാണു് എന്നു ചുരുക്കം.
മലയാളസാഹിത്യം അരച്ചു കലക്കി പഠിച്ചാണു് ഒരു യുവകോമളന്‍ പരീക്ഷാഹാളില്‍ പ്രവേശിച്ചതു്. മലയാളസാഹിത്യത്തില്‍ ഗഹനമായ പാണ്ഡിത്യംതന്നെ ഉണ്ടാക്കിയെടുത്തിരുന്നു ഈ മിടുമിടുക്കന്‍. പക്ഷേ, പരീക്ഷ എഞ്ചിനീയറിങ് അഞ്ചാം സെമസ്റ്ററിൻ്റെതായിരുന്നു. പഠിച്ച ഒരൊറ്റ മഹാകാവ്യവും നോവലും ഉപകാരപ്പെട്ടില്ല എന്നു മാത്രമല്ല, പരീക്ഷ സാമാന്യം നല്ല രീതിയില്‍ പൊട്ടാനും സാധിച്ചു. അപ്പോ, പഠിച്ചിട്ടു കിം ഫലം? പാത്രം അറിഞ്ഞു വിളമ്പുക എന്നു പറയും പോലെ പരീക്ഷ അറിഞ്ഞു പഠിക്കുക എന്ന അടിസ്ഥാനപാഠം ഓര്‍ക്കുക.
ശരം തൊടുക്കുന്ന അര്‍ജ്ജുനന്‍ കിളിയുടെ കണ്ണു മാത്രം കാണുന്നതുപോലെ, ഉചിതം (Relevent) ആയതുമാത്രം കൊള്ളാനും അനുചിതം (Irrelevent)ആയവ തള്ളാനും സാധിക്കണം. നമ്മള്‍ ചെയ്യുന്ന കര്‍മ്മം ശരിയായ ദിശയിലാവുന്നതു് അപ്പോള്‍ മാത്രമാണു്. കണക്കുപരീക്ഷയ്ക്കു കണക്കു പഠിച്ചുകൊണ്ടു പോവുക മാത്രമല്ല, ചോദ്യങ്ങള്‍ കൂടുതല്‍ വരാന്‍ സാദ്ധ്യതയുള്ള ഭാഗങ്ങള്‍ കൂടുതല്‍ പഠിക്കുകയും വേണം. ‘റെലവൻ്റി’നെ ‘ഇറെലവൻ്റി’ല്‍നിന്നും വേര്‍തിരിച്ചറിയാനുള്ള കഴിവിനെയാണു വിവേകം എന്നു പറയുന്നതു്.
അറിവു് (Knowledge) ഉണ്ടായതുകൊണ്ടു മാത്രം അതു പ്രകടിപ്പിക്കാന്‍ (Perform) സാധിക്കണമെന്നില്ല, അനുയോജ്യമായ സാഹചര്യം കൂടെ വേണം. വിവേകം, ബുദ്ധിശക്തി, ഓര്‍മ്മശക്തി, സമചിത്തത ഇവയൊന്നും സ്വപ്രയത്‌നത്താല്‍ ഉണ്ടാവുന്നതല്ല. ഇതിനെയാണു് ഈശ്വരകൃപ എന്നു പറയുന്നതു്. ഈശ്വരകൃപയിലേക്കുള്ള മാര്‍ഗ്ഗം കാരുണ്യത്തോടെയുള്ള പ്രവൃത്തിയാണു് എന്നു പലവട്ടം അമ്മ വ്യക്തമാക്കിയിട്ടുണ്ടു്.
വിദ്യാഭ്യാസമോ തലചായ്ക്കാന്‍ ഒരു കൂരയോ ഒരു നേരത്തെ അന്നമോ ഇല്ലാത്ത കോടികള്‍ ജീവിക്കുന്ന ഒരു വലിയ ലോകത്തിലാണു നമ്മളും ജീവിക്കുന്നതു്. അവര്‍ക്കു മുന്നില്‍ പരീക്ഷകളില്ല. എന്നാല്‍ ജീവിതം തന്നെ ഒരു കടുത്ത പരീക്ഷണമാണവര്‍ക്കു്. സഹജീവികളോടുള്ള കരുണ ഈശ്വരകൃപയിലേക്കും ഈശ്വരകൃപ ഭൗതികജീവിത വിജയത്തിലേക്കും നയിക്കുന്നു. ഇതുതന്നെയാണു് ഏറ്റവും വലിയ പ്രാര്‍ത്ഥന. പക്ഷേ, ഇതൊരു സീസണല്‍ കരുണ (മാര്‍ച്ച് മാസത്തില്‍) ആവരുതെന്നു മാത്രം.
