ചോദ്യം : നമ്മളില്‍ ആ നിഷ്‌കളങ്കതയില്ലല്ലോ അമ്മേ. ആ കുഞ്ഞുഹൃദയം നമുക്കു നഷ്ടമായിപ്പോയല്ലോ?

അമ്മ: ഇല്ല. ആ നിഷ്‌കളങ്കത നമുക്കു തീര്‍ത്തും നഷ്ടമായിപ്പോയി എന്നു പറഞ്ഞുകൂടാ. ഒരു കൊച്ചുകുഞ്ഞുമായി കളിക്കുമ്പോള്‍ നമ്മളും ഒരു കുഞ്ഞിനെപ്പോലെ ആകാറില്ലേ? ഒരു ഉരുള ഉരുട്ടി കുഞ്ഞിന്റെ വായില്‍ വച്ചുകൊടുക്കുമ്പോള്‍ കുഞ്ഞിനെപ്പോലെ നമ്മളും വായ തുറന്നു കാട്ടാറില്ലേ? കുട്ടികളുടെകൂടെ കളിക്കുമ്പോള്‍ നമ്മള്‍ എല്ലാം മറന്നു് അവരെപ്പോലെയാകുന്നു. അവരെപ്പോലെ നമ്മളും സന്തോഷിക്കുന്നു. സ്വാര്‍ത്ഥത നമ്മള്‍ മറക്കുന്നു.

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കഹൃദയവുമായി താദാത്മ്യം പ്രാപിക്കുന്നതുകൊണ്ടാണിതു്. എന്നാല്‍ ഇന്നു നമ്മളില്‍ ഹൃദയമല്ല, ബുദ്ധിയാണു മുന്നിട്ടു നില്ക്കുന്നതു്. മക്കള്‍ ഹൃദയത്തെ പുല്കണം. പഞ്ചസാരയും മണലും ചേര്‍ന്നു കിടന്നാല്‍ ഉറുമ്പു വന്നു പഞ്ചസാര നുണയും. ആ മാധുര്യം ആസ്വദിക്കും. ബുദ്ധിജീവിയായ മനുഷ്യനു് അതു കഴിയില്ല. ബുദ്ധി കൊണ്ടു് എല്ലാം ചികഞ്ഞുനോക്കും. എന്നാല്‍ മാധുര്യം നുകരണമെങ്കില്‍ ഹൃദയം വേണം.

ചോദ്യം : അമ്മ കൂടെയുള്ളപ്പോള്‍ എല്ലാ തീര്‍ത്ഥവും ഇവിടെയില്ലേ. എന്നിട്ടും ചിലര്‍ ഋഷികേശിലും ബദരിനാഥിലും മറ്റും പോയല്ലോ.

(അമ്മയുടെ ഹിമാലയയാത്രാ പരിപാടി ഉപേക്ഷിച്ചപ്പോള്‍ നിരാശരായ ചില വിദേശഭക്തന്മാര്‍ ഋഷികേശിലും ഹരിദ്വാരിലും മറ്റും തനിച്ചു പോയിരുന്നു.)
അമ്മ: അവര്‍ക്കു് അത്ര അര്‍പ്പണമേയുള്ളു. ഒരു മഹാത്മാവിനെക്കുറിച്ചു മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഒരു കുട്ടിയുടെപോലെ നിഷ്‌കളങ്കമായ വിശ്വാസവും സമര്‍പ്പണവും വേണം. ഗുരു സന്നിധിയില്‍ എത്തിച്ചേര്‍ന്നിട്ടും മറ്റു പുണ്യസ്ഥാനങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും തേടി ഒരാള്‍ പോകുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം അയാളുടെ വിശ്വാസത്തിനു ഉറപ്പു വന്നിട്ടില്ല എന്നാണു്. ഒരാള്‍ക്കു വേണ്ടതെല്ലാം സദ്ഗുരുവില്‍ നിന്നുതന്നെ ലഭിക്കും. മറ്റെവിടെയും ഒന്നിനും അന്വേഷിച്ചലയേണ്ട ആവശ്യമില്ല.

