ചോദ്യം : അശരണരെയും ദരിദ്രരെയും അനാഥരെയും അമ്മ കൂടുതലായി സ്‌നേഹിക്കാറുണ്ടോ?

അമ്മ: ആളിനെ നോക്കി സ്‌നേഹിക്കുവാൻ അമ്മയ്ക്കറിയില്ല. മുറ്റത്തു ദീപം തെളിച്ചാൽ അവിടെയെത്തുന്ന എല്ലാവർക്കും ഒരുപോലെ വെളിച്ചം കിട്ടും, യാതൊരു ഏറ്റക്കുറച്ചിലും ഉണ്ടാവില്ല. പക്ഷേ, വാതിലുകൾ അടച്ചു മുറിക്കുള്ളിൽതന്നെ ഇരുന്നാൽ ഇരുട്ടിൽ കഴിയുവാനെ സാധിക്കൂ. അവിടെയിരുന്നുകൊണ്ടു വെളിച്ചത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. വെളിച്ചം വേണമെങ്കിൽ മനസ്സിന്റെ വാതിലുകൾ തുറന്നു പുറത്തേക്കു വരുവാൻ തയ്യാറാവണം. സൂര്യനു കണ്ണു കാണുവാൻ മെഴുകുതിരിയുടെ ആവശ്യമില്ല. ചിലർക്കു് ഈശ്വരൻ മുകളിലെവിടെയോ ഇരിക്കുന്ന ആൾ ആണു്. ആ ഈശ്വരന്റെ പ്രീതിക്കായി അവർ പണം വാരിക്കോരി ചെലവു ചെയ്യും. എന്നാൽ പണം ചെലവു ചെയ്തതുകൊണ്ടു മാത്രം ഈശ്വരപ്രീതി നേടാനാവില്ല. സാധുക്കൾക്കു സേവ ചെയ്യുന്നതാണു് അവിടുത്തേക്കു് ഏറ്റവും ഇഷ്ടമായ കാര്യം. കോടി രൂപയ്ക്കു് ആർഭാടമായി ഉത്സവം നടത്തുന്നതിനെക്കാൾ കൂടുതൽ അവിടുന്നു പ്രീതിയടയുന്നതു് ഒരു സാധുവിനെ ആശ്വസിപ്പിക്കുന്നതു കാണുമ്പോഴാണു്. ആ സാധുവിന്റെ കണ്ണീരു തുടയ്ക്കുവാനുള്ള മനസ്സു കാണുമ്പോഴാണു്. അങ്ങനെയുള്ള ഒരു മനസ്സു് എവിടെ കണ്ടാലും അവിടുന്നു് അവിടെ ഓടിയെത്തും. ഏതു പട്ടുമെത്തയെക്കാളും സ്വർണ്ണ സിംഹാസനത്തെക്കാളും ഭഗവാനു് ഇഷ്ടമായ ഇരിപ്പിടം കാരുണ്യം നിറഞ്ഞ മനസ്സാണു്.

അമ്മ മക്കളുടെ ഹൃദയം മാത്രമേ നോക്കാറുള്ളൂ. സമ്പത്തിനെക്കുറിച്ചോ, ഭൗതിക ചുറ്റുപാടുകളെക്കുറിച്ചോ അമ്മ ചിന്തിക്കാറില്ല. ശരിയായ ഒരമ്മയ്ക്കും തന്റെ മക്കളെക്കുറിച്ചു് അങ്ങനെ ചിന്തിക്കുവാനാവില്ല. എങ്കിലും ദുഃഖിതനായ ഒരാൾ അമ്മയുടെ അടുത്തു വന്നാൽ, അയാളുടെ ദുഃഖത്തിൽ അമ്മയ്ക്കു കരുണ തോന്നും. അയാളുടെ ദുഃഖം അമ്മയുടെ ദുഃഖമായി അമ്മയ്ക്കു് അനുഭവപ്പെടും. ആ ദുഃഖിതനു സമാശ്വാസമേകുവാൻ അമ്മ ആവതു ചെയ്യും.

