ചോദ്യം : മനസ്സു് നന്നാകാതെ പ്രാര്‍ത്ഥിച്ചതുകൊണ്ടു പ്രയോജനമുണ്ടോ?

അമ്മ: ഇത്രയും നാള്‍ ഞാന്‍ ധാരാളം തെറ്റുകള്‍ ചെയ്താണു ജീവിച്ചതു്. പ്രാര്‍ത്ഥിക്കാന്‍ തക്ക ശുദ്ധി എൻ്റെ മനസ്സിനില്ല. അതിനാല്‍ മനസ്സു നന്നായതിനുശേഷം പ്രാര്‍ത്ഥിക്കാം എന്നു മക്കള്‍ ചിന്തിക്കേണ്ട. കടലിലെ തിരയടങ്ങിയിട്ടു കുളിക്കാമെന്നു വച്ചാല്‍ കുളിക്കാന്‍ പറ്റില്ല. കരയിലിരുന്നു നീന്തു പഠിക്കാന്‍ ആര്‍ക്കും കഴിയില്ല. നീന്തു പഠിക്കണമെങ്കില്‍ വെള്ളത്തില്‍ ഇറങ്ങണം.

ഡോക്ടര്‍ രോഗിയോടു ‘രോഗം ഭേദമായിട്ടു് എൻ്റെ അടുത്തു വന്നാല്‍ മതി’ എന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും? രോഗം മാറാനാണു ഡോക്ടറെ സമീപിക്കുന്നതു്. അതുപോലെ, മനസ്സു് ശുദ്ധമാക്കിത്തരേണ്ടതു് അവിടുന്നാണു്. അതിനുവേണ്ടിയാണു് നാം അവിടുത്തെ ആശ്രയിക്കുന്നതു്. ഈശ്വരനില്‍ക്കൂടി മാത്രമേ മനസ്സിനെ ശുദ്ധീകരിക്കുവാന്‍ കഴിയൂ.

കഴിഞ്ഞ നിമിഷം വരെ നാം എങ്ങനെ ജീവിച്ചു എന്നതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ട കാര്യമില്ല. അതു കാന്‍സല്‍ ചെയ്ത ചെക്കുപോലെയാണു്. പെന്‍സിലും അതിനടുത്തു റബ്ബറുമുണ്ടു്. എഴുതിയാലുടനെ മായ്ക്കുകയും ചെയ്യാം. പക്ഷേ, ഒരിക്കലേ മായ്ക്കുവാന്‍ പറ്റുകയുള്ളു. രണ്ടാമതെഴുതി മായ്ക്കുവാന്‍ ശ്രമിച്ചാല്‍ പേപ്പറു കീറും. അറിവില്ലാതെ ചെയ്യുന്ന തെറ്റുകള്‍ അവിടന്നു ക്ഷമിക്കും. പക്ഷേ, തെറ്റാണെന്നു് അറിഞ്ഞുകഴിഞ്ഞിട്ടു വീണ്ടും ആവര്‍ത്തിക്കുന്നതാണു് ഏറ്റവും വലിയ തെറ്റു്. അതു പാടില്ല.

ചോദ്യം : ഭഗവാനു ദുര്യോധനൻ്റെ മനസ്സു് മാറ്റി യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ?

അമ്മ: ഭഗവാന്‍ പാണ്ഡവരെയും കൗരവരെയും ദിവ്യരൂപം കാണിച്ചു. അര്‍ജ്ജുനനു ഭഗവാൻ്റെ മഹത്ത്വം അറിയാന്‍ കഴിഞ്ഞു. ദുര്യോധനനു സാധിച്ചില്ല. മാജിക്കാണെന്നു പറഞ്ഞു പാപം ഏറ്റു വാങ്ങി.

സമര്‍പ്പണം ഇല്ലാത്തവരെ എന്തുകാണിച്ചാലും പ്രയോജനമില്ല. അര്‍ഹതയും സ്വഭാവവും അനുസരിച്ചേ ആദ്ധ്യാത്മികം ഉപദേശിക്കാന്‍ കഴിയൂ.