ഗണപതിയുടെ കഥ കേട്ടിട്ടില്ലേ? ഒരിക്കല്‍ ഗണപതിയും മുരുകനും പാര്‍വ്വതീദേവിയുടെ കൈയില്‍ ഒരു നല്ല പഴമിരിക്കുന്നതു കണ്ടു. രണ്ടുപേരും അതിനുവേണ്ടി അമ്മയോടു ചോദിച്ചു. ആദ്യം ലോകം ചുറ്റിവരുന്നയാള്‍ക്കു് അതു തരാമെന്നു ദേവി പറഞ്ഞു. മുരുകന്‍ ഉടന്‍ മയിലിന്റെ പുറത്തു കയറി ലോകം ചുറ്റി വരാന്‍ പുറപ്പെട്ടു. എന്നാല്‍ മാതാപിതാക്കളില്‍ ലോകം മുഴുവന്‍ അടങ്ങുന്നുവെന്നു ബോദ്ധ്യമുള്ള ഗണപതി എങ്ങും പോയില്ല. അച്ഛനമ്മമാരെ വലംവച്ചു് അമ്മയോടു പഴം ആവശ്യപ്പെട്ടു. ദേവി സന്തോഷത്തോടെ അതു ഗണപതിക്കു നല്കുകയും ചെയ്തു. ജഗത്പിതാക്കളായ ശിവപാര്‍വ്വതിമാരില്‍ പ്രപഞ്ചം മുഴുവന്‍ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമുള്ളവനു് അമൃതത്വത്തിന്റെതായ ആ ഫലം കിട്ടി. അതുപോലെ സദ്ഗുരുവിനെ ആശ്രയിച്ചാല്‍ വേണ്ടതെല്ലാം അവിടന്നുതന്നെ ലഭിക്കും. ശ്രീഗുരുപാദത്തില്‍ എല്ലാ ദേവതകളും സമസ്തലോകങ്ങളും അടങ്ങിയിരിക്കുന്നു. ഒരിക്കല്‍ ഗുരുവില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ പിന്നീടതിനു് ഇളക്കം തട്ടുവാന്‍ ഒരിക്കലും അനുവദിക്കരുതു്. സ്ഥിരവും അചഞ്ചലവുമായ വിശ്വാസം വേണം.

അമ്മയുടെ കൂടെ കഴിയുമ്പോള്‍ മക്കള്‍ക്കു ജീവിതം ചിലപ്പോള്‍ പ്രയാസകരമായി തോന്നാം. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. എന്നാല്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനെ മൂകാംബികയില്‍ പോകാം, ഹരിദ്വാരില്‍ പോകാം, ഹിമാലയത്തില്‍ പോയി സാധന ചെയ്യാം എന്നൊന്നും ചിന്തിക്കരുതു്. മഹാത്മാക്കള്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതു് എന്നു മക്കള്‍ക്കു് അറിഞ്ഞു കൂടാ. അമ്മ മക്കളുടെ ഉള്ളില്‍ ഒരു ഓപ്പറേഷന്‍ നടത്തുകയാണു്. സൂക്ഷ്മമായി മക്കളുടെ ഉള്ളിലെ വാസനകളെ മാറ്റുകയാണു്. മക്കള്‍ അതറിയുന്നില്ല. പലതും നീക്കം ചെയ്യേണ്ടിവരും. അപ്പോള്‍ മക്കള്‍ക്കു വേദനിക്കും. ഒരു മേശപ്പുറത്തിരിക്കുന്ന സാധനങ്ങള്‍ തനിയെ അനങ്ങുന്നതു കണ്ടാല്‍ നമ്മള്‍ അമ്പരക്കും. എന്നാല്‍ മേശയുടെ അടിയില്‍ കാന്തം വച്ചിട്ടുണ്ടു്. അതു ചലിപ്പിക്കുമ്പോള്‍ മേശപ്പുറത്തുള്ള ഇരുമ്പു സാധനങ്ങളും ചലിക്കുന്നു. അവ ചലിക്കാനുള്ള കാരണം പുറമേനിന്നു നോക്കുന്നയാള്‍ അറിയുന്നില്ല. ഇതുപോലെ അമ്മ മക്കളുടെ അകത്തിരുന്നു് ഉള്ളിലെ പഴുപ്പു നീക്കം ചെയ്യുകയാണു്. വേദനയും പ്രയാസവും തോന്നുന്നതു കാരണം മക്കള്‍ ഓടിപ്പോകാന്‍ ചിന്തിക്കുന്നു. അങ്ങനെ അമ്മയെ ഉപേക്ഷിച്ചുപോയാല്‍ നഷ്ടം മക്കള്‍ക്കുതന്നെയാണു്. മക്കളുടെ നൂറു ജന്മങ്ങളിലെ പ്രാരബ്ധമാണു് അമ്മ ഒരു ജന്മംകൊണ്ടു തീര്‍ക്കുന്നതു്. ഇവിടെനിന്നുപോയാല്‍ ആയിരം ജന്മമെടുത്താലും സാക്ഷാത്കാരം ലഭിച്ചു എന്നു വരികയില്ല. മക്കളതു മനസ്സിലാക്കണം. ഗുരുസന്നിധിയില്‍ കഴിയുമ്പോള്‍ വാസനാക്ഷയം വളരെ വേഗം സാധിക്കും. വാസനാക്ഷയം വന്നാല്‍ സാക്ഷാത്കാരമായി.