ചോദ്യം: ഭക്തർക്കുവേണ്ടി, ഇത്രമാത്രം സമയം ചെലവഴിക്കുമ്പോൾ അമ്മയ്ക്കു ക്ഷീണം തോന്നാറില്ലേ?

അമ്മ: പ്രേമമുള്ളിടത്തു ക്ഷീണമില്ല. തന്റെ കുഞ്ഞിനെ തള്ള മണിക്കൂറുകളോളം എടുത്തുകൊണ്ടു നടക്കുന്നു. കുഞ്ഞൊരു ഭാരമായി തള്ളയ്ക്കു തോന്നാറുണ്ടോ?

ചോദ്യം : അമ്മയെക്കുറിച്ചു സംസാരിക്കവെ ചിലർ പറയുകയുണ്ടായി, സ്‌നേഹം മർത്ത്യരൂപം പൂണ്ടാൽ എങ്ങനെയിരിക്കുമെന്നറിയണമെങ്കിൽ അമ്മയെ നോക്കിയാൽ മതിയെന്നു്. എന്താണു് ഇതിനെക്കുറിച്ചു് അമ്മയ്ക്കു പറയുവാനുള്ളതു്?

അമ്മ: (ചിരിക്കുന്നു) കൈയിലുള്ള നൂറു രൂപയിൽനിന്നും ആർക്കെങ്കിലും പത്തുരൂപാ കൊടുത്താൽ പിന്നീടു തൊണ്ണൂറു രൂപ മാത്രമെ ശേഷിക്കുകയുള്ളു. എന്നാൽ സ്‌നേഹം ഇതുപോലെയല്ല. എത്ര കൊടുത്താലും തീരില്ല. കൊടുക്കുന്തോറും അതേറിക്കൊണ്ടിരിക്കും. കോരുന്ന കിണർ ഊറുംപോലെ. ഇത്ര മാത്രമേ അമ്മയ്ക്കറിയൂ. അമ്മയുടെ ജീവിതം സ്‌നേഹസന്ദേശമായിത്തീരണം. അതു മാത്രമേ അമ്മ ചിന്തിക്കുന്നുള്ളൂ. സ്‌നേഹത്തിനുവേണ്ടിയാണു മനുഷ്യൻ ജനിച്ചതു്, അതിനുവേണ്ടിയാണു ജീവിക്കുന്നതു്. എന്നാൽ ഇന്നു കിട്ടുവാനില്ലാത്തതും അതൊന്നു മാത്രമാണു്. സ്‌നേഹത്തിനാണു് ഇന്നു ദാരിദ്ര്യം.

ചോദ്യം : അമ്മ എല്ലാവരെയും മടിയിൽ കിടത്തി ആശ്വസിപ്പിക്കാറുണ്ടല്ലോ. ഇതു നമ്മുടെ സമൂഹത്തിൽ അസാധാരണമല്ലേ?

അമ്മ: അമ്മമാർ കുഞ്ഞുങ്ങളെ വാരിപ്പുണരാറില്ലേ? ഭാരതത്തിൽ എന്നും കീർത്തിക്കപ്പെട്ടിട്ടുള്ളതു മാതൃശിശുഭാവമാണു്. കൂടാതെ അമ്മയുടെ അടുത്തു് ആരു വന്നാലും അവർ അമ്മയുടെ ആത്മാവിൽനിന്നും ഭിന്നരായിട്ടു് അമ്മയ്ക്കു തോന്നാറില്ല. നമ്മുടെ ശരീരത്തിൽ ഒരു വേദന വന്നാൽ എത്രയും വേഗം കൈ അവിടെയെത്തും, ആശ്വസിപ്പിക്കുവാൻ. അതുപോലെ മറ്റുള്ളവരുടെ ദുഃഖം അമ്മയ്ക്കു സ്വന്തം ദുഃഖമായിട്ടു മാത്രമേ തോന്നിയിട്ടുള്ളു. ഒരു കൊച്ചുകുഞ്ഞു വേദനകൊണ്ടു നിന്നു കരയുന്നതു കാണുമ്പോൾ അതിന്റെ അമ്മയ്ക്കു നോക്കിനില്ക്കാനാവുമോ?

