ചോദ്യം : അമ്മേ, ജീവിതത്തില്‍ ഒരു ശാന്തിയും സമാധാനവുമില്ല. എന്നും ദുഃഖം മാത്രമേയുള്ളൂ. ഇങ്ങനെ എന്തിനു ജീവിക്കണം എന്നുകൂടി ചിന്തിച്ചുപോകുന്നു.

അമ്മ: മോളേ, നിന്നിലെ അഹങ്കാരമാണു നിന്നെ ദുഃഖിപ്പിക്കുന്നതു്. ശാന്തിയുടെയും സമാധാനത്തിന്‍റെയും ഉറവിടമായ ഈശ്വരന്‍ നമ്മില്‍ത്തന്നെയുണ്ടു്. പക്ഷേ, അഹംഭാവം കളഞ്ഞു സാധന ചെയ്താലേ അതിനെ അറിയാന്‍ കഴിയൂ. കുട കക്ഷത്തില്‍ വച്ചുകൊണ്ടു്, വെയിലു കാരണം എനിക്കിനി ഒരടികൂടി മുന്നോട്ടു വയ്ക്കാന്‍ വയ്യ, ഞാന്‍ തളരുന്നു എന്നു പറയുന്നതുപോലെയാണു മോളുടെ സ്ഥിതി. കുട നിവര്‍ത്തിപ്പിടിച്ചു നടന്നിരുന്നുവെങ്കില്‍ വെയിലേറ്റു തളരത്തില്ലായിരുന്നു. ആദ്ധ്യാത്മികഗുണങ്ങള്‍ നമ്മില്‍ത്തന്നെയുണ്ടു്. അതു മനസ്സിലാക്കാത്തതു മൂലം ദുഃഖിക്കുന്നു. അതിനു ജീവിതത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ അഹംഭാവത്തെ കളഞ്ഞു് അവിടെ ഈശ്വരനെ പ്രതിഷ്ഠിച്ചാല്‍ മതി. ശാന്തിയും സമാധാനവും തേടി എങ്ങും അലയേണ്ടിവരില്ല. മോളേ, ശരിയായ ആദര്‍ശവും തത്ത്വവുംതന്നെ ഈശ്വരന്‍. പക്ഷേ, അഹംഭാവമുള്ള മനസ്സില്‍ ആദര്‍ശത്തിനു സ്ഥാനമില്ല. അതിനാല്‍ അഹംഭാവത്തെ വിനയത്തിലൂടെ കളയണം. അപ്പോള്‍ നമ്മിലിരിക്കുന്ന ശക്തികൊണ്ടു നമുക്കു ശാന്തിയും സമാധാനവും കിട്ടും.

സ്വര്‍ണ്ണം തീയില്‍ വയ്ക്കുന്നതിന്‍റെ ഫലമായി നമ്മള്‍ ഇച്ഛിക്കുന്ന രൂപത്തില്‍ അതിനെ വാര്‍ത്തുകൊണ്ടുവരാന്‍ കഴിയുന്നു. ഇരുമ്പിനെ തീയില്‍ ചുടുന്നതുമൂലം നമുക്കാവശ്യമുള്ള രീതിയില്‍ അതിനെ രൂപപ്പെടുത്താന്‍ സാധിക്കുന്നു. അതുപോലെ നമ്മിലെ അഹങ്കാരത്തെ ഈശ്വരനാകുന്ന അഗ്നിയില്‍ ഹോമിച്ചു കഴിയുമ്പോള്‍ നമുക്കു നമ്മുടെ യഥാര്‍ത്ഥ സ്വരൂപമായിത്തീരാന്‍ സാധിക്കും.

ചോദ്യം : അമ്മേ, ക്ഷേത്രത്തില്‍ പോകുന്നുണ്ടു്, അമ്മയുടെ അടുത്തു വരുന്നുണ്ടു്, പിന്നെ എന്തിനു ധ്യാനിക്കണം ജപിക്കണം?

