ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച)

ഒരുവന്റെ ചീത്ത പ്രവൃത്തിയെ മാത്രം ഉയര്‍ത്തിപ്പിടിച്ചു് അവനെ നമ്മള്‍ തള്ളിയാല്‍, ആ സാധുവിന്റെ ഭാവി എന്തായിരിക്കും? അതേസമയം, അവനിലെ ശേഷിക്കുന്ന നന്മ കണ്ടെത്തി അതു വളര്‍ത്താന്‍ ശ്രമിച്ചാല്‍, അതേ വ്യക്തിയെ, എത്രയോ ഉന്നതനാക്കി മാറ്റാന്‍ കഴിയും. ഏതു ദുഷ്ടനിലും ഈശ്വരത്വം ഉറങ്ങിക്കിടക്കുന്നുണ്ടു്. അതു് ഉണര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ വാസ്തവത്തില്‍, നമ്മള്‍ നമ്മളിലെ ഈശ്വരത്വത്തെത്തന്നെയാണു് ഉണര്‍ത്തുന്നതു്.

ഈശ്വരത്വത്തെ ഉണര്‍ത്താന്‍ ശ്രമിക്കുക

ഒരു ഗുരു തന്റെ രണ്ടു ശിഷ്യരെ അടുത്ത ഗ്രാമത്തിലേക്കയച്ചു. ആ ഗ്രാമത്തില്‍ താമസിക്കാന്‍ ചെല്ലുന്നതിനു മുന്‍പു് അവിടെയുള്ള ജനങ്ങള്‍ എങ്ങനെയുള്ളവരാണെന്നു് അന്വേഷിച്ചു വരാന്‍ വേണ്ടിയാണു് അവരെ അയച്ചതു്. ഒരാള്‍ ഗ്രാമമെല്ലാം സന്ദര്‍ശിച്ചു തിരിച്ചെത്തി. ആ ശിഷ്യന്‍, ഗുരുവിനോടു പറഞ്ഞു, ”ആ ഗ്രാമത്തിലുള്ളവരെപ്പോലെ ഇത്ര ദുഷ്ടന്മാരെ മറ്റെങ്ങും കാണാന്‍ കഴിയില്ല. അവിടെയുള്ളവര്‍, കൊള്ളക്കാരും കൊലയാളികളും വേശ്യകളുമാണു്. അതിനാല്‍ ഞാന്‍ വേഗം തിരിയെ പോന്നു.” ഈ സമയം രണ്ടാമത്തെ ശിഷ്യനും, ഗ്രാമം സന്ദര്‍ശിച്ചിട്ടു് അവിടെയെത്തി. ഗുരു ആ ശിഷ്യനോടും ഗ്രാമവിശേഷങ്ങള്‍ ചോദിച്ചു. ”ആ ഗ്രാമത്തിലുള്ളവര്‍ എത്ര നല്ല ആളുകളാണെന്നോ, ഇത്ര നന്മയുള്ളവരെ എവിടെയും കാണാന്‍ കഴിയില്ല.” രണ്ടാമത്തെ ശിഷ്യന്റെ മറുപടി കേട്ട ഗുരു അതിശയിച്ചു, ഇതെന്താണു് ഒരു ഗ്രാമത്തെക്കുറിച്ചു് ഇത്ര വ്യത്യസ്തമായ അഭിപ്രായങ്ങള്‍. ആദ്യം വന്ന ശിഷ്യന്‍ പറയാന്‍ തുടങ്ങി, ”ഞാന്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍, ഒരു കൊലയാളിയെയാണു് അവിടെ കണ്ടതു്. രണ്ടാമത്തെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു കൊള്ളക്കാരനാണു താമസം. മറ്റൊരു വീട്ടില്‍ ചെന്നപ്പോള്‍, അവിടെ ഒരു വേശ്യയാണു താമസമെന്നു മനസ്സിലായി. പിന്നെ എവിടെയും പോകുവാന്‍ തോന്നിയില്ല. ഞാന്‍ തിരിച്ചുപോന്നു. ഇങ്ങനെയുള്ള ആളുകള്‍ താമസിക്കുന്ന ഗ്രാമത്തെക്കുറിച്ചു എങ്ങനെ നല്ല അഭിപ്രായം പറയാന്‍ കഴിയും?”

ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ ഗുരു രണ്ടാമത്തെ ശിഷ്യനോടു താന്‍ കണ്ട കാര്യങ്ങള്‍ പറയുവാന്‍ ആവശ്യപ്പെട്ടു.ശിഷ്യന്‍ പറഞ്ഞു, ”ആ വീടുകളില്‍ എല്ലാം ഞാനും പോയിരുന്നു. ആദ്യത്തെ വീട്ടില്‍, താമസക്കാരന്‍ ഒരു കൊള്ളക്കാരനാണെന്നു പറഞ്ഞു. പക്ഷേ, ഞാനവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച, അയാള്‍ സാധുക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതാണു്. പട്ടിണി കിടക്കുന്നവരെ കണ്ടെത്തി, അവര്‍ക്കു വയറു നിറയെ ആഹാരം കൊടുക്കുന്നു. അയാളില്‍ ഒരു നല്ല ഗുണം കണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി. രണ്ടാമത്തെ സ്ഥലത്തു്, ഒരു കൊലയാളിയാണു താമസക്കാരനെന്നു് അറിഞ്ഞു. എന്നാല്‍, ഞാനവിടേക്കു ചെല്ലുമ്പോള്‍, അയാള്‍, റോഡില്‍ വീണു കിടക്കുന്ന ഒരു സാധു മനുഷ്യനെ ശുശ്രൂഷിക്കുന്നു. അയാള്‍ ഒരു കൊലയാളിയാണെങ്കിലും, ഹൃദയം പൂര്‍ണ്ണമായും വരണ്ടില്ലല്ലോ, എന്നോര്‍ത്തപ്പോള്‍, എനിക്കയാളോടു സ്നേഹം തോന്നി. മൂന്നാമതു്, ഞാന്‍ ചെന്നു കയറിയതു് ഇപ്പറഞ്ഞ വേശ്യയുടെ വീട്ടിലാണു്. അവിടെ മൂന്നുനാലു കുട്ടികള്‍ നില്ക്കുന്നതു കണ്ടു. അവര്‍ ആരെന്നന്വേഷിച്ചു. അപ്പോഴാണറിയുന്നതു്, അവര്‍ അനാഥശിശുക്കളാണെന്നു്. ആ വേശ്യ അവരെ എടുത്തു വളര്‍ത്തുകയാണു്. ഒരു ഗ്രാമത്തിലെ ഏറ്റവും മോശപ്പെട്ടവര്‍ എന്നു പറയുന്നവരില്‍പ്പോലും നല്ല ഗുണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയണോ? ഇത്രയും കണ്ടതോടെ, എനിക്കു് ആ ഗ്രാമത്തിലുള്ളവരെക്കുറിച്ചു വലിയ മതിപ്പു തോന്നി.”

എവിടെയും ദുഷ്ടത മാത്രമേ ഉള്ളൂ എന്നും പറഞ്ഞു്, പിന്തിരിയുന്നതു്, മടിയന്റെ മാര്‍ഗ്ഗമാണു്. മറ്റുള്ളവരുടെ സ്വഭാവദൂഷ്യത്തെക്കുറിച്ചു പഴി പറഞ്ഞുകൊണ്ടിരിക്കുന്ന സമയം നമ്മില്‍ നന്മയുണര്‍ത്താന്‍ ശ്രമിച്ചാല്‍, അതു മറ്റുള്ളവരിലും വെളിച്ചം വിതറും. അതാണു വ്യക്തിയുടെയും സമൂഹത്തിന്റെയും വികാസത്തിനുള്ള എളുപ്പവഴി. എവിടെയും നിറഞ്ഞ അന്ധകാരം കണ്ടു്, ഇരുട്ടിനെ പഴി പറയുകയല്ല വേണ്ടതു്. നമ്മുടെ കൈയിലുള്ള ചെറിയ മെഴുകുതിരി കൊളുത്തുക. ഈ ചെറിയ മെഴുകുതിരി നാളംകൊണ്ടു് എങ്ങനെ ഈ വലിയ അന്ധകാരത്തെ താണ്ടും എന്നു വിഷമിക്കേണ്ടതുമില്ല. അതു തെളിച്ചുകൊണ്ടു മുന്നോട്ടു നടന്നാല്‍ നമ്മുടെ ഓരോ അടിയിലും ആ ചെറുദീപം നമുക്കു പ്രകാശം നല്കും. നമ്മുടെ കൂടെയുള്ളവര്‍ക്കും അതു വെളിച്ചം നല്കും. അതിനാല്‍, മക്കളിലെ സ്നേഹമാകുന്ന ദീപം മക്കള്‍ കൊളുത്തൂ. മുന്നോട്ടു നീങ്ങൂ. നല്ല വാക്കും പുഞ്ചിരിച്ച മുഖവുമായി നമ്മള്‍ ഓരോ അടിയും മുന്നോട്ടു വയ്ക്കുമ്പോള്‍ എല്ലാ നന്മകളും നമ്മില്‍ വന്നു നിറയുന്നതു കാണുവാന്‍ കഴിയും. ഈശ്വരനു നമ്മെ വിട്ടു നില്ക്കുവാന്‍ ആവില്ല. അവിടുന്നു നമ്മെ വാരിപ്പുണരും. ശാന്തിയും സമാധാനവും ഒഴിഞ്ഞനേരം ജീവിതത്തിലുണ്ടാവുകയില്ല.

ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച)

ജോലിക്കു് ആളെ ആവശ്യപ്പെട്ടുകൊണ്ടു പത്രങ്ങളില്‍ പരസ്യം ചെയ്യും. ഇന്ന ഡിഗ്രി, സ്വഭാവ സര്‍ട്ടിഫിക്കറ്റു്, ഇത്ര നീളം, വണ്ണം ഇതൊക്കെ ആവശ്യമുണ്ടെന്നു് അതില്‍ കാണിച്ചിരിക്കും. അതനുസരിച്ചു കിട്ടുന്ന അപേക്ഷകരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും. ചിലര്‍ എല്ലാറ്റിനും ഉത്തരം പറഞ്ഞു എന്നു വരില്ല. എന്നാല്‍ അങ്ങനെയുള്ള ചിലരെയും എടുത്തു കാണുന്നു. ഇന്റര്‍വ്യൂ ചെയ്ത ആളിന്റെ മനസ്സില്‍ ഉണ്ടായ അലിവാണു് അതിനു കാരണം. അതാണു് ഈശ്വരകൃപ. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞാലും എല്ലാ യോഗ്യതകളും ഉണ്ടെങ്കിലും പലരെയും എടുത്തു കാണാറുമില്ല. കാരണം ഇന്റര്‍വ്യൂ ചെയ്ത മനുഷ്യന്റെ ഉള്ളിലുള്ള ഈശ്വരകൃപ അവര്‍ക്കു ലഭിക്കാതെ പോയി. പ്രയത്‌നമുണ്ടെങ്കിലും ആ കൃപ കൂടി ഉണ്ടെങ്കിലേ പൂര്‍ണ്ണമാവുകയുള്ളൂ എന്നാണു് ഇതു വ്യക്തമാക്കുന്നതു്. ഈ കൃപ നമ്മള്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളെ ആശ്രയിച്ചിരിക്കും. നമ്മുടെ അഹങ്കാരമാണു കൃപ ലഭിക്കാന്‍ തടസ്സമായി നില്ക്കുന്നതു്.

പ്രയത്‌നമുണ്ടെങ്കിലും ആ കൃപ കൂടി ഉണ്ടെങ്കിലേ കർമ്മം പൂര്‍ണ്ണമാവുകയുള്ളൂ

നമ്മള്‍ ഒറ്റപ്പെട്ട വെറും ദ്വീപല്ല, ഒരു ചങ്ങലയിലെ കണ്ണികള്‍ പോലെ പരസ്പരം ബന്ധിക്കപ്പെട്ടതാണു നമ്മുടെ ജീവിതം. നമ്മള്‍ ജീവശൃംഖലയുടെ ഭാഗമാണു്. നമ്മുടെ ഓരോ കര്‍മ്മവും അറിഞ്ഞോ, അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടു്. ‘മറ്റുള്ളവര്‍ നന്നായിട്ടു ഞാന്‍ നന്നാകാം’ എന്നു ചിന്തിക്കുന്നതു ശരിയായ രീതിയല്ല. അവരു മാറിയില്ലെങ്കിലും നമ്മള്‍ മാറുവാന്‍ തയ്യാറാകണം. പലരും ചിന്തിക്കുന്നതു ‘മറ്റുള്ളവര്‍ നന്നായിട്ടു, ഞാന്‍ നന്നായാല്‍ പോരേ’ എന്നാണു്. തിര അടങ്ങിയിട്ടു സമുദ്രത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതുപോലെയാണിതു്. മറ്റുള്ളവര്‍ നന്നാകാന്‍വേണ്ടി കാത്തുനില്ക്കാതെ, നമ്മള്‍ സ്വയം നന്നാകുവാനാണു ശ്രമിക്കേണ്ടതു്. അപ്പോള്‍ മറ്റുള്ളവരിലും മാറ്റം കാണുവാന്‍ കഴിയും. നമ്മില്‍ നന്മ വളര്‍ത്താന്‍ കഴിഞ്ഞാല്‍ എവിടെയും നമുക്കു നന്മ മാത്രമേ കാണുവാന്‍ കഴിയൂ. അതിനാല്‍, ഓരോ വാക്കിലും ചിന്തയിലും പ്രവൃത്തിയിലും നമ്മള്‍ ജാഗ്രതയുള്ളവരായിരിക്കണം. നമ്മുടെ ജീവിതത്തില്‍ കാരുണ്യം നിറഞ്ഞുനില്ക്കണം. സാധുക്കളെ സഹായിക്കാനുള്ള മനസ്സുണ്ടാകണം. തിന്മയില്ലാത്തവര്‍ ആരുമില്ല. എന്നാല്‍ ഏതൊരാളിലും തിന്മ കാണുമ്പോള്‍ ഉടനെതന്നെ നമുക്കു നമ്മിലേക്കു നോക്കുവാന്‍ കഴിയണം. അപ്പോള്‍ ഇതൊക്കെ നമ്മിലുമുണ്ടാകാറുണ്ടെന്നു് അറിയുവാന്‍ കഴിയും. ആരെങ്കിലും ദ്വേഷി ച്ചാല്‍ക്കൂടി അവരു വളര്‍ന്നുവന്ന സംസ്‌കാരം അങ്ങനെയായിരിക്കാം എന്നു കണ്ടു ക്ഷമിക്കാന്‍ കഴിയും. അതിനുള്ള ശക്തി കിട്ടും. ഈ ക്ഷമ നമ്മളില്‍ നല്ല ചിന്തയും നല്ല വാക്കും നല്ല കര്‍മ്മങ്ങളും ഉണ്ടാകുവാന്‍ സഹായിക്കും.

