മുരളി കൈമള്‍

ജനനമരണങ്ങള്‍ക്കിടയിലെ ചെറിയ ജീവിതത്തെക്കുറിച്ചു മാത്രമാണു നാം പറയാറുള്ളതു്. എന്നാല്‍, ഇതിനിടയില്‍ ഒരു രാഷ്ട്രത്തിൻ്റെ, ഒരു സംസ്‌കാരത്തിൻ്റെ വാതിലുകള്‍ മറ്റൊരു രാഷ്ട്രത്തിനു്, സംസ്‌കാരത്തിനു തുറന്നുകൊടുക്കുന്നതു വളരെ അപൂര്‍വ്വമായി തോന്നിയേക്കാം. ഭാരതസംസ്‌കാരത്തിൻ്റെ പതാകവാഹകനായി 1893ല്‍ ചിക്കാഗോയില്‍ എത്തിയ വിവേകാനന്ദസ്വാമികള്‍ തൻ്റെ പ്രസംഗത്തിൻ്റെ ആദ്യവരികളിലൂടെ പാശ്ചാത്യലോകത്തിൻ്റെ മനംകവര്‍ന്നു. ‘അമേരിക്കയിലെ എൻ്റെ സഹോദരീസഹോദരന്മാരേ…’ എന്നു തുടങ്ങിയ പ്രസിദ്ധമായ ആ വരികള്‍ ഇന്നും നമ്മുടെ മനസ്സില്‍ അലയടിക്കുന്നു.

വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞു…തൊണ്ണൂറ്റിനാലു വര്‍ഷത്തിനു ശേഷം പാശ്ചാത്യലോകം നിസ്സീമമായ കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും അവതാരമായ അമ്മയുടെ മൊഴികള്‍ക്കു കാതോര്‍ത്തു. ‘പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായ ഓമനമക്കളേ…’ എന്ന വിളി പാശ്ചാത്യ ലോകത്തെ ഒന്നാകെ പിടിച്ചുലച്ചു. 1987 മെയ് മാസം 18-ാം തീയതി സാന്‍ഫ്രാന്‍സിസ്കോയിലെ യോഗാസെൻ്ററില്‍ ധാരാളം ആളുകള്‍ ആദ്യ വിദേശപര്യടനത്തിനെത്തിയ അമ്മയെ കാണാനെത്തി. കുടുംബബന്ധങ്ങളുടെ ശൈഥില്യത്തെ അഭിമുഖീകരിക്കുന്ന ആ സമൂഹത്തെ ഹൃദയത്തോടടുത്തു പിടിച്ചു കാതില്‍ ‘ഓമനമക്കളേ…’ എന്നു വിളിച്ചു മാതൃത്വത്തിൻ്റെ മൂര്‍ത്തരൂപം അമ്മ അവര്‍ക്കു കാണിച്ചുകൊടുത്തു.

അമ്മയുടെ ദിഗ്വിജയത്തിൻ്റെ തുടക്കമായിരുന്നു 1987ലെ പ്രഥമ അമേരിക്കന്‍ യാത്ര. പിന്നീടു് ലോകത്തിൻ്റെ ഓരോ കോണിലും എത്രയെത്ര വേദികളില്‍ അമ്മ സംസാരിച്ചു. ഐക്യരാഷ്ട്ര സഭയുടെ അകത്തളങ്ങളില്‍ വരെ ആ ശബ്ദം പ്രതിധ്വനിച്ചു. അന്നു വരെ കേരളത്തിനു പുറത്തു കുറച്ചുമാത്രം സഞ്ചരിച്ച അമ്മ തൻ്റെ വിദേശമക്കളുടെ ദീര്‍ഘകാലത്തെ സ്നേഹ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയാണു് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു് ഇങ്ങനെ ഒരു യാത്രയ്ക്കു സമ്മതിച്ചതു്. ഒരു നൂറ്റാണ്ടു മുന്‍പു്, ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസൻ്റെ നിര്‍ദ്ദേശത്താല്‍ ശിഷ്യനായ വിവേകാനന്ദസ്വാമികള്‍ ആദ്ധ്യാത്മിക ജൈത്രയാത്രയ്ക്കായി വിദേശത്തേക്കു യാത്രയായി. എന്നാല്‍ ഇന്നിവിടെ അറബിക്കടലിൻ്റെ തീരത്തെ, അത്രയധികം അറിയപ്പെടാത്ത കടലോരഗ്രാമമായ പറയകടവില്‍നിന്നു് അമ്മ ശിഷ്യന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു വിദേശപര്യടനത്തിനു യാത്രയായതു്.

1984-ല്‍ അമ്മയെ തേടിയെത്തിയ കുസുമം എന്ന വിദേശവനിതയാണു പ്രഥമ വിദേശപര്യടനത്തിൻ്റെ മുന്നോടിയായി അമ്മയുടെ പരിപാടികള്‍ സജ്ജീകരിക്കാന്‍ നിയുക്തയായതു്. ”ഇന്നത്തെപ്പോലെ കമ്പ്യൂട്ടറും ഇമെയിലും ആധുനിക വാര്‍ത്താവിതരണസംവിധാനങ്ങളും ഇല്ലാതിരുന്നപ്പോള്‍ അമ്മയുടെ അനുഗ്രഹം ഒന്നു മാത്രമായിരുന്നു എല്ലാ കാര്യങ്ങള്‍ക്കുമുള്ള ഏക തുണ.” അമൃതപുരിയിലെ കാളീക്ഷേത്രത്തിനു മുന്‍പിലിരുന്നു തൻ്റെ കണ്‍കണ്ട ദൈവമായ അമ്മയെപ്പറ്റി, അമ്മയുടെ ആദ്യവിദേശയാത്രയെപ്പറ്റി കുസുമം ഓര്‍മ്മിച്ചു. കുസുമവും നീല്‍റോസ്‌നറും (സ്വാമി പരമാത്മാനന്ദ പുരി) സ്വാമി അമൃതസ്വരൂപാനന്ദ പുരിയും അമേരിക്കയില്‍ അമ്മയുടെ പരിപാടികള്‍ ഒരുക്കുന്നതിനായി മാസങ്ങള്‍ക്കു മുന്‍പുതന്നെ പുറപ്പെട്ടിരുന്നു.

”വളരെ കാലങ്ങള്‍ക്കു മുന്‍പു ശാന്തമായ ഈ കടല്‍ത്തീരത്തിരുന്നു് അമ്മ പറയുമായിരുന്നു, ‘ലോകത്തിൻ്റെ എല്ലാ ഭാഗത്തു നിന്നും ആളുകള്‍ ഇവിടെ വരും. ആശ്രമം വളരെ വലുതാകും.’ ഇപ്പോഴതു തീര്‍ത്തും യാഥാര്‍ത്ഥ്യമായിരിക്കുന്നു.” സ്വാമി അമൃതസ്വരൂപാനന്ദ പുരി ആ ദിനങ്ങള്‍ ഓര്‍ക്കുകയായിരുന്നു. ആദ്യവിദേശയാത്രയോടെ സ്നേഹത്തിൻ്റെ, വിശ്വപ്രേമത്തിൻ്റെ ജാലകം അമ്മ പടിഞ്ഞാറന്‍ ചക്രവാളത്തിനു മുന്‍പില്‍ തുറന്നിടുകയായിരുന്നു. പെയ്‌തൊഴിയാതെ മനസ്സില്‍ കൂടിയിരുന്ന കാര്‍മേഘങ്ങളുമായി പലരും അമ്മയുടെ സവിധത്തിലണഞ്ഞു. ആ കണ്ണീര്‍ക്കടലുകള്‍ പെയ്തിറങ്ങിയതു് അമ്മയുടെ തിരുസവിധത്തിലായിരുന്നു. സ്നേഹത്തോടെ, വിശ്വാസത്തോടെ പാശ്ചാത്യലോകം അമ്മയുടെ മുന്‍പില്‍ കൈകള്‍ കൂപ്പി സാഷ്ടാംഗം പ്രണമിച്ചു. ചെറു പൂച്ചെണ്ടുകള്‍ മുതല്‍ സ്വന്തം ജീവിതംവരെ അവര്‍ അമ്മയ്ക്കു മുന്‍പില്‍ സമ്മാനമായി അര്‍പ്പിച്ചു. അമ്മയെന്ന സ്നേഹസാഗരത്തിൻ്റെ വില അവര്‍ തൊട്ടറിഞ്ഞു.

