ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്?

അമ്മ : മതത്തില്‍ ഇല്ലാത്തതൊന്നും ശാസ്ത്രത്തില്‍ക്കാണുവാന്‍ കഴിയില്ല. മതം പ്രകൃതിയെ സംരക്ഷിക്കുവാന്‍തന്നെയാണു് പറയുന്നതു്. സര്‍വ്വതിനെയും ഈശ്വരനായിക്കണ്ടു സ്നേഹിക്കാനും സേവിക്കാനുമാണു മതം നമ്മെ പഠിപ്പിക്കുന്നതു്. മലകളെയും വൃക്ഷങ്ങളെയും വായുവിനെയും സൂര്യനെയും പശുക്കളെയും നദികളെയും മറ്റും ഓരോ രീതിയില്‍ ആരാധിച്ചിരുന്നു. പാലിനെ ആശ്രയിച്ചാല്‍ മോരും തൈരും വെണ്ണയും എല്ലാം കിട്ടും എന്നു പറയുന്നതുപോലെ, മതത്തില്‍നിന്നു നമുക്കു വേണ്ടതെല്ലാം ലഭിക്കും.


പ്രകൃതിയിലെ ഓരോ ജീവിയെയും സംരക്ഷിച്ചു് ആദരിക്കുന്നതിലൂടെ നമ്മള്‍ ഈശ്വരനെയാണു പൂജിക്കുന്നതു്.

മതത്തില്‍പ്പറയുന്ന ഭയഭക്തി, നമ്മെ ഭയപ്പെടുത്തുവാനുള്ളതല്ല, നമ്മില്‍ ശ്രദ്ധ വളര്‍ത്താന്‍ വേണ്ടിയുള്ളതാണു്. ഏതു കര്‍മ്മവും ശരിയായ ഫലത്തിലെത്തണമെങ്കില്‍ ശ്രദ്ധ വേണം. ശ്രദ്ധയുണ്ടെങ്കിലേ ക്ഷമയുണ്ടാവുകയുള്ളൂ. ക്ഷമയുള്ളവൻ്റെ കര്‍മ്മമേ ശരിയായ കര്‍മ്മമാവുകയുള്ളൂ. ഈശ്വരനോടുള്ള ഭയഭക്തിയെന്നതുകൊണ്ടു നിങ്ങള്‍ എന്താണു ഭാവനചെയ്യുന്നതു്? അമ്മയുടെ ലോകത്തില്‍ ഈശ്വരനോടുള്ള ഭയഭക്തിയെന്നാല്‍; അദ്ധ്യാപകനോടുള്ള ബഹുമാനവും ഒരമ്മയോടുള്ള ബന്ധവും ഇതു രണ്ടുംകൂടി ചേരുന്നതാണു്. ഈ ഒരു ഭാവമാണു നമുക്കു പരമാത്മാവിനോടു വേണ്ടത്. അതു കേവലം ഭയമല്ല; നമ്മിലെ വിവേകബുദ്ധിയെ വളര്‍ത്തുന്ന തത്ത്വമാണു്. ചീത്തക്കര്‍മ്മം ചെയ്താല്‍ അതിൻ്റെ ശിക്ഷ അനുഭവിക്കേണ്ടിവരും എന്നു പറയുന്നതു്, നമ്മിലെ വിവേകശക്തിയെ ഉണര്‍ത്താന്‍ വേണ്ടിയാണു്. അല്ലാതെ; വാളും ഗദയുമായി വന്നു് നമ്മുടെ കൈവെട്ടാന്‍, എവിടെയെങ്കിലും മുകളില്‍ ഒരു സപ്രമഞ്ചത്തില്‍ ഇരിക്കുന്ന ഈശ്വരന്‍ വരുമെന്നല്ല. എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിലാണു് ഈശ്വരൻ്റെ വാസം. പ്രകൃതിയിലെ ഓരോ ജീവിയെയും സംരക്ഷിച്ചു് ആദരിക്കുന്നതിലൂടെ നമ്മള്‍ ഈശ്വരനെയാണു പൂജിക്കുന്നതു്.

‘നിന്നില്‍ വൈരക്കല്ലുണ്ടു്. അതു് അജ്ഞാനമാകുന്ന എണ്ണയില്‍ വീണുകിടക്കുന്നതിനാല്‍ തിളക്കം നഷ്ടമായിരിക്കുന്നു. അതിൻ്റെ തിളക്കം വീണ്ടെടുക്കൂ. നീ നിന്നിലേക്കു നോക്കൂ, നീയാരാണെന്നറിയൂ. അഹങ്കാരത്തെ വെടിഞ്ഞു് നിൻ്റെ ബോധത്തെ ഉണര്‍ത്തൂ. നിൻ്റെ ധര്‍മ്മം എന്താണെന്നറിയൂ. നീ അഞ്ചോ, ആറോ അടിയില്‍ ഒതുങ്ങുന്ന ഒരു മനുഷ്യനല്ല; അനന്തമായ ആ തത്ത്വം തന്നെയാണു്. അതു മനസിലാക്കി ജീവിക്കൂ’ എന്നാണു മതം പറയുന്നതു്. പൂച്ചയെക്കണ്ടാല്‍ പേടിച്ചോടുന്ന എലിക്കുഞ്ഞിനെ പ്പോലെയാകാതെ മൃഗരാജനായ സിംഹത്തെപ്പോലെയാകാനാണു നാം ശ്രമിക്കേണ്ടതു്. അതാണു മതം പഠിപ്പിക്കുന്നതു്. മതം ശക്തിയുടെ മന്ത്രമാണു്. മതം മനുഷ്യനിലെ മദത്തെക്കളയാനുള്ള തത്ത്വമാണു്.

