27/09/2010, അമൃതപുരി

അമ്മ നടത്തുന്ന നിസ്സ്വാർത്ഥമായ സേവനപ്രവർത്തനങ്ങൾക്കു ഭാരതം അമ്മയോടു കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്‌വാൾ അഭിപ്രായപ്പെട്ടു. അമ്മ ജന്മംകൊണ്ടതു കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ അനുഗ്രഹമാണു്. അമ്മയുടെ ജീവിതവും ദർശനവും പ്രബോധനങ്ങളും ലോകത്തിലെ മനുഷ്യജീവിതത്തിന്റെ നിലനില്പുതന്നെയാണു ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. എപ്പോഴൊക്കെ പ്രകൃതിദുരന്തം ഉണ്ടായോ അവിടെയൊക്കെ അമ്മയുടെ സഹായഹസ്തമെത്തി. കഴിഞ്ഞ തവണ ഞാൻ അമ്മയെ കണ്ടതു സുനാമി വേളയിലായിരുന്നു. ഭക്ഷണവും, മരുന്നും, വീടു നഷ്ടപ്പെട്ടവർക്കു വീടും ഒക്കെയായി പതിനായിരങ്ങളുടെ കണ്ണീരൊപ്പാൻ അമ്മ ഓടിയെത്തി. ഈ നിസ്സ്വാർത്ഥ സേവനത്തിനു അമ്മയോടു രാജ്യം കടപ്പെട്ടിരിക്കുന്നു. അമ്മയുടെ ജന്മം നമ്മുടെ പുണ്യമാണു് മന്ത്രി പറഞ്ഞു.

വൈദികവൈജ്ഞാനിക ആദ്ധ്യാത്മിക താന്ത്രിക മേഖലകളിലെ പണ്ഡിത പ്രതിഭകളെ ആദരിക്കാൻ മഠം ഏർപ്പെടുത്തിയ അമൃതകീർത്തി പുരസ്‌കാരം കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ: എൻ.പി. ഉണ്ണിക്കു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അമൃതപുരി, 27/09/2010

ജഗത്ഗുരുശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ പിറന്നാളിനോടനുബന്ധിച്ച് നൽകുന്ന അമൃതകീർത്തി പുരസ്‌കാരത്തിന് കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എൻ. പി ഉണ്ണിയെ തിരഞ്ഞെടുത്തു. വൈദികവൈജ്ഞാനിക ആദ്ധ്യാത്മിക താന്ത്രിക മേഖലകളിലെ പണ്ഡിത പ്രതിഭകളെ ആദരിക്കാൻ മഠം ഏർപ്പെടുത്തിയ അമൃതകീർത്തി പുരസ്‌കാരം, അമ്മയുടെ 57-മത് ജന്മദിനത്തിൽ കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: എൻ.പി. ഉണ്ണിക്കു കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്‌വാൾ അമ്മയുടെ കൈകളിൽ നിന്ന് ഏറ്റുവാങ്ങി സമ്മാനിച്ചു.

‘ശേഷിച്ച ജീവിതം ആദ്ധ്യാത്മിക പുരോഗതിക്കായി സമർപ്പിക്കുകയാണെന്ന് വാഗ്ദാനം ചെയ്യുന്നു. അതിനായി അമ്മ വേണ്ടവിധം എന്നെ നയിക്കണം’ എന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി നന്ദിപ്രകാശിപ്പിച്ചുകൊണ്ട് ഡോ: ഉണ്ണി പറഞ്ഞു.

ആദ്ധ്യാത്മിക, ദാർശനിക, വൈജ്ഞാനിക സാഹിത്യത്തിന് സമഗ്ര സംഭാവനകൾ നൽകുന്നവർക്കാണ് അമൃതകീർത്തി പുരസ്‌കാരം നൽകുന്നത്. 123456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അമൃതകീർത്തി പുരസ്‌കാരം.

