ഈശ്വരന്റെ സാന്നിദ്ധ്യവും ഈശ്വരകൃപയും ജനങ്ങള്‍ക്കു് അനുഭവിക്കാന്‍ കഴിയുന്നതു മഹാത്മാക്കളിലൂടെയാണ്. ആ സാമീപ്യത്തില്‍ അവര്‍ ഈശ്വരീയമായ ആനന്ദം നുകരുന്നു. അവരുടെ ഉപദേശങ്ങള്‍ ശ്രവിച്ചു് ജനങ്ങള്‍ പ്രബുദ്ധരാകുന്നു. മഹാത്മാക്കളുടെ ജീവിതവും കര്‍മ്മങ്ങളും സമൂഹത്തില്‍ ധര്‍മ്മവും സംസ്‌കാരവും വളര്‍ത്തുന്നു.
പരമാത്മതത്ത്വത്തെ മഞ്ഞുമലകള്‍ നിറഞ്ഞ ഹിമാലയപര്‍വ്വതത്തോടു് ഉപമിക്കാം. മഞ്ഞു്, വെള്ളം തന്നെയാണെങ്കിലും ജനങ്ങള്‍ക്കു കുടിക്കുവാനോ കുളിക്കുവാനോ അതു് ഉപകരിക്കുന്നില്ല. എന്നാല്‍ സൂര്യന്റെ ചൂടില്‍ ഹിമാലയത്തിലെ ആ മഞ്ഞുരുകി ഗംഗയായി ജനമദ്ധ്യത്തിലേക്കു് ഒഴുകിയെത്തുമ്പോള്‍ എല്ലാവര്‍ക്കും അതു് പ്രയോജനപ്പെടുന്നു. ചിലര്‍ ആ അമൃതജലം കുടിച്ചു ദാഹം ശമിപ്പിക്കുന്നു. ചിലര്‍ അതില്‍ കുളിക്കുന്നു. ചിലര്‍ അതില്‍ നീന്തിക്കളിച്ചു് ആസ്വദിക്കുന്നു. ഈ ഗംഗയെപ്പോലെയാണു മഹാത്മാക്കള്‍.
എനിക്കെന്തു നേടാം എന്നു ചിന്തിക്കുന്നതിലുപരി, എനിക്കെന്തു നല്കാന്‍ സാധിക്കും എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ചെയ്യുന്ന ഓരോ കര്‍മ്മവും ആനന്ദകരമാക്കി തീര്‍ക്കേണ്ടതു്, കര്‍മ്മത്തില്‍ ആനന്ദം നുകരേണ്ടതു്, നമ്മുടെ ആവശ്യമാണു്. എങ്ങനെയാണു് അതു സാധിക്കുക? കര്‍മ്മത്തില്‍ ബുദ്ധിയും ഹൃദയവും ഒന്നുചേരുമ്പോഴാണു് അതിന്റെ ശരിയായ ഫലം ലഭിക്കുന്നതു്. ഒരു തള്ളയ്ക്കു തന്റെ കുഞ്ഞിനെ നോക്കുകയെന്നതു ക്ഷീണമുണ്ടാക്കുന്ന ജോലിയല്ല. എന്നാല്‍ ആയയ്ക്കു് അതു് ആയാസമുള്ള അദ്ധ്വാനമാണു്. കര്‍മ്മമല്ല, അതിനോടുള്ള മനോഭാവമാണു നമുക്കു് ആനന്ദവും ദുഃഖവും നല്കുന്നതു്.
സാധാരണ നമ്മള്‍ കര്‍മ്മം ചെയ്യുന്നതു നമ്മുടെ സന്തോഷത്തിനു വേണ്ടിയാണു്. എന്നാല്‍, അതു മറ്റുള്ളവര്‍ക്കുകൂടി ആനന്ദകരമായിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഒരാളെ കൊല്ലുന്നതു്, കൊലയാളിക്കു സന്തോഷകരമാണെങ്കിലും, അതു മറ്റുള്ളവരുടെ ദുഃഖത്തിനു കാരണമാകുന്നു. അതിനാല്‍ അങ്ങനെയുള്ള കര്‍മ്മം കര്‍മ്മയോഗമാകുന്നില്ല. ഏതൊരു കര്‍മ്മവും അനുഷ്ഠിക്കുമ്പോള്‍ നമുക്കെന്തുനേടാം എന്നതിലുപരി മറ്റുള്ളവര്‍ക്കു് എന്തു നല്കാന്‍ കഴിയും എന്നുകൂടി ചിന്തിക്കേണ്ടതാണു്. അതാണു കര്‍മ്മയോഗം.