അമ്മ: മക്കളേ, നിങ്ങള്‍ ഇവിടെ എത്ര വര്‍ഷങ്ങള്‍ വന്നാലും, ക്ഷേത്രത്തില്‍ ആയിരം ദര്‍ശനം നടത്തിയാലും നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു വിചാരിക്കേണ്ടാ. നാല്പതു വര്‍ഷമായി ക്ഷേത്രത്തില്‍ പോകുന്നു, ഒരു ഫലവുമില്ലെന്നു പറഞ്ഞു് ഈശ്വരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഹൃദയം ശുദ്ധമായില്ലെങ്കില്‍ യാതൊരു ഫല വുമില്ല. വീട്ടില്‍ച്ചെന്നു ചെയ്യേണ്ട ജോലികളെ ചിന്തിച്ചും, തിരിയെ പോകാനുള്ള ധൃതിവച്ചും വന്നാല്‍ യാതൊരു പ്രയോജനവുമില്ല. ക്ഷേത്രത്തില്‍ ചെന്നാലും, ഇവിടെ വന്നാലും, ഈശ്വരനാമം ജപിക്കുക. എങ്കിലേ, നിങ്ങള്‍ക്കു ഫലപ്രാപ്തിയുണ്ടാവുകയുള്ളൂ. നിങ്ങളുടെ ഹൃദയം ഈശ്വരലോകത്തിലേക്കു റ്റിയൂണ്‍ ചെയ്യണം.

തിരുപ്പതിയിലോ കാശിയിലോ പോയതുകൊണ്ടുമാത്രം മുക്തി കിട്ടത്തില്ല. അവിടെച്ചെന്നു കുളിച്ചു വലത്തിട്ടെന്നും പറഞ്ഞിട്ടു ഫലമില്ല. തിരുപ്പതിയില്‍ ചെന്നതുകൊണ്ടു മുക്തി കിട്ടുമായിരുന്നെങ്കില്‍ അവിടെ ബിസിനസ്സു ചെയ്യുന്നവര്‍ക്കൊക്കെ മുക്തി കിട്ടണ്ടേ? കൊള്ളയും കൊലയും ചെയ്തു കാശിയില്‍ കഴിയുന്നവര്‍ക്കൊക്കെ മോക്ഷം കിട്ടണ്ടേ? അതില്ല. നിങ്ങളുടെ ഹൃദയമാണു ശുദ്ധമാക്കേണ്ടതു്. എങ്കിലേ എവിടെച്ചെന്നാലും ഫലമുള്ളൂ.

ഇന്നു് അതല്ല, നേരത്തെ ലോഡ്ജും ബുക്കു ചെയ്തു വീട്ടില്‍നിന്നു തിരിക്കുമ്പോഴേ വീട്ടുകാര്യവും നാട്ടുകാര്യവും പറഞ്ഞുകൊണ്ടായിരിക്കും യാത്ര. ക്ഷേത്രത്തില്‍ പോയാലും പൈസ കൊടുത്താലും വിളക്കു കത്തിച്ചാലും നമ്മള്‍കൂടി നാമം ജപിച്ചാലേ കാര്യമുള്ളൂ. മെറ്റലില്‍ അഴുക്കില്ലെങ്കിലേ കോണ്‍ക്രീറ്റു് ഉറയ്ക്കൂ. അതുപോലെ നാമജപത്തിലൂടെ ഹൃദയം ശുദ്ധമായെങ്കിലേ ഈശ്വരനെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിയൂ. നാമജപംകൊണ്ടു മാത്രമാണു മനസ്സിനെ ശുദ്ധീകരിക്കുവാന്‍ പറ്റുന്നതു്.

ടി.വി. കേന്ദ്രത്തില്‍നിന്നു പരിപാടികള്‍ അയയ്ക്കുന്നുണ്ടു്. ഇവിടെ സ്റ്റേഷന്‍ അനുസരിച്ചുവച്ചാലല്ലേ അതില്‍ കിട്ടുകയുള്ളൂ, സ്റ്റേഷന്‍ ശരിയാക്കാതെ ഒന്നും കാണുന്നില്ലെന്നു പറഞ്ഞു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടെന്താണു പ്രയോജനം? ഈശ്വരന്‍റെ കൃപ നമ്മളില്‍ എന്നുമുണ്ടു്. പക്ഷേ, നമുക്കു പ്രയോജനപ്പെടണമെങ്കില്‍ അദ്ദേഹത്തിന്‍റെ ലോകവുമായി നമ്മള്‍ ട്യൂണ്‍ ചെയ്യണം. അതില്ലാതെ അദ്ദേഹത്തെ പഴിച്ചിട്ടു കാര്യമില്ല. ഈശ്വരന്‍റെ ലോകവുമായി ട്യൂണ്‍ ചെയ്യാത്തിടത്തോളം കാലം നമ്മളിലുള്ളതു അറിവില്ലായ്മയുടെ അപശ്രുതിയാണു്. ഈശ്വരന്‍റെ ശ്രുതിയല്ല. അവിടുന്നു കൃപാലുതന്നെ. നമ്മള്‍ ഒരു നല്ല മനസ്സിനെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുക. അതാണു വേണ്ടതു്.