ലോകത്തിൻ്റെ സമസ്തമേഖലകളെയും സമൂഹത്തെയും വ്യക്തികളെയുംതന്നെ പരിവര്‍ത്തനത്തിനു വിധേയമാക്കുന്ന ഒരു വ്യത്യസ്തത അമ്മയില്‍ പ്രകടമായിരുന്നു. ഭൂകമ്പങ്ങളും പ്രകൃതി ക്ഷോഭങ്ങളും എവിടെയൊക്കെ സംഭവിച്ചുവോ അവിടെയൊക്കെ താങ്ങും തണലുമായി അമ്മയുടെ കരങ്ങളുമെത്തി. അതാകട്ടെ, ഭാരതത്തിൻ്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു അമേരിക്കവരെ നീണ്ടു കിടക്കുന്നു. കത്രീന ചുഴലിക്കാറ്റു് ആഞ്ഞു വീശിയ അമേരിക്കന്‍ ഐക്യനാടുകളിലും ജപ്പാനിലെ സുനാമി ദുരിതബാധിതര്‍ക്കും അമ്മയുടെ സഹായഹസ്തമെത്തുകയുണ്ടായി. ‘വിശക്കുന്നവനു് അന്നം ദൈവമാണു്’ എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കിക്കൊണ്ടു് ‘അമ്മാസ് കിച്ചണ്‍’ ഇന്നു പാശ്ചാത്യരാജ്യങ്ങളില്‍ ആയിരങ്ങളായ അഗതികള്‍ക്കു അന്നമൊരുക്കുന്നു.

പരിസ്ഥിതിശുചീകരണം മുതല്‍ പരിസ്ഥിതിപാലനം വരെ എല്ലാ കാര്യങ്ങള്‍ക്കും അമ്മയുടെ വാക്കുകള്‍ക്കു രാഷ്ട്രത്തലവന്മാര്‍ വരെ കാതോര്‍ക്കുന്നു. അമൃതപുരിയില്‍നിന്നു് അമ്മ ആരംഭിച്ച ജൈത്രയാത്ര ഇന്നു ഭൂഖണ്ഡങ്ങളെ കീഴടക്കി യാത്ര തുടരുന്നു. സ്നേഹമെന്ന വെണ്‍ തേരിലേറിയെത്തുന്ന അമ്മയെ നോക്കി വിദേശിമക്കള്‍ പ്രാര്‍ത്ഥിക്കുന്നു…”യാ ദേവി സര്‍വ്വഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ”

നമ്മളിലെ ഈശ്വരത്വത്തെ ഉണര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമമാണു മന്ത്രജപത്തിലൂടെ നടക്കുന്നതു്. പയര്‍ മുളപ്പിക്കുമ്പോള്‍ അതിൻ്റെ ഗുണവും വിറ്റാമിനുകളും കൂടുന്നു. അതുപോലെ നമ്മുടെ ഉള്ളിലുള്ള ശക്തിയെ ഉണര്‍ത്തിയെടുക്കുന്ന ഒരു ക്രിയയാണു ജപം. അതുമാത്രമല്ല ജപത്തിൻ്റെ തരംഗങ്ങളിലൂടെ അന്തരീക്ഷവും ശുദ്ധമാകുന്നു.

നമ്മള്‍ കണ്ണൊന്നടച്ചാല്‍ അറിയാം മനസ്സു് എവിടെയാണിരിക്കുന്നതെന്നു്, ഇവിടെയിരിക്കുമ്പോഴും ചിന്ത വീട്ടില്‍ ചെന്നിട്ടു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചായിരിക്കും. തിരിയെ പോകുവാന്‍ ഏതു ബസ്സാണുണ്ടാവുക, അതില്‍ തിരക്കു കാണുമോ, നാളെ ജോലിക്കു പോകുവാന്‍ കഴിയുമോ, കടം കൊടുത്ത കാശു തിരിയെ കിട്ടുമോ? ഇങ്ങനെ നൂറു കൂട്ടം കാര്യങ്ങള്‍ മനസ്സില്‍ ഓടിക്കളിക്കുന്നതു കാണാം. ഈ നൂറുവിധം ചിന്തകള്‍കൊണ്ടു മൂടിയ മനസ്സിനെ, ഈശ്വരസ്വരൂപമാക്കി മാറ്റുക എന്നതു് ഒരു നിമിഷംകൊണ്ടു സാധിക്കാവുന്ന കാര്യമല്ല. അതിനു നിരന്തരശ്രമം ആവശ്യമുണ്ടു്. അതിനുള്ള ഒരു എളുപ്പക്രിയയാണു മന്ത്രജപം.

മന്ത്രം ജപിക്കുമ്പോഴും ചിന്തയുണ്ടാകില്ലേ എന്നു ചോദിക്കാം. മന്ത്രം ജപിക്കുമ്പോള്‍ ചിന്തയുണ്ടായാല്‍തന്നെ അതിനത്ര പ്രാധാന്യമില്ല. ചിന്ത ഒരു കുട്ടിയെപ്പോലെയാണു കുട്ടിയുറങ്ങിക്കിടക്കുമ്പോള്‍ തള്ളയ്ക്കു ജോലി ചെയ്യുവാന്‍ പ്രയാസമില്ല. പക്ഷേ, കുട്ടിയുണര്‍ന്നു കരഞ്ഞു ബഹളംവയ്ക്കാന്‍ തുടങ്ങിയാല്‍പ്പിന്നെ തള്ളയ്ക്കു ജോലി ചെയ്യുവാന്‍ ബുദ്ധിമുട്ടാണു്. അതുപോലെ മന്ത്രം ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ചിന്ത അത്ര സാരമില്ല. അതു നമ്മളെ ശല്യം ചെയ്യില്ല.

മന്ത്രംതന്നെ ചിന്തയല്ലേ എന്നു ചോദിക്കാറുണ്ടു്. ‘പരസ്യം പതിക്കരുതെ’ന്ന എട്ടക്ഷരം കൊണ്ടു ചുവര്‍ മുഴുവന്‍ പരസ്യം എഴുതുന്നതു് ഒഴിവാക്കാന്‍ കഴിയുന്നില്ലേ. അതുപോലെ മന്ത്രമാകുന്ന ഒറ്റ ചിന്തകൊണ്ടു മനസ്സിൻ്റെ അലച്ചില്‍ നിര്‍ത്താന്‍ കഴിയുന്നു. ചിന്തകള്‍ കുറയുന്നതു് ആയുസ്സിനും ആരോഗ്യത്തിനും ഉത്തമമാണു്. കടയില്‍ ഇരിക്കുന്ന ഒരു സാധനം വാങ്ങുന്ന നിമിഷം മുതലേ ഗ്യാരണ്ടിയുടെ സമയം കണക്കുകൂട്ടുകയുള്ളൂ. എന്നാല്‍, കടയില്‍ എത്ര വര്‍ഷം ഇരുന്നാലും പ്രശ്‌നമില്ല. കാരണം അതു പ്രവര്‍ത്തിക്കുന്നില്ല. ഇതുപോലെ ചിന്തയില്ലാത്തപ്പോള്‍ മനസ്സിനു ബലം കുറയുന്നില്ല, കൂടുന്നതേയുള്ളൂ. ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുന്നു. മറിച്ചു്, ചിന്തകള്‍ അധികമായാല്‍ മനസ്സിൻ്റെ ബലം കുറയുന്നു. ശരീരത്തിൻ്റെ ആരോഗ്യം ക്ഷയിക്കുന്നു.

