സര്‍വ്വരും ഭക്തനാണെന്നു വാഴ്ത്തിയിരുന്ന ഒരാളെക്കാണുവാന്‍ അദ്ദേഹത്തിൻ്റെ ഒരു കൂട്ടുകാരന്‍ ചെന്നു. രാവിലെ എത്തിയതാണു്. അദ്ദേഹത്തെ അന്വേഷിച്ചപ്പോള്‍ കാര്യക്കാരന്‍ പറഞ്ഞു, ഗണപതിപൂജ ചെയ്യുകയാണെന്നു്. അല്പസമയം കഴിഞ്ഞു് ഒന്നുകൂടി ചോദിച്ചു. അപ്പോള്‍ ശിവപൂജയിലാണു്. കൂട്ടുകാരന്‍ മുറ്റത്തു് ഒരു കുഴി കുഴിച്ചു. കുറച്ചുനേരം കഴിഞ്ഞു വീണ്ടും ചോദിച്ചു. ‘ദേവീ പൂജ ചെയ്യുകയാണു്’, കാര്യക്കാരന്‍ പറഞ്ഞു. ഒരു കുഴി കൂടി കുഴിച്ചു.
അങ്ങനെ സമയം ഏറെക്കഴിഞ്ഞു. പൂജ എല്ലാം തീര്‍ന്നു് ആളു വെളിയില്‍ വന്നു നോക്കുമ്പോള്‍ മുറ്റത്തു നിറയെ പല കുഴികള്‍. സുഹൃത്തിനോടു കാര്യം തിരക്കി. സുഹൃത്തു പറഞ്ഞു ‘എനിക്കു വെള്ളമായിരുന്നു ആവശ്യം. ഇത്രയും കുഴി കുത്തിയ സമയംകൊണ്ടു ഞാന്‍ ഒരു കുഴി കുഴിച്ചിരുന്നുവെങ്കില്‍ എപ്പോഴേ വെള്ളം കിട്ടുമായിരുന്നു. പല കുഴി കുത്തിയ കാരണം ആയുസ്സും ആരോഗ്യവും നഷ്ടമായതു മിച്ചം!
കൂട്ടുകാരന്‍ എന്താണു് ഉദ്ദേശിക്കുന്നതെന്നു് അദ്ദേഹത്തിനു മനസ്സിലായി. അനേകം ദേവതകളെ പൂജിക്കുന്ന സമയംകൊണ്ടു മനസ്സിനെ ഒന്നില്‍ നിര്‍ത്താന്‍ ശീലി ച്ചിരുന്നുവെങ്കില്‍ എപ്പോഴേ ഫലം കിട്ടുമായിരുന്നു. എല്ലാം ഒന്നിലുണ്ടു്. അതു തന്നിലുമുണ്ടു്. അദ്ദേഹം പ്രാകൃതഭക്തി വെടിഞ്ഞു യഥാര്‍ത്ഥ ഭക്തനായിത്തീര്‍ന്നു.
ആദ്ധ്യാത്മികസാധനയില്‍ പ്രാര്‍ത്ഥനയ്ക്കു് അതിൻ്റെതായ സ്ഥാനമുണ്ടു്. അതു് ദുര്‍ബ്ബലതയല്ല. ലൈറ്റു കാണിച്ചു മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതുപോലെ (വെളിച്ചം കാണിച്ചു മീനുകളെ ആകര്‍ഷിച്ചു വലകളില്‍ മീന്‍ പിടിക്കുന്ന സമ്പ്രദായം പല സ്ഥലങ്ങളിലും കാണാം. തീരപ്രദേശങ്ങളില്‍ ചീനവലകള്‍ ഉപയോഗിച്ചു് ഇതേ രീതിയില്‍ മീന്‍ പിടിക്കുന്ന കാഴ്ച സര്‍വ്വസാധാരണമാണു്.)
ശ്രദ്ധയോടും ആത്മാര്‍ത്ഥതയോടും കൂടിയുള്ള പ്രാര്‍ത്ഥനയിലൂടെ ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന ഉള്‍പ്രേമത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നു. വാസ്തവത്തില്‍ ഭക്തിയെന്നതു നിത്യാനിത്യവിവേകമാണു്. നിത്യം എന്തു്, അനിത്യം എന്തു് എന്നു മനസ്സിലാക്കി നമ്മള്‍ ചെയ്യുന്ന കര്‍മ്മമാണു ഭക്തി.
