ഒരിക്കല്‍ ഒരാള്‍ ഗുരുവിനെ തേടി പുറപ്പെട്ടു. അയാള്‍ക്കു വേണ്ടതു്, തൻ്റെ ഇഷ്ടം അനുസരിച്ചു തന്നെ നയിക്കുന്ന ഒരു ഗുരുവിനെയാണു്.

എന്നാലാരുമതിനു തയ്യാറല്ല. അവര്‍ പറയുന്ന ചിട്ടകളൊന്നും അയാള്‍ക്കു സ്വീകാര്യവുമല്ല. അവസാനം ക്ഷീണിച്ചു് ഒരു വനത്തില്‍ വന്നു കിടന്നു. ‘എൻ്റെ ഇഷ്ടത്തിനു നയിക്കാന്‍ കഴിവുള്ള ഒരു ഗുരുവുമില്ല. ആരുടെയും അടിമയാകാന്‍ എനിക്കു വയ്യ. ഞാനെന്തു ചെയ്താലും അതു് ഈശ്വരന്‍ ചെയ്യിക്കുന്നതല്ലേ.’ ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ഒരു വശത്തേക്കു നോക്കുമ്പോള്‍ അവിടെ ഒരു ഒട്ടകം നിന്നു തലയാട്ടുന്നു.

‘ങാ! ഇവനെ എൻ്റെ ഗുരുവാക്കാന്‍ കൊള്ളാം.’ ”ഒട്ടകം, നീ എൻ്റെ ഗുരുവാകുമോ?” ഒട്ടകം തലയാട്ടി.
അയാള്‍ ഒട്ടകത്തെ ഗുരുവായി സ്വീകരിച്ചു.
”ഗുരോ, അങ്ങയെ ഞാന്‍ വീട്ടില്‍ കൊണ്ടുപോകട്ടെ?” ഒട്ടകം വീണ്ടും തലയാട്ടി.
അയാളതിനെ വീട്ടില്‍ കൊണ്ടുവന്നു കെട്ടി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു, ”ഗുരോ ഞാന്‍ ഒരു പെണ്ണിനെ സ്നേഹിക്കുന്നു. കല്യാണം കഴിച്ചോട്ടേ?” ഒട്ടകം തലയാട്ടി.
”ഗുരോ എനിക്കു് കുട്ടികളൊന്നുമില്ല?” ഒട്ടകം തലയാട്ടി. കുട്ടികള്‍ ജനിച്ചു.
”ഗുരോ, ഞാന്‍ കൂട്ടുകാരോടൊത്തു അല്പം മദ്യം കഴിച്ചോട്ടേ?” ഒട്ടകം തലയാട്ടി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആള്‍ നല്ല ഒരു മദ്യപനായി. ഭാര്യയുമായി വഴക്കായി.
”ഗുരോ, ഭാര്യ എന്നെ ശല്യം ചെയ്യുന്നു. ഞാനവളെ കുത്തിക്കൊല്ലട്ടേ?” ഒട്ടകത്തിനോടു ചോദിച്ചു. ഒട്ടകം തലകുലുക്കി.
അയാള്‍ പിച്ചാത്തിയെടുത്തു ഭാര്യയെ കുത്തി. ആ സാഹചര്യത്തില്‍ പോലീസു് അവിടെ വരാനിടയായി. അയാളെ അറസ്റ്റു ചെയ്തു ജയിലില്‍ കൊണ്ടിട്ടു. എന്നത്തേക്കും കാരാഗൃഹത്തിലായി.

”മോനേ, നമ്മുടെ ഇഷ്ടമനുസരിച്ചു നയിക്കുന്ന ഒരു ഗുരുവിനെ കിട്ടിയാലും തന്നിഷ്ടംപോലെ നീങ്ങിയാലും ഇതുപോലെ ബന്ധനങ്ങളില്‍ ആയിരിക്കും ചെന്നെത്തുക. നമുക്കു് ഈശ്വരന്‍ തന്ന വിവേകബുദ്ധിയുണ്ടു്. അതുപയോഗിച്ചു കര്‍മ്മം ചെയ്യണം. ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങണം. ഗുരു ശിഷ്യര്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നവനാണു്. മോനേ, അദ്വൈതം മാത്രമാണു സത്യം. എന്നാലതു വാക്കുകൊണ്ടു പറയേണ്ട കാര്യമല്ല. അതു ജീവിതമാണു്. അനുഭവമാണു്. അതു സ്വാഭാവികമായി വരേണ്ടതാണു്. പുഷ്പം വിടരുമ്പോള്‍ പരിമളം താനേ വന്നുകൊള്ളും.