പരീക്ഷയെ മറ്റൊരു രീതിയില്‍ അഭിമുഖീകരിക്കുന്ന കൂട്ടരുമുണ്ടു്. ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുന്നവര്‍! പരീക്ഷാഫലത്തിനു പ്രാര്‍ത്ഥിക്കുന്നതു് എങ്ങനെ എന്നാണവരുടെ സംശയം. വളരെ ന്യായം. പത്താംക്ലാസ്സില്‍ പത്താം തവണയും തോറ്റ ടിൻ്റുമോന്‍ അച്ഛനമ്മമാരോടു മൊഴിഞ്ഞതു് ‘കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന’ എന്നാണു്. പാസ്സാവുക എന്ന ഫലം ഇച്ഛിക്കരുതു് എന്നാണു ടിൻ്റുമോൻ്റെ വ്യാഖ്യാനം. ചിലരെങ്കിലും ഇങ്ങനെ നിരര്‍ത്ഥകമായി, ഫല പ്രാപ്തിയില്ലാതെ എന്തെങ്കിലും കാട്ടിക്കൂട്ടുന്നതിനെ ഇപ്രകാരം ന്യായീകരിക്കുന്നുണ്ടാകും. കര്‍മ്മം യഥാവിധി ചെയ്യാതിരിക്കാനുള്ള മുട്ടാപ്പോക്കു മാത്രമാണിതു്.
കര്‍മ്മഫലത്തില്‍ കണ്ണുവയ്ക്കരുതു് എന്നാണു ഗീതാവചനം. ഫലത്തില്‍ അവകാശമില്ലെന്നേ ഉള്ളൂ. പ്രവൃത്തി നിഷ്ഫലമായിരിക്കണം എന്നല്ല ഭഗവാന്‍ പറഞ്ഞിരിക്കുന്നതു്. ഫലത്തില്‍ മാത്രം മനസ്സു് വച്ചാല്‍ കര്‍മ്മം ചെയ്യാന്‍ പറ്റാത്തവിധം മനസ്സു് ശ്രദ്ധ പതറിയതുപോലെ (Distracted) ആയിത്തീരും. കര്‍മ്മം വര്‍ത്തമാനകാലത്തിലും (Present)ഫലം ഭാവികാലത്തിലുമാണു് (Future).
ഈ നിമിഷത്തില്‍ ജീവിക്കാന്‍ അമ്മ ഉപദേശിക്കുന്നതു്, ചെയ്യുന്ന കാര്യത്തില്‍ മനസ്സുറപ്പിക്കാനാണു്. മറിച്ചു്, കര്‍മ്മത്തില്‍നിന്നും മാറി നാളെ ഉണ്ടായേക്കാവുന്ന ഫലത്തെ ചിന്തിച്ചു മനോരാജ്യം കണ്ടിരുന്നാല്‍ ചെയ്യേണ്ട കര്‍മ്മം പോലും നേരാംവണ്ണം ചെയ്യാനാവില്ല. ഏതുവിധേനയും പരീക്ഷാഫലം വരുമ്പോള്‍ ജയിക്കണമെന്നു ചിന്തിക്കുന്നവര്‍ പഠിക്കാന്‍ മെനക്കെടാതെ കോപ്പിയടിക്കാന്‍ തയ്യാറാവുന്നതു് ഇതുകൊണ്ടാണു്. അവര്‍ക്കു ഫലം മതിയല്ലോ!
ഇങ്ങനെയൊക്കെയാണെങ്കിലും പാലം കടക്കുവോളം നാരായണനെ അനുസ്മരിക്കുന്നതു നല്ല കാര്യംതന്നെ. ചന്ദനത്തിരിയുടെ പരസ്യവാചകംപോലെ, ‘പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍!’ എന്നാല്‍, ഈശ്വരന്‍ ഇതിനൊക്കെ അപ്പുറത്താണു്. മനുഷ്യനിര്‍മ്മിതമായ പരീക്ഷകളും പരീക്ഷാഫലങ്ങളും ഈ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന ഭഗവാനു് എത്ര നിസ്സാരമാണു്!