മക്കള്‍ എല്ലാവരും കണ്ണടച്ചു മനസ്സു് ശാന്തമാക്കുക. എല്ലാ ചിന്തകളും വെടിഞ്ഞു മനസ്സിനെ ഇഷ്ടമൂര്‍ത്തിയുടെ പാദങ്ങളില്‍ കേന്ദ്രീകരിക്കുക. വീടിനെക്കുറിച്ചോ ജോലിയെക്കുറിച്ചോ ചിന്തിക്കാതെ, തിരിയെ പോകേണ്ട സമയത്തെക്കുറിച്ചോ ബസ്സിനെക്കുറിച്ചോ ഓര്‍ക്കാതെ, ഇഷ്ടമൂര്‍ത്തിയെക്കുറിച്ചു മാത്രം ചിന്തിക്കുക. മറ്റു വര്‍ത്തമാനങ്ങളെല്ലാം ഉപേക്ഷിച്ചു ഭഗവദ്മന്ത്രം മാത്രം ജപിക്കുക.
വൃക്ഷത്തിൻ്റെ ശിഖരത്തില്‍ എത്ര വെള്ളം ഒഴിച്ചാലും പ്രയോജനമില്ല. അതേസമയം ചുവട്ടിലാണു് ആ വെള്ളമൊഴിക്കുന്നതെങ്കില്‍ അതു വൃക്ഷത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തും. അതിനാല്‍ ഈശ്വരപാദം മാത്രം സ്മരിക്കുക. മറ്റെന്തു ചിന്തിക്കുന്നതും വൃക്ഷത്തിൻ്റെ ശിഖരത്തില്‍ വെള്ളമൊഴിക്കുന്നതുപോലെ വ്യര്‍ത്ഥമാണു്. വള്ളം കെട്ടിയിട്ടുകൊണ്ടു് എത്ര തുഴഞ്ഞാലും അക്കരെയെത്തില്ല. ബന്ധുമിത്രാദികളിലും സമ്പത്തിലും മനസ്സുവച്ചുകൊണ്ടു് എത്ര പ്രാര്‍ത്ഥിച്ചാലും ശരിയായ പ്രയോജനം ലഭിക്കില്ല; ആദ്ധ്യാത്മിക പാതയില്‍ പുരോഗതി കൈവരില്ല. അതിനാല്‍ മനസ്സിനെ പൂര്‍ണ്ണമായും ഈശ്വരനില്‍ സമര്‍പ്പിച്ചുകൊണ്ടു മക്കള്‍ പ്രാര്‍ത്ഥിക്കുക. അതുകൊണ്ടു മാത്രമേ ഫലമുള്ളൂ.
വാസ്തവത്തില്‍ ആദ്ധ്യാത്മികജീവികളുടെ ലോകത്തില്‍ ജനനവും ഇല്ല, മരണവും ഇല്ല. ജനിച്ച ചിന്ത എന്നു മരിക്കുന്നുവോ അന്നു് അവന്‍ ഈശ്വരൻ്റെ കവാടത്തില്‍ എത്തിക്കഴിഞ്ഞു. ജനന മരണങ്ങള്‍ക്കപ്പുറമാണു പരമാത്മാവിൻ്റെ ലോകം. മക്കളുടെ സന്തോഷം മാത്രം കണ്ടുകൊണ്ടാണു് അമ്മ ഈ ആഘോഷങ്ങള്‍ക്കെല്ലാം സമ്മതം നല്കിയതു്. മക്കളുടെ സമത്വം, ത്യാഗം, പ്രേമം ഇവയെല്ലാം ഒരുമിച്ചുകൊണ്ടുവരുന്ന സമയമാണിതു്. കൂടാതെ, മക്കളെയെല്ലാം അമ്മയ്ക്കു് ഒരുമിച്ചു കാണുവാനും കഴിയുന്നു.
ഇവിടെ വന്നിട്ടുള്ള മക്കള്‍ വെറുതെ പോകുവാന്‍ പാടില്ല. അല്പസമയം ജപധ്യാനങ്ങള്‍ ചെയ്തു മനസ്സിനെ ഈശ്വരോന്മുഖമാക്കിയതിനു ശേഷമേ പോകാവൂ. അതു മാത്രമാണു നമ്മുടെ യഥാര്‍ത്ഥ സമ്പത്തു്. അതിനു വേണ്ടിയാണു് അമ്മ ഈ അര്‍ച്ചന ചെയ്യിക്കുന്നതു്.