സംതൃപ്തിയാണു് ഏറ്റവും വലിയ ധനം. ലോകത്തിലെ ഏറ്റവും വലിയ ദരിദ്രനാണെങ്കിലും, സംതൃപ്തിയുണ്ടെങ്കില്‍ അവനാണു ധനികന്‍. ധനികനാണെങ്കിലും, സംതൃപ്തിയില്ലെങ്കില്‍ അവനാണു ദരിദ്രന്‍. അതിനാല്‍ ഉള്ളതില്‍ സംതൃപ്തിയടയാന്‍ ശ്രമിക്കുക.
ഒരേ അമ്മയുടെ വയറ്റില്‍നിന്നും പിറന്ന രണ്ടു കുട്ടികള്‍. ഒരാള്‍ കളക്ടറായി. മറ്റെയാള്‍ ക്ലര്‍ക്കുമായി. ക്ലര്‍ക്കായ ആള്‍, തനിക്കു ക്ലര്‍ക്കാകാനേ കഴിഞ്ഞുള്ളുവല്ലോ എന്നു ചിന്തിച്ചു വിഷമിച്ചാല്‍ വല്ല പ്രയോജനവുമുണ്ടോ? അതേസമയം ജോലി വേണ്ടവണ്ണം ശ്രദ്ധയോടെ ചെയ്താല്‍, പ്രമോഷന്‍ കിട്ടി നല്ല സ്ഥാനത്തേക്കുയരുവാന്‍ കഴിയും. മുകളിലേക്കു നോക്കാന്‍ പോയാല്‍ ദുഃഖമാണു്. തന്നെക്കാള്‍ താഴെ ജോലി ചെയ്യുന്ന എത്രയോ പേരുണ്ടു്. എന്തുകൊണ്ടു് അവരെക്കുറിച്ചു ചിന്തിച്ചു കൂടാ. വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ ഏതൊരു സാഹചര്യത്തിലും സംതൃപ്തി കണ്ടെത്താന്‍ കഴിയും. എങ്കിലേ നമുക്കു സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കൂ. വളരാന്‍ കഴിയൂ.
നമ്മുടെ ദുഃഖം മറ്റുള്ള പലരുടെയും ദുഃഖത്തെ അപേക്ഷിച്ചു് എത്രയോ നിസ്സാരമാണു്. ഇതു മനസ്സിലാക്കി ഇപ്പോഴുള്ള സാഹചര്യങ്ങളില്‍ സന്തോഷത്തോടെ ജീവിക്കുവാന്‍ നമുക്കു സാധിക്കണം.
ജീവിതത്തില്‍ ആനന്ദം നുകരുവാന്‍ ഇന്നു നമുക്കു് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതു്, നമ്മളെക്കുറിച്ചുതന്നെയുള്ള ചിന്തകളാണു്. തന്നെമറന്നു് അന്യരെ സ്‌നേഹിക്കുവാന്‍ ഇന്നു നമുക്കു കഴിയുന്നില്ല. തനിക്കു് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന ഭാവമാണു് ഇന്നുള്ളതു്. ഈ അഹങ്കാരം മാറാതെ ജീവിതാനന്ദം അനുഭവിക്കുവാന്‍ പറ്റുകയില്ല. കണ്ണില്ലാത്തവനെ പിന്നെയും നയിക്കാം; പ്രേമമുള്ള ഒരു ഹൃദയമുണ്ടെങ്കില്‍. എന്നാല്‍ ഹൃദയത്തിനു് അന്ധത ബാധിച്ചവനെ നയിക്കാന്‍ പ്രയാസമാണു്. അഹം ഉളവാക്കുന്ന അന്ധത നമ്മെ കൂരിരുട്ടിലേക്കു തള്ളും. ഈ അജ്ഞാനം കാരണം നാം ഉണര്‍ന്നിരുന്നാലും ഉറങ്ങുന്ന അവസ്ഥയിലാണു്. ഈ അഹങ്കാരത്തെ മറികടക്കുമ്പോള്‍ നാം സ്വയം ലോകത്തിനു് അര്‍പ്പണവസ്തുവായിത്തീരും. അഹങ്കാരത്തിന്റെ തിമിരം ബാധിച്ചവനു് ഒരിക്കലും ലോകത്തിന്റെ സൗന്ദര്യം നുകരുവാന്‍ കഴിയില്ല.