(തുടരും…….)

വിഷു, നല്ല കാര്യങ്ങള്‍ തുടങ്ങുവാനുള്ള സമയമെന്നാണ് സങ്കല്‍പം. നമുക്ക് നഷ്ടപ്പെട്ടുവരുന്ന, പ്രകൃതിയോടുള്ള ഹൃദയബന്ധം വീണ്ടെടുക്കാനുള്ള അവസരമായി ഈ വിഷുവിനെ മാറ്റാന്‍ നമ്മോട് അമ്മ ആവശ്യപ്പെടുകയാണ്. പ്രകൃതി നമുക്ക് അമ്മയാണ്. നമ്മെ വളര്‍ത്തി, പരിചരിച്ച്, ഈ നിലയില്‍ എത്തിച്ച ഭൂമിയോടും സകല ജീവജാലങ്ങളോടുമുള്ള കടപ്പാടുകള്‍ മറക്കരുത്. പ്രകൃതി ചൂഷണത്തിലൂടെ സ്വയം നാശത്തിലേയ്ക്കു നീങ്ങുന്ന മനുഷ്യരാശി, പ്രകൃതി സംരക്ഷണത്തിലേക്കു തിരിച്ചു വരണമെന്ന് അമ്മ ഓര്‍മ്മിപ്പിയ്ക്കുന്നു.

വിഷുക്കണിയോടൊപ്പം വൃക്ഷക്കണി

കാലാവസ്ഥാ വ്യതിയാനവും വര്‍ദ്ധിച്ചുവരുന്ന ചൂടും, മരങ്ങള്‍ നട്ടുവളര്‍ത്താന്‍ നമുക്ക് മുന്നറിയിപ്പു തന്നുകൊണ്ടിരിക്കുന്നു. ഒരു വൃക്ഷം വെട്ടേണ്ടി വന്നാല്‍ പത്തെണ്ണമെങ്കിലും നട്ടു പരിപാലിച്ചു വളര്‍ത്താന്‍ പൂര്‍വ്വികരും ഉപദേശിക്കുന്നു. തൊടിയില്‍ നിന്നുള്ള ചെടികളും ഫലങ്ങളും ഉപേക്ഷിച്ച് കമ്പോളങ്ങളെ ആശ്രയിച്ചത് മറ്റൊരു വലിയ വിപത്തിലേയ്ക്കാണ് നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്: വിപണിയില്‍ ലഭ്യമാകുന്ന പച്ചക്കറികളിലൂടെ നമ്മുടെ ഉള്ളിലെത്തുന്നത് മാരകങ്ങളായ രാസവസ്തുക്കളാണ്. ചവിട്ടിനില്‍ക്കുന്ന മണ്ണില്‍ വിഷം പുരട്ടിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. കാലങ്ങളായി മാധ്യമങ്ങളും, ശാസ്ത്രജ്ഞരും, സര്‍വകലാശാലകളും അതേക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു. കാന്‍സര്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, വന്ധ്യതാപ്രശ്‌നങ്ങള്‍, തലച്ചോറിലെ തകരാറുകള്‍, ജനിതക വൈകല്യങ്ങള്‍, ശ്വസനപ്രശ്‌നങ്ങള്‍, അവയവങ്ങള്‍ക്ക് നാശം, ത്വക്‌രോഗങ്ങള്‍ തുടങ്ങിയ എണ്ണമറ്റ പാര്‍ശ്വഫലങ്ങളാണ് കീടനാശിനികള്‍ നല്‍കുന്നത്. എന്നാല്‍, പച്ചക്കറി വിട്ട് മത്സ്യമാംസാദികള്‍ കൂടുതലായി കഴിക്കാമെന്ന സമ്പ്രദായം, കൊളസ്‌ട്രോളും പ്രഷറും മറ്റുമായി രോഗികളുടെ വരവ് കൂട്ടി. അപ്പോള്‍ ഡോക്ടര്‍മാര്‍ പച്ചക്കറിയും പഴങ്ങളും ധാരാളം കഴിയ്ക്കാന്‍ ഉപദേശിച്ചു. പക്ഷേ അതിന്, വിഷമല്ലാത്ത പച്ചക്കറി എവിടെ? പഴങ്ങളെവിടെ? നമുക്ക് വേണ്ടത് നാംതന്നെ ഉണ്ടാക്കിയിരുന്ന ശീലം, അപ്രത്യക്ഷമായി. തൊടികള്‍ ശൂന്യമായി. കണ്‍മുന്നില്‍ വിളഞ്ഞ വിഭവങ്ങള്‍കൊണ്ട് മൃഷ്ടാന്നം കഴിച്ചിരുന്ന നമ്മളാണ്, കൂടുതല്‍ ബുദ്ധിശാലികളും വിദ്യാസമ്പന്നരുമായപ്പോള്‍ ഈ ദുര്യോഗത്തില്‍ പെട്ടുപോയത്.