അമ്മ പ്രാര്‍ത്ഥനയ്ക്കു കൂടുതല്‍ പ്രാധാന്യം നല്കിയതുകൊണ്ടു് ആശ്രമത്തെപ്പറ്റി ‘ഭക്തിപ്രസ്ഥാനം’ എന്നു ചിലര്‍ പറയാറുണ്ടു്. ഭക്തിയെന്നതു് ഒരു താഴ്ന്ന പടിയായിട്ടാണു് അവരുടെ ധാരണ. ചിലര്‍ ഈശ്വരനിഷേധികളാണു്. വേറെ ചിലര്‍ക്കു് ഈശ്വരന്‍ നിരാകാരനും നിര്‍ഗ്ഗുണനുമാണു്. ഇവരുടെയൊക്കെ ദൃഷ്ടിയില്‍ ‘ഭക്തി’ ദുര്‍ബ്ബലതയാണു്. അനേകം ദൈവങ്ങളെയും മാടന്‍, മറുത തുടങ്ങിയ ദുര്‍ദ്ദേവതകളെയും മറ്റും ആരാധിക്കുന്നതാണു് അന്ധമായ ഭക്തി. എല്ലാറ്റിലും നിറഞ്ഞുനില്ക്കുന്ന, ഏകവും അഖണ്ഡവുമായ ആ പരമാത്മചൈതന്യത്തെ തൻ്റെ ഉള്ളിലും സര്‍വ്വതിലും ദര്‍ശിക്കുവാന്‍ പഠിപ്പിക്കുന്നതാണു യഥാര്‍ത്ഥ ഭക്തി.
കുടുംബത്തിലും സമൂഹത്തിലും ഔദ്യേഗിക ജീവിതത്തിലും പുരുഷന്മാര്‍ സ്ത്രീകള്‍ക്കു് അര്‍ഹിക്കുന്ന സ്ഥാനവും പരിഗണനയും സ്വാതന്ത്ര്യവും നല്കുന്നില്ലെന്നാണു് അവര്‍ പറയുന്നതു്. ആദരിക്കുന്നില്ലെന്നു മാത്രമല്ല അധിക്ഷേപിക്കുകയും ചെയ്യുന്നു എന്നും അവര്‍ പറയുന്നു. ഈ യാഥാര്‍ത്ഥ്യം കേള്‍ക്കാന്‍ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നില്ല. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം കൂടിപ്പോകുന്നു, കുടുംബത്തെയും കുട്ടികളെയും നോക്കാതെ, അവര്‍ ധിക്കാരികളാകുന്നു എന്നൊക്കെയാണു പുരുഷന്മാരുടെ അഭിപ്രായം.
ഇതിന്റെ തെറ്റും ശരിയും അന്വേഷിക്കുന്നതിനു മുന്‍പു്, ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നറിയണം. അതിന്റെ വേരു കണ്ടെത്തണം. അതു സാധിച്ചാല്‍, പിന്നെ ഈ ധാരണകള്‍ മാറ്റുന്ന കാര്യം കുറച്ചു കൂടി എളുപ്പമാകും. ഭൂതകാലം പുരുഷന്റെ മനോതലത്തില്‍ കണക്കിലേറെ ദുരഭിമാനവും ‘സ്ത്രീയെക്കാള്‍ താന്‍ വലുതു്. അവള്‍ക്കു സ്ഥാനവും സ്വാതന്ത്ര്യവും ആവശ്യമില്ല’ എന്ന അഹങ്കാരചിന്തയും അരക്കിട്ടുറപ്പിച്ചിട്ടുണ്ടാകും.
എന്നാല്‍, സ്ത്രീയുടെ ചിന്തയും മനസ്സും പ്രവര്‍ത്തിക്കുന്നതു മറ്റൊരു തരത്തിലാണു്, ‘ഇത്രയും കാലം പുരുഷന്മാര്‍ ഞങ്ങളെ കണക്കിലധികം നിയന്ത്രിക്കുകയും പീഡിപ്പിക്കുകയും ചെയ്തു മതിയായി. ഇനിയും ഇവരെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യം.’
