ചോദ്യം : സത്യമാണെങ്കിലും അതു വേദനിപ്പിക്കുന്നതാണെങ്കില്‍ പറയാന്‍ പാടില്ല എന്നുപറയുവാന്‍ കാരണമെന്താണു്?

അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരു ഗ്രാമത്തില്‍ ഒരു ധനികനുണ്ടായിരുന്നു. അദ്ദേഹം ബിസിനസ്സു ചെയ്തു കിട്ടുന്ന ലാഭം മുഴുവനും വര്‍ഷത്തിലൊരു ദിവസം തൻ്റെ അടുത്തു വരുന്ന സാധുക്കള്‍ക്കു ദാനമായി നല്കിയിരുന്നു. ആദ്ധ്യാത്മികകാര്യങ്ങള്‍ ഒരു വിധം നന്നായി അറിയാവുന്ന ഒരാളായിരുന്നു അദ്ദേഹം. ഇതേക്കുറിച്ചു് അദ്ദേഹം പറയും, ”എനിക്കു മുഴുവന്‍ സമയവും സാധന ചെയ്യാന്‍ കഴിയില്ല. ജപധ്യാനങ്ങള്‍ക്കു വളരെക്കുറച്ചു സമയമേ കിട്ടുകയുള്ളൂ. അതിനാല്‍ ബിസിനസ്സില്‍നിന്നു കിട്ടുന്ന ലാഭം സാധുക്കള്‍ക്കു പ്രയോജനപ്പെടുന്ന രീതിയില്‍ നല്കുന്നു. സാധുസേവ ചെയ്യുന്നതിലൂടെ ഞാന്‍ ഈശ്വരനെത്തന്നെയാണു് ആരാധിക്കുന്നതു്. ഇതെനിക്കു വേണ്ട സന്തോഷവും സംതൃപ്തിയും നല്കുന്നുണ്ടു്. ബിസിനസ്സിനും അഭിവൃദ്ധിയുണ്ടു്.”

അദ്ദേഹത്തിൻ്റെ ഗ്രാമത്തില്‍നിന്നു കുറച്ചകലെയായി ഒരു സാധു ജീവിച്ചിരുന്നു. കുറെ ദിവസങ്ങളായി ആ വീട്ടില്‍ മുഴുപ്പട്ടിണിയാണു്. ഈ ധനികനെക്കുറിച്ച് അറിഞ്ഞ സാധു എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്നു കരുതി ധനികൻ്റെ വീട്ടിലേക്കു യാത്രയായി. മൂന്നു നാലു ദിവസമായി പട്ടിണിയായിരുന്നതിനാല്‍ ആ സാധുവിനു നടക്കാന്‍പോലും വയ്യ. കുറെ നടന്നു കഴിഞ്ഞപ്പോഴേക്കും ആള്‍ തല കറങ്ങി വീണു. അയാള്‍ ആകെ വിഷമിച്ചു. ‘ഈശ്വരാ! എന്തെങ്കിലും സഹായം കിട്ടുമെന്നു കരുതി ഇറങ്ങി തിരിച്ചു. ഇപ്പോള്‍ ഈ പെരുവഴിയില്‍ കിടപ്പുമായി. ഇവിടെ കിടന്നു മരിക്കുവാനായിരിക്കും വിധി.’ ഇങ്ങനെ ചിന്തിച്ചു് അവശനായി ഒരു വശത്തേക്കു നോക്കുമ്പോള്‍ ഒരരുവി കാണാനിടയായി. ഒരു വിധത്തില്‍ എഴുന്നേറ്റു് അവിടെയെത്തി. അതിലെ വെള്ളം കുടിച്ചപ്പോള്‍ വളരെ മധുരമുള്ളതായിത്തോന്നി. തളര്‍ച്ച വിട്ടുമാറുംവരെ വെള്ളം കുടിച്ചു. കുറച്ചു വെള്ളം ഒരിലക്കുമ്പിളില്‍ ശേഖരിക്കുകയും ചെയ്തു. കാരണം അതിനത്ര മധുരമുള്ളതായി ആ സാധുവിനു തോന്നി.

കുറച്ചു നടക്കാമെന്നായപ്പോള്‍ വീണ്ടും യാത്ര തുടര്‍ന്നു. അവസാനം ആ ധനികൻ്റെ വീടിനടുത്തെത്തി. അവിടെ ദാനം സ്വീകരിക്കുവാന്‍ എത്തിയവരുടെ നീണ്ട ക്യൂവില്‍ ചേര്‍ന്നു. മിക്കവരുടെ കൈയിലും കാണിക്ക വയ്ക്കുന്നതിനായി എന്തെങ്കിലുമുണ്ടു്. ഇദ്ദേഹത്തിനു വിഷമമായി. ”ശ്ശൊ, എനിക്കു മാത്രം കൊടുക്കുവാന്‍ യാതൊന്നുമില്ലല്ലോ. സാരമില്ല ഈ മധുരമുള്ള വെള്ളം അദ്ദേഹത്തിനു നല്കാം.” ആ സാധു വിചാരിച്ചു. അങ്ങനെ തൻ്റെ ഊഴം വന്നപ്പോള്‍ അയാള്‍ ആ ധനികനു് ഇലക്കുമ്പിളിലെ ആ വെള്ളം നല്കി. അദ്ദേഹം അതില്‍നിന്നും ഒരു കവിള്‍ വെള്ളം കുടിച്ചിട്ടു് ”ഹാ ! ഹാ! എന്തൊരു മധുരം എന്തൊരു നല്ല തീര്‍ത്ഥം” എന്നിങ്ങനെ പറഞ്ഞു് ആഹ്‌ളാദം പ്രകടിപ്പിച്ചു. ഇതു് ആ സാധുവിനെ വളരെ സന്തോഷിപ്പിച്ചു. അടുത്തുനിന്നിരുന്ന ധനികൻ്റെ സഹായികള്‍ അതിലല്പം കുടിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം നല്കിയില്ല. ”ഇതു വളരെ പവിത്രമാണു്” എന്നു പറഞ്ഞു മാറ്റിവച്ചു. അദ്ദേഹം ആ സാധുവിനു വേണ്ടതെല്ലാം നല്കി യാത്രയാക്കി.