മക്കളിപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെയാണു്. അമ്മയോടൊപ്പം മക്കള്‍ കളിച്ചുരസിക്കുന്നു. എന്നാല്‍ അമ്മ എന്താണു ചെയ്യുന്നതെന്നോ, അമ്മ ആരാണെന്നോ മക്കള്‍ അറിയുന്നില്ല. പലര്‍ക്കും പുറംലോകത്തെ കൗതുകങ്ങള്‍ മാത്രം മതി. പുറത്തുള്ള അമ്മയെ മാത്രം നോക്കുന്നു. ഉള്ളിലെ പരമാത്മചൈതന്യത്തെ അറിയാന്‍ തീവ്രതയില്ല. കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അമ്മമാര്‍ നിപ്പിള്‍ കുഞ്ഞുങ്ങളുടെ വായില്‍വച്ചു കൊടുക്കും. കുഞ്ഞു നിപ്പിള്‍ നുണയും. വിശക്കുന്ന കുഞ്ഞിനു യഥാര്‍ത്ഥത്തില്‍ പാലാണു് ആവശ്യം. എന്നാല്‍ കുഞ്ഞുങ്ങള്‍ പാലില്ലാത്ത നിപ്പിള്‍ നുണഞ്ഞു തൃപ്തിപ്പെടുന്നു. പുറം ലോകം ഈ നിപ്പിള്‍ പോലെയാണു്. കളിയും ചിരിയും കൊണ്ടു മക്കള്‍ ഇതുപോലെ തൃപ്തിപ്പെടുകയാണു്. വിഷയവസ്തുക്കളുമായി രസിച്ചിരിക്കുകയാണു്. മക്കള്‍ കളിക്കുന്നിടത്തുവന്നു് അമ്മ ആഹാരം വായില്‍വച്ചു തരുന്നു. കളിയിലെ ശ്രദ്ധകാരണം മക്കള്‍ അമ്മ തരുന്ന ആഹാരത്തിന്റെ വില അറിയുന്നില്ല. തീര്‍ത്ഥങ്ങളിലും ക്ഷേത്രങ്ങളിലുമായി കറങ്ങി നടന്നാല്‍ മക്കള്‍ എങ്ങുമെത്തില്ല.
മക്കള്‍ക്കു നിഷ്‌കളങ്കത ഉണ്ടാകണം. നിഷ്‌കളങ്കഹൃദയവും സമര്‍പ്പണവുമാണു നമ്മെ രക്ഷിക്കുന്നതു്. ഒരു കൊച്ചുകുഞ്ഞിന്റെ വിശ്വാസവും ഉറപ്പും ഉണ്ടെങ്കില്‍ എന്തും സാദ്ധ്യമാണു്.

ചോദ്യം : അമ്മേ, തീര്‍ത്ഥങ്ങള്‍ക്കു് എന്താണു് ഇത്ര പാവനതയും പരിശുദ്ധിയും വരാന്‍ കാരണം?