ഈ രീതിയിലുള്ള നല്ല കര്‍മ്മങ്ങളാണു് അവിടുത്തെ കൃപ നമ്മിലേക്കെത്തിക്കുന്നതു്. നല്ല കര്‍മ്മത്തിനു നല്ലഫലമെന്ന പോലെ ചീത്തകര്‍മ്മത്തിനു ചീത്തഫലമേ ലഭിക്കുകയുള്ളൂ. അങ്ങനെയാണു ദുഃഖമുണ്ടാകുന്നതു്. അതിനാല്‍ നമ്മുടെ കര്‍മ്മങ്ങള്‍ നന്നായിരിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ ഈശ്വരകൃപ നമ്മിലേക്കു പ്രവഹിക്കും. അവിടുത്തെ കൃപയ്ക്കു പാത്രമായാല്‍ ജീവിതം ദുഃഖമാണെന്നു് ഒരിക്കലും പരാതി പറയേണ്ടി വരില്ല. ജീവിതം ക്ലോക്കിന്റെ പെന്‍ഡുലംപോലെയാണു്. രണ്ടു ദിശയിലേക്കും അതു പൊയ്‌ക്കൊണ്ടിരിക്കും സുഖത്തിലേക്കും ദുഃഖത്തിലേക്കും. എന്നാല്‍ ഇവയെ സമന്വയിപ്പിച്ചു മുന്നോട്ടു പോകണമെങ്കില്‍ ആദ്ധ്യാത്മികം അറിഞ്ഞിരിക്കണം. ഇതിലൂടെ രണ്ടിടത്തേക്കുമുള്ള ആയമെടുപ്പു നമുക്കു് ഒഴിവാക്കാന്‍ സാധിക്കും. ആദ്ധ്യാത്മികം മനസ്സിലാക്കുന്നതിലൂടെ ഓരോന്നിന്റെയും സ്വഭാവം അറിഞ്ഞു മുന്നോട്ടുപോകുവാന്‍ സാധിക്കും. അതിനു സഹായിക്കുന്നതാണു ധ്യാനം. അമിട്ടു പൊട്ടുമെന്നറിഞ്ഞു നിന്നാല്‍ പേടിച്ചു ഞെട്ടേണ്ടതില്ല. ലോകത്തിന്റെ സ്വഭാവം ഇന്നതാണെന്നറിഞ്ഞു നീങ്ങുമ്പോള്‍ നിസ്സാരകാര്യങ്ങള്‍ക്കു മുന്നില്‍ തളര്‍ന്നു വീഴില്ല.

എത്ര ദുഷ്ടനെന്നു പറയുന്ന വ്യക്തിയിലും നന്നാകുവാനുള്ള ശക്തിയുണ്ടു്. ഒരു ഈശ്വരീയഗുണമെങ്കിലും ഇല്ലാത്ത മനുഷ്യരില്ല. നമ്മള്‍ ക്ഷമിക്കുകയാണെങ്കില്‍ അവരിലെ ഈശ്വരത്വത്തെ ഉണര്‍ത്തി എടുക്കുവാന്‍ സാധിക്കും. ഈ ഒരു മനോഭാവം നമ്മില്‍ വളര്‍ത്താനാണു നമ്മള്‍ ശ്രദ്ധിക്കേണ്ടതു്. എവിടെയും നന്മ ദര്‍ശിക്കുവാനുള്ള ഒരു മനസ്സു് നമ്മില്‍ വളര്‍ന്നു കഴിയുന്നതോടെ ഈശ്വരകൃപ നമ്മില്‍ വന്നു നിറയും. ആ കൃപയാണു് ഏതൊരാളുടെയും ജീവിതവിജയത്തിനു് ആധാരം.

(തുടരും…………)

ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച)

ഈശ്വരന്റെ കൃപ കിട്ടാന്‍, ആദ്യം നമുക്കു് ആത്മകൃപയാണു് ആവശ്യം. അതാണു് അഹങ്കാരമില്ലായ്മ. അതിനാണു് അമ്മ എപ്പോഴും പറയുന്നതു്, ”മക്കളേ, ഒരു തുടക്കക്കാരനായിരിക്കൂ” എന്നു്. ഒരു തുടക്കക്കാരനെന്ന ഭാവം നമ്മുടെ അഹങ്കാരത്തിന്റെ പത്തികളെ ഒതുക്കിവയ്ക്കും. തുടക്കക്കാരനായിരിക്കുക എന്നാല്‍ എന്നും പുരോഗതിയില്ലാതെ ഇരിക്കുക എന്നാണോ അര്‍ത്ഥമാക്കുന്നതെന്നു ചിന്തിക്കാം. സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ജോലി നോക്കുമ്പോള്‍ എങ്ങനെ നീങ്ങണം എന്നു സംശയം തോന്നാം. ഓരോന്നിനും അതിന്റെതായ ധര്‍മ്മമുണ്ടു്. അതനുസരിച്ചു തന്നെ നീങ്ങണം. ഒരു പശു വന്നു ചെടികള്‍ കടിച്ചു തിന്നുമ്പോള്‍, ”പശുവേ, പശുവേ” എന്നു പതുക്കെപ്പറഞ്ഞു കൊണ്ടു നില്ക്കുകയല്ല വേണ്ടതു്. ”ഓടു പശുവേ” എന്നു ഗൗരവത്തില്‍ ഉറക്കെപ്പറയുമ്പോള്‍, ആ ശബ്ദം കേട്ടു് അതു പോകും. അങ്ങനെ ചെയ്യുന്നതിനെ അഹങ്കാരമെന്നു പറയുവാനാവില്ല. മറ്റൊന്നിന്റെ അറിവില്ലായ്മയെ തിരുത്തിക്കൊണ്ടുവരുവാനുള്ള ഭാവമാണു്. അതില്‍ തെറ്റില്ല.