ചോദ്യം : അമ്മേ, ദുര്‍ബ്ബലമനസ്സുകളല്ലേ ഗുരുവിനെ ആശ്രയിക്കുന്നതു്?

അമ്മ: മോനേ, കുടയുടെ ബട്ടണ്‍ അമര്‍ത്തുന്നതുകൊണ്ടു കുട നിവരുകയാണു്. അതുപോലെ ഗുരുവിൻ്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ വിശ്വമനസ്സാക്കി മാറ്റാന്‍ കഴിയുന്നു. ആ അനുസരണയും വിനയവും ദൗര്‍ബ്ബല്യമല്ല. ജലത്തെ ശുദ്ധീകരിക്കുന്ന ഫില്‍റ്റര്‍പോലെ ഗുരു നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു. അഹങ്കാരത്തെ ഇല്ലാതാക്കുന്നു. ഓരോ സാഹചര്യം വരുമ്പോഴും നാം അഹങ്കാരത്തിനു് അടിമപ്പെട്ടുപോവുകയാണു്. വിവേചിച്ചു നീങ്ങുന്നില്ല.

ഒരിക്കല്‍ ഒരു കള്ളന്‍ മോഷ്ടിക്കാന്‍ പോയി. ഒരു വീട്ടില്‍ ചെന്നു കയറി. വീട്ടുകാര്‍ ഉണര്‍ന്നു. കള്ളന്‍ ഓടി. ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നു ബഹളം കൂട്ടി. നാട്ടുകാര്‍ കള്ളൻ്റെ പിറകെ ഓടി. ആളുകള്‍ കൂടിയപ്പോള്‍ കള്ളനും അവരുടെ കൂട്ടത്തില്‍ക്കൂടി ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നു പറഞ്ഞുകൊണ്ടു് ഓടാന്‍ തുടങ്ങി. ഇതുപോലെ ഓരോ സാഹചര്യത്തിലും അഹങ്കാരം നമ്മോടൊപ്പം ചേരുകയാണു്. അഹങ്കാരം കളയാനുള്ള സാഹചര്യങ്ങള്‍ ഈശ്വരന്‍ തരുമ്പോഴും നമ്മള്‍ അതിനെ വളര്‍ത്തിയെടുക്കുകയാണു്. കൂട്ടത്തില്‍ ചേര്‍ക്കുകയാണു്. വിനയത്തിലൂടെ കളയാന്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല.

ഇന്നു നമ്മുടെ മനസ്സു് ചെടിച്ചട്ടിയില്‍ വളരുന്ന ചെടിപോലെയാണു്. വെള്ളം ഒഴിച്ചില്ലെങ്കില്‍ അടുത്ത ദിവസം പൂവു വാടിക്കൊഴിയും. അതുപോലെ നിയമങ്ങളും ചിട്ടകളും കൂടാതെ നമ്മുടെ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ കഴിയില്ല. മനസ്സു് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത സ്ഥിതിയില്‍ യമനിയമങ്ങള്‍ പാലിക്കണം, ഗുരുവിൻ്റെ നിര്‍ദ്ദേശമനുസരിച്ചു ജീവിക്കണം. മനസ്സു് നമ്മുടെ നിയന്ത്രണത്തിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ പേടിക്കേണ്ട. നമ്മില്‍ വിവേകം ഉദിച്ചു കഴിഞ്ഞു. അതു നമ്മളെ നയിക്കും.

ചോദ്യം : ഈശ്വരന്‍ ഈ ശരീരം തന്നിരിക്കുന്നതും വിഷയങ്ങളെ സൃഷ്ടിച്ചിരിക്കുന്നതും അതൊക്കെ അനുഭവിച്ചു സുഖമായി ജീവിക്കാനല്ലേ?