കൊച്ചുകുഞ്ഞിനെ പിടിക്കാന്‍ ചെന്നാല്‍ അവന്‍ ഓടും. പിറകെ നമ്മളും ഓടുകയാണെങ്കില്‍, അവന്‍ ഓടി അടുത്തുള്ള കുളത്തിലോ കിണറ്റിലോ വീണെന്നിരിക്കും. എന്നാല്‍ കളിപ്പാട്ടം കാട്ടി വിളിക്കുകയാണെങ്കില്‍, അവന്‍ തിരിഞ്ഞു നമ്മുടെ അടുത്തുവരും. ഓടുന്നതുമൂലമുള്ള വീഴ്ച ഒഴിവാകുകയും ചെയ്യും. ഇതുപോലെ നമ്മുടെ മനസ്സിൻ്റെ സ്വഭാവം അനുസരിച്ചു് അതിനെ വരുതിക്കു നിര്‍ത്തുവാന്‍ പറ്റിയ മാര്‍ഗ്ഗമാണു മന്ത്രജപം. ഒരു സെക്കന്‍ഡില്‍ നൂറു ചിന്തകള്‍ മനസ്സില്‍ ഉദിക്കുന്നു എങ്കില്‍ അതു് പത്തു ചിന്തയാക്കി കുറയ്ക്കാന്‍ മന്ത്രജപത്തിലൂടെ കഴിയുന്നു.

പണ്ടു മനസ്സിനെ നിലയ്ക്കു നിര്‍ത്താന്‍, ഒറ്റക്കാലില്‍ സൂചിമേല്‍ നിന്നുവരെ തപസ്സു ചെയ്തവരുടെ കഥ നമുക്കറിയാം. നമുക്കങ്ങനെയൊന്നും വേണ്ട, ഈ മന്ത്രജപം മാത്രം മതി. മറ്റുള്ളവര്‍ വേദ ശാസ്ത്രങ്ങളെല്ലാം പഠിച്ചു യുഗയുഗം തപസ്സു് ചെയ്തതിനു ശേഷമാണു് ഈശ്വരനെ സാക്ഷാത്കരിച്ചതു്. എന്നാല്‍ ഗോപികള്‍ ശാസ്ത്രം പഠിച്ചില്ല, അവര്‍ കുടുംബവുമായി കഴിഞ്ഞവരാണു്, ബിസിനസ്സു് ചെയ്തവരാണു്. എന്നിട്ടും ഭഗവദ്‌പ്രേമത്തിലൂടെ അവര്‍ എളുപ്പത്തില്‍ അവിടുത്തെ സാക്ഷാത്കരിച്ചു. അതുപോലെ, വിശേഷിച്ചു് ഈ കലിയുഗത്തില്‍, മന്ത്രജപത്തിനാണു പ്രാധാന്യം.

പക്ഷേ, ജപവും സാധനയുംകൊണ്ടു മാത്രം എല്ലാമായില്ല. മനസ്സിനെ പരിപൂര്‍ണ്ണമായി അവിടുത്തേക്കു സമര്‍പ്പിച്ചാല്‍ മാത്രമേ ഈശ്വരനെ ലഭിക്കുകയുള്ളൂ. മനസ്സിനെ സമര്‍പ്പിക്കുക എന്നാല്‍, എടുത്തു സമര്‍പ്പിക്കുവാന്‍ പറ്റുന്നതല്ല. മനസ്സു് ഏതൊന്നിലാണോ ബന്ധിച്ചുനില്ക്കുന്നതു് അതിനെ സമര്‍പ്പിക്കുന്നതിലൂടെ മാത്രമേ മനസ്സു് സമര്‍പ്പിക്കൂവാന്‍ കഴിയൂ.

ഇന്നു മനസ്സു് ഏറ്റവും അധികം ബന്ധിച്ചു നില്ക്കുന്നതു സ്വത്തിലാണു്. കല്യാണം കഴിച്ചാല്‍ പിന്നെ ഭാര്യയെക്കാളും കുട്ടിയെക്കാളും ചിന്ത സ്വത്തിനെക്കുറിച്ചായിരിക്കും. അമ്മ മരിക്കാന്‍ കിടന്നാലും സ്വത്തു വീതംവയ്ക്കുമ്പോള്‍ പത്തു തെങ്ങു കൂടുതലുള്ള ഭാഗം കിട്ടാനാണു ശ്രമം. മറ്റവനു കിട്ടിയതിനെക്കാള്‍ അല്പം കുറവാണു കിട്ടിയതെങ്കില്‍ തന്തയെ കുത്തിക്കൊല്ലാനും മടിക്കുകയില്ല. അപ്പോള്‍ നമ്മുടെ ബന്ധം എവിടെയാണു്? സ്വത്തിലാണു്!

മനസ്സു് ബന്ധിച്ചിരിക്കുന്ന വസ്തുക്കളെ സമര്‍പ്പിക്കുമ്പോഴാണു മനസ്സു് സമര്‍പ്പിച്ചെന്നു പറയുന്നതു്. സ്വത്തില്‍ മനസ്സു് ബന്ധിച്ചിരിക്കുന്നവര്‍ സ്വത്തു സമര്‍പ്പിച്ചാല്‍ മനസ്സിൻ്റെ സമര്‍പ്പണമായി. അതിലൂടെ മനസ്സു് വിശാലമാവുകയാണു്, ഈശ്വരകൃപയ്ക്കു പാത്രമാവുകയാണു്. അല്ലാതെ ഈശ്വരനു് ഈ സ്വത്തൊന്നും വേണ്ടതില്ല.

പത്മിനി പൂലേരി

സംഗീതം എന്നും എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അമ്മയുമായി അടുക്കാനുണ്ടായ ഒരു കാരണം അമ്മയുടെ ഭജനകളായിരുന്നു. ഇന്നാകട്ടെ അമ്മയുടെ ഭജനകള്‍ എൻ്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തതായിരിക്കുന്നു.

സത്യം പറഞ്ഞാല്‍ അമ്മയുമായുള്ള എൻ്റെ ആദ്യ ദര്‍ശനത്തെക്കുറിച്ചു് എനിക്കൊന്നുംതന്നെ ഓര്‍മ്മയില്ല. എന്നാല്‍ ആ ദിവസത്തെ ഭജനകള്‍ എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ടു്. ആദ്യമായി അമ്മയെ കണ്ടതിനുശേഷം എല്ലാ വര്‍ഷവും ഞാന്‍ അമ്മയുടെ വരവും കാത്തിരുന്നു. പുതിയ പുതിയ ഭജനകള്‍ കേള്‍ക്കാന്‍. അമ്മയുടെ ഭജനകളുടെ എല്ലാ കാസറ്റുകളും ഞാന്‍ ശേഖരിച്ചു. വര്‍ഷം മുഴുവനും വീണ്ടും വീണ്ടും ഞാന്‍ അതു തന്നെ കേട്ടുകൊണ്ടിരുന്നു.