അമ്മ: മോനേ, എല്ലാ നദികളും പര്‍വ്വതങ്ങളില്‍നിന്നാണു വരുന്നതു്. അവയില്‍ക്കൂടി ഒഴുകുന്ന ജലത്തിനും വ്യത്യാസമില്ല. എന്നാല്‍ ഗംഗയും നര്‍മ്മദയും പോലുള്ള നദികളില്‍ ധാരാളം മഹാത്മാക്കള്‍ കുളിക്കുന്നു. അവയുടെ തീരത്തു നിരവധി തപസ്വികള്‍ ധ്യാനം ചെയ്യുന്നു. അതുതന്നെയാണു് ആ തീര്‍ത്ഥങ്ങളുടെ പരിശുദ്ധിക്കു കാരണം. മഹാത്മാക്കള്‍ കുളിക്കുമ്പോള്‍ ഏതു നദിയും തീര്‍ത്ഥമായിത്തീരുന്നു. അവരുടെ ശുദ്ധമായ പ്രാണന്‍ വെള്ളത്തില്‍ സംക്രമിക്കുന്നു. അവരോടൊത്തു കുളിക്കുക എന്നാല്‍ ബ്രഹ്മാനുഭൂതിയുടെ ഒരംശം നുകരുന്നതുപേലെയാണു്.

എന്നാല്‍ വിശ്വാസമാണു് എല്ലാത്തിനും അടിസ്ഥാനം. പ്രേമവും വിശ്വാസവും ഉണ്ടെങ്കില്‍ ഏതു ജലവും പുണ്യതീര്‍ത്ഥമാണു്. പാക്കനാരുടെ കഥ അറിയില്ലേ? ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ കാശിയില്‍ പോകാന്‍ ഒരുങ്ങി, ഗംഗാസ്‌നാനം ചെയ്തു കാശിവിശ്വനാഥനെയും ദര്‍ശിച്ചു മടങ്ങാന്‍. കൂട്ടിനു പാക്കനാരെയും വിളിച്ചു. എന്നാല്‍ പാക്കനാര്‍ക്കു പോകാന്‍ പറ്റിയില്ല. ”എന്തായാലും അങ്ങു് അവിടെവരെ പോവുകയല്ലേ. എന്റെ വടി ഗംഗാതീര്‍ത്ഥത്തില്‍ ഒന്നു മുക്കിയെടുത്തു കൊണ്ടുവന്നാല്‍ ഉപകാരമായിരുന്നു.” പാക്കനാര്‍ പറഞ്ഞു. ബ്രാഹ്മണന്‍ അതു സമ്മതിച്ചു വടിയും വാങ്ങി പുറപ്പെട്ടു. കാശിയിലെത്തി ഗംഗയില്‍ കുളിക്കവേ പാക്കനാരുടെ വടി ഒഴുക്കില്‍ ഒലിച്ചുപോയി. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഗംഗയില്‍ വടി നഷ്ടപ്പെട്ട കാര്യം ബ്രാഹ്മണന്‍ പാക്കനാരോടു പറഞ്ഞു. പാക്കനാര്‍ പറഞ്ഞു, ”വിഷമിക്കേണ്ട. നഷ്ടപ്പെട്ട വടി ഞാനെടുത്തുകൊള്ളാം.” പാക്കനാര്‍ നേരെ തന്റെ പറമ്പിലെ കുളത്തില്‍ മുങ്ങി. അതേ വടി എടുത്തുകൊണ്ടുവന്നു. എന്നിട്ടു് അദ്ദേഹത്തോടു പറഞ്ഞു ”വിശ്വാസമുണ്ടെങ്കില്‍ ഏതു ജലവും ഗംഗാതീര്‍ത്ഥം തന്നെ. അതില്ലെങ്കില്‍ ഗംഗയും യമുനയും എല്ലാം വെറും വെള്ളം മാത്രം.”

ചോദ്യം: യുദ്ധത്തിലൂടെ എത്രയോ ആയിരങ്ങള്‍മരിക്കുന്നു. അപ്പോള്‍ അര്‍ജ്ജുനനെ യുദ്ധം ചെയ്യുവാന്‍ പ്രേരിപ്പിക്കുക വഴി ഭഗവാന്‍ ഹിംസയ്ക്കു കൂട്ടു നില്ക്കുകയായിരുന്നില്ലേ?

