ചോദ്യം: അമ്മേ, ഈശ്വരനെ ആശ്രയിച്ചിട്ടും മനുഷ്യന്‍ ദുഃഖിക്കുന്നതു് എന്തുകൊണ്ടാണു്? എന്തുകൊണ്ടു് ഈശ്വരനു് എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്തുകൂടാ?
അമ്മ : മോനേ, ഇന്നു മിക്കവരും ഈശ്വരനെ ആശ്രയിക്കുന്നതു് ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടുവാന്‍വേണ്ടി മാത്രമാണു്. അതു് ഈശ്വരനോടുള്ള സ്നേഹമല്ല, വസ്തുവിനോടുള്ള സ്നേഹമാണു്. സ്വാര്‍ത്ഥത മൂലമുള്ള ആഗ്രഹങ്ങള്‍ കാരണം ഇന്നു നമുക്കാരോടും കരുണയില്ല. അന്യരോടു കരുണയില്ലാത്ത ഹൃദയത്തില്‍ ഈശ്വരകൃപ എങ്ങനെയുണ്ടാകും? എങ്ങനെ ദുഃഖങ്ങള്‍ ഇല്ലാതാകും? ആഗ്രഹങ്ങള്‍ സാധിക്കുന്നതിനുവേണ്ടി ഈശ്വരനെ ആശ്രയിച്ചാല്‍ ദുഃഖത്തില്‍നിന്നു മോചനം നേടുവാന്‍ കഴിയില്ല. ദുഃഖങ്ങള്‍ ഒഴിയണമെങ്കില്‍ ആഗ്രഹങ്ങള്‍ ഇല്ലാതാക്കി അവിടുത്തോടു ഭക്തിയും വിശ്വാസവും വരുവാന്‍ വേണ്ടി വേണം പ്രാര്‍ത്ഥിക്കുവാന്‍.

അങ്ങനെയായാല്‍ നമ്മുടെ എല്ലാ ആവശ്യങ്ങളും അവിടുന്നു നിറവേറ്റിത്തരും. രാജകൊട്ടാരത്തിലിരിക്കുന്ന നിസ്സാരവസ്തുക്കളെയല്ല സ്നേഹിക്കേണ്ടതു്. അദ്ദേഹത്തെത്തന്നെ സ്നേഹിക്കാന്‍ നോക്കണം, രാജാവിനെ കൈയില്‍ക്കിട്ടിയാല്‍ കൊട്ടാരത്തിലെ കലവറ മുഴുവന്‍ നമുക്കു സ്വന്തമായെന്നു വരാം. ‘ജോലി തരണേ, വീടു തരണേ കുട്ടിയെത്തരണേ’ ഇങ്ങനെയൊന്നുമല്ല നാം ഈശ്വരനോടു പ്രാര്‍ത്ഥിക്കേണ്ടതു്. ‘ഈശ്വരാ, നീ എനിക്കു സ്വന്തമായി വാ’ എന്നുവേണം പ്രാര്‍ത്ഥിക്കുവാന്‍. ഈശ്വരനെ കിട്ടിക്കഴിഞ്ഞാല്‍, അവിടുത്തെ കൃപ നേടുവാന്‍ കഴിഞ്ഞാല്‍ ത്രിലോകങ്ങളും നമ്മുടെ കാല്ക്കീഴില്‍ വരും. അവയെ ഭരിക്കാനുള്ള ശക്തിയും നമുക്കു കിട്ടും. പക്ഷേ, നമ്മുടെ പ്രവൃത്തികള്‍ നന്നായിരിക്കണം.
മക്കളേ, പ്രാര്‍ത്ഥിക്കുന്നതു ഭഗവാനുവേണ്ടി മാത്രമായിരിക്കണം. എങ്കിലേ പൂര്‍ണ്ണമായ സംതൃപ്തി നേടുവാന്‍ കഴിയൂ. ശര്‍ക്കരയില്‍ എന്തുചെന്നു വീണാലും അതു മധുരമായിത്തീരുന്നു. അതു പോലെ ഈശ്വരന്‍റെ സാമീപ്യത്തില്‍ നമുക്കു കിട്ടുന്നതു് ആനന്ദം മാത്രമാണു്. റാണിയീച്ചയെ മാത്രം പിടിച്ചാല്‍ മതി മറ്റുള്ള ഈച്ചകളൊക്കെ കൂടെപ്പോരും. ഈശ്വരനെ ആശ്രയിച്ചാല്‍ ആദ്ധ്യാത്മികവും ഭൗതികവും ആയ സര്‍വ്വ നേട്ടങ്ങളുമുണ്ടാകും.