ദുര്യോധനനു ശരീര സാക്ഷാത്കാരമായിരുന്നു പ്രധാനം. സത്സംഗത്തെ ചെവിക്കൊള്ളുവാനുള്ള മനസ്സില്ല. ഭഗവാന്‍ എന്തു പറഞ്ഞാലും അതു തൻ്റെ നന്മയ്ക്കു വേണ്ടിയല്ല, പാണ്ഡവപക്ഷം ചേര്‍ന്നു പറയുകയാണു് എന്നുള്ള ഭാവമാണു്. എന്തു പറഞ്ഞാലും എതിരായി മാത്രമേ ചിന്തിക്കുകയുള്ളൂ. അങ്ങനെയുള്ളവരുടെ അഹങ്കാരം മാറ്റുവാന്‍ യുദ്ധംകൊണ്ടു മാത്രമേ പറ്റുകയുള്ളൂ.

ചോദ്യം : പ്രയത്‌നംകൊണ്ടു വിധിയെ മാറ്റുവാന്‍ സാധിക്കുമോ?

അമ്മ: ഈശ്വരാര്‍പ്പണമായി കര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ വിധിയെയും മറികടക്കാം. വിധിയെ പഴിക്കാതെ, അലസന്മാരായി ഇരിക്കാതെ പ്രയത്‌നിക്കുവാന്‍ തയ്യാറാകണം. യാതൊരു ജോലിയും ചെയ്യാന്‍ തയ്യാറാകാതെ വിധിയെ പഴിചാരുന്നതു മടിയന്മാരുടെ സ്വഭാവമാണു്.

രണ്ടു സുഹൃത്തുക്കള്‍ അവരുടെ ജാതകം തയ്യാറാക്കി. രണ്ടു പേരുടെ ജാതകത്തിലും പാമ്പുകടിയേറ്റു മരിക്കുമെന്നാണു വിധി. ഇതറിഞ്ഞനാള്‍ മുതല്‍ പാമ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തിച്ചു ചിന്തിച്ചു് ഒരു സുഹൃത്തിനു് ആധിയായി. മാനസികരോഗിയായിത്തീര്‍ന്നു. മകൻ്റെ അസുഖം കാരണം വീട്ടുകാരുടെ മനഃസ്വസ്ഥതയും നഷ്ടമായി.

മറ്റേ സുഹൃത്തു ചിന്തിച്ചു് ആധികേറാന്‍ പോയില്ല, പരിഹാരമെന്തെന്നു് ആലോചിച്ചു. പാമ്പുകടി ഏല്ക്കാതിരിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിച്ചു. തൻ്റെ കഴിവുകളുടെ പരിമിതിയെക്കുറിച്ചു ബോദ്ധ്യം വന്ന അദ്ദേഹം ഈശ്വരഭക്തനായിത്തീര്‍ന്നു. ഈശ്വരനോടു ശരണാഗതിയടഞ്ഞു. എങ്കിലും ഈശ്വരന്‍ നല്കിയിരിക്കുന്ന ബുദ്ധിയും ആരോഗ്യവും ഉപയോഗിച്ചു വേണ്ട പ്രയത്‌നം ചെയ്യുവാന്‍ ഉറച്ചു പാമ്പു കടിക്കാതിരിക്കുന്നതിനുള്ള എല്ലാ കര്‍മ്മങ്ങളും ചെയ്തു മുറിയില്‍ത്തന്നെ കഴിഞ്ഞു.