അമ്മ: യുദ്ധം ഒരിക്കലും ഭഗവാന്‍ ആഗ്രഹിച്ച കാര്യമല്ല. അവിടുത്തെ മാര്‍ഗ്ഗം ക്ഷമയുടെതാണു്. അവിടുന്നു പരമാവധി ക്ഷമിച്ചു. ശക്തനായ ഒരാള്‍ ക്ഷമിക്കുമ്പോള്‍ അതു മറ്റൊരാള്‍ക്കു കൂടുതല്‍ ഹിംസ ചെയ്യുവാന്‍, ജനങ്ങളെ ഉപദ്രവിക്കുവാന്‍ ധൈര്യം പകരുമെങ്കില്‍, ആ വ്യക്തിയുടെ ക്ഷമയാണു് ഏറ്റവും വലിയ ഹിംസ. ഒരുവന്റെ ക്ഷമ മറ്റൊരുവനെ കൂടുതല്‍ അഹങ്കാരിയാക്കുമെങ്കില്‍ അവിടെ ക്ഷമ വെടിയുന്നതാണു് ഉത്തമം. എന്നാല്‍, നമുക്കു് ആ വ്യക്തിയോടു പകയോ സ്പര്‍ദ്ധയോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിയെ അല്ല, വ്യക്തിയുടെ തെറ്റായ പ്രവൃത്തിയെ വേണം ദ്വേഷിക്കുവാന്‍.

ഭഗവാനു ദുര്യോധനനോടു ദേഷ്യമില്ല. ദുര്യോധനന്‍ അധര്‍മ്മം വെടിയണമെന്നു മാത്രമാണു് അവിടുന്നു് ആഗ്രഹിച്ചതു്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിനു് അതാവശ്യമായിരുന്നു. അതിനു മറ്റു മാര്‍ഗ്ഗമില്ലാതിരുന്നതുകൊണ്ടു മാത്രമാണു ശ്രീകൃഷ്ണ പരമാത്മാവു യുദ്ധത്തിനു് അനുമതി നല്കിയതു്. യുദ്ധത്തില്‍ ആയുധമെടുക്കില്ല, തേരാളിയായിരിക്കുക മാത്രമേയുള്ളൂ എന്ന സര്‍വ്വസംഹാരശക്തനായ അവിടുത്തെ തീരുമാനംതന്നെ യുദ്ധം അവിടുത്തേക്കു താത്പര്യമുള്ള കാര്യമല്ല എന്നതിനു തെളിവല്ലേ?

ദുര്യോധനനന്‍ പാണ്ഡവര്‍ക്കു് ഒരു വീടെങ്കിലും നല്കിയിരുന്നെങ്കില്‍, പാണ്ഡവരെ സമാധാനിപ്പിച്ചു് അവിടുന്നു സംതൃപ്തിയോടെ കഴിയുവാന്‍വേണ്ട മാര്‍ഗ്ഗം ഉപദേശിക്കുമായിരുന്നു. എന്നാല്‍, അത്രകൂടി ദയ കൗരവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. വാസ്തവത്തില്‍ മറ്റുള്ളവരെക്കൂടി യുദ്ധത്തിനു പ്രേരിപ്പിച്ചതു് കൗരവരാണു്, ദുര്യോധനനാണു്.

സര്‍വ്വ അധര്‍മ്മങ്ങളുടെയും സ്വരൂപമായ ഒരാളുടെ കൈയില്‍ രാജ്യമിരുന്നാല്‍ അതു ലോകത്തിന്റെതന്നെ നാശമായിത്തീരും. അങ്ങനെയുള്ളവരെ ഏതുവിധേനയും എത്രയും പെട്ടെന്നു് ഇല്ലായ്മ ചെയ്യണം. അതാണു ജനങ്ങളോടുള്ള കാരുണ്യം. ഒരു വിഷ വൃക്ഷം വെട്ടി വീഴ്ത്തുമ്പോള്‍, അനേകം ചെറുചെടികള്‍ ഇല്ലാതാകും. ഒരു ഫലവൃക്ഷം വളര്‍ത്തുന്നതിനായി അതിന്റെ തൈ നടുമ്പോള്‍ കുറെ ചെറു ചെടികളെ പിഴുതു മാറ്റിയെന്നു വരാം. എന്നാല്‍, ആ തൈ വളര്‍ന്നു വലുതായാല്‍ സമൂഹത്തിനു് അതുകൊണ്ടു് എത്രയോ പ്രയോജനമാണുള്ളതു്. കൂടാതെ എത്രയോ ചെറിയ ചെടികള്‍ക്കു് അതിന്റെ തണലില്‍ വളരാന്‍കഴിയും. അങ്ങനെ നോക്കുമ്പോള്‍ആ ചെറുചെടികളുടെ നാശം ഒരു നഷ്ടമല്ല. അതൊരു ഹിംസയല്ല.