ആഗ്രഹങ്ങള്‍ സാധിക്കുവാന്‍വേണ്ടി ഈശ്വരനെ ആശ്രയിക്കുന്നവര്‍ക്കു്, അവ സഫലമായാല്‍ ഈശ്വരനിലുള്ള ഭക്തിയും വിശ്വാസവും വര്‍ദ്ധിക്കും. സാധിച്ചില്ലെങ്കിലോ, ഉള്ള വിശ്വാസംകൂടി നഷ്ടമാകും. എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ എങ്ങനെ കഴിയും? ഒരു ഡോക്ടര്‍ ആഗ്രഹിക്കുന്നതു് ‘എനിക്കു ദിവസവും ധാരാളം രോഗികളെ കിട്ടണ’മെന്നാണു്. അതിനുവേണ്ടി സദാ ഈശ്വരനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യും. രോഗികളെ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിനു് ഈശ്വരനിലുള്ള വിശ്വാസം നഷ്ടമാകില്ലേ? അതേ സമയം രോഗികളുടെ പ്രാര്‍ത്ഥന ‘ഈശ്വരാ, ഞങ്ങളെ ഇനിയും രോഗികളാക്കരുതേ, ഞങ്ങള്‍ക്കുള്ള രോഗങ്ങള്‍ തീര്‍ത്തു തരണേ’ എന്നാണു്. ഒരാള്‍ ശവം കൊണ്ടുവരുവാന്‍വേണ്ടി ഒരു വണ്ടി വാങ്ങി. ദിവസവും അയാളുടെ പ്രാര്‍ത്ഥന മുടക്കം കൂടാതെ ശവം കിട്ടണേ’ എന്നാണു്. ശവപ്പെട്ടി വില്പനക്കാരന്‍റെ പ്രാര്‍ത്ഥനയും അതുതന്നെ. അതേസമയം ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനയോ? ഒരിക്കലും മരിക്കല്ലേ എന്നുമാണു്. എങ്ങനെ ഇരു കൂട്ടരുടെയും ആഗ്രഹം ഒരേസമയം സാധിച്ചു കൊടുക്കുവാന്‍ കഴിയും? ഒരു വക്കീല്‍ ദിവസവും കേസു കിട്ടുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ജനങ്ങളുടെ പ്രാര്‍ത്ഥന കേസിലൊന്നും ചെന്നു പെടല്ലേ എന്നാണു്. ഇതുപോലെ അനേകം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണു് ഈ ലോകം. എല്ലാവരുടെയും ആഗ്രഹങ്ങള്‍ ഒരുപോലെ സാധിച്ചു കിട്ടുക പ്രയാസമാണു്. വൈരുദ്ധ്യം നിറഞ്ഞ ഈ ലോകത്തില്‍ സംതൃപ്തിയോടും സമാധാനത്തോടുംകൂടി ജീവിക്കുവാന്‍ പ്രയാസമില്ല. ആദ്ധ്യാത്മികതത്ത്വങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചു ജീവിച്ചാല്‍ മതി.
അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് കഴിഞ്ഞയാളിനു തെങ്ങു നട്ടു വളര്‍ത്താന്‍ പ്രയാസമില്ല. തെങ്ങിനെന്തെങ്കിലും രോഗം ബാധിച്ചാല്‍ പെട്ടെന്നറിഞ്ഞു് അതു മാറ്റാന്‍ കഴിയും. അതുപോലെ ആത്മീയ തത്ത്വങ്ങള്‍ മനസ്സിലാക്കിയിരുന്നാല്‍, അതുള്‍ക്കൊണ്ടു ജീവിതം നയിച്ചാല്‍ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ടുപോകുവാന്‍ കഴിയും. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിന്‍റെ പ്രവര്‍ത്തനരീതി വിവരിക്കുന്ന പുസ്തകം കൂടിത്തരും. അതു പഠിച്ചിരുന്നാല്‍ ശരിയായി മെഷീന്‍ പ്രവര്‍ത്തിപ്പിക്കാം. മനസ്സിലാക്കാതെ പ്രവര്‍ത്തിപ്പിച്ചാല്‍ യന്ത്രം വേഗം ചീത്തയാകും. അതുപോലെ ഈ ലോകത്തെങ്ങനെ ജീവിക്കണമെന്നു ആത്മീയഗ്രന്ഥങ്ങളും മഹാത്മാക്കളും നമ്മെ പഠിപ്പിക്കുന്നു. അതു പിന്തുടര്‍ന്നാല്‍ ജീവിതം സഫലമാകും. ഇല്ലെങ്കില്‍ വ്യര്‍ത്ഥമാവുകയേയുള്ളൂ.