മനുഷ്യര്‍ തമ്മില്‍ ജനനംകൊണ്ടും ജീവിതസാഹചര്യങ്ങള്‍ കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നവരായിരിക്കാം. എന്നാല്‍ മരണം എല്ലാവര്‍ക്കും പൊതുവായുള്ളതാണു്. എന്നാല്‍ അഹങ്കാരത്തെ മറികടക്കുന്നവന്‍ മരണത്തിലും മരിക്കുന്നില്ല.
മക്കളേ, ഇന്നു നമ്മള്‍ അനേക കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു വിഷമിക്കുകയാണു്. കൈ മുറിഞ്ഞാല്‍ മുറിവു നോക്കിയിരുന്നു വിഷമിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ മുറിവുണങ്ങുകയില്ല. അതു സെപ്റ്റിക്കാകുകയേ ഉള്ളൂ. അതിനാല്‍ മുറിവു കഴുകി മരുന്നു വയ്ക്കുകയാണു വേണ്ടതു്. പല കാര്യങ്ങളെക്കുറിച്ചും ആവശ്യമില്ലാതെ ചിന്തിച്ചു മനസ്സിന്‍റെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക ഇന്നു നമ്മുടെ സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു. ടെന്‍ഷന്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും എത്രകണ്ടു് ഉലയ്ക്കുമെന്നു മക്കള്‍ മനസ്സിലാക്കണം. ടെന്‍ഷനാണു കൂടുതല്‍ രോഗങ്ങള്‍ക്കും കാരണമായിത്തീരുന്നതു്.

ഇതില്‍ നിന്നുമുള്ള മോചനം ശരണാഗതിയിലൂടെ മാത്രമേ സാദ്ധ്യമാകൂ. അവിടത്തോടുള്ള സമര്‍പ്പണം നമ്മുടെ എല്ലാ ഭാരങ്ങളും കുറച്ചുതരും. വാസ്തവത്തില്‍ കാര്യങ്ങള്‍ ഒന്നുംതന്നെയും നമ്മുടെ ഇച്ഛയ്ക്കനുസരിച്ചല്ല നടക്കുന്നതു്. അടുത്ത ശ്വാസംപോലും നമ്മോടൊപ്പം ഉണ്ടാകുമെന്നുള്ളതിന് യാതൊരു ഉറപ്പുമില്ല. അതിനാല്‍ എല്ലാം അവിടുത്തേക്കു സമര്‍പ്പിച്ചുകൊണ്ടു കര്‍മ്മം ചെയ്യുക എന്നതു മാത്രമാണു് നമുക്കു ചെയ്യുവാനുള്ളതു്. പക്ഷേ, ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഉണ്ടാകന്‍ പാടില്ല. അവിടുത്തെ ശക്തികൊണ്ടു കര്‍മ്മം ചെയ്യുന്നു എന്നുള്ള ഭാവമാണു വേണ്ടതു്. കര്‍മ്മം അവിടുത്തെ പൂജയായി കണ്ടു ചെയ്യണം. ഈ ഒരു സമര്‍പ്പണഭാവത്തെയാണു നമ്മള്‍ വളര്‍ത്തേണ്ടത്.
ഈശ്വരന്‍ സകലരുടെയും ഉള്ളല്‍ അന്തര്യാമിയായി വസിക്കുന്നുണ്ട്. അവിടുന്ന് ഓരോ നിമിഷവും നമ്മളോടു പ്രേമപുരസ്സരം മൃദുവായി സരളതയോടെ സംസാരിക്കുന്നുമുണ്ട്. പക്ഷേ, അതിനു ചെവി കൊടുക്കാനുള്ള ക്ഷമ നമുക്കില്ല. അതു കേള്‍ക്കാനുള്ള കാതും നമുക്കില്ല. അതിനാല്‍ വീണ്ടും വീണ്ടും നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നു. ദുഃഖം അനുഭവിക്കുന്നു. അവിടുത്തെ ആ വാക്കുകള്‍ കേള്‍ക്കുവാനും അനുസരിക്കുവാനുമുള്ള ശിഷ്യഭാവം നാം ഉണര്‍ത്തിയെടുക്കണം. എപ്പോള്‍ നമ്മളില്‍ ഈ ശിഷ്യഭാവം ഉണരുന്നുവോ, അവിടുത്തെ അനുസരിക്കാന്‍ തയ്യാറായി ശ്രദ്ധയോടും ഭക്തിയോടും പ്രേമത്തോടും വിനയത്തോടും അവിടുത്തെ സമീപിക്കുന്നുവോ, അപ്പോള്‍ അവിടുന്നു ഗുരുഭാവം കൈക്കൊണ്ട് നമ്മെ നയിക്കാന്‍ തയ്യാറാകും.