ആദ്യം നമുക്കു് ആത്മ കൃപയാണു് ആവശ്യം

എന്നാല്‍ ഉള്ളില്‍ എപ്പോഴും നമ്മള്‍ തുടക്കക്കാരനായിരിക്കണം. അ തോടൊപ്പം ഉള്ളിന്റെയുള്ളില്‍ ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കുവാന്‍ സാധിക്കണം. ഇന്നുള്ളവരുടെ ശരീരം വളര്‍ന്നു, പക്ഷേ, മനസ്സു് വളര്‍ന്നില്ല. മനസ്സു് വളര്‍ന്നു വിശ്വത്തോളം വളരാന്‍ ആദ്യം കുഞ്ഞാകണം, കുഞ്ഞിനേ, വളരാന്‍ കഴിയൂ. എന്നാല്‍ ഇന്നുള്ള മനസ്സു് അഹങ്കാരത്തിന്റെ മനസ്സാണു്. നമ്മുടെ പ്രയത്‌നം നമ്മിലെ അഹങ്കാരത്തിന്റെ നാശത്തിനാകണം. മറ്റുള്ളവരുമായുള്ള ശരിയായ ട്യൂണിങ്ങ് ആണതു്. ഒരു ഇടുങ്ങിയ റോഡില്‍ക്കൂടി രണ്ടു കാറുകള്‍ നേര്‍ക്കു നേരെ വരുകയാണു്. ഞാന്‍ മാറില്ല, ഞാന്‍ മാറില്ല എന്നു രണ്ടു പേരും വാശിപിടിച്ചാല്‍ ആര്‍ക്കും മുന്നോട്ടു പോകുവാന്‍ കഴിയില്ല. അതേ സമയം ആരെങ്കിലും ഒരാള്‍ പിന്നിലേക്കു മാറുവാന്‍ തയ്യാറായാല്‍, രണ്ടുപേര്‍ക്കും മുന്നോട്ടു പോകുവാന്‍ കഴിയും. ഇവിടെ ക്ഷമിച്ചവനും അതു സ്വീകരിച്ചവനും മുന്നോട്ടു പോകുവാനായി. അതാണു പറയുന്നതു ക്ഷമിക്കല്‍ മുന്നോട്ടുള്ള ഗമിക്കല്‍ ആണെന്നു്. അതു ക്ഷമിക്കുന്നവരെയും സ്വീകരിക്കുന്നവരെയും ഉയരങ്ങളിലേക്കു കൊണ്ടുപോകും. എപ്പോഴും പ്രായോഗികം നോക്കി വേണം മുന്നോട്ടു നീങ്ങുവാന്‍.

അഹങ്കാരം എപ്പോഴും പുരോഗതിക്കു തടസ്സമാണു്.
ഈശ്വരനു നമ്മോടു കാരുണ്യം മാത്രമേയുള്ളൂ. നമ്മുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചു ലഭിക്കേണ്ടതിലുമുപരി കൃപ അവിടുന്നു നമ്മില്‍ സദാ ചൊരിയുന്നു. ഈശ്വരന്‍ വെറും ഒരു ജഡ്ജിയല്ല. നല്ല കര്‍മ്മത്തിനു നല്ല ഫലവും ചീത്ത കര്‍മ്മത്തിനു ചീത്ത ഫലവും വിധിക്കാന്‍ മാത്രമായിരിക്കുന്ന വെറും ഒരു ന്യായാധിപനല്ല ഈശ്വരന്‍. അവിടുന്നതിലുമുപരി കൃപാലുവാണു്. നമ്മുടെ തെറ്റുകള്‍ ക്ഷമിച്ചു നമ്മില്‍ കാരുണ്യം വര്‍ഷിക്കുന്ന കൃപാനിധിയാണു് ഈശ്വരന്‍. പക്ഷേ, നമ്മുടെ ഭാഗത്തുനിന്നും അല്പമെങ്കിലും പ്രയത്‌നമുണ്ടായെങ്കിലേ അവിടുത്തേക്കു നമ്മെ രക്ഷിക്കാനാവൂ. നമ്മില്‍ പ്രയത്‌നമൊന്നും ഉണ്ടാവുന്നില്ലെങ്കില്‍ കാരുണ്യമൂര്‍ത്തിയായ അവിടുന്നു വര്‍ഷിക്കുന്ന കൃപ നമുക്കു സ്വീകരിക്കാനാകാതെ പോവും. അതവിടുത്തെ കുറ്റമല്ല; നമ്മുടെ കുറ്റമാണു്. സ്വയംവരസമയത്തു രുക്മിണി കൈ നീട്ടിക്കൊടുത്തതുകൊണ്ടാണു ശ്രീകൃഷ്ണനു രുക്മിണിയെ തേരിലേക്കു പിടിച്ചുയര്‍ത്തുവാനായതു്. അതുപോലെ ഏതിനും നമ്മുടെതായ ഒരു ആയമെടുപ്പു് എപ്പോഴും ആവശ്യമാണു്.