പണ്ടു്, ശതകോടീശ്വരനായ ഒരു വിദേശമലയാളിയുടെ വീട്ടില്‍ സംഭാവന പിരിക്കാന്‍ ചെന്ന ഒരു പറ്റം യുവാക്കള്‍, അഞ്ചുരൂപയുടെ ഒരു രസീതു കീറിക്കൊടുത്ത കഥയുണ്ടു്. മുതലാളിയെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചതാണെന്നു കരുതി കാവല്ക്കാര്‍ അവരെ ഓടിച്ചു വിട്ടു. ഇതിലും എത്രയോ കഷ്ടമാണു ലോകം മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്ന ഭഗവാൻ്റെ സമക്ഷം ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നമ്മുടെ അവസ്ഥ. നമ്മുടെ പല ആവശ്യങ്ങളും ഒന്നിരുന്നു് ആലോചിച്ചാല്‍ നമുക്കുതന്നെ നിസ്സാരമായിരിക്കും. നമുക്കുള്ളതെല്ലാം ഭഗവാന്‍ തന്നതാണെന്നും ഭഗവാൻ്റെതല്ലാത്ത മറ്റൊന്നില്ലെന്നും കൂടെ ഓര്‍ത്താല്‍പ്പിന്നെ പ്രാര്‍ത്ഥനകളില്‍ ആവശ്യങ്ങള്‍ക്കു പകരം ജഗദീശ്വരനോടു നന്ദി പറയാന്‍ മാത്രമേ സമയംകിട്ടൂ.
പൊതുവേ, യുവത്വത്തിൻ്റെ മാസ്മരികതയില്‍ മുഴുകിയും സ്വന്തം കഴിവുകളില്‍ വല്ലാതെ ഭ്രമിച്ചും ജീവിക്കുന്നവരാണു യുവാക്കള്‍. ആ ജീവിതത്തില്‍ ഒരല്പം അലോസരം ഉണ്ടാക്കുന്നതു പ്രവചനാതീതവും അനിശ്ചിതവുമായ അക്കാഡമിക്ക് പരീക്ഷകളാണു്. അനിശ്ചിതത്വവും നിസ്സഹായതയും സ്വാഭാവികമായും ആരെയും അലോസരപ്പെടുത്തും. ഒന്നിരുത്തി ചിന്തിപ്പിക്കുകയും ചെയ്യും.
ഇതുവഴി സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും കഴിവുകളുടെ അതിര്‍വരമ്പുകള്‍ തിരിച്ചറിയാനും ആ കഴിവുകള്‍ക്കൊക്കെ അപ്പുറത്തുള്ള ശക്തിയോടു് അടുക്കുവാനും ഉപകരിക്കുന്നു എന്നതാണു സത്യം. പരീക്ഷകളില്‍ നന്നായി പഠിച്ചു് ഉന്നത വിജയം നേടുന്നതിനോടൊപ്പം ഓരോ പരീക്ഷയും ഓരോ ജീവിതപരീക്ഷണവും ഓരോ ആത്മീയാനുഭവമാക്കി മാറ്റി അമ്മയോടു കൂടുതല്‍ അടുക്കുവാന്‍ ഇടവരുത്തട്ടെ. അതിനു് അമ്മ അനുഗ്രഹിക്കട്ടെ.
• ജന്മദിനസന്ദേശം 1994 • പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായ അമൃതത്വത്തിൻ്റെ മക്കള്‍ക്കു നമസ്‌കാരം. അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി മക്കള്‍ എല്ലാവരും ഇന്നിവിടെ എത്തിയിരിക്കുന്നു. പക്ഷേ, അമ്മയ്ക്കു് ഇന്നത്തെ ദിവസത്തിനു മറ്റുള്ള ദിവസങ്ങളില്‍നിന്നും യാതൊരു പ്രത്യേകതയും കാണുവാന്‍ സാധിക്കുന്നില്ല.
ആകാശത്തിനു പ്രത്യേകിച്ചൊരു ദിവസമില്ല. പകലിനും രാത്രിക്കുമെല്ലാം സാക്ഷിയായി, ആകാശം നിലകൊള്ളുന്നു. ഈ കെട്ടിടംവയ്ക്കുന്നതിനു മുന്‍പു് ഇവിടെ ആകാശമുണ്ടായിരുന്നു. ഇതു വച്ചപ്പോഴും ഇവിടെ ആകാശമുണ്ടു്. ഇതു പൊളിക്കുമ്പോഴും ആകാശം ഇവിടെത്തന്നെയുണ്ടാകും. ആകാശത്തിനു് ഒരിക്കലും മാറ്റമില്ല. ഈ ആകാശത്തിലാണു് എല്ലാം നിലനില്ക്കുന്നതു്. എന്നാല്‍, ഇതിനെ മലിനപ്പെടുത്തുവാന്‍ യാതൊന്നിനും സാദ്ധ്യമല്ല. അമ്മ ആകാശം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്, മുകളില്‍ കാണുന്ന ആകാശത്തെയല്ല എല്ലായിടവും നിറഞ്ഞുനില്ക്കുന്ന, സര്‍വ്വവ്യാപ്തമായ ആ ചൈതന്യത്തെയാണു്.