നമ്മുടെ വീട്ടു വളപ്പുകളില്‍ സമൃദ്ധമായുണ്ടായിരുന്ന നാടന്‍ പച്ചക്കറികള്‍; ചതുരപ്പയറും കോവലും കറിവേപ്പിലയും നിത്യവഴുതനയും തഴുതാമയും തകരയും ചീരയും അടതാപ്പും കാച്ചിലും കിഴങ്ങും വാളമരയും, അങ്ങനെ അസംഖ്യം എണ്ണം വീടും നാടുമൊഴിഞ്ഞ് പൊയ്‌ക്കൊണ്ടേയിരിക്കുന്നു. പലതും പുതിയ തലമുറ കണ്ടിട്ടുപോലുമില്ല. നാല്‍പതു ശതമാനം പ്രകൃതിയാണ് കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ നശിപ്പിയ്ക്കപ്പെട്ടത്. വായു, വെള്ളം, ഭക്ഷണം ഇവയെല്ലാം ഇന്ന് വിഷമയമായിരിയ്ക്കയാണ്.

മാതാ അമൃതാനന്ദമയീ മഠത്തിന്റെ അനവധി പ്രകൃതി സംരക്ഷണപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു, 2015ലെ ഭാരതയാത്രാ വേളയില്‍, അമ്മ ആഹ്വാനം ചെയ്ത ‘വിഷുത്തൈനീട്ടം’ പദ്ധതി. ഏറെ പ്രശംസിയ്ക്കപ്പെട്ട ‘അമലഭാരതം’ പദ്ധതിയിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യമാകെ പ്രചോദനമായിരുന്നു. ബഹുജന പങ്കാളിത്തംകൊണ്ടും, നിസ്വാര്‍ത്ഥ സേവനംകൊണ്ടും ശ്രദ്ധിയ്ക്കപ്പെട്ട ശുചീകരണ യജ്ഞത്തിനു ശേഷം പരിസ്ഥിതി സംരക്ഷണത്തിനായുള്ള അമ്മയുടെ സങ്കല്‍പ പദ്ധതിയാണ് ‘വിഷുത്തൈനീട്ടം’. ഈ സേവാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്, മഠത്തിന്റെ യുവജന കൂട്ടായ്മയായ ‘അയുദ്ധ്’ (അമൃത യുവധര്‍മ്മ ധാര) ആണ്.

വിഷുത്തൈനീട്ടം

നമുക്ക് നഷ്ടപ്പെടുന്ന പ്രകൃതിയോടുള്ള ഹൃദയബന്ധം വീണ്ടെടുക്കാനുള്ള ആഹ്വാനമാണ് ഓരോ വിഷുവും. വിഷു കാര്‍ഷികോല്‍സവമാണ്. വിശേഷിച്ചും മലയാളികളുടെ പ്രധാന ഉത്സവങ്ങളില്‍ ഒന്ന്. കാര്‍ഷിക സംസ്‌ക്കാരം കൈമോശം വന്നുകൊണ്ടിരിയ്ക്കുന്ന മലയാളി, വിഷുവിനെ അതിന്റെ അര്‍ത്ഥത്തില്‍ കാണാന്‍ വിട്ടുപോയി. കൈരളിയുടെ കാര്‍ഷിക സംസ്‌കൃതിയും ആരോഗ്യവും ഭക്ഷണവും സ്വാസ്ഥ്യവും തിരിച്ചെടുക്കാനും, ആഗോള താപനവും പ്രകൃതിക്ഷോഭങ്ങളും വന്നെത്തും മുന്‍പ് സ്വന്തം സ്വത്വത്തിലേയ്ക്ക് മടങ്ങാനും, പ്രകൃതിയോടുള്ള ഹൃദയബന്ധത്തെപറ്റി പുതുതലമുറയെ ബോധവാന്മാരാക്കുന്നതിനുമായി ലക്ഷ്യമിട്ടാണ് ‘വിഷുത്തൈനീട്ടം’, മലയാളി സമൂഹത്തില്‍, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഉല്‍സവത്തോട് ബന്ധിച്ചു തന്നെ അവതരിപ്പിയ്ക്കുന്നത്.
നാശത്തിലേയ്ക്ക് നീങ്ങുന്ന മനുഷ്യരാശിയെ രക്ഷിയ്ക്കാന്‍ ഇനി വരുന്ന തലമുറയ്ക്കാണ് കഴിയുക. കുടുംബാംഗങ്ങളോടും സമൂഹത്തോടുമുള്ള സ്‌നേഹവും സഹായവുമാണ് വിഷുക്കൈനീട്ടം. ഇത്തവണ വിഷുവിന്, കൈനീട്ടം നല്‍കുമ്പോള്‍ അതോടൊപ്പം വൃക്ഷങ്ങളുടെയോ പച്ചക്കറികളുടെയോ തൈകള്‍ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കണം : ‘വിഷുക്കൈനീട്ടത്തോടൊപ്പം വിഷുത്തൈനീട്ടം’. വിഷുവിനുള്ള കൈനീട്ടം വര്‍ഷം മുഴുവന്‍ ഫലം തരുന്ന ഒരു മരമായിരിയ്ക്കട്ടേ. ആശങ്കകള്‍ അകന്ന് അടുത്ത വര്‍ഷത്തേയ്ക്ക് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാനാണ് വിഷുക്കണി. കണിയൊരുക്കുമ്പോള്‍ ഒരു വൃക്ഷത്തൈയും കണ്ണന് കാഴ്ചയായി വയ്ക്കുക : ‘വിഷുക്കണിയോടൊപ്പം വൃക്ഷക്കണി’.