(തുടരും………)

ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം?

ഒരു നല്ല ഗുണമെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക

അമ്മ: അങ്ങനെയല്ല, നമ്മില്‍ ഒരു നല്ല ഗുണം വളര്‍ത്താന്‍ ശ്രമിച്ചാല്‍, ബാക്കി ഗുണങ്ങള്‍ സ്വാഭാവികമായി വന്നുചേരും എന്നാണു് ആ പറഞ്ഞതിനു് അര്‍ത്ഥമാക്കേണ്ടത്. ഒരിക്കല്‍ ഒരു സ്‌ത്രീക്കു ചിത്രരചനയില്‍ ഒന്നാം സ്ഥാനം കിട്ടി. അവര്‍ക്കു സമ്മാനമായി ലഭിച്ചതു വളരെ മനോഹരമായ ഒരു തൂക്കു വിളക്കാണു്. സ്ഫടികത്തില്‍ നിര്‍മ്മിച്ചു ചിത്രപ്പണികള്‍ ചെയ്ത വിളക്കു്. അതു് അവര്‍ സ്വീകരണമുറിയില്‍ തൂക്കിയിട്ടു. അതിന്റെ സൗന്ദര്യം നോക്കി നില്ക്കുമ്പോഴാണവര്‍ ഭിത്തിയിലെ പെയിന്റൊക്കെ ഇളകിക്കിടക്കുന്നതു കണ്ടതു്. എന്തോ ഒരു അഭംഗി. അവര്‍ മുറിയാകെ പെയിന്റടിക്കാന്‍ തീരുമാനിച്ചു. പെയിന്റടിച്ചു കഴിഞ്ഞപ്പോഴാണു്, ജനലിലെ കര്‍ട്ടന്‍ അഴുക്കായിരിക്കുന്നതു ശ്രദ്ധിച്ചുതു്. ഉടന്‍തന്നെ അവയൊക്കെ കഴുകിയിട്ടു. അപ്പോഴാണു തറയില്‍ വിരിച്ചിരുന്ന ഷീറ്റിലെ നാരുകള്‍ പഴക്കം കാരണം എഴുന്നു നില്ക്കുന്നതു കണ്ടതു്. അതു മാറ്റി, പുതിയ ഒരെണ്ണം വിരിച്ചു. അവസാനം, അതൊരു പുതിയ മുറി പോലെയായി. ഒരു നല്ല വിളക്കു തൂക്കിയിട്ടതില്‍ തുടങ്ങിയതാണു്. അതു മുറിയെ ആകെ വൃത്തിയിലേക്കു നയിച്ചു. അതു പോലെ നമ്മള്‍ ജീവിതത്തില്‍ ഒരു നല്ല കാര്യം അനുഷ്ഠിക്കാന്‍ തുടങ്ങിയാല്‍, അനേകം ഗുണങ്ങള്‍ സ്വാഭാവികമായും നമ്മില്‍ വന്നു ചേരും. പിന്നീടുള്ളതു് ഒരു പുനര്‍ജ്ജന്മമായിരിക്കും. കാരണം ഈശ്വരന്‍ എന്നതു് എല്ലാ സദ്ഗുണങ്ങളുടെയും ആകെത്തുകയാണു്. ഏതെങ്കിലും ഒന്നിനെ ഉള്‍ക്കൊണ്ടാല്‍ മറ്റുള്ള സദ്ഗുണങ്ങള്‍ വന്നു കൊള്ളും. പക്ഷേ, തുടക്കത്തില്‍ ഒരു നല്ല ഗുണമെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ നമ്മള്‍ ശ്രമിക്കണം. എങ്കിലേ, ഇതു സാദ്ധ്യമാകൂ.

കുട്ടികള്‍ക്കു പരീക്ഷയില്‍ ജയിക്കാന്‍വേണ്ടി മോഡറേഷന്‍ കൊടുക്കും. എല്ലാവര്‍ക്കും മോഡറേഷനുണ്ടെങ്കിലും, അതു കിട്ടണമെങ്കില്‍ ഇത്ര മാര്‍ക്കു വാങ്ങിയിരിക്കണം എന്നുണ്ടു്; ഒന്നും പഠിക്കാത്തവര്‍ക്കു കിട്ടില്ല. അതിനാല്‍ കുട്ടികളുടെ ഭാഗത്തുനിന്നു കൂടി പ്രയത്‌നം ആവശ്യമാണു്. അതുപോലെ, ഈശ്വരന്‍ എപ്പോഴും നമ്മില്‍ കൃപ വര്‍ഷിക്കുന്നുവെങ്കിലും, അതു നമുക്കു പ്രയോജനപ്പെടണമെങ്കില്‍, അല്പം പ്രയത്‌നം നമ്മില്‍നിന്നു കൂടിയുണ്ടാകണം. ഈശ്വരന്‍ കൃപ ചൊരിഞ്ഞാലും അതു സ്വീകരിക്കുവാനുള്ള മനസ്സു് നമ്മിലില്ലെങ്കില്‍ പ്രയോജനമില്ല. പകല്‍നേരം മുറിയുടെ വാതിലുകള്‍ എല്ലാം അടച്ചിട്ടതിനുശേഷം എനിക്കുമാത്രം സൂര്യന്‍ പ്രകാശം തരുന്നില്ല എന്നു പറഞ്ഞിട്ടു കാര്യമില്ല. സൂര്യന്റെ പ്രകാശം എവിടെയുമുണ്ടു്. അതു കിട്ടുവാന്‍ വാതിലുകള്‍ തുറന്നാല്‍ മാത്രം മതി. അതുപോലെ അവിടുന്നു നമ്മില്‍ സദാ കൃപ ചൊരിയുന്നു. അതു ലഭിക്കുവാന്‍ നമ്മുടെ ഹൃദയത്തിന്റെ അടഞ്ഞ വാതിലുകള്‍ തുറക്കണം. അതിനാല്‍ ഈശ്വരന്റെ കൃപയെക്കാളുപരി, ആദ്യം നമ്മുടെ മനസ്സിന്റെ കൃപ നമുക്കു കിട്ടണം. അവിടുന്നു കൃപാലുവാണു്. നമ്മുടെ മനസ്സിന്റെ കൃപയില്ലായ്മയാണു് അവിടുത്തെ കൃപ ഉള്‍ക്കൊള്ളുന്നതിനു തടസ്സമായി നില്ക്കുന്നതു്.