അര്‍ജ്ജുനനും കൃഷ്ണനും ഒന്നിച്ചു കഴിഞ്ഞവരാണു് സുഹൃത്തുക്കളെപ്പോലെ. എന്നാല്‍ ആ സമയത്തൊന്നും ഭഗവാന്‍ അര്‍ജ്ജുനനു ഗീത ഉപദേശിച്ചില്ല. അര്‍ജ്ജുനനില്‍ ശിഷ്യഭാവം ഉണര്‍ന്നപ്പോഴാണു ഗീത ഉപദേശിച്ചുകൊടുത്തത്. അതിനാല്‍, ശിഷ്യഭാവമാണു നമ്മളില്‍ ഉണര്‍ത്തിയെടുക്കേണ്ടതു്. ശിഷ്യഭാവം എന്നാല്‍ ശരണാഗതിയാണു്. ആ സമയം പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടെ ഗുരുവായി മാറുകയാണ്. ഓരോ അനുഭവവും ഗുരുവായിമാറുന്നു. ഈ ഒരു ഭാവമില്ലെങ്കില്‍, എത്ര അനുഭവമുണ്ടായാലും നമ്മള്‍ ഒന്നും പഠിക്കുകയില്ല.

‘ഞാന്‍’ ഭാവത്തില്‍നിന്നുമാണു കോപം വരുന്നതു്. ഈ കോപത്തെ അടക്കാനും പാടില്ല, പുറത്തേക്കു വിടാനും പാടില്ല എന്നു പറയും. കോപത്തെ ഉള്ളിലടക്കിയാല്‍, തനിക്കു തന്നെ ദോഷമാണു്. അതു മനസ്സില്‍ ഉമിത്തീപോലെ ഇരുന്നു നീറും. അതു ടെന്‍ഷനായി മാറും. നമ്മുടെ ഓരോ കര്‍മ്മത്തിലും ആ കോപം നിഴലിക്കും. ഉള്ളില്‍ കൊണ്ടുനടക്കുന്ന കോപവും താപവും നമ്മളെ രോഗികളാക്കി മാറ്റും. പുറത്തേക്കുവിട്ടാല്‍ ലോകത്തിനും ദോഷമായിത്തീരും. അതിനാലാണു കോപം രണ്ടു തലയും മൂര്‍ച്ചയുള്ള പിടിയില്ലാത്ത വാളു പോലെയാണെന്നു പറയുന്നതു്. അതു ഉപയോഗിക്കുന്നവനെയും ലക്ഷ്യമാക്കുന്നവനെയും മുറിപ്പെടുത്തും. കോപം, കോപിക്കുന്നവനേയും ഏറ്റുവാങ്ങുന്നവനെയും അപകടപ്പെടുത്തും. ശരീരത്തിലുണ്ടാവുന്ന മുറിവു വേഗം പൊറുക്കും. കോപത്താല്‍ പറയുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന മുറിവു് ഉണങ്ങുകയില്ല. അതിനാല്‍ കോപം വരുന്നു എന്നറിഞ്ഞാല്‍, അതു പ്രകടിപ്പിക്കുകയോ ഉള്ളില്‍ അമര്‍ത്തുകയോ അല്ല, അതിനെ വിവേകബുദ്ധികൊണ്ടു് ഇല്ലാതാക്കുകയാണു വേണ്ടതു്. നമ്മള്‍ കോപിച്ചിരിക്കുന്ന സമയം എടുക്കുന്ന തീരുമാനങ്ങള്‍ ഉടനെ നടപ്പാക്കാന്‍ പോകരുതു്. കോപിച്ചിരിക്കുമ്പോള്‍ വായില്‍ വരുന്നതു് അതേപോലെ വിളിച്ചു പറയരുതു്. ക്ഷമയും വിവേകവും ഒന്നു മാത്രമാണു കോപത്തിനുള്ള മറുമരുന്നു്. കോപം നമ്മുടെ ദുര്‍ബ്ബലതയാണെന്നു് ആദ്യം മനസ്സിലാക്കണം. ദേഷ്യത്തോടുകൂടി ആര്‍ക്കെങ്കിലും കത്തെഴുതുകയാണെങ്കില്‍, അതയയ്ക്കുന്നതിനു മുന്‍പു്, പല തവണയായി