കുറെനാള്‍ കഴിഞ്ഞു്, പാമ്പുകടി ഏലേ്ക്കണ്ട നാളുകളായി. ഒരു ദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു ഞെട്ടിയെഴുന്നേറ്റു. കാലു് എന്തിലോ തട്ടി മുറിഞ്ഞു. മുറിയില്‍ പാമ്പിൻ്റെ ഒരു പ്രതിമ ഉണ്ടായിരുന്നു. അതില്‍ നാക്കുപോലെ നീട്ടിവെച്ചിരുന്ന കമ്പിയിലാണു കാലുതട്ടിയതു്. പാമ്പു കടിക്കേണ്ട സമയത്തുതന്നെ ജീവനില്ലാത്ത പാമ്പാണെങ്കില്‍ക്കൂടി മുറിവു പറ്റി. പക്ഷേ, വിഷം ഏറ്റില്ല. ഈശ്വരാര്‍പ്പണത്തോടെ ചെയ്ത തൻ്റെ പ്രയത്‌നം സഫലമായി. എന്നാല്‍ മറ്റേ ആളാകട്ടെ പാമ്പുകടി ഏല്ക്കുന്നതിനു മുന്‍പുതന്നെ ആധികേറി ആധികേറി ഒരു ജന്മം മുഴുവന്‍ നഷ്ടപ്പെടുത്തി. അതിനാല്‍ വിധിയെ പഴിചാരാതെ, ഈശ്വരാര്‍പ്പണമായി പ്രയത്‌നം ചെയ്യുക. ഏതു പ്രതിബന്ധത്തെയും അതിജീവിക്കാം.

ചോദ്യം : സ്വാര്‍ത്ഥവും നിസ്സ്വാര്‍ത്ഥവുമായ കര്‍മ്മങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്താണു്?

അമ്മ: സ്വാര്‍ത്ഥബുദ്ധികളുടെ കര്‍മ്മം ഒരാളെ വെട്ടിമുറിക്കുന്നതുപോലെയാണെങ്കില്‍, നിസ്സ്വാര്‍ത്ഥനായ ഒരാളുടെ കര്‍മ്മം ആ മുറിവു മരുന്നുവച്ചു സുഖപ്പെടുത്തുന്നതുപോലെയാണു്. രണ്ടും കര്‍മ്മംതന്നെ. പക്ഷേ, രണ്ടു ഭാവവും തമ്മില്‍ വ്യത്യാസമുണ്ടു്. ഒന്നു്, ദ്രോഹമനസ്സു്. മറ്റേതു്, കരുണമനസ്സു്.

ചോദ്യം : ഒരു മഹാത്മാവു ലോകത്തെ വീക്ഷിക്കുന്നതു് ഏതു രീതിയിലാണു്?

അമ്മ: ഒരു കാമുകി തന്റെ കാമുകന്റെ നാടകം കാണാന്‍ പോയി. കാമുകന്‍ വേഷം കെട്ടി അഭിനയിക്കുകയാണു്. നാടകം കാണുമ്പോള്‍, കാമുകന്റെ അഭിനയംകണ്ടു് അവള്‍ ആനന്ദിക്കുന്നു. കാമുകനില്‍ക്കൂടിയാണു് അവള്‍ ആ വേഷം കാണുന്നതു്. ആ വേഷത്തിലും കാമുകനെക്കണ്ടു് കളി ആസ്വദിക്കുന്നു. അതിനാല്‍ അതവരെ ഏറ്റവുമധികം ആഹ്ലാദിപ്പിക്കുന്നു. അതുപോലെ, ഒരു മഹാത്മാവു ലോകത്തില്‍ കാണുന്നതെല്ലാം ഈശ്വരന്റെ വിവിധ വേഷങ്ങളാണു്. ഈശ്വരനില്‍ക്കൂടിയാണു് അവര്‍ ലോകത്തെ കാണുന്നതു്, വ്യക്തികളെ ദര്‍ശിക്കുന്നതു്.

ചോദ്യം : സ്തുതിയിലും നിന്ദയിലും സമചിത്തനായിരിക്കണം എന്നു പറയാറുണ്ടല്ലോ. എന്നാല്‍, ദേവന്മാര്‍ ഭഗവാനെ സ്തുതിച്ചപ്പോള്‍, അവിടുന്നു പ്രീതനായി എന്നു പറയുന്നുണ്ടു്. അപ്പോള്‍ ഭഗവാന്‍ സ്തുതിക്കു വശംവദനായില്ലേ?