സംഭാവനകൾ

ഭാരതീയസംസ്‌കാരത്തിന്റെ അനഘരത്‌നഖനിയായ സംസ്‌കൃതത്തിന്റെ മുത്തുകളും രത്‌നങ്ങളും പാശ്ചാത്യസംസ്‌കൃതിക്കു പരിചിതമാക്കിയ ഡോ: ഉണ്ണി നാല്പതിലേറെ പ്രൗഡഗ്രന്ഥങ്ങളുടെ കർത്താവാണു്.

തന്ത്രപദ്ധതിയേക്കുറിച്ചും തന്ത്രത്തേക്കുറിച്ചും ഇംഗ്ലീഷിൽ രചിച്ച ഗ്രന്ഥം, കേരള തന്ത്രസാഹിത്യത്തിന്റെ ആംഗലേയ വിവർത്തനവും പഠനവും, ശങ്കരസ്മൃതി വിവർത്തനവും പഠനവും തുടങ്ങിയ ഗ്രന്ഥങ്ങൾ പൗര്യസ്ത്യ പാശ്ചാത്യ സംസ്‌കാരങ്ങളെ വിളക്കിചേർക്കുന്ന കണ്ണികളായി. കൗടില്യന്റെ അർഥശാസ്ത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും പഠനവും, മൂന്നോളം വാല്യങ്ങളായി പ്രസിദ്ധീകരിച്ച അർഥശാസ്ത്രവ്യാഖ്യാനം എന്നിവ ഇംഗ്ലീഷിൽ പുറത്തിറങ്ങിയ ഗ്രന്ഥങ്ങളിൽ ഏറെ ആദരവ് പിടിച്ചുപറ്റി.

കാളിദാസന്റെ സമ്പൂർണ്ണ കൃതികൾ ആംഗലേയ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഡോ. ഉണ്ണി, മലയാളഭാഷയിലും ഈടുറ്റ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗണേശപുരാണം (മലയാളപരിഭാഷ), 108 ഉപനിഷത്തുകളുടെ മലയാളപരിഭാഷ, ശ്രീമദ് ദേവീഭാഗവതം (ടിപ്പണിയോടുകൂടി), 70ഓളം പുരാണങ്ങളുടെ സംക്ഷിപ്ത വിവരണമായ പുരാണസർവ്വസ്വം തുടങ്ങിയവ അതിൽ ചിലതുമാത്രം.

വിവിധ സർവകലാശാലകളിൽ ഡോ.ഉണ്ണി വിസിറ്റിംഗ് പ്രൊഫസറായും 12ഓളം സർവകലാശാലകളിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് മാർഗ്ഗദർശകനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഭാരതീയ സംസ്‌കൃതിയെക്കുറിച്ചുള്ള 150ഓളം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 40 വർഷത്തെ അദ്ധ്യാപന രംഗത്തെ സേവനത്തിനിടയിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഡോ. ഉണ്ണി സംസ്‌കൃതഭാഷ പകർന്നുനൽകി.

ജീവിതം

ശ്രീ വല്ലഭന്റെ (തിരുവല്ല) തിരുമുറ്റത്തുനിന്നും ശ്രീ പത്മനാഭ സന്നിധിയിലേയ്ക്കുള്ള (തിരുവനന്തപുരം) യാത്രയിൽ ഡോ. എൻ.പി.ഉണ്ണിയ്ക്ക് സൂര്യ തേജസ്സായി വഴികാട്ടിയത് സംസ്‌കൃതഭാഷ മാത്രമായിരുന്നു. സംസ്‌കൃതത്തിന്റെ കൈപിടിച്ച് പ്രകാശത്തിലേക്ക് നടന്നപ്പോൾ പടിഞ്ഞാറൻ നാടുകൾക്ക് ദേവനാഗരിക ഭാഷയുടെ സത്തയും സൗന്ദര്യവും പകർന്നു നൽകാൻ അദ്ദേഹത്തിനു സാധിച്ചു.