ചോദ്യം: അമ്മയുടെ ജീവിതത്തിന്റെ സന്ദേശം എന്താണു്?
അമ്മ: അമ്മയുടെ ജീവിതംതന്നെ അമ്മയുടെ സന്ദേശം. അതു സ്‌നേഹമാണു്.

ചോദ്യം : അമ്മയുടെ സാമീപ്യത്തിൽ എത്താൻ കഴിഞ്ഞിട്ടുള്ളവർക്കെല്ലാം, അമ്മയുടെ സ്‌നേഹത്തെക്കുറിച്ചു് എത്ര പറഞ്ഞാലും മതിയാകുന്നില്ല. ഇതെങ്ങനെ സാധിക്കുന്നു?
അമ്മ: അമ്മ അറിഞ്ഞുകൊണ്ടു് ആരെയും പ്രത്യേകിച്ചു സ്‌നേഹിക്കാറില്ല. സ്‌നേഹം എന്നതു സംഭവിക്കുകയാണു്. സ്വാഭാവികമായി അങ്ങനെ ആയിത്തീരുന്നതാണു്. അമ്മയ്ക്കു് ആരെയും വെറുക്കുവാനാവുന്നില്ല. അമ്മയ്ക്കു് ഒരു ഭാഷ മാത്രമേ അറിയുകയുള്ളു. അതു സ്‌നേഹത്തിന്റെ ഭാഷയാണു്. സകലർക്കും മനസ്സിലാകുന്ന ഭാഷയാണതു്. ഇന്നു ലോകം അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യവും സ്വാർത്ഥതയില്ലാത്ത സ്‌നേഹത്തിനു വേണ്ടിയുള്ളതാണു്.

സകലരും സ്‌നേഹത്തെക്കുറിച്ചു സംസാരിക്കാറുണ്ടു്. പരസ്പരം സ്‌നേഹിക്കുന്നതായി പറയാറുമുണ്ടു്. എന്നാൽ ഇതിനെ യാഥാർത്ഥ സ്‌നേഹമെന്നു പറയാനാവില്ല. ഇന്നു നമ്മൾ സ്‌നേഹമെന്നു വിചാരിക്കുന്നതു സ്വാർത്ഥതയുടെ മാലിന്യം കലർന്നതാണു്. സ്വർണ്ണം പൂശിയ ആഭരണം പോലെയാണതു്. അണിയാൻ കൊള്ളാം. എന്നാൽ മാറ്റില്ല. വിലയില്ല. കൂടുതൽ നിലനില്ക്കുകയുമില്ല. അസുഖംമൂലം ആശുപത്രിയിൽ കൊണ്ടുപോയ ഒരു കുട്ടിയുടെ കഥ പറയാറുണ്ടു്. ആശുപത്രിയിൽനിന്നും തിരിച്ചു കൊണ്ടുപോരുന്ന സമയം കുട്ടി അച്ഛനോടു പറയുകയാണു്, ”അച്ഛാ! അവിടെയുള്ള എല്ലാവർക്കും എന്നോടു് എന്തൊരു ഇഷ്ടമാണെന്നോ. അച്ഛനു് അവരുടെ അത്രയും സ്‌നേഹമുണ്ടോ? അവിടുത്തെ ഡോക്ടർക്കും നേഴ്‌സിനും അറ്റൻഡർക്കും വാച്ച്മാനും ഒക്കെ എന്തൊരു സ്‌നേഹമാണു്. എന്നോടു വിശേഷങ്ങൾ ചോദിക്കും. എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും, ഷീറ്റു വിരിച്ചുതരും, ആഹാരം സമയത്തിനു തരും, വഴക്കൊന്നും പറയില്ല. എന്നാൽ അച്ഛനും അമ്മയും എന്നെ എത്രയാണു ഭള്ളു പറയുന്നതു്.” ഈ സമയം നേഴ്‌സ് ഒരു പേപ്പർ കൊണ്ടു വന്നു് അച്ഛനെ ഏല്പിച്ചു. ഇതു കണ്ട മകൻ അതെന്താണെന്നു ചോദിച്ചു. അച്ഛൻ പറഞ്ഞു, ”അതു നീ ഇപ്പോൾ പറഞ്ഞില്ലേ അവരുടെ സ്‌നേഹത്തെക്കുറിച്ചു്. ആ സ്‌നേഹത്തിനുള്ള ബില്ലാണിതു്.”