ഒരാള്‍, നമുക്കു് ഒരു വസ്തു തരുവാനായി നീട്ടുന്ന സമയം, നമ്മള്‍ അഹങ്കാരത്തോടെ നിന്നാല്‍, ”ഓ, ഇവന്‍ ഇത്ര അഹങ്കാരിയാണല്ലേ; ഇവനിതു കൊടുക്കേണ്ട, മറ്റാര്‍ക്കെങ്കിലും നല്കാം” എന്നു വിചാരിച്ചു് അതു തിരിച്ചെടുക്കും. അവിടെ ആത്മകൃപ നമുക്കു ലഭിക്കാതെ പോയി. ഒരു സാധനം ഒരാള്‍ നല്കുവാന്‍ ഭാവിച്ചെങ്കിലും, നമ്മിലെ അഹങ്കാരം കാരണം അതു നഷ്ടമായി. നമുക്കു ലഭിക്കേണ്ടതായ കൃപ, നമ്മുടെ മനസ്സു് കനിയാതിരുന്നതു കാരണം സ്വീകരിക്കുവാനായില്ല. ചില അവസരങ്ങളില്‍ നമ്മുടെ വിവേകബുദ്ധി പറയും, ‘ഇങ്ങനെ ചെയ്യൂ’ എന്നു്. പക്ഷേ, മനസ്സു് സമ്മതിക്കില്ല. ബുദ്ധി പറയും, ”നീ വിനയം കാണിക്കൂ”, എന്നു്. അപ്പോള്‍ മനസ്സു് പറയും, ”ഇല്ല, അങ്ങനെ വിനയം കാണിച്ചാല്‍ ശരിയാവില്ല. അവന്റെ മുന്നില്‍ എനിക്കു തല കുനിക്കാന്‍ പറ്റില്ല.” ഫലമോ, നേടാമായിരുന്ന വസ്തുക്കള്‍ നഷ്ടമാകും. സാധിക്കാമായിരുന്ന കാര്യങ്ങള്‍ നടക്കാതെ പോകും. 

(തുടരും…….)

ചോദ്യം : ഈ ലോകത്തു ജീവിച്ചുകൊണ്ടുതന്നെ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുമോ? (തുടർച്ച)

ഒരിടത്തു് ഒരു പിതാവിനു നാലു മക്കളുണ്ടായിരുന്നു. അച്ഛനു പ്രായം ചെന്നപ്പോള്‍ മക്കള്‍ ഓഹരി വയ്ക്കാന്‍ നിര്‍ബ്ബന്ധിച്ചു. അവര്‍ക്കു സ്വന്തമായി വീടുവയ്ക്കണം. ഓഹരി വച്ചാല്‍ മാത്രമേ അതിനു കഴിയൂ. ”അച്ഛന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം, ഞങ്ങള്‍ നാലു പേരുണ്ടല്ലോ. മൂന്നു മാസം വീതം ഞങ്ങളുടെ ഓരോരുത്തരുടെയും വീട്ടില്‍ വന്നു് അച്ഛനു സന്തോഷത്തോടെ കഴിയാം.” മക്കള്‍ നാലുപേരും ഒരുപോലെ ഇതു പറഞ്ഞപ്പോള്‍ അച്ഛനും സന്തോഷമായി. വീതം വച്ചു, വീടും പറമ്പും ഒരു മകനു കൊടുത്തു. മറ്റു മൂന്നു പേര്‍ക്കു സ്ഥലവും. അവരവര്‍ക്കു ലഭിച്ച സ്ഥലത്തു് അവര്‍ വീടു വച്ചു.