സാധു പോയിക്കഴിഞ്ഞപ്പോള്‍ അവിടെനിന്നിരുന്നവര്‍ യജമാനനോടു ചോദിച്ചു, ”എന്തു കിട്ടിയാലും അതു മറ്റുള്ളവര്‍ക്കുകൂടി നല്കുന്നതില്‍ യാതൊരു മടിയും കാട്ടാത്ത അങ്ങു് ഇതു മാത്രം പുണ്യതീര്‍ത്ഥം എന്നുപറഞ്ഞു മാറ്റിവയ്ക്കാന്‍ എന്താണു കാരണം? ഞങ്ങള്‍ക്കതു് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.” ധനികന്‍ പറഞ്ഞു, ”നിങ്ങള്‍ എന്നോടു ക്ഷമിക്കണം. അദ്ദേഹം ദാഹിച്ചു തളര്‍ന്നിരുന്നപ്പോള്‍ വഴിയില്‍ എവിടെയോ കണ്ട വെള്ളം കുടിച്ചു. തളര്‍ച്ച കാരണം അപ്പോള്‍ അതിനു വളരെ മധുരമുള്ളതായി തോന്നി. അതാണു് ഇവിടെ കൊണ്ടുവന്നതു്. വാസ്തവത്തിലതു കുടിക്കാന്‍ കൊള്ളില്ലായിരുന്നു. എന്നാല്‍ ഞാന്‍ അതിലല്പം കുടിച്ചിട്ടു് അദ്ദേഹത്തിൻ്റെ മുന്നില്‍ വച്ചു് അതു കൊള്ളില്ല എന്നു പറഞ്ഞാല്‍ ആ പാവത്തിനു ദുഃഖമാകും. പിന്നെ ഇവിടെനിന്നു് എന്തു നല്കിയാലും തൃപ്തിയാവില്ല, സന്തോഷം വരില്ല. അതുണ്ടാകരുതെന്നു കരുതിയാണു് അദ്ദേഹത്തിൻ്റെ മുന്നില്‍വച്ചു ഞാന്‍ നല്ല വെള്ളമെന്നു പറഞ്ഞു പുകഴ്ത്തിയതു്.”

വാസ്തവത്തില്‍ വെള്ളം നല്ലതല്ലായിരുന്നു. എന്നിട്ടും വളരെ നല്ലതാണെന്നു പറഞ്ഞു. ആ സാധുവിനെ ദുഃഖിപ്പിക്കാതിരിക്കുന്നതിനായി ഒരു വഴി അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വാക്കുകള്‍ ആര്‍ക്കും ഒരു ദോഷവും ചെയ്തില്ല. മറിച്ചു്, ഒരു സാധുവിനെ ദുഃഖിപ്പിക്കാതിരിക്കുവാന്‍ സഹായിച്ചു. മക്കളേ, ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണു സത്യം വേദനിപ്പിക്കുന്നതാണെങ്കില്‍ പറയരുതെന്നു പറയുന്നതു്. ഇതിനര്‍ത്ഥം കള്ളം പറയാമെന്നല്ല.

ആദ്ധ്യാത്മികജീവി തനിക്കുവേണ്ടി, സ്വന്തം കാര്യലാഭത്തിനു വേണ്ടി ഒരിക്കലും കള്ളം പറയരുതു്. നമ്മുടെ വാക്കുകളും പ്രവൃത്തികളുംകൊണ്ടു് ഒരാളുടെ മനസ്സുപോലും വേദനിക്കാന്‍ ഇടയാകരുതു്. ഒരാളെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരുവൻ്റെ ജീവിതത്തില്‍ ഒരിക്കലും മായാതെ നില്ക്കുന്നതും എക്കാലവും പ്രകാശം പരത്തുന്നതും ആഹ്‌ളാദിപ്പിക്കുന്നതുമായ ഒരു കാര്യം സ്നേഹം മാത്രമാണു്. മക്കളേ, അതു തന്നെയാണു് ഈശ്വരന്‍.