അമൃത സര്‍വ്വകലാശാലാ കേന്ദ്രങ്ങള്‍, അമൃത വിദ്യാലയങ്ങള്‍, കേരളമാകെ വിവിധ ജില്ലകളിലുള്ള സര്‍ക്കാര്‍ സ്‌ക്കൂളുകള്‍, ഇതര വിദ്യാലയങ്ങള്‍, ക്ഷേത്രങ്ങള്‍, പൊതുപരിപാടികള്‍, ആശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളെല്ലാം വിഷുത്തൈനീട്ടത്തിന്റെ വിതരണ കേന്ദ്രങ്ങളാകാറുണ്ട്. അമൃതകുടുംബങ്ങള്‍, അമൃതശ്രീ തുടങ്ങിയ കൂട്ടായ്മകള്‍ വഴി വീടുകളിലും ഗ്രാമകൂട്ടായ്മകളിലും വിഷുത്തൈനീട്ടം ആചരിച്ചു വരുന്നു. ഇന്ത്യയിലെ മഠം ദത്തെടുത്ത 101 ഗ്രാമങ്ങളിലേയ്ക്ക് അമൃത വിശ്വവിദ്യാപീഠം വിദ്യാര്‍ത്ഥികള്‍ നേരില്‍ ചെന്ന് തൈകള്‍ നല്‍കി വരുന്നു.

കാര്‍ഷിക സമൃദ്ധിയെയും പ്രകൃതിയോടുള്ള ഹൃദയബന്ധത്തെയും വീണ്ടെടുക്കാനുള്ള പ്രതിജ്ഞയോടെ കാര്‍ഷികോല്‍സവമായ വിഷുവിനെ വരവേല്‍ക്കാനും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സമ്പല്‍ സമൃദ്ധമായ നാളെയെ നല്‍കാനും ‘വിഷുത്തൈനീട്ട’ത്തിലൂടെ ഒന്നു ചേരാം. നന്മയുടെയും സ്‌നേഹത്തിന്റെയും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍!

അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ‘വിഷുത്തൈനീട്ടം’ പദ്ധതി, അഞ്ചാമത് വര്‍ഷത്തിലേയ്ക്ക് കടന്നതിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 06 ശനിയാഴ്ച, അമൃതപുരിയില്‍ വച്ച് നടന്നു. വിഷുവിന് കൈനീട്ടത്തോടൊപ്പവും വിഷുക്കണിയിലും ഒരു വൃക്ഷത്തൈ കൂടി ഉള്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് 2015 ല്‍ ശ്രീ മാതാ അമൃതാനന്ദമയീ ദേവി വിഭാവനം ചെയ്ത പദ്ധതിയാണ് ‘വിഷുത്തൈനീട്ടം’. മഠത്തിന്റെ യുവജന വിഭാഗമായ ‘അയുദ്ധ്’ ആണ് ‘വിഷുത്തൈനീട്ട’ത്തിന്റെ പ്രവര്‍ത്തന പ്രചരണ ഏകോപനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

‘മുറ്റത്തൊരു പഴത്തോപ്പ് മുകളിലൊരു കിളിക്കൂട്’ എന്ന വിളംബരത്തോടെയായിരുന്നു, സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിദ്ധ്യത്തില്‍ ഈ വര്‍ഷത്തെ വിഷുത്തൈനീട്ടത്തിന് തുടക്കം കുറിച്ചത്.