അമ്മ എന്തിനിവിടെ പാദപൂജയ്ക്കു വന്നിരുന്നു എന്നു ചോദിച്ചാല്‍, മക്കളുടെ സന്തോഷത്തിനുവേണ്ടി മാത്രമാണു്; അമ്മയ്ക്കു വേണ്ടിയല്ല. ജന്മനാളെന്നു പറയുന്നതു്, മരണനാളിനെക്കുറിച്ചുകൂടി ഓര്‍ക്കാനുള്ള ദിവസമാണു്. നാം ജനിക്കുന്നതോടൊപ്പം, മരണത്തിനും ജന്മം നല്കുകയാണെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിക്കുന്നു. ജനിച്ച ഒരു വ്യക്തിക്കു്, നിഴല്‍പോലെ തന്നെ പിന്‍തുടരുന്ന മരണത്തെ ഒഴിവാക്കുക ഒരിക്കലും സാദ്ധ്യമല്ല. എന്നാല്‍, മരണത്തെക്കുറിച്ചു് ഓര്‍ക്കാന്‍ത്തന്നെ പലര്‍ക്കും ഭയമാണു്.
അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരിക്കല്‍ യുധിഷ്ഠിരമഹാരാജാവിൻ്റെ അടുക്കല്‍ ഒരു ബ്രാഹ്മണന്‍ തൻ്റെ മകളുടെ കല്യാണാവശ്യത്തിനുള്ള ധനം ആവശ്യപ്പെട്ടുകൊണ്ടു ചെന്നു. ഏതോ തിരക്കിലായിരുന്ന രാജാവു ബ്രാഹ്മണനോടു് അടുത്ത ദിവസം വരാന്‍ പറഞ്ഞു. ഇതു കേട്ടുകൊണ്ടു നിന്നിരുന്ന ഭീമന്‍, കൊട്ടാരത്തിലുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു, ‘നിങ്ങള്‍ ശംഖു മുഴക്കുക, കുരവയിടുക, കൊട്ടുക, എല്ലാവിധ വാദ്യമേളങ്ങളോടുംകൂടി ആഹ്ളാദിക്കുക.’ കൊട്ടാരം മുഴുവന്‍ ശബ്ദമേളങ്ങളാല്‍ മുഖരിതമായി. എവിടെയും കൊട്ടും കുരവയും മാത്രം.
ഇതെല്ലാം കേട്ടു യുധിഷ്ഠിരന്‍ അതിശയിച്ചു. ഇതെന്താണു്? സാധാരണ മറ്റു രാജ്യങ്ങളെ കീഴടക്കി വരുമ്പോള്‍ മാത്രമാണു് ഇതുപോലെ ആഹ്ളാദപ്രകടനങ്ങള്‍ നടത്തിക്കാണാറു പതിവു്. ഇപ്പോള്‍, അങ്ങനെയൊന്നും ഉണ്ടായിട്ടുമില്ല. പിന്നെ എന്താണിതു്? അദ്ദേഹം കാര്യം അന്വേഷിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു, ”അതു ഭീമന്‍ ഞങ്ങളോടു പറഞ്ഞു, ഇങ്ങനെ ചെയ്യാന്‍.” ഉടനെ യുധിഷ്ഠിരന്‍ ഭീമനെ വിളിച്ചു കാര്യം അന്വേഷിച്ചു. ഭീമന്‍ പറഞ്ഞു, ”അതു് എൻ്റെയും ജനങ്ങളുടെയും സന്തോഷമാണു്.”
”ഇത്രമാത്രം സന്തോഷിക്കുവാനെന്തുണ്ടായി?” ”അതു് എൻ്റെ സഹോദരന്‍ മരണത്തെ ജയിച്ചിരിക്കുന്നു എന്നു ഞാനിന്നാണു മനസ്സിലാക്കിയതു്. അതിൻ്റെ സന്തോഷമാണു്.” യുധിഷ്ഠിരനു കാര്യം മനസ്സിലായില്ല. അദ്ദേഹം അതിശയത്തോടെ ഭീമൻ്റെ മുഖത്തേക്കു നോക്കി. ഭീമന്‍ പറഞ്ഞു, ”അങ്ങു് ആ ബ്രാഹ്മണനോടു പറയുന്നതു ഞാന്‍ കേട്ടു, ഭിക്ഷ സ്വീകരിക്കുവാന്‍ നാളെ വരുവാന്‍. നാളത്തെ ദിവസം നമ്മള്‍ ഉണ്ടാകുമോ എന്നതിനു് ഒരു ഉറപ്പുമില്ല. പക്ഷേ, അങ്ങേക്കു മരണത്തെ അകറ്റി നിര്‍ത്താന്‍ കഴിയും എന്നുള്ളതുകൊണ്ടല്ലേ ആ ബ്രാഹ്മണനോടു നാളെ വരാന്‍ ഇത്ര ധൈര്യത്തോടെ പറയുവാന്‍ സാധിച്ചതു്.”