ജനനമരണങ്ങൾ ഇല്ലാത്ത സർവ്വേശ്വരൻ ഒരു മനുഷ്യ ശിശുവായി മധുരയിൽ വന്നുപിറന്ന പുണ്യദിനമാണ് അഷ്ടമി രോഹിണി. ഭഗവാൻ അവതരിക്കുന്ന സമയത്ത് ചുറ്റും പ്രകാശം പരന്നു, ദിക്കുകൾ തെളിഞ്ഞു, മനുഷ്യ മനസ്സുകൾ പ്രസന്നമായി, ചെടികളും വൃക്ഷങ്ങളും പുഷ്പിച്ചു, വസുദേവരുടെ കാലുകളിലെ ചങ്ങലക്കെട്ടുകൾ താനെ അഴിഞ്ഞു, തടവറയുടെ കവാടങ്ങൾ തുറന്നു, ഉണ്ണിക്കണ്ണനുമായി മുന്നോട്ടു നടന്ന വസുദേവർക്കുവേണ്ടി യമുനാനദി വഴിമാറിക്കൊടുത്തു എന്നെല്ലാമാണ് ഭാഗവതത്തിൽ പറയുന്നത്. ഭഗവാൻ അവതരിക്കുമ്പോൾ ബാഹ്യമായ മാറ്റങ്ങളോടൊപ്പം നമ്മുടെ ഉള്ളിലും ജ്ഞാനത്തിൻ്റെ  പ്രകാശം പരക്കുകയാണ്. വസുദേവരെ പോലെ ഭഗവാനേ ഹൃദയത്തോട് ചേർത്ത് മുന്നോട്ടു നടക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ എല്ലാപ്രതിബന്ധങ്ങളും വഴിമാറിത്തരും, നമ്മൾ ലക്ഷ്യം പ്രാപിക്കും.

ഭക്തരെ ആനന്ദിപ്പിക്കുക, ധർമ്മത്തെ പരിപാലിക്കുക, കാലോചിതമായ ധർമ്മത്തെ വ്യക്തമാക്കുക, സമൂഹത്തിൻറെ ആത്മീയ ഉന്നതിക്ക് വേണ്ട ഉപദേശങ്ങൾ നൽകുക, സംസ്കാരത്തെ എല്ലാരീതിയിലും പോഷിപ്പിക്കുക, ഭാവിതലമുറയ്ക്ക് ഭജിക്കാൻ യോഗ്യമായ ദിവ്യ ലീലകൾ ആടുക തുടങ്ങിയവയാണ് ഈശ്വരാവതാരത്തിൻ്റെ  ധർമ്മം. ഇതെല്ലാം അതുല്യമായ രീതിയിൽ ഭഗവാൻ നിർവഹിച്ചു. ഒരിക്കലും നഷ്ടപ്പെടാത്ത പ്രസാദമധുര ഭാവം, വൈവിധ്യമാർന്ന കർമരംഗങ്ങൾ, ഒന്നിലും ബന്ധിക്കാത്ത നിസ്സംഗത ഇവ കൃഷ്ണ ജീവിതത്തിൻ്റെ പ്രത്യേകതയാണ്. പല പല വേഷങ്ങൾ ഭംഗിയായി ആടുന്ന ഒരു നടനെ പോലെ ശ്രീകൃഷ്ണൻ തൻ്റെ ലോകജീവിതത്തെ ഒരു നടനവേദിയാക്കി. അനായാസമായി ഓരോ വേഷവും അണിഞ്ഞു. അനായാസമായിത്തന്നെ അവ അഴിച്ചുവയ്ക്കുകയും ചെയ്തു. ഒന്നിലും ബന്ധിച്ചില്ല. എന്നാൽ എല്ലാത്തിനെയും മനോഹരമാക്കി.

മനസ്സിനെ പൂർണ്ണമായി അതിജീവിക്കുമ്പോഴാണ് പൂർണ്ണത കൈവരിക്കുന്നത്. ശ്രീകൃഷ്ണന് അതിനു കഴിഞ്ഞു. അതാണ് അവിടുത്തെ പൂർണ്ണാവതാരം എന്ന് പറയുന്നത്. ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് പോകുന്ന ലാഘവത്തോടെ ഒരു സാഹചര്യത്തിൽ നിന്നും മറ്റൊരു സാഹചര്യത്തിലേക്ക് പുഞ്ചിരിച്ചുകൊണ്ട് അവിടുന്ന് നീങ്ങി . കാറ്റ് എല്ലായിടത്തും കടന്നുചെല്ലും, എന്നാൽ ഒരിടത്തും തങ്ങിനിൽക്കുകയില്ല. കാറ്റ് എല്ലാവരെയും തഴുകിത്തലോടും . എന്നാൽ ആർക്കും കെട്ടിയിടാൻ കഴിയില്ല. അതുപോലെയായിരുന്നു ശ്രീകൃഷ്ണൻ. ശ്രുതിയും താളവും ലയവും ഒത്തുചേർന്ന ഒരു മധുര സങ്കീർത്തനമായിരുന്നു അവിടുത്തെ ജീവിതം. കൃഷ്ണൻ്റെ ജീവിതത്തിൻറെ സമഗ്രത അവിടുത്തെ ഉപദേശങ്ങളിലും കാണാം. ജീവിതത്തിൻ്റെ ഏതു മേഖലയിൽ പെട്ടവർക്കും ഭൗതികമായും ആത്മീയമായും പുരോഗമിക്കാനുള്ള വഴികൾ അവിടുന്ന് കാട്ടിത്തന്നു

ഭഗവാനാകുന്ന പ്രേമ സൂര്യൻ സദാ ജ്വലിച്ചുകൊണ്ടിരിക്കുന്നു. വീടിൻ്റെ ജനലുകളും വാതിലുകളും കൊട്ടിയടച്ച് വീട്ടിനകത്തിരുന്നാൽ ആ പ്രേമപ്രകാശം എങ്ങനെ നമുക്ക് അനുഭവിക്കാൻ കഴിയും? അഹങ്കാരമാകുന്ന കവാടങ്ങൾ തുറന്ന് നാം പുറത്തേക്കു വരണം. അപ്പോൾ കൃഷ്ണ പ്രേമത്തിൻ്റെ മാധുര്യവും കുളിർമ്മയും അനുഭവിക്കാൻ സാധിക്കും.  ആ പ്രേമത്തിലേക്ക് മക്കളുടെ ഹൃദയ കവാടങ്ങൾ തുറക്കുവാൻ അമ്മ പരമാത്മാവിൽ അർപ്പിക്കുന്നു.