ഈ രണ്ടു ഭാവങ്ങളിലും നിറഞ്ഞു നില്ക്കുന്നത് വിദ്വേഷവും പകയുമാണു്. ഇന്നു സ്ത്രീപുരുഷന്മാരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ഇത്തരം നശീകരണചിന്തകളാണു്.
‘ആരാണു വലുതു്’ എന്നു തെളിയിക്കാനുള്ള ഈ മത്സരം സ്ത്രീപുരുഷന്മാര്‍ ഉപേക്ഷിക്കണം. ഇതില്‍ നിന്നു മനസ്സിനെ മോചിപ്പിക്കണം. ‘ഞാന്‍’ ഭാവം വളര്‍ത്തി, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ അതു സഹായിക്കുകയുള്ളൂ.
ഇവിടെ വരുന്ന മിക്ക മക്കള്‍ക്കും എത്തിക്കഴിഞ്ഞാല്‍ തിരിയെ പോകുന്നതിനെക്കുറിച്ചാണു ചിന്ത. പോകേണ്ട ബസ്സിനെക്കുറിച്ചാണു് ആലോചന. അമ്മയെക്കാണുന്ന ഉടനെ എങ്ങനെയെങ്കിലും ഒന്നു നമസ്‌കരിച്ചിട്ടു തിരിയെപ്പോകുവാനാണു ധൃതി. ‘അമ്മേ, വീട്ടിലാരുമില്ല. ഉടനെപ്പോകണം, ബസ്സിന്റെ സമയമായി’ ഇതാണു പലര്‍ക്കും പറയുവാനുള്ളതു്. സമര്‍പ്പണം വായകൊണ്ടു പറയേണ്ടതല്ല; പ്രവൃത്തിയിലാണു കാണേണ്ടതു്. ഇവിടെ വരുന്ന ഒരു ദിവസമെങ്കിലും പൂര്‍ണ്ണമായി ആ തത്ത്വത്തിനുവേണ്ടി സമര്‍പ്പണം ചെയ്യുവാന്‍ കഴിയുന്നില്ല.
തത്ത്വത്തിനുവേണ്ടി സമര്‍പ്പണം
അമ്മയെക്കണ്ടാല്‍ത്തന്നെ മുന്നില്‍ നിരത്തുന്ന ആവശ്യങ്ങളുടെയും ആവലാതികളുടെയും കൂട്ടത്തില്‍ ഈശ്വരദര്‍ശനത്തിനുള്ള ഉപായം അന്വേഷിക്കുന്നവര്‍ വിരളം. ഭൗതികകാര്യങ്ങളെക്കുറിച്ചു ചോദിക്കരുതെന്നല്ല ഇതിനര്‍ത്ഥം. അവ ശാശ്വതമല്ലെന്നു മക്കള്‍ അറിയണം. ഊണും ഉറക്കവും വിട്ടു ഭൗതികകാര്യങ്ങള്‍ക്കു പിന്നാലെ ഇത്രനാളും പാഞ്ഞിട്ടും അവയ്ക്കു ദുഃഖം നല്കുവാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്ന കാര്യം മക്കള്‍ മറക്കരുതു്. അതിനാല്‍ ഇനിയെങ്കിലും ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും പോകുമ്പോള്‍ അല്പസമയമെങ്കിലും പൂര്‍ണ്ണമായി ഈശ്വരനുവേണ്ടി സമര്‍പ്പിക്കുക. ബന്ധങ്ങളെയും ബന്ധനങ്ങളെയും ആ സമയമെങ്കിലും മാറ്റിനിര്‍ത്തൂ.
ഒരു രാജാവു വാനപ്രസ്ഥത്തിനു പോകുവാന്‍ തയ്യാറായി. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ പ്രജകള്‍ക്കു നല്കുവാന്‍ തീരുമാനിച്ചു. ഓരോരുത്തരും ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം നല്കി. ഒരു യുവാവു വന്നു തന്റെ ദുരിതങ്ങള്‍ വിവരിച്ചു. രാജാവു കുറെ സമ്പത്തു യുവാവിനു നല്കി. എന്നാല്‍ യുവാവിനു് അതൊന്നും മതിയായില്ല. കാരണം കൊട്ടാരത്തിലേക്കു പോകുമ്പോള്‍ ഭാര്യ പറഞ്ഞിരുന്നു, ‘എത്ര കിട്ടുമോ അത്രയും വാങ്ങിക്കൊണ്ടേ വീട്ടിലേക്കു വരാന്‍ പാടുള്ളൂ’ എന്നു്.