ആത്മലോകത്തിലേക്കു പറന്നുയരാന്‍ ജാഗ്രതയോടെ വര്‍ത്തിക്കുക

വീതംവപ്പു കഴിഞ്ഞു് അച്ഛന്‍ മൂത്ത മകന്റെ വീട്ടില്‍ താമസി ക്കാനായി ചെന്നു. ആദ്യദിവസങ്ങളില്‍ വലിയ സ്വീകരണമായിരുന്നു. അതു ക്രമേണ കുറഞ്ഞു വന്നു. അച്ഛനെ ശുശ്രൂഷിക്കുന്നതില്‍ കാട്ടിയ ആദ്യത്തെ ഉത്സാഹമൊക്കെ തണുത്തു. ഓരോ ദിവസം കഴിയുന്തോറും മകന്റെയും മരുമകളുടെയും മുഖം കറുത്തു വന്നു. അച്ഛന്‍ ഒരുവിധം കടിച്ചു പിടിച്ചു് ഒരു മാസം അവിടെ നിന്നു. ഇറങ്ങിപ്പോ എന്നു പറയുന്നതിനു മുന്‍പു രണ്ടാമത്തെ മകന്റെ വീട്ടില്‍ ചെന്നു. അവരും ആദ്യം കുറേ ആവേശം കാണിച്ചു, എന്നാല്‍ പതിനഞ്ചു ദിവസംകൊണ്ടു് അവിടെനിന്നും ഇറങ്ങേണ്ടി വന്നു. മൂന്നാമത്തെ മകന്റെ വീട്ടില്‍ പത്തു ദിവസം കഴിയുവാനേ സാധിച്ചുള്ളൂ. അതില്‍കൂടുതല്‍ നിന്നാല്‍തന്നെ പുറത്താക്കിയാലോ എന്നു ഭയന്നു. അവസാനം നാലാമത്തെ മകന്റെ വീട്ടില്‍ എത്തി. അഞ്ചു ദിവസം കൊണ്ടു താമസം അവസാനിപ്പിക്കേണ്ടി വന്നു. അല്ലെങ്കില്‍ പിടിച്ചു പുറത്താക്കുമെന്നുറപ്പായി. അതിനവസരം കൊടുക്കാതെ ആ വൃദ്ധന്‍ വീടുവീട്ടിറങ്ങി. ഉള്ള സ്വത്തു നാലു മക്കള്‍ക്കു വീതിച്ചു നല്കിയപ്പോള്‍, മക്കള്‍ തന്റെ അവസാനകാലം തന്നെ നോക്കുമെന്നു പ്രതീക്ഷിച്ചു. എല്ലാം ഒരു പ്രതീക്ഷ മാത്രമായിരുന്നു. രണ്ടു മാസത്തിനുള്ളില്‍ നാലുമക്കളുടെ കൂടെയുള്ള താമസവും പൂര്‍ത്തിയാക്കി.

ഇതു നമ്മള്‍ മനസ്സിലാക്കിയിരിക്കണം. മനുഷ്യസ്നേഹം ഇങ്ങിനെയാണു്. പശുവിനെ സ്നേഹിക്കുന്നതു പാലിനുവേണ്ടിയാണു്. കറവ വറ്റിയാല്‍ അറവുകാരനു വില്ക്കും. അവരു നോക്കും ഇവരു നോക്കും എന്ന പ്രതീക്ഷവച്ചു കര്‍മ്മം ചെയ്താല്‍ ദുഃഖിക്കാനേ ഇടവരൂ. നമ്മള്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ പ്രതീക്ഷ വയ്ക്കാതെ സന്തോഷത്തോടെ ചെയ്യുക. സമയമാകുമ്പോള്‍ നമ്മുടെ മാര്‍ഗ്ഗത്തിലേക്കു തിരിയുക. ഇതിനര്‍ത്ഥം ഉത്തരവാദിത്വങ്ങള്‍ വെടിയണം എന്നല്ല. നമ്മുടെ ധര്‍മ്മം നമ്മള്‍ അനുഷ്ഠിക്കുകതന്നെ വേണം. കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ നോക്കേണ്ടതു മാതാപിതാക്കളുടെ കടമയാണു്. എന്നാല്‍ അവര്‍ക്കു പ്രായമെത്തിയാല്‍, വീണ്ടും അവിടെ പ്രതീക്ഷ വച്ചു നില്ക്കാന്‍ പാടില്ല. നമ്മുടെ യഥാര്‍ത്ഥ ലക്ഷ്യം കണ്ടറിഞ്ഞു് അവിടേക്കു യാത്ര തുടരണം. ‘മക്കളും കൊച്ചു മക്കളും’ എന്നു പറഞ്ഞിരിക്കരുതു്.

ചുള്ളിക്കമ്പിലിരിക്കുന്ന കിളി ഏതു നിമിഷവും പറന്നുയരാന്‍ തക്ക ജാഗ്രതയിലായിരിക്കും. കാരണം ഏതു നിമിഷവും ആ കമ്പു് ഒടിയാം എന്നു് അതിനറിയാം. അതുപോലെ ലോകത്തില്‍ നാനാ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുമ്പോഴും അതൊന്നും നിത്യമല്ലെന്നറിഞ്ഞു് ആത്മലോകത്തിലേക്കു പറന്നുയരാന്‍ ജാഗ്രതയോടെ വര്‍ത്തിക്കണം. അങ്ങനെയാകുമ്പോള്‍ ഒന്നിനും നമ്മെ ബന്ധിക്കുവാനോ ദുഃഖിപ്പിക്കുവാനോ കഴിയില്ല.