(അമ്മയുടെ 2018 ജന്മാഷ്ടമി സന്ദേശത്തിൽ നിന്ന്  )

ചോദ്യം : സത്യമാണെങ്കിലും അതു വേദനിപ്പിക്കുന്നതാണെങ്കില്‍ പറയാന്‍ പാടില്ല എന്നുപറയുവാന്‍ കാരണമെന്താണു്?

അമ്മ: മക്കളേ, ആദ്ധ്യാത്മികത്തില്‍ രണ്ടു കാര്യങ്ങള്‍ പറയുന്നുണ്ടു്. സത്യവും രഹസ്യവും. സത്യമാണു് ഏറ്റവും വലുതു്. സത്യത്തെ ഒരിക്കലും കൈവെടിയാന്‍ പാടില്ല, എന്നാല്‍ എല്ലാ സത്യവും എല്ലാവരോടും തുറന്നു പറയാനുള്ളതല്ല. സാഹചര്യവും, ആവശ്യവുംകൂടി നോക്കണം. സത്യമാണെങ്കിലും അതു രഹസ്യമാക്കി വയേ്ക്കണ്ട ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം.

ഉദാഹരണത്തിനു്, ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഒരു സ്ത്രീ ഒരു തെറ്റു ചെയ്തു. അതു ലോകമറിഞ്ഞാല്‍ അവരുടെ ഭാവി ഇരുളടയും. ചിലപ്പോള്‍ അവരുടെ ജീവന്‍തന്നെ അപകടത്തിലായെന്നും വരാം. എന്നാല്‍ അതു രഹസ്യമാക്കി വച്ചാല്‍ അവര്‍ക്കു തെറ്റു പിന്നീടു് ആവര്‍ത്തിക്കാതിരിക്കാനും ഒരു നല്ല ജീവിതം നയിക്കുവാനും കഴിഞ്ഞെന്നു വരും. ഇവിടെ സത്യം തുറന്നു പറയുന്നതിനെക്കാള്‍ ഉത്തമം അതു രഹസ്യമാക്കിവയ്ക്കുന്നതാണു്. ഒരു ജീവനെയും ഒരു കുടുംബത്തെയും രക്ഷിക്കുവാന്‍ ഇതുമൂലം കഴിയും. ചില കാര്യങ്ങള്‍ രഹസ്യമാക്കിവയ്ക്കണം എന്നു പറയുവാന്‍ കാരണമിതാണു്. പക്ഷേ, സാഹചര്യം കൂടി നോക്കി വേണം ഇതു തീരുമാനിക്കാന്‍. എന്നാല്‍ ഇതൊരിക്കലും ഒരാള്‍ക്കു തെറ്റാവര്‍ത്തിക്കുവാനുള്ള പ്രേരണയാകരുതു്. നമ്മള്‍ പറയുന്നതു് എല്ലാവര്‍ക്കും നന്മ വരുത്തുന്നതായിരിക്കണം. അതാണു് ഏറ്റവും പ്രധാനം. അതുപോലെ തന്നെ ഒരാളിനു വേദനയുണ്ടാക്കുന്നതാണെങ്കില്‍ സത്യമാണെങ്കിലും പറയരുതു്.

മറ്റൊരനുഭവം പറയാം. ഒരു കുട്ടി അപകടത്തില്‍പ്പെട്ടു മരിച്ചു. പത്തുനൂറു കിലോമീറ്റര്‍ അകലെയാണു് അപകടം ഉണ്ടായതു്. അതിൻ്റെ അമ്മയ്ക്കു് ആണും പെണ്ണുമായുള്ള ഏക സന്തതിയാണു് ഈ കുട്ടി. അതിൻ്റെ നഷ്ടം ആ അമ്മയെ സംബന്ധിച്ചു മരണംവരെയുള്ള ഏറ്റവും വലിയ നഷ്ടമാണു്. ഒരുപക്ഷേ, കുട്ടി മരിച്ചുവെന്നു പെട്ടെന്നു കേട്ടാല്‍ അവരും ഹൃദയം പൊട്ടി മരിച്ചു എന്നു വരും. അതിനാല്‍ അവര്‍ക്കു ഫോണ്‍ ചെയ്തതിങ്ങനെയാണു്, ”നിങ്ങളുടെ കുട്ടി ഒരു ചെറിയ അപകടത്തില്‍പ്പെട്ടു. ഇവിടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടു്. വേഗം വരണം” സത്യമിതല്ലെങ്കിലും ഇങ്ങനെ പറയുന്നതിലൂടെ ആ നൂറു കിലോമീറ്റര്‍ എത്തുന്നതുവരെയും അവര്‍ക്കു് ഒരുവിധം പിടിച്ചുനില്ക്കുവാന്‍ കഴിയും. അത്ര നേരമെങ്കിലും ആ തീവ്രദുഃഖം അനുഭവിക്കുന്നതില്‍നിന്നും അവരെ ഒഴിവാക്കാം. അവിടെ എത്തി വിവരമറിയുമ്പോള്‍ അറിഞ്ഞോട്ടെ.