മക്കളേ, ഇതുപോലെയാണു് ഇന്നു ലോകത്തു കാണുന്ന സ്‌നേഹം. ഏതൊരു സ്‌നേഹത്തിന്റെയും പിന്നിൽ എന്തെങ്കിലും ഒരു സ്വാർത്ഥത കാണാൻ കഴിയും. കമ്പോളത്തിലെ കച്ചവടമനോഭാവം വ്യക്തിബന്ധങ്ങളിലും കടന്നുകൂടിക്കഴിഞ്ഞു. ആരെ കാണുമ്പോഴും നമ്മുടെ ആദ്യചിന്ത അവരിൽനിന്നു തനിക്കെന്തു നേട്ടമുണ്ടാകുമെന്നാണു്. ഒന്നും നേടുവാനില്ലെങ്കിൽ അവിടെ ബന്ധം സ്ഥാപിക്കപ്പെടുന്നില്ല. നേട്ടത്തിനു കോട്ടം തട്ടുമ്പോൾ ബന്ധവും മുറിയുന്നു. അത്രമാത്രം സ്വാർത്ഥത മനുഷ്യമനസ്സുകളിൽ നിറഞ്ഞു കഴിഞ്ഞു. ഇതിന്റെ ഭവിഷ്യത്താണു് ഇന്നു മനുഷ്യസമൂഹം അനുഭവിക്കുന്നതു്. ഇന്നു് ഒരു വീട്ടിൽ മൂന്നു പേരുണ്ടെങ്കിൽ മൂന്നു ദ്വീപിൽ കഴിയുന്നവരെപോലെയാണു്. യഥാർത്ഥ ശാന്തിയും സമാധാനവും എന്തെന്നുകൂടി അറിയാൻ പാടില്ലാത്ത അവസ്ഥയിലെത്തി നില്ക്കുന്നു ലോകം. ഇതു മാറണം. സ്വാർത്ഥതയുടെ സ്ഥാനത്തു നിസ്സ്വാർത്ഥത വളരണം. പരസ്പരം ബന്ധത്തിന്റെ പേരിൽ വിലപേശുന്നതു അവസാനിപ്പിക്കണം. സ്‌നേഹം ബന്ധപാശമാകരുതു്. ജീവശ്വാസമാകണം. ഇതാണു് അമ്മയുടെ ആഗ്രഹം. ‘ഞാൻ സ്‌നേഹമാണു്, സ്‌നേഹസ്വരൂപമാണു്.’ ഈ ഒരു ഭാവം നമുക്കു വന്നുകഴിഞ്ഞാൽ പിന്നെ ശാന്തി തേടി എവിടെയും അലയേണ്ടതില്ല. ശാന്തി നമ്മളെ തേടി എത്തും. മനസ്സിന്റെ ഈ വിശാലതയിൽ സർവ്വവൈരുദ്ധ്യങ്ങളും അലിഞ്ഞില്ലാതാവും; സൂര്യോദയത്തോടെ മഞ്ഞൊഴിയുന്നതുപോലെ.

ചോദ്യം : വീണുപോയാല്‍ എന്തുചെയ്യും?