അപ്പോഴാണു് തനിക്കു പിണഞ്ഞ അബദ്ധം മരണം ഏതു നിമിഷവും ഉണ്ടു്, ഈ നിമിഷം ചെയ്യേണ്ടതു്, ഈ നിമിഷംതന്നെ ചെയ്യണം എന്ന തത്ത്വം യുധിഷ്ഠിരന്‍ മനസ്സിലാക്കിയതു്. ഒരു ശ്വാസം പുറത്തേക്കു വിടുമ്പോള്‍, പിന്നെ അതകത്തേക്കെടുക്കുവാന്‍ കഴിയുമോ എന്ന കാര്യം സംശയമാണു്. കാരണം, മരണം ഓരോ ശ്വാസോച്ഛ്വാസത്തിലും നമ്മുടെ കൂടെയുണ്ടു്. യഥാര്‍ത്ഥത്തില്‍ മരണം എന്തെന്നു മനസ്സിലാക്കിയവനേ, യഥാര്‍ത്ഥ ജീവിതം പടുത്തുയര്‍ത്തുവാന്‍ കഴിയൂ. കാരണം, ഇന്നു നമ്മള്‍ ഞാനെന്നു കരുതുന്ന ശരീരത്തെയും ഈ കാണായ സ്വത്തുക്കളെയും കുട്ടികളെയും ബന്ധുക്കളെയുമെല്ലാം ഒരിക്കല്‍ അതപഹരിക്കും.
മരണത്തെ ഭയന്നാലും ഇല്ലെങ്കിലും അതു നമ്മുടെ കൂടെയുണ്ടു് എന്ന സത്യമോര്‍ത്താല്‍, ജീവിതത്തെ ശരിയായ പാതയില്‍ തിരിച്ചുവിടാനും അങ്ങനെ ജനനത്തിനും മരണത്തിനും അതീതമായ ഒരവസ്ഥയിലേക്കുയരാനും കഴിയും. മരണം എന്തെന്നു മനസ്സിലാക്കുന്നതു ജീവിതത്തെക്കുറിച്ചു പഠിക്കാന്‍ സഹായിക്കും. ജീവിതം സുഖപൂര്‍ണ്ണമാക്കാന്‍ സകലരും പരിശ്രമിക്കുന്നു. എന്നാല്‍, അതില്‍ വിജയിക്കുന്നില്ല. കാരണം, ഇന്നു നാം നേടുന്നതെന്തും ഇന്നല്ലെങ്കില്‍ നാളെ നഷ്ടമാകും. ആ നഷ്ടം നമ്മളെ തീരാദുഃഖത്തിലാഴ്ത്തും. എന്നാല്‍, അതിൻ്റെ നാശത്തെക്കുറിച്ചു ബോധവാനാണെങ്കില്‍ ആ വസ്തുവിൻ്റെ വേര്‍പ്പാടു നമ്മളെ തളര്‍ത്തില്ല. മറിച്ചു്, അതിനതീതമായ ഒരവസ്ഥയിലേക്കുയരാന്‍ അതു നമുക്കു പ്രേരണയാകും.
അതിനുള്ള ശ്രമം, ഈ നിമിഷംതന്നെ നാം ആരംഭിക്കേണ്ടതുണ്ടു്. കാരണം, അടുത്ത നിമിഷം നാം ഉണ്ടായിരിക്കും എന്നുള്ളതിനു യാതൊരു ഉറപ്പുമില്ല. ഈ നിമിഷം നഷ്ടമായാല്‍, അതു് ഒരു വലിയ നഷ്ടംതന്നെയാണു്. ധ്യാനിക്കണോ, ഈ നിമിഷംതന്നെ ധ്യാനിക്കണം. ഇപ്പോള്‍ ചെയ്യേണ്ട കര്‍മ്മമാണോ, ഈ നിമിഷംതന്നെ ചെയ്യണം. അടുത്ത നേരത്തേക്കു മാറ്റുവാന്‍ പാടില്ല. ഈയൊരു മനഃസ്ഥിതിയാണു നമുക്കു വേണ്ടതു്, ഈയൊരു ദൃഢനിശ്ചയമാണു നമ്മളില്‍ ഉണരേണ്ടതു്. മരണത്തെക്കുറിച്ചു് ഓര്‍ത്താലും ഇല്ലെങ്കിലും ബാഹ്യസുഖം മാത്രം നോക്കിയുള്ള ഇന്നത്തെ ജീവിതത്തിലൂടെ നമ്മുടെ ഓരോ സെല്ലുകളെയും നമ്മള്‍ കൊന്നു കൊണ്ടിരിക്കുകയാണു്. ഇന്നു നമ്മള്‍ സ്വീകരിച്ചിരിക്കുന്ന ജീവിതരീതി നമുക്കു വിഷം തന്നുകൊണ്ടിരിക്കുകയാണു്. അതു വിഷമാണെന്നറിയാതെ, ഇരുകരങ്ങളും നീട്ടി നാം അവയെ സ്വീകരിക്കുകയും ചെയ്യുന്നു.