ഒരു ചെറിയ തടികഷ്ണമായാലും, അതില്‍ കുറച്ചു വെള്ളവും ഭക്ഷണവും കിളികള്‍ക്കായി നമ്മള്‍ കരുതണമെന്നും, ചുട്ടുപൊള്ളുന്ന വെയിലത്ത് ഈ കരുതല്‍ കിളികള്‍ക്ക് ആശ്വാസമായിരിക്കുമെന്നും, അനുഗ്രഹസന്ദേശത്തില്‍ അമ്മ പറഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം വന്നെത്തിയ എല്ലാവരോടും പ്രായഭേദമെന്യേ പദ്ധതിയുടെ ഭാഗമാകാന്‍ അമ്മ ആഹ്വാനം ചെയ്തു. വിഷുപ്പക്ഷി പോലും അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, പക്ഷികള്‍ക്ക് ഒരു കിളിക്കൂട് ഒരുക്കുന്നത്തിന്റെ അവശ്യകത പ്രധാന്യത്തോടെ പരാമര്‍ശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കിളിക്കൂടുകളുടെ വിതരണ ഉദ്ഘാടനവും അമ്മ നിര്‍വ്വഹിച്ചു.

ഇതിന്റെ ഭാഗമായി അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍, ഇനിയുള്ള ദിവസങ്ങളില്‍ തങ്ങളുടെ അധ്യാപകരുടെ വീടുകളിലെത്തി ഫലവൃക്ഷത്തൈയും, കിളിക്കൂടും സമ്മാനിക്കും. വിദ്യാര്‍ത്ഥികള്‍ ഒരുക്കിവച്ച നാലായിരത്തഞ്ഞൂറോളം തൈകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ‘നമ്മുടെ കുട്ടികള്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി അതിനെ പരിപാലിക്കട്ടെയെന്നും ചെടികളും വൃക്ഷങ്ങളും നമ്മളുടെ ഭാഗമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകട്ടെ’യെന്നും അമ്മ പറഞ്ഞു. ഭൂമി ഫലഭൂയിഷ്ടമായാല്‍ അത് നമ്മളുടെ ജീവിതത്തെയും സമൃദ്ധമാക്കുമെന്നും, ആനന്ദവും സൗന്ദര്യവും അകവും പുറവും നിറയു’മെന്നും അമ്മ അനുഗ്രഹ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘വിഷുത്തൈനീട്ടം’ പദ്ധതിയുടെ ഭാഗമായി അയുദ്ധ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കേരളത്തിലുടനീളം മൂന്നര ലക്ഷത്തിലധികം വൃക്ഷത്തൈകളാണ് വിതരണം ചെയ്തു കഴിഞ്ഞത്. കൂടാതെ, വിവിധ രാജ്യങ്ങളിലായി 10 ലക്ഷം വൃക്ഷത്തൈകള്‍ ഐക്യരാഷ്ട്ര സഭയുടെ ‘ ട്രില്യണ്‍ ട്രീ’ പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തുകയുമുണ്ടായി.

‘ഇതിനോടകം തന്നെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത പദ്ധതിയാണ്‌വിഷുത്തൈനീട്ടമെന്നും നിരവധി കലാ-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നായകര്‍, ഇതിനോടകം ഈ പദ്ധതിയുടെ ഭാഗമായിക്കൊണ്ട് മുന്നോട്ടുവന്നിട്ടുള്ളതാണെന്നും, ഇത് ഈ പദ്ധതിയുടെ പ്രാധാന്യത്തെ കുറിക്കുന്നു’വെന്നും, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപനന്ദ പുരി അഭിപ്രായപ്പെട്ടു.

ചോദ്യം : മതങ്ങളുടെ പേരില്‍ നടന്നിരുന്ന ജന്തുബലിയെ എങ്ങനെ ന്യായീകരിക്കുവാന്‍ സാധിക്കും?

അമ്മ : ജന്തുബലിയും നരബലിയും മറ്റും ഒരുകാലത്തു പ്രചരിക്കുവാന്‍ കാരണം ശരിയായ തത്ത്വബോധം ജനങ്ങളിലേക്കു് എത്തിക്കുവാന്‍ കഴിയാതിരുന്നതു കൊണ്ടാണു്. പണ്ടു്, മതഗ്രന്ഥങ്ങള്‍ സാമാന്യജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്നില്ല. പണ്ഡിതരായ ബ്രാഹ്മണര്‍ അവയൊക്കെ സൂക്ഷിച്ചു. സാധാരണക്കാര്‍ അവരുടെ ബുദ്ധിയില്‍ തോന്നിയവിധം ഈശ്വരാരാധന ചെയ്തു തൃപ്തരായി.