ചോദ്യം : സ്ത്രീകള്‍ ഋതുവായിരിക്കുമ്പോള്‍ ക്ഷേത്രത്തില്‍പ്പോകാന്‍ പാടില്ല, പൂജ ചെയ്യാന്‍ പാടില്ല എന്നും മറ്റും പറയുന്നു. അതു ശരിയാണോ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ? ഈശ്വരന്‍റെ വാസം ഒരു പ്രത്യേക സ്ഥലത്തു മാത്രമല്ലല്ലോ?

അമ്മ: മോളേ, ഈശ്വരന്‍ സര്‍വ്വവ്യാപിയാണു്. അദ്ദേഹം എല്ലായിടത്തും എല്ലായ്‌പ്പോഴുമുണ്ടു്. പക്ഷേ, നമ്മള്‍ ശുദ്ധാശുദ്ധിയൊക്കെ നോക്കണം. ബാഹ്യശുദ്ധി ആന്തരികശുദ്ധിക്കു വഴിതെളിക്കുന്നു. ഋതുവായിരിക്കുന്ന സമയം മനസ്സു് അസ്വസ്ഥമായിരിക്കും. കൂടാതെ ഗര്‍ഭിണികളെപ്പോലെ ശരീരത്തിനു ക്ഷീണവും മറ്റും അനുഭവപ്പെടും. വിശ്രമം ആവശ്യമാണു്. ഈ സമയം ശരിയായ ഏകാഗ്രതയോടെ പൂജകള്‍ ചെയ്യുവാനോ പ്രാര്‍ത്ഥിക്കുവാനോ പറ്റില്ല. അല്ല, നിങ്ങള്‍ക്കതിനു ശക്തിയുണ്ടു്, സാധിക്കും എങ്കില്‍ പൂജ ചെയ്തുകൊള്ളൂ.
ഋതുവായിരിക്കുന്ന സമയം ശരീരത്തില്‍ പല മാറ്റങ്ങളും നടക്കും. ശരീരത്തില്‍ ദുഷിച്ച അണുക്കളാണു് അപ്പോഴുള്ളതു്. അമ്മ ഈ പറഞ്ഞതു വെളയില്‍നിന്നു വന്ന ഒരു മോനു വിശ്വാസമായില്ല. അദ്ദേഹം അമേരിക്കയില്‍ തിരിച്ചുചെന്നപ്പോള്‍ ഒരു ശാസ്ത്രജ്ഞന്‍ നടത്തിയ പരീക്ഷണത്തെക്കുറിച്ചു് അറിയാനിടയായി. ഋതുവായിരിക്കുന്ന സ്ത്രീകളെയും അല്ലാത്തവരെയുംകൊണ്ടു് ഒരു ചെടിയില്‍ നിന്നും പുഷ്പം പറിപ്പിച്ചു. സാധാരണ സ്ത്രീകള്‍ പിച്ചിയ പുഷ്പം വാടുവാന്‍ അധികസമയമെടുത്തപ്പോള്‍ ഋതുവായിരിക്കുന്നവര്‍ പറിച്ച പുഷ്പം വേഗം വാടി. ഈ പരീക്ഷണത്തെക്കുറിച്ചറിഞ്ഞപ്പോള്‍ മാത്രമാണു് ആ മോനു് അമ്മ പറഞ്ഞതില്‍ വിശ്വാസം വന്നതു്. അമ്മ അനേകംപേരെ കണ്ടിട്ടുണ്ടു്, അവരുടെ അനുഭവം വച്ചാണു് അമ്മ പറയുന്നതു്. ഇന്നുള്ളവര്‍ക്കു് എന്തും പത്രത്തില്‍ കണ്ടാലേ വിശ്വാസമാകൂ. കുട്ടി വെള്ളത്തില്‍ വീഴുന്നതു കണ്ടുനിന്നയാള്‍ വന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. അപ്പോഴും പറയുന്നതു്, പത്രത്തില്‍ കാണട്ടെ വിശ്വസിക്കാം’ എന്നാണു്.