എല്ലാ രാജ്യക്കാരും എല്ലാ രാഷ്ട്രീയക്കാരും എല്ലാ ശാസ്ത്രജ്ഞന്മാരും ജീവിതത്തില്‍ സുഖം വര്‍ദ്ധിപ്പിക്കാന്‍വേണ്ടി പ്രയത്‌നിക്കുന്നു. അതിനുവേണ്ടി എത്രകണ്ടു ബുദ്ധി വികസിപ്പിക്കാമോ അത്ര കണ്ടു വികസിപ്പിച്ചു. ബാഹ്യപ്രപഞ്ചം എത്രകണ്ടു പടുത്തുയര്‍ത്താമോ അതും സാധിച്ചു. എന്നാല്‍, പൂര്‍ണ്ണസന്തോഷമോ സംതൃപ്തിയോ ഉണ്ടോ? അതുമില്ല. ആന്തരികലോകം ഇന്നും വരണ്ടുകൊണ്ടിരിക്കുന്നു. എയര്‍കണ്ടീഷന്‍ കാറു്, എയര്‍കണ്ടീഷന്‍ വീടു്, വിമാനം ഇവയൊക്കെ ഉണ്ടായാലും മനസ്സമാധാനം ഉണ്ടെങ്കിലല്ലേ സ്വസ്ഥതയോടെ ഉറങ്ങാന്‍ കഴിയൂ. മനസ്സമാധാനം ഇല്ലാത്ത ഒരുവനു സംതൃപ്തിയോടെ ഭക്ഷണം കഴിക്കാന്‍ പറ്റുമോ?
അമ്മയുടെ അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ (പഠിച്ചുപോയവരിലും ഇപ്പോള്‍ പഠിക്കുന്നവരിലും) അമ്മയുടെ പ്രേമം വളര്‍ത്തുന്ന നിശ്ശബ്ദമായ സാംസ്‌കാരിക പരിണാമത്തിൻ്റെ ചില കെടാവിളക്കുകള്‍, ഹ്രസ്വമായി, ഇവിടെ. എൻ്റെ കൊച്ചുകൊച്ചു അനുഭവങ്ങളില്‍ നിന്നും ഒരു പുഷ്പാഞ്ജലി!
വിളക്കു് – ഒന്നു് ബിരുദവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു അമൃത സ്ഥാപനം വിടാനൊരുങ്ങുന്ന വിദ്യാര്‍ത്ഥിനി: സര്‍, രണ്ടു വര്‍ഷത്തോളം ഞാനിവിടെ അപരിചിതയായിരുന്നു. ഇപ്പോള്‍ മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, മനസ്സിലാക്കുന്നു എൻ്റെ ഉള്ളില്‍ ഒരു ആര്‍ദ്രതയുടെ മരം ഞാനറിയാതെ വളരുന്നുണ്ടായിരുന്നുവെന്നു്. ഏതു ജീവിത സാഹചര്യത്തിലും കാലിടറാതെ മുന്നോട്ടു പോകാന്‍ കഴിയും എന്നിപ്പോള്‍ ഉറപ്പാണു്.
ആരെയും വെറുക്കാതിരിക്കാനും മറ്റുള്ളവരെയും സാഹചര്യങ്ങളെയും മനസ്സിലാക്കാനും ഇപ്പോള്‍ ഉള്ളില്‍ ഒരവബോധം. ഇതു് അമ്മയുടെ അനുഗ്രഹം മാത്രമാണു്. ആദ്യം അമ്മ ആലിംഗനം ചെയ്തപ്പോള്‍ത്തന്നെ ഈ മനോഭാവത്തിൻ്റെ ഒരു വിത്തു് ഉള്ളില്‍ വീണിരിക്കാം. എൻ്റെ തമോഗുണത്തിൻ്റെ മൂടലില്‍ ഈ വിത്തു മുളയ്ക്കാന്‍ രണ്ടു വര്‍ഷമെടുത്തു. എങ്കിലും ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണു്. തെന്നലില്‍ പറക്കുന്ന ഒരു തൂവല്‍പോലെ.