1936 ജനവരി 26ന് തിരുവല്ലയിലാണ് അദ്ദേഹം ജനിച്ചത്. 1958ൽ സംസ്‌കൃതം ബി.ഏ. ഓണേഴ്‌സ് പാസ്സാവുന്നത് സ്വർണ്ണ തിളക്കത്തോടെ ഒന്നാം റാങ്ക് നേടിയാണ്. 1972ൽ കേരള സർവ്വകലാശാലയിൽ സംസ്‌കൃതം റീഡറായി. 80മുതൽ 96വരെ അവിടെ സംസ്‌കൃത വിഭാഗം മേധാവിയായി സേവനം അനുഷ്ഠിച്ചു. ശ്രീശങ്കരന്റെ പാദമുദ്ര പതിഞ്ഞ കാലടിയിലെ സംസ്‌കൃത സർവ്വകലാശാലയുടെ മുഴുവൻസമയ വൈസ്ചാർസിലറായി 96മുതൽ 2000വരെ സേവനം അനുഷ്ഠിച്ചു.

അമൃതപുരി, സെപ്തംബർ 22,

സംസ്ഥാന ഗവൺമെന്റുകളുടെയും മറ്റു സംഘടനകളുടെയും പിന്തുണയും സഹകരണവുമുണ്ടെങ്കിൽ ഭാരതത്തിലുടനീളമുള്ള സ്‌കൂളുകളുടെയും പൊതുസ്ഥലങ്ങളുടെയും ശുചീകരണം ഏറ്റെടുക്കാൻ മഠം തയ്യാറാണെന്നു് അമ്മ പറഞ്ഞു. ‘ഭാരതം വളരുന്നു, വികസിക്കുന്നു എന്നാണു പറയുന്നതു്. പക്ഷേ, പരിസരവൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തിൽ നമ്മൾ ഇപ്പോഴും നൂറ്റാണ്ടുകൾ പിന്നിലാണു്. നമ്മുടെ റോഡുകളുടെയും പൊതുസ്ഥലങ്ങളിലെ കുളിമുറികളുടെയും കക്കൂസുകളുടെയും വൃത്തിയില്ലായ്മ അതിനു തെളിവാണു്’ അമ്മ പറഞ്ഞു.

വിദേശരാജ്യങ്ങളിൽ റോഡുകളും പൊതുസ്ഥലങ്ങളും പബ്ലിക് ബാത്ത്‌റൂമുകളും ടോയ്‌ലറ്റുകളും അവർ പരമാവധി വൃത്തിയായിട്ടാണു സൂക്ഷിക്കുന്നതു്. അതു കാണുമ്പോൾ ഭാരതത്തിലെ നിരത്തുകളുടെയും പബ്ലിക് ടോയ്‌ലറ്റുകളുടെയും ശോചനീയാവസ്ഥയെക്കുറിച്ചു ദുഃഖം തോന്നാറുണ്ടു്. വഴിവക്കിൽനിന്നു മൂത്രമൊഴിക്കുന്നതും പൊതുനിരത്തിലും നടപ്പാതകളിലും തുപ്പുന്നതും ഇന്നും നമ്മുടെ നാട്ടിലെ ജനങ്ങളുടെ ശീലങ്ങളാണു്. ചവറ്റുകൊട്ടകൾ വച്ചിട്ടുണ്ടെങ്കിലും ചപ്പുംചവറും അവശിഷ്ടങ്ങളും അതിൽ നിക്ഷേപിക്കുന്ന ശീലവും നമുക്കില്ല. അതു നടുറോഡിലോ വഴിവക്കിലോ വലിച്ചെറിയും.

പരിസരവൃത്തി ശുചിത്വം ഇവ വികാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണു്. ഇതു നടപ്പാക്കാൻ നല്ല തോതിൽ ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യണം. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റാൻഡുകളിലും റോഡിന്റെ വശങ്ങളിലും പരിസരവൃത്തിയെ കുറിച്ചോർമ്മിപ്പിക്കുന്ന സൂചനാഫലകങ്ങൾ ആവശ്യത്തിനു വയ്ക്കണം. ടി.വി., പത്രമാധ്യമങ്ങളുടെ ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഇതിന്റെ വിജയത്തിലേക്കു് ആവശ്യമാണെന്നും അമ്മ പറഞ്ഞു.