അമ്മ: മോനേ, ടാറിട്ട നല്ല റോഡുണ്ടു്, ലൈറ്റുണ്ടു് എന്നുവച്ചു നമ്മള്‍ തോന്നുന്ന രീതിയില്‍ വണ്ടി ഓടിച്ചാല്‍ എവിടെയെങ്കിലും ചെന്നിടിച്ചു മരണം സംഭവിക്കും. അപ്പോള്‍ റോഡുണ്ടെങ്കിലും തോന്നിയ രീതിയില്‍ വണ്ടി ഓടിക്കാന്‍ പറ്റില്ല. റോഡിനു് ഒരു നിയമമുണ്ടു്. അതനുസരിച്ചു യാത്ര ചെയ്യണം. അതുപോലെ ഇതെല്ലാം ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്നെങ്കിലും എല്ലാറ്റിനും ഒരു നിയമമുണ്ടു്. അതനുസരിച്ചു വേണം ജീവിക്കേണ്ടതു്. അല്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും. അതിനാല്‍ ആവശ്യത്തിനു മാത്രം കഴിക്കുക, ആവശ്യത്തിനു മാത്രം സംസാരിക്കുക, ആവശ്യത്തിനു മാത്രം ഉറങ്ങുക, ബാക്കിയുള്ള സമയം നല്ല കര്‍മ്മങ്ങള്‍ ചെയ്യുക. ജീവിതത്തിലൊരു നിമിഷവും വെറുതെ കളയാതിരിക്കുക. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമുള്ളതായിത്തീരാന്‍ ശ്രദ്ധിക്കുക.

ചോക്ലേറ്റിനു നല്ല മധുരമാണു്. എന്നാല്‍ നമ്മുടെ ഇഷ്ടമനുസരിച്ചു് ആവശ്യത്തിലധികം കഴിച്ചാല്‍ വയറിനു വേദനയുണ്ടാകും. എന്തും അധികമായാല്‍ ഇതുപോലെയുള്ള പ്രതിസന്ധികളുണ്ടാകും. ദുഃഖത്തിനു കാരണമാകും. അതിനാല്‍ സുഖത്തിൻ്റെ പിന്നില്‍ ദുഃഖവുമുണ്ടു് എന്നറിയണം.

ചോദ്യം: എല്ലാം ഈശ്വരന്‍ ചെയ്യിക്കുന്നതല്ലേ?

അമ്മ: മോനേ, ഈശ്വരന്‍ നമുക്കു ബുദ്ധി തന്നിട്ടുണ്ടു് വിവേക ബുദ്ധി. അതുപയോഗിച്ചു വിവേകത്തോടെ കര്‍മ്മങ്ങള്‍ ചെയ്യണം. വിഷം ഈശ്വരന്‍ സൃഷ്ടിച്ചതാണു്. എന്നാലതെടുത്തു് ആരും വെറുതെ കഴിക്കാറില്ല. അവിടെ വിവേചിക്കുന്നു. അതുപോലെ ഏതു കര്‍മ്മത്തിലും വിവേകം ആവശ്യമാണു്.

ഇന്നു ലോകത്തു കഷ്ടപ്പെടുന്നവര്‍ എത്രപേരാണു്! ചികിത്സയേ്ക്കാ മരുന്നിനോ പണമില്ലാതെ സാധുക്കളായ എത്രയോ രോഗികള്‍ വേദന തിന്നു കഴിയുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ എത്രയോ സാധുക്കള്‍ കഷ്ടപ്പെടുന്നു. ഫീസു കൊടുക്കാന്‍ കഴിവില്ലാതെ എത്രയോ കുട്ടികള്‍ പഠിത്തം നിര്‍ത്തുന്നു. നമ്മള്‍ ജോലി ചെയ്തു മിച്ചംവരുത്തുന്ന കാശു് ഈ സാധുക്കളെ സഹായിക്കുന്നതിനുവേണ്ടി ഉപയോഗിക്കാമല്ലോ. നമ്മുടെ അനാഥാലയത്തില്‍ത്തന്നെ പത്തഞ്ഞൂറു കുട്ടികള്‍ പഠിക്കുന്നു. നമ്മള്‍ കഷ്ടപ്പെട്ടും മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാകണം.