അമ്മ ഫ്രാന്‍സില്‍ച്ചെന്നപ്പോള്‍ അവിടുത്തെ ഒരു ഭാഷയെക്കുറിച്ചു കേട്ടു. പണ്ടു്, ഇന്ത്യയില്‍നിന്നു് അടിമകളായി റീയൂണിയനിലും മൗറീഷ്യസിലും ആളുകളെ എത്തിച്ചിരുന്നു. അവര്‍ക്കു് അവിടുത്തെ ഭാഷ വശമില്ല. അവര്‍ അവിടെക്കേട്ടതു പറഞ്ഞുപറഞ്ഞു് ഒരു പുതിയ ഭാഷ രൂപംകൊണ്ടു. അതുപോലെ, അറിവുള്ളവര്‍ ചെയ്തിരുന്ന ആചാരങ്ങളും അനുഷ്ഠാനക്രമങ്ങളും കണ്ടിട്ടു്, സാമാന്യജനങ്ങളും അവരുടെതായ രീതിയില്‍ ഓരോന്നു ചെയ്തു. പിന്നീടു വന്നവര്‍ അതനുകരിച്ചുവെന്നുമാത്രം. നമുക്കു് ഏറ്റവും ഇഷ്ടപ്പെട്ടതെന്തോ; അതാണു് ഈശ്വരനു സമര്‍പ്പിക്കേണ്ടതു്. വളരെ നാളുകളായി കാണാതിരുന്ന ഒരു സുഹൃത്തു പെട്ടെന്നൊരു ദിവസം വീട്ടിലേക്കു വന്നാല്‍ നമ്മള്‍ ഏതുവിധമാണു സ്വീകരിക്കുക? സുഹൃത്തിനു് ഇഷ്ടമായ എല്ലാ വിഭവങ്ങളും എത്രയും വേഗം തയ്യാറാക്കി നല്കും. ഇല്ലേ ? ഒരു സുഹൃത്തിൻ്റെ കാര്യത്തില്‍ അങ്ങനെയാകുമ്പോള്‍ സ്നേഹസ്വരൂപനായ ഈശ്വരൻ്റെ കാര്യത്തിലോ?

വേട്ടയാടി ജീവിച്ചിരുന്ന പ്രാകൃതമനുഷ്യര്‍ക്കു് ഏറ്റവും പ്രിയപ്പെട്ടതു്, പക്ഷികളുടെയും ജന്തുക്കളുടെയും മാംസമായിരുന്നു. അവരതു് ഈശ്വരനു സമര്‍പ്പിച്ചു. പാല്പായസം ഇഷ്ടപ്പെട്ടവര്‍ അതു് ഈശ്വരനു നിവേദിച്ചു. പാല്പായസത്തെക്കുറിച്ചു് കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ക്കു് അതിനെങ്ങനെ സാധിക്കും? അവര്‍ തങ്ങളുടെ ഭക്ഷണത്തിൻ്റെ ഒരു ഭാഗം മാംസം ഭഗവാനു നിവേദിച്ചു. അതവരുടെ പിന്‍തലമുറക്കാരും അനുകരിച്ചു. ശരിയായ ജ്ഞാനം ഉള്‍ക്കൊണ്ടവര്‍ ഇവര്‍ക്കുവേണ്ട തത്ത്വം ഉപദേശിച്ചു കൊടുത്തതുമില്ല. വാസ്തവത്തില്‍ നമ്മുടെ മനസ്സിനെ ഈശ്വരനു സമര്‍പ്പിക്കുവാനാണു ശാസ്ത്രങ്ങള്‍ പറയുന്നതു്. എന്നാല്‍ മനസ്സു് എടുത്തുകൊടുക്കുവാന്‍ കഴിയുന്ന ഒരു വസ്തുവല്ല. അതിനാല്‍ മനസ്സു് ഏതൊന്നില്‍ ബന്ധിച്ചു നില്ക്കുന്നുവോ, അതു സമര്‍പ്പിക്കുമ്പോള്‍ മനസ്സു് സമര്‍പ്പിച്ചതിനു തുല്യമായി. അതാണു യാഗാദികര്‍മ്മങ്ങളില്‍ സമ്പത്തു് ദാനംചെയ്യുന്നതിൻ്റെ പിന്നിലെ തത്ത്വം. മനുഷ്യൻ്റെ മനസ്സു് ഏറ്റവുമധികം ബന്ധിച്ചുനില്ക്കുന്നതു സമ്പത്തിലാണല്ലോ.