വിളക്കു് – രണ്ടു് ഒരു ഗവണ്‍മെൻ്റ് ആശുപത്രി. ഞായറാഴ്ച. ഉച്ചസമയം. ബസ്സില്‍ അന്‍പത്തിയെട്ടു പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനി – വിദ്യാര്‍ത്ഥികള്‍. നാടന്‍ ഏത്തപ്പഴങ്ങളുമായി, കൂടുതലും സ്നേഹവചനങ്ങളുമായി, ഇരുന്നൂറോളം ഇന്‍പേഷ്യൻ്റ് രോഗികളുമായി കുറെനേരം പങ്കിടാന്‍ ഇറങ്ങിച്ചെന്ന വിദ്യാര്‍ത്ഥികള്‍. എളിയ സേവനം കഴിഞ്ഞു വൃത്തിയുള്ള ആശുപത്രി മുറ്റത്തെ, തറകെട്ടിയ ആലിൻ്റെ ചുവട്ടില്‍ കൂടി.
കൂടെയുണ്ടായിരുന്ന ആ സ്ഥലത്തെ സുഹൃത്തു പറഞ്ഞു, ”സര്‍, ദാ വരുന്നതു് ഇവിടുത്തെ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സനാണു്.” ചെയര്‍പേഴ്‌സന്‍ പറഞ്ഞു, ”ഇത്രയും വിദ്യാര്‍ത്ഥികള്‍ അച്ചടക്കത്തോടെ നില്ക്കുന്നതു കണ്ടു ഞാന്‍ വെറുതെ ഒന്നു നോക്കാന്‍ വന്നതാണു്.” പിന്നെ, ചാറ്റമഴയിലും മുകളില്‍ കുടപിടിക്കുന്ന ആലിൻ്റെ ചില്ലകളുടെ തലോടലേറ്റ കാറ്റില്‍, മാഡം അഞ്ചു മിനിട്ടു കുട്ടികളുടെ സേവന മനോഭാവത്തെ പ്രശംസിച്ചു.
”ഇന്നു ഞായറാഴ്ച. ഉറങ്ങാന്‍ പറ്റിയ കാലാവസ്ഥ! ഹോസ്റ്റലില്‍ ഇല്ലാത്ത നാലു പേരൊഴിച്ചു്, ഒരു മാനേജ്‌മെൻ്റ് കോഴ്‌സിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ ഇവിടെ വന്നു എന്നതു നിങ്ങളുടെ സ്വഭാവഗുണത്തെയാണു കാണിക്കുന്നതു്. ഇനി ഈ പ്രദേശത്തു് ഏതു സേവനം ചെയ്യണമെങ്കിലും മുന്‍സിപ്പാലിറ്റിയുടെ പൂര്‍ണ്ണസഹകരണം ഉണ്ടാവും. ഇനി അങ്ങനെ വരാന്‍ പറ്റുമ്പോള്‍ ഒന്നറിയിക്കണേ. നിങ്ങളെ പരിചയപ്പെടാന്‍ പറ്റിയതു് എനിക്കു് ഏറെ സന്തോഷം.” അങ്ങനെയും ഒരു പകല്‍! ആകാശത്തെ കാര്‍മേഘങ്ങള്‍ മനസ്സുകളില്‍ കയറിയില്ല!
വിളക്കു് – മൂന്നു് ഡിസംബര്‍ മൂന്നു്, ലോകവികലാംഗദിനമാണു്. ഒരു ഉദ്യാനത്തിലും അടുത്തുള്ള ഗവണ്‍മെൻ്റ് യു.പി. സ്‌കൂളിലും ആയി ഒട്ടനവധി ശാരീരികമാനസിക വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍. ചിരിക്കാത്ത മുഖങ്ങളുമായി രക്ഷകര്‍ത്താക്കള്‍. ഇവര്‍ക്കു ചായ, ബണ്‍ കൊടുക്കണം. ഉച്ചയ്ക്കു് ഊണു്. ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപികമാര്‍ മേല്‍ നോട്ടത്തിനുണ്ടു്. പക്ഷേ, സേവനത്തിനു് ആളു പോര. ചായ, ബണ്‍, ഊണു്. ഇതിനൊന്നും ഫണ്ടും ഇല്ല! ‘മുറപോലെ കാര്യങ്ങള്‍.’