സാവധാനത്തിലാണെങ്കിലും അമ്മയോടുള്ള എൻ്റെ ഭക്തിക്കു് ആഴമേറിവന്നു. അമ്മയുടെ ഭജന കേള്‍ക്കുമ്പോള്‍, ഭക്തിസാന്ദ്രമായ ആ സ്വരം കേള്‍ക്കുമ്പോള്‍, എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങും. പലപ്പോഴും ഭജന കേട്ടു പരിസരം മറന്നു ഞാന്‍ അനങ്ങാതെ ഇരുന്നുപോകും. എനിക്കു് ഇഷ്ടപ്പെട്ട ഭജന കേട്ടാല്‍ ധ്യാനം എനിക്കു് എളുപ്പമായി തീരാറുണ്ടു്. നടക്കാന്‍ പോകുന്നതും ദൂരയാത്ര പോകുന്നതും ട്രാഫിക് ജാമില്‍പ്പെടുന്നതും ഒന്നും എനിക്കു ബോറടിയല്ല; എപ്പോഴും ഞാന്‍ ഭജന കേള്‍ക്കുകയായിരിക്കും. എനിക്കു് ഇഷ്ടപ്പെട്ട പല ഭജനകളുമുണ്ടു്. എങ്കിലും ഏറ്റവും പ്രിയപ്പെട്ട ഒരു ഭജന തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ‘ജനനീ തവ പദമലരുകളില്‍’ എന്ന ഭജന തിരഞ്ഞെടുക്കും. അതിലെ ‘നീ കനിഞ്ഞുകൊണ്ടേകണമമ്മേ നിന്നില്‍ നിര്‍മ്മലഭക്തിയെ മാത്രം’ എന്ന വരിയാണു് എനിക്കേറെ ഇഷ്ടം. എനിക്കു് അമ്മയോടു് അപേക്ഷിക്കാനുള്ളതും അതു തന്നെയാണു്.

ഞാന്‍ വാഷിങ്ടണിലാണു താമസിക്കുന്നതു്. അമ്മയുടെ ഭക്തര്‍ക്കു് ഇപ്പോഴിവിടെ സ്വന്തമായി ഒരു ആശ്രമം കിട്ടിയിട്ടുണ്ടു്. കഴിഞ്ഞ ജനുവരിയില്‍ എൻ്റെ അമ്മയെ കാണാന്‍ ഞാന്‍ നാട്ടിലേക്കു പോയി. വീട്ടിലെ അമ്മയെയും ബന്ധുക്കളെയുമൊക്കെ കണ്ടതിനുശേഷം ഞാന്‍ അമൃതപുരിയിലെത്തി. ഒരു തിങ്കളാഴ്ചയാണു ഞാന്‍ എത്തിയതു്. സന്ധ്യാസമയത്തെ ഭജനയ്ക്കുശേഷം അമ്മ തിരിച്ചുപോകുമ്പോള്‍ അമ്മയെ ഒന്നു സ്പര്‍ശിക്കാനായി ഞാന്‍ അമ്മയുടെ പുറകെ ഓടി. എന്നാല്‍ അമ്മ നടക്കുന്ന വഴിയുടെ ഇരുവശത്തും ഭക്തര്‍ തിങ്ങിനില്ക്കുകയായിരുന്നു. എനിക്കു് അങ്ങോട്ടു് അടുക്കാന്‍പോലും കഴിഞ്ഞില്ല. വഴിയില്‍ നില്ക്കുന്നവരെ നോക്കി പുഞ്ചിരിച്ചുകൊണ്ടും കൈനീട്ടി തൊട്ടുകൊണ്ടും അമ്മ നടന്നു നീങ്ങുന്നതു ദൂരെനിന്നു കണ്ടപ്പോള്‍ എനിക്കു വലിയ നിരാശ തോന്നി.

മുഖം വീര്‍പ്പിച്ചുകൊണ്ടു ഞാന്‍ ഭക്ഷണം വിളമ്പുന്നിടത്തേക്കു നടന്നു. എൻ്റെ മുഖത്തെ പരിഭവവും നിരാശയും കണ്ടു് പരിചയമുള്ള ഒരു ബ്രഹ്മചാരി എന്നോടു ചോദിച്ചു, ”ചേച്ചീ, എന്താണിത്ര സങ്കടപ്പെട്ടിരിക്കുന്നതു്?” അമ്മ എന്നെ നോക്കണമെന്നും കൈ നീട്ടി തൊടണമെന്നും ആഗ്രഹിച്ചു ഞാന്‍ അമ്മയുടെ പിറകെ ഓടിയെന്നും എന്നാല്‍ തിരക്കു കാരണം അമ്മയുടെ അടുത്തുപോലും എത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള വിഷമം ഞാന്‍ ബ്രഹ്മചാരിയോടു പറഞ്ഞു. ‘കുറച്ചു സമയം കഴിഞ്ഞാല്‍ പുതിയ ഭജനകള്‍ പരിശീലിക്കാനായി അമ്മ സ്റ്റേജിലേക്കു വരും. അപ്പോള്‍ കാണാന്‍ ശ്രമിച്ചു നോക്കൂ,’ അദ്ദേഹം എന്നെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു.

എനിക്കു പിന്നെയും പ്രതീക്ഷയായി. രാത്രി വളരെ വൈകിയിരുന്നു. എങ്കിലും അമ്മയെ കാത്തിരിക്കാന്‍തന്നെ ഞാന്‍ തിരുമാനിച്ചു. അവസാനം അമ്മ വന്നു. ആ വലിയ ഹാളില്‍ ആരുമില്ല. സ്റ്റേജിനടുത്തു ഞാന്‍ മാത്രം. അമ്മ നേരേ എൻ്റെ അടുത്തേക്കു വന്നു. കെട്ടിപ്പിടിച്ചു. കുറെ വിശേഷങ്ങള്‍ ചോദിച്ചു. ‘എപ്പോ വന്നു? വീട്ടുകാരൊക്കെ എവിടെ? എന്താണു് ഒറ്റയ്ക്കു നില്ക്കുന്നതു്?’ അവസാനം ഞാന്‍ അമ്മയോടു തിരിച്ചു് ഒരു ചോദ്യം ചോദിച്ചു, ”അമ്മേ, ഞാനും സ്റ്റേജിലേക്കു വന്നോട്ടെ?” ഉടന്‍ വന്നു ഉത്തരം ”വേണ്ട”. ബ്രഹ്മചാരികളോ, ബ്രഹ്മചാരിണികളോ ശ്രദ്ധയില്ലാതെ തെറ്റു വരുത്തിയാല്‍ അമ്മ അവരെ വഴക്കു പറയും. അതു കണ്ടാല്‍ എനിക്കു വിഷമമായേക്കും എന്നായിരുന്നു അമ്മയുടെ വിശദീകരണം. നിരാശയോടെ ഞാന്‍ തിരിച്ചുനടന്നു.