എല്ലാവര്‍ക്കും കസേരയില്‍ ഇരുന്നുള്ള ജോലികള്‍ ചെയ്യുവാനാണു താത്പര്യം. ഇതുപോലുള്ള ജോലികള്‍ ചെയ്യുവാന്‍ ആര്‍ക്കും ഇഷ്ടമില്ല. അങ്ങനെയുള്ളവര്‍ക്കുകൂടി മാതൃകയാകണ്ടേ? ‘സമത്വം യോഗം ഉച്യതേ’ എന്നാണല്ലോ ഭഗവാന്‍ പറഞ്ഞിരിക്കുന്നതു്. ഏതു ജോലിയും ഈശ്വരപൂജയായിക്കണ്ടു ചെയ്യുവാന്‍ കഴിയണം. ഇന്നു് അമ്മ ഇതൊക്കെ ചെയ്യുന്നതു കണ്ടാല്‍ നാളെ അവര്‍ ഏതു ജോലി ചെയ്യുവാനും മടി പറയുകയില്ല. ആത്മാവാണു നിത്യം. ആ ആത്മാവിനെ അറിയണമെങ്കില്‍ പൂര്‍ണ്ണമായും ശരീരബോധത്തെ മറക്കണം. പക്ഷേ, ത്യാഗത്തില്‍ക്കൂടിയേ അതിനു കഴിയുകയുള്ളൂ. ത്യാഗപൂര്‍വ്വം ജീവിക്കുന്നവര്‍ക്കു് ഏതു സാഹചര്യത്തെയും അനുകൂലമാക്കി മാറ്റുവാന്‍ കഴിയും.

മോനേ, ഇരുപത്തിനാലു മണിക്കൂറും ആര്‍ക്കു സാധന ചെയ്യുവാന്‍ പറ്റും? അതിനാല്‍ സാധന ചെയ്തു ബാക്കിയുള്ള സമയം നല്ല കര്‍മ്മങ്ങള്‍ ചെയ്യണം. അതു ചിന്തകളെ കുറയ്ക്കാന്‍ സഹായിക്കും. ഗുരുവിൻ്റെ ശരീരംതന്നെയാണു് ഈ കാണുന്ന ജഗത്തു്. ഗുരുവിൻ്റെ നിര്‍ദ്ദേശമനുസരിച്ചു ചെയ്യുന്ന കര്‍മ്മമാണു ഗുരുവിനോടുള്ള പ്രേമം. നിഷ്‌കാമമായ കര്‍മ്മവും മന്ത്രജപം തന്നെ. തീര്‍ത്തും ത്യാഗപൂര്‍ണ്ണമായി ജീവിക്കുന്നവര്‍ക്കു് പ്രത്യേകിച്ചു മറ്റൊരു സാധനയുടെ ആവശ്യമില്ല. മോനേ, ത്യാഗംകൊണ്ടേ അമൃതത്വത്തെ പ്രാപിക്കാന്‍ കഴിയൂ.

ദേവീഭാവദര്‍ശനം തീര്‍ന്നതായി അറിയിച്ചുകൊണ്ടു് ശംഖനാദം മുഴങ്ങി, ക്ലോക്കില്‍ മണി രണ്ടടിച്ചു. പകല്‍ മുഴുവന്‍ കായല്‍ നികത്തുന്നതിനു മണ്ണു ചുമക്കുന്ന ജോലിയിലായിരുന്നു ആശ്രമാന്തേവാസികള്‍. അവര്‍ക്കു് ഉത്സാഹം പകര്‍ന്നുകൊണ്ടു രാവിലെ അമ്മയും ജോലിയില്‍ പങ്കുചേര്‍ന്നിരുന്നു. പകല്‍ കുടിലില്‍ ഭക്തജനങ്ങള്‍ക്കു ദര്‍ശനം നല്കിക്കഴിഞ്ഞു കഷ്ടിച്ചു രണ്ടുമണിക്കൂറിനു ശേഷം അഞ്ചുമണിക്കു ഭജനയ്ക്കു കയറിയ അമ്മയ്ക്കു് ഇപ്പോഴാണു് അവസാനത്തെ ആളിനും ദര്‍ശനം നല്കിക്കഴിഞ്ഞു് എഴുന്നേല്ക്കുവാന്‍ സാധിച്ചതു്. ഭാവദര്‍ശനം കഴിഞ്ഞു മുറിയിലേക്കു പോകാതെ നേരെ കായല്‍ക്കരയിലേക്കാണു് അമ്മ നടന്നതു്. കൊണ്ടുവന്നിറക്കിയ മണല്‍ മുഴുവന്‍ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ അടുത്ത വള്ളത്തില്‍ മണലെത്തും. അമ്മയോടൊപ്പം മണ്ണു ചുമക്കാന്‍ ആശ്രമവാസികളും ഭക്തജനങ്ങളും ഓടിയെത്തി.