അമൃതയിലെ അമ്മയുടെ മക്കള്‍ റെഡി. ഒരു ടീം സ്ഥലത്തെത്തി. ഒരു കോഴ്‌സിലെ വിദ്യാര്‍ത്ഥികള്‍. ആരും ഒരു നിര്‍ദ്ദേശവും കൊടുക്കാതെ അവര്‍ വേണ്ടതെല്ലാം ചെയ്തു! സ്‌കൂളിനുള്ളിലെ ഓഫീസില്‍ ഉച്ചയൂണുസമയത്തും ജോലി ചെയ്തിരുന്ന സ്റ്റാഫിനു് അവിടെ ഊണു് എത്തിച്ചു. ചില കുഞ്ഞുങ്ങള്‍ക്കു ചോറു വായില്‍ വച്ചു കൊടുക്കുന്നു, കൈ കഴുകിച്ചു കൊടുക്കുന്നു. പാത്രങ്ങളേറെയുണ്ടു്. കഴുകി വൃത്തിയാക്കി വയ്ക്കുന്നു.
ചിലര്‍ പറയുന്നതു കേട്ടു: അമൃതയിലെ വിദ്യാര്‍ത്ഥികളാണു്. അതാണു് ഇങ്ങനെ സേവനം. ബാനറില്ല. സ്റ്റേജില്‍ പൊടി പൊടിക്കുന്ന പ്രസംഗകോലാഹലങ്ങളുടെ മദ്ധ്യത്തില്‍ ‘തിളങ്ങാന്‍’ പോയില്ല. പണിയെടുത്തു. വേണ്ടതു ചെയ്തു – മിണ്ടാതെ പോന്നു!
പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പറഞ്ഞു, ”ആണ്ടിലൊരു ദിവസം ഈ വയ്യാത്ത കുട്ടികളുടെ മേളയാണു്. അവര്‍ക്കു സന്തോഷിക്കാന്‍, ഒന്നിച്ചുകൂടാന്‍ ഒരു പകല്‍. പ്രസംഗിക്കാന്‍ വന്നവര്‍ ഒന്നും ചെയ്തുതന്നില്ല. സഹായിച്ചതു് അമൃതയിലെ കുട്ടികള്‍ മാത്രമാണു്. നിങ്ങള്‍ (അമൃത ടീമിനെ ഉദ്ദേശിച്ചു്) ഒന്നും പറഞ്ഞില്ല!
”നന്ദിയൊക്കെ മനസ്സില്‍ വച്ചിട്ടു് അമ്മയുടെ പാദങ്ങളില്‍ അര്‍പ്പിച്ചാല്‍ മതി എന്നു ഞങ്ങള്‍ പറഞ്ഞു. നോക്കെത്താത്ത ദൂരം വരെ ‘വിളക്കു’കള്‍. എങ്ങനെയാണു് എല്ലാം പറയുക. എന്തു ചെയ്തു എന്നതിനൊപ്പംതന്നെ പ്രധാനമാണു് എങ്ങനെ ചെയ്തു എന്നതു്. പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണു്. മുഖത്തെ ഭാവം, ശരീരഭാഷ, വിനയം എല്ലാം പ്രധാനമാണു്.
എനിക്കുവേണ്ടിയാണു ഞാന്‍ ചെയ്യുന്നതു്. അടുത്തയാള്‍ ഞാന്‍തന്നെയാണു്. ആ ഭാവം വേണം. ഇതിനെല്ലാം നമുക്കൊരു ജീവിക്കുന്ന മാതൃകയുണ്ടു്. ലോകം മുഴുവന്‍ സ്നേഹത്താല്‍ കീഴടക്കിയ അമ്മ. അമ്മയുടെ ജന്മദിനാഘോഷങ്ങളും നമുക്കു വേണ്ടിയാണു്. നമ്മുടെ സന്തോഷമാണു് അമ്മയുടെ ഭക്ഷണം. നമ്മുടെ സേവനമാണു്, ജീവിത മാതൃകയാണു് അമ്മയുടെ സന്ദേശം.
പൂര്‍ണ്ണതയാണു് അമ്മ. ആ പൂര്‍ണ്ണതയിലേക്കു് എത്താനുള്ള ചവിട്ടുപടികളാക്കണം നാം ജീവിക്കുന്ന ഓരോ നിമിഷവും. എല്ലായിടത്തും വിദ്യ കൊടുക്കുന്നുണ്ടു്. അമ്മ കൊടുക്കുന്നതു വിഷയങ്ങളിലെ മിടുക്കു കൂട്ടുന്ന വിദ്യ മാത്രമല്ല; വിനയത്തിൻ്റെ വിദ്യാഭ്യാസം കൂടിയാണു്. നമുക്കു ചുമതലാബോധമുള്ള സത്യസന്ധരായ പൗരന്മാര്‍ വേണം. അവരെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ ദര്‍ശനമാണു് അമ്മയുടെതു്.