മോളേ, ഋതുവായിരിക്കുന്ന സമയം മന്ത്രം ജപിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, ക്ഷേത്രത്തിലും മറ്റും പോകാതിരിക്കുന്നതാണു നല്ലതു്. അന്തരീക്ഷശുദ്ധിക്കു കൂടിയാണിതു്. ഓഫീസിലും ഹോട്ടലിലും ചെല്ലുമ്പോഴുള്ള ഭാവനയല്ലല്ലോ നമുക്കു ക്ഷേത്രത്തില്‍ എത്തുമ്പോഴുള്ളതു്? അവിടുത്തെ സങ്കല്പം വേറെയാണു്. അതു നമ്മള്‍ കാത്തുസൂക്ഷിക്കണം. മോളേ, ഈശ്വരന്‍ കാറ്റുപോലെയാണു്. മലത്തിലും പുഷ്പത്തിലും കാറ്റു് ഒരുപോലെ വീശുന്നു. ഈശ്വരനു ശുദ്ധാശുദ്ധമൊന്നുമില്ല. പക്ഷേ, നമുക്കു വേണം. എങ്കിലേ, നമുക്കു വളരാന്‍ കഴിയൂ.
ചോദ്യം : ആത്മസാക്ഷാത്കാരത്തിനു പ്രത്യേകിച്ചൊരു ഗുരു ആവശ്യമില്ലെന്നാണോ അമ്മ പറയുന്നതു്?
അമ്മ: അങ്ങനെ അമ്മ പറയുന്നില്ല. ജന്മനാ സംഗീതവാസനയുള്ള ഒരാള്‍ പ്രത്യേക പഠനമൊന്നും കൂടാതെ എല്ലാ രാഗങ്ങളും പാടിയെന്നിരിക്കും. അതിനെ അനുകരിച്ചു മറ്റുള്ളവരും പഠിക്കാതെ പാടാന്‍ തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? അതിനാല്‍ ഗുരു വേണ്ട എന്നു് അമ്മ പറയില്ല. വേണ്ടത്ര ശ്രദ്ധയുള്ള അപൂര്‍വ്വം ചിലര്‍ക്കു് അങ്ങനെയും ആകാമെന്നേ ഉള്ളൂ.

ഏതൊന്നു കാണുമ്പോഴും വിവേകപൂര്‍വ്വം, ശ്രദ്ധാപൂര്‍വ്വം അവയെ വീക്ഷിക്കണം. ഒന്നിനോടും മമതയോ വിദ്വേഷമോവച്ചു പുലര്‍ത്താന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ ഏതില്‍നിന്നും നമുക്കു പാഠങ്ങള്‍ ഉള്‍ക്കൊണ്ടു നീങ്ങുവാന്‍ കഴിയും. പക്ഷേ, നമുക്കിടയില്‍ എത്രപേര്‍ക്കു് അതിനുള്ള വൈരാഗ്യവും ക്ഷമയും ഏകാഗ്രതയും ഉണ്ടു്? അതൊന്നുമില്ലാത്തവര്‍ക്കു ബാഹ്യഗുരുവിനെ ആശ്രയിക്കാതെ ലക്ഷ്യത്തിലെത്തുവാന്‍ പ്രയാസമാണു്. ഉള്ളിലെ ജ്ഞാനം ഉണര്‍ത്തുന്ന ആളാണു യഥാര്‍ത്ഥ ഗുരു. നമ്മുടെ കണ്ണിനു് അജ്ഞാനതിമിരം ബാധിച്ചതിനാല്‍ ആ ഗുരുവിനെ കാണുവാന്‍ ഇന്നു കഴിയുന്നില്ല. കണ്ണു ശസ്ത്രക്രിയ ചെയ്തു്, ജ്ഞാനപ്രകാശം കാണാന്‍ യോഗ്യമാക്കണം. അതിനു് ഒരുവനെ സഹായിക്കുന്നതു്, അവനിലെ ‘ശിഷ്യന്‍’ എന്ന ഭാവമാണു്.