കുട്ടിക്കു് അപകടം സംഭവിച്ചു എന്നറിഞ്ഞു് ഇത്രയും ദൂരം യാത്ര ചെയ്തുവരുമ്പോഴേക്കും ഒരുപക്ഷേ, അവരില്‍ എന്തിനെയും നേരിടാനുള്ള ഒരു ശക്തി ഉണര്‍ന്നിട്ടുണ്ടാവും. മരിച്ചുവെന്നു പെട്ടെന്നു കേള്‍ക്കുമ്പോഴുള്ളത്ര ഷോക്കു് അപകടത്തെക്കുറിച്ചറിഞ്ഞു കുറെ സമയം കഴിഞ്ഞിട്ടുണ്ടാകണമെന്നില്ല. സത്യം തത്കാലം ഒന്നു മറച്ചുവച്ചതുമൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. മരിച്ച വ്യക്തി എന്തായാലും മരിച്ചു. അതിൻ്റെ പേരില്‍ മറ്റൊരാളെക്കൂടി കൊലയ്ക്കു കൊടുക്കേണ്ടതുണ്ടോ? ഇതുപോലുള്ള സാഹചര്യങ്ങളെക്കുറിച്ചാണു് ഇവിടെ പറയുന്നതു്. അല്ലാതെ കള്ളം പറയണം എന്നല്ല ഇതിനര്‍ത്ഥം.

ഒരാളിനു വലിയ ഗൗരവമുള്ള അസുഖമാണു്. അതിനെക്കുറിച്ചു് ഉടനെ അറിഞ്ഞാല്‍ ഹൃദയാഘാതംവരെ സംഭവിക്കാം. അതിനാല്‍ ഡോക്ടര്‍ ഉടനെ വിവരം പറയില്ല. ചെറിയൊരു അസുഖമാണു്, വിശ്രമം വേണം. മരുന്നുകള്‍ ഇന്നതൊക്കെ കഴിക്കണം എന്നും മറ്റുമേ പറയുകയുള്ളൂ. ഇതിനെ മറ്റു കള്ളങ്ങളുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റുകയില്ല. പറയുന്ന വ്യക്തിയുടെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടിയല്ല ഇതു്. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി തത്കാലം ചില കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നുവെന്നു മാത്രം.

ചോദ്യം : ശിഷ്യൻ്റെ സ്വഭാവത്തെക്കുറിച്ചു ഗുരുവിനു് അവനെ കാണുമ്പോള്‍ത്തന്നെ അറിയില്ലേ? പിന്നെ എന്തിനാണു് ഈ പരീക്ഷണങ്ങള്‍?

അമ്മ: ശിഷ്യൻ്റെ സ്വഭാവം ഗുരുവിനറിയാം. ശിഷ്യനെക്കാള്‍ നന്നായറിയാം. പക്ഷേ, അവനറിയില്ല. അതിനാല്‍ അവൻ്റെ ന്യൂനതകളെക്കുറിച്ചു് അവനെ ബോദ്ധ്യപ്പെടുത്തണം. എങ്കില്‍ മാത്രമേ അവന്‍ അവയെ അതിജീവിച്ചു മുന്നോട്ടു പോകാന്‍ കഴിയൂ. ശരിയായ ലക്ഷ്യബോധവും അനുസരണയുമുള്ള ശിഷ്യന്മാരെ ഇന്നുകിട്ടുക പ്രയാസമാണു്. ഗുരു ശിഷ്യൻ്റെ സ്വാര്‍ത്ഥതയ്‌ക്കൊപ്പം നിന്നില്ലെങ്കില്‍ ഗുരുവിനെ തള്ളിപ്പറയുന്ന കാലമാണിതു്. എങ്കിലും ഗുരുക്കന്മാര്‍ അവരുടെ അപാരകാരുണ്യം മൂലം പരമാവധി ശ്രമിച്ചു നോക്കും, ശിഷ്യനെ ശരിയായ പാതയിലെത്തിക്കുവാന്‍. പണ്ടൊക്കെ ശിഷ്യന്‍ ഗുരുവിൻ്റെ മുന്നില്‍ ക്ഷമയോടെയിരുന്നുവെങ്കില്‍, ഇന്നു ഗുരുവാണു ശിഷ്യൻ്റെ മുന്നില്‍ ക്ഷമിച്ചിരിക്കുന്നതു്. എങ്ങനെയും ശിഷ്യനെ പരമപദവിയിലെത്തിക്കുക എന്നുള്ളതാണു ഗുരുവിൻ്റെ ഏക ലക്ഷ്യം. അതിനുവേണ്ടി എന്തു ത്യാഗം സഹിക്കുവാനും അവിടുന്നു തയ്യാറാണു്.