യുവാവിന്റെ അത്യാഗ്രഹം കണ്ടിട്ടു് അയാളെ വേണ്ടത്ര തൃപ്തിപ്പെടുത്താന്‍ രാജാവു പറഞ്ഞു, ”ഇവിടെ പവിഴം വിളയുന്ന ഒരു നദിയുണ്ടു്, അതു നിനക്കു സ്വന്തമാക്കാം.” യുവാവിനു സന്തോഷമായി. രാജാവു തുടര്‍ന്നു, ”പക്ഷേ, ഒരു കരാറുണ്ടു്, നിനക്കു പന്ത്രണ്ടു മണിക്കൂര്‍ സമയം തരും. അതിനുള്ളില്‍ എത്ര ദൂരം വള്ളത്തില്‍ തുഴഞ്ഞുപോയിട്ടു തിരിച്ചെത്താമോ, അത്രയും സ്ഥലം നിനക്കു സ്വന്തമാക്കാം. അതിലെ പവിഴവും. പക്ഷേ, ഒരു സെക്കന്‍ഡു താമസിച്ചാല്‍ ഒന്നും കിട്ടില്ല.” യുവാവു സമ്മതിച്ചു.
തുഴച്ചില്‍ കാണുവാന്‍ ഇരുകരകളിലും ജനങ്ങള്‍ തിങ്ങിക്കൂടി. എത്ര കഷ്ടപ്പെട്ടാലും വേണ്ടില്ല, പവിഴം വിളയുന്ന നദി മുഴുവന്‍ സ്വന്തമാക്കണമെന്നു ഭാര്യയും സുഹൃത്തുക്കളും അയാളെ ഉപദേശിച്ചു. അത്രയും സമ്പത്തിനുടമയായാലുള്ള നേട്ടങ്ങളെക്കുറിച്ചും അവര്‍ വിവരിച്ചു. യുവാവിനു് ആവേശമായി. അയാള്‍ തുഴയാന്‍ തുടങ്ങി. ആറു മണിക്കൂര്‍ തുഴഞ്ഞുകഴിഞ്ഞു. അത്യാഗ്രഹംമൂലം കുറേക്കൂടി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചു. രണ്ടു മണിക്കൂര്‍ കൂടി മുന്നോട്ടുപോയി.
പുറപ്പെട്ട സ്ഥലത്തെത്തുവാന്‍ ഇനി നാലു മണിക്കൂര്‍ മാത്രമാണുള്ളതു്. എട്ടുമണിക്കൂര്‍ തുഴഞ്ഞ ദൂരമാണു് അത്രയും സമയംകൊണ്ടു തീര്‍ക്കേണ്ടതു്. തിരികെയുള്ള തുഴച്ചില്‍ വളരെ വേഗതയിലായി. ഭാര്യയും സുഹൃത്തുക്കളും ആവേശം പകര്‍ന്നു, ‘ഒരു സെക്കന്‍ഡു താമസിച്ചാല്‍ ചെയ്ത പ്രയത്‌നം മുഴുവന്‍ വെറുതെയാകും, തുഴയൂ, വേഗം തുഴയൂ’ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. തിരിച്ചെത്തേണ്ട സമയം അടുത്തു തുടങ്ങി. പിന്നിടേണ്ട ദൂരമോ വളരെയധികവും! സര്‍വ്വശക്തിയും സംഭരിച്ചു തുഴഞ്ഞു.
തുഴഞ്ഞു തുഴഞ്ഞു നെഞ്ചിനു വേദനയായി. എന്നിട്ടും തുഴയല്‍ നിര്‍ത്തിയില്ല. ഒരു കൈ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു്, മറുകൈകൊണ്ടു തുഴച്ചില്‍ തുടര്‍ന്നു. ക്ഷീണം വര്‍ദ്ധിച്ചു. രക്തം ഛര്‍ദ്ദിച്ചു. എന്നിട്ടും സമ്പത്തിനോടുള്ള ആസക്തിമൂലം തുഴച്ചില്‍ നിര്‍ത്തിയില്ല. അവസാനം നിശ്ചിതസമയത്തിനു് ഒരു സെക്കന്‍ഡു മുന്‍പേ ആളു തിരിച്ചെത്തി. ഭാര്യയും സുഹൃത്തുക്കളും ആഹ്‌ളാദത്താല്‍ മതിമറന്നു നൃത്തം ചവുട്ടി. എന്നാല്‍ യുവാവാകട്ടെ അവിടെത്തന്നെ തളര്‍ന്നുവീണു് അന്ത്യശ്വാസം വലിച്ചു.