ചോദ്യം: അങ്ങനെയാണെങ്കില്‍ പിന്നെ ശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ലല്ലോ?

അമ്മ: വേദാന്തം പഠിക്കുന്നതു നല്ലതാണു്. വളരെ വേഗം ഈശ്വരനിലേക്കെത്താനുള്ള മാര്‍ഗ്ഗം തെളിഞ്ഞു കിട്ടും. ഈശ്വരന്‍ വളരെ അടുത്താണു്, തന്നില്‍ത്തന്നെയാണു്, എന്നു് അവര്‍ക്കറിയാന്‍ കഴിയും. എന്നാല്‍ ഇന്നു പലരും വേദാന്തം വെറും പറച്ചിലില്‍ മാത്രം ഒതുക്കുന്നു; അതവരുടെ പ്രവൃത്തികളില്‍ പ്രതിഫലിക്കുന്നില്ല. തലയില്‍ ചുമക്കാനുള്ള ഭാരമല്ല; മനസ്സിനു പരിശീലിക്കാനുള്ള തത്ത്വമാണു വേദാന്തം. ഇതറിയാത്തതുകൊണ്ടു പലരും അഹങ്കാരികളായി മാറുന്നു. വേദാന്തം ശരിയായി മനസ്സിലാക്കുംതോറും, ഒരുവനില്‍ വിനയം സ്വാഭാവികമായും വരും. താന്‍ ഈശ്വരസ്വരൂപം തന്നെയാണെന്നു് അറിയാന്‍ വേദാന്തം സഹായിക്കും, പക്ഷേ, അതു് അനുഭവത്തില്‍ വരുത്തണമെങ്കില്‍, വേദാന്തതത്ത്വങ്ങളനുസരിച്ചു ജീവിക്കുവാന്‍ നാം തയ്യാറാകണം.

ശര്‍ക്കര എന്നു് എഴുതി നക്കിയാല്‍ മധുരം നുകരുവാന്‍ കഴിയില്ല. മധുരം വേണമെങ്കില്‍ ശര്‍ക്കര നുണയുകതന്നെ വേണം. ബ്രഹ്മത്തെക്കുറിച്ചു വായിച്ചതുകൊണ്ടോ, പറഞ്ഞതുകൊണ്ടോ ബ്രഹ്മാനുഭവം നേടാന്‍ കഴിയില്ല. വായിച്ചതും പഠിച്ചതും പ്രവൃത്തിയില്‍ തെളിയണം. അപ്പോഴാണു് അറിവു് അനുഭവമാകുന്നതു്. ഉത്സാഹത്തിനു പ്രോത്സാഹനം ആവശ്യമാണു്. വേദാന്തം പഠിച്ചവരുടെ ജീവിതമാണു മറ്റുള്ളവര്‍ക്കു് ആ പാതയില്‍ നീങ്ങുവാന്‍ വേണ്ട പ്രചോദനം നല്കുന്നതു്. ചിലര്‍ ‘ഞാന്‍ ബ്രഹ്മം’ എന്നു പറഞ്ഞു വെറുതേ ഇരിക്കുന്നതു കാണാം. എങ്കില്‍ പിന്നെ ഈ ബ്രഹ്മം എന്തിനാണു ശരീരമെടുത്തതു്, അരൂപമായിട്ടിരുന്നാല്‍ മതിയായിരുന്നില്ലെ. നമുക്കു ശരീരം ലഭിച്ച സ്ഥിതിക്കു നമ്മള്‍ ആ തത്ത്വം ജീവിച്ചു കാണിക്കണം. ഇതു മനസ്സിലാക്കിയവരില്‍ വിനയം സ്വാഭാവികമായും വരും.

അമ്മയുടെ ജീവിതം അമ്മ പറഞ്ഞു. മറ്റുള്ളവരും അതു് അതേ പടി സ്വീകരിക്കണമെന്നു് അമ്മ നിര്‍ബന്ധിക്കുന്നില്ല. നിങ്ങള്‍ നിങ്ങളുടെ അനുഭവംവച്ചു നീങ്ങുക. നിങ്ങള്‍ ആരെന്നറിയുക ഇതു മാത്രമേ അമ്മ പറയുന്നുള്ളൂ.