ഒരു കൂട്ടം ഭക്തര്‍ അമ്മയുടെ പിറകേ സ്റ്റേജിലേക്കു കയറുന്നുണ്ടായിരുന്നു, അവര്‍ ഭജന പാടാന്‍ പോകുന്നവരല്ലെന്നു് എനിക്കു മനസ്സിലായി. എനിക്കു വളരെ വിഷമം തോന്നി. ഞാന്‍ അമ്മയോടു സംസാരിക്കുന്നതു കണ്ട ചിലര്‍ എന്നോടു സഹതപിക്കുന്നുണ്ടായിരുന്നു. മറ്റു ചിലര്‍ എന്നോടു സ്റ്റേജിലേക്കു പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. അമ്മ എന്നെ റെക്കോഡിങ് കാണാന്‍ അനുവദിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, ‘എത്ര പേരാണു് അമ്മയുടെ പിറകെ പോകുന്നതു്. അവരൊന്നും അമ്മയോടു സമ്മതം വാങ്ങിച്ചിട്ടില്ല. നിങ്ങള്‍ പോയ്‌ക്കോളൂ.’ ഞാനവരോടു പറഞ്ഞു, അമ്മയോടു സമ്മതം ചോദിച്ചില്ലായിരുന്നുവെങ്കില്‍ ഞാനും പോകുമായിരുന്നു എന്നു്. പക്ഷേ, ഇപ്പോള്‍ അമ്മതന്നെ എന്നെ വിലക്കിയിരിക്കുന്നു. ഇനി ഞാനെങ്ങനെ പോകും? അമ്മയോടു സമ്മതം ചോദിക്കേണ്ടായിരുന്നു എന്നുപോലും എനിക്കു തോന്നി.

വീണ്ടും മുഖം വീര്‍പ്പിച്ചുകൊണ്ടു ഞാനെൻ്റെ മുറിയിലേക്കു നടന്നു. അനേകം ദുഷിച്ച ചിന്തകള്‍ മനസ്സിലേക്കു കയറിവന്നു. ദേഷ്യവും നിരാശയും അസൂയയും എന്നോടുതന്നെ സഹതാപവും എല്ലാംകൊണ്ടു് എൻ്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്നാല്‍ ലിഫ്റ്റു കാത്തുനില്ക്കുമ്പോള്‍ എൻ്റെ മനസ്സു് മാറാന്‍ തുടങ്ങി. അമ്മ അല്പം മുന്‍പു് എന്നോടു് എത്രമാത്രം സ്നേഹം കാണിച്ചു എന്നു ഞാന്‍ ചിന്തിച്ചു. സ്റ്റേജിലേക്കു കയറാന്‍ തുടങ്ങിയ അമ്മ എന്നെ കണ്ടപ്പോള്‍ തിരിഞ്ഞു് എൻ്റെ അടുത്തേക്കു് ഇറങ്ങി വരികയായിരുന്നു. ഇങ്ങോട്ടു വന്നു് അമ്മ എന്നെ കെട്ടിപ്പിടിക്കുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. അമ്മയുടെ ആ അനുഗ്രഹം ഓര്‍ത്തു് എനിക്കു് ആനന്ദിക്കാവുന്നതേയുള്ളൂ. അതിനു പകരം ഞാന്‍ എനിക്കെന്തു കിട്ടിയില്ല എന്നോര്‍ത്തു ദുഃഖിക്കുന്നു; മറ്റുള്ളവര്‍ക്കു് എന്തു കിട്ടി എന്നോര്‍ത്തു് അസൂയപ്പെടുന്നു. നമുക്കെല്ലാം പറ്റുന്ന അബദ്ധമാണിതു്.

ഈശ്വരന്‍ തരുന്ന അനുഗ്രഹങ്ങള്‍ കാണാതെ, മറ്റുള്ളവര്‍ക്കു് എന്തു കിട്ടി എന്നോര്‍ത്തു് ഉരുകുന്നു. ഈ ചിന്തകള്‍ വന്ന ഉടനെ ഞാന്‍ കിട്ടിയതെല്ലാം സ്വീകരിക്കാനും കിട്ടാത്തതിനെക്കുറിച്ചു ചിന്തിക്കാതിരിക്കാനും തീരുമാനിച്ചു. എല്ലാം വിട്ടുകൊടുക്കാന്‍ തിരുമാനിച്ചപ്പോള്‍തന്നെ എൻ്റെ മനസ്സു് സ്വസ്ഥമാകാന്‍ തുടങ്ങി. എന്നെ വന്നു മൂടാന്‍ തുടങ്ങിയിരുന്ന ഇരുളൊക്കെ മാഞ്ഞതുപോലെ. സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഹൃദയവും ഉന്മേഷം നിറഞ്ഞ ശരീരവുമായാണു ഞാന്‍ മുറിയിലേക്കു കയറിയതു്. പിറ്റേദിവസം അര്‍ച്ചനയ്ക്കു പോകാന്‍വേണ്ടി അലാറവും വച്ചു ഞാന്‍ കിടക്കാന്‍ തയ്യാറായി.

പെട്ടെന്നു് എൻ്റെ പേരു് ഉച്ചത്തില്‍ വിളിച്ചുകൊണ്ടു മുറിയുടെ വാതിലിലാരോ ആഞ്ഞടിക്കുന്നു. വാതില്‍ തുറക്കാന്‍ ഞാന്‍ സംശയിച്ചു. എന്താണു കാര്യമെന്നു് അന്വേഷിച്ചപ്പോള്‍ അമ്മ എന്നെ വിളിക്കുന്നുണ്ടെന്നു് അദ്ദേഹം പറഞ്ഞു. ഞാന്‍ പെട്ടെന്നു വാതില്‍ തുറന്നു. എനിക്കു വിശ്വസിക്കാനായില്ല. വന്ന ആള്‍ തമാശ പറയുന്നതല്ല എന്നു മനസ്സിലായപ്പോള്‍ ഞാന്‍ വേഗം താഴേക്കെത്തി, സ്റ്റേജിലേക്കോടി.

അമ്മ അപ്പോഴും ഭജന പരിശീലിക്കുകയായിരുന്നു. അമ്മയും പാട്ടുകാരും ഒഴിച്ചു പിന്നെ ഒന്നോ രണ്ടോ പേര്‍ മാത്രമേ സ്റ്റേജിലുള്ളൂ. അമ്മയുടെ പിന്നാലെ സ്റ്റേജിലേക്കു വന്നവരൊക്കെ എവിടെയെന്നു ഞാന്‍ അടുത്തിരുന്ന ആളോടു ചോദിച്ചു. അദ്ദേഹത്തിൻ്റെ മറുപടി കേട്ടു ഞാന്‍ അതിശയിച്ചു പോയി. സ്റ്റേജില്‍ ഇരുന്ന ഉടനെ, റെക്കോര്‍ഡിങിനു സഹായിക്കുന്നവര്‍ മാത്രം ഇവിടെ ഇരുന്നാല്‍ മതി എന്നു് അമ്മ പറഞ്ഞുവത്രെ. പിന്നെ ആരോടോ എന്നെ വിളിച്ചുകൊണ്ടു വരാന്‍ പറഞ്ഞുപോലും. അമ്മ പറഞ്ഞതു് അക്ഷരം പ്രതി അനുസരിച്ചതിനും സംഭവിക്കുന്നതെല്ലാം പ്രസാദബുദ്ധിയോടെ സ്വീകരിക്കാന്‍ ശ്രമിച്ചതിനും കിട്ടിയ സമ്മാനമാണു് ഈ അനുഗ്രഹമെന്നു് എനിക്കു മനസ്സിലായി.