സംസ്ഥാന സർക്കാരുകളും സ്‌കൂൾ മാനേജ്‌മെന്റുകളും നാട്ടുകാരും സഹകരിച്ചാൽ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും പബ്ലിക് ടോയ്‌ലറ്റുകൾ നിർമ്മിക്കാൻ മാതാ അമൃതാനന്ദമയീ മഠം തയ്യാറാണെന്നു് അമ്മ അറിയിച്ചു.

കൃത്യമായി രൂപരേഖ തയ്യാറാക്കി വേണ്ടപോലെ ആസൂത്രണം ചെയ്തു്, വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടിയായിരിക്കും ഈ പദ്ധതി നടപ്പാക്കുക. കേരളത്തിലായിരിക്കും ഈ പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുക. ക്രമേണ മറ്റു ഭാരത സംസ്ഥാനങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും.

26-09-2009, അമൃതപുരി
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ശ്രീ മാതാ അമൃതാനന്ദമയി ദേവി വിഭാവനം ചെയ്ത ‘വിദ്യാമൃതം’ 2007 സെപ്റ്റംബറിലാണ് ആരംഭിച്ചത്. കേരളം, മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുട്ടികളും ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുട്ടികളും ഈ പദ്ധതിയുടെ ഗുണ ഭോക്താക്കളായി.

വിദ്യാമൃതം വിദ്യാസഹായ നിധി ലഭിക്കുന്ന കുട്ടികളുടെ സംഗമം ‘വിദ്യാമൃത സംഗമം 2009’ സെപ്റ്റംബര്‍ 25, 26 തിയ്യതികളില്‍ അമൃതപുരിയില്‍ നടന്നു. വിദ്യാമൃത ഗുണഭോക്താക്കള്‍ക്കായി വിവിധ ജില്ലകളില്‍ നടന്ന മത്സരങ്ങളുടെ അവസാന ഘട്ടം അമൃതപുരിയില്‍ നടന്നു.

അമൃതവിശ്വവിദ്യാപീഠം അങ്കണത്തില്‍ തയ്യാറാക്കിയ പ്രൗഢഗംഭീരമായ പന്തലിലാണ് ചടങ്ങുകള്‍ നടന്നത്. കൃത്യം 4.30ന് അമ്മയ്‌ക്കൊപ്പം എത്തിയ വിശിഷ്ട അതിഥികളെ വിവിധ നിറങ്ങളിലുള്ള റിബണ്‍ വീശി കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഭദ്രദീപം കൊളുത്തി ബഹു. കേരള ഗവര്‍ണര്‍ ആര്‍. എസ് ഗവായ് വിദ്യാമൃത സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, ഭരത് മോഹന്‍ലാല്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ജഗത്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ മഹനീയ സാന്നിധ്യം അനുഗ്രഹവര്‍ഷമായി. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗത വചനം അരുളി. ‘ത്യാഗത്തിന് മറുവാക്കായി കാരുണ്യത്തെ വളര്‍ത്തിയെടുക്കുകയല്ല അമ്മ ചെയ്യുന്നത്. സ്വന്തം കണ്‍കോണുകളിലെ മിഴിനീര്‍ തുടയ്ക്കുന്നതുപോലെയാണ് അമ്മ മറ്റുള്ളവരുടെ വേദനകളും സങ്കടങ്ങളും ഏറ്റെടുക്കുന്നത്’. അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രം സ്വാമി ചെറിയ വാക്കുകളില്‍ വരച്ചുകാട്ടി.

മാതാ അമൃതാനന്ദമയി മഠം നല്‍കിയ പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് എത്തിയ പതിനായിരക്കണക്കിന് കുട്ടികള്‍ ആഹ്ലാദത്തിന്റെ തിരകള്‍ ഉണര്‍ത്തി. വിദ്യാമൃതത്തിന്റെ പുതിയ ഗുണഭോക്താക്കളെ പ്രതിനിധീകരിച്ച് അന്‍പത് കുട്ടികള്‍ക്ക് ബഹു. മന്ത്രി വയലാര്‍ രവി, ഭരത് മോഹന്‍ലാല്‍ എന്നിവര്‍ വിദ്യാ സഹായധനം വിതരണം ചെയ്തു.

അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് വിലപ്പെട്ടതാണെന്ന് ശ്രീ വയലാര്‍ രവി ചൂണ്ടിക്കാട്ടി. മണ്‍മറഞ്ഞ തന്റെ പത്‌നിയ്ക്ക് അമ്മയോടുണ്ടായിരുന്ന ആദരവും ബഹുമാനവും അദ്ദേഹം അനുസ്മരിച്ചു. വിദ്യാമൃത സഹായനിധി വിതരണം ചെയ്തുകൊണ്ട് പ്രശസ്ത ചലചിത്ര താരം ഭരത് മോഹന്‍ലാല്‍ തുടര്‍ന്ന് സംസാരിച്ചു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കായി അമ്മ നടത്തുന്ന നിസ്തുല സേവനങ്ങള്‍ എല്ലാവരും മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാമൃത ഗുണഭോക്താക്കൾക്കായി സംസ്ഥാനതലത്തിൽ നടത്തിയ മത്സരങ്ങളിൽ ഒന്നാം സമ്മാനാർഹരായവർക്ക് ബഹു. ഗവർണർ ആർ എസ് ഗവായ് സമ്മാനങ്ങൾ നൽകി. അമ്മയുടെ ജീവകാരുണ്യ പ്രവർത്തനമായ വിദ്യാമൃതം പദ്ധതിയുടെ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ തന്റെ ജന്മസ്ഥലമായ വിദർഭയിൽ നിന്നാണ് എന്ന് നന്ദിപൂർവ്വം സ്മരിച്ചു. വിദർഭയുടെ നൊമ്പരങ്ങൾ അകറ്റാൻ അമ്മ നടത്തുന്ന ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കരുണയുടെ നറും നിലാവായ അമ്മ ‘ലോകാ: സമസ്താ: സുഖിനോ ഭവന്തു’ എന്ന ശാന്തിമന്ത്രം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പങ്കെടുത്തിരുന്ന പതിനായിരങ്ങൾ ഇതേറ്റു ചൊല്ലിയപ്പോൾ ലോക ശാന്തിയ്ക്കുള്ള അമ്മയുടെ മറ്റൊരു ശ്രമംകൂടി പൂവിടുന്നത് കാണാൻ സാധിച്ചു. ദേശീയ ഗാനാലാപനത്തോടെ സമ്മേളനം പര്യവസാനിച്ചു.

സമ്മേളനാനന്തരം കുട്ടികൾ ഏറെക്കാത്തിരുന്ന നിമിഷം സമാഗതമായി. നവരാത്രിനാളിൽ തങ്ങൾക്ക് വിദ്യാസഹായനിധി നൽകിയ, പുത്തൻ വസ്ത്രം നൽകിയ അമ്മയുടെ അനുഗ്രഹവർഷത്തിനായി അവർ അമ്മയ്ക്ക് ചുറ്റും എത്തി. കുട്ടികളുമായി സംവദിക്കുന്ന അമ്മ വേറിട്ട കാഴ്ച്ചയായി. അമ്മ നേതൃത്വം നൽകിയ ഭജനയിൽ കുട്ടികൾ ഏറ്റുപാടി. തുടർന്ന് അമ്മയുടെ ദർശനവും ഉണ്ടായിരുന്നു.

ചോദ്യം: ശിവന്‍ ശ്മശാനത്തില്‍ വസിക്കുന്നു എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?