അമ്മയെ അല്പമെങ്കിലും പരിചയമുള്ളവര്‍ക്കു് ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ഈ അദ്ധ്വാനം ഒട്ടും പുത്തരിയല്ല. പക്ഷേ, എന്നാല്‍ ജര്‍മ്മനിയില്‍നിന്നും ആദ്യമായി അമ്മയെ കാണാനെത്തിയ മാര്‍ക്കിനു് ഈ കാഴ്ച സഹിക്കാനായില്ല പല പ്രാവശ്യം അമ്മയുടെ കൈയില്‍നിന്നു മണല്‍ നിറച്ച ചാക്കു പിടിച്ചു പറ്റാന്‍ ശ്രമിച്ചു. അമ്മയുണ്ടോ വിട്ടുകൊടുക്കുന്നു! ജോലിക്കിടയില്‍ അല്പം ഒഴിവു കണ്ടെത്തി അമ്മ മാര്‍ക്കിനെ അടുത്തു വിളിച്ചു. അമ്മയുടെ ശ്രീവദനത്തില്‍ കണ്ണു പതിക്കേണ്ട താമസം മാര്‍ക്കിൻ്റെ കണ്ണു നിറഞ്ഞു.

”മോനെ കണ്ടിട്ടു് ഇതുവരെ അമ്മയ്‌ക്കൊന്നു മിണ്ടാന്‍ സമയം കിട്ടിയില്ല. മോനു വിഷമമുണ്ടോ?” അമ്മ ചോദിച്ചു.
”അമ്മ മിണ്ടാത്തതിലല്ല എനിക്കു വിഷമം. അമ്മയും മക്കളും ഇങ്ങനെ കഷ്ടപ്പെടുന്നതു കാണുന്നതാണു സങ്കടം. അമ്മ അനുഗ്രഹിച്ചാല്‍ എൻ്റെ സ്വത്തെല്ലാം ഇവിടെ തരാം. അമ്മ ഇങ്ങനെ രാത്രിയും പകലും ജോലി ചെയ്തു കഷ്ടപ്പെടാതെ വിശ്രമിച്ചാല്‍ മതി.” മാര്‍ക്കിൻ്റെ ഉത്തരം കേട്ടു് അമ്മ ചിരിച്ചു.

അമ്മ: മോനേ, ഇതാശ്രമമാണു്. സുഖവാസകേന്ദ്രമല്ല. ഇവിടം ത്യാഗികള്‍ക്കുള്ള സ്ഥലമാണു്. ആശ്രമവാസി എന്നുവച്ചാല്‍ ആ ആദര്‍ശത്തിനുവേണ്ടി ശ്രമം ചെയ്യുന്നവന്‍ എന്നാണര്‍ത്ഥം. ആദ്ധ്യാത്മികം ഇഷ്ടപ്പെടുന്നവര്‍ക്കു് ഇവിടം സ്വര്‍ഗ്ഗമാണു്. ഇവിടുത്തെ മക്കള്‍ എത്ര കാലമായി ഇങ്ങനെ അദ്ധ്വാനിച്ചു ജീവിക്കുന്നു. അവര്‍ക്കിതൊന്നും ഒരു കഷ്ടപ്പാടായി തോന്നാറില്ല. അവരു വന്നപ്പോഴേ അമ്മ പറഞ്ഞിട്ടുണ്ടു്, നിങ്ങള്‍ ഒരു മെഴുകുതിരിപോലെ ആയിത്തീരണം എന്നു്. മെഴുകുതിരി സ്വയം ഉരുകി മറ്റുള്ളവര്‍ക്കു പ്രകാശം കൊടുക്കുന്നു. അതുപോലെ നമ്മുടെ ത്യാഗമാണു ലോകത്തിൻ്റെ പ്രകാശം. നമ്മുടെ ആത്മാവിൻ്റെ പ്രകാശം.