പത്തു പ്രാവശ്യമെങ്കിലും വായിക്കണം. അങ്ങനെയാകുമ്പോള്‍ കോപത്തിന്റെ ചൂടു നിറഞ്ഞ പല വാക്കുകളും വാചകങ്ങളും നമുക്കൊഴിവാക്കുവാന്‍ സാധിക്കും. തല്ക്കാലത്തെ ദേഷ്യമൊന്നടങ്ങിയശേഷം വിവേകപൂര്‍വ്വം ചിന്തിക്കുമ്പോള്‍ നമ്മുടെതന്നെ ദൗര്‍ബ്ബല്യത്തെ നമുക്കു മനസ്സിലാക്കുവാനുള്ള കഴിവു ലഭിക്കും. ചിന്തകളെ തെളിഞ്ഞ കണ്ണാടിയില്‍ എന്നപോലെ കാണുവാന്‍ കഴിയും. കോപത്തിന്റെ നിസ്സാരത മനസ്സിലാകും. ക്ഷമിക്കുന്നതിന്റെ മഹത്ത്വം ബോദ്ധ്യമാകും.
നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെനിന്നോ ഒരു കല്ലു നമ്മുടെ ദേഹത്തുവീണു എന്നു കരുതുക. ആ കല്ലു വീണു നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പു് ആ മുറിവു കഴുകി മരുന്നു വയ്ക്കുവാന്‍ നമ്മള്‍ തയ്യാറാകണം. അതല്ലെങ്കില്‍ ആളെ കണ്ടുപിടിക്കുവാന്‍ ആ തിരക്കിലൂടെ ഓടുന്നതിനിടയില്‍ ആ മുറിവില്‍ പൊടിയും മറ്റും കയറി അതുണങ്ങാന്‍ കാലതാമസം വരും. അഥവാ, ആളെ കണ്ടുപിടിച്ചു ശകാരം കഴിയുമ്പോഴായിരിക്കും അറിയുക, വേറെ ആരെങ്കിലും എറിഞ്ഞതോ, അതല്ലെങ്കില്‍ കൈപ്പിഴമൂലം വന്നുവീണതോ ആണു് ആ കല്ലെന്നു്. ഇത്രയൊക്കെ കഷ്ടപ്പെട്ടു്, ആളെ കണ്ടെത്തി അടി കൊടുത്താലും നമ്മുടെ കാലിന്റെ വേദന, സമയത്തിനു മരുന്നു വയ്ക്കാത്തതുമൂലം കൂടുന്നതല്ലാതെ കുറയുന്നില്ല.
ദേഷ്യം നമ്മുടെ മനസ്സിന്റെ വ്രണം പോലെയാണു്. ആദ്യം അതുണക്കാനാണു നോക്കേണ്ടതു്. അതിനാല്‍ ഈ സമയം മനസ്സില്‍ വരുന്ന ചിന്തകളെ സാക്ഷിഭാവത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കണം. ചിന്തകളുടെ പിന്നാലെ പോയാല്‍ അവ വാക്കായും പ്രവൃത്തിയായും വളരും. നമ്മെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യും.
കോപത്തിനു പാത്രമാകുന്നവനേക്കാള്‍ ദോഷം സംഭവിക്കുന്നതു കോപിക്കുന്നവനുതന്നെയാണു്.
കോപം വരുമ്പോള്‍ എടുത്തുചാടുകയോ അതുള്ളിലടക്കുകയോ അല്ല ചെയ്യേണ്ടതു്. മനസ്സിനെ കഴിവതും ശാന്തമാക്കി വിവേകപൂര്‍വ്വം ചിന്തിക്കണം. അങ്ങനെയായാല്‍ കോപം വരുത്തിവയ്ക്കുന്ന ഒട്ടുമുക്കാലും പ്രശ്‌നങ്ങളും നമുക്കൊഴിവാക്കാന്‍ കഴിയും.

Download Amma App and stay connected to Amma