എപ്പോഴും തുടക്കക്കാരന്‍റെ ഭാവം വേണം എന്നു പറയും. കാരണം തുടക്കക്കാരനു മാത്രമേ എന്തും ഇരുന്നു പഠിക്കുവാനുള്ള ക്ഷമയുണ്ടാകൂ. ശരീരം വളര്‍ന്നു വലുതായെന്നു വച്ചു നമ്മുടെ മനസ്സു് വളര്‍ന്നിട്ടില്ല. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ ആദ്യം നമുക്കു് ഒരു കുഞ്ഞിന്‍റെ ഭാവം വരണം. കുഞ്ഞിനേ വളരാന്‍ പറ്റുകയുള്ളൂ. നമ്മളില്‍ ഇപ്പോഴുള്ള ഭാവം അഹങ്കാരത്തിന്‍റെതാണു്. ശരീരമനോബുദ്ധികളുടെതാണു്. ഇതു വിട്ടു കുഞ്ഞിന്‍റെ നിഷ്‌ക്കളങ്കഭാവം നാം ഉള്‍ക്കൊണ്ടാലേ പറയുന്നതു കേള്‍ക്കാനുള്ള ശ്രദ്ധ കൈവരൂ. മലയുടെ മുകളില്‍ എത്ര വെള്ളം വീണാലും തങ്ങിനില്ക്കില്ല. എന്നാലൊരു കുഴിയില്‍ വെള്ളം താനെ ഒഴുകി വന്നു നിറയും. ഇതുപോലെ ഞാന്‍ ഒന്നുമല്ല എന്ന ഭാവമുണ്ടായാല്‍ എല്ലാം വന്നുചേരും എന്നാണു് അമ്മ പറയുന്നതു്.
ക്ഷമയും ശ്രദ്ധയും ആണു നമ്മുടെ ജീവിതത്തിന്‍റെ സമ്പാദ്യം. അതു നേടിയവന്‍ എവിടെയും വിജയിക്കും. ക്ഷമയ്ക്കും ശ്രദ്ധയ്ക്കും അത്ര മഹത്ത്വമുണ്ടു്. ക്ഷമയും ശ്രദ്ധയും വന്നു കഴിയുമ്പോള്‍, തന്നിലെ അഴുക്കു കണ്ടറിയാനും അതു നീക്കം ചെയ്യാനും സഹായിക്കുന്ന കണ്ണാടി അവനില്‍ തനിയെ തെളിയുന്നു. അവന്‍തന്നെ അവന്‍റെ കണ്ണാടിയായി മാറുന്നു. മറ്റാരുടെയും സഹായം കൂടാതെ സ്വയം അഴുക്കു കളയുവാനുള്ള മാര്‍ഗ്ഗം മനസ്സിലാക്കി അതിനുള്ള കഴിവു നേടുന്നു. അങ്ങനെയുള്ളവര്‍, സര്‍വ്വതിലും ഗുരുവിനെ മാത്രമേ കാണുന്നുള്ളൂ. തന്നെക്കാള്‍ കീഴെയായി ആരെയും അവര്‍ക്കു കാണുവാന്‍ കഴിയില്ല. അങ്ങനെ വളര്‍ന്നവര്‍, അനാവശ്യമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയില്ല. അവര്‍ ജീവിക്കുന്നതു നാക്കിലല്ല, അവരുടെ ജീവിതം പ്രവൃത്തിയില്‍ കാണാം.
സംപൂജ്യ സദ്ഗുരു ശ്രീ. മാതാ അമൃതാനന്ദമയി ദേവി നൽകുന്ന യോഗദിന സന്ദേശം
=====
മക്കളേ,
ഒരു ശരാശരി മനുഷ്യൻ അവന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുടെ ചെറിയൊരംശം മാത്രമേ ജീവിതകാലത്ത് ഉപയോഗപ്പെടുത്തുന്നുള്ളൂ. നമ്മിലെ അത്തരം കഴിവുകൾ ഉണർത്താനും സ്വന്തം പൂർണതയെ സാക്ഷാത്കരിക്കാനുമുള്ള ഒരു മാർഗമാണ് യോഗ. ഇന്ന് ആധുനികമരുന്നുകളും ചികിത്സാസൗകര്യങ്ങളും മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ തെറ്റായ ജീവിതശൈലിയും കാഴ്ചപ്പാടുകളും കാരണം മനുഷ്യരുടെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. ദീർഘനേരം ക്ഷീണമില്ലാതെ ജോലിചെയ്യാനുള്ള ശേഷി, മനസ്സിന്റെ സ്വസ്ഥത, ബുദ്ധിശക്തിയുടെയും ഓർമശക്തിയുടെയും തെളിവ് തുടങ്ങിയവയാണ് ആരോഗ്യലക്ഷണങ്ങൾ. ഇവയ്ക്കെല്ലാം ഉപകരിക്കുന്ന ഒരു സമഗ്രശാസ്ത്രമാണ് യോഗ.