അന്നു പല ഭജനകളും അമ്മ പരിശീലിക്കുകയുണ്ടായി. പല ഭാഷകളിലുമുള്ള ഭജനകളുണ്ടായിരുന്നു. ഓരോ ഭാഷയുടെയും ഉച്ചാരണം ശരിയാകാന്‍ അമ്മ വളരെ ശ്രദ്ധിച്ചു് പലവട്ടം ആവര്‍ത്തിച്ചു് ഓരോരുത്തരെയും പഠിപ്പിക്കുന്നുണ്ടായിരുന്നു. അമ്മ എത്ര ശ്രദ്ധയോടെയാണു് ഓരോ കാര്യങ്ങളും ചെയ്യുന്നതു് എന്നു ഞാന്‍ അദ്ഭുതപ്പെട്ടു. ‘ഖോല്‍ ദര്‍വാസാ’ എന്ന ഭജനയായിരുന്നു അമ്മ ഏറ്റവും അവസാനം പാടിയതു്. ഇത്ര അടുത്തിരുന്നു് അമ്മയുടെ ഭജന കേട്ടപ്പോള്‍ സ്വര്‍ഗ്ഗത്തിലിരിക്കുന്നതു പോലെയാണു് എനിക്കു തോന്നിയതു്. ഭജന പരിശീലനം കഴിഞ്ഞു് അമ്മ എഴുന്നേറ്റപ്പോള്‍ എനിക്കു വാസ്തവത്തില്‍ സങ്കടമായി. മുറിയിലെത്തിയിട്ടും എനിക്കു് ഉറങ്ങാനേ കഴിഞ്ഞില്ല. ഒന്നു കിടക്കുകപോലും ചെയ്യാതെ ഉടന്‍തന്നെ കുളിച്ചു ഞാന്‍ അര്‍ച്ചനയ്ക്കു പോയി.

അമ്മയുടെ പ്രേമവും കാരുണ്യവും ഹൃദയത്തില്‍ നിറച്ചാണു ഞാന്‍ ഭാരതത്തില്‍നിന്നും തിരിച്ചതു്. മാസങ്ങള്‍ കടന്നുപോയി. അമ്മ വീണ്ടും അമേരിക്കൻ പര്യടനത്തിനു് എത്തി. അത്തവണ ലോസ് ആഞ്ചലസിലാണു ഞാന്‍ അമ്മയുടെ ദര്‍ശനത്തിനു പോയതു്. ആദ്യദിവസംതന്നെ ‘ഖോല്‍ ദര്‍വാസാ’ എന്ന ഭജന പാടണമെന്നു ഞാന്‍ അമ്മയോടു് പറഞ്ഞു. എൻ്റെ പ്രാര്‍ത്ഥന അമ്മ കേള്‍ക്കും എന്നെനിക്കു് ഉറപ്പായിരുന്നു. പിന്നെ എന്നും ഭജന സമയത്തു ഞാന്‍ പ്രതീക്ഷയോടെ ഇരുപ്പായി, എൻ്റെ അപേക്ഷയനുസരിച്ചു് അമ്മ ‘ഖോല്‍ ദര്‍വാസാ’ പാടുന്നതു കേള്‍ക്കാന്‍. എന്നാല്‍ അമ്മ ഒരിക്കലും അതു പാടിയില്ല.

ലോസ് ആഞ്ചലസിലെ പ്രോഗ്രാം കഴിഞ്ഞു ഞാനും ഭര്‍ത്താവും മകളും വീട്ടിലേക്കു തിരിച്ചു. എൻ്റെ മകന്‍ അമ്മയുടെ സംഘത്തിൻ്റെ കൂടെ അടുത്ത പ്രോഗ്രാം സ്ഥലത്തേക്കു പോയി. കൂടെ പോകാന്‍ സാധിക്കാത്തതില്‍ എനിക്കും ഭര്‍ത്താവിനും വലിയ വിഷമമുണ്ടായിരുന്നു. പലപ്പോഴും ഞങ്ങള്‍ അമ്മയുടെ ദര്‍ശനവും ഭജനകളും ഓര്‍ത്തു് ഉറക്കം വരാതെ കിടന്നു.

ഒരു ദിവസം വെളുപ്പിനു നാലു മണിയായിക്കാണും. ഫോണ്‍ ബെല്ലടിച്ചു. എടുത്തപ്പോള്‍ മകനാണു്; ഫോണിലൂടെ അമ്മയുടെ ഭജന കേള്‍ക്കാം. അമ്മ ‘ഖോല്‍ ദര്‍വാസാ’ പാടുകയാണു്. എൻ്റെ കണ്ണു നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഞാന്‍ മനസ്സില്‍ പറഞ്ഞു, ‘അമ്മേ, ലോസ് ആഞ്ചലസില്‍ വച്ചു് ഇതു പാടാന്‍ ഞാന്‍ അപേക്ഷിച്ചതല്ലേ? അമ്മ പാടിയില്ല. ഇപ്പോള്‍ അമ്മ പാടുന്നു. ഇതു കേള്‍ക്കാന്‍ ഞാനവിടെ ഇല്ലല്ലോ. ഇതു ശരിയായില്ല അമ്മേ.’ അമ്മയോടു് ഇങ്ങനെ പരിഭവപ്പെട്ടതും ഫോണ്‍ നിശ്ശബ്ദമായി. എനിക്കു പരിഭ്രാന്തിയായി. ‘അമ്മേ, അമ്മേ, അമ്മേ’ ഞാന്‍ യാചിച്ചു, ‘ഇപ്പോഴെങ്കിലും അമ്മ പാടിയല്ലോ. എനിക്കു ഫോണില്‍ കേട്ടാലും മതി. എനിക്കു് അമ്മയുടെ ശബ്ദം കേട്ടാല്‍ മതി. പ്ലീസ്…’ അതാ ഫോണ്‍ വീണ്ടും ബെല്ലടിക്കുന്നു. എനിക്കു സന്തോഷമായി. ഫോണില്‍ മകൻ്റെ പതിഞ്ഞ സ്വരം, ”അമ്മേ, ഒന്നും പറയണ്ട, കേട്ടാല്‍ മതി.” ഒരക്ഷരം ശബ്ദിക്കാതെ ഞാന്‍ കേട്ടു കൊണ്ടിരുന്നു. ഭര്‍ത്താവും ഞാനും ഭജന കേട്ടുകൊണ്ടിരിക്കെ, ആ ഹാളിലെ അന്തരീക്ഷം പ്രകമ്പനം കൊള്ളുന്നതു ഞങ്ങള്‍ക്കു് അനുഭവിക്കാന്‍ കഴിഞ്ഞു. ഞാന്‍ ആനന്ദമത്തയായി.