അമ്മ: മനുഷ്യന്റെ ദുഃഖത്തിനു കാരണം ആഗ്രഹമാണ്. താന്‍ പൂര്‍ണ്ണനല്ലെന്ന ചിന്തയാണു് ഓരോ ആഗ്രഹങ്ങള്‍ക്കും പിന്നാലെ മനസ്സു പായാന്‍ കാരണം. ഭൗതികനേട്ടങ്ങളില്‍ മാത്രം മനസ്സുവച്ചു അവ നേടിയെടുത്തതുകൊണ്ടു മാത്രം ഒരിക്കലും ഒരുവനു പൂര്‍ണ്ണശാന്തി നേടാനാവില്ല. മനുഷ്യന്റെ എല്ലാ ഭൗതികമോഹങ്ങളും അതിനുപാധിയായ ശരീരവും എരിഞ്ഞടങ്ങുന്ന സ്ഥലമാണു ശവപ്പറമ്പ്. അവിടെ ആനന്ദനൃത്തം ചവിട്ടുന്നവനാണ് ശിവന്‍. അതിനാലാണു ശിവനെ ചുടലവാസിയായി പറയുന്നത്. ഇതിനര്‍ത്ഥം മരണശേഷമാണു് ആനന്ദം എന്നല്ല. എല്ലാം നമ്മളില്‍ തന്നെയുണ്ട്, നമ്മളും പ്രപഞ്ചവും ഒന്നു തന്നെയാണ്, രണ്ടും ഒരുപോലെ പൂര്‍ണ്ണമാണ്. ജ്ഞാനാഗ്നിയില്‍ ദേഹത്തോടുള്ള അഭിനിവേശം ചാമ്പലാകുമ്പോള്‍ നമ്മളില്‍ സ്വാഭാവികമായി നിറയുന്നതാണു് ആനന്ദം. ശിവന്റെ അലങ്കാരം ചുടലഭസ്മമാണ്. കാമനകളെ ജയിച്ചതിന്റെ പ്രതീകമാണത്. ഭസ്മം നെറ്റിയിലണിയുമ്പോള്‍ ശരീരത്തിന് അതിന്റെ ഔഷധഗുണം ലഭിക്കുന്നതിനു പുറമെ മനസ്സിന് ശരീരത്തിന്റെ നശ്വരതയെപ്പറ്റിയുള്ള ഉണര്‍വ്വും ഉണ്ടാകുന്നു. ഈ ശരീരം വേഗം നശിക്കുമെന്നും, ശരീരം നശിക്കുന്നതിന് മുന്‍പ് നല്ലകാര്യങ്ങള്‍ എത്രയും വേഗം ചെയ്തു തീര്‍ക്കണമെന്നും ഓര്‍ക്കാന്‍ അതു നമുക്ക് പ്രേരണ തരുന്നു.

ശിവനെ വൈരാഗിയെന്നു വിളിക്കാറുണ്ട്. വൈരാഗ്യമെന്ന് കേള്‍ക്കുമ്പോള്‍ ലോകത്തോടുള്ള വെറുപ്പെന്ന് നമ്മള്‍ ധരിച്ചേക്കും. അങ്ങനെയല്ല അതിനര്‍ത്ഥം. ആസക്തി ഇല്ലാതിരിക്കുക എന്നാണതിനര്‍ത്ഥം. കുട്ടികള്‍ അവരുടെ കളിപ്പാട്ടങ്ങള്‍ക്കു കല്പിക്കുന്ന പ്രാധാന്യം മുതിര്‍ന്നവര്‍ക്ക് തോന്നുകയില്ലല്ലോ. അതുപോലെ സ്ഥാനമാനങ്ങള്‍ക്കും ദേഹസുഖത്തിനും ബന്ധുമിത്രാദികള്‍ക്കും മറ്റും അമിതമായ വില കല്പിക്കാതിരിക്കുന്നതാണു വൈരാഗ്യം. ശരിയായ വൈരാഗ്യം ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നാക്കിന്‍ തുമ്പത്തായിരിക്കും. നമ്മുടെ ജീവിതം മറ്റുള്ളവരുടെ കൈയിലെ കളിപ്പാവയായി മാറും. ശരിയായ സ്വാതന്ത്ര്യം നേടിത്തരുന്നത് വൈരാഗ്യമാണ്. വൈരാഗ്യമുണ്ടെങ്കില്‍ നമ്മളില്‍ സഹജമായുള്ള ആനന്ദത്തെ മറയ്ക്കാന്‍ ഒരു ലോകവസ്തുവിനും കഴിയില്ല. ഭസ്മഭൂഷിതനും ശ്മശാനവാസിയുമായ ശിവന്‍ ആ തത്ത്വമാണു നമ്മെ പഠിപ്പിക്കുന്നത്. അതിനാലാണു ശിവന്‍ ആദിഗുരുവായിരിക്കുന്നത്.