അമ്മ: വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ടു് അവിടെത്തന്നെ കിടക്കരുതു്. വീഴ്ച്ചയില്‍നിന്നും എഴുന്നേല്ക്കണം. വീണതു് എഴുന്നേല്ക്കാന്‍ വേണ്ടിയാണു്, വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണെന്നു കരുതണം. ജയവും തോല്‌വിയും ജീവിതത്തിന്റെ സ്വഭാവമാണു്. ഇനിയുള്ള ഓരോ ചുവടും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുവയ്ക്കണം. മഹാത്മാക്കളുടെ മാര്‍ഗ്ഗദര്‍ശനം വളരെ പ്രധാനമാണു്. ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കണം. അവ നമുക്കു വിവേകവും സമാധാനവും തരും. ഒപ്പം നമ്മുടെ പ്രയത്‌നവും, അതായതു് സാധനയും ആവശ്യമാണു്. സാക്ഷാത്കാരത്തിന്റെ തൊട്ടുമുന്‍പത്തെ നിമിഷംവരെ വളരെ ശ്രദ്ധയോടെ നീങ്ങണം എന്നുപറയും. ഏതു നിമിഷവും വീഴാന്‍ സാദ്ധ്യതയുണ്ടു് എന്നോര്‍ക്കണം.

ചോദ്യം : അഥവാ വീണാല്‍ വീണ്ടും എഴുന്നേല്ക്കാന്‍ അമ്മ സഹായിക്കുമോ?

അമ്മ: അമ്മ എപ്പോഴും കൂടെയുണ്ടു് എന്നു വിചാരിക്കൂ. മക്കള്‍ എന്തിനു പേടിക്കണം. എന്നാല്‍ മക്കളില്‍ അതുപോലുള്ള വിശ്വാസവും പ്രയത്‌നവും അത്യാവശ്യമാണു്. നിഷ്‌കളങ്കതയോടെയും വിശ്വാസത്തോടെയും അമ്മയെ വിളിച്ചാല്‍ അമ്മ എപ്പോഴും കൂടെ ഉണ്ടായിരിക്കും. മക്കള്‍ വീണാലും പിടഞ്ഞെഴുന്നേല്ക്കണം. വീഴ്ച്ചയെയും ഉയര്‍ച്ചയായി മാറ്റണം.

ചോദ്യം : സാക്ഷാത്കാരം ലഭിച്ച മഹാത്മാക്കള്‍ക്കു് ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകുമോ?

അമ്മ: ഇല്ല. അവര്‍ എല്ലാത്തിനും സാക്ഷിയാണു്. മനസ്സു് അവരുടെ കൈയിലാണു്. അവര്‍ ഇച്ഛിക്കുന്നതുപോലെ മാത്രമേ മനസ്സു് ചലിക്കുകയുള്ളൂ. എന്നാല്‍ സാധാരണ ജനങ്ങളാകട്ടെ അവരുടെ മനസ്സിന്റെ പിടിയിലാണു്. മനസ്സു് പറയുന്നതുപോലെയാണു് അവര്‍ നീങ്ങുന്നതു്. മഹാത്മാക്കളുടെ മനസ്സു് ബെന്‍സ് കാറിന്റെ ബ്രേക്കു പോലെയാണു്. നല്ല സ്പീഡില്‍ ഓടിയാലും ബ്രേക്കു പിടിച്ചാല്‍ അപ്പോള്‍ കാര്‍ നില്ക്കും. മറിയില്ല. അതുപോലെ ഏതു സാഹചര്യത്തിലും മനസ്സിനെ പൂര്‍ണ്ണനിയന്ത്രണത്തില്‍ വയ്ക്കാന്‍ മഹാത്മാക്കള്‍ക്കു കഴിയും. ഏതു വസ്തുവിനെയും വേണ്ടെന്നു വയ്ക്കാനും വേണമെന്നു വയ്ക്കാനും അവര്‍ക്കു സാധിക്കും, കാരണം അവര്‍ എല്ലാത്തിനും സാക്ഷി മാത്രമാണു്. യഥാര്‍ത്ഥ മഹാത്മാക്കളെക്കുറിച്ചാണു് അമ്മ ഇങ്ങനെ പറയുന്നതു്. രാഗദ്വേഷങ്ങള്‍ ഉള്ളില്‍വച്ചുകൊണ്ടു ബന്ധമില്ലെന്നു പറഞ്ഞു നടക്കുന്നവരെക്കുറിച്ചല്ല.