അല്പം മുന്‍പു ദേഷ്യവും അസൂയയും പൂണ്ട ഞാന്‍ ഇപ്പോള്‍ ആനന്ദത്തിലും ആഹ്ളാദത്തിലും മുങ്ങിയിരിക്കുന്നു. സാഹചര്യങ്ങള്‍ക്കു വഴങ്ങിക്കൊടുത്താല്‍ എത്ര എളുപ്പം നമുക്കു സന്തോഷം കണ്ടെത്താന്‍ കഴിയും! ആ ഭജനയുടെ അവസാനഭാഗമായ ‘ഷേരാവാലിയേ… ഓ…’ എന്നു നീട്ടി പാടിയപ്പോള്‍ എൻ്റെ ആനന്ദം ഉന്മത്താവസ്ഥയിലെത്തി. അവസാനം അമ്മ ഉച്ചത്തില്‍ ‘ജയ് മാതാദീ..’ പാടുന്നു. ഹാളിലുള്ളവര്‍ മുഴുവന്‍ ഏറ്റുപാടുന്നു. എല്ലാവരും ഭക്തിലഹരിയില്‍. ഭജന അവസാനിച്ചപ്പോള്‍ അമ്മ ഉച്ചത്തില്‍ വിളിച്ചു, ‘മാതാറാണീ കീ…’ ഹാളു മുഴുവന്‍ ‘ജയ്’ എന്ന വിളി മുഴങ്ങി. ദൂരെയിരുന്നു് അതു കേട്ടപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കു് ഇത്ര ആനന്ദം. അപ്പോള്‍ അവിടെയുള്ളവരുടെ സ്ഥിതിയെന്തായിരിക്കും. മകനോടു ഞാന്‍ ഫോണ്‍ വയ്ക്കരുതെന്നു പറഞ്ഞു. ഹാളിലുള്ളവരുടെ സന്തോഷപ്രകടനങ്ങള്‍ എനിക്കു കേള്‍ക്കണം, അതില്‍ പങ്കുചേരണം. അവന്‍ സമ്മതിച്ചു. ഭജന കഴിഞ്ഞു് അമ്മ വരുന്ന വഴിയില്‍ കാത്തുനില്ക്കുമ്പോഴും അവന്‍ ഫോണ്‍, എല്ലാ ശബ്ദങ്ങളും എനിക്കു കേള്‍ക്കാന്‍ പാകത്തിനു് ഉയര്‍ത്തിപ്പിടിച്ചിരുന്നു.

‘അമ്മ വരുന്നു! അമ്മ വരുന്നു!’ അവിടെ നില്ക്കുന്നവരുടെ ആവേശം അടക്കിപ്പിടിച്ച ആ ശബ്ദങ്ങളിലുണ്ടായിരുന്നു. പിന്നെ ഫോണില്‍ ഞാന്‍ കേട്ടതു മുഴക്കമുള്ള ആ സ്വരമാണു്. എൻ്റെ ആത്മാവില്‍ ഞാന്‍ എത്രയും ഓമനിക്കുന്ന ആ സ്വരം! ഇതെഴുതുമ്പോള്‍, ഇപ്പോഴും എൻ്റെ കണ്ണുകള്‍ നിറയുകയാണു്. ”എടാ നിൻ്റെ അമ്മയ്ക്കു വേണ്ടിയാണെടാ ഇന്നു ഞാന്‍ പാടിയതു്.”

അമ്മ! എൻ്റെ അമ്മ!

”നിൻ്റെ അമ്മ ലോസ് ആഞ്ചലസില്‍വച്ചു് ഈ ഭജന പാടണമെന്നു പറഞ്ഞു. എന്നാല്‍ സ്വാമിമാര്‍ക്കു കുറച്ചുകൂടി ആ ഭജന പരിശീലിക്കണമായിരുന്നു. അതു കൊണ്ടു് അവിടെവച്ചു് എനിക്കിതു പാടാന്‍ കഴിഞ്ഞില്ല. ഇവിടെ ഇതു പാടുമ്പോള്‍ മുഴുവന്‍ ഞാന്‍ അവളെ ഓര്‍ക്കുകയായിരുന്നു.” പെട്ടെന്നു് അമ്മയുടെ ശബ്ദം മാറി. ഒരുപക്ഷേ, മകന്‍ ഫോണ്‍ കാണിച്ചു കൊടുത്തിട്ടുണ്ടാകും. ”ഓ മോളാണോ ഫോണില്‍? അതിങ്ങു താ”. അമ്മ ഫോണില്‍ എന്നോടു സംസാരിക്കാന്‍ തുടങ്ങി. ”മോളേ, മോളു പറഞ്ഞിട്ടു് ഈ ഭജന പാടാന്‍ പറ്റാത്തതില്‍ അമ്മയ്ക്കു വളരെ വിഷമമുണ്ടു്. എന്നാലും മോളു കേട്ടല്ലോ അല്ലേ? മുഴുവനും കേട്ടോ? സന്തോഷമായോ? മോള്‍ക്കു് അമ്മയോടു പിണക്കമൊന്നുമില്ലല്ലോ?”

”അമ്മേ, അമ്മേ,” എന്നു വിളിച്ചു കരയുന്നതിനിടയില്‍ എനിക്കു് അമ്മയുടെ ചോദ്യങ്ങള്‍ക്കു് ഒന്നിനും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ”നമശ്ശിവായ അമ്മേ, നമശ്ശിവായ” എന്നു മാത്രം അവസാനം ഞാന്‍ പറഞ്ഞു.

ഓം ഭക്തലോകാഖിലാഭീഷ്ട
പൂരണ പ്രീണനേച്ഛവേ നമഃ!

എല്ലാ അഭീഷ്ടങ്ങളും നിവേറ്റിക്കൊടുത്തു ഭക്തലോകത്തെ സന്തോഷിപ്പിക്കാന്‍ ഇച്ഛിക്കുന്നവളേ, നിനക്കു നമസ്‌കാരം.

അമ്പലപ്പുഴ ഗോപകുമാര്‍

സ്വപ്‌നവും സ്വര്‍ഗ്ഗവും ഭൂമിയിലാണെന്ന
സത്യം പഠിപ്പിച്ചൊരമ്മ
സത്യസ്വരൂപിണിയായെന്‍ മനസ്സിൻ്റെ
പിച്ചകപ്പൂമലര്‍ത്തോപ്പില്‍
ഇന്നലെ രാത്രിയില്‍ വന്നിരുന്നാനന്ദ-
നന്ദകുമാരനോടൊപ്പം
ആ മലര്‍ത്തോപ്പിലെ പ്പൂമലര്‍ഛായയി-
ലമ്മതന്നങ്കത്തടത്തില്‍
ഓമനപൈതലായ് ബാലമുകുന്ദൻ്റെ
കോമളരൂപം ഞാന്‍ കണ്ടു
അമ്മയെടുത്തുമ്മവയ്ക്കുമക്കണ്ണൻ്റെ
കണ്ണില്‍ക്കവിള്‍പ്പൂത്തടത്തില്‍
വാരുറ്റവാര്‍മുടിച്ചാര്‍ത്തില്‍, മനോഹര
മായൊരാനെറ്റിത്തടത്തില്‍
ഉമ്മവച്ചുമ്മവച്ചുണ്ണിയെ കൊഞ്ചിച്ചു
കൊഞ്ചിച്ചു വാത്സല്യക്കണ്ണീര്‍
അമ്മതന്‍ കണ്ണില്‍നിന്നൂര്‍ന്നൂര്‍ന്നൊലിക്കുന്ന
തമ്മകന്‍ തൂത്തുതുടച്ചു്
പഞ്ചാരയുമ്മയ്ക്കു കല്ക്കണ്ടപാല്‍ച്ചിരി
സമ്മാനമായ് പകര്‍ന്നേകി.
ഈരേഴു പാരിനും നേരായൊരാസത്യ
നാരായണന്‍ മാതൃസ്വപ്‌നം
സത്യമാക്കീടുന്ന വിശ്വപ്രകൃതിതന്‍
നിത്യനിരാമയഭാവം
പൂത്തുലഞ്ഞമ്മയും കുഞ്ഞുമായെന്‍സ്വപ്‌ന
രഥ്യയിലിന്നലെക്കാണ്‍കെ,
അമ്മമാരെല്ലാരുമിങ്ങമൃതാനന്ദ-
സന്മയീദേവിയെപ്പോലെ…
ഉണ്ണിക്കിടാങ്ങളായ്ക്കാണ്മവരമ്പാടി-
കണ്ണനാമുണ്ണിയെപ്പോലെ…
ഉണ്ണികളാമാതൃവാത്സല്യതീര്‍ത്ഥത്തില്‍
മുങ്ങിക്കുളിച്ചു കരേറി
എന്തൊരലൗകികാനന്ദമാബന്ധത്തില്‍
സംഗീതസാന്ദ്രമായേതോ
ജന്മാന്തരത്തില്‍ നിന്നൊലിച്ചെത്തിയൊ-
രമ്മയശോദയെക്കണ്ടു…
കോലക്കുഴലു വിളിച്ചു നടക്കുന്ന
ഗോപകുമാരനെക്കണ്ടു.
ശീലക്കേടോരോന്നു കാട്ടി നടക്കുന്ന
കോടക്കാര്‍വര്‍ണ്ണനെക്കണ്ടു.
പൂതനാരാതിതന്നദ്ഭുതലീലകള്‍
ഓരോന്നായുള്‍ക്കണ്ണില്‍ കണ്ടു
കാളിയദര്‍പ്പമടക്കിയ കണ്ണൻ്റെ
കാല്‍ത്തള ശിഞ്ജിതം കേട്ടു
കാതരഗോപികാമാനസച്ചോരൻ്റെ
കന്നത്തമൊക്കെയും കണ്ടു
മണ്ണുവാരിത്തിന്നതെന്തിനെന്നാരാഞ്ഞൊ-
രമ്മ ചൊടിക്കുന്ന കണ്ടു
തിണ്ണമാ,വായ്മലര്‍ കണ്ണന്‍ തുറന്നപ്പോ-
ളമ്മതന്‍ വിഭ്രമം കണ്ടു
വിഭ്രമം കണ്ടു ചിരിച്ചുണ്ണിയമ്മതന്‍
ചിത്തം കുളിര്‍പ്പിച്ചു നിലേ്ക്ക
വാരിയെടുത്തുമ്മവയ്ക്കുമാക്കണ്ണൻ്റെ
ചോരിവായ്‌ക്കെന്തൊരു ചന്തം!
എന്തെല്ലാമെന്തെല്ലാമിങ്ങനെയാബാല
നന്ദകുമാരകഥകള്‍…
ഇന്നെല്ലാമോര്‍ക്കുവാനോര്‍മ്മിപ്പിച്ചീടുവാന്‍
വന്നമൃതേശ്വരി അമ്മ.
അമ്മതന്‍ വാത്സല്യത്തേനൊഴുക്കില്‍ നമ്മള്‍
നിര്‍മ്മായം മുങ്ങി നില്ക്കുമ്പോള്‍
എന്തൊരലൗകികാനന്ദമാണാപാദ
ചെന്താരില്‍ വീണു കൈകൂപ്പാം…