ഗുരുവിൻ്റെ വാക്കുകള്‍ അതേപടി അനുസരിക്കുക എന്നതു് അടിമത്തമല്ലേ എന്നു ചോദിക്കാം. പക്ഷേ, ഈ അടിമത്തം അവരെ നശിപ്പിക്കുകയല്ല, എന്നെന്നേക്കുമായി അവനെ സ്വതന്ത്രനാക്കുകയാണു്. അവനില്‍ ഉറങ്ങിക്കിടക്കുന്ന ആത്മചൈതന്യത്തെ ഉണര്‍ത്തുകയാണു ചെയ്യുന്നതു്. വിത്തു മണ്ണിനടിയില്‍ പോകുന്നതു കൊണ്ടാണു അതു വലിയ വൃക്ഷമായി പടര്‍ന്നു പന്തലിക്കുന്നതു്. അതേസമയം അതു വിശപ്പടക്കാനുള്ള ആഹാരമാക്കിയാലോ വിശപ്പടങ്ങും എന്നതു സത്യംതന്നെ. എന്നാല്‍ അതിലും എത്രയോ ഉപകാരപ്രദമാണു് അതു വിതച്ചു വൃക്ഷമാകാന്‍ അനുവദിച്ചാല്‍. വര്‍ഷങ്ങളോളം എത്രയോ പേര്‍ക്കു വിശപ്പടക്കുവാനുള്ള ഫലം അതില്‍നിന്നു ലഭിക്കും. വെയിലേറ്റു തളര്‍ന്നു വരുന്ന യാത്രികര്‍ക്കു അതു തണലും കുളിര്‍മ്മയും നല്കും. എന്തിനധികം പറയുന്നു, വെട്ടിയിടാന്‍ ശ്രമിക്കുമ്പോഴും വെട്ടുന്നയാളിനു് അതു തണല്‍ കൊടുക്കുന്നു. അതിനാല്‍ നമ്മളെ, നമ്മുടെ അഹങ്കാരത്തിനു തിന്നാന്‍ കൊടുക്കാതെ ഗുരുവിൻ്റെ മുന്നില്‍ സമര്‍പ്പിക്കുകയാണു വേണ്ടതു്. അതിലൂടെ എത്രയോ ജനങ്ങള്‍ക്കു് ആശ്വാസം പകരുവാന്‍ സാധിക്കും! ഗുരുവിൻ്റെ മുന്നിലെ സമര്‍പ്പണം, അനുസരണ അതൊരിക്കലും ദൗര്‍ബ്ബല്യമല്ല. ധീരതയുടെ ലക്ഷണമാണു്. ഞാനെന്ന ഭാവം കളയുവാന്‍ തന്നെത്തന്നെ ഗുരുവിനെ സമര്‍പ്പിക്കുന്നവനാണു യഥാര്‍ത്ഥ ധീരന്‍.

ഇന്നു നമ്മള്‍ വളച്ചുകെട്ടി എൻ്റെതെന്നു കരുതി മുറുകെപ്പിടിച്ചിരിക്കുന്ന അല്പം ഭൂമിയോടുള്ള മമത കാരണം ഈ വിശ്വത്തിൻ്റെ മുഴുവന്‍ ആധിപത്യം നമുക്കു നഷ്ടമാകുന്നു. ഞാനെന്ന ഭാവം വെടിഞ്ഞാല്‍ മതി, ത്രിലോകങ്ങളും നമ്മുടെ മുന്നില്‍ മുട്ടുകുത്തും. ഇന്നു് ഉത്തമശിഷ്യരെ കിട്ടാനാണു അധികം പ്രയാസം. ഗുരുവിൻ്റെ കൂടെ രണ്ടു നാളുകള്‍ കഴിഞ്ഞാല്‍പ്പിന്നെ സ്വന്തം പേരില്‍ ആശ്രമം സ്ഥാപിച്ചു ഗുരു ചമയുവാന്‍ ആഗ്രഹിക്കുന്നവരാണു് ഇന്നു മിക്ക ശിഷ്യന്മാരും. രണ്ടു പേരു കാലില്‍ വീണു നമസ്‌കരിക്കാനുണ്ടായാല്‍ മതി ശിഷ്യൻ്റെ ഭാവം ആകെ മാറും. ഇതറിയാവുന്ന ഗുരു, ശിഷ്യനിലെ ഞാനെന്ന ഭാവത്തെ പരിപൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുവാനാണു ശ്രമിക്കുന്നതു്. ഉത്തമഗുരു സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഓരോന്നും ശിഷ്യൻ്റെ വ്യക്തിത്വത്തെ വികൃതമാക്കുന്ന അഹങ്കാരത്തെ ഇല്ലായ്മ ചെയ്തു് അവനിലെ ആത്മസൗന്ദര്യത്തെ പ്രകാശിപ്പിക്കുവാനുള്ള അവിടുത്തെ അനുഗ്രഹവര്‍ഷങ്ങളാണെന്നോര്‍ക്കുക. ഗുരുവാക്യത്തിനു വഴങ്ങിക്കൊടുക്കുന്നതു് അടിമത്തമല്ല. അതു പരമമായ സ്വാതന്ത്ര്യത്തിലേക്കും ഐശ്വര്യത്തിലേക്കും നിത്യാനന്ദത്തിലേക്കുമുള്ള മാര്‍ഗ്ഗമാണു്.

ചോദ്യം : അമ്മേ, ഗുരുക്കന്മാര്‍ ഏതു രീതിയിലാണു ശിഷ്യരെ പരീക്ഷിക്കുന്നതു്? (തുടർച്ച)

ചിലര്‍ ചിന്തിക്കും ‘ഞാനെത്ര വര്‍ഷങ്ങളായി ഗുരുവിനോടൊത്തു കഴിയുന്നു. ഇത്ര നാളായിട്ടും ഗുരുവിനു് എന്നോടുള്ള പെരുമാറ്റത്തില്‍ ഒരു മാറ്റവും ഇല്ലല്ലോ’ എന്നു്. അതവൻ്റെ സമര്‍പ്പണമില്ലായ്മയെയാണു കാണിക്കുന്നതു്. എത്ര വര്‍ഷങ്ങള്‍ എന്നല്ല, തനിക്കുള്ള സര്‍വ്വജന്മങ്ങളും ഗുരുവിൻ്റെ മുന്‍പില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നവനേ യഥാര്‍ത്ഥ ശിഷ്യനാകുന്നുള്ളൂ. ഞാന്‍ ശരീരമാണു്, മനസ്സാണു്, ബുദ്ധിയാണു് എന്ന ഭാവം നിലനില്ക്കുമ്പോഴാണു മനസ്സില്‍ വെറുപ്പും വിദ്വേഷവും അഹംഭാവവും മറ്റും ഉയരുന്നതു്. അതൊക്കെ പൂര്‍ണ്ണമായും ഇല്ലാതാക്കാനാണു ഗുരുവിനെ ആശ്രയിക്കുന്നതു്. ആ ലക്ഷ്യം നേടണമെങ്കില്‍ പൂര്‍ണ്ണസമര്‍പ്പണം അല്ലാതെ മറ്റൊരു വഴിയുമില്ല. ഗുരുവിൻ്റെ ഏതു പ്രവൃത്തിയും തൻ്റെ നന്മയ്ക്കുവേണ്ടി എന്നൊരു ഭാവം മനസ്സിലുറയ്ക്കണം. അതിനെ അളക്കുവാന്‍ ഒരിക്കലും ബുദ്ധിയെ അനുവദിക്കരുതു്.