ചോദ്യം : അമ്മേ, മനസ്സു പറയുന്ന വഴിയേ അറിയാതെ ഞങ്ങളും പോകുന്നു. എന്തുചെയ്യും ഇങ്ങനെയായാല്‍?

അമ്മ: മക്കളിന്നു മനസ്സിനെയാണു വിശ്വസിക്കുന്നുതു്. മനസ്സു കുരങ്ങിനെപ്പോലെയാണു്. എപ്പോഴും ഒന്നില്‍നിന്നു മറ്റൊന്നിലേക്കു ചാടിക്കൊണ്ടിരിക്കുന്നു. മനസ്സിനെ കൂട്ടുപിടിക്കുന്നതു മണ്ടനെ കൂട്ടുപിടിക്കുന്നതുപോലെയാണു്. അതു് എപ്പോഴും കുഴപ്പങ്ങള്‍ കാട്ടികൊണ്ടിരിക്കും. നമുക്കു് ഒരിക്കലും സ്വൈര്യമില്ല. വിഡ്ഢിയെ കൂട്ടുപിടിച്ചാല്‍ നമ്മളും വിഡ്ഢിയായിത്തീരും. അതുപോലെ മനസ്സിനെ വിശ്വസിക്കുന്നതു്, മനസ്സിന്റെ വഴിയെ പോകുന്നതു്, വിഡ്ഢിത്തമാണു്. മനസ്സിന്റെ പിടിയില്‍പ്പെടരുതു്. നമ്മുടെ ലക്ഷ്യം നാം എപ്പോഴും ഓര്‍ക്കണം. ഈശ്വരസാക്ഷാത്കാരമാണു നമ്മുടെ ലക്ഷ്യം. വഴിയില്‍ കാണുന്ന കാര്യങ്ങള്‍ നമ്മളെ വ്യതിചലിപ്പിക്കരുതു്.

ചോദ്യം : എത്ര ശ്രമിച്ചിട്ടും മനസ്സില്‍ ദുഷ്ചിന്തകള്‍ വരുന്നുണ്ടല്ലോ അമ്മേ?

അമ്മ: മക്കള്‍ ഭയക്കേണ്ട. മനസ്സില്‍ വരുന്ന അത്തരം ചിന്തകള്‍ക്കു ഗൗരവം കൊടുക്കരുതു്. നമ്മള്‍ ബസ്സില്‍ ഒരു തീര്‍ത്ഥയാത്ര ചെയ്യുകയാണെന്നു കരുതുക. ജനലില്‍ക്കൂടി നോക്കിയാല്‍ പുറത്തെ കാഴ്ചകള്‍ കാണാം. ചിലതു മനോഹരമായ ദൃശ്യങ്ങള്‍ ആയിരിക്കാം. എത്ര നല്ല കാഴ്ചയാണെങ്കിലും ബസ്സു് മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ അതു മറക്കുന്നു. നമ്മുടെ ലക്ഷ്യത്തെക്കുറിച്ചുതന്നെ ഓര്‍ക്കുന്നു. അതുപോലെ മനസ്സിലൂടെ കടന്നുവരുന്ന ചിന്തകളെയും വാസനകളെയും കാണണം. അപ്പോള്‍ അവ നമ്മെ അധികം ബാധിക്കുകയില്ല. മനസ്സിനു രണ്ടു ഭാഗങ്ങള്‍ ഉണ്ടു്. ഒന്നു ലക്ഷ്യത്തിലേക്കു് ഉറ്റു നോക്കുന്നു; സാക്ഷാത്കാരം ആഗ്രഹിക്കുന്നു. മറ്റേതു ബാഹ്യലോകത്തിലേക്കും. ഇവ തമ്മില്‍ പിടിവലി എന്തായാലും നടക്കും. മനസ്സിലെ ചിന്തകളുമായി ബന്ധിക്കാതെ അവയ്ക്കു പ്രാധാന്യം നല്കാതെ മുന്നോട്ടു പോയാല്‍ പ്രശ്‌നമില്ല.