ദുര്യോധനനെ നശിപ്പിച്ചില്ലെങ്കില്‍ ആ അധര്‍മ്മി ധര്‍മ്മിഷ്ഠരായ മറ്റു രാജാക്കന്മാരെ ആക്രമിച്ചു് ഈ യുദ്ധത്തില്‍ മരിച്ചതിലും അധികം ജനങ്ങളെ കൊല്ലുമായിരുന്നു. മാത്രമല്ല, ഭാവിയില്‍ അതു സമൂഹത്തിനും സംസ്‌കാരത്തിനും വലിയ ദോഷവും ചെയ്യും. അധര്‍മ്മികളെ എന്നെന്നും വാഴാന്‍ അനുവദിക്കുന്നതിലും എത്രയോ നല്ലതാണു കുറച്ചുപേരുടെ മരണത്തിനിടയായാലും ധര്‍മ്മത്തെ രക്ഷിക്കുക എന്നതു്. അതാണു് ശ്രീകൃഷ്ണന്‍ ചെയ്തതു്. ധര്‍മ്മത്തെ നിലനിര്‍ത്താന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അവിടുന്നു ചെയ്തതു നൂറു ശതമാനവും ശരിയാണു്. സ്വന്തമായ കാര്യലാഭത്തിനുവേണ്ടി എന്തെങ്കിലും ചെയ്തിരുന്നുവെങ്കില്‍, ഭഗവാനെ തെറ്റുപറയാമായിരുന്നു. പക്ഷേ, തന്റെ ഭാഗത്തുനിന്നും അങ്ങനെയൊന്നുമുണ്ടായിട്ടില്ല. തനിക്കു വേണ്ടിയോ സ്വന്തം മക്കള്‍ക്കുവേണ്ടിയോ അല്ല അവിടുന്നു പ്രവര്‍ത്തിച്ചതു്. ധര്‍മ്മത്തെ നിലനിര്‍ത്തുക, ജനങ്ങളെ സംതൃപ്തിയിലും ആനന്ദത്തിലും വാഴിക്കുക, ഇതായിരുന്നു അവിടുത്തെ പ്രവൃത്തികളുടെയെല്ലാം പിന്നിലെ ഉദ്ദേശ്യം.

ലോകത്ത് ഇന്ന് കൊച്ചു കൊച്ചു ഗ്രാമങ്ങളില്‍വരെ മൊബൈല്‍ഫോണും ഇന്റര്‍നെറ്റുമൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ട്. യന്ത്രങ്ങള്‍ യന്ത്രങ്ങളോട് ആശയവിനിമയം ചെയ്യുന്നത് എത്രയോ വര്‍ദ്ധിച്ചെങ്കിലും ഹൃദയം ഹൃദയത്തോട് സംവദിക്കുന്നത് കുറഞ്ഞു കുറഞ്ഞു വരികയാണ്.