ഭര്‍ത്താവു മരിച്ചുകഴിഞ്ഞപ്പോള്‍, ശവം വീട്ടിലേക്കു കൊണ്ടു പോകുന്നതായി പ്രശ്‌നം. ദൂരം വളരെ കൂടുതലുണ്ടു്. വാഹനം എന്തെങ്കിലും വേണം. ഭാര്യ പറഞ്ഞു, ‘എന്തായാലും ഭര്‍ത്താവു മരിച്ചു, ശവം കൊണ്ടുപോകണമെങ്കില്‍ വണ്ടി വിളിക്കണം. എനിക്കു് ഈ കുട്ടികളെ വളര്‍ത്തേണ്ടതുണ്ടു്. വണ്ടി വിളിക്കാനുള്ള പണം എന്റെ കൈയിലില്ല. ഇവിടെ എവിടെയെങ്കിലും അടക്കിയാല്‍ മതി.’ അവിടെ ആറടി മണ്ണില്‍ എല്ലാം തീര്‍ന്നു. അവിഹിതസമ്പത്തു നേടാന്‍ പ്രേരിപ്പിച്ച സുഹൃത്തുക്കളോ ഭാര്യയോ കുട്ടികളോ സമ്പത്തോ ഒന്നും കൂടെ ചെന്നില്ല.
മക്കളേ, ഇതാണു ജീവിതം. ഒരു സെക്കന്‍ഡുപോലും മനസ്സിനു് ഏകാന്തത കൊടുക്കാതെ ബന്ധുക്കളെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും ഊണും ഉറക്കവും വെടിഞ്ഞു ചിന്തിച്ചും അതു നേടുന്നതിനുവേണ്ടി ഏതു ദുഷ്പ്രവൃത്തിയും ചെയ്യുവാന്‍ മടിക്കാതെയും ജീവിക്കുന്നു. എന്നാല്‍ അവസാനം ഇതുവല്ലതും കൂടെ വരുന്നുണ്ടോ? ഇല്ല. ഭൗതികാവശ്യങ്ങള്‍ക്കു വേണ്ടി ആഗ്രഹം ഉയരുമ്പോള്‍ മുതല്‍ ദുഃഖമാണു്. അവ സാധിച്ചാലും ദുഃഖം കാത്തുനില്ക്കുന്നു. കാരണം, അവയൊന്നും ശാശ്വതമല്ല. ഇന്നല്ലെങ്കില്‍ നാളെ നഷ്ടമാകുകതന്നെ ചെയ്യും.
ശാശ്വതശാന്തിയുടെ ഉറവിടം ഈശ്വരന്‍ മാത്രമാണു്. ഭൗതിക വിഷയങ്ങള്‍ ശാശ്വതമല്ല എന്നറിഞ്ഞു് ആ രീതിയില്‍ ജീവിതം നയിക്കുമ്പോള്‍ ദുഃഖം ഒഴിവാക്കാന്‍ കഴിയുന്നു. സ്വത്തു വേണ്ടെന്നോ ഭൗതികത വേണ്ടെന്നോ അമ്മ പറയുന്നില്ല. അവയൊക്കെ ആവശ്യത്തിനു മാത്രമാകട്ടെ; ജീവിക്കാന്‍വേണ്ടി മാത്രം. നിത്യം എന്താണെന്നു മനസ്സിലാക്കി, സമാധാനം തരുന്നതു് എന്താണെന്നറിഞ്ഞു് അതിനുവേണ്ടി പ്രയത്‌നം ചെയ്യൂ. ഭൂമിയില്‍ തന്നെയാണു സ്വര്‍ഗ്ഗവും നരകവും. അതു സൃഷ്ടിക്കുന്നതു മനസ്സാണു്. അതിനാല്‍ ആ മനസ്സിനെ നിയന്ത്രിക്കുവാനാണു മക്കള്‍ പഠിക്കേണ്ടതു്. പിന്നെ ദുഃഖിക്കേണ്ടി വരില്ല, ആനന്ദം, ആനന്ദം, ആനന്ദം മാത്രം.