മക്കളേ, സമസ്തവേദങ്ങളുടെയും സാരമാണു ഭഗവദ്ഗീത. മനുഷ്യരാശിക്കാകമാനം വേണ്ടിയുള്ളതാണു ഗീതാസന്ദേശം. പ്രതികൂല സാഹചര്യങ്ങളുടെ നടുവിൽ സ്വധർമ്മം എന്തെന്നറിയാതെ തളർന്നുപോയ അർജ്ജുനനെ നിമിത്തമാക്കി ഭഗവാൻ ലോകത്തിനു മുഴുവൻ നല്കിയ സന്ദേശമാണത് . അതിൽ ഭക്തിയും ജ്ഞാനവും കർമ്മവും യോഗവും മറ്റനേകം സാധനാമാർഗ്ഗങ്ങളും തത്ത്വങ്ങളും സമ്മേളിക്കുന്നു. വിഭിന്ന സംസ്‌കാരങ്ങളിലൂടെ വന്നവർക്കും പരമപദത്തിലേക്ക് ഉയരാനുള്ള മാർഗ്ഗം കാട്ടിത്തരാൻ വന്ന ആളാണു ശ്രീകൃഷ്ണഭഗവാൻ. ഒരു ഹോട്ടലിൽ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കിൽ, അത് ഇഷ്ടപ്പെടുന്നവർ മാത്രമേ അവിടെ വരുകയുള്ളൂ. ഭിന്നരുചിയിലുള്ള ആഹാരങ്ങൾ എല്ലാവരെയും ആകർഷിക്കും. ഒരേ അളവിലുള്ള വസ്ര്തം എല്ലാവർക്കും ചേരില്ല. വ്യത്യസ്ത അളവിലുള്ള വസ്ര്തങ്ങൾ ഉണ്ടെങ്കിൽ എല്ലാവർക്കും ഉപകരിക്കും. അതുപോലെ ജീവിതത്തിന്‍റെ ഏതു തുറയിൽപ്പെട്ടവർക്കും ആത്മപദത്തിലേക്ക് ഉയരാനുള്ള മാർഗ്ഗം ഗീത കാട്ടിത്തരുന്നു. ഓരോരുത്തരെയും അവനവൻ നില്ക്കുന്ന തലത്തിൽനിന്നു കൈപിടിച്ചുയർത്തുന്നതാണു ഭഗവാന്‍റെ വാക്കുകൾ.

ഗുരുവും ഗുരൂപദേശവും രണ്ടല്ല. അതുപോലെ ഭഗവാനും ഭഗവദ്ഗീതയും രണ്ടല്ല. ഭഗവാന്‍റെ ജീവിതത്തിന്‍റെ വ്യാഖ്യാനമാണു ഗീത. ഗീതയുടെ വ്യാഖ്യാനമാണു ഭഗവാന്‍റെ ജീവിതം. സകലരെയും തഴുകിത്തലോടി ഉണർത്തിയ ഒരു കുളിർകാറ്റുപോലെയായിരുന്നു ഭഗവാന്‍റെ ജീവിതം. അതുപോലെ സംസാരദുഃഖത്തിന്‍റെ ചൂടിൽ നീറുന്ന മനുഷ്യർക്കു തണലായി, സർവ്വാഭീഷ്ടങ്ങളും നല്കുന്ന കല്പവൃക്ഷമായി വിളങ്ങുന്നു ഗീത. ഭഗവാൻ വേദമാകുന്ന പാൽക്കടൽ കടഞ്ഞു നമുക്കു നല്കിയ അമൃതാണു ഗീത. ഭഗവാന്‍റെ തന്നെ ഭഗവാന്‍റെ നിത്യസാന്നിദ്ധ്യമായി ഗീത എന്നെന്നും ലോകത്തെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കും.

മക്കളേ ഗീത പഠിക്കുന്നത് കൃഷ്ണനാകാനാണ് , രാമായണം പഠിക്കുന്നത് രാമനാകാനാണ് .

ശുദ്ധാശുദ്ധം ജീവഗുണം..
ഈശ്വരതത്ത്വം പരിശുദ്ധം.
വിശുദ്ധരാക്കും മനുജരെ നമ്മൾ..
പ്രശസ്തരാക്കാൻ നോക്കീടും.

വിശുദ്ധതത്ത്വ പ്രതിരൂപം..
അശുദ്ധി തീർക്കും നരരൂപം..
അവതാരത്തിൻ മഹിമയെ നമ്മൾ..
അറിയാൻ നിർമ്മലരാകേണം

ഭാരതഭൂവിൻ നറുമലരായ്..
ശാന്തിപരത്തും അവനിയിലായ്..
ഇരുളറിയാത്താ പകലോനായ്‌..
വിശുദ്ധി ചൊരിയും നിറകുടമായ്..

പ്രസക്തരായവർ വാഴുന്നു..
വിശുദ്ധരായ് ഹൃദി വിലസുന്നു.

– അഭേദാമൃത