അമ്മ: ഭഗവാന്‍ ബാഹ്യമായ സ്തുതിയില്‍ മയങ്ങുന്ന ആളല്ല. അവിടുന്നു സമചിത്തനാണു്. സ്തുതിയും നിന്ദയും അവിടുത്തേക്കു് ഒരുപോലെയാണു്. നമ്മള്‍ പട്ടിക്കാട്ടം വലിച്ചെറിഞ്ഞാലും, തിരിയെ ‘ഐസ്‌ക്രീം’ തരുന്നതിനുള്ള മനസ്സാണു് അവിടുത്തേക്കുള്ളതു്. അതാണു സമചിത്തത.

കൊച്ചുകുട്ടികള്‍ കുസൃതികള്‍ കാണിക്കുമ്പോള്‍ നമ്മള്‍ ദേഷ്യപ്പെടുന്നതിനു പകരം എടുത്തു ലാളിക്കും. കുഞ്ഞുചെയ്യുന്ന തെറ്റുകള്‍ സഹിക്കും, ക്ഷമിക്കും. അഥവാ, അടിക്കുന്നുവെങ്കില്‍ അതു ദേഷ്യം കൊണ്ടല്ല, കുഞ്ഞിൻ്റെ ഉയര്‍ച്ചയ്ക്കു വേണ്ടി മാത്രമായിരിക്കും. പറഞ്ഞതു് അനുസരിക്കാതെ ഏതെങ്കിലും കുറുക്കുവഴിയെ പോയി കാലുതട്ടിമുറിച്ചു കൊണ്ടുവന്നാല്‍, വേദന അറിയാതിരിക്കുന്നതിനുള്ള മരുന്നു് ഉടനെ നല്കരുതു്. വീണ്ടും അഹങ്കാരവും അശ്രദ്ധയുംമൂലം അവിവേകം കാട്ടും. അപകടത്തില്‍പ്പെടും. ആദ്യം കുറച്ചു വേദന അറിഞ്ഞാല്‍ പിന്നീടു ശ്രദ്ധിക്കും.

അതുപോലെ ഭഗവാന്‍ ദേവന്മാരെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. ദേവന്മാരെ ആദ്യം ഒന്നു വിഷമിപ്പിക്കുന്നതിനുവേണ്ടി അവര്‍ എത്തി കുറെസമയം കഴിഞ്ഞിട്ടും ഭഗവാന്‍ കണ്ണു തുറന്നില്ല. ദേവന്‍മാര്‍ പലവട്ടം വിളിച്ചിട്ടും ഭഗവാന്‍ അറിഞ്ഞ ഭാവം കാണിച്ചില്ല. അവസാനം അവര്‍ ഹൃദയംനൊന്തു് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഭഗവാന്‍ കണ്ണു തുറന്നു. പ്രാര്‍ത്ഥനയുടെ ഫലമായി ഭഗവാൻ്റെ രൂപം അവര്‍ക്കു് ഉള്ളിലും ദര്‍ശിക്കുവാന്‍ കഴിഞ്ഞു. അല്ലാതെ, ആ മന്ത്രങ്ങള്‍ ഭഗവാനെ പുകഴ്ത്തി കാര്യം നേടാന്‍ വേണ്ടി ചൊല്ലിയതല്ല. ഭഗവാനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഭക്തൻ്റെ പ്രാര്‍ത്ഥനയാണു്. ആത്മസ്വരൂപത്തെ വെളിവാക്കുന്നതിനുള്ള പ്രാര്‍ത്ഥനയാണതു്. ഭക്തൻ്റെ നിഷ്‌ക്കളങ്കമായ മനസ്സു് കണ്ടാണു ഭഗവാന്‍ പ്രസന്നനായതു്. അല്ലാതെ ഹൃദയമില്ലാത്ത സ്തുതികൊണ്ടു ഭഗവാനെ പ്രീതിപ്പെടുത്താന്‍ പറ്റില്ല.