ഓരോരുത്തരും അവരവര്‍ക്കു് അറിയാവുന്ന രീതിയില്‍ തങ്ങളുടെ സ്വഭാവമനുസരിച്ചു് ഈശ്വരപൂജ നടത്തി. ഋഷീശ്വരന്മാര്‍ ദേവിയെ ശുദ്ധസത്ത്വമൂര്‍ത്തിയായിക്കണ്ടു് ആരാധിച്ചു. പണം മോഹിച്ചവര്‍ ലക്ഷ്മിയായി, സമ്പത്തിൻ്റെ ദേവതയായിക്കണ്ടു. വിദ്യാര്‍ത്ഥികള്‍ സരസ്വതീദേവിയായിക്കരുതി പൂജിച്ചു. യോദ്ധാക്കളും കാട്ടുജാതിക്കാരും കാളിയായി വാളും ശൂലവും ധരിച്ച ദേവിയെ ആരാധിച്ചു. എല്ലാം ഒരു ശക്തിതന്നെ. ഓരോരുത്തരും അവരുടെ ഭാവനയനുസരിച്ചു രൂപം കൊടുത്തുവെന്നുമാത്രം. സര്‍വ്വശക്തനു് ഏതു വേഷവും ധരിക്കാം. അതിനാല്‍ ഇതിനൊക്കെ ഈശ്വരനെയോ, മതതത്ത്വങ്ങളെയോ പഴിപറഞ്ഞിട്ടു കാര്യമില്ല. മതത്തിൻ്റെ പേരില്‍ സമൂഹത്തിനും പ്രകൃതിക്കും ദോഷമായ എന്തെങ്കിലും അനാചാരങ്ങള്‍ നിലനില്ക്കുന്നുവെങ്കില്‍ ശരിയായ തത്ത്വം അവരെ ബോദ്ധ്യപ്പെടുത്തി അതില്‍നിന്നു പിന്തിരിപ്പിക്കാനാണു നമ്മള്‍ ശ്രമിക്കേണ്ടതു്. ഒരു വ്യാജ ഡോക്ടര്‍ തെറ്റായ മരുന്നു കുറിച്ചുകൊടുത്തതിനാല്‍, രോഗി മരിച്ചുവീണുവെന്നു പറഞ്ഞു്, എല്ലാ ഡോക്ടര്‍മാരും കള്ളന്മാരാണെന്നു പറയുന്നതുപോലെയാണു്; കാലപ്പഴക്കത്താല്‍ കടന്നുകൂടിയ ഏതെങ്കിലും അനാചാരത്തിൻ്റെ പേരില്‍ മതതത്ത്വങ്ങളെ ഒന്നടങ്കം പുച്ഛിക്കുന്നതു്. കുട്ടിയെ കുളിപ്പിച്ചുകുളിപ്പിച്ചു്, വെള്ളത്തോടൊപ്പം കുട്ടിയെയും കളയുന്നതിനു തുല്യമാണതു്.


മാർച്ച് 23 2019, അമൃതപുരി

മൈസൂർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്സ് – ഡി. ലിറ്റ്) ശ്രീ മാതാ അമൃതാനന്ദമയി ദേവിയ്ക്ക് സമ്മാനിച്ചു. മഠത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാറില്‍ നിന്നും ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് – ഡി. ലിറ്റ്) അമ്മ സ്വീകരിച്ചു.

“മൈസൂർ സർവകലാശാലയുടെ ചാൻസലർ, വൈസ്ചാൻസലർ, ആദരണീയരായ അധ്യാപകർ  തുടങ്ങിയവരോടെല്ലാം ഹൃദയപൂർവം‌ നന്ദി അറിയിക്കുന്നു. ഈ സ്നേഹവും സൗഹാർദ്ദവും എന്നെന്നും നിലനിൽക്കാൻ പരമാത്മാവ് അനുഗഹിക്കട്ടെ. ഈ ആദരവ് പ്രകടിപ്പിച്ചതിലൂടെ മൈസൂർ സർവകലാശാല ‘മാനവ സേവാ മാധവ സേവ’ – മനുഷ്യനെ സേവിക്കുന്നതിലൂടെ ഈശ്വരനെ സേവിക്കുന്നു – എന്ന മഹത്തായ ആദർശത്തെയാണ് മുറുകെപ്പിടിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന മക്കളുടെ നിസ്വാർത്ഥമായ സേവനം കൊണ്ടാണ് സമൂഹത്തിനു വേണ്ടി ഇത്രയെങ്കിലുമെല്ലാം ചെയ്യുവാൻ  മാതാ അമൃതാനന്ദമയി മഠത്തിനു സാധിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ആദരവിനെ അമ്മ, മക്കളുടെ ആത്മാർത്ഥതയ്ക്കും, പ്രയത്‌നത്തിനും മുൻപിൽ സമർപ്പിക്കുകയാണ്. ” ചടങ്ങിൽ സംസാരിക്കവെ ശ്രീ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

വിജ്ഞാനത്തോടൊപ്പം വിവേകവും വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്തതാണ് പുത്തന്‍ വിദ്യാഭ്യാസസമ്പ്രദായത്തിലെ പ്രധാന ന്യൂനത. വിദ്യാഭ്യാസമേഖലയില്‍ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിരിക്കുന്ന ആശയക്കുഴപ്പങ്ങള്‍ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ്.വിജ്ഞാനവും വിവരശേഖരണവും രണ്ടായി വേര്‍തിരിച്ചു കാണുന്നതാണ് ഇതിനു കാരണം. ഇത് മൂലം വിദ്യാഭ്യാസ മൂല്യങ്ങള്‍ പോലും ഇന്ന് നഷ്ടപ്പെടുകയാണ്. ഇങ്ങനെ സമൂഹത്തിന് മനസാക്ഷിപോലും നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുകയാണെന്നും അമ്മ ചൂണ്ടിക്കാട്ടി.

അക്കാദമിക് ഗവേഷണങ്ങളും ശാസ്ത്രവും,  സത്യം, ധർമ്മം, ദരിദ്രർക്കായുള്ള ജീവകാരുണ്യം തുടങ്ങിയ ആധ്യാത്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കേണ്ടുന്നതിന്റെ ആവശ്യകത അമ്മ എടുത്തു പറഞ്ഞു.