തിരക്കേറിയ ജീവിതവും വ്യായാമക്കുറവും ടെൻഷനും അവ സൃഷ്ടിക്കുന്ന അസുഖങ്ങളും ഇന്നത്തെ സമൂഹത്തിന്റെ ശാപമാണ്. ദിവസവും മുപ്പതു മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. ഒപ്പം പത്തു മിനുട്ടെങ്കിലും സൂര്യപ്രകാശമേൽക്കേണ്ടതും ആവശ്യമാണ്. ഇക്കാലത്ത് മിക്കവരും എ.സി. വീട്ടിൽനിന്ന് എ.സി. കാറിൽ കയറി എ.സി. ഓഫീസിലേക്ക് പോകുകയാണ് പതിവ്. അതുകാരണം വായുവുമായും സൂര്യപ്രകാശവുമായുമുള്ള സമ്പർക്കം കുറയുന്നു. അതവരുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ചിലർ വ്യായാമത്തിനായി ജിമ്മിൽ പോകുന്നതും തിരിച്ചുവരുന്നതും കാറിലാണ്. അതിനുപകരം ജിമ്മിലേക്ക് നടന്നുപോകാൻ തയ്യാറാകുകയാണെങ്കിൽ അത് ശരീരത്തിന് ഒന്നുകൂടി വ്യായാമം നൽകും. അത്രയും സമയം രാവിലെയും വൈകീട്ടും വീട്ടിനടുത്തുള്ള പാർക്കിലോ ബീച്ചിലോ നടക്കുക എന്ന ശീലം വളർത്തിയെടുത്താൽ ജിമ്മിൽ പോകാൻ പണം ചെലവുചെയ്യേണ്ടിവരില്ല. ജിമ്മിൽനിന്നു ലഭിക്കുന്നതിനെക്കാൾ കൂടുതൽ അല്ലെങ്കിൽ അത്രയും വ്യായാമമെങ്കിലും നടക്കുന്നതിലൂടെ ലഭിക്കും. മാത്രമല്ല, ശുദ്ധവായു ശ്വസിക്കാനും സൂര്യപ്രകാശമേൽക്കാനും അതൊരു അവസരമാകും. അതെല്ലാം എന്തുകൊണ്ടും ആരോഗ്യത്തിന് ഗുണകരമാണ്. അതിനുപുറമെ, വാഹനത്തിന്റെ ഇന്ധനം ലാഭിക്കാനും ഇന്ധനങ്ങൾ കത്തുമ്പോൾ പുറപ്പെടുന്ന ഹാനികരമായ വാതകങ്ങൾ അന്തരീക്ഷത്തെ മലിനമാക്കുന്നതു തടയാനും ഈ ശീലം സഹായിക്കും.

ഇതോടൊപ്പം യോഗകൂടി പരിശീലിക്കുകയാണെങ്കിൽ അത് ശരീരത്തിനും മനസ്സിനും പുതുജീവൻ നല്കും. പ്രമേഹം, കോളസ്‌ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയെ വലിയൊരളവോളം നിയന്ത്രിക്കാൻ യോഗയ്ക്കു കഴിയും. രോഗപ്രതിരോധശേഷി വളർത്താനും വാർധക്യത്തെ അകറ്റിനിർത്താനും യോഗ സഹായകമാണ്. സാവകാശം അവബോധത്തോടെ ചെയ്യുമ്പോഴാണ് യോഗ പൂർണഫലംചെയ്യുന്നത്. തുടക്കക്കാരും രോഗികളും ഒരു പരിശീലകന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും.
ഏതു ദേശത്തായാലും മനുഷ്യപ്രകൃതിക്ക് കാര്യമായ വ്യത്യാസമില്ലാത്തതിനാൽ ജാതിമതഭേദമെന്യേ ഏവർക്കും യോഗ സ്വീകരിക്കാവുന്നതാണ്. പ്രാചീനഭാരതത്തിലെ ഋഷിവര്യന്മാർ മനുഷ്യരാശിക്കു നൽകിയ ഈ അമൂല്യസമ്പത്ത് വേണ്ടവിധം പ്രയോജനപ്പെടുത്താൻ നമുക്കു കഴിയട്ടെ.
-അമ്മ.

Download Amma App and stay connected to Amma