ഒരിക്കൽ ഒരു ബ്രഹ്മചാരി അമ്മയോടു ചോദിച്ചു, “എന്തെങ്കിലും അല്പം സിദ്ധികിട്ടിയാൽക്കൂടി, ‘ഞാൻ ബ്രഹ്മം’ എന്നു പറഞ്ഞു നടക്കുവാനും, ശിഷ്യരെക്കൂട്ടുവാനും ശ്രമിക്കുന്നവരാണധികവും. അവരുടെ വാക്കിൽ ജനം വിശ്വാസമർപ്പിക്കുകയുംചെയ്യുന്നു. അങ്ങനെയുള്ള ഇക്കാലത്തു്, അമ്മ എന്തുകൊണ്ടു് ‘ഞാനൊന്നുമല്ല’ എന്നുപറഞ്ഞു മക്കളെ കബളിപ്പിക്കുന്നു!”

ഇതിനുത്തരമായി അമ്മ പറഞ്ഞു, ”ഇന്നിവിടെ താമസിക്കുന്ന ബ്രഹ്മചാരികൾ നാളെ ലോകത്തിലേക്കിറങ്ങേണ്ടവരാണ്. ലോകത്തിനു മാതൃകയാകേണ്ടവരാണ്. അമ്മയുടെ ഒരോ വാക്കും പ്രവൃത്തിയും കണ്ടാണു് ഇവിടുള്ളവർ പഠിക്കുന്നത്. അമ്മയുടെ വാക്കിൽ, പ്രവൃത്തിയിൽ അല്പം അഹങ്കാരം ഇരുന്നാൽ നിങ്ങളിൽ അതു പത്തിരട്ടിയായി വളരും. ‘അമ്മയ്ക്കങ്ങനെയാകാമെങ്കിൽ, എനിക്കെന്തുകൊണ്ടായിക്കൂടാ’ എന്നു നിങ്ങൾ ചിന്തിക്കും. അതു ലോകത്തിനു ഉപദ്രവമായിത്തീരും.

നിങ്ങളുടെകൂടെ നീങ്ങാൻ അമ്മ എത്ര ബുദ്ധിമുട്ടുന്നുണ്ടെന്നു നിങ്ങൾക്കറിയാമോ? ഒരച്ഛൻ കൊച്ചുകുഞ്ഞിൻ്റെ കൂടെ പിച്ചവച്ചു നടക്കാൻ എത്ര പാടുപെടുന്നു? അതു് അദ്ദേഹത്തിനുവേണ്ടിയല്ല. അങ്ങനെ നടന്നാലേ കുട്ടിക്കൊപ്പമെത്താൻ കഴിയൂ. ഈ വേഷം അമ്മയ്ക്കു വേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്. നിങ്ങളുടെ വളർച്ചയ്ക്കുവേണ്ടി മാത്രമാണ്.

കുട്ടിക്കു മഞ്ഞപിത്തം വന്നാൽ കുട്ടിയോടു സ്നേഹമുള്ള അമ്മമാർ വീട്ടിൽ എരിവും പുളിയും ഉപ്പും മറ്റും ചേർന്ന ആഹാരം വയ്ക്കില്ല. അവയൊക്കെ വീട്ടിൽനിന്നും മാറ്റിവയ്ക്കും. കാരണം കുട്ടി അവയൊക്കെ കണ്ടാൽ എടുത്തുകഴിക്കും. പഥ്യം തെറ്റിയാൽ ജ്വരമാകും, കുട്ടി മരിക്കും. കുട്ടിക്കു വേണ്ടി തള്ളയും എരിവും, പുളിയും ചേരാത്ത ഭക്ഷണം കഴിക്കും. തള്ളയ്ക്കു അസുഖമുണ്ടായിട്ടല്ല. കുട്ടിക്കുവേണ്ടി ആ ത്യാഗം സഹിക്കുകയാണ്.

ഇതുപോലെ അമ്മയുടെ ഇന്നത്തെ ഓരോ വാക്കും പ്രവൃത്തിയും നിങ്ങൾക്കു വേണ്ടിയാണ്. അമ്മ എന്തു ചെയ്യുമ്പോഴും നിങ്ങളുടെ വളർച്ചയാണു നോക്കുന്നത്. ഡോക്ടർ സിഗരറ്റു വലിക്കാത്ത ആളാണെങ്കിൽ മാത്രമേ, പുകവലിക്കരുതെന്നു പറയുമ്പോൾ രോഗിക്കു് അനുസരിക്കുവാൻ താത്പര്യമുണ്ടാകൂ. ഡോക്ടർ മദ്യപിക്കാത്ത ആളാണെങ്കിലേ, രോഗിക്കു മദ്യം ഉപേക്ഷിക്കുവാൻ പ്രേരണ കിട്ടൂ. അമ്മയുടെ ഓരോ പ്രവൃത്തിയും അമ്മയ്ക്കുവേണ്ടിയല്ല, ലോകത്തിനു വേണ്ടിയാണ്. നിങ്ങളുടെ ഉയർച്ചയ്ക്കുവേണ്ടിയാണ്.