നമ്മുടെ ഇപ്പോഴത്തെ മനസ്സു് വഴിയരികിലിരിക്കുന്ന ഒരു കണ്ണാടിപോലെയാണു്. വഴിയില്‍ കൂടി ഒരു പട്ടിപോയാലും പൂച്ച പോയാലും ആടു പോയാലും കണ്ണാടിയില്‍ അതെല്ലാം തെളിഞ്ഞു കാണാം. അതുപോലെ കാണുന്നതിലും കേള്‍ക്കുന്നതിലുമെല്ലാം മനസ്സു പോകുന്നു. എന്നാല്‍ കണ്ണാടിയുടെ മറ്റൊരു ഗുണം നമുക്കില്ല. കണ്ണാടിയില്‍ എല്ലാം തെളിഞ്ഞു കണ്ടാലും ഒന്നും അതിനെ ബാധിക്കുന്നില്ല. എല്ലാം അപ്പപ്പോള്‍ മാഞ്ഞുപോകും. അതിനു് ഒന്നിനോടും ബന്ധമില്ല. നമ്മുടെ മനസ്സും ഒരു കണ്ണാടിപോലെയാകണം. കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും എല്ലാം വഴിവക്കിലെ ദൃശ്യംപോലെ നമ്മള്‍ അപ്പപ്പോള്‍ ഉപേക്ഷിക്കണം. ഒന്നിനോടും ബന്ധം പാടില്ല. ഈ വരികയും പോകുകയും ചെയ്യുന്ന ചിന്തകളെല്ലാം മനസ്സിന്റെ സ്വഭാവമാണു്, ആത്മാവിനു ബാധകമല്ല എന്നു നമ്മള്‍ ദൃഢമായി അറിയണം. ഒരു സാക്ഷിയെപ്പോലെ കഴിയുക.

ഒരു നദി ഒഴുകുകയാണു്. നദിയില്‍ വെള്ളം മാത്രമല്ല പല വസ്തുക്കളും അതിലൂടെ ഒഴികിപ്പോകുന്നു. മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നു. അതെല്ലാം നദിയുടെ സ്വഭാവമാണു്. നദിയിലേക്കു ചാടാതെ നദീതീരത്തിരുന്നു നോക്കിയാല്‍ ഇവയെല്ലാം നമുക്കു് ആനന്ദമേകും. എന്നാല്‍ നദിയില്‍ എടുത്തു ചാടിയാലോ, നമ്മളും ആ ഒഴുക്കില്‍പ്പെട്ടു് അപകടത്തിലാകും, മുങ്ങി മരിച്ചെന്നും വരാം. ഇതുപോലെ മനസ്സിന്റെ ഒഴുക്കില്‍പ്പെടാതെ സാക്ഷിയെപോലെ കഴിയണം.

ദുര്‍ഘടമായ ഒരു വഴിയാണു നമുക്കു തരണം ചെയ്യാനുള്ളതു്. ഇതേവരെ ലോകസുഖങ്ങളില്‍ ഭ്രമിച്ച നമ്മള്‍ ഇപ്പോള്‍ സാധന ചെയ്യാന്‍ തുടങ്ങുകയാണു്. നദിക്കു കുറുകെയുള്ള ഒരു നൂല്പാലം കടക്കുന്നതുപോലെയാണതു്. ഇത്രയും കാലം ഉപയോഗിക്കാത്തതിനാല്‍ പാലം മുഴുവന്‍ പായല്‍ നിറഞ്ഞിരിക്കുന്നു. നല്ലപോലെ വഴുക്കലും ഉണ്ടു്. ഓരോ ചുവടും ശ്രദ്ധയോടെ വയ്ക്കണം. ആഗ്രഹങ്ങളും ക്രോധവും അസൂയയുമൊക്കെ മനസ്സില്‍ വരുമ്പോള്‍ വിവേചിക്കണം. ലക്ഷ്യം മറക്കാതെ മക്കള്‍ ജാഗ്രതയോടെ മുന്നോട്ടുപോകണം. കാരണം ഏതു നിമിഷവും നമ്മള്‍ വീണു പോയേക്കാം.