മക്കളേ, ഗുരുവിൻ്റെ പരീക്ഷണങ്ങള്‍ ഏതൊക്കെ രീതിയിലാണു വന്നെത്തുകയെന്നു് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയില്ല. പരിപൂര്‍ണ്ണസമര്‍പ്പണം ഒന്നു മാത്രമാണു അവയില്‍ വിജയിക്കുവാനുള്ള ഏക വഴി. ആ പരീക്ഷണങ്ങളാകട്ടെ ഗുരുവിനു നമ്മോടുള്ള കാരുണ്യത്തിൻ്റെ തെളിവാണു്. അവ നമ്മുടെ വാസനകളെ ക്ഷയിപ്പിക്കുന്നു. ആത്മസമര്‍പ്പണത്തില്‍ക്കൂടി മാത്രമേ അവിടുത്തെ കൃപ നേടുവാന്‍ കഴിയൂ.
ഒരിക്കല്‍ ഒരു യുവാവു്, തന്നെ ശിഷ്യനായി സ്വീകരിക്കണമെന്നു് അഭ്യര്‍ത്ഥിച്ചുകൊണ്ടു് ഒരു ഗുരുവിനെ സമീപിച്ചു. ഗുരു പറഞ്ഞു, ”മകനേ, പൂര്‍ണ്ണമായും ആത്മീയജീവിതം നയിക്കുന്നതിനുള്ള മനഃപക്വത നിനക്കു കൈവന്നിട്ടില്ല. പ്രാരബ്ധകര്‍മ്മങ്ങള്‍ നിനക്കിനിയും അനുഭവിച്ചു തീര്‍ക്കുവാനുണ്ടു്. അല്പംകൂടി ക്ഷമിക്കൂ”
പക്ഷേ, യുവാവു പിന്മാറിയില്ല. അവസാനം അവൻ്റെ നിര്‍ബ്ബന്ധം കാരണം ഗുരുവിനവനെ ശിഷ്യനായി സ്വീകരിക്കേണ്ടി വന്നു. കുറെ നാളുകള്‍ കഴിഞ്ഞു. ഗുരു തൻ്റെ ശിഷ്യന്മാര്‍ക്കെല്ലാം സന്ന്യാസം കൊടുത്തു. എന്നാല്‍ ഈ ശിഷ്യനു മാത്രം നല്കിയില്ല. ശിഷ്യനു് അതൊട്ടും സഹിക്കാനായില്ല. ഗുരുവിനോടു ദേഷ്യമായി. പക്ഷേ, പുറമേക്കു് ഒന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ ആശ്രമത്തില്‍ വരുന്നവരോടു ഗുരുവിനെക്കുറിച്ചു കുറ്റങ്ങളും കുറവുകളും പറയാന്‍ തുടങ്ങി. ഗുരു ഇതറിഞ്ഞിട്ടും ഒന്നും പറഞ്ഞില്ല. കുറെനാളുകള്‍ കഴിഞ്ഞപ്പോള്‍ ഗുരു കേള്‍ക്കെത്തന്നെ അദ്ദേഹത്തെ കുറ്റപ്പെടുത്തുവാന്‍ തുടങ്ങി. ഗുരുവിനു് അവൻ്റെ സ്വഭാവം നന്നായറിയാം. ഉപദേശിച്ചു നന്നാക്കാന്‍ കഴിയില്ല. അനുഭവത്തില്‍ക്കൂടിയേ പഠിക്കുകയുള്ളൂ എന്നറിയാവുന്നതുകൊണ്ടു ഗുരു ഒന്നും മിണ്ടിയില്ല.