“ഇന്നത്തെ സർവകലാശാലകളിൽ എത്രത്തോളം സാമ്പത്തിക സഹായം ലഭ്യമാക്കി; എത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു; ബൗദ്ധിക ശക്തിയിലൂടെ എന്തൊക്കെ നേടി എന്നതിനെയൊക്കെ ആശ്രയിച്ചാണ് അധ്യാപകരുടെയും, ഗവേഷകരുടെയും സ്ഥാനക്കയറ്റവും മറ്റും തീരുമാനിക്കുന്നത്. എന്നാൽ അത്തരം കാര്യങ്ങളോടൊപ്പം അവരുടെ കണ്ടുപിടിത്തങ്ങൾ എത്രത്തോളം സമൂഹത്തിലേ താഴേക്കിടയിലുള്ളവർക്ക് ഉപകാരപ്പെട്ടു എന്നും ദരിദ്രർക്കും മറ്റും എത്രത്തോളം സേവനങ്ങൾ ലഭ്യമായി എന്നതും കൂടി കണക്കിലെടുക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്ന പക്ഷം സ്വർണത്തിനു പരിമളം ഉണ്ടാകുന്നതു പോലെ അവയുടെ മൂല്യം ഒന്നുകൂടി വർദ്ധിക്കും.” അമ്മ പറഞ്ഞു

അക്കാദമിക് ഗവേഷണങ്ങളും ശാസ്ത്രവും,  സത്യം, ധര്‍മ്മം, ദരിദ്രര്‍ക്കായുള്ള ജീവകാരുണ്യം തുടങ്ങിയ ആധ്യാത്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും  അമ്മ വിവരിച്ചു

“കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ലോകത്തിനാകെ ആദ്ധ്യാത്മിക മാർഗദർശനത്തോടൊപ്പം, വലിയതോതിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്ത്, ഇവ രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്തുകയാണ് അമ്മ ചെയ്തത്.  അമ്മയ്ക്ക് ഈ ബിരുദം സമ്മാനിക്കുന്നതിലൂടെ മൈസൂർ സർവകലാശാല അനുഗ്രഹീതമായിരിക്കുന്നു.” മൈസൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ജി ഹേമന്ത കുമാർ പറഞ്ഞു.

നമുക്ക് ഈശ്വരനെ കണ്ണുകളാൽ കാണാൻ സാധിക്കില്ലായിരിക്കാം, എന്നാൽ ദരിദ്രർക്കും, ദുഖിതർക്കുമായി അനവരതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അമ്മയിൽ ഈശ്വരന്റെ എല്ലാ ദിവ്യ ഗുണങ്ങളും നമുക്ക് ദർശിക്കുവാൻ സാധിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.

മാനവസേവ മാധവസേവ എന്ന ആപ്തവാക്യമുള്‍ക്കൊണ്ടുള്ളതാണ് അമൃതാനന്ദമയിയുടെ ജീവിതമെന്നും ഈ ജീവിതം ലോകത്തിനുതന്നെ മാതൃകയാണെന്നും ചടങ്ങില്‍ മുഖ്യഅതിഥിയായ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ  സഹമന്ത്രി അശ്വിന് കുമാര്‍ ചൗബേയും അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ അമൃതാനന്ദമയിമഠം നടത്തിയ സേവനങ്ങളെയും മന്ത്രി പ്രശംസിച്ചു.

1916ൽ സ്ഥാപിതമായ മൈസൂർ സർവകലാശാല ഭാരതത്തിലെ ആറാമത്തേതും, കർണ്ണാടകയിലെ ആദ്യത്തെതുമായ സർവകലാശാലയാണ്. ആദ്ധ്യാത്മിക-സാമൂഹ്യ മണ്ഡലങ്ങളിൽ അമ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നിസ്തുലമായ പ്രവർത്തനങ്ങളോടുള്ള ആദരവായാണ് ഓണററി ഡോക്ടറേറ്റ് നൽകിയത്.

17ആം തീയതി മൈസൂരിൽ നടന്ന ബിരുദദാനച്ചടങ്ങുകളുടെ തുടർച്ചയായാണ്, ഇന്ന് അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്‌ട്ര ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ മൈസൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ജി. ഹേമന്ത കുമാർ  ഓണററി ഡോക്ടറേറ്റ് ബിരുദം അമ്മയ്ക്ക് സമർപ്പിച്ചത്. ബഹു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിന് കുമാർ ചൗബേ, ബഹു. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി. പി. മഹാദേവൻ പിള്ള, ബഹു. മൈസൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ലിംഗരാജ ഗാന്ധി തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചsങ്ങിൽ സംബന്ധിച്ചു.

രണ്ടാമത്തെ തവണയാണ് അമ്മയ്ക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിക്കുന്നത്. 2010ൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് – ബഫല്ലോ അമ്മയ്ക്ക് ‘ഓണററി ഡോക്ടറേറ്റ് ഇൻ  ഹ്യൂമൻ ലെറ്റേഴ്സ്’ നൽകി ആദരിച്ചിരുന്നു.