ഇന്ന് പലരും വസ്തുക്കളെ സ്നേഹിക്കുകയും മനുഷ്യരെ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ നേരെ തിരിച്ചാണ് വേണ്ടത്. നമ്മള്‍ മനുഷ്യരെ സ്നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയുമാണ് ചെയ്യേണ്ടത്. കൊച്ചു പ്രായത്തില്‍ ‘ഇതെന്റെ അമ്മയാണ്, ഇതെന്റെ അച്ഛനാണ്’ എന്നിങ്ങനെ പറഞ്ഞ് സഹോദരീ സഹോദരന്മാര്‍ പരസ്പരം മത്സരിക്കും. എന്നാല്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവരുടെ ഭാവം നേരെമറിച്ചാകും. അപ്പോള്‍ ‘ഇത് നിന്റെ അമ്മയല്ലേ, ഇത് നിന്റെ അച്ഛനല്ലേ. നിനക്ക് അവരെ നോക്കാന്‍ വയ്യേ.’ എന്നിങ്ങനെ പരസ്പരം പറയാന്‍ തുടങ്ങും. വേണ്ട സമയത്ത് വേണ്ട പോലെ സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ നമ്മള്‍ പിശുക്കു കാണിക്കുന്നു. ഒരു മരുന്ന് വാങ്ങിയ്ക്കുമ്പോള്‍ അതിന്റെ പുറത്ത് കാലാവധി അവസാനിക്കുന്ന തീയതി എഴുതിയിട്ടുണ്ടാകും. അതു കഴിഞ്ഞാല്‍ ആ മരുന്ന് ഉപയോഗശൂന്യമാകും. സ്നേഹത്തിന് അങ്ങനെ കാലാവധി വയ്ക്കാന്‍ കഴിയില്ല. വേണ്ട സമയത്ത് വേണ്ട രീതിയില്‍ സ്നേഹം പ്രകടിപ്പിക്കാതെയിരുന്നാല്‍ ഒരു പക്ഷേ പിന്നീടൊരിക്കലും അതിന് അവസരം ലഭിക്കണമെന്നില്ല. മാത്രമല്ല, അതു ഭാവിയില്‍ വലിയ
ദുഃഖത്തിനും പശ്ചാത്താപത്തിനും വഴിയൊരുക്കും.

ഈശ്വരനുവേണ്ടിയുള്ള ആഗ്രഹം നമ്മുടെ മറ്റുള്ള ആഗ്രഹങ്ങളെക്കാളും തീവ്രമാകുന്നത് എപ്പോഴാണോ അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ ഭക്തി നമ്മളില്‍ ഉണര്‍ന്നിട്ടുള്ളൂ എന്നു പറയാം. ഏതുതരത്തിലുള്ളതായാലും ശരി ഭക്തി അമൂല്യമാണ്, അത് മഹത്തായ സമ്പത്താണ്. കാരണം ഹൃദയത്തില്‍ അല്പമെങ്കിലും താല്പര്യം ഭഗവാനോടു തോന്നിയാല്‍ ക്രമേണ അതു വളര്‍ന്ന് നമ്മെ ശുദ്ധീകരിക്കും. അധര്‍മ്മി ധര്‍മ്മിഷ്ഠനാകും. സ്വാര്‍ത്ഥി ക്രമേണ നിഃസ്വാര്‍ത്ഥിയാകും. ഭോഗി ക്രമേണ ത്യാഗിയാകും. ഒടുവില്‍ മനോമാലിന്യങ്ങള്‍ എല്ലാം അകന്ന് ഈശ്വരാനുഭൂതി
ഉണ്ടാകും. ലോകം വെല്ലുവിളികളുയര്‍ത്തും. പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കും. അപ്പോള്‍, ധ്യാനാത്മകമായി ഉള്ളിലേക്ക് നോക്കിയാല്‍, അതിനെല്ലാം അതീതമായൊരു ശക്തിയും ശാന്തിയും നമുക്കവിടെ കണ്ടെത്താം.

ലോകം ദുഃഖിപ്പിക്കും. കരയിപ്പിക്കാന്‍ ശ്രമിക്കും. അപ്പോള്‍, ഉള്ളിലേക്ക് നോക്കിയാല്‍, സകല ദുഃഖങ്ങള്‍ക്കും അതീതമായൊരു സന്തോഷവും പുഞ്ചിരിയും നമുക്കവിടെ കണ്ടെത്താം. ലോകം നമ്മുടെ പാതയില്‍ മുള്ളു വിരിക്കും. നോവിപ്പിക്കാന്‍ ശ്രമിക്കും. അപ്പോഴും ഉള്ളിലേക്ക് നോക്കിയാല്‍ ആ കൂര്‍ത്തമുള്ളുകള്‍ക്ക് അതീതമായൊരു പൂമണവും പൂമെത്തയും നമുക്കവിടെ കണ്ടെത്താം. ലോകം ഭയപ്പെടുത്തും ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കും. അപ്പോഴും ഉള്ളിലേക്ക് നോക്കിയാല്‍, അതിനതീതമായൊരു നിര്‍ഭയത്വവും ധീരതയും നമുക്കവിടെ കണ്ടെത്താം.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)