അങ്ങനെയിരിക്കെ ലോകമംഗളത്തിനായി ഗുരു ഒരു മഹായജ്ഞം നടത്തുവാന്‍തീരുമാനിച്ചു. അതിനു ഹോമദ്രവ്യങ്ങള്‍ ധാരാളം വേണ്ടതുണ്ടു്. അവ നല്കുവാന്‍ ആശ്രമത്തിനടുത്തുള്ള ഒരു വീട്ടുകാര്‍ തയ്യാറായി. ദിവസവും അവ വാങ്ങിക്കൊണ്ടു വരാന്‍ ഈ ശിഷ്യനെയാണു ചുമതലപ്പെടുത്തിയതു്. അവിടെ ഹോമദ്രവ്യങ്ങള്‍ എടുത്തു കൊടുക്കുന്നതു് ഒരു പെണ്‍കുട്ടിയാണു്. ആദ്യ ദിവസം തന്നെ ശിഷ്യനു് ആ പെണ്‍കുട്ടിയോടു പ്രത്യേക ഒരു ആകര്‍ഷണം തോന്നി. ദിവസങ്ങള്‍ കഴിയുന്തോറും അതു വര്‍ദ്ധിച്ചു വന്നു. ഒരു ദിവസം അവനു തൻ്റെ മനസ്സിനെ നിയന്ത്രിക്കാനായില്ല. അവളുടെ കൈയില്‍ കടന്നുപിടിച്ചു. അവള്‍ ഒട്ടും മടിച്ചില്ല. അവിടെക്കിടന്ന ഒരുവടിയെടുത്തു ശിഷ്യൻ്റെ മുഖത്തിനിട്ടു ഒന്നു കൊടുത്തു. മുഖവും പൊത്തിക്കൊണ്ടു പടി കടന്നു വരുന്ന ശിഷ്യനെ കണ്ട മാത്രയില്‍ത്തന്നെ ഗുരു എല്ലാ കാര്യങ്ങളും ഗ്രഹിച്ചു. ഗുരു പറഞ്ഞു, ”നിന്നെ ആദ്യംതന്നെ ശിഷ്യനായി സ്വീകരിക്കാതിരുന്നതിൻ്റെയും സന്ന്യാസം നല്കാതിരുന്നതിൻ്റെയും കാരണമിപ്പോള്‍ മനസ്സിലായില്ലേ? കാഷായം ഉടുത്തുകൊണ്ടാണു നീ ഈ പ്രവൃത്തി ചെയ്തിരുന്നതെങ്കില്‍ എത്ര നാണക്കേടായിപ്പോയേനേ? അതു ലോകത്തോടും സന്ന്യാസപരമ്പരയോടും കാട്ടുന്ന ഏറ്റവും വലിയ വഞ്ചനയാകുമായിരുന്നു. അതിനാല്‍ കുഞ്ഞേ, നീ കുറെക്കാലം കൂടി ലൗകികകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു ലോകത്തില്‍ ജീവിക്കുക. സമയമാകുമ്പോള്‍ നിന്നെ ഞാന്‍ തിരിയെ വിളിക്കാം.” തൻ്റെ തെറ്റും കുറ്റവും അപ്പോള്‍ മാത്രമാണു ശിഷ്യനു ബോധ്യമായതു്. അവന്‍ ഗുരുവിനെ സാഷ്ടാംഗം പ്രണമിച്ചു.

എം.ബി.ബി.എസ്സ്. പരീക്ഷയില്‍ വിജയിച്ചതുകൊണ്ടുമാത്രം ഒരാള്‍ നല്ല ഡോക്ടറാകണമെന്നില്ല. നല്ല ഒരു ഡോക്ടറുടെ കീഴില്‍ വളരെക്കാലം പരിശീലനം നേടണം. പല തരത്തിലുള്ള രോഗങ്ങള്‍ ചികിത്സിച്ചു പരിചയം വരണം. കഠിനാദ്ധ്വാനവും നിരന്തര അഭ്യാസവും കൊണ്ടുമാത്രമേ ആര്‍ക്കും ഒരു നല്ല ഡോക്ടറായിത്തീരാന്‍ സാധിക്കൂ. അതുപോലെ ശാസ്ത്രങ്ങള്‍ എത്ര പഠിച്ചിരുന്നാലും ലോകത്തിറങ്ങി ജനങ്ങളുമായുള്ള നിരന്തര സഹകരണത്തില്‍ക്കൂടി പഠിക്കേണ്ട ചില പാഠങ്ങളുണ്ടു്. അതാണു് ഏറ്റവും വലിയ പഠനം. സദ്ഗുരുവിൻ്റെ കീഴില്‍ ആദ്ധ്യാത്മികശിക്ഷണം നേടുന്ന ശിഷ്യനു ആത്മീയപുരോഗതിക്കു വേണ്ട എല്ലാ സാഹചര്യങ്ങളും ഗുരുതന്നെ ഒരുക്കിക്കൊടുക്കും. കണ്ണടച്ചു ധ്യാനിച്ചതുകൊണ്ടു മാത്രം വാസനാക്ഷയമുണ്ടാകില്ല. ഗുരുവിങ്കല്‍ പൂര്‍ണ്ണമായ വിശ്വാസവും ആത്മസമര്‍പ്പണം ചെയ്യാനുള്ള വിനയവും വിശാലതയും ഉണ്ടായാല്‍ മാത്രമേ മനോമാലിന്യങ്ങള്‍ നീങ്ങൂ. സമര്‍പ്പണം തുണിയിലെ കറ കളയുന്ന ബ്ലീച്ചിങ്പൗഡര്‍പോലെയാണു്. അതു മനസ്സിലെ മാലിന്യങ്ങള്‍ നീക്കുന്നു. വാസനകളെ ക്ഷയിപ്പിക്കുന്നു. അല്ലാതെ സമര്‍പ്പണം അടിമത്തമല്ല.
ആരൊക്കെ ഏതൊക്കെ രീതിയില്‍ പ്രലോഭിപ്പിച്ചാലും, ശിഷ്യൻ്റെ മനസ്സിളകാന്‍ പാടില്ല. അതാണു ഗുരുവിനോടുളള യഥാര്‍ത്ഥ സമര്‍പ്പണം. ഇതു പണം കൊടുത്തു നേടാവുന്നതല്ല. സ്വാഭാവികമായി വരേണ്ടതാണു്.
ഈ ഒരു സമര്‍പ്പണം വന്നു കഴിഞ്ഞാല്‍, അവനു് എല്ലാം തികഞ്ഞു എന്നാണര്‍ത്ഥം.